നമ്മുടെ സ്നേഹത്തിൻ്റെ ആഴം, ആ സ്നേഹം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ എന്നോട് സത്യം മാത്രമേ പറയൂ…

Uncategorized

രചന: സന്തോഷ് അപ്പുക്കുട്ടൻ

പകൽ ഒരിത്തിരി നിൻ്റെ പെങ്ങളുമായി സല്ലപിച്ച്, രാത്രിയായാൽ കുടിച്ചു ഓവറായി ജാനകിയുടെ വീട്ടിലേക്ക് പോകുന്നതാണ് വിവേകിൻ്റെ ഇപ്പോഴത്തെ പതിവ്…

നിരയായി വെച്ചിരിക്കുന്ന ഗ്ലാസിലേക്ക് മദ്യം തുളുമ്പാതെ ഒഴിക്കുന്നതിനിടയിൽ മുഖം ഉയർത്താതെ അരുൺ പറഞ്ഞപ്പോൾ വിഷ്ണുവിൻ്റെ മനസ്സിൽ സംശയത്തിൻ്റെ നുരകളുയർന്നു.

“ജാനകീ?”

വിഷ്ണു സംശയം നിറഞ്ഞ ചോദ്യത്തോടെ ഫ്രണ്ട്സുകളെ നോക്കിയപ്പോൾ, നിറച്ച ഗ്ലാസുകൾ കൈയിലെടുത്ത് അവർ പരസ്പരം നോക്കി ചിരിക്കുകയായിരുന്നു ചെയ്തത്.

“ആരാണ് ജാനകി?”

ഫ്രണ്ട്സുകൾക്കിടയിൽ നിന്ന് ഉത്തരമില്ലെന്നു കണ്ട വിഷ്ണുവിൻ്റെ ശബ്ദത്തിന് കനം വെച്ചിരുന്നു.

“നീ ഇത് ആദ്യം ചിയേർസ് പറഞ്ഞ് അങ്ങോട്ടേക്ക് പിടിപ്പിക്ക്… കഥകളൊക്കെ അതിനു ശേഷമാകാം”

അവനു നേരെ മദ്യഗ്ലാസ് നീട്ടി മനോജ് പറഞ്ഞപ്പോൾ വിഷ്ണു നിഷേധാർത്ഥത്തിൽ തലയാട്ടി.

“അറിയാനുള്ളത് ഇവൻ ആരെങ്കിലും പറഞ്ഞ് അറിയും… അതിനെക്കാൾ നല്ലത് നമ്മൾ പറയുന്നതാണ്”

അരുൺ, മനോജിനെ നോക്കി പറഞ്ഞപ്പോൾ ശരിയാണെന്ന അർത്ഥത്തിൽ അവൻ തലയാട്ടി.

“നീ കുവൈറ്റിലേക്ക് പോയ ഈ രണ്ടു വർഷത്തിനിടയ്ക്ക് എന്തെല്ലാം മാറ്റങ്ങൾ നമ്മുടെ ഗ്രാമത്തിൽ സംഭവിച്ചു…. അതിലൊന്നാണ് ജാനകിയുടെ വരവ്”

അരുൺ പറയുന്നതും കേട്ട് മിടിക്കുന്ന ഹൃദയത്തോടെ വിഷ്ണു ഇരുന്നു.

പാടത്ത് നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിൽ പോലും ദേഹം പൊള്ളുന്നതു പോലെ അവനു തോന്നി.

“ഇനി ആദ്യം ചിയേർസ് പറയ്….ബാക്കി കഥകളൊക്കെ പിന്നെ”

അതും പറഞ്ഞ് മനോജ് മദ്യഗ്ലാസ് അവനു നേരെ നീട്ടിയതും. അരുൺ മനോജിനെ അനുകൂലിച്ചു.

“അതാ അതിൻ്റെ ശരി വിഷ്ണു… നീ ഒപ്പമില്ലാതിരുന്ന രണ്ടു വർഷത്തെ സങ്കടം മാറ്റാൻ വേണ്ടിട്ടാ നിന്നെ ഞങ്ങൾ ഈ പാടവരമ്പത്തു കാത്തിരുന്നത്. അതിനിടക്ക് മറ്റൊരു ശോകം…. അത് ശരിയാവൂല വിഷ്ണു”

അരുണിൻ്റെ സംസാരം കേട്ടതും വിഷ്ണു അവനിൽ നിന്നു മനസ്സില്ലാ മനസ്സോടെ മദ്യഗ്ലാസ് വാങ്ങി ചിയേർസ് പറഞ്ഞു.

“ഇനി പറ ആരാണ് ജാനകി? ഒന്നും ഒളിക്കാതെ എന്നോടു പറയണം… രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ലീവിനു വന്ന ഞാൻ, വീട്ടിൽ കൂടി പോകാതെ നേരെ ഇങ്ങോട്ടേക്കാണ് വന്നത്… അതാണ് നമ്മുടെ സ്നേഹത്തിൻ്റെ ആഴം… ആ സ്നേഹം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ എന്നോട് സത്യം മാത്രമേ പറയൂ”

പറഞ്ഞു തീർന്നതും, മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി അവൻ.

അരുണും, മനോജും അവൻ കുടിക്കുന്നത് കണ്ട് അന്ധാളിപ്പോടെ പരസ്പരം നോക്കി.

മദ്യം പോകുന്ന വഴികളിൽ കത്തിയെരിയുന്നതു പോലെ തോന്നിയപ്പോൾ, നെഞ്ചിൽ തടവികൊണ്ട് വിഷ്ണു സ്നേഹിതരെ നോക്കി, പറയാനുള്ളത് കേൾക്കാനെന്നവണ്ണം.

“ദൂരെ ഏതോ ഗ്രാമത്തിൽ നിന്ന് ഒരു ആറു മാസം മുമ്പാണ് ജാനകി ഇവിടെ വന്ന്, നെയ്ത്ത് ശാലയുടെ അടുത്തുള്ള വർക്കിച്ചൻ മുതലാളിയുടെ ഒഴിഞ്ഞുകിടക്കുന്ന ആ വീട്ടിൽ താമസമാരംഭിച്ചത്?”

മദ്യം നുകർന്നു കൊണ്ട് പറയുന്ന അരുണിനെ, നെഞ്ചിടിപ്പോടെ സാകൂതം നോക്കി ഇരുന്നു വിഷ്ണു.

“എൻ്റെ പെങ്ങൾ ജീവയെക്കാൾ സുന്ദരിയാണോ ഈ ജാനകി?”

മനസ്സിടറി വിഷ്ണു ചോദിച്ചപ്പോൾ അരുൺ ഒരു ചിരിയോടെ അവനെ നോക്കി.

“സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ജീവയുടെ ഏഴ് അയലത്ത് നിൽക്കില്ല ജാനകി…. പ്രായത്തിൻ്റെ കാര്യത്തിലാണെങ്കിൽ ജീവയുടെ മൂന്നിരട്ടിയോളം വരും ജാനകിക്ക്”

അരുൺ പറഞ്ഞ് തീർന്നപ്പോൾ ശ്വാസമെടുക്കാൻ മറന്നു നിന്നു വിഷ്ണു.

“നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല അരുൺ

ഗ്ലാസിലേക്ക് മദ്യം പകർത്തി ഭ്രാന്താവസ്ഥയോടെ വിഷ്ണു പുലമ്പി.

“ജാനകി ആളൊരു പോക്ക് കേസ്സാ.. ഓസിക്ക് കാര്യം നടക്കാനാ വർക്കിച്ചൻ മുതലാളി അവിടെ താമസിപ്പിച്ചിരിക്കുന്നത്”

അരുൺ പറഞ്ഞപ്പോൾ, അലറുന്ന കടൽ പോലെ ആയി തീർന്നു വിഷ്ണുവിൻ്റെ മനസ്സ്.

“അവൻ എങ്ങിനെ ആ പെണ്ണുമായി കണക്ഷനിലായി?”

വിഷ്ണുവിൻ്റെ ചോദ്യം കേട്ടതും അവർ കുറ്റബോധത്തോടെ തല കുമ്പിട്ടിരുന്നു.

“ഞങ്ങൾക്ക് പറ്റിയ ഒരു മിസ്റ്റേക്ക് ആയിരുന്നു അത്. കുടിച്ച് കിണ്ടിയായപ്പോൾ ഞങ്ങളാണ് അവനെയും വിളിച്ച് അവരുടെ അടുത്തേക്ക് പോയത്?”

ഒരു നിമിഷത്തിനുശേഷം അരുൺ തല ഉയർത്തി നഷ്ടബോധത്തോടെ വിഷ്ണുവിനെ നോക്കി.

“ഇപ്പോൾ ഞങ്ങൾ ഔട്ട്. അവൻ എപ്പോഴും അവിടെ സുഖവാസം. കഴിപ്പും കിടപ്പും അവിടെ തന്നെ. ചോദിക്കാനും ശാസിക്കാനും അവൻ്റെ വേണ്ടപ്പെട്ടവർ ഈ ഭൂമുഖത്ത് ഇല്ലല്ലോ?”

അവർ പറയുന്നതൊന്നും വിഷ്ണു കേൾക്കുന്നുണ്ടായിരുന്നില്ല……

അവൻ്റെ മനസ്സിലപ്പോൾ അനിയത്തി ജീവയുടെ മുഖമായിരുന്നു….

വിഷ്ണുവിൻ്റെ കൂടെ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു വിവേക് ആദ്യമായി ജീവയെ കാണുന്നത്.

അതൊരു പ്രണയമായി മാറിയത് വിഷ്ണു പോലും അറിയാതെയാണ്….

അല്ലെങ്കിലും, വഴിയരികിൽ പൂവാലൻമാർ ശല്യപ്പെടുത്തിയത് എന്നും വന്നു പറയാറുള്ള അവളുടെ മനസ്സിൽ ഇങ്ങിനെയൊരു ചിന്ത ഉടലെടുക്കുമെന്ന് സ്വപ്നത്തിൽ പോലും വിഷ്ണു വിചാരിച്ചിരുന്നില്ല.

കളിയാക്കിയവർക്ക് നന്നായി കൊടുത്തില്ലേ എന്ന് അവൾ ആവേശത്തോടെ ചോദിക്കുമ്പോൾ, അവളൊരു പുരുഷവിദ്വേഷി ആണോയെന്ന് പോലും അവൻ സംശയിച്ചിട്ടുണ്ട്.

അങ്ങിനെയുള്ള ഒരുത്തി പ്രണയത്തിൽ ചാടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല….

അറിഞ്ഞപ്പോൾ എതിർക്കാനും പോയില്ല…

അവൻ്റെ പൈസയും, സമ്പത്തും കണ്ട് പെങ്ങളെ കൂട്ടികൊടുക്കുകയാണെന്ന് പലരും രഹസ്യമായി പറയുന്നുണ്ടെന്ന് കേട്ടപ്പോൾ പോലും വിഷമം തോന്നിയില്ല….

കാരണം കുട്ടികാലം തൊട്ടേ അവനെ അറിയുന്നതാണ്…..

പെട്ടെന്ന് കോപം വരുമെങ്കിലും ആ മനസ്സ് നിറയെ നന്മകളാണെന്ന് അറിയാമായിരുന്നു.

പക്ഷേ ഇപ്പോൾ അവനെ പറ്റി കേൾക്കുന്നത്?

തെറ്റ് പറ്റിയത് തനിക്ക് ആണോ, ജീവയ്ക്ക് ആണോ എന്ന സംശയത്തിലുഴറി നടന്നു വിഷ്ണു.

“ഈ കാര്യങ്ങളൊക്കെ ജീവക്ക് അറിയുമോ?”

സംശയത്തിൻ്റെ തീപൊരി മനസ്സിൽ കത്തി പടർന്നു തുടങ്ങിയ നിമിഷത്തിൽ വിഷ്ണു അവരെ നോക്കി.

“അതറിയില്ല വിഷ്ണൂ… പക്ഷെ ഈ നാട്ടുകാർക്ക് കാര്യങ്ങളൊക്കെ അറിയാം”

അരുണിൻ്റെ മറുപടി കേട്ടപ്പോൾ, വിഷ്ണുവിൻ്റെ മനസ്സിൽ പിന്നെ ചോദ്യങ്ങളുയർന്നില്ല….

നിശബ്ദമായ നിമിഷങ്ങൾക്ക് ഒടുവിൽ മദ്യകുപ്പി കാലിയായപ്പോൾ വിഷ്ണു പതിയെ എഴുന്നേറ്റു, ഇടറുന്ന പാദങ്ങളോടെ കാറിനടുത്തേക്ക് നടന്നതും, എന്തോ തീരുമാനിച്ചതു പോലെ ഒന്നു പിൻതിരിഞ്ഞു.

“നിങ്ങളും വാ…. വർക്കിച്ചൻ മുതലാളിയുടെ അടുത്തേക്ക് ഒന്നു പോണം.ഇന്നത്തോടെ എല്ലാം തീർത്ത് ആ പെഴച്ച പെണ്ണിനെ ഈ നാട് കടത്തണം”

വിഷ്ണു വിളിച്ചതും, അവർ ആടിയാടി കാറിലേക്ക് കയറിയതും, ഡ്രൈവർ അനിഷ്ടത്തോടെ തല ചൊറിഞ്ഞു കൊണ്ട് കാർ മുന്നോട്ടു എടുത്തു.

കുറച്ചു മുന്നോട്ടു കാർ ഓടിയതും, എതിരെ കുട ചൂടി വരുന്നവരെ അരുൺ ചൂണ്ടി കാണിച്ചു.

“ഞങ്ങൾ പറഞ്ഞതിൽ സംശയമുണ്ടെങ്കിൽ ദാ നോക്ക് വിവേകും ജാനകിയും, ഒരു കുടക്കീഴിലൂടെ വരുന്നത്”

അരുൺ പറഞ്ഞത് കേട്ടപ്പോൾ, വിഷ്ണു കാർ സൈഡിലാക്കി നിർത്താൻ ഡ്രൈവറോട് ആവശ്യപെട്ടു.

കാറിൻ്റെ ഗ്ലാസും കയറ്റി ഇരുന്ന അവർക്കരികിലൂടെ വിവേകും ജാനകിയും എന്തോ തമാശ പറഞ്ഞ് ചിരിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ വിഷ്ണു കാറിൽ നിന്നിറങ്ങാൻ തുടങ്ങിയതും അരുണും, മനോജും അരുതേ എന്നർത്ഥത്തിൽ അവനെ പിടിച്ചു.

കണ്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ പല്ലുകടിച്ച് വിഷ്ണു സീറ്റിൽ ചാരി കിടക്കുമ്പോൾ അരുൺ പറഞ്ഞ വഴികളിലൂടെ ഓടി, വർക്കിച്ചൻ മുതലാളിയുടെ കൊട്ടാരം പോലുള്ള വീടിൻ്റെ വിശാലമായ പോർച്ചിൽ കാർ ഒരിരമ്പലോടെ നിന്നു.

ആരൊക്കെയോ കാറിൽ നിന്നിറങ്ങുന്നത് കണ്ടു ഭയന്ന് അകത്തേക്ക് കയറാനൊരുങ്ങിയ അയാളെ അരുൺ വിളിച്ചു.

അരുണിനെ കണ്ടതും, ഒരു ചമ്മിയ ചിരിയോടെ അയാൾ അവർക്ക് അടുത്തേക്ക് തിരിച്ചു വന്നു.

“ഞാൻ വിചാരിച്ചു വിവേകിൻ്റെ ഗുണ്ടാ ചങ്ങാതികളാണെന്ന് … അവനും ജാനകിയും എന്നെ എടുക്കുമെന്ന് ഇത്തിരി മുന്നേ ഭീഷണി പെടുത്തി ഇവിടുന്നു പോയിട്ടുള്ളൂ”

വർക്കിച്ചൻ മുതലാളിയുടെ സംസാരം കേട്ടപ്പോൾ ഒരു ഞെട്ടലോടെ വിഷ്ണു, അരുണിനെ നോക്കി.

“മക്കളോട് ആയതു കൊണ്ട് ഞാൻ സത്യം പറയാം. പെണ്ണുങ്ങൾ എനിക്ക് വീക്ക്നെസ്സാ… പ്രായമായതുകൊണ്ട് ഓടി നടന്നു പെണ്ണുപിടിക്കാൻ എനിക്ക് പറ്റുന്നില്ലപ്പോൾ. മനസ്സ് എത്തുന്നിടത്തേക്ക് ശരീരമെത്തുന്നില്ല…. അതു കൊണ്ടാണ് മനസ്സിനിഷ്ടപ്പെട്ട ഒന്നിനെ ശരീരമെത്തുന്നിടത്തേക്ക് കൊണ്ടുവന്നു താമസിപ്പിച്ചത്”

അയാൾ തൻ്റെ നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലൂടെ തടവികൊണ്ട് അവരെ നോക്കി ഒരു വരണ്ട ചിരിയുതിർത്തു.

“ഇപ്പോൾ ഞാൻ കൊണ്ടുവന്ന് എൻ്റെ വീട്ടിൽ താമസിപ്പിച്ച ജാനകി, അവിടേയ്ക്ക് എന്നെ കടത്തുന്നില്ല. കാരണം പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്. നിങ്ങളുടെ ചങ്ങായി അവിടെ കുടിയേറി പാർത്തതു കൊണ്ടാണ് നമ്മളെ തഴഞ്ഞതെന്ന്”

വർക്കിച്ചൻ മുതലാളിയുടെ ദുർബലമായ സംസാരം കേട്ടതും ഇനിയൊന്നും പറയാനില്ലാത്ത പോലെ വിഷ്ണു കൂട്ടുകാരെ നോക്കി.

