ഒപ്പം മനോഹരമായ ചെറുകഥ….

Uncategorized

രചന: നിവിയ റോയ്

“പൊന്നു നീ ഒന്നും പറഞ്ഞില്ലല്ലോ ഞാൻ ഇന്നലെ വാട്ട്സ് ആപ്പിൽ അയച്ചു തന്ന നമ്മുടെ വീടിന്റെ പ്ലാൻ കണ്ടിട്ട് … അതിലൊന്നും നിനക്ക് ഇഷ്ടപെട്ടില്ലേ ….?”

എട്ടു പേര് ഒരുമിച്ചു താമസിക്കുന്ന തന്റെ മുറിയിലെ കൊച്ചു കട്ടിലിൽ ഒതുങ്ങി കൂടി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടയിൽ പ്രിമൽ ഭാര്യ റീബയോടു ചോദിച്ചു.

“അതിൽ ഏതാണ് നിനക്ക് കൂടുതൽ ഇഷ്ടപെട്ടത് ?

“എനിക്ക് അത് മൂന്നും ഇഷ്ടായി …” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു .

“ഞാൻ ഇവിടെയുള്ള ഒരു ഓൺലൈൻ ലോട്ടറി എടുത്തിട്ടുണ്ട് അത് അടിച്ചാൽ എന്റെ പൊന്നുവിന് മൂന്നും കൂടി ചേർന്ന കൊട്ടാരം പോലുള്ള ഒരു വീട് വെച്ച് തരും.” നർമ്മം കലർത്തി പ്രിമൽ പറഞ്ഞു .

“മൂന്നും ഇഷ്ടമായി എന്നല്ലേ പറഞ്ഞുള്ളു ഏതു വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ ?ചേട്ടായിക്ക് ഏതു വീടാണ് കൂടുതൽ ഇഷ്ടം …?”

“എനിക്ക് ആ രണ്ടാമത്തെ വീട് അത് ഇത്തിരി മോഡേൺ ആണ് അതിന്റെ അടുക്കളയൊക്കെ ഭയങ്കര രസമാണ് ”

“ആണോ ….?അതിനു എത്ര ലക്ഷം രൂപ വരും ” അവൾ ആകാംഷയോടെ ചോദിച്ചു

“ഒരു പത്തെൺപതു ലക്ഷം രൂപ വരും ”

“അയ്യോ ….”

“സാരമില്ല മോളു …………..ഞാൻ ഇവുടുന്നു ഒരു ലോൺ എടുക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട് ”

“എന്നിട്ടോ ….അവിടെ തന്നെ കൂടാനാണോ പരിപാടി ? ”

“ഇടക്കിടക്കു വരാലോ ….”

“ഇത്രയും വലിയൊരു ബാധ്യത എടുത്തുവച്ചാൽ പിന്നെ എന്നാണ് നമ്മൾ ഒരുമിച്ചു ജീവിക്കുക .

ഇങ്ങനെ എന്നും രണ്ടിടത്തു ജീവിക്കാനാണെങ്കിൽപിന്നെ ഇപ്പോ കല്യാണം കഴിക്കണായിരുന്നോ ?”

പതിയെ കട്ടലിലേക്കു ചാഞ്ഞുകിടക്കുന്നതിനിടയിൽ അവൾ പറഞ്ഞു .

“അന്ന് ചേട്ടായി എന്റെ കഴുത്തിൽ മിന്നു കെട്ടിയപ്പോൾ ഒന്നേ ഞാൻ പ്രാർത്ഥിച്ചുള്ളു ,എന്നും ഒപ്പം ഉണ്ടാകണേ എന്ന് .

എന്റെ പപ്പയുടെയും മമ്മിയുടെയും ജീവിതം ഞാൻ കണ്ടതാണ് .വർഷത്തിൽ ഒരിക്കൽ പപ്പാ വരുമ്പോൾ എല്ലാർക്കും ആഘോഷമാണ് .എല്ലാവരും കരുതിയിരുന്നത് പപ്പക്കു അവിടെ ഭയങ്കര സുഖമാണെന്നാണ്.പപ്പ ഒന്നും പറഞ്ഞതുമില്ല. ഞങ്ങളുടെ ഒരു നാട്ടുകാരൻ,പപ്പയെ കുറേ നിർബന്ധിച്ചു അവിടെ ഒരു ജോലിക്കു വേണ്ടി, അവസാനം പപ്പ അവിടെ ഒരു ജോലി ശരിയാക്കികൊടുത്തു ഒരു മാസം കൊണ്ടു അയാൾ ആ ജോലി ഉപേക്ഷിച്ചു തിരിച്ചു വന്ന് പറഞ്ഞ കഥ കേട്ട് അന്ന് ഞങ്ങൾ ഒത്തിരി കരഞ്ഞു .തിരിച്ചു വരാൻ പറ്റാത്ത വിധം ഞങ്ങളുടെ ജീവിതം ആഡംബരമാക്കി പപ്പ അവിടെ തന്നെ എരിഞ്ഞു തീർന്നു .സ്വന്തം ജീവിതം നഷ്ടമാക്കിയാണ് പപ്പ സഹോദരങ്ങൾക്കു ജീവിതം നേടി കൊടുത്തത്.എല്ലാം മതിയാക്കി വരാൻ മമ്മി നിർബന്ധം പിടിച്ചപ്പോൾ പപ്പ അവസാനം സമ്മതിച്ചു. പക്ഷേ ഞങ്ങളോടൊത്തു ഒരുമിച്ചു ജീവിക്കാൻ പപ്പയെ വിധി അനുവദിച്ചില്ല.

അതുവരെയും ഒന്നും അറിയാതിരുന്ന മമ്മി മാനസികമായി തകർന്നു ….വളരെ കുറച്ചു ദിവസമേ അവര് ഒരുമിച്ചു താമസിച്ചിട്ടുള്ളു …….ആ ദിവസങ്ങളുടെ ഓർമകളിൽ മമ്മി ചുരുങ്ങി കൂടി .അത്രയും നാളും ചുറ്റിനുമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പതിയെ പതിയെ അകന്നു ….വീട് ജപ്തിയായി ….കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ ….പിന്നെ മമ്മിയുടെ വീട്ടിലേക്കു മടങ്ങി.ആങ്ങളമാരുടെ ഭാര്യമാരുടെ കൂടെ ഒരു വേലക്കാരിയെപ്പോലെ മമ്മി ജീവിച്ചു .

സാരമില്ല പൊന്നു അതൊന്നും ഇനി ഓർത്തു വിഷമിക്കണ്ട ഇപ്പോൾ നിനക്ക് ഞാൻ ഇല്ലേ …? അവളെ ആശ്വസിപ്പിച്ചുകൊണ്ടു പ്രിമൽ പറഞ്ഞു .

“അതാ ഞാൻ പറയുന്നത് ,ഒരു കൊച്ചു വീട് അതിനുള്ള പൈസ സ്വരുക്കൂട്ടി ചേട്ടായി രണ്ട് വർഷം കൊണ്ടു മടങ്ങി വരുമ്പോൾ എനിക്കും കുറച്ചുകൂടി നല്ല ഒരു ജോലി കിട്ടാതിരിക്കില്ലല്ലോ .പിന്നെ നമുക്ക് ഒരുമിച്ചു തുഴയാം ചേട്ടായി …..കിടക്കാൻ ഒരു വീട് ഉണ്ടെങ്കിൽ പിന്നെ എല്ലാം നമുക്ക് അഡ്ജസ്റ്റ് ചെയ്യാല്ലോ . എന്റെ ഫ്രണ്ട്‌സൊക്കെ അവരുടെ ഭർത്താക്കന്മാറുടെ കൂടെ കറങ്ങാനും ….കല്യാണങ്ങൾക്കും ഒക്കെ അവരുടെ കൂടെ ഉടുത്തൊരുങ്ങി വരുന്നത് കാണുമ്പോൾ എനിക്കും കൊതി തോന്നാറുണ്ട് .

ഉറക്കം കൂടു കൂട്ടാൻ തുടങ്ങിയ കണ്ണുകൾ തുറന്നു പിടിച്ചു അവൾ പറഞ്ഞു . “നമുക്ക്‌ വീടിന്റെ മുറ്റത്തു പൂന്തോട്ടം വെക്കണം ഉണ്ണികളൊത്തു മുറ്റത്തു ഓടികളിക്കണം ..പിന്നെ മകരമഞ്ഞു പെയ്യുമ്പോൾ ജന്നലിന്റെ വിടവിലൂടെ തണുത്ത കൈകൾ നീട്ടി തലോടുന്ന നീലനിലവിന്റെ കുളിരിൽ ചേട്ടായിയുടെ നെഞ്ചിന്റ ചൂടേറ്റു എനിക്ക് ഉറങ്ങണം …ഇതൊക്കെ നഷ്ടപ്പെടുത്തി നമുക്ക് ഒന്നും വേണ്ട ….അല്ലെങ്കിൽ വർഷങ്ങൾ കുറേ കഴിയുമ്പോൾ നഷ്ടങ്ങളെ ഓർത്തു ദുഃഖിക്കാനെ കഴിയൂ ….. എത്ര കഷ്ടപാടാണെങ്കിലും എനിക്ക് ചേട്ടായിയോടൊത്തു ജീവിച്ചാൽ മതി .”

കുളിച്ചു തോർത്തികെട്ടിയ അവളുടെ മുടി അഴിഞ്ഞു വീഴുന്നതും ….ഫാനിന്റെ കാറ്റിൽ മയക്കത്തിലേക്കു വീഴുന്ന മിഴികളെ തടുക്കാതെ അവൾ ആ ഹോസ്റ്റൽ മുറിയിലെ മെത്തയിലേക്കു ഒരു സ്വപ്നത്തെ പുൽകി പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുന്നത് അയാൾ ഫോണിലൂടെ നോക്കി ഇരുന്നു .

അപ്പോൾ അവന്റെ മനസ്സ് അവളുടെ അടുത്തൊന്നെത്താൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു ….. അവളുടെ ചുണ്ടുകൾ അപ്പോളും അവരു കണ്ടിരുന്ന സ്വപ്നങ്ങളെ കുറിച്ച് പിറുപിറുക്കുന്നുമുണ്ടായിരുന്നു …..

രചന: നിവിയ റോയ്

Leave a Reply

Your email address will not be published. Required fields are marked *