പർച്ചേസ് കാര്യങ്ങളുമായി വളരെ തിരക്കേറിയ സമയം…

Uncategorized

രചന: Jisha George Shajan

ഒരേ ഒരു കൂട്ട്

ജാസ് തനിക്ക് കിട്ടിയ വിൻഡോ സീറ്റിൽ ഒന്ന് അമർന്നിരുന്നു, ദീർഘ ദൂര യാത്രയിൽ അവൾ വളരെ ക്ഷീണിത ആയിരുന്നു, പക്ഷേ ആ വിൻഡോ സീറ്റ് അവളെ വളരെ ഏറെ സന്തോഷിപ്പിച്ചു.

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളു, വീടിന് അടുത്തു അവൾ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്ന് ഇപ്പോൾ ആണ് റിലീവിങ് ഓർഡർ കിട്ടിയത്, അതുകൊണ്ട് യാത്ര തനിച്ചായി.

അലസമായി കിടന്ന മുടി ഒതുക്കി ഇടാൻ അവൾക്ക് എന്തുകൊണ്ടോ നല്ല മടി തോന്നി, അതെങ്കിലും സ്വാതന്ത്ര്യം അറിഞ്ഞു പാറി പറക്കട്ടെ അവൾ കരുതി.

പുറത്ത് നിന്ന് വീശിയടിച്ച കുളിർ കാറ്റ് അവളുടെ മനസിലും ചെറിയ കുളിർമ പരത്തി.

Excuse me…………. ശാന്തമായ ആ സ്വരം കേട്ട് അവൾ മെല്ലെ തിരിഞ്ഞു നോക്കി,

ബസ്സിൽ സാമാന്യത്തിൽ അധികം തിരക്കാണ്, തന്റെ സീറ്റിനോട് ചേർന്ന് ഒരു ചെറുപ്പക്കാരൻ പിടിച്ചു നിൽക്കാൻ വല്ലാതെ പാടുപെടുന്നു,

കാരണം അവന്റെ ഒരു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു, അടുത്ത കൈയിൽ ഒരു ബാഗും.

ജാസ് ചോദിച്ചു എന്താ, താങ്കൾക്ക് ഇരിക്കണോ ??

അതല്ല ന്റെ ബാഗ്…… അയാൾ വിക്കി വിക്കി ചോദിച്ചു,

ഓ…..അതിനെന്താ ഇങ്ങ് തന്നോളൂ, ആ ബാഗ് വാങ്ങി അവൾ മടിയിൽ വെച്ചു, പിന്നീട് അത്‌ അവൾ അറിയാതെ തന്നെ അവളുടെ നെഞ്ചോട്‌ ചേർത്ത് വെച്ചു……ചെറുപ്പം മുതൽ ഉള്ള ശീലം.. എന്ത് കിട്ടിയാലും അത്‌ നെഞ്ച് മറച്ചു ചേർത്ത് പിടിക്കുന്നത്….

പിന്നീട് അവൾ പഴയ ഇരുപ്പ് തുടർന്നു, ഇടക്ക് കണ്ടക്ടർ വന്ന് ടിക്കറ്റ് ചോദിച്ചപ്പോൾ അവളുടെ നോട്ടം അവനിൽ പതിഞ്ഞു..

എണ്ണ കറുപ്പ്, അലസമായ മുടി, കട്ടിമീശ ഒരു സാധാരണ മിഡിൽ ക്ലാസ്സ്‌ ചെറുപ്പക്കാരൻ ആണെന്ന് വ്യക്തം, അയാൾ പെട്ടെന്ന് അവളെ നോക്കി പുഞ്ചിരിച്ചു,

ആ മനോഹരമായ പുഞ്ചിരി, അയാളുടെ തിളക്കമാർന്ന കണ്ണുകളുടെ ഭംഗി വർധിപ്പിച്ചു, അവൾ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു..

അയാളുടെ പുഞ്ചിരി ഒരു വജ്രായുധം പോലെ അവളുടെ മനസ്സിൽ തറച്ചു, ഒരുപാട് ഭംഗി ഒന്നും അയാൾക്കില്ല പക്ഷെ എന്തോ ഒന്ന് അയാളെ ഭംഗി ഉള്ളതാക്കുന്നു ഒരുപക്ഷെ അയാളുടെ നിഷ്കളങ്കമായ പുഞ്ചിരി ആവാം.

മനസ്സിൽ അങ്ങനെ വിചാരിച്ചു കൊണ്ട് കഴുത്തിൽ കിടന്ന മാലയിലെ താലിയിൽ അവൾ അമർത്തി പിടിച്ചു കൊണ്ട് കണ്ണടച്ച് സീറ്റിലേക്കു ചാരി കിടന്നു…

ബാഗ്…….. മെല്ലെ ഒരു മയക്കത്തിലേക്കു വീണു തുടങ്ങിയപ്പോൾ ആണ് ആ ചോദ്യം കേട്ടത്.

അയാൾ മുന്നിൽ നിന്ന് കൈ നീട്ടുന്നു, ജാസ് ഒരു ചമ്മിയ ചിരിയോടെ ബാഗ് നീട്ടി കൊണ്ട് പറഞ്ഞു അയ്യോ സോറി ഉറങ്ങി പോയി……

It’s Okay, thanks ……. അയാൾ ബാഗ് വാങ്ങി ഇറങ്ങിയപ്പോൾ ആണ് ജാസ് കാണുന്നത് മടിയിൽ ഒരു വിസിറ്റിങ് കാർഡ്, കർത്താവേ ഇത് അയാളുടേതാവും…. ചിന്തയോടെ അയാളെ തിരഞ്ഞു…. അപ്പോൾ വഴിയോരത്ത് ഒരു മരത്തിൽ ചാരി ബസിലേക്ക് നോക്കി ഒരു ചെറിയ ചിരിയോടെ അയാൾ നിൽക്കുന്നു….

ജാസ് ഉറക്കെ വിളിച്ചു ഏയ്‌…….. അയാൾക്ക് നേരെ ആ കാർഡ് നീട്ടിയപ്പോൾ അയാൾ ആഗ്യം കാണിച്ചു, അത്‌ അയാളുടെ കാർഡ് ആണ് തനിക്ക് വേണ്ടി തന്റെ മടിയിൽ ഇട്ടതാ, എന്നർത്ഥത്തിൽ…

എന്തിന് എന്ന ആലോചനയോടെ കാർഡിലേക്ക് നോക്കി….. അപ്പോഴേക്കും ബസ് അടുത്ത ജംഗ്ഷൻ എത്തിയിരുന്നു.

ഒരുപാട് ആലോചിക്കാൻ നേരം കിട്ടിയില്ല അതിനുമുമ്പ് ബസ് അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തിയിരുന്നു,

ബസ്‌ സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന ഭർത്താവിന്റെ ബൈക്കിന് പുറകിലേക്ക് കയറുമ്പോൾ അവൾ ആ കാർഡും അവനെയും പൂർണമായും മറന്നിരുന്നു…

വിശേഷങ്ങൾ പറഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ വീട്ടിൽ എത്തി, ഇറങ്ങിയപ്പോൾ തന്നെ കണ്ടു മുന്നിൽ അമ്മായിഅമ്മ,

അവളിൽ പേടി നിറഞ്ഞു ജാസ് ഭർത്താവിനൊപ്പം അകത്തേക്ക് കയറുമ്പോൾ പുറകിൽ നിന്ന് അവർ പറയുന്നത് കേട്ടു അല്ലെങ്കിൽ തന്നെ ഒരു കോലം ഇല്ല പിന്നെ ഈ വരവ് കണ്ടാലും മതി……..

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ തന്നെ അവർക്ക് തന്നെ ഇഷ്ടമല്ല എന്ന സത്യം അവൾ മനസ്സിലാക്കിയിരുന്നു,

പിന്നെ താൻ കൊണ്ടുവരുന്ന സ്വർണ്ണത്തിനും പണത്തിനും വേണ്ടിയുള്ള ഒരു അഡ്ജസ്റ്റ് മെന്റ് വിവാഹമായിരുന്നു അവർക്കത്….

മുന്നിൽ നടന്നു പോകുന്ന മനോജിനെ അവൾ ഒന്നു നോക്കി,

മനോജേട്ടൻ എന്നെക്കാൾ ഒരുപാട് സുന്ദരനാണ് , അദ്ദേഹത്തിന് ഒരുപാട് നല്ല പെൺകുട്ടിയെ കിട്ടാനും എളുപ്പം ഉണ്ടായിരുന്നു പക്ഷേ എന്ത് ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെട്ട തന്നെയാണ് തന്നെ വിവാഹം കഴിച്ചിരിക്കുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു…

ജോലിക്ക് പോകാതെ രണ്ടാഴ്ച വീട്ടിൽ നിന്നപ്പോൾ തന്നെ ആ വീടും സാഹചര്യങ്ങളും അവൾക്ക് വേദനാജനകമായി തോന്നി,

ഒരു ജോലി കണ്ടുപിടിക്കണം അവൾ മനസ്സിൽ ചിന്തിച്ചു ഉറപ്പിച്ചു, മനോജിനോട് പറഞ്ഞപ്പോൾ മനോജിനും സമ്മതം…

അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ മറുപടി ഇപ്രകാരമായിരുന്നു,

ആ പകൽ എങ്കിലും ഈ മോന്ത കാണുന്നുണ്ടല്ലോ നിന്റെ മോന്ത കാണുമ്പോൾ എനിക്ക് അങ്ങോട്ട് എന്തോ ഒരു വിറയലാണ്……..

ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന അപകർഷതാബോധം കൊണ്ടോ എന്തോ അവൾക്ക് മറുപടി ഒന്നും പറയുവാൻ തോന്നിയില്ല

അച്ഛന്റെയും ചേട്ടന്മാരുടെയും രാജകുമാരിയായ താനിന്ന് വെറുമൊരു വീട്ടുവേലക്കാരിയുടെ നിലയിലും താഴേക്ക് അധപതിച്ചിരിക്കുന്നു…

ഒന്നും ആരോടും പറയാനാവാതെ വിങ്ങിപ്പൊട്ടി അനവധി ദിവസങ്ങൾ കഴിച്ചുകൂട്ടി , മനോജ്‌ രാവിലെ 7മണിക്ക് ജോലിക്ക് പോയാൽ രാത്രി ഒൻപതര കഴിയും വരാൻ അതുവരെ ആ വീട്ടിലെ വേലക്കാരി ആയി അവൾ…..

പെട്ടെന്ന് തന്നെ ജാസിന് നഗരത്തിലെ ഹോസ്പിറ്റലിൽ ജോലി ശരിയായി, ഒരു മണിക്കൂർ ദൂരം ബസ് യാത്രയുണ്ട് എന്നിരുന്നാലും സന്തോഷത്തിന്റെ ദിനങ്ങൾ…

കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകിയപ്പോൾ പിന്നീട് അതായി കുറ്റപ്പെടുത്തൽ, പക്ഷെ അവൾ എല്ലാവരെയും സ്നേഹിക്കാൻ ശ്രമിച്ചു, മനോജ്‌ പൊതുവെ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത ഒരു പ്രെകൃതം ആയിരുന്നു, അതുകൊണ്ട് തന്നെ അവളുടെ ദിനരാത്രങ്ങൾ വിരസത നിറഞ്ഞത് ആയിരുന്നു….

അങ്ങനെ ഹോസ്പിറ്റലിൽ തിരക്കേറിയ ഒരു ദിവസം

പർച്ചേസ് കാര്യങ്ങളുമായി വളരെ തിരക്കേറിയ സമയം, അപ്പോഴാണ് ക്യാബിനിൽ മുട്ടു കേട്ടത് കയറി പോരു എന്നർത്ഥത്തിൽ കൈകാണിച്ചു….

പേപ്പറിൽ നിന്ന് മുഖമുയർത്താതെ തന്നെ ചോദിച്ചു എന്താ വന്നത് പറഞ്ഞോളൂ….

മറുപടി കേൾക്കാതെ ഇരുന്നപ്പോൾ മുഖമുയർത്തി അയാളെ നോക്കി, അയാളുടെ പുഞ്ചിരിയിൽ പെട്ടെന്ന് തന്നെ ആളെ മനസിലാക്കാൻ ആയി അവൾക്കു,

താനോ, ന്താ ഇവിടെ….. അതിശയത്തോടെ ചോദിച്ചു

മേഡം ഞാൻ……. അയാൾ ഏതോ പ്രശസ്തമായ മരുന്ന് കമ്പനിയുടെ പേര് പറഞ്ഞു, ഓർഡർ എടുക്കാൻ വന്നതാ, മേഡം ഇവിടാരുന്നോ വർക്ക്‌ ചെയുന്നത് അയാൾ ചോദിച്ചു…

ഹേയ് അല്ല….ഒരു മാസമായി ഇവിടെ ജോയിൻ ചെയ്തിട്ട് ജാസ് പറഞ്ഞു,

അയാൾ ഓർഡർ എടുത്ത് പോകാൻ ഇറങ്ങിപ്പോൾ ചോദിച്ചു അന്ന് ഞാൻ ഒരു കാർഡ് തന്നിരുന്നു പറ്റിയാൽ ഒന്ന് വിളിക്കാമോ…..

അയ്യോ അത് എവിടെയാണെന്ന് യാതൊരു ഓർമയും ഇല്ല, ഒരു കാർഡ് കൂടി തരൂ പ്ലീസ്

അയാൾ കാർഡ് കൊടുത്ത് പുഞ്ചിരിയോടെ തിരിഞ്ഞുനടന്നു,

അവളുടെ കണ്ണുകൾ ആ കാർഡിലെ പേരിൽ കൂടി ഒന്ന് സഞ്ചരിച്ചു……

ഗിരി…………..MBA യും കൂട്ടത്തിൽ വേറെ ഏതൊക്കെയോ ഡിഗ്രികളും, പിന്നെ ഫോൺ നമ്പറും

അവൾ മൊബൈൽ ഫോൺ എടുത്ത് അയാളുടെ നമ്പർ സേവ് ചെയ്തു, എന്നിട്ട് തെല്ലൊരു ആലോചനയോടെ പച്ച കാൾ ബട്ടൻ അമർത്തി,

രണ്ടാമത്തെ റിങ്ങിൽ തന്നെ അയാൾ ഫോൺ എടുത്തു, ഹലോ ആരാ……… അവൾക്ക് മറുപടി പറയാൻ തോന്നിയില്ല, മറന്നു തുടങ്ങിയ അവളിലെ പഴയ കുസൃതിക്കാരി ഒന്ന് പുറത്തേക്ക് വന്നു,

അവൾ ഫോൺ കട്ട്‌ ചെയ്തു ടേബിളിൽ വച്ച്, ഒരു കുസൃതി ചിരിയോടെ ജോലി തുടർന്നു..

പിന്നീട് ദിവസവും അവൾ ചെറിയ ചെറിയ മെസ്സേജുകൾ ആ ഫോണിലേക്കു അയച്ചു തുടങ്ങി,വെറുതെ ഒരു കുട്ടി കളി,

പക്ഷേ ഒരിക്കലും അയാളുടെ ഒരു മെസ്സേജ് പോലും അവൾക്ക് തിരിച്ചു ലഭിച്ചില്ല…

കുറെയേറെ നാളുകൾക്കു ശേഷം ഒരു ദിവസം അവൾ അയാളുടെ ഫോണിലേക്കു വിളിച്ചു,

ഹലോ….. ആരാണ് എന്ന് മനസ്സിലായോ,അവൾ ചോദിച്ചു,ഇല്ല നിങ്ങൾ പറയു മറുപടി കുറച്ചു ഹാർഡ് വോയ്‌സിൽ ആയിരുന്നു….

വീണ്ടും കുസൃതി നിറഞ്ഞ അവളുടെ ചോദ്യങ്ങൾക്ക്, നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല പ്ലീസ്, എന്നെ ഡിസ്റ്റർബ് ചെയ്യരുത്, ഇനി ഡിസ്റ്റർബ് ചെയ്താൽ ഞാൻ പോലീസിൽ കംപ്ലൈന്റ് ചെയ്യും അതും പറഞ്ഞ് പെട്ടെന്ന് തന്നെ അയാൾ ഫോൺ കട്ട് ചെയ്തു,

കർത്താവേ പെട്ടല്ലോ അതും പറഞ്ഞ് ജാസ് പെട്ടെന്ന് തന്നെ ഒരു മെസ്സേജ് ടൈപ്പ് ചെയ്തു
ഗിരി ഇത് ഞാനാ ജാസ്……….. വെറുതെ ഒരു നേരമ്പോക്കിനു വേണ്ടി അല്പം കുസൃതി കാണിച്ചു അത്രേയുള്ളൂ ക്ഷമിക്ക് കേട്ടോ….

രണ്ട് മിനിറ്റിനുള്ളിൽ ജാസ്ന്റെ ഫോൺ ബെല്ലടിച്ചു, എടോ താൻ ആയിരുന്നോ,പറയണ്ടേ എത്രകാലമായി തന്റെ ഒരു കോളിനായി ഞാൻ വെയിറ്റ് ചെയ്യുന്നു….

പിന്നീട് അവന്റെ വാതോരാതെ ഉള്ള സംസാരങ്ങൾ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടാക്കി……

അച്ഛനും അമ്മയ്ക്കും ഏക മകൻ, വിദേശത്ത് പോകണം എന്നുള്ളതാണ് അവന്റെ ഏറ്റവും വലിയ ലക്ഷ്യം , വെറും വിദേശം അല്ല യൂറോപ്യൻ രാജ്യങ്ങൾ അതാണ് എന്റെ സ്വപ്നം അവൻ ഇടയ്ക്കിടെ പറയും…….

പിന്നീട് ദിവസങ്ങൾ മുന്നോട്ട് ചെല്ലുംതോറും ജാസിന് ഗിരിയെ പറ്റി കൂടുതൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു,

നന്നായി പാടുന്ന അവന്റെ പാട്ടിൽ ലയിച്ച് ഉള്ളതായി പിന്നീട് അവളുടെ ജീവിതം,

ഗിരിയെപ്പറ്റി എല്ലാ കാര്യങ്ങളും മനോജിനും അറിയാമായിരുന്നു, അവരുടെ സൗഹൃദത്തിൽ മനോജിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായില്ല മനോജ് ഭാര്യയെ പൂർണമായും വിശ്വസിച്ചിരുന്നു…..

പലപ്പോഴും ഗിരി അവരുടെ ഇടയിലേക്ക് കടന്നു വരികയും പതിവായിരുന്നു,അവരുടെ സന്തോഷങ്ങളിൽ പങ്കുകാരൻ ആകുവാൻ അവന് സന്തോഷം ആയിരുന്നു…….

പിന്നീട് ഏകദേശം ഒരു വർഷത്തിനു ശേഷം ജാസ് ഗർഭിണിയായി, കുഞ്ഞിന്റെ ജനനം, മറ്റു തിരക്കുകൾ എന്നിരുന്നാലും ഗിരി അവൾക്ക് എപ്പോഴും സ്വന്തം തന്നെ ആയിരുന്നു……

പിന്നീട് പലപ്പോഴും ഗിരി തിരക്കിൽ ആയിരുന്നു, പാട്ടുകൾ വരുന്നത് ഓണം പോലെ ആയി, പക്ഷെ അവർക്കിടയിൽ പരിഭവങ്ങൾ ഇല്ലായിരുന്നു,

പെട്ടെന്ന് ഒരു ദിവസം ഗിരി മനോജിനെ വിളിച്ചു പറഞ്ഞു ഞാൻ വരുന്നുണ്ട് വീട്ടിലേക്ക്, ജാസിനോട് പറയണ്ട സർപ്രൈസ് ആണ്,

അന്ന് വൈകുന്നേരം ഗിരി വീട്ടിലെത്തി എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു, ഭക്ഷണം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ഗിരി പറഞ്ഞു അപ്പോൾ രണ്ട് വർഷം കഴിഞ്ഞ് കാണാം ജാസ്………

അപ്പോൾ മാത്രമാണ് അവൻ യാത്ര പറയാൻ വന്നതാണ് എന്നവർക്ക് മനസിലായത്, ജാസിന്റെ നിറഞ്ഞ് വന്ന കണ്ണുനീർ തുള്ളികൾ താഴേക്കു പതിക്കും മുൻപ് അവൻ പോയ്‌ കഴിഞ്ഞിരുന്നു,

കൂട്ടുകെട്ടുകൾ ഒരുപാട് ഒന്നും ഇല്ലാതിരുന്ന ജാസിനെ സംബന്ധിച്ച് ആ വേർപാട് കഠിനം ആയിരുന്നു, പിന്നീട് ജാസ് രണ്ടാമത്തെ കുഞ്ഞിനും ജന്മം കൊടുത്തു,

നീണ്ട ഒൻപതു വർഷങ്ങൾ ജീവിതത്തിൽ പ്രതിസന്ധികൾ താങ്ങാൻ ആവാതെ ജാസ് പ്രവാസം എന്ന വപ്ലവകരമായ ജീവിതം സ്വീകരിച്ചു,

പോളണ്ടിന്റെ വിശാലതയിൽ അവൾ തേടിയത് ഒരേ ഒരു മുഖം മാത്രം ഗിരി……..

ഇന്നിപ്പോൾ ഒരുവർഷം ആയി താനിവിടെ വന്നിട്ട്,ഇതുവരെ ഗിരിയെ കണ്ടെത്താൻ തനിക്ക് ആയില്ലല്ലോ, അവൾ വേദനയോടെ ഓർത്തു……

അടുത്ത ആഴ്ച വെക്കേഷന് പോകുക ആണ്, മക്കളുടെ അടുത്തേക്കു ആ സന്തോഷം ഉള്ളപ്പോഴും ഗിരി ഒരു തേങ്ങൽ ആയി അവൾക്കുള്ളിൽ ഉണ്ടായിരുന്നു,

നാട്ടിൽ പോയി വെക്കേഷൻ കഴിഞ്ഞു എയർപോർട്ടിൽ വച്ചാണ് അവൾ ആ കാഴ്ച കണ്ടത്, ബാഗും ആയി ഗിരി അവൾക്ക് എതിരെ വരുന്നു

ജാസ് ചുറ്റും നിന്നത് ആരെന്നോ താൻ എവിടെയെന്നോ ആലോചിക്കാതെ ഉറക്കെ വിളിച്ചു ഡാ………..

അവൻ ഓടി അവൾക്കരികിൽ എത്തി…

ഡി നീയെന്താ ഇവിടെ…… അവൻ സന്തോഷത്തോടെ ചോദിച്ചു,

ഞാൻ ഇവിടെ വന്നിട്ട് വൺ ഇയർ കഴിഞ്ഞു, നാട്ടിൽ പോയി വരും വഴിയാ, നീ എവിടാരുന്നു ഞാൻ ഇനി നിന്നെ തിരയാൻ ഒരു ഇടം പോലും ബാക്കിയില്ല ഇവിടെ……..

ഡി ഞാൻ ജെർമനിയിൽ ആയിരുന്നു, ലാസ്റ്റ് കുറച്ചു മാസങ്ങൾ, ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാകും വാ പുറത്തിറങ്ങാം…

അവർ പുറത്തേക്കു നടന്നു……

പിന്നീട് ആ സൗഹൃദം തഴച്ചു വളർന്നു, എന്നാലും എപ്പോഴും ആ സൗഹൃദത്തിനു അതിർ വരമ്പുകൾ അവർ തന്നെ നിശ്ചയിച്ചു

ഒരു ചെറു വിരൾ സ്പർശം കൊണ്ട് പോലും അവളിൽ അശുദ്ധി പടരാൻ അവൻ ആഗ്രഹിച്ചില്ല,

ജീവിത ലക്ഷ്യങ്ങൾ, അതിലേക്ക് എത്താൻ അവർ വളരെ പരിശ്രമിച്ചു

ഗിരി കൂടുതൽ സമയവും യൂറോപ്പിന്റെ വിവിധ സ്ഥലങ്ങളിൽ ഓടി നടന്നതിനാൽ കൂടികഴ്ചകൾ ചുരുക്കം ആയിരുന്നു…..

പക്ഷെ ഓരോ ദിവസവും പരസ്പരം വിശേഷങ്ങൾ വാട്സാപ്പ് വഴിയായി തിരക്കാൻ അവർ ഒരിക്കലും മറന്നില്ല,

ഓടിപ്പോയ 8 വർഷങ്ങൾക്കൊടുവിൽ ഇന്ന് ജാസ് തിരികെ പോകുന്നു നാട്ടിലേക്ക്……….. മടക്കം ഇല്ലാത്ത യാത്ര…..

ഗിരി അവളെ യാത്രയാക്കുവാൻ എയർപോർട്ടിൽ എത്തിയിട്ടുണ്ട്, അവന്റെ മുഖത്തു വല്ലാത്ത ഒരു നഷ്ടബോധം ജാസ് കണ്ടു…….

പോകാൻ ഇനി അധികം സമയം ഇല്ല, ജാസ് അവന്റെ മുഖത്തേക്കു നോക്കി, ഡാ ഞാൻ ഒന്ന് ചോദിക്കട്ടെ ????

ഇപ്പോൾ ന്താണാവോ ഒരു മുഖവുര, ചോദിക്കടോ ഞാൻ പറയാം

എന്നാ നിനക്ക് ഒരു പങ്കാളി ഉണ്ടാകുക…..…??അവൾ അത് ചോദിച്ചതും അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു, എന്താ ഈ പതിവ് ചോദ്യം ചോദിക്കാത്തത് എന്ന് ഓർത്തതെ ഉള്ളു……..അപ്പോഴേക്കും വന്നു,

പിന്നീട് അവൾക്കു നേരെ ഒരു ചെറിയ ഗിഫ്റ്റ് പാക്കറ്റ് നീട്ടി കൊണ്ട് പറഞ്ഞു, ഡാ പോകാൻ നോക്ക് നിന്റെ കണവനേം മക്കളേം അന്വേഷണം പറയണേ അതും പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു……….

അവൾ ഫ്ലൈറ്റിൽ കയറിയപ്പോൾ തന്നെ ആ ഗിഫ്റ്റ് പാക്കറ്റ് തുറന്നു, അതിൽ ഒരു സിം കാർഡ് ഒപ്പം ഒരു കത്തും മാത്രം

അവൾ ആ കത്ത് തുറന്ന് മെല്ലെ വായിച്ചു…..

പ്രിയപ്പെട്ട ജാസ്,

നീ എന്നും ചോദിക്കുന്ന ഒരു ചോദ്യം ഇന്നും നീ ആവർത്തിക്കും അതെനിക്ക് ഉറപ്പുണ്ട്,പക്ഷേ ഇന്ന് അതിനു ഞാൻ നിനക്കുള്ള മറുപടി തരും,

നമ്മൾ ആദ്യം കണ്ടുമുട്ടിയ ബസ് നിനക്ക് ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല, ആദ്യത്തെ കാഴ്ചയിൽ നീ വിവാഹിതയാണ് എന്ന് എനിക്ക് തോന്നിയിരുന്നില്ല, അതുകൊണ്ട് മാത്രമാണ് ഞാൻ എന്റെ കാർഡ് നിന്റെ മടിയിൽ ഉപേക്ഷിച്ചു പോയത് അതിനൊപ്പം ഞാൻ എന്റെ മനസ്സും അവിടെ നിനക്ക് മുൻപിൽ ഉപേക്ഷിച്ചു ആണ് പോന്നത്……..

നീ വിവാഹിത ആണെന്ന സത്യം ഞാൻ മനസിലാക്കി വന്നപ്പോഴേക്കും നീ എന്നെ തോൽപ്പിച്ചു കളഞ്ഞു,ഒരു അനിയത്തിയുടെ,കൂട്ടുകാരിയുടെ,അമ്മയുടെ എല്ലാ കരുതലും സ്നേഹവും നീ എനിക്ക് വാരിക്കോരി തന്നു……

നിന്നിൽ നിന്ന് ഓടിമാറിയാണ് ഞാൻ ഇങ്ങോട്ട് എത്തിയത്,പക്ഷേ വിധി പിന്നെയും എന്നെ തോൽപ്പിച്ചു,നിന്നെ എന്റെ മുൻപിൽ വീണ്ടും എത്തിച്ചു……

പക്ഷേ അപ്പോഴൊക്കെ ഒരു വിരൽ തുമ്പിന്റെ സ്പർശം കൊണ്ട് പോലും നിന്നെ അശുദ്ധ ആക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു,അവിടെ ഞാൻ വിജയിച്ചു 100%, ഞാൻ എന്ന പരാജിതനായ മനുഷ്യന്റെ ആദ്യ വിജയം നിനക്ക് മുന്നിൽ…..

പിന്നെ ഞാൻ…….ഒരേ ഒരു പെണ്ണിനെ സ്നേഹിച്ചു,എന്റെ മനസാൽ ഞാൻ ഒരു വരണ മാല്യം അവളിൽ അണിയിച്ചു, അതിനു ശേഷം മാത്രമാണ് ആ പെണ്ണ് വേറൊരുവന് സ്വന്തം ആണെന്ന സത്യം ഞാൻ അറിയുന്നത്

പക്ഷേ ഞാൻ വിവാഹിതൻ ആണ്,ഇനി വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഇല്ല

ഇതിനൊപ്പം ഞാൻ ഇതുവരെ ഉപയോഗിച്ച സിം കാർഡ് വക്കുന്നു ഇനി എനിക്കൊരു മടക്കം ഇല്ല

പിന്നെ നിന്നോട് പറയാത്ത മറ്റൊരു രഹസ്യം ഞാൻ എന്റെ മാതാപിതാക്കളെ യൂറോപ്പിലേക്കു കൊണ്ടുവന്നു,എങ്ങോട്ട് എന്ന് പറയുന്നില്ല

നിന്റെ ജീവിതത്തിൽ ഞാൻ എന്നത് ഇനി ഒരു കിനാവ് മാത്രം ആകട്ടെ

സ്നേഹത്തോടെ

ഗിരി

വായിച്ചു കഴിഞ്ഞപ്പോൾ ഉരുണ്ടുവന്ന കണ്ണുനീർ തുള്ളികൾ പോലും താഴേക്കു വീഴാൻ മടിച്ചു നിന്നു

വിമാനത്തിലെ വേസ്റ്റ് ബിന്നിൽ ആ കത്തും സിം കാർഡും ഉപേക്ഷിച്ചു അവൾ തിരികെ പറന്നു സ്വന്തം കൂട്ടിലേക്ക്………….

രചന: Jisha George Shajan

Leave a Reply

Your email address will not be published. Required fields are marked *