അവളുടെ കണ്ണുകളിൽ തൻ്റെ കമ്മൽ പോയതിൻ്റെ നിരാശ നിറഞ്ഞിരുന്നു.

Uncategorized

രചന: സുനിത.ആർ .കുറുപ്പ്

കുഞ്ഞികമ്മൽ

പതിവുപോലെ സ്കൂളിൽ പോകാൻ മുടി ചീകി കെട്ടുന്നതിനിടയിലാണ് മിനി അത് ശ്രദ്ധിച്ചത് മിന്നു മോളുടെ കാതിൽ കിടന്ന ഒരു കമ്മൽ കാണുന്നില്ല. മറ്റേ കാതിൽ തപ്പി നോക്കി ചെമ്പിൻ്റെ ആണിയുണ്ടായിരുന്ന കമ്മൽ കാതിൽ തന്നെ ഉണ്ട്… ആകെ ഉണ്ടായിരുന്ന ഒരു തരി പൊന്നായിരുന്നു!

അതും കൊണ്ട് കളഞ്ഞോ നീ!

ഇനി കമ്മലിടാതേ നടന്നാൽ മതി….. മിന്നുമോൾ കാതിൽ തപ്പി നോക്കി കമ്മൽ കാണുന്നില്ല ….

അവൾ അവിടെ എല്ലാം തിരിഞ്ഞു .. നേരെ മുറ്റത്തുണ്ടായിരുന്ന പനി നീർ ചാമ്പയുടെ ചുവട്ടിലേക്കോടി … അവിടെ എല്ലാം തിരിഞ്ഞു … തൊടിയിലെല്ലാം ഓടി നടന്നതല്ലോ? ഈ തരിമണലിൽ ഇത്തിരി പൊന്ന് വീണാൽ എവിടെ കാണാനാണ് …

മോൾ ഇങ്ങുവാ സാരമില്ല …

കരഞ്ഞ മുഖവുമായി വന്ന അവളുടെ കണ്ണുനീർ തുടച്ച് … മുടി രണ്ടായി പിന്നി മടക്കി കെട്ടി കാതിലെ മറ്റേ കമ്മലും ഊരി മാറ്റി അവൾ പറഞ്ഞു ..

സ്കൂളിലിൽ വൈകണ്ട വെക്കം പോകാൻ നോക്കു… അവൾ തോളിലിൽ സഞ്ചിയും നോക്കി ചുവട് മുഴുവൻ വട്ടത്തിൽ തേഞ്ഞു തുള വീണ റബ്ബർ ചെരുപ്പും ഇട്ട് മുറ്റത്തേക്കിറങ്ങിയതും മണ്ണിൽ ഒരു തിളക്കം …. അമ്മേ എൻ്റെ ദേ കമ്മലിൻ്റെ ആണി കിട്ടി കമ്മൽ ഇവിടെ തന്നെ കാണും ….

ശരി മോളേ സ്കൂളിൽ പോകാൻ നോക്കൂ.. അമ്മ എടുത്തു വെച്ചേക്കാം.. അല്ലെങ്കിൽ തന്നെ പോയത് പോട്ടേ…..

അമ്മ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ തൻ്റെ കമ്മൽ പോയതിൻ്റെ നിരാശ നിറഞ്ഞിരുന്നു. സ്കൂളിലോട്ട് പോകും വഴി കാട്ടു തെറ്റിയുടെ രണ്ടു ചുവന്ന പൂക്കൾ പറിച്ചു കാതിൽ കോർത്തു. അന്ന് ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ അവൾക്ക് ആയില്ല..വൈകിട്ടു സ്കൂൾ വിട്ടു വന്നത് കമ്മലു കിട്ടിയോ അമ്മേ എന്ന് ചോദിച്ചു കൊണ്ടാണ്….

ഇല്ലന്നോ ഉണ്ടോന്നോ പറയാതെ മുഖത്ത് ഒരു ചിരി വരുത്തി… മോള് കുളിച്ചിട്ടു വേഗം വരു… അമ്മ ഒരു കൂട്ടം വാങ്ങി വെച്ചിട്ടുണ്ട്….

കുളിച്ചിട്ടു വന്ന മിന്നുവിനു വാങ്ങി വെച്ച പലഹാര പൊതിയിൽ നിന്ന് അവൾക്കു ഏറ്റവും പ്രിയപ്പെട്ട പഴം പൊരി കൊടുക്കുമ്പോൾ മറു കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു ….

എന്താമ്മേ കൈയിൽ ?

എൻ്റെ കമ്മല്ലാണോ?

അവൾ ആ പൊതി അഴിച്ചു നോൽക്കാൻ മോളോട് പറഞ്ഞു.

അവൾ ഇഷ്ടം ഭക്ഷണം കഴിക്കാതെ കൊതിയോടെ പൊതി അഴിച്ചു നോക്കി ..

നീലയും, മഞ്ഞയും, ചുമപ്പും നിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് മുത്തിൻ്റെ കമ്മലുകൾ…. ഒന്നിനു പകരം മൂന്ന് കമ്മൽ അവൾ അമ്മയെ കെട്ടി പിടിച്ച് കവിളുകളിൽ ഉമ്മ വെച്ചു.

കാതിലെ തെറ്റി പൂ ഊരി മാറ്റി അതിൽ നിന്ന് നീലകമ്മലണിഞ്ഞ് നീല കണ്ണാടി മുന്നിൽ നിന്നു കൊണ്ട് അമ്മയോട് പറഞ്ഞു.. ഞാൻ ഇനി കമ്മൽ കളയില്ല… സൂക്ഷിച്ചോളാം…

എന്ന് പറഞ്ഞ് മുറ്റത്തേക്ക് കളിക്കാനിറങ്ങി ഓടി….

മുറ്റത്ത് ഓടി കളിക്കുന്ന മകളോട് അവളുടെ മുടിയിൽ ഒടക്കി കിടന്നിരുന്ന കമ്മൽ തനിക്ക് കിട്ടിയെന്നും!

അത് കൊടുത്തിട്ടാണ് വീട്ടാവശ്യത്തിനായി അരിയും മറ്റു സാധനങ്ങളും മേടിച്ചെന്ന് ഞാൻ എങ്ങനെ പറയും എന്നോർത്ത് അവളുടെ ഹൃദയം വിതുമ്പി…..

പട്ടിണിയെക്കാൾ പ്രാധാന്യം ഒന്നും അല്ലെങ്കിലും പൊന്നില്ലലോ?

എന്നോർത്ത് കണ്ണുനീർ സാരിതുമ്പു കൊണ്ട് തുടക്കുമ്പോൾ …..

ഓടി കളിക്കുന്നതനിടയിലും അമ്മ കാണാതെ മുറ്റത്തെ ഓരോ മണൽ തരികൾക്കിടയിലും മിന്നുമോൾ തൻ്റെ കമ്മൽ തിരയുകയായിരുന്നു…….

രചന: സുനിത.ആർ .കുറുപ്പ്

Leave a Reply

Your email address will not be published. Required fields are marked *