മോനേ ഇൗ ഡിവോഴ്സ് കേസിന്റെ പുറകെ നമ്മൾ കുറെ നടക്കേണ്ടി വരോ..?

Uncategorized

രചന: ജിഷ്ണു രമേശൻ

വക്കീൽ സാറിന്റെ ഓഫീസിലേക്ക് കയറി ചെന്നപ്പോഴാണ് ഒരു പെൺകുട്ടിയെയും അവളുടെ അച്ഛനെയും വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിയത്..ഒരു ബെഞ്ചിന്റെ ഓരത്ത് രണ്ടാളും ഒതുങ്ങി ഇരിക്കുന്നുണ്ട്…

വിഷ്ണു ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതിന്റെ പ്രൊഡ്യൂസർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് വക്കീൽ സാറാണ്… ‘ സാറ് പുറത്ത് പോയെന്നും കുറച്ച് വൈകും വരാനെന്നും ‘ ഓഫീസിലെ ആള് പറഞ്ഞതനുസരിച്ച് അവനും അവിടെ ഇരുന്നു..

‘ മോനേ ഇൗ ഡിവോഴ്സ് കേസിന്റെ പുറകെ നമ്മൾ കുറെ നടക്കേണ്ടി വരോ..? കുറെ പണം ചിലവാകുമോ..? ‘ ഒരു ദയനീയ ഭാവത്തോടെ ആ പെൺകുട്ടിയുടെ അച്ഛനാണ് അവനോടത് ചോദിച്ചത്.. ഒരു പിടിവാശികാരിയുടെ ലാവണ്യത്തോടെ അവളവനെ ഒന്ന് നോക്കി..

“അതിപ്പോ രണ്ടു കൂട്ടരും സഹകരിച്ചാൽ പെട്ടന്ന് കാര്യങ്ങള് നടക്കും..ഇല്ലെങ്കിൽ കുറെ ബുദ്ധിമുട്ടും.. ”

‘ അച്ചനെന്തിനാ മറ്റുള്ളവരോട് അഭിപ്രായം ചോദിയ്ക്കാൻ പോകുന്നത്…!’ എന്നും പറഞ്ഞു അവൾ അച്ഛനെ തിരുത്തി.. വിഷ്ണു പതുക്കെ പുറത്തേക്കിറങ്ങി, കൂടെ ആ അച്ഛനും..

‘ മോനേ അവള് വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല, സ്നേഹിച്ച് കെട്ടിയതാ രണ്ടാളും.. ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ, കുഴപ്പമില്ലാത്ത ബന്ധമാണെന്ന് കണ്ടപ്പോ നടത്തി കൊടുത്തു..അമ്മയും അച്ഛനും ആയിട്ട് ഞാൻ മാത്രേ എന്റെ മോൾക്ക് ഉള്ളൂ..ഇതിപ്പോ ഒരു വർഷം പോലും ആയില്ല ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്.. എന്റെ മോൾക്കും വാശി നല്ലത് പോലെ ഉണ്ട്..’

അതും പറഞ്ഞ് അയാള് ഞാനൊരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങി നടന്നു..വിഷ്ണു അകത്ത് അവളിരിക്കുന്ന ബെഞ്ചിൽ ചെന്നിരുന്നു..

” അതേ ഇൗ ഡിവോഴ്‌സ്‌ എന്ന് പറയുന്നത് കുട്ടിക്കളി അല്ല, കൈവിട്ട് പോയിട്ട് പിന്നീട് ദുഃഖിക്കാനെ കഴിയൂ..”

‘ ഓഹ്‌ ആദ്യം ചേട്ടൻ ചേട്ടന്റെ ഡിവോഴ്‌സ്‌ നടത്താൻ നോക്ക്…എന്നിട്ട് പോരെ എന്നെ ഉപദേശിക്കുന്നത്..!’

“അയ്യോ ഞാൻ വന്നത് എനിക്ക് ഡിവോഴ്സ് വാങ്ങാനൊന്നും അല്ല…ദേ ഇൗ ഫയലിൽ ഉള്ളത് കേസിന്റെ പേപ്പർ ഒന്നുമല്ല..ഞാൻ ചെയ്യാൻ പോകുന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ ആണ്..”

‘ അത് ശരി, കഥ എഴുതുന്നവർക്കും കവിത എഴുതുന്നവർക്കും സാഹിത്യം പറയാനേ പറ്റൂ..ഇത് ജീവിതമാണ് ചേട്ടാ, കഥയല്ല..’

ഒന്ന് ചിരിച്ചിട്ട് അവൻ എണീറ്റ് പോയി വക്കീൽ സാറിനെ ഒന്നുകൂടെ വിളിച്ചു.. എന്നിട്ട് വീണ്ടും അവിടെത്തന്നെ വന്നിരുന്നിട്ട്‌ അവളോട് പറഞ്ഞു,

” എന്താ തന്റെ പേര്…? ”

‘ നിത്യ ‘

” എന്നാ നിത്യ, ദേ ഇൗ എന്റെ ഷോർട്ട് ഫിലിം സ്റ്റോറി ഒന്ന് വായിക്ക്‌…താൻ വയിച്ചെന്ന് വിചാരിച്ച് വേറെ ആരും ഇത് കോപ്പി ചെയ്യാൻ പോകുന്നില്ല..വക്കീൽ സാറ് വരാൻ ഇനിയും ഒന്നര മണിക്കൂർ എടുക്കും..”

‘ എനിക്കൊന്നും വേണ്ട, ശേ അച്ഛൻ എവിടെ പോയി..!’

” അച്ഛൻ ഒരു ചായ കുടിക്കാൻ പോയതാ.. എന്തായാലും വെറുതെ ഇരിക്കല്ലെ ഇവിടെ, ഒന്ന് വായിച്ചു നോക്കടോ, തനിക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും..”

അവനെയൊന്ന് നോക്കിയിട്ട് അവളത് വാങ്ങി വായിക്കാൻ തുടങ്ങി..

*** *** *** ” ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ സമയത്താണ് രണ്ടു കരങ്ങൾ എന്റെ കയ്യിൽ മുറുക്കെ പിടുത്തമിട്ടത്…വെടിക്കെട്ട് കഴിഞ്ഞിട്ടും ആ തണുത്ത കരങ്ങൾ അയഞ്ഞില്ല…

പെടുന്നനെ സ്വബോധം വന്നത് പോലെ ആ പിടുത്തം വിട്ടു.. ആലിന്റെ മുകളിൽ ഫിറ്റ് ചെയ്തിരിക്കുന്ന പച്ച ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അവളെ…അവളുടെ തിളങ്ങുന്ന മൂക്കുത്തി ആരെയും ആകർഷിക്കും..

ഫോട്ടോഗ്രാഫർ ആയ എന്റെ ക്യാമറ കണ്ണിലൂടെ ഒരുപാട് പെൺകുട്ടികൾ കടന്നു പോയിട്ടുണ്ട്..പക്ഷേ നോക്കി നിന്ന് പോയത് ആദ്യമാണ്…ഒരു ചമ്മിയ ചിരിയോടെ അവള് ആളുകൾക്കിടയിൽ മറഞ്ഞു..

ഉത്രാളിക്കാവിലെ പൂരപറമ്പിൽ അനാവശ്യമായ തിരച്ചിൽ ഫലമുണ്ടായില്ല..അതിന്റെ മൂന്നാം ദിവസം പൂര ദിവസം വൈകുന്നേരം ദീപാരാധന തൊഴാൻ നിൽക്കുമ്പോ വീണ്ടും ആ മൂക്കുത്തി എന്റെ കണ്ണിൽ കാണിച്ചു തന്നു..

തിരിച്ച് പോകാൻ റോഡരുകിൽ വെച്ചിരുന്ന ബൈക്ക് എടുക്കാൻ നേരം എന്റെ അമ്മയെ “സുഗന്ധി ” എന്നും വിളിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടു.. അത് അവളും അമ്മയും ആയിരുന്നു..അമ്മയുടെ ഒരു ചെറിയ പരിചയക്കാരി ആയിരുന്നു അവളുടെ അമ്മ..

