നമ്മുടെ കല്യാണം….

Uncategorized

രചന: ശ്യാം കല്ലുകുഴിയിൽ

അപ്രതീക്ഷിതമായി ആണ് ഗായത്രി എന്നെ കെട്ടിപിടിച്ചു കൊണ്ട് നെഞ്ചിലേക്ക് തല ചായ്ച്ചത്..

” ഏയ് ന്താടി ഈ കാണിക്കുന്നത്…”

എന്ന് ചോദിച്ച് കൊണ്ട് ഞാൻ മെല്ലെ അവളെ എന്നിൽ നിന്ന് മാറ്റാൻ ശ്രമിച്ചു.. അവൾ ഒന്ന് കൂടെ മുറുക്കെ പിടിച്ചു കൊണ്ട് മുഖം ന്റെ നെച്ചിലേക്ക് അമർത്തി വച്ച് നിന്നു…

” ടി ന്താ ഈ കാണിക്കുന്നത് മാറിയേ ആരേലും കാണും… ”

” ഇല്ല ഞാൻ മാറൂല്ലാ… ”

അവളുടെ കണ്ണ് നീരിന്റെ നനവ് എന്റെ നെഞ്ചിലേക്ക് പടരുന്നത് ഞാൻ അറിഞ്ഞു…

” ടീ പോത്തേ നീ ന്തിനാ കരയുന്നത്.. നീ ഒന്ന് തലപൊക്കിയെ… ”

ഞാൻ അവളെ വീണ്ടും എന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു

” സത്യം പറയെടാ നിനക്ക് എന്നെ ഇഷ്ടമല്ലായിരുന്നോ…. ”

അത് പറഞ്ഞവൾ തല ഉയർത്തി ന്റെ കണ്ണുകളിലേക്ക് നോക്കി.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളെ നേരിടാൻ ഉളള ശക്തി എനിക്കും ഇല്ലായിരുന്നു..

” സത്യം പറയെടാ ഒരു നിമിഷം പോലും നീ എന്നെ സ്നേഹിച്ചിട്ടില്ലേ… ന്റെ സാമിപ്യം കൊതിച്ചിട്ടില്ലേ, ഒരു നിമിഷമെങ്കിലും എന്നെ സ്വന്തമാക്കണം എന്ന് നിനക്ക് തോന്നിയിട്ടില്ലേ…. ”

എന്നെ പിടിച്ചു കുലുക്കികൊണ്ട് എന്റെ കണ്ണുകളിൽ നിന്ന് ഇമവെട്ടാതെ നോക്കികൊണ്ട്‌ അവളെന്നോട് ചോദിച്ചു..

” ടാ അത് പിന്നെ ഞാൻ… ”

മറുപടി കൊടുക്കാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി…

” ഇല്ല നീ തുറന്ന് പറയില്ല എനിക്ക് അറിയാം.. ഞാൻ പിണങ്ങി ഇരിക്കുമ്പോൾ നീ പുറകേ നടന്ന് മിണ്ടുന്നത് ഇഷ്ട്ടം കൊണ്ടല്ലേ.. ഞാൻ പറയാതെ എന്റെ മനസ്സ് വായിച്ചെടുക്കുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ… ഏതൊക്കെ അല്ലേടാ ഇഷ്ടം..”

അത് പറയുമ്പോഴും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…

” ന്താ ഗായത്രി നാളെ നിന്റെ കല്യാണം ആണ് അത് ഓർമ്മ വേണം, നീ വീട്ടിൽ പോകാൻ നോക്കിയേ അവിടെ നിന്നെ എല്ലാവരും അന്വേക്ഷിക്കുന്നുണ്ടാകും… ”

” അതെ ഇന്ന് കൂടിയേ ഉള്ളൂ നിനക്ക് ന്റെ ശല്യം.. നാളെ ഞാൻ മറ്റൊരാൾക്ക്‌ സ്വന്തം, പിന്നെ നിന്റെ ജീവിതത്തിലേക്ക് ശല്യമായി ഞാൻ വരില്ല,,,അതിന് മുൻപ് ഒന്ന് നിന്റെ മനസ്സിൽ ഉള്ളത് പറയെടാ… ”

” ന്റെ മനസ്സിൽ ഒന്നുമില്ല നീ ഒന്ന് പോകാൻ നോക്കിയേ… ”

” നീ പറയേണ്ടടാ.. ”

അത് പറഞ്ഞ് ദേഷ്യത്തോടെ അവളെന്നെ ശക്തമായി പിന്നിലേക്ക് തള്ളിയിട്ട് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി..അവൾ ഇറങ്ങി പോകുമ്പോൾ എന്തോ ഒന്ന് എന്നിൽ നിന്ന് നഷ്ടമായത് പോലെ, ഇതുവരെ ഇല്ലാത്ത ഒരു ദുഃഖം..

അവൾ പറഞ്ഞത് ശരിയാ അവൾ പിണങ്ങി ഇരിക്കുമ്പോൾ ഓടി ചെന്ന് മിണ്ടുന്നത് ഇഷ്ടം കൊണ്ട് തന്നെയാണ്, അവളെ ഓർക്കാത്തതൊ അവളുടെ സാമിപ്യം ആഗ്രഹിക്കാത്തതൊ ആയ ഒരു ദിവസം പോലും എന്നിലൂടെ കടന്ന് പോയിട്ടില്ല..

എന്നിട്ടും എന്ത് കൊണ്ട് അവളോട് ഞാൻ ഇഷ്ട്ടം പറഞ്ഞില്ല… നിങ്ങൾ തമ്മിൽ ഇഷ്ട്ടമല്ലേ എന്ന് കൂട്ടുകാർ കളിയാക്കി ചോദിക്കുമ്പോൾ അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞ് ഒഴിവാക്കുമെങ്കിലും ഉള്ളിലെവിടെയോ പറയാത്തൊരു ഇഷ്ട്ടം ഉണ്ടായിരുന്നു…

അങ്ങനെ ഓരോന്ന് ആലോചിച്ചപ്പോഴേക്കും ഉള്ളിലെ സങ്കടം കണ്ണുനീരായി ഒഴുകാൻ തുടങ്ങി.. ഒഴുകി വന്ന കണ്ണുനീർ വേഗം തുടച്ചു കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുറിയ്ക്ക് പുറത്ത് ഭിത്തിയിൽ ചാരി നിൽപ്പുണ്ട് അമ്മ,, ഞാൻ അമ്മയ്ക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി..

” നീ ഒന്ന് അവിടെ നിന്നെ.. ”

” ന്താ അമ്മാ….” ” ഞാൻ കേട്ടു അവൾ പറഞ്ഞത് എല്ലാം.. ”

” അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ… അവൾക്ക് ഭ്രാന്താണ്… ”

അത് പറഞ്ഞ് ഞാൻ മുറ്റത്തേക്ക് ഇറങ്ങി…

” നിങ്ങൾക്ക് ഇഷ്ട്ടം ആണേൽ അത് തുറന്ന് പറഞ്ഞുകൂടായിരുന്നോ, നമുക്ക് രണ്ടു വീട്ടുകാർക്കും പരസ്പരം സംസാരിച്ച് ന്തേലും ഒന്ന് തീരുമാനിക്കാമായിരുന്നു… ഇതിപ്പോ ഈ അവസാന നിമിഷം എന്ത് ചെയ്യാനാ… ”

” ഒന്ന് രണ്ട് ദിവസം കാണും ഈ വിഷമം, പിന്നെ അതൊക്കെ മറന്ന് പുതിയ ജീവിതവുമായി പൊരുത്തപെട്ടോളും.. ജീവിതകാലം മുഴുവൻ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നതിലും നല്ലത് അല്ലേ ഒന്നോ രണ്ടോ ദിവസത്തെ ദുഃഖം.. ”

” ഒരു പെണ്ണ് വളരെ പെട്ടന്ന് മറ്റ് സാഹചര്യങ്ങളുമായി പൊരുത്തപെട്ടെക്കാം, എന്നാലും ഉള്ളിലെ ആ നഷ്ടം എന്നും അവളുടെ മനസ്സിനെ നീറിച്ച് കൊണ്ടിരിക്കും മോനെ.. ”

“അമ്മയും മോനും കൂടെ കഥയും പറഞ്ഞു നിൽക്കുക ആണോ.. ടാ മോനെ ഉണ്ണി നിന്നെ ഏട്ടൻ അന്വേക്ഷിക്കുന്നു… ”

ഞാൻ അമ്മയോട് എന്തെങ്കിലും പറയും മുൻപേ അപ്പുറത്ത് നിന്ന് ഗായത്രിയുടെ അമ്മ വിളിച്ചു പറഞ്ഞു…

” ആ ദാ വരുന്നു ആന്റി… അവിടെ ന്തെലും പണിയൊക്കെ കാണും അമ്മ അങ്ങോട്ട്‌ ചെന്നെ… ഈ അറിഞ്ഞത് ഒന്നും അവിടെ കാണിക്കണ്ട… ”

അമ്മയോട് മെല്ലെ അത് പറഞ്ഞിട്ട് ഞാൻ അവിടേക്ക് പോയി.. മനസ്സ് നിറയെ അമ്മയും ഗായത്രിയും പറഞ്ഞ കാര്യങ്ങൾ കുത്തി നോവിച്ചു കൊണ്ടിരുന്നു…

” ടാ ഉണ്ണി നീ ഇത് എവിടെ ആയിരുന്നു.. കുറച്ച് പച്ചകറിയും,അല്ലറ ചില്ലറ സാധനങ്ങളും എടുക്കാൻ ഉണ്ട്.. ”

ഗായത്രിയുടെ വീട്ടിൽ ചെല്ലുമ്പോൾ പുറത്ത് പന്തൽ പണിക്കരുടെ അടുക്കൽ നിൽക്കുകയാണ് അവളുടെ അച്ഛൻ…

” ചെറിയ ഒരു തലവേദന ഒന്ന് കിടക്കുക ആയിരുന്നു… ഞാൻ ഇപ്പോൾ പോയിട്ട് വരാം… ”

” തലവേദന ആണേൽ നീ കിടന്നോ ഞാൻ വേറെ ആരേലും വിട്ടോളാം.. ”

” വേണ്ട ഞാൻ പൊയ്ക്കോളാം, വാങ്ങാൻ ഉളള സാധനങ്ങളുടെ ലിസ്റ്റ് ഇങ്ങു തന്നെ.. ”

അവളുടെ അച്ഛൻ തന്ന ലിസ്റ്റും പൈസയും കൊണ്ട് പോകാൻ ഇറങ്ങുമ്പോൾ ജന്നലഴികൾക്ക് ഇടയിൽ കൂടെ എന്നെ തന്നെ നോക്കുന്ന ഗായത്രിയുടെ കണ്ണുകൾ ഞാൻ കണ്ടില്ലെന്ന് നടിച്ചു.. അന്ന് പലപ്പോഴും എന്നിലേക്ക്‌ അടുക്കാൻ വന്ന അവളെ ഞാൻ മനഃപൂർവം ഒഴിവാക്കി..

അന്ന് രാത്രി വൈകിയാണ് വീട്ടിൽ വന്നത്. ചെല്ലുമ്പോൾ ഹാളിൽ തന്നെ അച്ഛനും അമ്മയും ഇരുന്ന് എന്തോ സംസാരിക്കുന്നുണ്ട്..

” രണ്ടാളും കൂടി എന്താ നുണ പറയുന്നത്… ”

” ആ ചില നുണകൾ നമ്മൾ കൂടെ പറയെട്ടടാ.. ”

” അച്ഛൻ എന്തോ ആക്കി പറഞ്ഞപോലെ ഒരു ഫീൽ… ”

” ആ നിനക്ക് അങ്ങനെയൊക്കെ തോന്നും… ” അവരുടെ സംസാരത്തിൽ എന്തോ പന്തികേട് ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ പിന്നെ അവിടെ നിന്നില്ല..

” ടാ നീ നാളെ കല്യാണത്തിന് ഇടാൻ ഡ്രസ്സ്‌ എടുത്തോ… ”

” ഓ പിന്നെ നാളെ എന്റെ കല്യാണം അല്ലേ ഡ്രസ്സ്‌ എടുക്കാൻ… ഞാൻ ഉള്ളത് ഇട്ടുകൊണ്ട് പൊയ്ക്കോളാം… ”

” ഇന്നാ ഇതിട്ടോ…. ”

അത് പറഞ്ഞ് ഒരു കവർ അച്ഛൻ എനിക്ക് നേരെ നീട്ടി… ഞാൻ അത്‌ വാങ്ങി തുറന്ന് നോക്കി…

“അയ്യേ വെള്ള ഷർട്ട് ആണോ.. ഇതൊക്കെ കിളവന്മാർ ഇടുന്നത് അല്ലെ.. എനിക്ക് വേണ്ട ഞാൻ വേറെ ഇട്ടോളാം.. ”

അത് പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി, അവരോട് കളിച്ചു ചിരിച്ച് സംസാരിച്ചു എങ്കിലും എന്റെ ഉള്ള് നീറുകയായിരുന്നു, അപ്പൊ അവളുടെ അവസ്ഥ എന്തായിരിക്കും,ഓരോന്ന് ആലോചിച്ച് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല..

പിറ്റേന്ന് രാവിലെ തന്നെ കുളിച്ച് റെഡിയായി ഞാൻ കല്യാണമണ്ഡപത്തിലേക്ക് പോയി, കല്യാണത്തിന് ഉളള ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും മനസ്സ് പലപ്പോഴും നിയന്ത്രിക്കാൻ കഴിയുന്നുണ്ടയിരുന്നില്ല…

മുഹൂർത്തസമയം അടുത്തിട്ടും ചെക്കൻ വീട്ടുകാരെ കാണാതെ ആയപ്പോൾ അവിടെ വന്ന പലരിലും മുറുമുറുപ്പ് തുടങ്ങി..മണ്ഡപത്തിന്റെ പുറത്ത് അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നത ഗായത്രിയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ എന്തോ അപകടം മണത്തു….

ഞാൻ അവരുടെ അടുക്കലേക്ക് ചെല്ലുമ്പോൾ ഗായത്രിയുടെ അമ്മ അച്ഛന്റെ നേർക്ക് തൊഴുതുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നത് ആണ് കണ്ടത്…

” നീ ചെന്ന് ഡ്രസ്സ്‌ മാറി ഇന്നലെ വാങ്ങിയ വെള്ളം ഷർട്ടും മുണ്ടും ഇട്ടുകൊണ്ട് വാ… ”

ഞാൻ ചെന്നപാടെ അച്ഛൻ എന്നെ അൽപ്പം മാറ്റി നിർത്തി സംസാരിച്ചു..

” ന്താ കാര്യം… ചെക്കൻ വീട്ടുകാർ ഇതുവരെ എത്തിയില്ലല്ലോ ന്താ പ്രശ്നം… ”

ഞാൻ ഓരോന്ന് ചോദിച്ചു എങ്കിലും മറുപടി പറയാതെ അച്ഛൻ എന്നെ നിർബന്ധിച്ച് വീട്ടിലേക്ക് വിട്ടു.. വീട്ടിൽ പോയി ഡ്രസ്സ്‌ മാറി വന്നപ്പോഴേക്കും ഗായത്രി മണ്ഡപത്തിൽ ഇരിക്കുന്നുണ്ട്, കല്യാണ ഡ്രെസ്സിൽ അവൾ കുറച്ച് കൂടി സുന്ദരിയായിട്ടുണ്ട്…

എന്നെ കണ്ടപ്പോൾ ന്റെ കയ്യും പിടിച്ചു വലിച്ച് കൊണ്ട് അച്ഛൻ മണ്ഡപത്തിലേക്ക് കയറി. എന്നെയും കൊണ്ട് മൂന്ന് വലം വച്ചിട്ട് മണ്ഡപത്തിൽ പിടിച്ചിരുത്തി.. പൂജാരിയുടെ മന്ത്രോച്ചാരണങ്ങളും, കൊട്ടും കൊരവയും മുഴങ്ങുമ്പോൾ ന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..

താലി എന്റെ കയ്യിൽ വെച്ച് തന്ന് കെട്ടാൻ അച്ഛൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഗായത്രിയുടെ മുഖത്ത് നോക്കുന്നത്.കണ്ണുകൾ അടച്ച്, ഇരു കൈകളും കൂപ്പി തല കുനിച്ച് എന്റെ മുന്നിൽ കഴുത്തും നീട്ടി നിൽക്കുകയാണ് അവൾ.. വിറയലോടെ ഞാൻ ആ താലി കെട്ടുമ്പോൾ എല്ലാം എനിക്കൊരു സ്വപ്നമായി ആണ് തോന്നിയത്…

അവളുടെ കൈ പിടിച്ച് എന്നെ ഏൽപ്പിക്കുമ്പോൾ ഗായത്രിയുടെ അച്ഛന്റെ മുഖത്തെ പുഞ്ചിരിക്ക് ഒരു നന്ദി പറച്ചിൽ കൂടെ ഉള്ളതായിട്ട് എനിക്ക് തോന്നി….

” ന്താ ഇപ്പോൾ സത്യത്തിൽ സംഭവിച്ചത്…”

മണ്ഡപത്തിൽ നിന്ന് അവളുടെ കയ്യും പിടിച്ച് ഇറങ്ങുമ്പോൾ ഞാൻ മെല്ലെ ചോദിച്ചു …

“മനസ്സിലായില്ലേ ഇതായിരുന്നു ഞങ്ങടെ കല്യാണം…”

” അപ്പൊ നിന്നെ കെട്ടിയത് ഞാൻ അല്ലേ പിന്നെ നീ എന്തിനാ മോങ്ങുന്നത്…”

” ഞാൻ കുറച്ചെങ്കിലും കരഞ്ഞില്ലെങ്കിൽ എല്ലാവരും കരുതും നിന്നെ കെട്ടാൻ വേണ്ടി ഞാൻ മനഃപൂർവം കല്യാണം മുടക്കിയത് ആണെന്ന്…”

” ടി ദുഷ്ടേ അപ്പൊ നീ ആണോ കല്യാണം മുടക്കിയത്….”

” ഞാൻ മാത്രമല്ല ദേ ലവരും ഉണ്ട്… ”

അവൾ പറഞ്ഞ ഇടത്തേക്ക് നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് നിൽപ്പുണ്ട് ന്റെ അച്ഛനും അമ്മയും… ഞാൻ തിരിച്ച് അവളെ നോക്കിയപ്പോൾ അവൾ അവളുടെ അമ്മയുടെ തോളിലേക്ക്‌ വീണ് കരഞ്ഞു കൊണ്ട് യാത്ര ചോദിക്കുകയാണ്…

” കരയല്ലേ മോളേ നമുക്ക് ഇതാണ് വിധിച്ചത് എന്ന് കരുതാം, ഒന്നുമില്ലേലും അടുത്ത് തന്നെയല്ലേ എപ്പോഴും കാണുകയും വരുകയും ചെയ്യാല്ലോ…. ”

പാവം അവരൊന്നും അറിഞ്ഞില്ല…

” അല്ല ഇത് എങ്ങനെയാ മുടക്കിയത്.. ”

ഞാൻ അച്ഛന്റെ അടുക്കൽ ചെന്ന് മെല്ലെ ചോദിച്ചു..

” അത് അവള് ഇന്നലെ നിന്നെ കാണാൻ വന്നില്ലേ, അപ്പൊ നിങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ എടുത്ത് ചെക്കന് കൊടുത്തു ഒപ്പം കുറച്ച് മസാലയും ചേർത്തു.. ഫോട്ടോ എടുത്തത് നിന്റെ ഈ അമ്മയാണ് അതിൽ എനിക്ക് പങ്കില്ല… ”

” എങ്കിലും അമ്മേ…. അമ്മയ്ക്ക് ഇത്ര ബുദ്ധി ഉണ്ടായിരുന്നോ…”

” ബുദ്ധി എന്റെ അല്ല, ദേ കിടന്ന് മോങ്ങുന്നില്ലേ ലവള് ആണ് എന്നെ ഫോട്ടോ എടുക്കാൻ ഏൽപ്പിച്ചിട്ടാണ് നിന്റെ മുറിയിലേക്ക് വന്നത്…. ”

ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കിയപ്പോൾ അവൾ അപ്പോഴും അമ്മയുടെ തോളിൽ തലചായ്ച്ചു കരയുകയാണ്… ഞാൻ നോക്കുന്നത് കണ്ട അവൾ ഒരു സൈറ്റും അടിച്ച് കാണിച്ചു…

ദൈവമേ ഇനിയിപ്പോ ഞാൻ ന്തൊക്കെ അനുഭവിക്കേണ്ടി വരുമോ ആവോ….

രചന: ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *