നെഞ്ചിൽ തണുപ്പ് തോന്നിയാണ് ഞെട്ടി ഉണർന്നത്, നോക്കിയപ്പോൾ….

Uncategorized

രചന: Manu Reghu

നെഞ്ചിൽ തണുപ്പ് തോന്നിയാണ് ഞെട്ടി ഉണർന്നത് …. കുഞ്ഞിമോൾ കുളി കഴിഞ്ഞു നെഞ്ചിൽ കയറി ഇരുന്നു മീശ പിടിച്ചു കളിക്കുകയായിരുന്നു… അവളുടെ അമ്മ (എന്റെ പ്രിയതമ )കുഞ്ഞിമോൾക്കു ഇടാനുള്ള ഉടുപ്പ് തിരയുന്നു…… ഞാൻ വിനോദ്. (വിനു ) ഭാര്യ അഞ്ജലി (അഞ്ചു.) മകൾ കൃഷ്ണ പ്രിയ (കുഞ്ഞിമോൾ )

4 വർഷത്തെ കുടുംബ ജീവിതത്തിൽ ഇത്രയും സന്തോഷവതിയായി അഞ്ജുവിനെ ഞാൻ കണ്ടിട്ടില്ല….. അതിനു ഒരു കാരണം ഉണ്ട്.. 4 വർഷങ്ങൾ ശേഷം അവളുടെ അച്ഛനെയും അമ്മയെയും കാണാൻ പോകുന്നു . 4 വർഷങ്ങൾക്കു മുൻപ് എന്നെ സ്നേഹിച്ചതിനു അവളുടെ അച്ഛൻ പുറത്താക്കിയതാണ്.

” വിനുവേട്ട, എഴുന്നേറ്റെ. നേരം പോകുന്നു, സമയത്തു അവിടെ എത്തണം ” വർഷങ്ങൾക്കു ശേഷം പിണക്കം ഒക്കെ മാറി അവളുടെ അച്ഛൻ തിരിച്ചു വിളിച്ചു. ഇന്ന് അവരുടെ ഇരുപത്തി അഞ്ചാം വിവാഹ വാർഷികമാണ്.

ശപിച്ചു ഇറക്കിവിട്ട വീട്ടിലേക് തിരിച്ചു പോകില്ല എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷെ, അച്ഛന്റെ വിളിയിൽ അവൾ എല്ലാം മറന്നു. അതാണ് രക്തബന്ധം.. ആദ്യമൊന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അതു മനസിലാക്കി കൊണ്ടാകും അവളും പോകണ്ട എന്നൊക്കെ പറയുന്നുണ്ടായിരുന്നു….. ( എനിക്കറിയില്ലേ അവളെ )

അച്ഛനും അമ്മയും ഇല്ലാത്ത ഒരാളാണ് ഞാൻ. എനിക്കു വേണ്ടി അമ്മയെയും അച്ഛനെയും ഉപേക്ഷിച്ചു വന്നവളാണ്. ഞാൻ കാരണമാണ് അവൾക്കു അവരെ നഷ്ടപെട്ടത്. ആ അച്ഛനും അമ്മയ്ക്കും അവരുടെ മകളെ തിരിച്ചു കൊടുക്കണം.. നമുക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.. ആ ദിവസം ഇന്നാണ്.

ഞാൻ എഴുന്നേറ്റു മുഖം കഴുകി വന്നപ്പോൾ അവൾ ചായ തന്നു. അതും കുടിച്ചു ബാത്‌റൂമിലേക്ക് കയറി… അവൾക്കു ഏറ്റവും ഇഷ്ടപെട്ട ഷർട്ടും മുണ്ടും ഇസ്തിരി ഇട്ടു വെച്ചിരുന്നു… ഏകദേശം പത്തുമണിയോടെ അവളുടെ തറവാട്ടിൽ എത്തി.

അവളുടെ അമ്മ നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ചു…. അച്ഛനെ പുറത്തേക്കു കണ്ടില്ല. ഞങ്ങൾക്കും മടി ഉണ്ടായിരുന്നു.. ഉമ്മറത്തു കയറി ഇരുന്നു. അവളും മോളും അകത്തേക്ക് പോയി… ഞാൻ അവിടെ ഇരുന്നു പഴയ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു…

അമ്മ എനിക്ക് എട്ടു വയസ്സുള്ളപ്പോൾ മരിച്ചു. പിന്നെ അച്ഛൻ ആയിരുന്നു എന്റെ എല്ലാം. അച്ഛന് ഒരു മെക്കാനിക് ആയിരുന്നു. സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തി ആണ് എന്നെ പഠിപ്പിച്ചതു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തു വിധി അച്ഛനെയും എന്നിൽ നിന്നും അകറ്റി….. അങ്ങനെ പഠനം കഴിഞ്ഞു ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ വർക്ക്‌ ഷോപ്പ് ഏറ്റെടുത്തു നടത്താൻ ഞാൻ തീരുമാനിച്ചു… ( പണ്ട് അച്ഛനെ സഹായിച്ചു നടന്നതിന്റെ ഗുണം )

വർഷങ്ങൾ കടന്നുപോയി… ഒരു ദിവസം രാവിലെ ഒരു കാർ വർക്ക്‌ ഷോപ്പിൽ വന്നു നിന്നു. അതിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. “ഹോൺ കേൾക്കുന്നില്ല ഒന്നും നോക്കണം ” രാവിലെ കൈനീട്ടം വന്ന സന്തോഷത്തോടെ കാറിലേക്ക് നടന്നു. ഡോർ തുറന്നു ഉള്ളിലേക്ക് നോക്കിയ ഞാൻ എന്നെ തന്നെ മറന്നു നിന്നു. സുന്ദരിയായ ഒരു പെൺകുട്ടി അതിൽ ഇരിക്കുന്നുണ്ട്.

അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണം.. മനോഹരമായ നുണക്കുഴി കവിൾ. മുല്ല മൊട്ടു അനുസ്മരിപ്പിക്കുന്ന പല്ലുകൾ..

“മോനെ ഒന്നു വേഗം, ഒരു കല്യാണത്തിന് പോകാൻ ഉള്ളതാ ”

അവളുടെ അച്ഛന്റെ ശബ്ദം എന്നെ ഉണർത്തി. വേഗം ഞാൻ അത് നന്നാക്കി കൊടുത്തു.. കാശ് എടുത്തു തന്നത് അവളായിരുന്നു… അന്നേരവും എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു…. അവളെ കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ ഒരു നിമിഷം ആഗ്രഹിച്ചു…

അപ്പോഴാണ് എന്റെ ഉറ്റ ചങ്ങാതി മനോജ്‌ ഷോപ്പിൽ വന്നത്. ആളൊരു സാമൂഹിക പ്രവർത്തകൻ ആണ്. അവൻ അയാളോട് എന്തോ കുശലം ചോദിച്ചു. മറുപടി പറഞ്ഞു അവർ പോയി. അവൻ ഉള്ളിലേക്ക് വന്നു. വിനു :” നിനക് അവരെ അറിയുമോ മനോജേ. ”

മനോജ്‌ : മംഗലത് തറവാട് വാങ്ങിയതു ഇവരാണ്. വലിയ തറവാട്ടുകാരാ. ഗൾഫിൽ ആയിരുന്നു. എല്ലാം മതിയാക്കി വന്നതാ.

വിനു : ആ കുട്ടി മോളാണോ?

മനോജ്‌ : അതെ. ഒറ്റ മോളാണ്. താഴത്തും തലയിലും വെക്കാതെ വളർത്തുന്നതാ. ഇപ്പോൾ ഇവിടെ മൂന്നാം വർഷം ഡിഗ്രിക്ക് പഠിക്കുവാ… ടാ നിന്റെ വണ്ടി ഒന്നു വേണം പഞ്ചായത്ത്‌ ഓഫീസിൽ ഒന്നു പോണം. ഞാൻ താക്കോൽ കൊടുത്തു. അവൻ വണ്ടിയുമായി പോയി.

അവളുടെ ചിന്തകൾ നിറഞ്ഞ മനസ്സുമായി ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം രാവിലെ ഷോപ്പ് തുറന്നു വിളക്ക് കൊളുത്തി ഒരു ചായ കുടിക്കാൻ പുറത്തിറങ്ങി. അപ്പോൾ കുറച്ചു സ്കൂൾ കുട്ടികൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നു. ഞാൻ അവരോട് കുശലം ചോദിച്ചുകൊണ്ട് റോഡ് കടന്നു ചായക്കടയിൽ കയറി. ചായ കുടിച്ചു ഇരിക്കുമ്പോൾ എതിരെയുള്ള ബസ് സ്റ്റോപ്പിൽ കുട്ടികളോട് സംസാരിച്ചു നിൽക്കുന്ന പെൺകുട്ടിയെ കണ്ടു ശരിക്കും ഞെട്ടി.

മുരടിച്ചു തുടങ്ങിയ എന്റെ മനസ്സിൽ സ്വപ്നങ്ങളും മോഹങ്ങളും വിടർത്തിയ പെണ്ണ്. വേഗത്തിൽ ചായ കുടിച്ചു ഞാൻ പുറത്തിറങ്ങി. അവളോട്‌ ഒന്നു സംസാരിക്കാൻ പറ്റിയെങ്കിൽ എന്ന് മോഹിച്ചു പോയി.. ഞാൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവൾ അത് കാണാത്ത പോലെ തിരിഞ്ഞുകളഞ്ഞു. ഞാൻ നിരാശനായി തിരിഞ്ഞു നടക്കാൻ തുടങ്ങി. ഒരുവട്ടം കൂടി തിരിഞ്ഞു നോക്കൻ മനസ്സു തുടിച്ചു. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ഒരു കള്ളച്ചിരിയോടെ അവൾ എന്നെ നോക്കുന്നു… ആയിരം പൂർണ ചന്ദ്രൻമാരെ ഒരുമിച്ചു കണ്ട സന്തോഷം തോന്നി. ഞാൻ ഒന്നുകൂടി ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.

പെട്ടന്ന് ഒരു കാർ നിയന്ത്രണം വിട്ടു അവിടേക്ക് ഇടിച്ചു കയറി. ഓടിച്ചെന്നു നോക്കിയപ്പോൾ ആർക്കും പരിക്ക് ഇല്ല. പക്ഷെ പേടിച്ചിട്ടാണോ എന്നറിയില്ല, ഒരു ചേച്ചി ബോധം കേട്ടു വീണു കിടക്കുന്നു. അവരുടെ കുഞ്ഞു പേടിച്ചു കരയുന്നു.. അഞ്ജലി ആ കുഞ്ഞിനെ കോരിഎടുത്തു.. ഞാൻ ഒരു കാർ എടുത്തു ആ ചേച്ചിയെ അതിൽ കിടത്തി. അവൾ ആ കുഞ്ഞിനേയും കൊണ്ട് കൂടെ കയറി. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

കുഴപ്പമില്ല, പേടിച്ചുപോയി. അതിന്റെ ഷോക്ക് ആണ്. കുറച്ചുകഴിഞ്ഞു വീട്ടിൽ പോകാം. ഒരു ട്രിപ്പ്‌ കൊടുത്തിട്ടുണ്ട്. ഇത്രയും പറഞ്ഞു ഡോക്ടർ പോയി. ഞാൻ ആ ചേച്ചിയോട് വീട്ടിലെ നമ്പർ വാങ്ങി വിളിച്ചു പറഞ്ഞു.

ഞാൻ അഞ്ജലിയോട് പൊക്കോളാൻ പറഞ്ഞു. പക്ഷേ അവൾ പറഞ്ഞത് “ഒരുമിച്ചല്ലേ വന്നതു, ഒരുമിച്ചു പോകാം” എന്നാണ്. നമ്മൾ രണ്ടു പേരും ചിരിച്ചു. അവളുടെ കയ്യിൽ ഇരുന്നു കുഞ്ഞു കരയാൻ തുടങ്ങി. ഞങ്ങൾ അവളെയും കൊണ്ട് കാന്റീനിൽ പോയി മോൾക്ക് പാലും വാങ്ങി നമ്മൾ ഓരോ കാപ്പിയും കുടിച്ചു.

അപ്പോൾ കാന്റീൻ നടത്തുന്ന ചേച്ചി ഞങ്ങളുടെ അടുത്തു വന്നിരുന്നു. കുഞ്ഞിനെ കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു “അമ്മയുടെ കണ്ണുകളും അച്ഛന്റെ മൂക്കും തന്നെ. ” ഞങ്ങൾ അതിശയം കൊണ്ട് പരസപരം നോക്കി. ഞാൻ ആകപ്പാടെ ചമ്മി. ഞാൻ വീണ്ടും അവളെ നോക്കി. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു.

ഞങ്ങൾ എഴുന്നേറ്റു ചേച്ചി കിടന്ന റൂമിൽ വന്നു. കുറച്ചു കഴിഞ്ഞു ചേച്ചിയുടെ ഭർത്താവ് വന്നു. കാര്യങ്ങൾ എല്ലാം പറഞ്ഞു ഞങ്ങൾ മോളെയും ഏല്പിച്ചു ഇറങ്ങി. തിരിച്ചു കാറിൽ കയറിയപ്പോൾ അഞ്ജലിയുടെ മുഖം വാടി ഇരുന്നു. ഞാൻ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുഞ്ഞിനെ തിരികെ കൊടുത്തപ്പോൾ ഒരു വിഷമം എന്ന് പറഞ്ഞു.. ഞാൻ ഒന്നു പുഞ്ചിരിച്ചു.

വിനു : അതിനു അവൾ അഞ്ജലിയുടെ കുഞ്ഞുഅല്ലല്ലോ. അഞ്ചു : അല്ല പക്ഷെ…… വിനു : എന്നാൽ വീട്ടിൽ പറയു കല്യാണം കഴിപ്പിച്ചു തരാൻ. (മറുപടി ഒരു നുള്ള് ആയിരുന്നു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. ) അവളെ ഞാൻ ബസ് സ്റ്റോപ്പിൽ തന്നെ വിട്ടു. ഞാൻ ഷോപ്പിൽ തിരിച്ചു പോയി.

പിന്നീട് ഞങ്ങൾ എന്നും കാണാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ നമ്മൾ കൂടുതൽ അടുത്തു. എനിക്ക് കിട്ടാതെ പോയ അമ്മയുടെ സ്നേഹവും കരുതലും അവളിൽ നിന്നും ഞാൻ അനുഭവിച്ചു. എന്റെ കാര്യങ്ങൾ എന്നെക്കാൾ നന്നായി അവൾ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്ക് അവളെ നഷ്ടപ്പെടുതുവാൻ കഴിയില്ല എന്നു ഞാൻ തിരിച്ചറിയുകയായിരുന്നു.

അങ്ങനെ എന്റെ പിറന്നാൾ വന്നു. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ അത് കാര്യമാക്കാറില്ലയിരുന്നു. പക്ഷേ അവൾ അത് കൃത്യമായി ഓർത്തിരുന്നു. വൈകുന്നേരം കണ്ടപ്പോൾ അവൾ ചോദിച്ചു.

അഞ്ചു : നാളെ വിനുവേട്ടന്റെ പിറന്നാൾ അല്ലെ വിനു : അതെ. അഞ്ചു : എന്താ ഒരു സന്തോഷം ഇല്ലാതെ വിനു : ഏയ്‌ ഒന്നുല്ല, അച്ഛൻ പോയതിൽ പിന്നെ ഞാൻ അത് ഓർക്കാറുകൂടി ഇല്ല. അഞ്ചു : ഇപ്പോൾ ഞാൻ ഇല്ലേ.. നാളെ അമ്പലത്തിൽ പോണം. ഞാനും വരുന്നുണ്ട്.

ഞാൻ അവളെ ഒന്നും നോക്കുക മാത്രമേ ചെയ്തുള്ളു. ഉറപ്പായും വരണം എന്നും പറഞ്ഞു അവൾ പോയി. അവളെ നോക്കി കുറച്ചു നേരം ഞാൻ അങ്ങനെ നിന്നു. ” വിനു കുഞ്ഞേ ഞാൻ പൊക്കോട്ടെ ” ഷോപ്പിലെ എന്റെ സഹായി നാരായണൻ ആശാൻ ആയിരുന്നു. (എനിക്ക് ആശാൻ അച്ഛന്റെ സ്ഥാനത്തു ആയിരുന്നു. ) “കുഞ്ഞേ നിനക്ക് പറയാൻ ഉള്ളത് അഞ്ചു മോളോട് തുറന്നു പറ, ഇങ്ങനെ മനസ്സിൽ ഇട്ടു സ്വയം വിഷമിക്കാതെ… ” ആശാൻ അതും പറഞ്ഞു വീട്ടിലേക് പോയി.

പിറ്റേന്ന് രാവിലെ ഞാൻ അമ്പലത്തിലേക്ക് പോയി. വഴിയിൽ അവൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ ലക്ഷ്മിദേവി തന്നെയാണെന്ന് തോന്നിപോയി. എന്നെ കണ്ടതും “പിറന്നാൾ ആശംസകൾ വിനുകുട്ടാ “എന്നു പറഞ്ഞുകൊണ്ട് കവിളിൽ നുള്ളി. ഞങ്ങൾ ഒരുമിച്ചു അമ്പലത്തിലേക്ക് നടന്നു.

എന്റെ പേരും നാളും പറഞ്ഞു അർച്ചനക്കു ചീട്ടും വാങ്ങി ഉള്ളിലേക്ക് നടന്നു.. കുറെ നാളുകൾക്കു ശേഷം ദേവിയുടെ മുന്നിൽ നിന്നും മനം ഉരുകി പ്രാർത്ഥിച്ചു. ദേവിയുടെ മുന്നിൽ നിന്നുകൊണ്ട് ഞാൻ അവളോട്‌ ചോദിച്ചു. ” അഞ്ചു ഇനിയുള്ള ജീവിതത്തിൽ നീ ഇതുപോലെ എന്നോടൊപ്പം ഉണ്ടാകുമോ” ?? അവൾ എന്നെ ഒന്നും നോക്കി. ആ കണ്ണുകളിലെ ഭാവം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ പടവുകൾ ഇറങ്ങി നടന്നകന്നു.

എന്തോ വലിയ അപരാധം ചെയ്തു എന്ന തോന്നൽ എന്നെ വേട്ടയാടികൊണ്ടിരുന്നു. ഞാൻ അവിടെ നിന്നും നടന്നകന്നു. തിരികെ വർക്ക്‌ ഷോപ്പിൽ എത്തി. ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഞാൻ ആശാനെ ഏല്പിച്ചു വീട്ടിലേക് പോയി.. വൈകുന്നേരം ഷോപ്പ് പൂട്ടാൻ മാത്രമേ പോയുള്ളു… രണ്ടുമൂന്നു ദിവസത്തേക്ക് അങ്ങനെ തന്നെ ആയിരുന്നു. ആശാന്റെ നിർബന്ധം കൊണ്ട് വീണ്ടും ജോലിക്ക് പോയിത്തുടങ്ങി.

അന്ന് വൈകുന്നേരം അഞ്ചു ഷോപ്പിൽ വന്നു. എന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്, സന്ധ്യക്ക്‌ അമ്പലത്തിൽ വരണം എന്നു പറഞ്ഞു. മോള് ഇവിടെ വെച്ച് പറഞ്ഞോളൂ എന്നു പറഞ്ഞു ആശാൻ ചായകുടിക്കാൻ പോയി..

വിനു : അഞ്ചു എന്നോട് ക്ഷമിക്കണം. അങ്ങനെയൊന്നും ഞാൻ പറയാൻ പാടില്ലായിരുന്നു. അഞ്ചുവിനെ ഞാൻ വേദനിപ്പിച്ചു. ക്ഷമിക്കണം. അഞ്ചു : ( സഹജമായ കള്ളചിരിയോടെ ) അയ്യോടാ പാവം…. എന്റെ വിനുവേട്ട… ഏട്ടൻ ഇങ്ങന ഒരു പാവം ആയിപ്പോയല്ലോ.. ഇഷ്ടപെട്ട പുരുഷന്റെ മുഖത്തു നിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ ഏതു പെണ്ണിന്റെയും കണ്ണുകൾ നിറയും. അത് സന്തോഷം കൊണ്ടാണ്.. വിനു: അഞ്ചു …. അഞ്ചു : വിനുവേട്ട….. ഇനി മുതൽ ഞാൻ ഉണ്ടാകും വിനുവേട്ടന് കൂട്ടായി… ജീവിതം മുഴുവനും.

ഗ്രീസ് പുരണ്ട കവിളത്തു ഒരു ചുമ്പനം തന്നിട്ട് അവൾ ഓടി. ആകാശം മുഴുവൻ പിടിച്ചടക്കിയ സന്തോഷം ഉണ്ടായിരുന്നു …. പിന്നെയും നാളുകൾ കടന്നു പോയി. ഞങ്ങളുടെ സ്വപ്‌നങ്ങൾ വളർന്നുകൊണ്ടിരുന്നു.

രണ്ടു മൂന്നു ദിവസം അഞ്ജുവിനെ കണ്ടില്ല. എന്തു പറ്റി എന്നറിയാത്തതു കൊണ്ട് മനസ്സിൽ വല്ലാത്ത ഭാരം. ഞാൻ ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോൾ മനോജ്‌ വന്നു . അവന്റെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായി.

മനോജ്‌: വിനു, നീയും അഞ്ജുവും തമ്മിലുള്ള ബന്ധം അവളുടെ വീട്ടിൽ അറിഞ്ഞു. ആകെ പ്രശ്നം ആയി. അവളെ അവളുടെ അച്ഛൻ അവളെ ശരിക്കും തല്ലി. അവളെ കോളേജിൽ പോകാൻ പോലും അനുവദിക്കുന്നില്ല. വിനു : മനോജേ….. മനോജ്‌ : അതേടാ. സത്യമാ.

വിനു : ടാ അവളില്ലാതെ എനിക്ക്…. നിനക്കറിയാലോ.

മനോജ്‌ : നീ വാ, നമുക്ക് അതുവരെ ഒന്നു പോകാം ..

ആശാൻ : ശരിയാ കുഞ്ഞേ, ഒന്നു പോയിട്ട് വാ. പറ്റിയാൽ അഞ്ചുമോളെ ഇങ്ങു കൂട്ടി കൊണ്ട് പോരെ.

ഞങ്ങൾ ആ വലിയ തറവാട്ടിന്റെ മുറ്റത്തു കയറി ചെന്നു. മുന്നിലെ കൂട്ടിൽ മുന്തിയ ഏതോ ഇനം നായ കിടന്നു ഉച്ചത്തിൽ കുരക്കുന്നുണ്ട്. നായയുടെ ബഹളം കേട്ടു അഞ്ജുവിന്റെ അച്ഛൻ ഇറങ്ങി വന്നു. എന്നെ കണ്ടതും അദ്ദേഹത്തിന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു.

വിനു : സർ, എനിക്ക് അഞ്ജുവിനെ ഒന്നു കാണണം.

ഗോപിനാഥ് : അഞ്ചുവോ ? ഇറങ്ങേടാ എന്റെ വീട്ടിൽ നിന്നും.( അയാൾ അലറി )

വിനു : എനിക്ക് അഞ്ജുവിനെ ഇഷ്ടമാണ്. അവൾക്ക് എന്നെയും. ദയവായി ഞങ്ങളെ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണം..

ഗോപിനാഥ് : വെറുമൊരു മെക്കാനിക് ആയ നിന്റെ കൂടെ ജീവിതം നശിപ്പിക്കാൻ അല്ല ഞാൻ എന്റെ മകളെ വളർത്തിയത്. പുറത്തു എന്റെ ശബ്ദം കേട്ടു അഞ്ചു ഓടി വന്നു എന്നെ കെട്ടിപിടിച്ചു. അവളുടെ അമ്മ പിന്നലെ വന്നു അവളെ പിടിച്ചുകൊണ്ട് പോകാൻ നോക്കി. അവൾ എന്നെ മുറുകെ പിടിച്ചു. നാട്ടുകാർ കൂടിയതോന്നും ഞങ്ങൾ അറിഞ്ഞില്ല. കുറച്ചു നേരം ഞങ്ങൾ അങ്ങനെ നിന്നു. ” മോളെ നീ ചെയ്യുന്നത് തെറ്റാണ് “, അവളുടെ അമ്മയുടെ ശബ്ദം ആയിരുന്നു. അവൾ ഒരു മരപാവ പോലെ എന്റെ നെഞ്ചിൽ തലചായ്ചു നിന്നു. അവളുടെ അച്ഛൻ ആകെ തകർന്നു ഉമ്മറതെ കസേരയിൽ ഇരുന്നു.

മനോജ്‌ : വിനു നീ വന്നേ . നമുക്ക് ഇപ്പോൾ പോകാം.

ഞാൻ അഞ്ജുവിനെ ഒന്നു നോക്കി. ഒരു ദയനീയ ഭാവത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകികൊണ്ടിരുന്നു. ഒടുവിൽ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു.. ” ഇവളെ ഞാൻ കൊണ്ടുപോകുന്നു. ഞങ്ങളെ ശപിക്കരുത്. എന്റെ ശ്വാസം നിലക്കും വരെ ഇവളെ പൊന്നുപോലെ നോക്കും. ” മനോജ്‌ ഞങ്ങളെ അവന്റെ വീട്ടിലേക് കൊണ്ടുപോയി. പിറ്റേന്ന് ഞങ്ങളെ രജിസ്റ്റർ ഓഫീസിലേക്ക് കൂട്ടികൊണ്ട് പോയി. ഞാനും അഞ്ജുവും മനോജും ആശാനും മാത്രം ഉള്ള ഒരു കൊച്ചു കല്യാണം …

കാലം വീണ്ടും സഞ്ചരിച്ചു കൊണ്ടിരുന്നു. അവളുടെ വിഷമം ഒക്കെ മാറി, മുഖത്തെ ആ കള്ളച്ചിരി വീണ്ടും പ്രത്യക്ഷപെട്ടു. അവളുടെ പഠനം പൂർത്തിയായി. ഞങ്ങൾക്ക് ഒരു മോളു ജനിച്ചു. ഞങ്ങളുടെ കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടു പോയി. ആകെ ഉണ്ടായിരുന്ന വിഷമം അവളുടെ അമ്മയെയും അച്ഛനെയും കുറിചായിരുന്നു.

‘” വിനോദെ…..” ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്ന ഞാൻ കണ്ടത് അവളുടെ അച്ഛനെ ആയിരുന്നു. ഞാൻ എഴുന്നേറ്റു. വിനു: അച്ഛൻ ഞങ്ങളോട് പൊറുക്കണം. ഞങ്ങൾ നിങ്ങളെ ഒത്തിരി വേദനിപ്പിച്ചു. ഞങ്ങൾക്ക് മാപ്പ് തരണം. ഗോപിനാഥ് : സാരമില്ല മോനെ. ശരിക്കും ഞങ്ങൾ ആണ് നിങ്ങളെ വേദനിപ്പിച്ചതു. നിങ്ങളുടെ സ്നേഹം ഞങ്ങൾ മനസ്സിലാക്കിയില്ല. ഏതൊരു അച്ഛനും മക്കളുടെ കാര്യത്തിൽ അങ്ങനെയാണ്. കഴിഞ്ഞത് കഴിഞ്ഞു. എന്റെ മകളെ നീ പൊന്നുപോലെ നോക്കുന്നുണ്ട്. അവളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അത് എനിക്ക് മനസ്സിലാകുന്നു. നിങ്ങൾക്കു നല്ലതേ വരുള്ളൂ..

“എന്താ രണ്ടുപേരും കൂടി ഒരു രഹസ്യം. വരു ഊണ് കഴിക്കാം ” അഞ്ജുവിന്റെ അമ്മയായിരുന്നു. ഞങ്ങൾ ഒരുമിച്ചു ഇരുന്നു സദ്യ കഴിച്ചു… പായസവും കുടിച്ചു. എന്റെ നഷ്ടപെട്ട അമ്മയെയും അച്ഛനെയും തിരിച്ചു കിട്ടിയപോലെ തോന്നി. തോന്നലല്ല, സത്യമാണ്.

ഊണ് കഴിഞ്ഞു ഞങ്ങൾ ഉമ്മറത്തു ഇരിന്നു. അവിടെ അപ്പുപ്പനും കൊച്ചുമോളും എന്തൊക്കെയാ കളിക്കുന്നു. അമ്മുമ്മയും ഒപ്പം ചേർന്നപ്പോൾ പൂർത്തിയായി. ഞാനും അഞ്ജുവും അത് നോക്കി നിന്നു. അവളുടെ കണ്ണുകൾ ചെറുതായി ഈറൻ അണിഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ചു….

വൈകുന്നേരം ഞങ്ങൾ വീട്ടിലേക് തിരിച്ചു. അവൾ വളരെ സന്തോഷവതി ആയിരുന്നു. അവൾ മാത്രമല്ല ഞാനും….. മനസ്സിലെ ഭാരം ഇല്ലാതായി. അഞ്ജുവിന് അവളുടെ അമ്മയെയും അച്ഛനെയും തിരിച്ചു കിട്ടി..

ഇനി പതിവുപോലെ ഞങ്ങളുടെ ലോകത്തേക്ക്….. ഞാനും എന്റെ അഞ്ജുവും നമ്മുടെ കുഞ്ഞിമോളും മാത്രമുള്ള ഒരു പുതപ്പിനുള്ളിലെ ഞങ്ങളുടെ മാത്രം ലോകത്തേക്ക്…….

ശുഭം…….

രചന: Manu Reghu

Leave a Reply

Your email address will not be published. Required fields are marked *