അവളുടെടുത്ത് ഇരിക്കണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്…

Uncategorized

രചന: Lincy Retheesh

ഒരു ടിക് ടോക് അപാരത….

——————————–

“ഡാ സുകൂ..നീ വീട്ടിലോട്ട് പോകുന്നില്ലേ?”

“ഓർമ്മിപ്പിക്കല്ലേ പൊന്നോ… എനിക്കൊന്നും വയ്യ ഇപ്പോഴേ ആ യുദ്ധഭൂമിയിൽ ചെന്ന് കയറാൻ..”

“ങേ..നീ തന്നെയാണോ ഈ പറയുന്നത്? രണ്ടു ദിവസം ലീവ് കിട്ടിയാൽ പെണ്ണുമ്പിള്ളയുടെ അടുത്തൂന്നു മാറാതിരുന്നവനാ..”

“അവളുടെടുത്ത് ഇരിക്കണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്.. വീട്ടിലിരുന്നാൽ അമ്മയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിവരും.. രണ്ടും കൂടി പൊരിഞ്ഞ യുദ്ധമാടാ അവിടെ..”

ഒരു രണ്ടാംശനിയാഴ്ച വൈകുന്നേരം പഞ്ചായത്ത് കുളത്തിനരികിലുള്ള കലുങ്കിലിരുന്നു മദ്യപിക്കവേയാണ് നമ്മുടെ കഥാനായകൻ ‘സുകു’ തന്റെ സുഹൃത്ത് രമേശനോടു തന്റെ ദുരിതങ്ങളുടെ കെട്ട് അഴിച്ചത്..

“അത് എല്ലാ വീട്ടിലും ഉള്ളതല്ലേടാ”

രമേശൻ പറഞ്ഞു..

“എന്നാലും ഇതിത്തിരി കൂടുതലാണ്.. ഒരാഴ്ച മനുഷ്യൻ എല്ലുമുറിയെ കഷ്ടപ്പെട്ടിട്ട്, ഒരു സമാധാനത്തിന് വേണ്ടിയാ വീട്ടിലോട്ട് വരുന്നത്.. അപ്പൊ ഇവിടാണെൽ രണ്ടും കൂടി പൊരിഞ്ഞ വഴക്കും”

സുകു അസ്സലൊരു പ്ലംബർ ആണ്.. എറണാകുളത്ത് ഒരു കമ്പനിയിലാണ് ജോലി. വെള്ളിയാഴ്ച രാത്രി വരും, ഞായറാഴ്ച രാത്രി തിരികെ പോകും. സുകുവിന്റെ സ്വന്തം വീട് കൊല്ലത്താണ്.

“നിനക്ക് അവളെ കൂടി അങ്ങ് കൊണ്ട് പൊയ്ക്കൂടെ?”

“അതെങ്ങനെയാ രമേശാ.ഒരു കുടുസുമുറിയിൽ രണ്ട് പേരോടൊപ്പമാ താമസം.. അവളെ കൂടെ കൂട്ടിയാൽ വാടക വീട് എടുക്കണ്ടേ.. എറണാകുളത്ത് ഒരു വീട് എടുക്കണമെങ്കിൽ അഡ്വാൻസായും വാടകയായും എത്രയാകുമെന്നാ നിന്റെ വിചാരം.. പിന്നെ അമ്മയെ ഒറ്റയ്ക്കാക്കാനും പറ്റില്ലല്ലോ”

രാത്രി കനത്തു. വെള്ളമടിയും, വാചകമടിയും കഴിഞ്ഞു സുകുവും രമേശനും പിരിഞ്ഞു..

സുകു വീട്ടിലെത്തി. ശബ്ദം ഒന്നും കേൾക്കാനില്ല. ഭാനു തുറന്നിട്ടിരുന്ന അടുക്കള വാതിലിലൂടെ സുകു അകത്തുകയറി.. അമ്മ ഉറങ്ങിയിരുന്നു.. നേരെ കിടപ്പുമുറിയിലെത്തി. വാതിൽ തുറന്നപാടെ..ഭാനു ഓടി വന്നു സുകുവിനെ കെട്ടിപ്പിടിച്ച്,പതം പറഞ്ഞു കരയാൻതുടങ്ങി..

