വിതുമ്പാൻ തുടങ്ങുന്നതിന് മുൻപേ തന്നെ ആ അധരങ്ങൾ അവൻ സ്വന്തമാക്കിയിരുന്നു…

Uncategorized

രചന: ഇഷ മൽഹാർ

അത്രമേൽ…

കൂട്ടുകാരുമായ് കത്തിയടിച്ച് നടന്നു പോകുന്ന ദേവൂനെ പെട്ടന്നാണ് കിച്ചൻ അടുത്തുള്ള മുറിയിലേയ്ക്ക് വലിച്ചു കയറ്റിയത്.. അപ്രതീക്ഷിതമായ നീക്കമായതുകൊണ്ട് ദേവു ആകെ ഭയന്നു. കറങ്ങിത്തിരിഞ്ഞ് കിച്ചന്റെ മുഖം കണ്ടപ്പോഴാണ് ശ്വാസഗതി നേരെയായത്.

“ഹോ.. ന്റെ നല്ല ജീവൻ അങ്ങ് പോയിട്ടോ… എന്താ മോന്റെ ഉദ്ദേശം?”

ഇടുപ്പിൽ കൈ മടക്കി കുത്തി, പുരികം വളച്ചൊരു നോട്ടവുമെറിഞ്ഞ് ദേവു ചോദിച്ചു..

‘തീർത്തും ദുരുദ്ദേശം’.

ഒരു കുസൃതി ചിരിയോടെ കിച്ചൻ വാതിലടച്ചു തഴുതിട്ടു.

മുണ്ടു മടക്കി കുത്തി, മീശ പിരിച്ച് കണ്ണിൽ നിറഞ്ഞ കുറുമ്പുമായവൻ ദേവുവിലേക്കി നടന്നടുത്തു..

അവന്റെ നോട്ടത്തിലും ഭാവത്തിലും ദേവു ഒന്നു പതറി… രണ്ടടി പുറകോട്ട് വെച്ചു..

“കിച്ചേട്ടാ.. വേണ്ടാ….”

‘വേണല്ലോഡീ പെണ്ണേ….’

ദേവൂന്റെ പരിഭ്രാന്തി കിച്ചനിൽ ആവേശമുണർത്തിച്ചു.. ചുമരിൽ തട്ടി നിന്ന ദേവൂന്റെ ഇടുപ്പിൽ അമർത്തിപിടിച്ച് തന്നോട് ചേർത്ത് നിർത്തി.. അവളുടെ നെറ്റിയിൽ അലസമായി തത്തി കളിച്ച മുടിയിഴകൾ മറു കൈ കൊണ്ട് മാടിയൊതുക്കി..

കിച്ചന്റെ സ്പര്ശനത്താൽ ദേവു തരളിതയായി.. മുഖത്തു പതിക്കുന്ന നിശ്വാസങ്ങളും, നെറ്റിയിൽ നിന്ന് ചുണ്ടിലൂടെ കഴുത്തിലേക്കെത്തി ഇക്കിളി കൂട്ടുന്ന കൈവിരൽ തുമ്പുകളും ദേവൂന്റെ പ്രതിഷേധത്തെ ദുർബലമാക്കി..

മധുപകരാൻ കൊതിക്കുന്ന പൂവിനെ പോലെ കൂമ്പിയടഞ്ഞ കണ്ണുകളുമായ് തന്നെ സ്വന്തമാക്കാൻ വരുന്ന അധരങ്ങളിലേയ്ക്കവളും അടുത്തു…

“കണ്ണന് നേദിക്കാൻ കദളി പഴം…. കണ്ഠത്തിലണിയുവാൻ തുളസി ഹാരം…”

അലാറത്തിന്റെ കീർത്തനം കേട്ട് ദേവു ഞെട്ടിയുണർന്നു.. കുറച്ചു നിമിഷങ്ങൾ കൂടി പിന്നിട്ടാണ് പെണ്ണിന് പരിസര ബോധം വന്നത്..

“ആഹാ… സ്വപ്നമായിരുന്നോ… ന്റെ അൺ റൊമാന്റിക് മൂരാച്ചിക്കിതെന്തുപറ്റിയെന്ന് വണ്ടറടിച്ചതു വെറുതെ…

ന്നാലും ന്റെ കൃഷ്ണാ.. ഇന്ന് തന്നെ വേണമായിരുന്നോ ഇങ്ങനെ ഒരു പരീക്ഷണം കൂടി…”

ഒരു ദീർഘനിശ്വാസത്തോടെ സ്വപ്നത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കി എത്തിച്ചേർന്ന ദേവൂനെ, അന്നവൾ നേരിടിടേണ്ടി വരാവുന്ന പ്രതിസന്ധികളെകുറിച്ചുള്ള ചിന്തകൾ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയത്. ***********

‘വെക്കടീ അവിടെ..’

ചാർജിനു വെച്ച ഫോൺ എടുത്ത് കളിക്കുന്ന അനിയത്തിയോട് കിച്ചൻ കയർത്തു.

“ഏട്ടനിതെന്തു പറ്റി? രണ്ടീസായിട്ട് തൊട്ടേനും പിടിച്ചേനുമെല്ലാം കലിപ്പാണല്ലോ.. ദേവുഏച്ചിയോട് വഴക്കിട്ടോ..?”

‘നീ നിന്റെ പാടു നോക്കി പോയെ…’

കിച്ചൻ മാലുനെ പുറത്താക്കി വാതിലടച്ചു തഴുതിട്ടു ബെഡിലേക്കി ചാഞ്ഞു. നാലു മണിക്കാണ് ബീച്ചിൽ എത്താം ന്ന് ദേവൂന് വാക്കു കൊടുത്തത്. അതും താൻ സ്നേഹിക്കുന്ന പെണ്ണുമായ്…

കടബാധ്യതയിൽ കഴുത്തറ്റം മുങ്ങി നിൽക്കുമ്പോളുള്ള അച്ഛന്റെ ആത്മഹത്യ ഒരു പത്താം ക്ലാസുകാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പഠിപ്പ് നിർത്തി കൂലിപ്പണിക്കി ഇറങ്ങിത്തിരിക്കുമ്പോൾ അറിഞ്ഞിരുന്നില്ല അതിജീവനത്തിന്റെ പാത എത്രമാത്രം ദുർഗടമാണെന്ന്. ചോര നീരാക്കിയ 18 വർഷങ്ങൾ.. അതിനിടയിലെപ്പോഴോ ഒരാശ്വാസമായി.. സൗഹൃദമായി.. ജീവിതത്തിലേക്കി ഇടിച്ചു കയറിയതാണ് ദേവു. ഇഷ്ടമാണെന്നവൾ പറയാതെ പറയും മുൻപേ കലിപ്പന്റെ കാന്താരിപെണ്ണായി നെഞ്ചോടു ചേർത്തിരുന്നു..

കൊടുത്തു തീർത്ത കടങ്ങൾക്കിപ്പുറം പതിനെട്ടു വർഷത്തെ നീക്കിയിരിപ്പ് മാലുന്റെ വിവാഹത്തിന് പോലും തികയില്ലെന്നുള്ള ബോധമൊന്നുകൊണ്ടു മാത്രം സൗഹൃദമായി തന്നെ നിലനിർത്താൻ ശ്രമിച്ച പ്രണയം. പക്ഷെ അപ്പോഴും ഇഷ്ടമല്ലെന്ന ഒരു വാക്കു കൊണ്ട് എല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കാതെ അവളിലെ പ്രതീക്ഷയെ നിലനിർത്തിയത് എന്നെങ്കിലും സ്വന്തക്കുമെന്ന വിശ്വാസം ഉള്ളത് കൊണ്ട് തന്നെ ആയിരുന്നു.

വീട്ടിൽ വന്ന വിവാഹലോചനയ്ക്കി തടയിട്ടുകൊണ്ട് മകൾ തന്റെ ഇഷ്ടം അറിയിച്ചപ്പോൾ പ്രതീക്ഷയറ്റ് തന്നെ തേടിയെത്തിയ ആ അച്ഛന്റെ സ്വരത്തിൽ അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്. ദേവൂന്റെ സ്വപങ്ങൾക്ക് ചിറകേകാനോ അല്ലലറിയിക്കാതെ സംരക്ഷിക്കാൻ പോലും ഒരു പക്ഷെ തനിക്ക് കഴിഞ്ഞെന്ന് വരില്ല.

കൂടുതൽ ചിന്തിക്കാതെ തന്നെ ദേവൂന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം കിച്ചൻ കണ്ടെത്തിയിരുന്നു. മറ്റൊരുവളുമായുള്ള പ്രണയം.💔

ആർത്തിരമ്പുന്ന മനസ്സിനെ പാകപ്പെടുത്തി ദേവൂനോടതു പറഞ്ഞപ്പോൾ പെണ്ണ് പൊട്ടി ചിരിക്കുകയായിരുന്നു. അവളിൽ നേരിയ സംശയമെങ്കിലും തോന്നിപ്പിക്കാൻ പിന്നെയും ദിവസങ്ങളെടുത്തു.. കാന്താരിയുടെ വായാടിത്തരമെല്ലാം പതിയെ പതിയെ ഇല്ലാതാവുന്നത് വേദനയോടെ കണ്ടില്ലെന്ന് നടിക്കാനെ കഴിഞ്ഞുള്ളൂ.. അച്ഛൻ കൊണ്ടു വന്ന വിവാഹലോചയ്ക്കി സമ്മതം പറയാൻ ഒരു സുഹൃത്തിന്റെ അധികാരത്തോടെ അവളെ ഉപദേശിച്ചപ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളൂ അവൾ..

അവൾക്കു മുൻപേ എന്റെ മനസ്സിൽ ഇടം നേടിയവളെ ഒരു നോക്കൊന്നു കാണണം..

അങ്ങനൊരു നാടകത്തിനു റെഡിയാണെന്ന് രേഷ്മ വാക്കുതന്നിട്ടുണ്ടെങ്കിലും ദേവൂന്റെ ഉള്ളിലെ പിടപ്പ് കണ്ടില്ലന്നു നടിച്ച് പിടിച്ചു നിൽക്കാൻ തനിക്കാകുമോ..?

നുരഞ്ഞു പൊന്തുന്ന ചിന്തകൾക്ക് തടയിട്ടുകൊണ്ട് കിച്ചൻ ബൈക്കെടുത്ത് ഇറങ്ങി.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുളിരോലുന്ന കടൽക്കറ്റിനെ തന്നിലേക്കി ആവാഹിച്ച് മനസ്സിനെ ശാന്തമാക്കാൻ പ്രതീക്ഷിച്ചതിലും എളുപ്പമായി തോന്നി ദേവൂന്. ആദ്യമുണ്ടായ ഷോക്കിൽ നിന്ന് മുക്തി നേടാൻ സ്ലീപ്പിംഗ് പിൽസിനെ കൂട്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും കുറച്ചു ദിവസത്തെ കണ്ണീരിനും മൗനത്തിനുമിപ്പുറം പ്രണയം സമ്മാനിക്കുന്ന വേദനയും സ്വീകരിക്കാൻ മനസ്സ് പാകപ്പെട്ടിരുന്നു..

സുപരിചിതമായ ബൈക്കിന്റെ ശബ്‌ദമാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച്ച സംഭരിച്ചു വെച്ച ധൈര്യത്തെയെല്ലാം ഇല്ലാതാക്കാൻ പോന്നതായിരുന്നു.

തന്റെ കിച്ചേട്ടന്റ ബൈക്കിൽ, ഷോൾഡറിൽ കൈവെച്ച് അവനോട് ചേർന്നിരിക്കുന്ന ഒരുവൾ… ബൈക്ക് അകലെ നിർത്തി തന്നിലേക്ക് നടന്നടുക്കുന്ന ഇരുവരെയും ദേവു ഇമ വെട്ടാതെ നോക്കി നിന്നു.

കാന്തികത നിറഞ്ഞ കരിനീല മിഴികളിൽ തന്നെയാണ് ആദ്യം നോട്ടമുടക്കിയത്. ഇരു നിറമാണെങ്കിലും എണ്ണമയമില്ലാതെ പാറി പറക്കുന്ന മുടിയിഴകൾ പെണ്മയുടെ വശ്യതയെ എതിരേറ്റു. സുന്ദരിയാണ്.. എന്തുകൊണ്ടും തന്റെ കിച്ചേട്ടന് തന്നെക്കാൾ ചേരും.

“കൺഗ്രാജുലേഷൻ..”

അടുത്തെത്തിയതും രേഷ്മ ദേവൂന് നേരെ കൈ നീട്ടി. പകച്ചു നോക്കുന്ന ദേവൂനോടായി തുടർന്നു.

“കിച്ചു പറഞ്ഞു, ഇയാൾടെ വിവാഹമുറപ്പിച്ചെന്ന്..”

‘ഉറപ്പിച്ചിട്ടൊന്നുമില്ല. ഒരാലോചന വന്നു. വീട്ടുകാർക്ക് ഇഷ്ടായി.. കൂട്ടുകാരും നിർബന്ധിക്കുന്നു. അത്ര തന്നെ..’

നിർജീവമായ പുഞ്ചിരിയോടെയുള്ള ദേവൂന്റെ മറുപടി കേട്ട് രേഷ്മ നീട്ടിയ കൈകൾ പിൻവലിച്ചു.

“Ohh.. ഓക്കേ.. എനിവേ മാലൂന്റെ വിവാഹം കഴിയാൻ വേണ്ടി വെയിറ്റ് ചെയ്യാ ഞങ്ങൾ.. എന്റെ വീട്ടിൽ ഞാനൊന്നു സൂചിപ്പിച്ചിട്ടുണ്ട്. അവർക്ക് എതിർപ്പൊന്നും ഇല്ല. ഒറ്റ മോളല്ലേ.. ഏതാഗ്രഹവും സാധിച്ചു തരും.. പിന്നെ കാസ്റ്റ് വേറെ ആയോണ്ട് കിച്ചൂന്റെ അമ്മ എതിർക്കാൻ ചാൻസ് ഉണ്ട്. താനും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ..”

രേഷ്മേടെ നിർത്താതെയുള്ള സംസാരം കൗതുകത്തോടെ ശ്രദ്ധിക്കുവാരുന്നു ദേവു. തന്റെ പ്രാണനെ തട്ടിയെടുത്തവൾ എന്ന കുശുമ്പിനെക്കാൾ കിച്ചേട്ടന്റെ മനസ്സിൽ ഇടം നേടിയവളെന്ന ആരാധന അവളിൽ നിറഞ്ഞിരുന്നു.

വീണ്ടുമുള്ള സംസാരത്തിനിടയിൽ മനസിലായി, പർച്ചേഴ്സിന്റെ പേരും പറഞ്ഞു വിളിച്ചിറക്കിയ രേഷ്മയെ ബീച്ചിൽ കാറ്റു കൊള്ളാനെത്തിയ കൂട്ടുകാരിക്കി മുഖം കാണിക്കാനെന്നും പറഞ്ഞു കൂട്ടി കൊണ്ട് വന്നതാണെന്ന്.

സീ യൂ പറഞ്ഞകലുമ്പോൾ രേഷ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു. “വിവാഹത്തിന് ക്ഷണിക്കാൻ മറക്കേണ്ട ട്ടൊ..”

വിവാഹം.. ഇനി തനിക്കങ്ങനൊന്ന് ഉണ്ടാവുമോ… ഇല്ല.. മറ്റാരേക്കാളും അച്ഛനു തന്നെ മനസിലാവും.. കിച്ചേട്ടനു പകരം മറ്റൊരാൾ ഒരിക്കലും തന്റെ കഴുത്തിൽ താലി കെട്ടില്ല..

കിച്ചന്റെ ബൈക്കിന് പിന്നിൽ ചേർന്നിരുന്നകലുന്ന രേഷ്മയുടെ ചിത്രം ദേവൂന്റെ മിഴിയും മനസ്സും ഒരുപോലെ ഈറനണിയിച്ചു. പെയ്തൊഴിയാൻ വെമ്പുന്ന കാർമേഘം പോലെ അലക്ഷ്യമായ ചുവടുവെയ്പ്പുകളാൽ അവളാ ഇരുണ്ട പകലിനോട് വിട പറഞ്ഞു.

********

പതിവില്ലാതെ തന്റെ അനുഗ്രഹവും വാങ്ങി ടെൻഷനോടെ ഇറങ്ങി പോയ മകളുടെ തിരിച്ചു വരവും നോക്കി അസ്വസ്ഥതയോടെ കാത്തിരിക്കുന്ന അച്ഛന്റെ മടിയിലേക്കി കണ്ണീരോടെ ആണ് ദേവു വന്നു വീണത്.

“എന്ത് പറ്റി മോളെ..”

എങ്ങലടിച്ചുകൊണ്ട് മകൾ പറയുന്ന കാര്യങ്ങളെല്ലാം കേട്ട്, താൻ കാരണം ഇരുവരും അനുഭവിച്ച നോവിനപ്പുറം മകളുടെ ഭാവി സുരക്ഷിതമാണെന്നതിൽ നിറഞ്ഞ മനസ്സോടെ സന്തോഷിക്കുകയാരുന്നു ആ അച്ഛൻ..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“ഏട്ടാ.. വാതിലു തുറന്നെ.. ദേ.. ഒരാള് കാണാൻ വന്നിരിക്കുന്നു..”

പുറത്തു വന്നു നിന്ന കാർ ന്റെ ശബ്‌ദം കേട്ടിരുന്നെങ്കിലും തന്നിലേക്കി മാത്രം ഒതുങ്ങി കൂടാൻ വെമ്പിയ കിച്ചന് ആ വിളിയും അസ്വസ്ഥമായി തോന്നി..

മനസ്സില്ലാ മനസ്സോടെ വന്നു വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് കിച്ചനൊന്നു പകച്ചു…

‘അച്ഛൻ…… ഈ നേരത്ത്….. ഇവിടെ…..??’

“ഇനി ഒരു നിമിഷം പോലും എന്റെ മക്കളെ സങ്കടത്തിലാഴ്ത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. അതാ ഈ രാത്രി തന്നെ ഇറങ്ങിയത്..”

അതും പറഞ്ഞു അകത്തുകയറി തന്റെ ബെഡിൽ ഇരുന്ന അച്ഛനെ കിച്ചൻ സംശയത്തോടെ നോക്കി.

“ദേവു പറഞ്ഞു നിനക്കറിയുമായിരിക്കുമല്ലോ.. സ്നേഹിച്ച പുരുഷന്റെ കൂടെ വിവാഹം കഴിപ്പിച്ചയച്ചിട്ട് നിറ വയറോടെ ഉപേക്ഷിക്കപ്പെട്ട മൂത്ത മോൾ ഇന്ദു ന്റെ കാര്യമൊക്കെ… അങ്ങനൊരു അനുഭവം നേരിൽ കണ്ടൊരച്ഛന് ആരെയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല. അവനെ പോലെ തന്നെ നീയും എന്റെ മകളെ സ്നേഹിച്ചത് കിട്ടാൻ പോകുന്ന സ്ത്രീധനത്തെ മാത്രം കണ്ടുകൊണ്ടാണോന്ന് ഒരു ഭയം ഉണ്ടായിരുന്നു. അങ്ങനല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യവും..

ഇപ്പൊ എനിക്കറിയാം.. എന്റെ മകൾ തിരഞ്ഞെടുത്തത് പൂർണ്ണമായും ശരിയായിരുന്നു. ഒരച്ഛന്റെ ഇടറുന്ന വാക്കുകൾ കേട്ട് സ്നേഹിച്ച പെണ്ണിനെ ഒന്നുമറിയിക്കാതെ വിട്ടുകൊടുക്കാൻ തയ്യാറായവാനോളം നന്മ മറ്റാർക്കുണ്ടാവാനാണ്…”

കേട്ട വാക്കുകൾ ഒന്നും വിശ്വസിക്കാനാവാതെ സ്തംഭിച്ചു പോയി കിച്ചൻ.. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ പ്രാണൻ വീണ്ടുമൊരു വിരൽ ദൂരമകലെ എത്തിയ പോലെ.. അത്ഭുതമൊ സന്തോഷമൊ.. കിച്ചന്റെ ഇരു മിഴികളും നിറഞ്ഞു തുളുമ്പി.

എഴുന്നേറ്റു വന്നു കിച്ചന്റെ ഷോൾഡറിൽ ചേർത്ത് പിടിച്ച് അച്ഛൻ തുടർന്നു..

“കുറച്ച് ദിവസങ്ങൾ നിങ്ങളനുഭവിച്ച വേദന എത്രത്തോളമായിരിക്കുമെന്ന് ഈ അച്ഛന് അറിയാം.. ഒരു പക്ഷെ എല്ലാം എന്റെ സ്വാർത്ഥത കൊണ്ട് തന്നെ.. മക്കളെന്നോട് പൊറുക്കണം..”

മുഴുവൻ പറഞ്ഞു തീർക്കും മുൻപ് തന്നെ കിച്ചൻ അച്ഛന്റെ വാ പൊത്തി..

‘അരുത്… അച്ഛനെന്തു ചെയ്താലും മക്കളുടെ നന്മക്കി വേണ്ടി ആവുമെന്ന ഉത്തമ ബോധ്യമുണ്ടെനിക്കി.. ഞങ്ങളെ തിരിച്ചറിഞ്ഞു ചേർത്ത് വെക്കാൻ കാണിച്ച ഈ മനസ്സിന്, വറ്റാത്ത സ്നേഹവും സ്വന്തം മകനായി ഇനിയെന്നും കൂടെ ഉണ്ടാവുമെന്ന ഉറച്ച വാക്കും മാത്രമേ പകരം തരാനുള്ളൂ..’

ചേർത്ത് പിടിച്ച് കുറച്ച് നിമിഷങ്ങൾ ഇരുവരും മൗനമായി തേങ്ങി..

‘ദേവു????’

തളം കെട്ടിയ മൗനത്തെ ഭേദിച്ചുയർന്ന ചോദ്യത്തിന് പുഞ്ചിരിയോടെ അച്ഛൻ മറുപടി പറഞ്ഞു..

“കൂടെ വന്നിട്ടുണ്ട്. സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഓടിയെത്താൻ എന്നേക്കാൾ തിടുക്കം അവൾക്കായിരുന്നു.”

പിന്നെയൊന്നും കേട്ട് നിൽക്കാൻ ക്ഷമയില്ലാതെ കിച്ചൻ റൂമിനു പുറത്തിറങ്ങി..

ഹാളിലൊന്നും ആരെയും കണ്ടില്ല. അമ്മയും മാലുവും അടുക്കളയിൽ തകർപ്പൻ പാചകത്തിലാണ്. ഇനി കാറിൽ തന്നെ ഇരിപ്പാണോ പെണ്ണ്? പുറത്തേക്കിറങ്ങാൻ തുനിഞ്ഞപ്പോളാണ് മാലുന്റെ റൂമിൽ നിന്നൊരു പാദസരകിലുക്കം കേട്ടത്.

എത്തി നോക്കിയപ്പോൾ തുറന്നിട്ട ജനലഴികളിൽ കൈകൾ കോർത്തുകൊണ്ട് നീല നിലവിലേയ്ക്ക് മിഴികൾ പായിച്ച് നിൽപ്പുണ്ട് പെണ്ണ്.

ശബ്‌ദമുണ്ടക്കാതെ വാതിൽ ചാരി അടുത്തെത്തി ഇടുപ്പിലൂടെ കയ്യിട്ടു തന്നിലേക്കി ചേർത്തു.. ഒന്നു പുളഞ്ഞെങ്കിലും ആ വരവു പ്രതീക്ഷിച്ചു നിന്ന ദേവൂന് പ്രത്യേകിച്ച് പരിഭ്രമമൊന്നും തോന്നിയില്ല. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവനിലേക്കി ഒതുങ്ങി നിന്നു….

മൗനം വാചാലമായ നിമിഷങ്ങൾ…

പതിയെ അവന്റെ കൈകളിലെ പിടിത്തമയച്ച് ദേവു തിരിഞ്ഞു നിന്നു..

“ഒരുപാട് നൊന്തു ലെ കഴിഞ്ഞ ദിവസങ്ങളത്രയും….??”

‘നോവ് ഒരാൾക്ക് മാത്രമായിരുന്നില്ലല്ലോ…’

“എന്നാലും… എന്റെ അച്ഛൻ കാരണം..”

‘എന്റെയല്ല… നമ്മുടെ അച്ഛൻ..’

വീണ്ടുമെന്തോ വിതുമ്പാൻ തുടങ്ങുന്നതിന് മുൻപേ തന്നെ ആ അധരങ്ങൾ അവൻ സ്വന്തമാക്കിയിരുന്നു… അത്രമേൽ ആർദ്രമായ്…….. അത്രമേൽ…….. തീഷ്ണമായ്….❣️❣️

രചന: ഇഷ മൽഹാർ

Leave a Reply

Your email address will not be published.