“കാവേരി” അതായിരുന്നു അവളുടെ പേര്.. ആഴ്‍ച്ചയിൽ ഒരിക്കൽ മാത്രമുള്ള എന്റെ ദീപാരാധന തൊഴൽ പിന്നീട് ദിവസവും ആയി..ഒരു മിണ്ടാപൂച്ച ആയിരുന്ന കാവേരി കണ്ടുമുട്ടലിന്റെ ദൈർഘ്യം കൂടിയതോടെ തമ്മിൽ കൂടുതൽ അടുത്തു..

വീട്ടുകാരുടെ പരിചയം എന്റെ താല്പര്യ പ്രകാരം ഒരു കല്യാണ ആലോചനയിൽ എത്തിച്ചു.. എന്റെ കയ്യും പിടിച്ച് കാവേരി എന്റെ വീട്ടിലേക്ക് കയറി..

അതിനു ശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം എന്തെന്ന് വെച്ചാൽ, ‘ വിവാഹത്തിന് മുൻപായാലും വിവാഹ ശേഷമായാലും മനസ്സുകൾ തമ്മിലുള്ള പൊരുത്തം പരസ്പരമുള്ള മനസ്സിലാക്കലിലൂടെയും വിട്ടുവീഴ്ചയിലൂടെയും ആണ്..’

എന്റെ കുടുംബം നോക്കുന്നത് ഫോട്ടോഗ്രാഫർ എന്ന ജോലി കൊണ്ടാണ്.. അതിലും അവളുടെ താൽപര്യം അടിച്ചേൽപ്പിച്ചപ്പോ എന്നിലെ നശിച്ച വാശി എതിർപ്പ് പ്രകടിപ്പിച്ചു.. സ്നേഹിച്ച് വിവാഹം ചെയ്ത ഞങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിഞ്ഞില്ല.. ആഗ്രഹിച്ചത് പോലെ പരസ്പരം സ്നേഹിക്കാൻ കൂടി കഴിയുന്നില്ല…

ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ അവഗണിക്കാതെ ഏറ്റു പിടിച്ചത് എന്റെയും കവേരിയുടെയും ജീവിതത്തെ ശരിക്കും ബാധിച്ചു.. കിടപ്പു മുറിക്കു വെളിയിലേക്ക് പോകാതെ നോക്കിയ പ്രശ്നങ്ങൾ അധികം വൈകാതെ എല്ലാരും അറിഞ്ഞു..

എന്റെ ചെറിയ ആഗ്രഹങ്ങൾ അവളുടെ അഭിപ്രായത്തെ മാനിച്ച് പാടെ ഉപേക്ഷിച്ചിരുന്നു..അവൾക്ക് വേണ്ടി ഞാൻ ആഗ്രഹങ്ങൾക്ക് തടയിട്ടു.. പിണക്കങ്ങളിലും കാവേരി വേണമെന്നുള്ളത് കൊണ്ട്…!

ഒന്ന് താഴ്ന്നു കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ ഞങ്ങൾ രണ്ടു പേരുടെയും അഹങ്കാരം കൊണ്ട് തന്നെയാണ് വഷളായത്..

അവളുടെ ചെറിയ ഈഗോയും എന്റെ വാശിയും അവളുടെ പിണങ്ങി പോക്കിന് കാരണമായി..ഞങ്ങൾക്ക് വേണ്ടി വീട്ടുകാര് തമ്മില് സംസാരിച്ചിട്ടും കാര്യമുണ്ടായില്ല..

ഒരു ദിവസം വക്കീൽ നോട്ടീസിന്റെ രൂപത്തിൽ അവളുടെ തീരുമാനം എന്നിലേക്ക് എത്തി.. ആ സമയം ഒരു തരം വാശിയായിരുന്നു.. ഒരു ഒപ്പിലൂടെ എന്റെ തീരുമാനവും അവളെ അറിയിച്ചു..

പിന്നീട് ചിന്തിച്ചു, വേണമായിരുന്നോ എന്ന്..! പക്ഷേ എന്തോ ഒരു വാശി, തോൽക്കാൻ മനസ്സില്ലാത്ത പോലെ..!

ഒന്നും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം കോടതി വരെയെത്തി… ഡിവോഴ്സ് എന്നൊരു ഒറ്റ തീരുമാനത്തിൽ ഒരു വർഷം മാത്രമുള്ള സന്തോഷകരമാക്കാമായിരുന്ന നല്ലൊരു ജീവിതത്തിന് താഴിട്ടു… കോടതിയിൽ നിന്നും ഇറങ്ങി വരുമ്പോഴും മനസ്സു നിറയെ ദേഷ്യവും വാശിയും ആയിരുന്നു..

എന്നാല് ആ വാശിക്കും ദേഷ്യത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല..ബസ് സ്റ്റോപ്പിലും ക്ഷേത്രത്തിലെ ദീപാരാധന സമയത്തെ അവിചാരിതമായ കണ്ടുമുട്ടലുകൾ മനസ്സിലൊരു വിങ്ങൽ സമ്മാനിച്ചു…

പലപ്പോഴും മനസ്സിൽ ഒരു ചോദ്യം കയറി വന്നു, ” എന്ത് കൊണ്ട് ഒന്നിച്ചു സന്തോഷത്തോടെ ജീവിച്ചുകൂടാ..” അവൾക്കും ചിലപ്പോ അതാവും മനസ്സിൽ ഉള്ളത്.. മനസ്സിലെ ഈഗോയും വാശിയും സ്നേഹത്തിന് ഒരു വിലങ്ങു തടിയാണ്…

കൺമുന്നിൽ ഉണ്ടായിരുന്നിട്ടും ഒന്ന് സംസാരിക്കാൻ കൂടി കഴിയാതെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്… ഇന്നേക്ക് മൂന്ന് വർഷം കഴിഞ്ഞു…മൂന്നാം വിവാഹ വാർഷിക ദിവസം ആണിന്ന്.. രാവിലെ തന്നെ അമ്മ മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,

” മോനേ നീ വേഗം കുളിച്ചൊരുങ്ങി വാ, ഞാനും ഒരമ്മയാ… നിനക്ക് അവളെ വേണ്ടായിരിക്കും, പക്ഷേ കാവേരി ഇവിടെ കഴിഞ്ഞ ആ ഒരു വർഷം എന്റെ സ്വന്തം മോളായിരുന്നു.. ഇന്ന് തന്നെ നമുക്കവളെ കൂട്ടികൊണ്ട് വരണം.. എനിക്കത് മുമ്പേ ആവാമായിരുന്നു..പക്ഷേ നീ അറിയണം അവളുടെ വില, അതിനു വേണ്ടിയാ കാത്തിരുന്നത്…”

മനസ്സിനൊരു തണുപ്പായിരുന്നു അപ്പൊ, അമ്മയും ഞാനും കൂടി അവളുടെ വീട്ടിലേക്ക് തിരിച്ചു..അവൾക്ക് ഇഷ്ടമുള്ള ഷർട്ടും ഇട്ടു കൊണ്ടാണ് പോയത്…
പടിപ്പുര കടന്നു ചെന്നപ്പോ കിണറ്റിൻ കരയിൽ നിന്നിരുന്ന കാവേരി എന്നെ കണ്ടതും കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി… അകത്തേക്ക് കയറിയ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..അത്രയും നാളത്തെ സങ്കടവും ദേഷ്യവും വാശിയും എല്ലാം കുറച്ച് കണ്ണീരിലൂടെ ഒഴുകി പോയിരുന്നു… അവളുടെ മൂർധാവിൽ ഒരു മുത്തം കൊടുത്തത് മുതൽ കഴിഞ്ഞതെല്ലാം ഒരു കഥപോലെ മറക്കാൻ തുടങ്ങിയിരുന്നു…

അന്ന് അമ്മയും ഞാനും കൂടി അവളെ വീട്ടിലേക്ക് കൊണ്ടു വന്നു… ഒരു പുതു മണവാട്ടിയെ പോലെ കാവേരി ഒരിക്കൽ കൂടി എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറി..വാശിയും ദേഷ്യവും ഈഗോയും എല്ലാം മനസ്സിൽ നിന്നും ഞങ്ങൾ കഴുകി കളഞ്ഞിരുന്നൂ..

അധികം വൈകാതെ എന്റെ സ്നേഹത്തിന്റെ വിത്ത് ഒരു കുഞ്ഞു ജീവനായി അവളുടെ വയറ്റിൽ രൂപം കൊണ്ടിരുന്നു… പക്ഷേ അഞ്ചാം മാസം അവളിൽ വന്നൊരു തളർച്ചയുടെ രൂപത്തിൽ ഞങ്ങളുടെ ജീവിതത്തെ പിടിച്ചു നിർത്തി.. കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർ കൈ മലർത്തിയപ്പോ കെട്ടിപ്പിടിച്ച് കരയാനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.. ജീവനറ്റ ഞങ്ങളുടെ കുഞ്ഞിനെ കാണാൻ കഴിയുമായിരുന്നില്ല…

പിന്നീട് എണീക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ ഞാനും അമ്മയും അവളെ പരിചരിച്ചു… കഴിഞ്ഞതൊക്കെ കഥകൾ പോലെ ആ കിടപ്പിൽ അവളെന്നോട് ഓരോന്നായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു..അവളുടെ ചലനമറ്റ അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്താൻ ശ്രമിച്ചിരുന്നു.. ഒരു വർഷം മാത്രമേ കാവേരി എനിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ.. ഇൗ കഷ്ടതയിൽ നിന്നും അവളുടെ ലോകത്തേക്ക് പോയി കാവേരി…

ഞാൻ കരഞ്ഞില്ല, എന്തിനു കരയണം, ഞാൻ ആയിട്ട് നഷ്ടപ്പെടുത്തിയ ഒന്നിച്ചു സ്നേഹത്തോടെ ജീവിക്കാമായിരുന്ന നാളുകൾ ഓർത്ത് എന്തിന് കരയണം… എന്റെ കാവേരി കൂടെയുണ്ടെന്നുള്ള ഓർമയിൽ മുന്നോട്ട് ജീവിക്കുന്നു ഇപ്പോഴും… അവളുടെ ഒരു ഫോട്ടോ പോലും വീട്ടിലെ ചുമരിൽ ഇല്ല, എന്തിനു ഫോട്ടോ വെയ്ക്കുന്നു…! എന്റെ കൂടെയുണ്ട് കാവേരി……”

**** *** ****

ഷോർട്ട് ഫിലിം മുഴുവൻ വായിച്ചതിനു ശേഷം ഒരു വിറയലോടെ നിത്യ ആ ഫയൽ വിഷ്ണുവിന് നേരെ നീട്ടി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ചെയ്തു കൊണ്ടിരിക്കുന്ന തിരുത്താൻ കഴിയാത്ത തെറ്റ് അവളുടെ മുഖത്ത് നിഴലിച്ചു കാണാം…

അപ്പോഴേക്കും അവളുടെ അച്ഛൻ കയറി വന്നു..കൂടെ വക്കീലും..

‘ മോളെ ദേ വക്കീൽ സാറ് വന്നു..’

വിഷ്ണുവിനോട് ഇരിക്കാൻ പറഞ്ഞിട്ട് അവരെ വക്കീൽ സാർ അകത്തേക്ക് വിളിച്ചു..

