മുറിയിലെ ഇരുളിനെ മറയാക്കി ഞാനെൻ്റെ ശരീരത്തെ സ്വതന്ത്രമാക്കിയിരുന്നു…

Uncategorized

രചന: സജി തൈപ്പറമ്പ്.

അസഹ്യമായ ചൂടും ,കൊതുകിൻ്റെ ആക്രമണവും സഹിക്കാനാവാതെ വന്നപ്പോഴാണ്, കട്ടിലിൽ നിന്നും ഞാൻ ചാടിയെഴുന്നേറ്റത്

കട്ടപിടിച്ച ഇരുട്ടിൽ, ഒരു അന്ധനെ പോലെ, തപ്പിത്തടഞ്ഞ് , ചുമരിൽ ഉറപ്പിച്ചിരുന്ന സ്വിച്ച് കണ്ട് പിടിച്ച്, ഞാൻ അതി വേഗം ലൈറ്റ് ഓൺ ചെയ്തു.

കിടപ്പുമുറിയുടെ വാതിൽ തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന കറകറ ശബ്ദം ,കട്ടിലിൽ കിടക്കുന്ന എൻ്റെ ഭാര്യയുടെ ഉറക്കം കെടുത്തുമോ ?എന്ന ഉത്കണ്ഠ ഉണ്ടായിരുന്നത് കൊണ്ടാണ്, ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ,ഞാൻ കതകിൻ്റെ ഓടാമ്പൽ മെല്ലെ നീക്കിയത്.

ഭാഗ്യം, ഇരയെടുത്ത പെരുമ്പാമ്പിനെപ്പോലെ, ഭാര്യ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ, അവൾ ബോധംകെട്ടുറങ്ങുകയാണെന്ന്, എനിക്ക് മനസ്സിലായി.

വാതിൽ മെല്ലെ ചാരിയിട്ട്, ഞാൻ ബാൽക്കണി ലക്ഷ്യമാക്കി നടന്നു.

മാർച്ച് ആദ്യവാരമായപ്പോഴേക്കും, മുൻ വർഷത്തെക്കാൾ, വേനല് കടുത്തത് കൊണ്ടാവാം, പുറത്തിറങ്ങിയിട്ടും ,ചൂടിന് അല്പം പോലും ശമനമുണ്ടായിരുന്നില്ല,

നേരം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും, അന്തരീക്ഷത്തിലെ താപനില ഉയർന്ന് തന്നെ നില്ക്കുന്നത്, എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ടായിരുന്നു.

ബാൽക്കണിയിൽ നിന്ന് പുറത്തേയ്ക്ക് നോക്കിയാൽ, എനിക്ക് കാണാൻ കഴിയുന്നത്, അംബരചുംബികളായ കുറെ ബഹുനില കെട്ടിടങ്ങളായിരുന്നു.

വെറും മൂന്നര സെൻ്റിൻ്റെ വ്യാസമുള്ള ഭൂമിയുടെ പ്രതലത്തിൽ, ചുടുകട്ടകൾ അട്ടിയിട്ട് വച്ചിരിക്കുന്നത് പോലെ ,ആകാശം മുട്ടെ ഉയർന്ന് നില്ക്കുന്ന ആഡംബരസമുച്ചയങ്ങൾ, തൊട്ടരികിലുള്ള നദിയിലേക്ക് കടപുഴകി വീണുപോകുമോ എന്ന പ്രതീതി ജനിപ്പിക്കുന്നവയായിരുന്നു.

അവ നിർമ്മിച്ച ആർക്കിടെക്ടുകളുടെ കരവിരുത്, പ്രാചീനയുഗത്തിലെ രാജശില്പികളെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.

രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട്, എൻ്റെ കർണ്ണപടത്തിലേക്ക് തുളച്ച് കയറിയ ,തെരുവ്നായ്ക്കളുടെ നിർത്താതെയുള്ള ഓലിയിടലിൻ്റെ ഉറവിടമറിയാനായി, ഞാനെൻ്റെ കുട പോലെയുള്ള ചെവികൾ വട്ടം പിടിച്ചു.

അക്ഷാംഷരേഖ പോലെ നെടുനീളത്തിൽ കിടക്കുന്ന മത്സ്യമാർക്കറ്റിലേക്കുള്ള ഇടറോഡിലാണ്, എൻ്റെ നോട്ടം ചെന്ന് പതിച്ചത്.

അവിടെ, ഒരു എല്ലിൻ കഷ്ണത്തിന് വേണ്ടിയുള്ള നായ്ക്കളുടെ കടിപിടി കണ്ടപ്പോൾ, പണ്ട് അച്ഛൻ കഴിച്ചിട്ട് ബാക്കി വയ്ക്കുന്ന ഉണക്കമീനിൻ്റെ പകുതിക്ക് വേണ്ടി, അനുജനുമായി വഴക്കിടുന്ന എൻ്റെ ബാല്യകാലം, എത്ര ദാരിദ്ര്യം നിറഞ്ഞതായിരുന്നുവെന്ന് ഞാനോർത്തു പോയി.

ഒരു നിമിഷം ഫ്ളാഷ് ബാക്കിലേക്ക് വഴിതെറ്റിപ്പോയ എന്നെ ,അയൽവീട്ടിലെ കണാരേട്ടൻ്റെ വില്ലൻ ചുമയാണ് തട്ടിയുണർത്തിയത്.

തലേന്ന് വൈകുന്നേരം ഷെയറിട്ട് വാങ്ങിയടിച്ച, ജവാൻ്റെ പിടുത്തത്തിൽ നിന്നും ,ഇനിയും മോചിതനായിട്ടില്ലാത്ത കണാരേട്ടൻ, കാറ്റത്താടുന്ന അടയ്ക്കാമരം പോലെ, വേച്ച് വേച്ച്, മുറ്റത്തേയ്ക്കിറങ്ങുന്നത്, ഞാൻ സാകൂതം നോക്കി നിന്നു.

പതിനാല് വാരിയെല്ലുകളും അനാവൃതമായ നെഞ്ചിന് മുകളിൽ, ഒരു മുലക്കച്ച പോലെ വരിഞ്ഞ് വച്ചിരിക്കുന്ന കൈലിമുണ്ടിൻ്റെ അഗ്രഭാഗം ഉയർത്തിപ്പിടിച്ചുള്ള , അദ്ദേഹത്തിൻ്റെ പ്രയാണം, കണ്ടപ്പോഴെ , അടുക്കള വശത്തെ വെട്ടുകല്ലാൽ നിർമ്മിതമായ അരമതിലാണ്, കണാരേട്ടൻ്റെ ലക്ഷ്യമെന്ന് അതിവേഗം തന്നെ, എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

തൻ്റെ മൂത്രം കൊണ്ട് അരമതിലിൻ്റെ കീഴറ്റം മുതൽ മുകൾഭാഗം വരെ ,പൂക്കളം വരയ്ക്കുന്ന കണാരേട്ടൻ, എന്നിൽ കൗതുകമുണർത്തി.

പുക്കളം പൂർത്തിയാക്കിയ കണാരേട്ടൻ, പൊടുന്നനെ തൻ്റെ ഉടുമുണ്ടഴിച്ച് തോളിലേക്കിട്ടപ്പോൾ, ആ വിജൃംഭിത നഗ്നശരീരം കണ്ട ഞാൻ, മ്ളേച്ഛതയോടെ നില്ക്കുമ്പോഴാണ് , കാണാതായ ഭർത്താവിനെ അന്വേഷിച്ച്, എൻ്റെ ഭാര്യ അങ്ങോട്ടേക്ക് നടന്ന് വന്നത് .

നിങ്ങളിവിടെയെന്താ, കുന്തം വിഴുങ്ങിയത് പോലെ നില്ക്കുന്നത് ?

ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന, ഭാര്യയുടെ ചോദ്യം , അറവുശാലയിലേക്ക് അറുക്കാൻ കൊണ്ട് വന്ന പോത്തിൻ്റെ അമറൽ പോലെയാണ് എനിക്കപ്പോൾ തോന്നിയത്.

നീയങ്ങോട്ടേക്ക് നോക്കണ്ടാ, അപ്പുറത്തെ കണാരേട്ടൻ, കുടിച്ച് ബോധമില്ലാതെ ഉടുമുണ്ട് പോലുമില്ലാതെ നില്ക്കുവാണ് ,വാ നമുക്ക് അകത്തേയ്ക്ക് പോകാം

അർദ്ധരാത്രിയിൽ അയാളെ കണ്ടിട്ട്, ദേവലോകത്ത് നിന്നുമിറങ്ങി വന്ന ,ഗന്ധർവ്വനാണെന്ന് ഭാര്യ തെറ്റിദ്ധരിക്കണ്ടെന്ന് കരുതിയാണ് ,ഞാനവളെ കൂട്ടിക്കൊണ്ട് പോകാൻ ഒരു വിഫലശ്രമം നടത്തിയത്.

അതിന് ഞാനങ്ങേരെ കാണാൻ വന്നതല്ല ,നിങ്ങള് ഉടുമുണ്ടുരിഞ്ഞ് കട്ടിലിട്ടിട്ട്, ഈ പച്ച പാതിരാക്ക് ,എവിടെ പോയതാണെന്നന്വേഷിച്ചിറങ്ങിയതാണ്, കണാരേട്ടൻ ഉടുതുണിയഴിച്ചത് , കുടിച്ച് ബോധം പോയിട്ടാണെന്ന് കരുതാം ,പക്ഷേ ,കുടിക്കാത്ത നിങ്ങളിത് ചെയ്തതിൻ്റെ ചേതോവികാരമാണ്, എനിക്ക് മനസ്സിലാകാത്തത്?

സത്യത്തിൽ ഭാര്യ പറഞ്ഞപ്പോൾ മാത്രമാണ് ,ഞാനെൻ്റെ നഗ്നശരീരം കാണുന്നത്, കുറച്ച് മുൻപ്, ചൂട് സഹിക്കാനാവാതെ വന്നപ്പോൾ ,അടച്ചിട്ട മുറിയിലെ ഇരുളിനെ മറയാക്കി ഞാനെൻ്റെ ശരീരത്തെ സ്വതന്ത്രമാക്കിയിരുന്നു,

കടുത്ത താപത്തെ അതിജീവിക്കാനുള്ള തത്രപ്പാടിൽ, ഞാനെൻ്റെ നിശാവസ്ത്രത്തെ വിസ്മരിച്ചു പോയി, എന്നുള്ളത് സത്യമാണ്,

നഷ്ടപ്പെട്ട ഉടുതുണിക്കായി ,ഞാൻ ബെഡ് റൂമിലേക്കോടുമ്പോൾ, എൻ്റെ ഭാര്യ ,എന്നോട് അങ്കം വെട്ടാൻ , ആയുധം അന്വേഷിക്കുന്ന തിരക്കിലായിരുന്നു.

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *