അമ്മയുടെയും സ്നേഹം ഏറ്റു വാങ്ങി അവരുടെ മകളായി പുതിയൊരു ജീവിതം…

Uncategorized

രചന: ശിവ

“ആനി നീയൊന്ന് വാതിൽ തുറക്ക്…. നിനക്ക് എത്ര കാശ് വേണമെങ്കിലും ഞാൻ തരാം.. എനിക്ക് ഈ ഒരൊറ്റ രാത്രി മാത്രം മതി..

അത്രയേറെ നിന്നെ ഞാൻ മോഹിച്ചു പോയി എന്നും പറഞ്ഞു കൊണ്ട് ദിവാകരൻ മുതലാളി വാതിലിൽ മുട്ടി വിളിക്കുമ്പോൾ എല്ലാം കേട്ടു സഹിച്ചു കൊണ്ട് തന്റെ കുട്ടിക്ക് മടിയിൽ കിടത്തി പാൽ കൊടുക്കുക യായിരുന്നു ആനി.. “ഡി ആനി ഒന്ന് തുറക്കെടി എന്നും പറഞ്ഞു അയാൾ വീണ്ടും വീണ്ടും മുട്ടിയതോടെ ക്ഷമ നശിച്ചു കുഞ്ഞിനെ മടിയിൽ നിന്നും എടുത്തു മെല്ലെ കട്ടിലിൽ കിടത്തിയിട്ട് കട്ടിൽ കാലിനോട് ചേർന്നിരുന്ന വെട്ടുകത്തിയുമായി ചെന്ന് അവൾ വാതിൽ തുറന്നു.. “തനിക്കെന്താടോ വേണ്ടത്..?? ഇനിയും ഇവിടെ കിടന്നു വിളിച്ചോണ്ട് ഇരുന്നാൽ തന്റെ നാവ് ഞാൻ അരിയും എന്നും പറഞ്ഞവൾ കലിപൂണ്ട് നിന്നു..

” നീ ദേഷ്യപ്പെടല്ലേ ആനി.. ഒരുപാട് നാളത്തെ ഒരു മോഹമാണ്.. നീ ഒന്ന് സഹകരിച്ചാൽ ഞാൻ എന്ത് വേണമെങ്കിലും തരാം.. “പ്പാ ചെറ്റേ.. നീ എന്താണ് എന്നെക്കുറിച്ച് വിചാരിച്ചു വെച്ചേക്കുന്നത്..?? നീയൊക്കെ കാശ് കാണിച്ചു വിളിച്ചാൽ ഞാൻ മടിക്കുത്തു അഴിച്ചു കിടന്നു തരുമെന്നോ..?? അതിന് വേറെ ആളെ നോക്ക്.. “ഓ.. ഡി നീ വലിയ ശീലാവതി ഒന്നും ചമയണ്ട.. അകത്തു കിടക്കുന്ന ആ കൊച്ചു നിനക്കെങ്ങനെ ഉണ്ടായി എന്ന് ഞങ്ങൾ നാട്ടുകാർക്കൊക്കെ അറിയാം.. എവിടെ നിന്നോ വന്നവന് മുന്നിൽ തുണി അഴിച്ചു കിടന്നു കൊടുത്തു ഒക്കത്തു ഒരു കൊച്ചിനെയും വാങ്ങി കൂട്ടിയിട്ട് അവളിപ്പോൾ ഒരു ശീലാവതി ചമയുന്നു എന്ന് കൂടി കൂട്ടിച്ചേർത്തു കൊണ്ട് അയാൾ താഴെക്ക് കാർക്കിച്ചു തുപ്പി.. “അതേടോ ഞാൻ കിടന്നു കൊടുത്തിട്ടുണ്ട്.. ഒരേ ഒരുത്തന്റെ മുന്നിൽ…. ഞാൻ സ്നേഹിച്ചവന്റ മുന്നിൽ….

“ഹഹഹ എന്നിട്ട് ആ സ്നേഹിച്ചവൻ എവിടെ പോയെടി..?? പറയെടി.. എന്നും പറഞ്ഞുള്ള അയാളുടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി.. കാരണം വർഷം ഒന്നായിട്ടും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്.. “എന്താടി നിന്റെ നാവിറങ്ങി പോയോ..?? അവൻ അവന്റെ കാര്യം നടത്തി പൊടിയും തട്ടി പോയതാണ്.. ഇനി ഒരിക്കലും തിരിച്ചു വരാനും പോവുന്നില്ല.. വെറുതെ അവനെ ഓർത്തു നീ നിന്റെ ഈ സൗന്ദര്യം പാഴാക്കി കളയരുത് പെണ്ണേ.. നിനക്ക് സമ്മതം ആണെങ്കിൽ ഇനിയുള്ള കാലം വേണമെങ്കിൽ എന്റെ ഭാര്യയെ പോലെ നിനക്ക് കഴിയാം.. നിനക്ക് ഒരു കുറവും വരാതെ ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു കൊണ്ട്അ യാളെന്റെ തോളിൽ കൈവെച്ചു..

“ഇറങ്ങി പോടാ ചെറ്റേ ഇനിയും ഇവിടെ നിന്നാൽ നിന്റെ ശവമാകും നാളെ നാട്ടുകാർ കാണുക എന്നും പറഞ്ഞു കൊണ്ട് അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ അയാൾക്ക് നേരെ ഞാൻ വെട്ടുകത്തി വീശി.. പെട്ടെന്ന് പേടിയോടെ അയാൾ പിന്നിലേക്ക് മാറി.. “ഡി നീ ഇതിന് അനുഭവിക്കും.. നീ എന്റെ കൈയിൽ തന്നെ വരും കണ്ടോളു എന്നും പറഞ്ഞു ആക്രോശിച്ചു കൊണ്ട് മുറ്റത്തു കിടന്നിരുന്ന ജീപ്പിൽ കയറി അയാൾ പോയി.. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് .. ഞാൻ അകത്ത് കയറി വാതിലടച്ചു കൊച്ചിന് അരുകിലെത്തി.. അവന്റെ മുഖത്തേക്ക് നോക്കി.. നല്ല ഉറക്കത്തിലാണ്.. “എവിടാടാ മോനെ നിന്റെ അച്ഛൻ.. നിന്റെ അമ്മക്ക് ചുറ്റും ശരീരം കൊത്തിപ്പറിക്കാൻ വട്ടം കൂടിയ കഴുകൻമ്മാരാണ്.. അവരുടെ മുന്നിൽ എത്രകാലം ഇനിയും ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് അമ്മക്ക് അറിയില്ല മോനെ എന്നും പറഞ്ഞു കൊണ്ട് ഞാൻ വിങ്ങി പൊട്ടി…. കവിളുകളിൽ കണ്ണീരിന്റെ നനവ് പടർന്നു.. അപ്പോഴേക്കും ഓർമ്മകൾ മെല്ലെ പഴയ കാലത്തേക്ക് സഞ്ചരിച്ചു തുടങ്ങി…..

———————————————————

ഞാൻ ആനി…. കല്ലാറ്റൂർ ദേശത്തെ പ്രശസ്ത ക്രിസ്ത്യൻ കുടുംബമായ ചെത്തിമറ്റത്തിൽ സണ്ണിയുടെയും ലീനയുടെയും ഏക മകൾ.. ഒറ്റ മകളായത് കൊണ്ട് തന്നെ പപ്പയുടെയും മമ്മിയുടെയും ലാളനകൾ ഏറ്റുവാങ്ങി കുസൃതിയും കുറുമ്പും നിറഞ്ഞ കാന്താരിപ്പെണ്ണായി വളർന്നു വന്ന എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത മായിട്ടാണ് വിഷ്ണുവിന്റെ കടന്നു വരവ്.. ഞങ്ങളുടെ നാട്ടിലുള്ള കമ്പനിയിൽ പ്രൊമോഷൻ കിട്ടി മാനേജർ ആയി വന്നതായിരുന്നു വിഷ്ണു..

താടിയും മീശയും പാറി പറക്കുന്ന നീളൻ മുടിയും നെറ്റിയിൽ ചന്ദനവും ചാർത്തി ആരെയും മയക്കുന്ന കണ്ണുകളുമായുള്ള ഒരു സുന്ദരൻ.. മുടങ്ങാതെ ഉള്ള ഞായറാഴ്ച കുർബാനക്ക് വെളുപ്പിനെ ഉള്ള യാത്രക്ക് ഇടയിലാണ് വഴിയിൽ വെച്ച് വിഷ്ണുവിനെ ഞാൻ ആദ്യം കാണുന്നത്…. പള്ളിയിൽ നിന്നും കുറച്ചു മാറിയുള്ള അമ്പലത്തിൽ പോയിട്ട് വന്നതായിരുന്നു വിഷ്ണു…. ചുണ്ടിൽ ചെറു പുഞ്ചിരി സമ്മാനിച്ചു പോയ ആ മുഖം ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു…. പിന്നീടുള്ള ഓരോ ഞായറാഴ്ചകളിലും ഞങ്ങൾ കണ്ടുമുട്ടി തുടങ്ങി.. അതൊരു തുടക്കം ആയിരുന്നു.. എന്റെ കൗമാര സ്വപ്നങ്ങളിൽ പ്രണയം നിറയുന്നതിന്റെ തുടക്കം….. ഞായറാഴ്ചകളിൽ മാത്രം എന്നതിൽ നിന്നും മാറി പതിയെ എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങി…. മനഃപൂർവം കാണാൻ ഉള്ള വഴികൾ ഞാൻ ഒരുക്കി എന്ന് പറയുന്നതാവും ശെരി…. വിഷ്ണു ഇങ്ങോട്ട് കേറി മിണ്ടില്ല എന്ന് തോന്നിയതോടെ ക്ഷമ നശിച്ചു ഞാനായി തന്നെ അങ്ങോട്ട്‌ ചെന്ന് വിഷ്‌ണുവിനോട് മിണ്ടി തുടങ്ങി….. അധികം ഒന്നും മിണ്ടാതെ എപ്പോഴും ചുണ്ടിൽ ചിരി മാത്രം നിറച്ചു നിൽക്കുന്ന ആ മുഖം മനസ്സിലേക്ക് കൂടുതൽ ആഴത്തിൽ പതിഞ്ഞു കൊണ്ടിരുന്നു….. ജാതിയോ മതമോ ഒന്നും എനിക്ക് മുന്നിൽ തടസ്സങ്ങൾ ആയിരുന്നില്ല.. അതുകൊണ്ട് തന്നെ എന്റെ ഉള്ളിലെ പ്രണയം തഴച്ചു വളർന്നു.. പതിയെ ഞാനെന്റെ ഇഷ്ടം വിഷ്‌ണുവിനോട് തുറന്നു പറഞ്ഞതും വിഷ്ണു ആദ്യം ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്…. പക്ഷേ എന്റെ സ്നേഹത്തിന് മുന്നിൽ ഒടുവിൽ വിഷ്ണു തോൽവി സമ്മതിച്ചു.. അതോടെ ഞങ്ങളുടെ പ്രണയകാലം പൂവിടുകയായിരുന്നു…. ഗ്രാമത്തിലെ ഇടവഴികളും ആലും ആൽത്തറയും വയലും കുന്നും പുഴയുമൊക്ക ഞങ്ങളുടെ പ്രണയത്തിനു സാക്ഷികളായി മാറി…… അതോടെ വൈകാതെ തന്നെ ഞങ്ങളുടെ പ്രണയം ഗ്രാമത്തിൽ മുഴുവൻ പാട്ടായി തീർന്നു…. എല്ലാം അറിഞ്ഞു പപ്പയും മമ്മിയും എതിർപ്പിന്റെ ചുവപ്പ് കൊടി ഉയർത്തി പിടിച്ചെങ്കിലും എന്റെ വാശിക്ക് മുന്നിൽ അവർക്ക് അടിയറവു പറയേണ്ടി വന്നു.. നിരാഹാരവും ആത്മഹത്യാ ഭീഷണിയും മുഴക്കി ഞാൻ അവരുടെ അടുത്ത് നിന്നും പച്ചക്കൊടി നേടി എടുത്തു എന്ന് തന്നെ പറയാം….. ഈ വിവരം അറിഞ്ഞു എന്നേക്കാൾ ഏറെ സന്തോഷിച്ചത് വിഷ്ണു തന്നെ ആയിരുന്നു.. പപ്പയും മമ്മിയും സമ്മതിച്ചു എന്ന് അറിഞ്ഞതോടെ തന്റെ വീട്ടുകാരുടെ സമ്മതം വാങ്ങി അവരുമായി വരാം എന്ന് പറഞ്ഞു എന്നോട് യാത്ര പറഞ്ഞു പോയ വിഷ്ണു പിന്നീട് ഇത്രയും കാലം ആയിട്ടും മടങ്ങി വന്നില്ല…. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടു നാളുകൾ തള്ളി നീക്കുന്നതിനിടയിൽ ആണ് എന്റെ ഉദരത്തിൽ ഞങ്ങളുടെ പ്രണയത്തിന്റെ അവശേഷിപ്പ് ജീവൻ വെച്ച് തുടങ്ങി എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്…. അതോടെ പപ്പയും മമ്മിയും ഞാനും കൂടി അന്വേഷിച്ചു പോയെങ്കിലും വിഷ്ണുവിനെയോ വിഷ്ണുവിന്റെ കുടുംബത്തെയോ കണ്ടെത്താൻ കഴിഞ്ഞില്ല…. അവരെങ്ങോട്ടോ താമസം മാറി പോയി എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്….. അതോടെ നാട് മുഴുവൻ അവനെന്നെ ചതിച്ചു കടന്നു കളഞ്ഞെന്നുള്ള തരത്തിൽ വാർത്ത പരന്നു.. ഞാൻ ഗർഭിണി ആയ കാര്യം കൂടി പുറത്തായത്തോടെ പിഴച്ചവൾ എന്ന പേരെനിക്ക് വീണു…. ആളുകൾ പല കഥകളും മെനഞ്ഞുണ്ടാക്കി….. പപ്പയും മമ്മിയും ഗർഭം അലസ്സിപ്പിക്കാൻ എന്നോട് പലവട്ടം നിർബന്ധിച്ചെങ്കിലും ഞാൻ അതിന് വഴങ്ങിയില്ല….. എന്തൊക്ക സംഭവിച്ചാലും ഈ കുട്ടിയെ ഞാൻ പ്രസവിച്ചു വളർത്തും എന്നും.. വിഷ്ണു എന്നെ തേടി തിരിച്ചു വരും എന്നും പറഞ്ഞു ഞാൻ വാശി കാട്ടിയപ്പോൾ അവരെന്റെ വാശിക്ക് മുന്നിൽ വീണ്ടും കീഴടങ്ങി.. പക്ഷേ അതിന്റെ പേരിൽ എനിക്ക് ഉണ്ടായ നഷ്ടം വളരെ വലുതായിരുന്നു….. എനിക്കെന്റെ പപ്പയെയും മമ്മിയെയും എന്നുന്നേ ക്കുമായി നഷ്ടമായി…. പിഴച്ച മകളെ പറ്റിയുള്ള ആളുകളുടെ കുത്തു വാക്കുകളും കഥകളും കേട്ട് നെഞ്ച് പൊട്ടിയാണ് അവർ മരിച്ചത്….. അവരുടെ മരണം ഗർഭിണി ആയിരുന്ന എന്നെ ആകെ തളർത്തി കളഞ്ഞെങ്കിലും എന്നെങ്കിലും ഒരിക്കൽ വിഷ്ണു എന്നെ തേടിയെത്തും എന്ന പ്രതീക്ഷ ഞാൻ കൈവിട്ടിരുന്നില്ല….. അതുകൊണ്ട് തന്നെ എല്ലാ വേദനകളും പരിഹാസങ്ങളും സഹിച്ചു ഞാൻ എന്റെ കുഞ്ഞിന് ജന്മം നൽകി…. ആ കുഞ്ഞു മുഖം ആയിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്… അച്ഛനും അമ്മയും ഇല്ലാതെ ആരും തിരിഞ്ഞു നിക്കാനില്ലാതെ കൈക്കുഞ്ഞുമായി ഒറ്റക്ക് ജീവിക്കേണ്ടി വന്ന ഒരു പെണ്ണിന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ ആവാത്തത് ആയിരുന്നു…. ഗ്രാമത്തിലെ പകൽ മാന്യരായ കഴുകന്മാരെ രാത്രി കാലങ്ങളിൽ എനിക്ക് നേരിടേണ്ടി വന്നു …. അതിൽ പ്രധാനിയായിരുന്നു ദിവാകരൻ മുതലാളി…. എന്റെ ശരീരത്തിന് വില പറഞ്ഞുള്ള മുട്ടി വിളികളും മറ്റുമില്ലാതെ പേടിയോടെ അല്ലാതെ ഒരു രാത്രി പോലും കഴിഞ്ഞു കൂടാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…. സൗന്ദര്യം ശാപമാണെന്ന് തോന്നിയ ദിവസങ്ങൾ തന്നെ ആയിരുന്നു എന്റെ ജീവിതത്തിൽ…. കണ്ണീരിൽ കുതിർന്ന ദിനരാത്രങ്ങൾ കടന്ന് പോയി കൊണ്ടേയിരുന്നു …. എല്ലാത്തിനും കാരണക്കാരൻ എന്ന് നാട്ടുകാർ വിശേഷിപ്പിച്ച വിഷ്ണുവിനെ എനിക്ക് അപ്പോഴും വെറുക്കാൻ കഴിഞ്ഞിരുന്നില്ല…. “മരണത്തിന് അല്ലാതെ മറ്റൊരു ശക്തിക്കും നമ്മളെ വേർപ്പെടുത്താൻ കഴിയില്ല.. മരിച്ചാലും ഒരു നിഴൽ പോലെ നിന്നരുകിൽ ഞാൻ ഉണ്ടാവും പെണ്ണെ.. ” എന്നുള്ള വിഷ്ണുവിന്റെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു…. ഒരു പക്ഷേ ഇനി വിഷ്ണുവിന് എന്തെങ്കിലും ആപത്തു പറ്റിയിട്ടുണ്ടാവുമോ..?? “എന്റെ ഇശോയെ അങ്ങനെ ഒന്നും ഉണ്ടാവരുതേ.. വിഷ്ണുവിനെ എത്രയും പെട്ടെന്നു എന്റെ അരുകിൽ എത്തിക്കണേ എന്ന് ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ട് നേരം വെളുപ്പിച്ചു…. നേരം പുലർന്നതും എഴുന്നേൽക്കും മുൻപ് കുഞ്ഞിന് നെറ്റി തടത്തിൽ കൊടുക്കാറുള്ള പതിവ് ചുംബനം നൽകിയപ്പോൾ ആണ് കുഞ്ഞിന്റെ ദേഹം ചുട്ടു പൊള്ളുന്നത് അറിഞ്ഞത്….. വിളിച്ചിട്ടും പതിവ് കരച്ചിലും അനക്കവും ഒന്നും കുട്ടിക്ക് ഇല്ലെന്ന് കണ്ടതോടെ എനിക്ക് ആകെ പേടിയായി…. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചു നിന്നു…. കണ്ണുകൾ നിറഞ്ഞൊഴുകി ശ്വാസം കിട്ടാത്ത അവസ്ഥ യായിരുന്നു എനിക്കപ്പോൾ…. സഹായത്തിനു ആരും വരില്ല എന്ന തിരിച്ചറിവ് ആയിരിക്കും പെട്ടെന്ന് തന്നെ എന്റെ മനസ്സിന് ശക്തി പകർന്നു തന്നു….. പിന്നെ ഒട്ടും താമസിച്ചില്ല കുഞ്ഞിനേയും വാരിയെടുത്തു നെഞ്ചോട് അടക്കി പിടിച്ചു കൊണ്ട് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ഓടി തുടങ്ങി…… അതിനിടയിൽ വഴിയിൽ വെച്ച് കണ്ട ഓട്ടോയിൽ കയറി ഞാൻ ടൗണിലുള്ള ഹോസ്പിറ്റലിൽ എത്തിച്ചേർന്നു….. ജീവിതത്തിൽ ഞാൻ ഏറ്റവും അധികം ഭയന്നു പോയ നിമിഷമായിരുന്നു അത്….. എന്റെ കുഞ്ഞു എന്നൊരു ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിലപ്പോൾ….. ശരീരമാകെ ഒരു വിറയലോടെ നിൽക്കുമ്പോൾ ആയിരുന്നു ഈ മരുന്ന് പുറത്തു പോയി വാങ്ങി കൊണ്ട് വരണം എന്നും പറഞ്ഞ് മരുന്നിന്റെ ചീട്ട് നേഴ്സ് എന്നെ ഏല്പിച്ചത്….. കേട്ടപാതി ഞാൻ വേഗം തന്നെ ആശുപത്രിയിൽ നിന്നും ഇറങ്ങി നടന്നു റോഡ് ക്രോസ്സ് ചെയ്തു അടുത്ത് കണ്ട മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നും വാങ്ങി തിരികെ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുമ്പോൾ ആണ് എന്റെ കണ്ണുകളിൽ ആ രൂപം പതിഞ്ഞത്…. മുണ്ടുടുത്തു കറുപ്പ് ഷർട്ടും അണിഞ്ഞു കൊണ്ട് എന്റെ എതിർ ദിശയിൽ റോഡ് ക്രോസ്സ് ചെയ്യാനായി വിഷ്ണു നിൽക്കുന്നു…. എന്റെ കണ്ണുകൾ വിടർന്നു.. ആ സമയത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തത് ആയിരുന്നു….. ഒരൊറ്റ ഓട്ടത്തിന് വിഷ്ണുവിന്റെ അടുത്തെത്താൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു…. പെട്ടെന്ന് തന്നെ റോഡ് ക്രോസ്സ് ചെയ്തു വിഷ്ണു എന്റെ അടുത്ത് എത്തി എന്നെ ഒന്നു നോക്കിയിട്ട് കണ്ടിട്ടും കാണാത്ത ഭാവത്തിൽ എന്ന പോലെ ഒഴിഞ്ഞു മാറി നടന്നു നീങ്ങുന്നതും നോക്കി ഞാൻ ഒരു നിമിഷം പകച്ചു നിന്നു…..

**

വിഷ്ണുവിന് ഇതെന്തുപറ്റി..?? എന്തിനാണ് എന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ പോയത്..?? ഇനി എന്നെ മനസ്സിലായി കാണില്ലേ..?? എന്റെ മനസ്സിൽ അങ്ങനെ പല ചോദ്യങ്ങളും ഉയർന്നു വന്നതോടെ ഞാൻ വേഗം വിഷ്ണുവിന്റെ പിന്നാലെ ഓടി ചെന്നു.. “വിഷ്ണു ഏട്ടാ.. ഏട്ടൻ എന്താ എന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ പോയത്..?? ഇത്രയും കാലം എവിടെ ആയിരുന്നു..?? എന്താ എന്റെ അടുത്ത് വരാതെ ഇരുന്നത്..?? എന്റെ ചോദ്യങ്ങൾ കേട്ടു ഒന്നും മനസ്സിലാവാത്ത മട്ടിൽ വിഷ്ണു എന്നെ നോക്കി അന്തം വിട്ടു നിന്നു….. “എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത് എന്നെ മനസ്സിലായില്ലേ ഞാനാ ആനി.. “ഏത് ആനി..?? ഏത് വിഷ്ണു..?? പെങ്ങൾക്ക് ആൾ മാറി പോയതാവും ..?? എന്റെ പേര് ഹരിയെന്നാണ്.. “ദേ ഏട്ടാ തമാശ പറയാനുള്ള നേരമല്ലിത്.. നമ്മുടെ കുട്ടി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.. വാ കാണാം എന്നും പറഞ്ഞു ഞാൻ വിഷ്ണുവിന്റെ കൈയിൽ പിടിച്ചതും വിഷ്ണു കൈ ഉതറിച്ചു…. “ഹേ നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്..?? നമ്മുടെ കുട്ടിയോ..?? നിങ്ങൾക്ക് എന്താ ഭ്രാന്താണോ..?? എന്ന് ചോദിച്ചു കൊണ്ട് അയാൾ ദേഷ്യപ്പെട്ടു.. അപ്പോഴേക്കും നീല ചുരിദാർ അണിഞ്ഞൊരു കുട്ടി ഞങ്ങൾക്ക് ഇടയിലേക്ക് വന്നു…. “എന്താ ഹരിയേട്ടാ പ്രശ്നം..?? ഏതാണ് ഈ പെണ്ണ്..?? “എനിക്ക് അറിയില്ലെടി.. വട്ടാണെന്ന് തോന്നുന്നു.. ഞാൻ ഏതോ വിഷ്ണു ആണത്രേ…. അത് കേട്ടതും ആനിക്ക് ദേഷ്യം വന്നു.. “ഹരിയേട്ടനോ?? ഏത് ഹരിയേട്ടൻ..??ഇതെന്റെ വിഷ്ണുവേട്ടൻ ആണ്.. ഏട്ടാ സത്യം പറ ഏട്ടനെന്നെ മനസ്സിലായില്ലേ…. ഞാൻ ആനിയാണ്.. കല്ലാറ്റൂർ ദേശത്തെ ചെത്തിമറ്റം തറവാട്ടിലെ ആനി…. ഏട്ടന്റെ ആനി.. “എന്റെ പൊന്നു പെങ്ങളെ എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞില്ലേ…. ഞാൻ ഹരിയാണ് വിഷ്ണുവല്ല.. “ഹരിയോ..? എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ കള്ളം പറയുന്നത്.. എനിക്കെന്റെ വിഷ്ണുവേട്ടനെ കണ്ടാൽ മനസ്സിലാവും.. “അതേ ചേച്ചി നിങ്ങൾക്ക് ആള് മാറി പോയതാണ്.. ഇത് എന്റെ ഹരിയേട്ടൻ ആണ്.. രണ്ടു വർഷമായുള്ള പ്രണയത്തിനൊടുവിൽ ഇപ്പോൾ ഒരു വിധത്തിൽ വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുവാണ്.. അതിനിടയിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ല.. അതുമതി കല്യാണം മുടങ്ങാൻ.. “ഓഹോ അപ്പോൾ അതാണല്ലേ കാര്യം…… ഇങ്ങനെ ഒരുത്തിയെ പ്രണയിച്ചു കൊണ്ടിരുന്നതിന് ഇടയിലാണ് നിങ്ങൾ എന്നെയും പ്രണയം നടിച്ചു വഞ്ചിച്ചത്…. കൊള്ളാം ഏട്ടാ നാട്ടുകാർ പലതും പറഞ്ഞിട്ടും നിങ്ങളെ ഞാൻ വിശ്വസിച്ചു.. നിങ്ങളുടെ കുഞ്ഞിനെ നൊന്തു പ്രസവിച്ചു ചീത്തപ്പേരും വാങ്ങി കൂട്ടി ഇക്കാലമത്രയും നിങ്ങളെ സ്നേഹിച്ചു നിങ്ങൾക്ക് വേണ്ടി കാത്തിരുന്ന ഞാൻ വിഡ്ഢിയായി പോയി ….. അറിയുമോ നിങ്ങൾ ഒരാൾ കാരണം എനിക്കെന്റെ അച്ഛനെയും അമ്മയെയും പോലും നഷ്ടമായി…. “എന്റെ പെങ്ങളെ നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്..?? ഞാൻ എത്രവട്ടമായി പറയുന്നു ഞാൻ വിഷ്ണുവല്ല.. ഹരിയാണെന്ന്….. മാത്രമല്ല എനിക്ക് നിങ്ങളെ അറിയില്ല….. “നിർത്തെടാ ദുഷ്ടാ പ്രണയം നടിച്ചെന്നെ വഞ്ചിച്ചിട്ട് പിന്നെയും എന്റെ മുന്നിൽ കിടന്നു നാടകം കളിക്കുന്നോ..?? എന്നും ചോദിച്ചു കൊണ്ട് ഞാൻ അവന്റെ കോളറിൽ പിടിച്ചു ഉലച്ചു…. എന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുക ആയിരുന്നു…… “ഹേ നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്….?? എന്റെ ഷർട്ടിൽ നിന്നും വിട്…. “ചേച്ചി എന്താ ഈ കാണിക്കുന്നത്..?? നിങ്ങൾക്ക് ആളുമാറിയത് ആവും എന്നും പറഞ്ഞു ആ പെൺകുട്ടിയും ഇടക്ക് കേറി.. അതോടെ അതുവഴി നടന്നു വന്ന ആളുകൾ എന്താണ് കാര്യം എന്നും ചോദിച്ചു കൊണ്ട് ഞങ്ങൾക്ക് ചുറ്റും വട്ടം കൂടി…. “എന്റെ പൊന്നു ചേട്ടന്മാരെ ഇതേതോ വട്ട് കേസ് ആണെന്ന് തോന്നുന്നു….. വിഷ്ണുവെന്നോ കുട്ടിയെന്നോ എന്നൊക്കെ പറഞ്ഞു വെറുതെ വന്നു ശല്യം ചെയ്യുവാ…. “എന്താ പെങ്ങളെ ഇത്.. പെങ്ങൾ എവിടുന്നാണ്….?? പെങ്ങൾക്ക് ഇയാളെ അറിയാമോ..?? ഞങ്ങളോട് പറ…. എന്ത് തന്നെ ആയാലും നമുക്ക് പരിഹാരം ഉണ്ടാക്കാം എന്ന് കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു…. “ഇല്ല എനിക്ക് ഇയാളെ അറിയില്ല.. എനിക്ക് ആള് മാറിയതാണ് എന്നു പറയുമ്പോൾ എന്റെ വാക്കുകൾ പതറു ന്നുണ്ടായിരുന്നു….. പതിയെ കണ്ണീർ തുടച്ചു കൊണ്ട് കൈയിൽ നിന്നും താഴെ വീണ മരുന്നും എടുത്തു കൊണ്ടു അവിടെ നിന്നും ഞാൻ നടന്നു നീങ്ങി.. ചതിക്കപ്പെടു വായിരുന്നു എന്ന ചിന്തയിൽ ഉള്ളു നീറുന്ന വേദനയോടെ ഞാൻ ആശുപത്രയിൽ എത്തി…..

———————————————————

അന്ന് രാത്രി കിടന്നിട്ട് ഹരിക്ക് ഉറക്കം വന്നതേയില്ല.. കണ്ണുകൾ അടക്കുമ്പോളൊക്ക ആ പെണ്ണിന്റെ കണ്ണീർ വാർക്കുന്ന മുഖമാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്…. അവൾ ആരായിരിക്കും..?? എന്തിനാണ് അവളെന്നെ വിഷ്ണു എന്ന് വിളിച്ചത്..?? ഇനി ശെരിക്കും അവൾ ഭ്രാന്തി തന്നെ ആയിരിക്കുമോ..? ഒന്നും മനസ്സിലാവു ന്നില്ലല്ലോ..?? അവളെ കണ്ടത് മുതൽ മനസ്സിന് ആണെങ്കിൽ എന്തോ ഒരു സമാധാനക്കേട് പോലെ.. ഹരി വേഗം തന്റെ ഫോൺ എടുത്തു മീനുവിനെ വിളിച്ചു.. “എന്താ ഹരിയേട്ടാ ഈ നേരത്ത്.. ഉറങ്ങിയില്ലേ..?? എന്തുപറ്റി..?? “ഹേ ഒന്നുമില്ലെടി കണ്ണടക്കുമ്പോൾ ഒക്കെ ഇന്ന് കണ്ട ആ പെണ്ണിന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്.. “ഡാ ദുഷ്ടാ നിങ്ങളപ്പോൾ ആ പെണ്ണിനെ ഓർത്തോണ്ട് ഇരിക്കുവാണോ..?? “ഡി തമാശ അല്ല.. അവളെ കണ്ടത് മുതൽ എന്ത് കൊണ്ട് ആണെന്നറിയില്ല നെഞ്ചിലൊരു പിട പിടപ്പാണ്…. “ങേ അതെന്താ ഇപ്പോൾ അങ്ങനെ…. ഏട്ടാ….ഏട്ടൻ ശെരിക്കും ഒന്ന് ഓർത്തു നോക്കിക്കേ ആ പെണ്ണിനെ ഇതിന് മുൻപ് എവിടെ എങ്കിലും വെച്ചു കണ്ടിട്ടുണ്ടോയെന്ന്..??

“ഓ എനിക്ക് അറിയില്ല ആ പെണ്ണിനെ എന്ന് ഒരു നൂറു വട്ടം ഞാൻ പറഞ്ഞതല്ലേ.. നിനക്കും എന്നെ വിശ്വാസം ഇല്ലേ..?? “ഹേ അതല്ല ഏട്ടാ.. ആ പെണ്ണിനെ കണ്ടിട്ട് എനിക്കെന്തോ അവൾക്ക് ഭ്രാന്തുള്ളതായി തോന്നിയില്ല …. “നീ പറഞ്ഞത് ശെരിയാണ് എനിക്കും അങ്ങനെ തോന്നി…. “ഏട്ടാ ഇനി അന്ന് നടന്ന ശസ്ത്രക്രിയക്ക് ശേഷം മരുന്നിന്റെ സൈഡ് എഫക്ട് കൊണ്ടോ മറ്റോ ഏട്ടന് പഴയത് പലതും ഓർക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞി രുന്നില്ലേ…. ഇനി ഒരുപക്ഷെ അങ്ങനെ മറന്നത് ആണെങ്കിലോ….. “ഒന്ന് പോയെടി അവിടുന്ന്.. ഞാൻ ഒരു പെണ്ണിനെയെ സ്നേഹിച്ചിട്ടുള്ളു അത് നീയാണ്….. പിന്നെ ആ പെണ്ണ് പറഞ്ഞത് വിഷ്ണു എന്നല്ലേ.. ഞാൻ ഹരിയല്ലേടി കോപ്പേ.. “ഹോ അതാണ് ഹരിയേട്ടാ എനിക്കും മനസ്സിലാവാത്തത് .. എന്തായാലും നമുക്ക് ആ പെണ്ണിനെ നാളെ നേരിട്ട് പോയൊന്നു കണ്ടാലോ..

“ഞാൻ ഇത് നിന്നോട് പറയാൻ വരുവായിരുന്നു…. നമുക്ക് പോവണം.. അവളെ കാണണം.. എനിക്ക് ഇതിന്റെ സത്യാവസ്ഥ അറിയണം എന്നും പറഞ്ഞു കൊണ്ട് ഹരി കോൾ കട്ട്‌ ആക്കി…… ഓർക്കാൻ ശ്രമിച്ചിട്ടും ഓർമ്മയിൽ എങ്ങും ആ മുഖം ഇതിന് മുൻപ് കണ്ടതായി തോന്നുന്നില്ലല്ലോ ഈശ്വരാ….. എന്നും പറഞ്ഞു കൊണ്ട് ഹരി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധം നേരം വെളുപ്പിച്ചു….

പുലർച്ചെ തന്നെ റെഡിയായി മീനുവുമായി ആ പെണ്ണിനെ കാണാനായി ഹോസ്പിറ്റലിൽ ചെന്നതും ഡിസ്ചാർജ് വാങ്ങി കുട്ടിയുമായി ഇന്നലെ തന്നെ ആ പെണ്ണ് അവിടെ നിന്നും പോയി എന്നാണ് അറിയാൻ കഴിഞ്ഞത്….. എന്തായാലും ആ പെണ്ണിനെ കണ്ടേ പറ്റൂ.. അതുകൊണ്ട് അവൾ പറഞ്ഞ കല്ലാറ്റൂർ ദേശത്തേക്ക് പോവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു…. വഴിയിൽ കണ്ട പലരോടും വഴി ചോദിച്ചു ഒരുവിധം അവിടെ കല്ലാറ്റൂർ ദേശത്ത് എത്തിയതും ഹരിയെ കണ്ട് ആളുകൾ എല്ലാം അവന്റെ നേർക്ക് പാഞ്ഞെത്തി….. “ഒരു പെണ്ണിനെ നശിപ്പിച്ചു കടന്നു കളഞ്ഞിട്ട് നീ വീണ്ടും വന്നോ എന്നും പറഞ്ഞു കൊണ്ട് അവർ ഹരിയെ തല്ലാനായി ഒരുങ്ങിയതും മീനു ഇടയിലേക്ക് കേറി.. “ചേട്ടന്മാരെ ഇത് നിങ്ങൾ ഉദ്ദേശിക്കുമ്പോലെ വിഷ്ണു അല്ല ഹരിയാണ്.. “ഹരിയോ..??

“അതേ ഹരി.. “ഒന്ന് വെറുതെ ഇരിക്ക്‌ കൊച്ചേ ഇത് വിഷ്ണു ആണ്.. “അല്ല ചേട്ടാ ഇത് ഹരിയാണ്.. “ഹരി..?? പക്ഷേ ഇയാളെ കണ്ടാൽ വിഷ്ണുവിനെ പോലെ തന്നെ ആണ്.. ഒരേ പോലെ തന്നെ ഇരിക്കുന്നു…. “മ്മ്മം..ഞങ്ങൾ ഇവിടെ ഒരു ആനിയുടെ വീട് അന്വേഷിച്ചു വന്നതാണ്…. “ഓ ചെത്തിമറ്റത്തെ ആനി ആയിരിക്കും അല്ലേ ..?? ദേ ഇവിടുന്ന് തിരിഞ്ഞാൽ നാലാമത്തെ വീട് എന്നും പറഞ്ഞവർ പിന്തിരിഞ്ഞു പോയി….. അവർ പറഞ്ഞത് അനുസരിച്ചു നടന്നു ഞങ്ങൾ ചെത്തിമറ്റം തറവാട്ടിൽ എത്തി ചേർന്നു…. കുറച്ചു നേരമായി വാതിൽ മുട്ടിയിട്ടും ആരും തുറക്കാത്തത് കൊണ്ട് വീടിന് ചുറ്റും നടന്നു ഒടുവിൽ ഒരു മുറിയുടെ പുറത്തെ ജനലഴികളിൽ കൂടി നോക്കിയ ഹരി കണ്ടത് കണ്ണീരോടെ വിഷ കുപ്പിയുമായി ഇരിക്കുന്ന ആനിയെയാണ്…. “ആനി.. എന്നവൻ വിളിച്ചതും അവൾ ഒരു ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി.. “ആനി.. എന്താ ഈ കാണിക്കുന്നത് വാതിൽ തുറക്ക് എനിക്ക് സംസാരിക്കണം എന്നും പറഞ്ഞവൻ അവിടെ നിന്നും ഉമ്മറത്തേക്ക് വന്നു….

“എന്താണ് നിങ്ങൾക്ക് വേണ്ടത്..?? എന്തിനാണ് എന്നെ തേടി വന്നത് എന്നും ചോദിച്ചു കൊണ്ട് വാതിൽ തുറന്നു കുട്ടിയേയും കൈയിലെടുത്തു കൊണ്ട് അപ്പോഴേക്കും ആനി ഉമ്മറത്തേക്ക് വന്നു….. “ആനി നീ എന്ത് വിഡ്ഢിത്തരം ആണ് ഈ കാണിക്കാൻ പോയത്.. നിനക്ക് ഇത്രക്ക് വിവരം ഇല്ലേ..?? “പിന്നെ ഞാൻ എന്ത് ചെയ്യണം.. മടുത്തു ഈ ജീവിതം.. ഇനി എന്തിന് വേണ്ടി.. ആർക്ക് വേണ്ടി ജീവിക്കണം..?? “ആനി നീ സമാധാനപ്പെട്.. നമുക്ക് പരിഹാരം ഉണ്ടാക്കാം.. ഞങ്ങൾക്ക് അന്ന് നീ പറഞ്ഞതിന്റെ സത്യാവസ്ഥ അറിയണം.. അതിന് വേണ്ടിയാണ് ഞങ്ങൾ വന്നത്…. “ഓ അതറിഞ്ഞിട്ട് ഇപ്പോൾ എന്തിനാണ്..?? എന്നെ കുത്തി നോവിക്കാനോ ..?? “അതുപിന്നെ ഇപ്പോഴും ഞങ്ങൾക്ക് ഒന്നും വ്യക്തമാവുന്നില്ല.. ഒന്നും മനസ്സിലാവുന്നുമില്ല….

വിഷ്‌ണുവിനും ആനിക്കും ഇടയിൽ എന്താണ് സംഭവിച്ചത്..?? “നിങ്ങൾ എന്റെ സമാധാനം കളയാതെ ഇവിടെ നിന്നും ഒന്നു പോയി തരുമോ.. എനിക്ക് ഒന്നും പറയാനില്ല….. “അങ്ങനെ പറയരുത് ആനി.. ഞാൻ തന്നോട് പറഞ്ഞത് സത്യമാണ് ഞാൻ വിഷ്ണുവല്ല ഹരിയാണ്…. എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞതും സത്യമാണ്…. പക്ഷേ നിങ്ങൾ അന്ന് പറഞ്ഞത് കേട്ടപ്പോൾ മുതൽ എന്റെ നെഞ്ചിൽ എന്തോ വല്ലാത്തൊരു ഒരു പട പടപ്പ് .. അതുകൊണ്ട് നിങ്ങളെ നേരിട്ട് കണ്ടു സത്യം അറിയണം എന്നെനിക്ക് തോന്നി.. അങ്ങനെ വന്നതാണ്..

“ചേച്ചി ഒന്ന് പറ ചേച്ചി ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് എനിക്കും ആഗ്രഹം ഉണ്ടെന്ന് മീനു കൂടി പറഞ്ഞതോടെ അൽപ്പ സമയം മൗനമായി നിന്ന ശേഷം ആനി തന്റെ മനസ്സ് തുറന്നു സംസാരിച്ചു തുടങ്ങി…. പതിയെ പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി.. എല്ലാം കേട്ടിരുന്ന മീനുവിന്റെയും ഹരിയുടെയും കണ്ണുകളും അപ്പോഴേക്കും നിറഞ്ഞു തുടങ്ങിയിരുന്നു.. അതിനിടയിൽ വിഷ്ണുവും ഒത്തു എടുത്തിരുന്നു ഫോട്ടോ ആനി ഹരിയുടെ കൈയിലേക്ക് കൊടുത്തു.. ഫോട്ടോയിലേക്ക് നോക്കി ഒരു നിമിഷം ഹരിയും മീനുവും ഞെട്ടി തരിച്ചു ഇരുന്നു പോയി.. ഇത് ഞാൻ തന്നെ ആണോ എന്ന് പോലും ഹരി ആ ഒരു നിമിഷം സംശയിച്ചു പോയി…. പതിയെ ഹരിയുടെ മുഖഭാവം മാറി.. “എന്താ ഇപ്പോൾ നിങ്ങൾക്ക് വിശ്വാസം ആയോ എന്ന് ആനി ചോദിച്ചതും ഹരിപെട്ടെന്ന് ചാടി എഴുന്നേറ്റു….. “എന്താ ഹരിയേട്ടാ എന്തുപറ്റി..?? “ഒന്നുല്ല മീനു.. എനിക്കിപ്പോൾ ഒരു കാര്യം മനസ്സിലായി എത്രയും പെട്ടെന്ന് നമുക്ക് ഒരിടം വരെ പോണം.. ആനി നീയും ഞങ്ങൾക്കൊപ്പം വരണം…. “എങ്ങോട്ട്..??

“അതൊക്ക പറയാം നിനക്ക് നിന്റെ വിഷ്ണുവിനെ കാണണം എങ്കിൽ എനിക്കൊപ്പം വാ എന്നും പറഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങിയതും മീനുവും ആനിയും കൊച്ചുമായി പിന്നാലെ ഇറങ്ങി നടന്നു ചെന്നവർ കാറിൽ കേറി യാത്ര തുടങ്ങി…… കാർ ടൗണിലെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് നിർത്തിയിട്ട് ഇപ്പോൾ വരാമെന്നു പറഞ്ഞു ഹരി കാറിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റലിന് ഉള്ളിലേക്ക് പോയി…. അതോടെ ആനിയുടെ മനസ്സിലാകെ ടെൻഷൻ നിറഞ്ഞു.. എന്തൊക്കെയാണ് തനിക്ക് ചുറ്റും നടക്കുന്നത്..?? വിഷ്ണുവിനെ പോലെ ഒരാൾ വരിക, വിഷ്ണുവിനെ കാണിച്ചു തരാമെന്ന് പറയുക.. ഒന്നും മനസ്സിലാവു ന്നില്ലല്ലോ കർത്താവെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്ന പ്പോളേക്കും ഹരി തിരികെ എത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. “എന്താ ഹരി ഇവിടെ.. വിഷ്ണു എവിടെ..?? “ഒക്കെ പറയാം നമുക്ക് ഒരിടം വരെ പോവാനുണ്ട് എന്ന് പറയുമ്പോൾ ഹരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നു ണ്ടായിരുന്നു…. വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പോയി.. പോവും വഴി ഇടക്ക് വണ്ടി നിർത്തി ഏതോ തറവാട്ടിലേക്കുള്ള വഴി ഹരി ചോദിക്കുന്നതും കണ്ടു…. അങ്ങനെ കുറെ ദൂരം പിന്നിട്ടു വൈകുന്നേരത്തോടെ കാർ ഒരു പഴയ തറവാടിന്റെ മുറ്റത്തു കൊണ്ട് ചെന്നു നിർത്തി….

ഹരിയും മീനുവും ഞാനും കൂടി പുറത്തേക്ക് ഇറങ്ങി…. കൊച്ചിനെ ഞാൻ കൈയിൽ എടുത്തു പിടിച്ചിരുന്നു….. പെട്ടെന്ന് അകത്തു നിന്നും ഒരമ്മ മോനെ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു…… അവർ ഹരിയെ കെട്ടിപിടിച്ചു പിന്നെ കവിളത്തും നെറ്റിയിലും തെരു തെരെ ചുംബിച്ചു കൊണ്ടിരുന്നു…. ഒന്നും മനസ്സിലാവാതെ ഞാനും മീനുവും പരസ്പരം നോക്കി…. അപ്പോഴേക്കും അകത്തു നിന്നും പ്രായമായ ഒരാൾ ഇറങ്ങി വന്നു ഹരിയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് കണ്ടു…..

“മാധവേട്ട ദേ നമ്മുടെ മോൻ.. വിഷ്ണു.. “പദ്മിനി അത് വിഷ്ണുവല്ല.. “അതേ ഇത് നമ്മുടെ മോൻ വിഷ്ണു തന്നെ ആണ്.. പറ മോനെ നീ എന്റെ വിച്ചു അല്ലേ എന്നും ചോദിച്ചു കൊണ്ട് ആ അമ്മ കരഞ്ഞു തുടങ്ങി.. “അമ്മേ ഞാൻ വിഷ്ണുവല്ല.. ഹരിയാണ്.. വിഷ്ണുവിന്റെ ഇരട്ട സഹോദരൻ.. ഹരി അത് പറയുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു ഞെട്ടലോടെ ഹരിയെ നോക്കി.. “ഞാൻ പറഞ്ഞത് സത്യമാണ്.. വിഷ്ണുവും ഞാനും ഇരട്ടകൾ ആണ്…. പ്രസവിച്ച പാടെ ഞങ്ങളെ ആരോ അനാഥാലയത്തിൽ കൊണ്ട് ചെന്നു ഇട്ടിട്ടു പോയതാണ്…. അവർ ആരാണെന്നോ എവിടെ ഉള്ളത് ആണെന്നോ അറിയില്ല.. അവിടെ വളരുന്നതിന് ഇടയിലാണ് കൈകുഞ്ഞു ആയിരുന്ന വിഷ്‌ണുവിനെ ഇവർ ദത്തെടുത്തു കൊണ്ടു പോന്നത്….

വൈകാതെ തന്നെ എന്നെയും ദത്തെടുക്കാൻ ആൾ വന്നു.. അങ്ങനെ അന്ന് പരസ്പരം പിരിഞ്ഞവർ ആണ് ഞങ്ങൾ…… ഈ കഥ ഈ ഇടക്ക് ആണ് അച്ഛനും അമ്മയും എന്നോട് പറഞ്ഞത് അതുവരെ തങ്ങൾക്ക് ജനിച്ച കുട്ടിയെ പോലെ ഒരു കുറവും വരുത്താതെ ആണവർ എന്നെ വളർത്തിയത്…. എന്നാലും ഇതറിഞ്ഞപ്പോൾ എന്റെ കൂടെപ്പിറപ്പിനെ ഒന്ന് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു.. അങ്ങനെ അനാഥാലയത്തിൽ ചെന്നു അഡ്രെസ്സ് വാങ്ങി അന്വേഷിച്ചപ്പോൾ ആണ് ഇവർ അവിടെ നിന്നും സ്ഥലം മാറി പോയി എന്ന് ഞാൻ അറിഞ്ഞത്…. പിന്നെ ഒരുപാട് അന്വേഷിച്ചിട്ടും എനിക്ക് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല…. “അല്ല ഹരിയേട്ടാ അപ്പോൾ പിന്നെ ഇവർ ഇവിടെ ഉണ്ടെന്ന് ഇപ്പോൾ എങ്ങനെ മനസ്സിലായി എന്ന് മീനു കേറി ചോദിച്ചതോടെ ഹരിയുടെ മുഖത്തു സങ്കടം നിറയുന്നത് ഞാൻ കണ്ടു….. “അതുപിന്നെ.. ഞാൻ.. എന്നൊക്ക പറയുമ്പോൾ ഹരിയുടെ വാക്കുകൾക്ക് വിറയൽ വന്നു തുടങ്ങി.. അവന്റെ കണ്ണുകൾ നിറഞ്ഞു

“പറ ഹരി എങ്ങനെ മനസ്സിലായി എന്ന് ആനി കൂടി ചോദിച്ചതോടെ ഹരിയാകെ വിഷമത്തിൽ ആയത് പോലെ ആയി….. “അതുപിന്നെ ഞാൻ ആ ഹോസ്പിറ്റലിൽ നിന്നും ആണ് ഇവരെ കുറിച്ച് അറിഞ്ഞത്.. “ഹോസ്പിറ്റലിൽ നിന്നോ….?? ഹരി കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ ആനി പറഞ്ഞതും പറയണോ വേണ്ടയോ എന്നൊരു ഭാവം ഹരിയുടെ മുഖത്തു നിഴലിക്കുന്നത് കണ്ടു…. “ആനി കുറച്ചു കാലം മുൻപ് എനിക്ക് ഒരു സർജറി ഉണ്ടായിരുന്നു.. എന്റെ ഹൃദയം മാറ്റി വെക്കണമായിരുന്നു.. അങ്ങനെ ഒരു ദിവസം പെട്ടെന്ന് ആണ് ആ സർജറി നടന്നത്.. അത് അപകടത്തിൽ മരിച്ച ഒരാളുടെ ഹൃദയമാണ് എന്ന് ഞാൻ പിന്നീട് അറിഞ്ഞു….. ഒരു വിഷ്ണുവിന്റെ….

പക്ഷേ അത്.. അത്.. എന്റെ കൂടെ പിറപ്പിന്റെ ആയിരുന്നെന്ന് ഞാൻ ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് ഹരി പൊട്ടിക്കരഞ്ഞു….. അത് കേട്ടതും ആനിക്ക് ആകെ സമനില തെറ്റിയത് പോലെ തോന്നി.. തന്റെ വിഷ്ണു ജീവനോടെ ഇല്ല എന്ന സത്യം ഹരിയുടെ നാവിൽ നിന്നും കേട്ടതോടെ വിശ്വസിക്കാ നാവാതെ അവൾ നിലത്തേക്ക് ഇരുന്നു പോയി.. പെട്ടെന്ന് മീനു കുഞ്ഞിനെ കൈയിലേക്ക് വാങ്ങി…..

“എന്റെ വിഷ്ണുവേട്ടൻ മരിച്ചെന്നോ..?? സത്യം പറ ഹരി ഏട്ടന് എന്താണ് പറ്റിയതെന്നും ചോദിച്ചു കൊണ്ട് ആനി എഴുന്നേറ്റു ഹരിയുടെ കോളറിൽ പിടിച്ചു ഉലച്ചു…. മറുപടി പറയാനാവാതെ നിറഞ്ഞൊഴുകുന്ന കണ്ണീരുമായി തല താഴ്ത്തി കൊണ്ട് ഹരി മൗനമായി നിന്നു…. “മോളെ അവൻ പറഞ്ഞത് സത്യമാണ്.. വിഷ്ണു മരിച്ചു എന്നും പറഞ്ഞു നിറഞ്ഞു തുളുമ്പിയ കണ്ണീരുമായി വിതുമ്പി കൊണ്ട് ആ വയസ്സായ മനുഷ്യൻ ഇറങ്ങി വന്നു…. “മോളെ അവൻ പറഞ്ഞത് പോലെ തന്നെ വിഷ്ണുവിനെ ഞങ്ങൾ അനാഥാലയത്തിൽ നിന്നും ദത്തെടുത്തു വളർത്തിയത് ആണ്.. പക്ഷേ സ്വന്തം മകനെ പോലെയാണ് ഞാനും ഇവളും അവനെ സ്നേഹിച്ചു വളർത്തിയത്…..

അതുകൊണ്ട് തന്നെ ഒരിക്കൽ പോലും അവനോട് അവനെ ദത്തെടുത്ത കഥ പറഞ്ഞിട്ടില്ല…. അത്രക്ക് ഇഷ്ടമാണ് ഞങ്ങൾക്ക് അവനെ…. ഞങ്ങൾ മരിച്ചാൽ ഞങ്ങൾക്ക് ശേഷക്രിയ ചെയ്യേണ്ടവൻ ആണ് .. ഇന്ന് ഞങ്ങളെ തനിച്ചാക്കി പോയത്.. എന്നും പറഞ്ഞു കൊണ്ട് ആ മനുഷ്യൻ പൊട്ടിക്കരയുമ്പോൾ അതുകേട്ടു ഞങ്ങൾക്ക് ഇനി ആരുമില്ല എന്നും പറഞ്ഞു കൊണ്ട് അടുത്ത് നിന്നിരുന്ന അമ്മയും പൊട്ടി കരഞ്ഞു….

“അമ്മേ നിങ്ങൾ ഒരിക്കലും തനിച്ചാവില്ല .. വിഷ്ണുവിന്ഇ പകരം ആവില്ലെങ്കിലും ഞാനുണ്ടാകും ഒരു മകനെ പോലെ.. പിന്നെ ഇന്ന് മുതൽ ഇവളുണ്ടാകും നിങ്ങൾക്ക് കൂട്ടായി പറഞ്ഞു ഹരി ആനിയുടെ നേർക്കു കൈ നീട്ടി.. ആ അമ്മ അത്ഭുതത്തോടെ ആനിയെ നോക്കി.. “അമ്മേ അത് വേറാരും അല്ല നമ്മുടെ വിഷ്ണുവിന്റെ പെണ്ണും കുഞ്ഞുമാണ്.. പെട്ടെന്ന് ആനി മീനുവിന്റെ കൈയിൽ നിന്നും കുഞ്ഞിനേയും വാങ്ങി കണ്ണീരിന്റെ നനവോടെ അമ്മയുടെ അടുത്തേക്ക് വന്നു….

“ഇത്..ഇത് നമ്മുടെ വിഷ്ണു ഏട്ടന്റെ കുഞ്ഞാണ് അമ്മേ..

“അതേ അമ്മേ ഇത് വിഷ്ണുവിന്റെ കുഞ്ഞാണ്.. ഞാൻ അറിഞ്ഞിടത്തോളം ഇവളുടെ കാര്യം നിങ്ങളോട് പറയാൻ വരുന്ന വഴി ആയിരിക്കണം അവനു ആക്‌സിഡന്റ് സംഭവിച്ചത് എന്ന് ഹരി പറഞ്ഞതും ആ അമ്മ ആനിയിൽ നിന്നും കുഞ്ഞിനെ വാങ്ങി നൂറായിരം മുത്തങ്ങൾ നൽകി കൊണ്ട് പതിയെ ആനിയെയും ചേർത്ത് പിടിച്ചു…. അപ്പോഴേക്കും അച്ഛനും വന്നു കുഞ്ഞിനെ എടുത്തു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.. എന്നിട്ട് ആ മനുഷ്യൻ ആനിയുടെ കൈയും പിടിച്ചു കൊണ്ട് തെക്കേ പുറത്തേക്ക് നടന്നു.. അവിടെ ഒരു കുഴിമാടം കണ്ടു.. വിഷ്ണുവിന്റെ കുഴിമാടം…..

ഞങ്ങൾ അവിടേക്ക് ചെന്നു …. “ഇവിടാണ് മോളെ നമ്മുടെ വിഷ്‌ണു ഉറങ്ങുന്നത് എന്നും പറഞ്ഞു ആ മനുഷ്യൻ വിതുമ്പി…. അത് കേട്ടതും അച്ഛന്റെ കൈയിൽ നിന്നും കുട്ടിയെ വാങ്ങി ഞാൻ അതിനരുകിൽ ഇരുന്നു…. “വിഷ്ണുവേട്ട ഞാൻ വന്നു.. ദേ നമ്മുടെ മോൻ എന്നും പറഞ്ഞു കുട്ടിയെ നീട്ടി പിടിച്ചപ്പോൾ എന്റെ കവിൾ തടങ്ങളിൽ കൂടി ഒഴുകി ഇറങ്ങിയ കണ്ണീർ തുള്ളികൾ മണ്ണിലേക്ക് പതിച്ചു കൊണ്ടിരുന്നു…. ആ നിമിഷം ഹരിയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയത് അവനറിഞ്ഞു….. തന്റെ പ്രിയപ്പെട്ടവളുടെ കണ്ണീർ വീണത് കണ്ടു ആ ഹൃദയം പിടഞ്ഞത് ആണെന്ന് അവന് മനസ്സിലായി…. വികാര നിർഭരമായ മുഹൂർത്തങ്ങളിൽ കൂടി സമയം കടന്നു പോയി കൊണ്ടിരുന്നു.. എല്ലാവരുടെയും മുഖത്തു കണ്ണീരിന്റെ നനവ് പടർന്നിരുന്നു….. “ആനി ഞങ്ങൾക്ക് പോവാൻ സമയമായി.. ഒരു പക്ഷേ നിന്നെ ഇവരെ ഏല്പിക്കാൻ വേണ്ടിയിട്ടാവാം നമ്മുടെ കൂടി കാഴ്ച നടന്നത് തന്നെ.. നിന്റെ വിഷ്ണു തന്നെ ആവും അന്ന് എന്നെ നിന്റെ മുന്നിൽ എത്തിച്ചത്…. അവനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. പക്ഷേ കഴിഞ്ഞില്ല എന്നൊരു സങ്കടം ഉള്ളിൽ ഉണ്ട്…..

എങ്കിലും എന്റെ ഹൃദത്തുടിപ്പായി അവനെന്റെ കൂടെയുണ്ട് എനിക്ക് അത് മതി എന്നും പറഞ്ഞു കൊണ്ട് വിങ്ങി പൊട്ടി മീനുവുമായി ഹരി പടിയിറങ്ങുന്നത് നോക്കി ആനി നിന്നു…. എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്നും വിഷ്ണു ഏട്ടന്റെ പെണ്ണായി ഇനിയുള്ള കാലം ഏട്ടന്റെ ഈ അച്ഛന്റെയും അമ്മയുടെയും സ്നേഹം ഏറ്റു വാങ്ങി അവരുടെ മകളായി പുതിയൊരു ജീവിതം എനിക്ക് മുന്നിൽ വഴി തുറന്നത് വിഷ്ണുവേട്ടൻ തന്നെ ആവുമെന്ന വിശ്വാസത്തിൽ നിറ കണ്ണുകളോടെ ആനി നിൽക്കുമ്പോൾ പൊടുന്നനെ ആകാശത്തു നിന്നും അവളുടെ മുഖത്തേക്ക് പൊടിഞ്ഞ മഴത്തുള്ളികളിൽ ഉണ്ടായിരുന്നു ഒരത്മാവിന്റെ സന്തോഷം.. വിഷ്‌ണുവിന്റെ ആത്മാവിന്റെ…..

രചന: ശിവ

Leave a Reply

Your email address will not be published. Required fields are marked *