വിവേകിൻ്റെ നിഴൽ കണ്ടാൽ പോലും പ്രാണഭീതിയോടെ ഓടുന്ന ഇയാൾക്ക് ഇതിൽ ഒരു പരിഹാരവും കണ്ടെത്താൻ കഴിയില്ലെന്ന നിരാശ നിറഞ്ഞ ചിന്തയോടെ വിഷ്ണു കാറിനടുത്തേക്ക് നീങ്ങി.

വീട്ടിലേക്ക് മടങ്ങുമ്പോൾ വിഷ്ണുവിൻ്റെ മനസ്സിൽ അസ്വസ്ഥതയുടെ വേലിയേറ്റമുയർന്നു തുടങ്ങി.

കൂട്ടുകാരെ അടുത്ത കവലയിൽ ഇറക്കി യാത്ര തുടർന്ന അവൻ മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ തലയിളക്കി.

“ഇനി മുതൽ നീ വിവേകിനെ കാണാൻ പാടില്ല”

വീടിൻ്റെ പോർച്ചിൽ കാർ വന്നു നിന്നതു കണ്ടപ്പോൾ ചേട്ടനെ സ്വീകരിക്കാൻ വേണ്ടി ചാടിയിറങ്ങിയ ജീവ, അപ്രതീക്ഷിതമായ ആ വാക്ക് കേട്ടപ്പോൾ ഒരു നിമിഷം സ്തബ്ധയായി.

കുറച്ചു നേരം വിഷ്ണുവിനെ അവിശ്വസനീയതയോടെ നോക്കി നിന്ന ശേഷം, അവൾ പതിയെ അവനരികിലേക്ക് നടന്നു.

“രണ്ടു വർഷത്തിനു ശേഷം വന്നത് ഈ ഒരു തമാശ പറയാനാണോ?”

അവളുടെ ചോദ്യം കേട്ടതും.അവൻ പൊട്ടിത്തെറിച്ചു.

“ഞാൻ പറയുന്നത് നീ കേട്ടാൽ മതി … അത് കാര്യമായാലും, തമാശയായാലും”

കാറിൻ്റെ ഡ്രൈവർക്ക് വാടക കൊടുക്കുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കാതെയാണ് വിഷ്ണു അങ്ങിനെ പറഞ്ഞത്.

“കണ്ട മാത്രയിൽ തന്നെ തല്ലുകൂടാൻ കാത്തിരിക്കായിരുന്നോ രണ്ടു പേരും ?”

മക്കളുടെ സംസാരം കേട്ട് ഭാര്യയോടൊപ്പം പുറത്തിറങ്ങിയ വിശ്വൻ ചോദിച്ചപ്പോൾ, വിഷ്ണു ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘കൂട്ടുകാരോടൊപ്പം കൂടിയിട്ടാണല്ലോ മോൻ ഇങ്ങോട്ടേക്ക് വന്നത്?”

അവൻ്റെ നിറം മങ്ങിയ പുഞ്ചിരി കണ്ടതും, അമ്മ രാധ പരിഭവത്തോടെ ചോദിച്ചു.

ഡ്രൈവറെ പൈസ കൊടുത്ത് പറഞ്ഞയച്ച്, അമ്മയോടും, അച്ഛനോടും കുറച്ചു സംസാരിച്ച് അവൻ ജീവയുടെ മുറിയിലേക്ക് കടന്നു.

കാൻവാസിൽ ചിത്രം പകർത്തുന്ന ജീവയുടെ പിന്നിലായ് അവൻ ചെന്നു നിന്നെങ്കിലും, ആ സാന്നിദ്ധ്യം അവളറിഞ്ഞിരുന്നില്ല.

രണ്ട് വർഷത്തോളം ഗൾഫിൽ നിന്നിട്ട് വന്ന തന്നോടു അധികം സംസാരിക്കാൻ നിൽക്കാതെ, ഇവൾ ഇത്രയും സീരിയസായി വരക്കുന്നതെന്താണെന്ന് നോക്കിയതും, അവൻ്റെ പെരുവിരലിലൂടെ ദേഷ്യം കുതിച്ച് ഉച്ചിയിലെത്തി.

പൊടിമീശക്കാരനായ വിവേകിൻ്റെ, മീശ കറുപ്പിക്കുകയായിരുന്നു അവൾ.

“ഇത്രയും പറഞ്ഞിട്ട് ഒന്നും മനസ്സിലായില്ലേ ജീവാ?”

വിഷ്ണുവിൻ്റെ ശബ്ദം കേട്ടതും അവൾ പുഞ്ചിരിയോടെ തിരിഞ്ഞു.

“ചേട്ടൻ പറഞ്ഞത് ഞാൻ കേട്ടു. പക്ഷേ കാര്യമെന്തെന്ന് അറിയാതെ ഞാൻ എന്തു മനസ്സിലാക്കാനാണ് ചേട്ടാ?”

അവളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ അവൻ ചുറ്റും നോക്കിയപ്പോൾ കണ്ടത്.ചുമരിൽ നിറയെ പതിപ്പിച്ചിട്ടുള്ള വിവേകിൻ്റെ ചിത്രങ്ങളായിരുന്നു.

“നിനക്ക് മുഴുത്ത ഭ്രാന്താണെടീ”

ചുമരിലെ ചിത്രത്തിൽ നിന്ന് കണ്ണെടുത്ത് അവൻ അവളെ പുച്ഛത്തോടെ നോക്കി.

“പാതിയാകാൻ പോകുന്നവൻ്റെ പടം വരയ്ക്കുന്നത് ഭ്രാന്താണെങ്കിൽ എനിക്കു മുഴുത്ത ഭ്രാന്താ…. അവനോടുള്ള ഭ്രാന്തമായ സ്നേഹം കൊണ്ട് ഞാൻ ചിലപ്പോൾ ഈ ചായകൂട്ടിൽ കിടന്ന് ഉരുണ്ടെന്ന് വരും”

ചിരിയോടെ അവൾ അത് പറഞ്ഞു കൊണ്ട് അവൻ്റെ തോളിൽ പിടിച്ചു.

“നീ കാണിക്കുന്ന സ്നേഹം അവന് നിന്നോടില്ലെങ്കിലോ?’

വിഷ്ണു ചോദിച്ചപ്പോൾ അവൾ, അവൻ്റെ കഴുത്തിൽ പിടിച്ചു.

“ഇല്ലെങ്കിൽ ഞാനവനെ ഇതുപോലെ പിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലും. ചേട്ടൻ കാര്യം പറ”

വിഷ്ണു ഒരു നിമിഷം മൗനം പൂണ്ടതിനു ശേഷം, കൂട്ടുകാർ പറഞ്ഞ കാര്യങ്ങൾ അവളോടു തുറന്നു പറഞ്ഞു.

ഒരു നിമിഷം അവൾ അവനെ നോക്കി നിന്ന ശേഷം, ഒന്നും സംസാരിക്കാതെ തുറന്നിട്ട ജാലകത്തിനരികിലേക്ക് നടന്നു.

നേരത്തെ വന്നു പോയ മഴയുടെ ഓർമ്മ പുതുക്കി കൊണ്ട് മരങ്ങൾ പെയ്തു തോരുന്നത് അവൾ നോക്കി നിന്നു.

“നീ വിഷമിക്കണ്ട. അവൻ്റെ അത്രയ്ക്ക് സ്വത്തില്ലെങ്കിലും അവനെക്കാളും നല്ലൊരു ചെക്കനെ പിടിച്ചു തരും നിനക്ക് ഞാൻ”

വിഷ്ണുവിൻ്റെ സംസാരം കേട്ടതും അവൾ പുഞ്ചിരിയോടെ തിരിഞ്ഞപ്പോൾ, മിഴികളിൽ നിന്ന് രണ്ടിറ്റ് നീർ നിലത്തേക്ക് പിടഞ്ഞു വീണു.

“ആരെ കൊണ്ടു വന്നാലും അത് വിവേക് ആകില്ലല്ലോ?”

ജീവയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി വിഷ്ണു നിന്നപ്പോൾ അവൾ ആ കൈ പിടിച്ചു.

“ആരു പറഞ്ഞാലും വിവേകിനെ എനിക്ക് അവിശ്വസിക്കാൻ കഴിയില്ല… എൻ്റെ കൺമുന്നിൽ കാണുന്നതു വരെ”

ദൃഢമാണ് അവളുടെ സ്വരമെന്നറിഞ്ഞ അവൻ തിരിച്ചു നടക്കാനൊരുങ്ങിയതും പൊടുന്നനെ അവൻ്റെ കൈ പിടിച്ചു ജീവ.

“കൂട്ടുകാർ പറഞ്ഞ ആ സ്ത്രീയെ ചേട്ടൻ കണ്ടിട്ടുണ്ടോ?”

അവളുടെ ചോദ്യത്തിന് ഉത്തരമായി അവൻ പതിയെ തലയാട്ടിയപ്പോൾ, അവൾ എന്തോ ഓർത്ത് ഓടി ചെന്ന് പൊതിഞ്ഞുവെച്ചിരുന്ന ഒരു ചിത്രമെടുത്ത് അവൻ്റെ അരികത്തേക്ക് മടങ്ങിവന്നു..

പൊതിഞ്ഞിരുന്ന ന്യൂസ് പേപ്പർ മാറ്റിയപ്പോൾ, ഫ്രെയിം ചെയ്ത ഫോട്ടോ തെളിഞ്ഞതും, വിഷ്ണു അവിശ്വസനീയതയോടെ അവളെ നോക്കി.

വീണ്ടും വിവേകും ആ സ്ത്രീയുമുള്ള ഫോട്ടോയിലേക്ക് അവൻ കുറച്ചു നേരം നോക്കി നിന്നു.

“ഇതു തന്നെയാണ് ആ സ്ത്രീ. ഇത്രയും സാമ്യത്തോടെ വരയ്ക്കാൻ ആ സ്ത്രീയെ നീ കണ്ടിട്ടുണ്ടോ?”

വിഷ്ണു ചോദിച്ചതും അവൾ ഒന്നു പുഞ്ചിരിച്ചു. കാർമേഘങ്ങൾ ഒഴിഞ്ഞ വാനം പോലെ അവളുടെ മുഖവും തെളിഞ്ഞു.

“ഞാൻ കണ്ടിട്ടില്ല ഈ സ്ത്രീയെ…. വിവേക് പറഞ്ഞ് തന്നത് വെച്ച് വരച്ചതാണ് ഈ ചിത്രം… വിവേക് അറിയാതെ”

അവൾ ആ ഫോട്ടോ ടേബിളിൽ വെച്ച് അതിലേക്ക് തന്നെ നോക്കി നിന്നു.

“ഇത്രയ്ക്കും കൃത്യമായി ഓരോ ഭാഗവും അവൻ പറഞ്ഞു തരണമെങ്കിൽ അവൻ ആ സ്ത്രീയിൽ കാണുന്നത് സഹോദരിയെ ആകില്ല”

അവൾ പറഞ്ഞപ്പോൾ, അവളുടെ സംസാരത്തിലെ ഉദേശ്യം എന്താണെന്നറിയാതെ അവൻ തലയാട്ടി.

“കാമുകിയെയും, ഭാര്യയെയും ആകില്ല…. അതൊരു പക്ഷേ കുട്ടികാലത്ത് നഷ്ടമായ അവൻ്റെ അമ്മയെ ആയി കൂടെ ?”

അവളുടെ ചോദ്യം കേട്ടതും വിഷ്ണുവിൻ്റെ ചുണ്ടിൽ ഒരു പരിഹാസചിരിയുതിർന്നു.

“ഇപ്പോൾ ചേട്ടൻ്റെ ചുണ്ടിൽ വിരിഞ്ഞ പരിഹാസമുണ്ടല്ലോ? സ്വന്തം അമ്മയെയും സഹോദരിയെയും സ്വന്തക്കാരായ സ്ത്രീകളെയും ഒഴിച്ച് മറ്റുള്ള സ്ത്രീകളെ സ്വന്തമായി കാണാനുള്ള ചെറിയൊരു വിമുഖതയാണ് ആ ചിരിയിൽ ഒളിച്ചിരിക്കുന്നത്…. പ്രത്യേകിച്ച് അതൊരു ഗതികേട് കൊണ്ടു മാനം വിറ്റ സ്ത്രീയാണെങ്കിൽ!”

മുഖത്തടിച്ചതു പോലെ അവളത് പറഞ്ഞപ്പോൾ വിഷ്ണുവിന് തൊലിയുരിയുന്നത് പോലെ തോന്നി.

“എല്ലാ കഥകളും വിവേക് എന്നോടു പറഞ്ഞിട്ടുണ്ട് ചേട്ടാ … ഒരിക്കൽ കുടിച്ചു ബോധം കെട്ടപ്പോൾ, അരുണും മനോജും കൂടി അവിടേയ്ക്ക് കൊണ്ടുപോയതടക്കം”

വിഷ്ണു അവൾ പറയുന്നത് അവിശ്വസനീയതയോടെ കേട്ടു നിന്നു.

“ഒരിക്കലെങ്കിലും കണ്ടതായി ഓർമ്മയില്ലാത്ത അമ്മയുടെ മുഖമാണ് ആ സ്ത്രീയിൽ കാണുന്നതെന്ന് പറയുമ്പോൾ അവൻ്റെ മുഖത്ത് തെളിഞ്ഞ സന്തോഷം…. അത്രയ്ക്കും സന്തോഷം ഞാൻ ഒരിക്കലും അവനിൽ കണ്ടിട്ടില്ല”

പറഞ്ഞു തുടങ്ങുമ്പോഴേക്കും അവളുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു.

“എൻ്റെ സമ്മതം കിട്ടിയിട്ടാണ് അവൻ അങ്ങോട്ടേക്ക് പോയി കൊണ്ടിരുന്നത്…. കാരണം അവൻ്റെ സന്തോഷമാണ് എനിക്ക് വലുത്”

അവൾ പരിഹാസത്തോടെ വിഷ്ണുവിനെ നോക്കി.

“നിങ്ങൾ വിവേകുമായി കൂട്ടികെട്ടിയത് ജാനകിയമ്മയെ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല”

ഒന്നും ചോദിക്കണ്ടായിരുന്നു എന്ന ചിന്തയോടെ വിഷ്ണു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ, ആ കൈ പിടിച്ചു ജീവ.

“നാളെ ജാനകിയമ്മയുടെ പിറന്നാൾ ആണ്. ഒരു പിറന്നാളും ഇതു വരെ ആലോഷിച്ചിട്ടുണ്ടാവില്ല ആ പാവം! അതു കൊണ്ട് ഞാനും, വിവേകും അത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്… ഈ ഫോട്ടോയുമായി ഞാൻ പോകുന്നുണ്ട് അവിടേക്ക് … ചേട്ടനും വരണം ”

വിഷ്ണു അവളെ നോക്കി പുഞ്ചിരിയോടെ തലയാട്ടി.

“പിന്നെ അരുണിനെയും, മനോജിനെയും വിളിക്കണ്ട അവരെ ഇനി ഒരിക്കലും ഫ്രണ്ട്സ് ആയി കാണാനാവില്ലായെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത് ”

ജീവ പറഞ്ഞതും അമ്പരപ്പോടെ വിഷ്ണു അവളെ നോക്കിയപ്പോൾ, അവൾ അവനെ കൂർപ്പിച്ചു നോക്കി.

“സ്വന്തം സ്നേഹിതനെ ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ വരണമെന്നില്ല”

അവളത് പറഞ്ഞപ്പോൾ ഒരു ചിരിയോടെ ചെന്നവൻ അവളുടെ താടിയുയർത്തി.

“നിനക്ക് അത്രയ്ക്കും വിശ്വാസമാണോ അവനെ?”

വിഷ്ണുവിൻ്റെ ചോദ്യം കേട്ടതും, വാത്സല്യത്തോടെ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ.

“എൻ്റെ ഗന്ധമല്ലാതെ, മറ്റൊരു പെണ്ണിൻ്റെ ഗന്ധം, മറ്റൊരു അർത്ഥത്തിൽ ആ ശരീരത്തിൽ പതിഞ്ഞാൽ അന്ന് അവസാനിച്ചിരിക്കും വിവേക് എന്ന് കണ്ണിൽ നോക്കി ചങ്കൂറ്റത്തോടെ പറയുമ്പോൾ ഞാൻ എന്താണ് ചെയ്യുക?”

“ചങ്കൂറ്റത്തോടെ പറയുന്ന പുരുഷനെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആരെ വിശ്വസിക്കാനാണ്?”

കൊഞ്ചലോടെ പറഞ്ഞു ചിരിക്കുന്ന അവളുടെ മുഖം ഉയർത്താൻ ശ്രമിച്ചതും, അവൾ അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു മന്ത്രിക്കുന്നുണ്ടായിരുന്നു.

‘വിവേകിന് അവനെക്കാളും ഇഷ്ടം എന്നെയാണെന്ന്… അതിലേറെ ഇഷ്ടം ജാനകിയമ്മയെ ആണെന്ന്”

ആ വാചകം കേട്ടപ്പോൾ വിഷ്ണുവിൻ്റെ മനസ്സിൽ വല്ലാത്തൊരു നഷ്ടബോധമുയർന്നു.

ഇത്രയും വർഷം ഒരുമിച്ച് തോളിൽ കൈയിട്ടു നടന്നിട്ടും, താൻ കാണാത്ത അവൻ്റെ നന്മകൾ ഇവൾ എത്ര പെട്ടെന്നാണ് കണ്ടെത്തിയതെന്ന അത്ഭുതത്തിൽ വിഷ്ണു നിൽക്കുമ്പോൾ, അവനിൽ നിന്ന് പിടി വിട്ട് വിവേകിൻ്റെ അടുത്ത ചിത്രം വരയ്ക്കാൻ ഓടുകയായിരുന്നു ജീവ! ശുഭം ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ… സ്വന്തം ചെറുകഥകൾ ഈ പേജിലൂടെ വായനക്കാരിലെത്തിക്കാൻ പേജിലേക്ക് മെസേജ് അയക്കൂ….

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *