ഒരു പ്രണയവും അതിനു ശേഷം വീട്ടുകാരറിയാതെയുള്ള രജിസ്റ്റർ വിവാഹവും..

Uncategorized

രചന: മണ്ടശിരോമണി

” ഈ പെണ്ണുങ്ങളെ നോക്കുന്നതിലും നല്ലത് 2 നായികളെ വാങ്ങി വളർത്തുന്നതാ . അതുങ്ങൾ മരിക്കുന്നത് വരേയും നന്ദി കാണിക്കും ” ഒരു ചെറിയ വെള്ളമടി പാർട്ടിയിൽ വെച്ചാണ് സനൽ അത് പറഞ്ഞത് . സനലിന്റെ കല്യാണം കഴിഞ്ഞ് മൂന്ന് വർഷത്തോളം ആയിരുന്നു. ഒരു പ്രണയവും അതിനു ശേഷം വീട്ടുകാരറിയാതെയുള്ള രജിസ്റ്റർ വിവാഹവും . ഇപ്പോൾ രണ്ടരവയസുള്ള കുട്ടിയും ഉണ്ട് . മോനാണ്. ” ചില സമയത്ത് ഉണ്ടല്ലോ ചവിട്ടി ക്കൊല്ലാൻ തോന്നും ” പുള്ളിക്കാരൻ കത്തിക്കയറുകയാണ് . 2 പെഗ്ഗടിച്ചപ്പോൾ ആരോടൊക്കെയോ ഉള്ള ദേഷ്യം പുറത്ത് വന്നു .

” നീ പറഞ്ഞത് സത്യമാണ്. ചില സമയത്ത് ഇവറ്റകളുടെ സ്വഭാവം കാണുബോഴുണ്ടല്ലോ കൈ തരിച്ചിട്ട് നിൽക്കാൻ പറ്റില്ല . പിള്ളേരുള്ളത് കൊണ്ടാ അല്ലെങ്കിൽ ഇതിനെയൊക്കെ ഞാൻ പണ്ടേ ചവിട്ടി വീട്ടിലേക്ക് വിട്ടിട്ടുണ്ടാകും ” സനലിനു സപ്പോർട്ട് കൊടുത്തുകൊണ്ട് ബൈജുവേട്ടനും വന്നു . ബൈജവേട്ടനെ പറ്റി പറയുകയാണെങ്കിൽ പുള്ളിക്ക് ജോലി ഇലട്രിസിറ്റി വകുപ്പിലാണ് . ഭാര്യയ്ക്ക് ജോലിയൊന്നും ഇല്ല . വീട്ടിൽ അമ്മയും ഭാര്യയും പിന്നെ അവരുടെ രണ്ട് മക്കളും . ഒരാൾ ആറാം ക്ലാസും പെൺകുട്ടി മൂന്നാം ക്ലാസും. ” അതൊന്നുമല്ല എന്റെ പേടി അവളുടെ അതേ സ്വഭാവം എന്റെ മോൾക്കും കിട്ടുമോ എന്നാ എന്റെ പേടി ” ബൈജുവേട്ടൻ തുടർന്നു .

” മനൂ നിനക്കറിയോ എന്റ ഭാര്യയുടെ അമ്മയില്ലെ ആ തള്ളയാണ് ഫോൺ വിളിച്ചു വിഷം കുത്തിവെച്ചു കൊടുക്കുന്നത് . അവർ മരിച്ചാൽ മാത്രെ എനിക്കൊരു സ്വസ്ഥത കിട്ടുള്ളൂ ” സനലും ഒരോ കാര്യങ്ങൾ പറഞ്ഞ് എന്റെ അഭിപ്രായം എന്താണെന്നറിയാൻ നോക്കി . എന്റെയും കല്യാണം കഴിഞ്ഞ് അഞ്ച് മാസത്തോളം ആയിരുന്നു . പ്രണയം തന്നെയായിരുന്നെങ്കിലും രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെ തന്നെയായിരുന്നു കല്യാണം . എന്നെ മാത്രം മതി എന്നു പറഞ്ഞ് ഒറ്റക്കാലിൽ നിന്ന അവൾക്ക് കുറച്ചടിയൊക്കെ കൊണ്ടിട്ടുണ്ട് അവളുടെ അച്ചന്റെയും അമ്മാവൻമാരുടേയും കൈയിൽ നിന്ന് . പിൻമാറുന്നില്ല എന്ന് കണ്ടപ്പോൾ എനിക്കുതന്നെ കെട്ടിച്ചു തന്നു .

