14വർഷമായി കാത്തിരുന്നു കിട്ടിയ കുഞ്ഞാണ് നെഞ്ചിൽ എന്റെ ചൂട് പറ്റി ഉറങ്ങുന്നത്…

Uncategorized

രചന: Ayyappan Ayyappan

അയാൾ 27ദിവസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്തു കതക് തുറന്നു……..

അയൽവക്കത്തുള്ള എല്ലാവരും അവിടെ കൂടി നിന്നിരുന്നു…. ചില പെണ്ണുങ്ങൾ നിശബ്ദമായി കരഞ്ഞു….

ചിലർ മൂക്ക് പിഴിഞ്ഞു….. ചിലർ ദയനീയമായി അയാളെ നോക്കി….

ആണുങ്ങൾ അയാളുടെ വിധിയെ പഴിച്ചു പിറുപിറുത്തു… അയാൾ ആരേം നോക്കിയില്ല…..

കുഞ്ഞിനെ കുറച്ചു കൂടി നെഞ്ചോട് ചേർത്ത് വെച്ചു അകത്തേക്ക് കയറി പോയി….

14വർഷമായി കാത്തിരുന്നു കിട്ടിയ കുഞ്ഞാണ് നെഞ്ചിൽ എന്റെ ചൂട് പറ്റി ഉറങ്ങുന്നത് എന്ന് കണ്ടപ്പോ അയാളുടെ മനസ്സ് ഹൃദ്യമായി……

കൂടി നിന്നവരിൽ ആരോ കഫം തൊണ്ടയിൽ കുരുങ്ങി കൊണ്ട് പറഞ്ഞു “കാത്ത് കാത്ത് അവസാനം കുഞ്ഞിനെ കിട്ടപ്പോ തള്ള പോയി”….

ഒരു വേള അയാൾ അവളെ ഓർത്തു…. എന്നെ ഏല്പിച്ചു പോയല്ലോ എന്ന് അയാൾ ആത്മഗതം പറഞ്ഞു… കൂടി നിന്നവരിൽ എല്ലാരും പോയെന്ന് കണ്ടപ്പോ അയാൾ മുഖം ഉയർത്തി ചുറ്റും നോക്കി….

അവൾ ഇല്ലാത്ത വീട്…

അവളുടെ കാൽപ്പെരുമാറ്റം ഇല്ലാത്ത വീട്…..

അവളുടെ പൊട്ടിച്ചിരികളും നെടുവീർപ്പുകളും പതംപറച്ചിലും ഇല്ലാത്ത വീട്…. അയാൾക് പെടുന്നനെ ശ്വാസം മുട്ടി…..

നെഞ്ച് വിങ്ങി…. ഒരു വലിയ മരുഭൂമിയിൽ ഒറ്റയ്ക്ക് ആവുന്ന പോലെ തോന്നി… കുഞ്ഞിനെ അയാൾ കട്ടിലിൽ കിടത്തി….

അയാളുടെ തഴമ്പ് വീണ കൈകൾ കുഞ്ഞിന്റെ മുതുവിൽ പതിയെ താളം പിടിക്കുന്നുണ്ടായിരുന്നു…. പതിയെ എണീറ്റു ചുറ്റും നോക്കി…

അവളുടെ ഗപ്പി കുഞ്ഞുങ്ങൾ ചിലതൊക്കെ ചത്തു പൊന്തിയിരുന്നു….. അവൾ മുറിക്കുള്ളിൽ വെച്ചിരുന്ന എനിക്ക് പേരറിയാത്ത ചെടികൾ ഒക്കെ വാടി തുടങ്ങിയിരുന്നു…

അവൾ മോഹിച്ചു വാങ്ങിയ ഇണക്കുരുവികൾ ഇട്ടു കൊടുത്തത് കഴിക്കാതെ അവൾ വരുന്നത് നോക്കി സസൂഷ്മം ഇരിക്കുകയാണ്…. എനിക്ക് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു…

“എന്നെ തനിച്ചാക്കി അവൾ പോയപോലെ നിങ്ങളേം തനിച്ചാക്കി എന്ന്”… അവൾ അങ്ങനെ ആയിരുന്നു… അവൾക്കു ചുറ്റും ഉള്ളതെല്ലാം അവൾക്കു സ്വർഗം ആണ്… അവൾ എന്നെ ജീവനോളം സ്നേഹിച്ചിരുന്നു……..

എന്റെത് തടിച്ച നാക്കും..ഞാൻ വിക്കനും ആയിരുന്നു….. പക്ഷെ അവൾ എന്റെ എല്ലാ അപകർഷതാ ബോധത്തെയും തച്ചുടച്ചു…

ഞാൻ വിക്കുമ്പോഴൊക്കെ .. അവൾ എന്റെ ചുണ്ടുകളിലേക്ക് നോക്കി കൊണ്ട് പറയാൻ വരുന്നത് വായിച്ചെടുക്കാൻ ശ്രെമിക്കുമായിരുന്നു….

അവൾ എന്റെ വസ്ത്രങ്ങളെ ഭക്തിയോടെ അലക്കി…. അവൾ എന്റെ കഷണ്ടി കയറി തുടങ്ങിയ തലയിൽ വെറുതെ കൈകൾ ചേർത്തു വെച്ചു തടവിയിരുന്നു….

കുഞ്ഞുങ്ങൾ ആവാതിരുന്ന സമയത്ത് അവളുടെ വയറിൽ കൈ വെച്ച് “മച്ചി വയർ ” എന്ന് പറഞ്ഞു പൊട്ടി പൊട്ടിചിരിക്കുമായിരുന്നു… അവസാനം ചിരിച്ചു ചിരിച്ചു ആ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു ഒഴുകുമായിരുന്നു…..

അവൾ ഒരു നല്ല ഒരു കേൾവിക്കാരി ആയിരുന്നു…. അവളുടെ മുടി പിന്നി ഇട്ട ശേഷം ഏറ്റവും താഴെ കുഞ്ചലം പോലെ കെട്ടിയിടുമായിരുന്നു…

അവൾക്ക് പരാതിയും പരിഭവങ്ങളും കുറവായിരുന്നു ഉണ്ടങ്കിൽ തന്നെ ഒരൊറ്റ ചുംബനത്തിൽ… ഒരു മസാലദോശയിൽ……. ചേർത്തു വെച്ചൊരു ആലിംഗനത്തിൽ പെയ്തുതോരുമായിരുന്നു …

ഇടയ്ക്ക് അവൾക്ക് ചില വട്ടുണ്ട്…. മഴ പെയ്യുമ്പോൾ ഇങ്ങനെ ആദ്യമായി കാണുന്ന പോലെ നോക്കി നിക്കും…..

അയാളുടെ അമ്മയല്ലതെ അവൾ അല്ലാതെ വേറെ ഒരു പെണ്ണിനെ നോക്കുക പോലും ഇല്ലന്ന് സത്യം ഇടീപ്പിക്കും

അവൾ അയാളുടെ സിരകളെ ചൂട് പിടിപ്പിച്ചിരുന്നു…. ഉയര്ന്നു വരുന്ന എല്ലാ ശ്വാസഗതികൾക്ക് ശേഷം തളർന്നു കിടക്കുന്ന അയാളെ നെഞ്ചിൽ ചേർത്തു…. അയാൾ മാത്രം കേൾക്കെ അവൾ പാട്ടു പാടും….

ഇടയ്ക്ക് കൊച്ചു കുഞ്ഞിനെ എന്നോണം അയാളുടെ ഇരു കവിൾ തടങ്ങളും കൈകളിൽ എടുത്ത്…. “എന്റെ മാത്രം ആണ്” എന്ന് ആത്മവിശ്വാസത്തോടെ പറയും….

അവൾ സാരി ഉടുക്കുമ്പോഴൊക്കെ മുന്താണി എടുത്ത് അരയിൽ കയറ്റി വെക്കും….

ഒരിക്കൽ ഒരു പേരിടൽ ചടങ്ങിന് പോയപ്പോ. ആ കുഞ്ഞിനെ വാരി എടുത്തവൾ തെരു തെരെ ചുംബിച്ചു…

അരികിൽ നിന്ന ആരോ അടക്കം പറഞ്ഞു…. “മച്ചി പെണ്ണിന്റെ കയ്യിൽ ആരാ കുഞ്ഞിനെ കൊടുത്തേ… ”

അവൾ അത്‌ കേട്ടു പുഞ്ചിരിച്ചു കൊണ്ടു കുഞ്ഞിനെ തിരികെ നൽകി എന്റെ അടുത്ത് വന്നിരുന്നു… അവൾ അങ്ങനെ ആണ് ആരോടും ഒരു പിണക്കവും ഇല്ല….. പക്ഷെ അന്ന് രാത്രി അവൾ അലറി വിളിച്ചു കരഞ്ഞു…

“ആ കുഞ്ഞിന്റെ പാലിന്റെ മണം ന്റെ ചുണ്ടിൽ നിന്ന് പോയിട്ടില്ല രവിയേട്ടാ” .. എന്ന് വിളിച്ചവൾ അലറി കരഞ്ഞു…

എന്റെ ഇരു കാലുകളും കൈ വെള്ളയിൽ എടുത്ത് ചുണ്ട് കൊണ്ട് മുഖം ഉരസി അവൾ പറഞ്ഞു…

“എനിക്ക് പറ്റില്ല രവിയേട്ടൻ വേറെ വിവാഹം കഴിച്ചോളൂ” എന്ന്…

എന്റെ ഇട നെഞ്ച് പൊട്ടിപ്പോയി… അവൾ അല്ലാതെ മറ്റൊരാളെ ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല… തനിക്കു അതിനു കഴിയില്ല….

“നിന്നോളം ഞാൻ വേറെ ആരേം സ്നേഹിച്ചിട്ടില്ല പെണ്ണെ “എന്നവൻ മനസ്സിൽ ഓർത്തു….

അവൾ അയാൾക്കു വേണ്ടി എല്ലാം ഉണ്ടാക്കി കൊടുത്തു…. അയാൾ ജോലിക്ക് പോവാൻ ഇറങ്ങുമ്പോഴെല്ലാം അവൾ വാതിൽ പടിയിൽ വന്നു നിന്നു .

അയാൾ വരുമ്പോൾ അവളും ഉമ്മറപ്പടിയിൽ നോക്കി നിൽക്കും…. അവൾ തൊടിയിൽ അരയാലും പേരമരവും ചാമ്പയും വെച്ചു പിടിപ്പിച്ചു…. വിത്തുകൾ പാകി മുളപ്പിച്ചു…

അവൾ നന്നായി പാചകം ചെയ്യുമായിരുന്നു… അവൾ ചെടികളെ കുഞ്ഞുങ്ങൾ എന്നോണം നോക്കി അവരോട് കൊഞ്ചി… ഓരോ പൂവിതളിലും ഉമ്മ വെക്കും…. അത്‌ വാടുമ്പോൾ അതീവ ദുഖിത ആയി…… അങ്ങനെ ഒരു ദിവസം ഇനി ഒരു കുഞ്ഞ് ഉണ്ടാവില്ല എന്നു പറഞ്ഞ സ്ഥാനത്ത്… ഒരു നാമ്പ് മുളചിരിക്കുന്നു…..

ഞങ്ങൾ രണ്ടിൽനിന്നും മൂന്നാവാൻ പോകുന്നു……

ആ 8മാസം ഞങ്ങൾ ആസ്വദിക്കുകയായിരുന്നു….

കുഞ്ഞി വയർ വലുതാവുന്നത്…

കുഞ്ഞിന്റെ ചെറിയ ചവിട്ട്…

ചെവിയോർത്തിരിക്കുമ്പോൾ ഉണ്ടാവുന്ന അനക്കം….

പുളി മാങ്ങാ തിന്നാൻ തോന്നുന്നത്….

കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഉള്ള ആഗ്രഹം…. ആ സമയത്തെ കുഞ്ഞ് വാശി….

കാലിൽ നീര് വന്നത് എല്ലാം എല്ലാം ആസ്വദിക്കുകയായിരൂന്നു…..

“ന്തോ നനയുന്നുണ്ട് രവിഏട്ടാ “എന്ന് പറഞ്ഞ് വീണത് മാത്രം ഓർമ്മ ഉള്ളു…..

ന്റെ കുഞ്ഞിന്റെ മുഖം അവൾ കണ്ടു കാണുമോ????

അവന്റ അലറി കരച്ചിൽ അവൾ കേട്ടു കാണുമോ???? …

അവളുടെ മുല ഒരിക്കൽ എങ്കിലും ഒന്ന് ചുരുന്നിട്ടുണ്ടാവുമോ???? അയാൾ അസ്വസ്ഥൻ ആയി….

അവളുടെ ഉടുത്ത സാരി വെറുതെ എടുത്തു അയാൾ ചുംബിച്ചു… അവളുടെ മണം….. അവളുടെ ചൂര് … അയാൾക് കരയാൻ തോന്നി….

ആണുങ്ങൾ കരയാൻ പാടില്ലത്രേ കേട്ടു വന്നതാണ് ചെറുപ്പം മുതൽ …. അയാൾ വിങ്ങി വിങ്ങി കരയാൻ തുടങ്ങി…. അയാളുടെ തടിച്ച വിക്കുള്ള തൊണ്ട കുഴിയിൽ നിന്ന് ഒരു അവ്യക്ത ശബ്ദം വരാൻ തുടങ്ങി…..

കുഞ്ഞ് അത്‌ കേട്ടിട്ടാവണം നനുത്ത ഒരു ചിണുങ്ങൽ ശേഷം നാല് ദിക്ക് കേക്കുമാറ് ഉറക്കെ കരയാൻ തുടങ്ങി… അയാൾക് ആശ്വസിപ്പിക്കാൻ അറിയില്ലാരുന്നു…..

അയാൾ തന്റെ കുഞ്ഞി വിരൽ കുഞ്ഞിന്റെ ചോര ചുണ്ടിൽ വെച്ചു കൊടുത്തു…. ആർത്തിയോടെ അവൻ അത് നുണഞ്ഞു നുണഞ്ഞു ഉറങ്ങി…. അപ്പോഴും അയാൾ അവളെ ഓർത്തു പറഞ്ഞു കൊണ്ടേ ഇരുന്നു…..

“ഒരു പൊട്ടി പെണ്ണായിരുന്നു ”

രചന: Ayyappan Ayyappan

Leave a Reply

Your email address will not be published. Required fields are marked *