നിൻ്റെ സ്വപ്നങ്ങൾ, നീ ഇനിയും ഉയരത്തിൽ എത്തണം…

Uncategorized

രചന: സുജ അനൂപ്

AMMAYUDE MAKAL അമ്മയുടെ മകൾ “അമ്മേ എനിക്ക് വിശന്നിട്ടു വയ്യ, ചോറ് വേണം.”

“ഇപ്പോ തരാട്ടോ, നീ കൈ കഴുകി വന്നിരുന്നോ.”

“ഇതെന്താ, അമ്മേ ഈ സള്ളാസ് മാത്രമേ ഉള്ളോ.”

“എൻ്റെ ദൈവമേ, നീ എന്താ ഈ പറയുന്നത്. ഇതിപ്പോൾ പണക്കാരുടെ കറി അല്ലെ.”

“അതെന്താ അമ്മേ, കളിയാക്കുന്നോ.”

“എൻ്റെ മോളെ, അരക്കിലോ സവാളയും അരക്കിലോ തക്കാളിയും കൂടെ 70 രൂപ. അര ലിറ്റർ തൈര് 30 രൂപ. 100 രൂപയുടെ കറി ആയില്ലേ, പിന്നെ, ഉപ്പു, മുളക്…”

“എൻ്റെ അമ്മേ ഒന്ന് നിർത്തുമോ, ഇനി ഞാൻ ഒന്നും പറയുന്നില്ല. എല്ലാം കഴിച്ചോളാം.”

അവൾ ആ ചോറ് വാരി കഴിക്കുന്നത് ഞാൻ നോക്കി നിന്നൂ.

മുണ്ടു മുറുക്കി കെട്ടിയാണ് ഞാൻ ജീവിക്കുന്നത്. അവൾക്കെല്ലാം അറിയാം, കോവിഡ് വന്നതിനു ശേഷം ഉള്ള ജോലി ഇല്ലാതായി, ഹോട്ടലിൽ അടുക്കളയിൽ ആയിരുന്നൂ. ഇപ്പോൾ അടുത്ത വീടുകളിൽ പോയി പണി എടുത്താണ് കുടുംബം നോക്കുന്നത്. എങ്ങനെ എങ്കിലും അവളെ പഠിപ്പിച്ചു എനിക്ക് ഒരു ജോലിക്കാരി ആക്കണം.

വെറും ജോലിക്കാരി അല്ല, ഒരു പോലീസുകാരി. അതൊന്നു മാത്രമേ മനസ്സിൽ ഉള്ളൂ..

അറിയാതെ കണ്ണ് നിറഞ്ഞു.

ഭക്ഷണം കഴിച്ചതിനു ശേഷം അവൾ മുറിയിൽ കയറി വാതിൽ അടച്ചു. ഇനി പഠനസമയം ആണ്. PSC എന്ന കടമ്പ കടക്കണം.

……………………………….

എത്ര സന്തോഷം നിറഞ്ഞതായിരുന്നു എൻ്റെ ജീവിതം. ഞാനും അദ്ധേഹവും അവളും മാത്രം. പ്രേമിച്ചു വിവാഹം കഴിച്ചതിന് വീട്ടിൽ നിന്നും പുറത്തായി. പഠനം പിന്നെ തുടരുവാനും കഴിഞ്ഞില്ല.

പ്രായത്തിൻ്റെ പക്വതക്കുറവ് ആണെന്നും പറയാം.

ഇരുപത്തൊന്നു വയസ്സുള്ള ഒരാളുടെ കൈ പിടിച്ചിറങ്ങുമ്പോൾ കൈയ്യിൽ ഒന്നും ഇല്ലായിരുന്നൂ. എനിക്ക് അന്ന് വയസ്സ് പതിനെട്ടു.

മാതാപിതാക്കളുടെ ശാപം ആകാം, ഗതി പിടിച്ചില്ല.

പത്തൊമ്പതാം വയസ്സിൽ ഒരു പെൺകുട്ടി ജനിച്ചു. ആ സമയങ്ങളിൽ ഒന്നും സഹായത്തിനു ആരും ഇല്ലായിരുന്നൂ.

അദ്ധേഹം ടൂറിസ്റ്റു ബസ് ഡ്രൈവർ ആയിരുന്നൂ. പെട്ടെന്ന് ഒരു ദിവസ്സം അദ്ധേഹത്തെ കാണാതെ പോയപ്പോൾ മോൾക്ക് വയസ്സ് നാല്. നിൽക്കകളിയില്ലാതെ ആ സമയത്തു നാട് വിടേണ്ടി വന്നൂ.

അപകടമാണെന്നും അല്ല മുതലാളി കൊന്നതാണെന്നും പലരും പറഞ്ഞു.

ബസ്സിൽ മയക്കു മരുന്ന് കടത്തിയിരുന്നൂ എന്ന് പറയുന്നൂ. അത് ആരോ പൊലീസിന് ഒറ്റിയത്രേ. അത് ചെയ്തത് അദ്ധേഹം ആണെന്ന് പറയുന്നൂ. അതിനാണ് മുതലാളി അദ്ധേഹത്തെ കൊന്നത് പോലും. സഹായിക്കുവാൻ ഒരു നാട്ടുകാരും ഉണ്ടായിരുന്നില്ല. കുറച്ചു ചീത്തപ്പേര് മാത്രം ബാക്കിയായി.

“മുതലാളിയുടെ പണം കടത്തിക്കൊണ്ടു പോയവൻ.”

പെട്ടെന്ന് നാട് വിടുമ്പോൾ കൈയ്യിൽ ഒന്നും എടുക്കുവാൻ സാധിച്ചില്ല. ആ താലി മാത്രം അതും ഒരു ചരടിൽ കെട്ടിയതു രൂപത്തിനടുത്തു വച്ചിട്ടുണ്ട്.

“മുതലാളിയുടെ ആളുകൾ വീട്ടിൽ കയറി മാനത്തിനു വില പറഞ്ഞു.”

ഒന്നും ഞാൻ മറക്കില്ല.

അവൾ വലുതാകുമ്പോൾ ആ കേസ് തെളിയിക്കണം.

അതൊന്നു മതി എനിക്ക്.

……………………

“മോളെ, എല്ലാം എടുത്തു വച്ചോ.”

“അമ്മയെ ഒറ്റക്കാക്കി ഞാൻ പോകണ്ടേ.”

“സാരമില്ല കുട്ടി. നിനക്കറിയാമല്ലോ ട്രെയിനിംഗ് പൂർത്തിയാക്കിയാൽ എവിടെ ചാർജ് എടുക്കണമെന്ന്. എൻ്റെ മകൾക്കെല്ലാം ഓർമ്മ വേണം. അതൊന്നു മതി എനിക്ക്.”

അവൾ തലയാട്ടി.

………………….

ദിവസ്സങ്ങൾ കടന്നു പോയി. അവൾ എല്ലാം നന്നായി ചെയ്തു, അവളുടെ അച്ഛന് വേണ്ടി. ട്രെയ്‌നിഗിലും അവൾ തന്നെ എല്ലാത്തിലും മുന്നിൽ നിന്നൂ.

ഞാൻ വിചാരിച്ചതു പോലെ അവൾക്കു പോസ്റ്റിംഗും കിട്ടി. അവൾ ആരാണെന്നു മാത്രം ആ നാട്ടിൽ ആർക്കും അറിയില്ലായിരുന്നൂ. ആ നാട്ടിൽ ഒരിക്കലും ഞാൻ പോയില്ല. അവളുടെ അച്ഛൻ ആരെന്നു ആരെയും അറിയിച്ചില്ല. ഒരുതരം ഒളിച്ചു താമസം എന്നും പറയാം.

എൻ്റെ പ്രതികാരം പൂർണ്ണമാകുന്നത് വരെ അത് അങ്ങനെ തന്നെ വേണമായിരുന്നൂ.

മുതലാളിക്കെതിരെ തെളിവുകൾ ശേഖരിക്കുവാൻ അവൾക്കാവുമോ. എന്നും കണ്ണീരോടെ അത് മാത്രം ഞാൻ പ്രാർത്ഥിച്ചു.

പക്ഷേ അവൾ അത് കണ്ടുപിടിച്ചു.

ആരുമറിയാതെ മുതലാളിയുടെ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന അദ്ധേഹത്തിൻ്റെ ശരീരം. വർഷം മൂന്നു കഴിഞ്ഞിട്ടാണെങ്കിലും എൻ്റെ കുട്ടി എല്ലാം തെളിയിച്ചു. പെട്ടെന്നുള്ള കൊലപാതകം ആയതുകൊണ്ടും മയക്കുമരുന്ന് പിടിച്ച കേസ് ഉള്ളത് കൊണ്ടും ആകാം അയാൾ ശവശരീരം അങ്ങനെ മറവു ചെയ്തത്.

അതെൻ്റെ ഭാഗ്യം..

പിന്നീട് ആ കേസ് തെളിയിക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല.

കേസ് വീണ്ടും തുറന്നു, ആ ദിവസ്സം ഞാൻ ആ നാട്ടിൽ കാലുകുത്തി വർഷങ്ങൾക്കു ശേഷം.

അവസാനവിധി പറയുന്ന ദിവസ്സം കോടതിയിൽ ഞാനും ഉണ്ടായിരുന്നു, ആ താലി മാറോടു ചേർത്ത് പിടിച്ചു കൊണ്ട്. എൻ്റെ ഈ ജന്മത്തിൽ എനിക്ക് ആകെ അദ്ധേഹത്തിനായി ചെയ്യുവാൻ ഉണ്ടായിരുന്നത് ഞാൻ ചെയ്തു.

അയാളെ കൈയ്യാമം വച്ച് കൊണ്ടുപോയത് എൻ്റെ മുന്നിലൂടെ ആയിരുന്നൂ.

ഒരു നാട് മൊത്തം അന്ന് പറഞ്ഞു

“സുമിത്രയെ കണ്ടു പഠിക്കണം. അവളുടെ മകളെ അവൾ വളർത്തിയത് കണ്ടോ.”

എനിക്ക് അതൊന്നും കേൾക്കുവാൻ താല്പര്യം ഉണ്ടായിരുന്നില്ല. നാലു വയസ്സുള്ള മകളെയും കൂട്ടി ഒളിച്ചോടേണ്ടി വന്നപ്പോൾ ആരുമില്ലായിരുന്നൂ. ഇനിയും എനിക്ക് ആരെയും വേണ്ട.

………………………..

“മോളെ, നിനക്ക് അമ്മയോട് ദേഷ്യം ഉണ്ടോ. നിൻ്റെ ഇഷ്ടങ്ങൾക്കു ഞാൻ തടസ്സം നിന്നൂ എന്ന് തോന്നുന്നുണ്ടോ.”

“ഇല്ല അമ്മേ, അമ്മയുടെ മകളായി ജനിച്ചതാണ് എൻ്റെ പുണ്യം. എല്ലാ ജന്മങ്ങൾക്കും ആ ഭാഗ്യം കിട്ടില്ല. എൻ്റെ അച്ഛന് ഞാൻ നീതി വാങ്ങി കൊടുത്തു. എനിക്ക് അത് മതി.”

“മോളെ, ഇനി നമ്മൾ വേറെ നാട്ടിലേക്കു പോകുന്നൂ. അവിടെ നീയും ഞാനും മാത്രം. നിൻ്റെ സ്വപ്നങ്ങൾ, നീ ഇനിയും ഉയരത്തിൽ എത്തണം. അവിടേക്കു പോകുന്നതിനു മുൻപ് ഈ താലി നമുക്ക് പമ്പയിൽ ഒഴുക്കണം.”

ആ നിമിഷം ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി.

രചന: സുജ അനൂപ്

Leave a Reply

Your email address will not be published. Required fields are marked *