” ഇന്നലെ ഞാൻ അവൾക്ക് കണ്ണുമുറിയെ ഒന്നു കൊടുത്തതാ . രാവിലെ എന്റെ മോനെയും എടുത്ത് വീട്ടിലേക്ക് പോയിട്ടുണ്ട് നായിന്റമോൾ ” സനൽ രോക്ഷം കൊണ്ടു . ഞാനപ്പോൾ ആലോചിച്ചത് സനലിന്റെ ഭാര്യയെ കുറിച്ചാണ് . പീ ജി കഴിഞ്ഞ അവളെ ഒരു ജോലിക്കു പോലും വിടാതെയാണ് വീടിൽ നിർത്തിയേക്കുന്നത് . നന്നായി പഠിക്കുമായിരുന്നു കാവ്യ . അതിനിടയ്ക്കാണ് ഓട്ടോ ഡ്രൈവർ കൂടിയായ സനലുമായുള്ള പ്രണയവും കല്യാണവും . ഇവന് എങ്ങനെ ആ പെണ്ണ് വളഞ്ഞു എന്ന് എനിക്കുൾപ്പെടെ അതിശയമായിരുന്നു . വല്ലപ്പോഴും ബിയറടിക്കുന്ന ഞാൻ ഇപ്പൊ അതും അടിക്കാറില്ല . കാരണം വേറൊന്നും അല്ല ഭാര്യ ഗർഭിണി ആണ് . രണ്ട് മാസം ആയി . വീടിൽ അമ്മമാത്രെ ഉള്ളൂ . പെങ്ങൾ അളിയന്റെ വീട്ടിലാണ് . അവൾക്ക് വല്ല വയ്യായ്കയും വന്നാൽ കൊണ്ടുപോകാൻ ഞാൻ മാത്രമേ ഉള്ളൂ . ബിയറടിച്ചാൽ പിന്നെ ഡ്രൈവിങ്ങ് നടക്കില്ല . അതുകൊണ്ട് അത് നിർത്തി . ” നീ അടിക്കുന്നില്ലേ ? ” ബൈജുവേട്ടൽ മൂന്നാമത്തെ പെഗ്ഗും ഇട്ട് എനിക്കു നേരെ തിരിഞ്ഞു .

” എനിക്ക് വേണ്ട. വീട്ടിൽ രേഷ്മ ഒറ്റയ്ക്കെ ഉള്ളൂ ” ഞാൻ സ്നേഹപൂർവം നിരസിച്ചു . ” ഓ നീ പിന്നെ നിന്റെ ഭാര്യയെ പേടിച്ച് കഴിയുന്നതല്ലെ . പെൺകോന്തൻ ” സനൽ കളിയാക്കി കൊണ്ട് പറഞ്ഞു . എനിക്ക് ആ ഒരു പേര് പലപ്പോഴും അവനുൾപ്പെടെയുള്ള കൂട്ടുകാർ ചാർത്തി തരാറുണ്ട് . ” വെള്ളമടിച്ചിട്ട് രേഷ്മയുടെ മുന്നിൽ പോയി നിൽക്കാൻ പേടി ആയിരിക്കും ” സനൽ പ്രകോപനം തുടർന്നെങ്കിലും സൗഹൃദത്തിന്റെ ആഴമറിയുന്നത് കൊണ്ട് ഞാൻ ചിരിച്ചു . വെള്ള മടിച്ചിട്ട് വീട്ടിൽ പോയി ഭാര്യയുടെ മുടിക്കുത്തിനു പിടിച്ച് അടിച്ചിട്ട് പുരുഷത്വം കാണിക്കുന്ന ആണുങ്ങൾ പണ്ടുകാലത്തെ സിനിമയിലെ വില്ലൻമാർ മാത്രമാണ് . എനിക്ക് വെള്ളമടിയോട് പൊതുവേ താൽപര്യമില്ല . അടിച്ചിട്ടൊക്കെ ഉണ്ട് . പിന്നീട് എനിക്കും തോന്നി വെറുതെ പൈസയും കളഞ്ഞ് നമ്മുടെ ശരീരം നമ്മൾ തന്നെ നശിപ്പിക്കുന്നതിൽ എന്താണർഥം എന്ന് . അതു കൊണ്ട് നിർത്തി . കഴിഞ്ഞ ആഴ്ച്ച ഒരു ബിയർ വാങ്ങി ഞാനും ഭാര്യയും വീട്ടിൽ നിന്നും കുടിച്ചിരുന്നു . ഒരു ഗ്ലാസ് ബിയറൊക്കെ അവൾ കുടിക്കും .. എന്റെ നിർബന്ധമാണ് . വിശപ്പില്ല എന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാതിരുന്ന അവൾക്ക് വല്ലപ്പോഴും ഇത്തിരി ബിയർ . അത് ശരീരത്തിന് നല്ലതാണ് .

സമയം എട്ടുമണി ആവാറായി . സാധാരണ ഞാൻ ജോലികഴിഞ്ഞ് വീടിലെത്തുന്ന സമയം ആയി . ഇന്ന് ഇനി ഇവൻമാരുടെ ഇടയിൽ നിന്നും ഇത്തിരി ലേറ്റാകാനുള്ള സാധ്യത മനസിൽ കണ്ട് ഞാൻ ഫോണെടുത്ത് രേഷ്മയുടെ നബറിലേക്ക് വിളിച്ചു . രണ്ട് റിങ്ങിൽ തന്നെ ഫോണെടുത്തു . ” ആ രേഷ്മേ ഞാൻ വരാൻ കുറച്ച് ലേറ്റാകും കെട്ടോ ”

” എവിടെയാ ?” അവൾ ചോദ്യമുന്നയിച്ചു. അതിനു മറുപടി പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു . പതിവിലും ലേറ്റായാൽ എന്തായാലും അവളിങ്ങോട്ട് വിളിക്കും . അല്ലെങ്കിൽ തന്നെ അവൾക്ക് ടെൻഷൻ കുറച്ച് കൂടുതലാണ് . ഇനിയിപ്പൊ വിട്ടിൽ ചെന്നാൽ ചിലപ്പൊ മുഖം വീർപ്പിച്ചിരിക്കും . ഇവരുടെ കൂടെ കൂടുംബോൾ അവൾക്ക് ഇത്തിരി ദേഷ്യമാണ് . ഞാൻ വെറുതെ അവിടിരുന്നു sച്ചിങ്ങ്സ് ആയിട്ടുള്ള സാധനങ്ങൾ തിന്നാൻ തുടങ്ങി . ” സത്യം പറ നിനക്ക് അവളുടെ അടി കിട്ടാറുണ്ടോ ?” ഒരു പെഗ് ഒഴിച്ച ഗ്ലാസുമായി എന്റെ മുന്നിൽ വന്ന് അൻ ചോദിച്ചു . കൂടെ മറ്റുള്ളവർ ചിരി തുടങ്ങി . ” അല്ല നീ എല്ലാ കാര്യേം വിളിച്ച് പറയുന്നത് കൊണ്ടു ചോദിച്ചതാ. ഞാനാണെങ്കിൽ അവളോട് പോയി പണി നോക്കാൻ പറയും ” സനൽ ചിരിച്ചുകൊണ്ട് പറഞ്ഞു . അതു ശെരിയാണ് . ഒരു പാട് പേർ പുറത്ത് സ്നേഹിക്കാനുണ്ടാകുംബോൾ അവന് ഭാര്യയോട് അങ്ങനൊക്കെ പറയാം. എന്റെ അറിവിൽ അവന് ഇപ്പൊഴും മറ്റുചില ബന്ധങ്ങളൊക്കെയുണ്ട് . ഒരു ദിവസം പതിവില്ലാതെ ഫോൺ ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു കാവ്യ ആണോ എന്ന് . ” കാവ്യയോ . അതിനെ ആർക്ക് വേണം ഇത് വേറെയാ ” മറുപടി പറഞ്ഞ് അവൻ ചിരിച്ചു . കൂടെ ബൈജുവേട്ടനും . പിന്നീട് എനിക്ക് മനസിലായി അത് ഓട്ടോയിൽ പോയിട്ട് പരിജയപ്പെട്ട ഏതോ പെണ്ണാണ്ണെന്ന് . കുറച്ച് നേരം കൂടി അവരുടെ കൂടെ ചിലവിട്ട് ഞാൻ നേരത്തെ ഇറങ്ങി .

