അനിരുദ്ധന്റെ ഹസീന.

Uncategorized

രചന: മേഘ മയൂരി

ലിഫ്റ്റിനടുത്തെത്തുമ്പോഴേക്കും താമസിച്ചുപോയി. സെക്കൻറ് ഫ്ളോറിലെത്തിയിരിക്കുന്നു ലിഫ്റ്റ്.. കൂടെയുള്ളവരെല്ലാം പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടു മുമ്പേ ഇവിടെ എത്തിയിരുന്നുവെങ്കിൽ? മറ്റുള്ളവരെപ്പോലെ ഓടിയെത്താൻ എനിക്കു കഴിയില്ലല്ലോ? ചെരുപ്പ് മാറ്റേണ്ട സമയം കഴിഞ്ഞു. അനിയേട്ടന്റെ സഹായമില്ലാതെ ചെരുപ്പ് വാങ്ങാനും സാധിക്കില്ല. ഈയിടെയായി തടി കൂടി വരുന്നതു കൊണ്ട് നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. തടി കൂടുന്നതു കൊണ്ടാണ് ചെരുപ്പ് പെട്ടെന്ന് പൊട്ടുന്നത്. പ്രയാസപ്പെട്ട് ക്രച്ചസ് മുന്നിലേക്കൂന്നിക്കൊണ്ട് ലിഫ്റ്റിനടുത്തേക്ക് ഞാൻ നടന്നു. ലിഫ്റ്റ് ഇനി മുകളിലേക്കു വരണ്ടേ? സമയം 5.30 ആയതു കൊണ്ട് എല്ലാവരും പോയിട്ടുണ്ടാവും. ഇനി താഴെയിറങ്ങി ബസ് സ്റ്റോപ്പിലെത്തുമ്പോഴേക്കും സമയം എത്രയാവും? വീടെത്തുമ്പോഴേക്കും 7 മണിയെങ്കിലുമാവും. അനിയേട്ടനിന്ന് ഡ്യൂട്ടി ഓഫ് ആയതു കൊണ്ട് മോന്റെ കാര്യത്തിൽ അധികം വിഷമിക്കേണ്ട. അല്ലെങ്കിലെന്നും ഉമൈബത്തായുടെ വീട്ടിൽ നിന്നും വൈകിട്ട് അവനെ എടുക്കണം . ഉമ്മയുണ്ടായിരുന്നപ്പോൾ മോന്റെ ഒരു കാര്യവും അറിയേണ്ടിയിരുന്നില്ല. കുളിപ്പിക്കലും ചോറു കൊടുക്കലും അംഗൻവാടിയിൽ കൊണ്ടാക്കലും എന്നു വേണ്ട സകല കാര്യവും ഉമ്മ തന്നെ ചെയ്തു കൊള്ളും…മോനും ഉമ്മുമ്മ മാത്രം മതി. ഉമ്മയുടെ പെട്ടെന്നുള്ള മരണം അവനെയും നല്ലതുപോലെ തളർത്തിയിട്ടുണ്ട്. പഴയ പോലെ വികൃതിയൊന്നും ഇപ്പോൾ അവൻ കാണിക്കുന്നില്ല. മൂന്നര വയസായതേയുള്ളൂ അവന്. ഉമൈബാത്ത അവനെ നല്ല വണ്ണം ശ്രദ്ധിക്കുന്നുണ്ട്. അയൽക്കാർ അത്രക്കു നല്ലതായത് തന്റെ ഭാഗ്യം. അല്ലെങ്കിൽ എന്തു ചെയ്തേനെ? ചിന്തിച്ചു കാടുകയറുമ്പോഴേക്കും വീണ്ടും മുകളിലേക്കു പോയ ലിഫ്റ്റ് താഴേക്കു വരുന്നതു കണ്ടു. ലിഫ്റ്റിന്റെ ബട്ടണമർത്തിയതും വേറൊരാൾ കൂടി ഓടി വന്നു പുറകിൽ നിന്നു. ലിഫ്റ്റിനകത്തു രണ്ടു പേർ കൂടിയുണ്ട്. മൂന്നു പേരെയും അത്ര പരിചയമില്ല. ഓടി വന്നയാൾ ലിഫ്റ്റിനുള്ളിലേക്കു കയറാൻ എന്നെ സഹായിച്ചു. വികലാംഗ ആയതു കൊണ്ടാവും അകത്തുള്ള രണ്ടു പേരും സഹതാപത്തോടെ എന്നെ നോക്കി മന്ദഹസിച്ചു. “വൈകി. അല്ലേ?”ഒരാൾ എന്നോടു കുശലം ചോദിച്ചു. ”അതെ….. ” ഞാൻ വാടിയ ചിരിയോടെ മറുപടി കൊടുത്തു. പെട്ടെന്നു തന്നെ ലിഫ്റ്റു താഴെയെത്തി. മറ്റുള്ളവർ ഇറങ്ങുന്നതു വരെ ഞാൻ കാത്തു. ഇറങ്ങിയതും മനസ്സിൽ മഞ്ഞു വീണ പോലെ. ചിരിച്ച മുഖത്തോടെ നിഭയും വർഷയും. എന്നെ കാത്തു നിൽക്കുകയാണ് രണ്ടു പേരും. എന്നും എന്നെ വീട്ടിലേക്കുള്ള ബസിൽ കയറ്റി വിട്ടിട്ടേ അവർ പോവാറുള്ളൂ. ഇന്നും അവർ എന്നെ ഒരു ഓട്ടോയിൽ കയറ്റി ബസ് സ്റ്റോപ്പിൽ കൊണ്ടു വിട്ടു. എനിക്കുള്ള ബസ് വന്നപ്പോൾ ബസിൽ കയറാൻ സഹായിച്ചു.

ആ ബഹുനില കെട്ടിടത്തിൽ ജോലി ചെയ്യുന്നവരിൽ എന്റെ കൂട്ടുകാർ എന്നു പറയാവുന്നവർ അവർ രണ്ടു പേരുമാണ്. അവരുടെ ഓഫീസ് ഗ്രൗണ്ട് ഫ്ലോറിലാണ്. അഡ്മിനിസ്ട്രേഷനിൽ …….വിജിലൻസ് വിഭാഗത്തിലേക്ക് പോസ്റ്റിംഗാവുന്നതു വരെ ഞാനും അഡ്മിനിസ്ട്രേഷൻ വിംഗിലായിരുന്നു. അവിടെ നിന്നും എനിക്ക് ലഭിച്ച വിലപ്പെട്ട രണ്ടു സൗഹൃദങ്ങൾ…..ഹോസ്റ്റലിൽ താമസിക്കുന്ന അവർക്ക് എന്റെ പപ്പടത്തോരനും മീൻ പീര പറ്റിച്ചതും കൂന്തൾ ഫ്രൈയും ചിക്കൻ പിരളനും കൊഞ്ചു തീയലും ചെമ്മീൻ അച്ചാറും ബീഫ് ഉലർത്തിയതുമൊക്കെ അമൃതേത്തിനു തുല്യമാണ്……പ്രത്യേകിച്ചും കടൽ കാണാത്ത ജില്ലയായ പാലക്കാട്ടു നിന്നും വന്ന കല്ലടിക്കോട്ടുക്കാരി നിഭയ്ക്ക്………എല്ലാ തവണ നാട്ടിലേക്കു പോകുമ്പോഴും എന്തെങ്കിലും സ്പെഷ്യൽ ഞാൻ രണ്ടു പേർക്കും കൊടുത്തുവിടും. അവരുടെ വീട്ടുകാർക്കും എന്റെ വിഭവങ്ങൾ ഇഷ്ടമാണെന്നറിയിച്ചിട്ടുണ്ട്. ഇവിടെ ആണെങ്കിലും ലഞ്ച് സമയത്ത് ഞാൻ അവരെ എന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തും…..താഴത്തെ നിലയിലായിരുന്നെങ്കിൽ എന്തു സുഖമായിരുന്നു? വികലാംഗ ആയിരുന്നിട്ടും എന്നെ എന്തു കൊണ്ടാണ് നാലാമത്തെ നിലയിൽ നിയമിച്ചത്? അടുത്ത ഉത്തരവിൽ താഴത്തെ നിലയിലേക്കു മാറ്റി നിയമിക്കാമെന്നുറപ്പു തന്നിട്ടുണ്ട്. രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നു തോന്നുന്നു…അതു വരെ സഹിക്കുക തന്നെ. വേറെ നിവൃത്തിയില്ല….

അഡ്മിനിസ്ട്രേഷനിൽ പോയാലും അവിടെ അയാളുണ്ടാകുമോ?ആ അരവിന്ദൻ സാർ. അയാളോട് ഞാനെന്തു തെറ്റാണ് ചെയ്തത് എന്നറിയില്ല. ഒരു ദിവസം കുറച്ചു വൈകി ഓഫീസിൽ എത്തിയതാണ്. സൂപ്രണ്ട് ഒന്നും പറഞ്ഞില്ല. പക്ഷേ അറ്റൻറൻസ് രജിസ്റ്ററിൽ ഒപ്പിട്ടശേഷം ഓഫീസ് മുറിയിലേക്കു കയറുമ്പോൾ കേട്ടു അകത്തു നിന്നും അരവിന്ദൻ സാറിന്റെ ശബ്ദം.

” അവൻ ആദർശം കാണിച്ചതാ. അല്ലെങ്കിൽ ഇതുപോലൊരു ചട്ടുകാലിപ്പെണ്ണിനെ ആരു കെട്ടാനാ?ഈ പെണ്ണിനെ കെട്ടാൻ വേണ്ടി അവൻ അവന്റെ കുടുംബത്തെ വെറുപ്പിച്ചു. അവൻ അനുഭവിക്കാൻ പോവുന്നതേയുള്ളൂ. ഇവളു കാരണം അവന്റെ ജീവിതം കൂടി നശിച്ചു. ” ഞാനാണ് അന്നത്തെ ചർച്ചാ വിഷയമെന്നു മനസിലായി. പതിയെ ഞാൻ അകത്തു കയറി. എതിർ വശത്തേക്കു തിരിഞ്ഞിരിക്കുന്ന ഗീതാമാഡത്തിന്റെ ശബ്ദം. ” അല്ലെങ്കിലും അവനെന്തിന്റെ കേടാ. കാണാൻ നല്ല യോഗ്യൻ….ജോലിയുമുണ്ട്. എത്ര നല്ല പെൺകുട്ടികളെ കിട്ടും? ഇഷ്ടം പോലെ സ്ത്രീധനവും……. ഇതു പോലെ പോളിയോ ബാധിച്ച് രണ്ടു കാലും തളർന്നു പോയ പെണ്ണിനെയേ കണ്ടുള്ളോ? സമ്പത്തുള്ള കുടുംബത്തിലേയാണെങ്കിൽ പിന്നെയും വേണ്ടില്ല. ഇതതുമില്ല. ജാതിയും വേറെ. കാണാനിത്തിരി തൊലി വെളുപ്പുണ്ടെന്നു മാത്രം…….” എന്നോടു ചിരിച്ചു മാത്രം സംസാരിക്കുന്ന ഗീതാ മാഡത്തിന്റെ മനസ്സിലിരുപ്പ് പുറത്തുവന്നു. വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു പെൺമക്കളുണ്ട് അവർക്ക് .അവരുടെ വിവാഹം കഴിയാത്തതിലുള്ള ഈർഷ്യയായിരിക്കണം. അല്ലെങ്കിലും സ്ത്രീകൾക്കുള്ള അഞ്ചു “കു “കളിൽ ഉൾപ്പെട്ടതാണല്ലോ ഈ കുശുമ്പും കുന്നായ്മയും.. അവരോട് എതിർക്കുന്ന വർഷയുടെ ശബ്ദം. “നിങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നത്? ഹസീനാത്തായുടെ കുറ്റം കൊണ്ടല്ലല്ലോ അവരിങ്ങനെയായത്? ഹസീനാത്തായെ ഇഷ്ടപ്പെട്ടിട്ടല്ലേ അനിയേട്ടൻ അവരെ കല്യാണം കഴിച്ചത്. അദ്ദേഹത്തിനില്ലാത്ത ബുദ്ധിമുട്ടാണോ നിങ്ങൾക്ക്? ആരും എല്ലാം തികഞ്ഞവരല്ല. പോകുന്ന പോക്കിൽ ഒരാക്സിഡൻറുണ്ടായാലോ ഒരസുഖം വന്നാലോ, തീർന്നു സകലതും.ഈ ഞാനും നിങ്ങളുമൊക്കെ. അനിയേട്ടന്റെ നന്മയെ ബഹുമാനിക്കേണ്ടതിനു പകരം ചീത്ത വിളിക്കുന്നോ? നിങ്ങൾക്കൊന്നും അനിയേട്ടനെ പോലെ ചിന്തിക്കാൻ ഒരു കാലത്തും കഴിയില്ല. അത്രക്ക് ദുഷിച്ച മനസ്സാണ് നിങ്ങൾക്ക്…. ” “എനിക്കു വേണ്ടി സംസാരിക്കാൻ നീയെങ്കിലുമുണ്ടായല്ലോ, മോളേ ” മനസ്സുകൊണ്ട് ഞാനവൾക്കു നന്ദി പറഞ്ഞു. എത്ര തടയാൻ ശ്രമിച്ചിട്ടും അനുസരണയില്ലാത്ത കണ്ണുനീർ കൺതടം നിറഞ്ഞ് കവിളിലേക്കൂർന്നു വീണു. പെട്ടെന്നു തിരിഞ്ഞതും വർഷ എന്നെ കണ്ടു. എന്റെ മുഖം കണ്ടതും അവൾ വല്ലാതായി…. അതോടു കൂടി അവിടെയാകെ ഒരു നിശ്ശബ്ദത പടർന്നു. അരവിന്ദൻ സാറിനെയോ ഗീതാ മാഡത്തിനെയോ മറ്റുള്ളവരെയോ ഞാൻ ശ്രദ്ധിച്ചതേയില്ല…….. യാന്ത്രികമായി ഞാനെന്റെ ജോലിയിൽ മുഴുകി…..മനസ്സിനാകെയൊരു വിങ്ങൽ……

അഡ്മിനിസ്ട്രേഷൻ വിംഗിലേക്കു പോകുമ്പോൾ അരവിന്ദൻ സാറൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു……. അപ്പോൾ തന്നെ വേറൊരു ചിന്ത കൂടി മനസ്സിൽ കടന്നു വന്നു….. ഇനി അയാൾ ഉണ്ടെങ്കിൽ തന്നെയെന്താ? ഇക്കാലമത്രയും സഹതാപത്തോടെയുള്ള നോട്ടങ്ങൾക്കും ഇടയ്ക്ക് ഇതുപോലെയുള്ള ക്രൂരമായ വിനോദങ്ങൾക്കും കുത്തുവാക്കുകൾക്കും ഇടയിലാണ് ജീവിച്ചു പോന്നത്…. എത്രത്തോളം ബുദ്ധിമുട്ടിയാണ് എം.എ. വരെ പഠിച്ചത്… സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും നേടി….ജോലിയായിട്ട് രണ്ടു മാസമായതേയുള്ളൂ……….. അനിയേട്ടന്റെ പ്രോത്സാഹനവും കൂടെയുള്ളതുകൊണ്ടാണ് ജോലി കിട്ടിയത്…..കൂട്ടുകാരന്റെ സഹോദരിയോടുള്ള അനിയേട്ടന്റെ സഹതാപം എന്നു മുതലാണ് പ്രണയമായി വളർന്നത് എന്നറിയില്ല. “സഹതാപമല്ല നിന്റെ നീണ്ട തലമുടിയിലാണ് ഞാൻ മയങ്ങിപ്പോയത് .പിന്നെ നിന്റെ കൈപ്പുണ്യവും അപാരം.” എന്നാണ് അനിയേട്ടൻ പറയാറുള്ളത്. ജാതി മത വേൽക്കെട്ടുകൾക്കുമപ്പുറം അനിയേട്ടന്റെ വീട്ടുകാരെയും എതിർത്തു കൊണ്ട് തന്റെ കൈ പിടിക്കാൻ അനിയേട്ടനെ പ്രേരിപ്പിച്ചതെന്താണ്? വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ഇതുവരെ ഒരു വാക്കോ നോക്കോ കൊണ്ട് അനിയേട്ടൻ തന്നെ വേദനിപ്പിച്ചിട്ടില്ല. താനൊരു ഭാരമാണെന്നോ താൻ മൂലം വീട്ടുകാരെ നഷ്ടപ്പെട്ടെന്നോ ഉള്ള ഒരു ഭാവവും അനിയേട്ടൻ കാണിച്ചിട്ടില്ല…..തന്റെ വീട്ടുകാർക്ക് മരുമകനല്ല മകൻ തന്നെയായിരുന്നു അനിയേട്ടൻ..: ഗർഭിണിയായിരുന്നപ്പോൾ നടക്കാൻ കഴിയാത്തതിനാൽ തന്നെയും എടുത്തു കൊണ്ടാണ് പലപ്പോഴും ആശുപത്രിയിലേക്ക് പോയത്. അദ്ദേഹത്തെ പോലെ ഒരു ഭർത്താവിനെ ലഭിച്ചതിൽ ദൈവത്തിനു നന്ദി പറയുകയല്ലേ വേണ്ടത്? ഇതു പോലെയുള്ള കുത്തുവാക്കുകളിൽ മനസിടറാതെ………….

വാൽക്കഷണം:അംഗവൈകല്യം ഒരു കുറ്റമല്ല. വൈകല്യമുള്ളവരെ പാപികളാക്കി ചിത്രീകരിക്കരുത്. ആർക്കും ഏതു നിമിഷവും വൈകല്യം സംഭവിക്കാം…..അവരെ സഹായിക്കാൻ മനസില്ലെങ്കിൽ വേണ്ട. ഉപദ്രവിക്കാതിരുന്നാൽ മതിയാവും. നമുക്കു ചെയ്യാൻ സാധിക്കാത്തതും സാധിച്ചാലും ചെയ്യാത്തതുമായ കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ അതിലും കുറ്റം കണ്ടു പിടിക്കുന്ന മനോഭാവം എന്നാണ് നമ്മൾ മാററുന്നത്? നന്മയുള്ള മനുഷ്യർ കുറച്ചെങ്കിലും ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഭൂമിയായി തന്നെ തുടരുന്നത്. അല്ലെങ്കിൽ എന്നോ കടലെടുത്തു പോയേനേ……………..

രചന: മേഘ മയൂരി

Leave a Reply

Your email address will not be published. Required fields are marked *