“എന്നെക്കൊണ്ട് ഇനി വയ്യ സുകുവേട്ടാ അമ്മയുടെ കൂടെ നിൽക്കാൻ .. എന്നെകൂടി കൊണ്ടുപോ..ഞാനും സുകുവേട്ടന്റെ കൂടെ വരുവാ..”

“മോളെ ഞാൻ പറയുന്നത് കേൾക്ക്.. എല്ലാം നിനക്ക് അറിയാവുന്നതല്ലേ? ഈ അവസ്ഥയിൽ നിന്നെ കൂടെ കൊണ്ടുപോകാൻ പറ്റില്ല..”

“ഒന്ന് ഫോൺ വിളിക്കാൻ പോലും പറ്റില്ല.. ആകെയുള്ളത് ഒരു ലാൻഡ് ഫോണാ..സുകുവേട്ടൻ വിളിച്ചു കഴിഞ്ഞാൽ അമ്മ എന്റെ ചുറ്റും കറങ്ങി നടക്കും.. ഒന്നും സംസാരിക്കാൻ സമ്മതിക്കില്ല.. ഏട്ടൻ വരുന്ന ദിവസങ്ങളിലാണെങ്കിൽ വഴക്കും.”

ഭാനുവിന്റെ ഏങ്ങലടി ഉയർന്നു….

“നമുക്ക് ഒരു പരിഹാരം കാണാം. നീ കരയാതെ..”

രാത്രി മുഴുവൻ തലപുകഞ്ഞാലോചിച്ചു സുകു ഒരു തൽക്കാല പരിഹാരം കണ്ടെത്തി..അയൽവീട്ടിലെ ഗംഗാധരൻ മുതലാളിയുടെ കയ്യിൽ നിന്ന് കുറച്ചു പൈസ കടം വാങ്ങി അയാൾ ടൗണിലേക്ക് തിരിച്ചു. തിരികെ വന്നത് ഒരു സ്മാർട്ട്ഫോണും ആയിട്ടായിരുന്നു..

സ്മാർട്ട്ഫോൺ കണ്ട ഭാനുവിന്റെ മുഖം വിടർന്നു..

“തൽക്കാലം ഈ ഒരു വഴിയേ ഉള്ളൂ.. ഇനി വിളിക്കുമ്പോൾ അമ്മയുടെ ശല്യം ഉണ്ടാകില്ല.. മോള് സഹകരിക്ക്”

ഭാനുവിനെ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളെല്ലാം പഠിപ്പിച്ച് സുകു എറണാകുളത്തേക്ക് തിരികെപ്പോയി.. പിന്നീടുള്ള ദിവസങ്ങളിൽ വീഡിയോ കാളുകളിലൂടെ സുകുവിന്റെയും ഭാനുവിന്റെയും ദാമ്പത്യം പിന്നെയും പൂത്തുതളിർത്തു..

ദിവസങ്ങൾ പോകെ, ഫേസ്ബുക്കിലും വാട്സാപ്പിലും ബിസി ആയിരുന്നതിനാൽ അമ്മായിയമ്മയുമായി വഴക്കിടാൻ ഭാനുവിന് തീരെ സമയമില്ലാതായി..ഒപ്പം സുകുവിന് സമാധാനവുമായി..

അങ്ങനെയിരിക്കെ ഒരു ദിവസം വീടിന്റെ വേലിക്കൽ നിന്ന് ഫേസ്ബുക്കിൽ നോക്കിക്കോണ്ടിരിക്കെയാണ് അയൽവീട്ടിലെ സോനുക്കുട്ടൻ അതുവഴി വന്നത്..

“ചേച്ചിയെ ടിക്ടോക്കിൽ ഒക്കെ ഉണ്ടോ?”

“ടിക്ടോക്കോ.. അത് എന്തുവാടാ? ”

“അയ്യേ അതറിയില്ലേ? ഇപ്പൊ ആർക്കാ ചേച്ചി ടിക്ടോക് ഇല്ലാത്തത്? ചേച്ചിയും പ്ലേ സ്റ്റോറിന്ന് ഡൗൺലോഡ് ചെയ്യ്.പിന്നെ എന്നെ ഫോളോ ചെയ്യണേ..”

കേട്ടപാതി കേൾക്കാത്ത പാതി ഭാനു ടിക്ടോക് ഡൗൺലോഡ് ചെയ്തു..

‘സംഭവം കൊള്ളാമല്ലോ..അഭിനയം പണ്ടേ എന്റെ രക്തത്തിലുള്ളതാ..ഒരു കൈ നോക്കാം..’ ഭാനു ചിന്തിച്ചു..

സമയം പാഴാക്കാതെ അവൾ ടിക്ടോക്കിൽ വീഡിയോ ചെയ്തു പോസ്റ്റാൻ തുടങ്ങി..ആദ്യത്തെ വീഡിയോയ്ക്ക് കിട്ടിയ 21 ലൈക്ക് അവൾക്ക് പ്രചോദനമായി….ദിവസേന അഞ്ചും ആറും വീഡിയോ വെച്ചങ്ങ് പോസ്റ്റി..

‘ചേച്ചിക്ക് വേറെ ജോലിയില്ലേ..’

‘ഇതൊക്കെ എന്ത് ദുരന്തമാണ്..’ എന്നൊക്കെയുള്ള കമൻറുകൾ നമ്മുടെ ഭാനുവിനെ തളർത്തിയില്ല..

‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല.’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു വീണ്ടും വീഡിയോ ചെയ്തു കൂട്ടി…

ഇതിനിടയ്ക്ക് പുട്ടി ഇട്ട മുഖങ്ങൾക്കാണ് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നതെന്ന നഗ്നസത്യം ഭാനു മനസ്സിലാക്കി…കുറെനാൾ കുടുക്കയിൽ ശേഖരിച്ചു വച്ചിരുന്ന പൈസ എടുത്ത് ടൗണിൽ പോയി ഭാനു കുറച്ചു മേക്കപ്പ് സാധനങ്ങളും വാങ്ങി..

ഒരു സുപ്രഭാതത്തിൽ, ‘ചക്ക വീണ് മുയൽ ചത്തതുപോലെ’ നമ്മുടെ ഭാനുവും ‘krishna – kichuzz’ ഉം തമ്മിലുള്ള ഡ്യൂയറ്റ് വീഡിയോ അങ്ങ് വൈറലായി…1.2k ലൈക്കും 106 കമന്റും കണ്ടു ഭാനു ധൃതംഗപുളകിതയായി..

അത്യധികം വീറോടെ ഭാനു തന്റെ ടിക്ടോക്ക് പ്രയാണം തുടർന്നു.. ഫോളോവേഴ്സിന്റെ എണ്ണം കൂടി, സുഹൃത്തുക്കൾ കൂടി, ചാറ്റിങ്ങും കൂടി..

സമയാസമയം സുകു ലീവിന് വീട്ടിൽ വന്നു പോയി.. ഭാനുവിന് ഈയിടെ ഫോൺ ഉപയോഗം കൂടുതൽ ആണെന്നുള്ള അമ്മയുടെ പരാതിയല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല..

പക്ഷേ ഭാനുവിന്റെ അമ്മായിയമ്മ സുമതിയമ്മയ്ക്ക് മരുമകളുടെ ഫോൺ ഉപയോഗം തീരെ ദഹിക്കുന്നുണ്ടായിരുന്നില്ല.. രാവിലെ എഴുന്നേറ്റ് വെപ്രാളം പിടിച്ചു ജോലിയൊക്കെ ഒതുക്കി ഫോൺ എടുത്താൽ പിന്നെ ഭാനുവിനെ കാണാൻപോലും കിട്ടാറില്ലായിരുന്നു.. ചിലപ്പോൾ പറമ്പിലും വരാന്തയിലും ഒക്കെ നിന്നു ഫോണിന്റെ മുൻപിൽ എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടി കൂട്ടുന്നത് കാണാം..

ഒരിക്കൽ ഭാനുവിനെ കുറേനേരം കാണാതായപ്പോൾ സുമതിയമ്മ മുറിയിൽ ചെന്നു.. അടഞ്ഞുകിടന്ന വാതിലിൽ കാതോർത്തപ്പോൾ, അകത്തുനിന്ന് ആരോ സംസാരിക്കുന്നു, ചിരിക്കുന്നു, പാട്ടുകൾ കേൾക്കുന്നു.. എന്തും വരട്ടെ എന്ന് ചിന്തിച്ച് വാതിലിൽ മുട്ടി… വാതിൽ തുറന്നു വന്നു ഭാനുവിനെ കണ്ട് അവർ ഞെട്ടിപ്പോയി…

പിച്ചക്കാരികൾ വരെ തോറ്റു പോകുന്ന കോലത്തിൽ വീട്ടിൽനിന്നിരുന്നവൾ, പട്ടുസാരിയുടുത്ത്, മുഖത്ത് മേക്കപ്പിട്ട്, സുന്ദരിയായി നിൽക്കുന്നു..പക്ഷെ മുറിക്കകത്ത് വേറെ ആരുമില്ല..

“എന്താമ്മേ ഒരു വീഡിയോ എടുക്കാനും സമ്മതിക്കില്ലേ”

അവൾ ദേഷ്യപ്പെട്ട് വാതിൽ കൊട്ടിയടച്ചു..

‘ഇതിങ്ങനെ വിട്ടാൽ പറ്റില്ല’ സുകു വരട്ടെ എന്നിട്ട് തീരുമാനിക്കാം എന്നു ചിന്തിച്ചു സുമതിയമ്മ തിരികെ പോയി..

ഒരു വെള്ളിയാഴ്ച വൈകുന്നേരം, എറണാകുളം. ————-

വീട്ടിലേക്ക് പോകാനുള്ള ബാഗ് അടുക്കുകയായിരുന്നു സുകു. പെട്ടെന്ന് പിറകെ രണ്ട് കൈകൾ വന്നു സുകുവിനെ കെട്ടിപ്പിടിച്ചു

“ഇന്ന് പോണോ സുകുവേട്ടാ?” സിന്ധു കൊഞ്ചിക്കുഴഞ്ഞ് ചോദിച്ചു..

“പോകാതെ പിന്നെ?”

“പ്രതീക്ഷിക്കാതെ അങ്ങേര് ലീവിന് വന്നപ്പോൾ 10 ദിവസമാ സുകുവേട്ടനെ കാണാതിരുന്നത്.. ഇന്ന് ഉച്ചയ്ക്ക് വന്നിട്ട് വൈകിട്ട് തന്നെ പോവാണോ..”

“എൻറെ സിന്ധു… ഞാൻ ഒരു അഡ്ജസ്റ്റ്മെന്റിലാ ഇങ്ങനെ പോകുന്നത്..നീ ആയിട്ട് അത് കുളമാക്കല്ലേ.. ഇങ്ങോട്ട് വരണം എന്ന് വാശിപിടിച്ചവളെ ഒരു ഫോൺ വാങ്ങി കൊടുത്തു അടക്കി ഇരുത്തിയേക്കുവാ.. ഞാൻ അങ്ങോട്ട് പോയില്ലെങ്കിൽ അവൾ എന്നെ തിരക്കി ഇങ്ങോട്ട് വന്നു കളയും.. രണ്ടു ദിവസത്തെ കാര്യമല്ലേയുള്ളൂ..”

സിന്ധുവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച്.. സുകു വീട്ടിലേക്കുള്ള വണ്ടി കയറി.

പിറ്റേന്ന് രാവിലെ ടൗണിൽ നിന്ന് വീട്ടിലേക്ക് നടക്കവേ…

“സുകുവേട്ടാ ഭാനു ചേച്ചി ടിക്ടോക്കിൽ വൈറലായല്ലോ..!”

സുകു തിരിഞ്ഞുനോക്കിയപ്പോൾ ആൽത്തറയിൽ കൂടിയിരുന്ന ചെറുപ്പക്കാരാണ്.

ഫോണിൽ,വീഡിയോ കോളും, ചാറ്റിങ്ങും, അത്യാവശ്യം ചീറ്റിങ്ങുമായി ചിലവഴിച്ചിരുന്ന സുകുവിന് ടിക്ടോകിനെ കുറിച്ച് ഒരു പിടുത്തവും ഇല്ലായിരുന്നു..അതുകൊണ്ട് തന്നെ അവരെ ശ്രദ്ധിക്കാതെ തിരിഞ്ഞുനടന്നു..അപ്പോൾ ദാ വരുന്നു അടുത്തത്..

“ചേട്ടാ ഞങ്ങളെ കൂടെ ഒന്ന് ഫോളോ ചെയ്യാൻ പറയണേ..”

” ഒന്ന് സൂക്ഷിച്ചോ ഇങ്ങനെ പോയാൽ ചേച്ചിയെ പിന്നെ പിടിച്ചാൽ കിട്ടത്തില്ല.. ”

ഒന്നും മനസ്സിലായില്ലെങ്കിലും സംഗതി അല്പം സീരിയസാണെന്ന് സുകുവിന് ബോധ്യമായി.. തിരിഞ്ഞ് രൂക്ഷമായിട്ടവരെ ഒന്ന് നോക്കി സുകു വീട്ടിലേക്ക് വച്ചു പിടിച്ചു…

വീടിൻറെ വേലിക്കൽ തന്നെ സുമതിയമ്മ നിൽക്കുന്നുണ്ടായിരുന്നു..വീട്ടിൽ ഇപ്പോൾ നടക്കുന്നതൊക്കെ കുറച്ചു പൊടിപ്പും തൊങ്ങലും വെച്ച് തന്നെ അമ്മ മകനോട് പറഞ്ഞു കൊടുത്തു..

എല്ലാം കേട്ടിട്ട് സുകു ദേഷ്യം കൊണ്ട് തിളച്ചുമറിഞ്ഞു..

ഒരാഴ്ചയ്ക്കുശേഷം സുകുവേട്ടനെ കാണാനുള്ള വെപ്രാളത്തിൽ ഓടിവന്ന ഭാനുവിനെ സുകു തലങ്ങും വിലങ്ങും തല്ലി, ചീത്ത വിളിച്ചു, ഫോൺ എടുത്തു എറിയണമെന്ന് ആഗ്രഹമുണ്ടായെങ്കിലും കടംവാങ്ങിയ പൈസയുടെ കാര്യമോർത്തപ്പോൾ എടുത്ത ഫോൺ അതേപടി തിരികെവെച്ചു.. ഭാനു പറഞ്ഞ ന്യായീകരണങ്ങളോന്നും സുകു കേട്ടില്ല.. കുറേ ദിവസങ്ങൾക്കുശേഷം ആ വീട് വീണ്ടും യുദ്ധക്കളമായി..

സുകു താടിക്ക് കയ്യും കൊടുത്ത് വരാന്തയിലിരുന്നു..

ഭാനു മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആലോചനയിലായിരുന്നു..

അവിടെ ഇരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ സുകു, ഉച്ചയായപ്പോൾ അമ്മയോട് യാത്ര പറഞ്ഞു, പെട്ടിയെടുത്ത് നേരെ എറണാകുളത്തേക്ക് തിരിച്ചുപോയി…..

സിന്ധുവിന്റെ അടുത്തുചെന്ന് എല്ലാം പറഞ്ഞു..

“ടിക്ടോക്കിൽ വീഡിയോ ചെയ്യുന്നത് കൊണ്ട് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നും.. ഭാനുവിന് മറ്റു ചുറ്റിക്കളികൾ ഒന്നും ഉണ്ടാവില്ലന്നും”സിന്ധു സുകുവിനെ ആശ്വസിപ്പിച്ചു..

ഇതേസമയം…

അന്ന് ഉച്ചയായിട്ടും ഭാനുവിന്റെ പുതിയ ടിക് ടോക് വീഡിയോകൾ ഒന്നും കാണാഞ്ഞതിനാൽ, അവളെ തിരക്കി ഇൻബോക്സിലും വാട്സാപ്പിലും മെസേജ് വന്നുതുടങ്ങി…

തൻറെ tiktok പാർട്ണർ krishna – kizhuzz എന്ന കിച്ചുവിനെ വിളിച്ചു ഭാനു തന്നെ അവസ്ഥ പറഞ്ഞ് പൊട്ടിക്കരഞ്ഞു..ഭാനുവിന്റെ കരച്ചിൽ കേട്ട കിച്ചുവിന്റെ നെഞ്ചുപൊട്ടി..

“ആ പഴഞ്ചന്റെ തല്ലുകൊണ്ട് ജീവിക്കണോ അതോ എന്നെ സ്‌നേഹിച്ച് ജീവിക്കണോ എന്ന് ആലോചിക്ക് ”

എന്ന് പറഞ്ഞു കിച്ചു ഫോൺ വച്ചു..

ഭാനു മുറിക്കകത്ത് വെരുകിനെപ്പോലെ നടന്ന് ചിന്തിച്ചുതുടങ്ങി…

ടിക്ടോക്കിൽ ഇത്രയും ഫേമസ് ആയ സ്ഥിതിക്ക് ഇനി സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനായിരുന്നു ഭാനുവിന്റെ തീരുമാനം…സുകുവേട്ടന്റെ കൂടെയാണെങ്കിൽ അതൊന്നും നടക്കില്ല… പക്ഷേ കിച്ചു, അവൻറെ കൂടെ ഒരുമിച്ച് വീഡിയോ ചെയ്യാം, സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാം, 1M ഫോളോവേർസ്, സിൽവർ പ്ലേ ബട്ടൺ, മാസം 2 ലക്ഷം രൂപ വരുമാനം.. ഓർത്തപ്പോൾ തന്നെ ഭാനുവിന്റെ മനസ്സിൽ കുളിരു കോരി..

കിച്ചുവിനാണെങ്കിൽ മറ്റ് ബാധ്യതകൾ ഒന്നുമില്ല.. ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിട്ടു,അച്ഛനുമമ്മയും ജോലിക്കാരാണ്,കിച്ചുവിന് സ്വന്തമായി വർക്ക് ഷോപ്പ് ഉണ്ട്, വീഡിയോകൾ ചെയ്യുമ്പോൾ അവന്റെ വീടും താൻ കണ്ടിട്ടുണ്ട് അതിമനോഹരമായ ഒറ്റ നില വീട്..

ഒരു മണിക്കൂറിനകം തന്റെ ഇനിയുള്ള ജീവിതം കിച്ചുവിനൊപ്പം ആണെന്ന് ഭാനു തീരുമാനിച്ചു.. അത് കിച്ചുവിനെ അറിയിച്ചപ്പോൾ എത്രയും പെട്ടെന്ന് എറണാകുളത്തേക്ക് എത്തുവാൻ പറഞ്ഞു…

വൈകിട്ട് സുമതി അമ്മ അയൽക്കൂട്ടത്തിന് പോയ തക്കത്തിന് കയ്യിൽ കിട്ടിയതെല്ലാം വാരി പെറുക്കി ഭാനു വീട്ടിൽനിന്നിറങ്ങി… വഴിയിൽവെച്ച് ആരൊക്കെയോ കണ്ടെങ്കിലും സുകുവിനോട് പിണങ്ങി ഭാനു സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നോർത്ത് ആരും ഒന്നും ചോദിച്ചില്ല, എന്നാൽ എല്ലാരും മസ്സിൽ ചിരിക്കുകയും ചെയ്തു.. അതല്ലെങ്കിലും ‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണല്ലോ’…

റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ കിട്ടിയപ്പോൾ തന്നെ രാത്രിയായി…ലോക്കൽ കമ്പാർട്ട്മെന്റിൽ എങ്ങനെയോ ഇടിച്ചുതള്ളിക്കയറി ഭാനു എറണാകുളത്തേക്ക് തിരിച്ചു..

പിറ്റേദിവസം രാവിലെ എറണാകുളം ———-

ഇന്നലെ രാത്രി ഭാനു തന്നെ ചതിക്കുവാണോ എന്നോർത്ത് നന്നായി മദ്യപിച്ചിരുന്നതിന്റെ ഹാങ്ങോവറിലായിരുന്നു സുകു…

പെട്ടെന്നാണ് പുറത്ത് കോളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടത്.. സ്വന്തം വീടാണെന്നോർത്ത് സുകു നേരെ ചെന്ന് വാതിൽ തുറന്നു… തുറക്കല്ലേ എന്ന് പറയാൻ ഓടിവന്ന സിന്ധുവും സുകുവും പുറത്തു നിൽക്കുന്ന ആളെ കണ്ടു ഞെട്ടി…

സിന്ധുവിനെ ബർത്ത്ഡേക്ക് സർപ്രൈസ് കൊടുക്കാൻ വന്ന ഭർത്താവ് രവി ആയിരുന്നു അത്…

ഇതേസമയം റെയിൽവേ സ്റ്റേഷനിൽ ————-

ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ഭാനു എറണാകുളത്തെത്തി…. അത്യാവശ്യം കരച്ചിലിനും സ്നേഹപ്രകടനങ്ങൾക്കും ശേഷം കിച്ചുവും ഭാനുവും വീട്ടിലേക്ക് തിരിച്ചു… ഇടയ്ക്ക് ഒരു പൂക്കടയിൽ നിർത്തി 2 പൂമാല വാങ്ങി കഴുത്തിലിട്ട് ഒരു വീഡിയോ ചെയ്യാനും മറന്നില്ല…

“എള്ളോളം തരി പൊന്നെന്തിനാ.. തനി തഞ്ചാവൂരു പട്ടെന്തിനാ…. …………..!!!!”

അതാണല്ലോ അതിന്റെ ഒരു ചടങ്ങ്…

കുറച്ചു സമയത്തിനുള്ളിൽ തന്നെ വീഡിയോയ്ക്ക് ലൈക്കും കമന്റും കുമിഞ്ഞുകൂടി…

അല്പസമയത്തിനകം കിച്ചുവിൻറെ വീട്ടിലെത്തിയ ഭാനു അന്ധാളിച്ചു നിന്നുപോയി… ടാർപ്പ വലിച്ചുകെട്ടിയ ഒരു ഒറ്റമുറി ചായ്പ് ആയിരുന്നു കിച്ചുവിൻറെ വീട്… അതിന്റെ എതിർവശത്തുണ്ടായിരുന്ന വാർത്ത വീട്ടിൽനിന്ന് ആയിരുന്നു ഇത്രയും നാൾ കിച്ചു വീഡിയോ ചെയ്തിരുന്നതെന്ന സത്യം വേദനയോടെ ഭാനു അറിഞ്ഞു…

അതേസമയം കിച്ചുവിൻറെ വീടിന്റെ മൂന്നുനാലു വീടുകൾക്കപ്പുറം, സിന്ധുവിന്റെ വീട്ടിൽ രവി പോലീസുകാരെ വിളിക്കുന്ന തിരക്കിലായിരുന്നു..!!!!

കിച്ചുവിന്റെ അച്ഛനും അമ്മയ്ക്കും കൂലിപ്പണിയാണ്…കല്യാണം കഴിച്ചു വിട്ട ചേച്ചി ബന്ധം പിരിഞ്ഞ് ഇവിടെ തന്നെ താമസിക്കുന്നു… ഉണ്ടായിരുന്ന വർക്ക്ഷോപ്പ് ജോലി കളഞ്ഞാണ് കിച്ചു തന്റെ ജീവിതം ടിക്ടോക്കിന് വേണ്ടി സമർപ്പിച്ചത്…

നിൽക്കണോ പോകണോ എന്നറിയാതെ നിൽക്കുമ്പോഴാണ് ഇടവഴിയിൽ ഒരു ബഹളം കേട്ടത്…

“നമ്മുടെ സിന്ധുവിനെയും ഒരാളെയും വീട്ടിൽനിന്ന് അനാശാസ്യത്തിന് പിടിച്ചു.. പോലീസുകാര് അവരെയും കൊണ്ട് വരുവാ…” കിച്ചുവിൻറെ ചേച്ചി അമ്മയോട് അടക്കം പറഞ്ഞു..

എന്തോ ഒരു ഉൾപ്രേരണയാൽ അങ്ങോട്ട് നോക്കിയേ ഭാനു വീണ്ടും ഞെട്ടി… ഒരു താങ്ങിനെന്നോണം അടുത്തു നിന്നിരുന്ന മരത്തിന്മേൽ ചാരി നിന്നുപോയി…. ‘തന്റെ സുകുവേട്ടൻ വിലങ്ങും വെച്ച് വേറൊരു പെണ്ണിനോപ്പം’

പോലീസുകാർക്കൊപ്പം മുഖം താഴ്ത്തി നടന്ന സുകു ഇടയ്ക്കൊന്ന് മുഖമുയർത്തി… പരിചയമുള്ള ഒരു മുഖം കണ്ടു ഒന്ന് നിന്നു…കഴുത്തിൽ പൂമാലയിട്ട് ഏതോ ഒരു പയ്യനൊപ്പം ഭാനു….!

ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയെങ്കിലെന്ന് സുകു ആഗ്രഹിച്ചുപോയി…

ഒന്നും മനസിലാകാതെ കുറച്ചു നേരം അവർ പരസ്പരം നോക്കി നിന്നുപോയി.

സുകുവിനെ ജീപ്പിൽ കയറ്റികൊണ്ട് പോയപ്പോഴേക്കും ഭാനു ബോധം മറഞ്ഞു വീണിരുന്നു…

അപ്പോഴും പിന്നാമ്പുറകഥകളൊന്നും അറിയാതെ ടിക്ടോകിലെ വീഡിയോയ്ക്ക് ലൈകും കമന്റും കൂടിക്കൊണ്ടേയിരുന്നു…..

– The end –

രചന: Lincy Retheesh

Leave a Reply

Your email address will not be published. Required fields are marked *