” വേഗം പോയില്ലെങ്കിൽ രേഷ്മ പട്ടിണിക്കിടും അതാ പോകുന്നേ ” അതും പറഞ്ഞ് സനൽ ഒരു വഷളൻ ചിരി ചിരിച്ചു . എനിക്കറിയാം അവർ ഉദ്ദേശിച്ചത് എന്താണെന്ന് . അതുമാത്രമാണ് ജീവിതം എന്ന കാഴ്ചപ്പാടാണ് അവർക്ക് . ചിരിയോടെ ഞാൻ ബൈക്കിൽ കേറി . ഇനിയും താമസിച്ചാൽ രേഷ്മ തനിച്ചാണ് . പോരാത്തതിന് പ്രഗ്നന്റും . ബൈക്കിന്റെ ശബ്ദം കേട്ടതോടുകൂടി അവൾ വാതിൽ തുറന്നു . അമ്മയും അവളും ഹാളിൽ ടി വി കാണുവാരുന്നു . ” നീ കഴിച്ചോ ? ” അവളോട് ചോദ്യമുന്നയിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കേറി . അവളുടെ നോട്ടം ക്ലോക്കിലേക്കായിരുന്നു . എന്റെ ശ്രദ്ധയും അങ്ങോട്ടേക്ക് പോയി . 9 മണി . ഞാൻ ഒന്നു ചിരിച്ചു . ” നീ ഭക്ഷണം എടുത്ത് വെക്ക്. വേഗം കുളിച്ചിട്ട് വരാം ” വിഷയം മാറ്റിക്കൊണ്ട് ഞാൻ കുളിക്കാൻ കേറി . ഭക്ഷണമൊക്കെ കഴിഞ്ഞ് 10 മണിയോടെ ഞാൻ ബാൽക്കണിയിലേക്ക് നടന്നു . എന്റെ റൂമും മേലെ തന്നെയാണ് . കിടക്കും മുൻപ് കുറച്ച് നേരം ഓൺലൈൻ നോക്കിയിരിക്കും . കൂടെ അവളും കാണും . കഴിച്ച പാത്രങ്ങളൊക്കെ കഴുകിവെച്ച് വന്ന് കൂടെയിരിക്കും . പാദസരത്തിന്റെ ശബ്ദം കേട്ടുതുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി . ബാൽക്കണിയിലെ ടൈലിൽ കിടക്കുന്ന എന്റെ തല പിടിച്ച് ഉയർത്തി അവളും ഇരുന്നു .

” വേഗം വരാതെ അവിടെം ഇവിടെ പോയിരുന്നിട്ട് ഞാനൊന്നും പറയുന്നില്ല ” അവൾ പരാതിയുടെ കെട്ടഴിച്ചു .

” നീ പറയെടീ . ” ഞാൻ അവളെ പ്രകോപിപ്പിക്കാനെന്നോണം ചിരിച്ചുകൊണ്ട് മൊബൈലിലേക്ക് നോക്കി .

” നാളെയാവട്ടെ ഞാൻ പറഞ്ഞു തരാം . കള്ളുകുടിയൻ ” അവളുടെ ധാരണ ഞാൻ അവിടുന്ന് കള്ളും കുടിച്ചാണ് വന്നത് എന്നാണ് .

” കള്ളുകുടിയൻ നിന്റെച്ചൻ രാഘവൻ ”

” ദേ എന്റെച്ചനെ പറഞ്ഞാലുണ്ടല്ലോ? ഇത്ര നേരം പിന്നെവിടാരുന്നു . സത്യം പറ കുടിച്ചിട്ടില്ലേ ? ” അവൾക്ക് സംശയം മാറുന്നില്ല . ഞാൻ മൊബൈൽ താഴെ വെച്ചു അവളുടെ കണ്ണിലേക്ക് നോക്കി . അവളുടെ കൈ അപ്പൊഴും എന്റെ മുടികൾക്കിടയിലൂടെ ഒഴുകുന്നുണ്ട് . ” ഉം എന്താ ? ” എന്റെ നോട്ടം കണ്ടിട്ട് അവൾ തലപിടിച്ച് കുലുക്കി .

” എന്റെ മോളാണെ സത്യം ഞാനിന്നു കുടിച്ചിട്ടില്ല ” അതും പറഞ്ഞ് ഞാൻ മുഖം അവളുടെ വയറിലേക്ക് അമർത്തി. കുറച്ച് നേരത്തെ മൗനം ,അവളുടെ ആ ചിരി , എന്റെ ശ്വാസം ….. ” മോളാണെന്ന് ആരാ പറഞ്ഞെ? എന്റെ മോനാ. അച്ചനെ പോലെ ഒരു കള്ളൻ ” ചുണ്ടുകൾ നെറ്റിയിലമരുംമ്പൊഴും ഒടുവിൽ ” മതി കെട്ടൊ എന്റെ മോളിതൊക്കെ കാണുന്നുണ്ടാകും ” എന്നു ഞാൻ പറയുംബൊഴും അവളുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കം മാത്രം .

രചന: മണ്ടശിരോമണി

Leave a Reply

Your email address will not be published. Required fields are marked *