‘ അച്ഛാ, നമുക്ക് പോകാം.. എനിക്ക് കഴിയില്ല എന്റെ വരുണേട്ടനെ പിരിയാൻ..എന്റെ തെറ്റാ എല്ലാം…! വാ അച്ഛാ നമുക്ക് ഇപ്പൊ തന്നെ പോകണം ചേട്ടനെ കാണാൻ..ഇപ്പൊ ഞാൻ എന്റെ വാശിയിൽ ഡിവോഴ്സ് വാങ്ങിയാൽ പിന്നെയത് തിരുത്താൻ കഴിയാതെ പോയേക്കാം..’

അതും പറഞ്ഞവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു.. ആ അച്ഛന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…

‘ ചേട്ടാ എന്നോട് ക്ഷമിക്കണം, ഞാൻ എന്തൊക്കെയോ മോശമായി പെരുമാറി.. ഒത്തിരി നന്ദിയുണ്ട് എന്റെ തെറ്റ് തിരുത്തിയത്തിന്.. ഇല്ലായിരുന്നെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന വരുണേട്ടനെ ഞാൻ നഷ്ടപ്പെടുത്തിയെനെ…ശരിക്കും കണ്ണ് നിറഞ്ഞു ഇത് വായിച്ചപ്പോ, അത്രയും ഹൃദയത്തില് കൊള്ളിച്ചാണ് ചേട്ടൻ ഇത് എഴുതിയിരിക്കുന്നത്..’

” ഏയ് അതൊക്കെ പോട്ടെ, ഒരു എഴുത്തുകാരൻ ഒന്നുമല്ല ഞാൻ… ഇൗ കഥ കൊണ്ടൊന്നും അല്ല നിത്യയുടെ മനസ്സ് മാറിയത്.. തന്റെ മനസ്സിലും സ്നേഹമുണ്ട് ഇൗ കഥ അതിനൊരു കാരണമായി എന്നേ ഉള്ളൂ..” അത്രയും പറഞ്ഞ് വിഷ്ണു വക്കീലിനെ കാണാൻ അകത്തേക്ക് കയറി…

ഒരാഴ്ചക്ക് ശേഷം നിത്യയും വരുണും കൂടി വക്കീൽ സാറിനെ കാണാൻ ഓഫീസിൽ ചെന്നു.. അവരു അന്വേഷിച്ചത് താൻ വായിച്ച ഷോർട്ട് ഫിലിം തിരക്കഥ എഴുതിയ ആളെ കുറിച്ചാണ്..

‘ സാർ, അന്ന് ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു ആ ചേട്ടൻ ഏതാ..! ഞാൻ വരുണേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോ ചേട്ടനാ പറഞ്ഞത് അയാളെ ഒന്ന് കാണണമെന്ന്… വല്ലാത്തൊരു പെർഫെക്ഷനോട് കൂടിയാണ് ആ ചേട്ടൻ എഴുതിയിരിക്കുന്നത്..മനസ്സിൽ നിന്നും പോകുന്നില്ല..’

ഒന്ന് ചിരിച്ചിട്ട് വക്കീൽ പറഞ്ഞു,

“അത് പിന്നെ അവന്റെ സ്വന്തം ജീവിതം പകർത്തുമ്പോ എന്തായാലും അത്രയും പെർഫെക്ഷൻ ഇല്ലാതിരിക്കോ…!”

‘ എന്താ സാർ പറഞ്ഞത്, സ്വന്തം ജീവിതമോ…! ആ ചേട്ടന്റെ ജീവിതമാണോ ഞാനന്ന് വായിച്ചത്..?’

“അതേ, കാവേരി അവന്റെ ഭാര്യ ആയിരുന്നു.. അവള് തളർന്നു കിടക്കുന്ന സമയത്ത് അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു, ‘ഉത്രാളികാവിൽ വെച്ച് കണ്ടതും പിന്നീട് ഒന്നിച്ചതും പിരിഞ്ഞതും എല്ലാം ഉൾക്കൊള്ളിച്ച് ഒരു ഷോർട്ട് ഫിലിം ചെയ്യുക എന്നത്.. ഒന്നിച്ചിരുന്ന് അവരുടെ ജീവിതം കാണുക എന്നത്…’ പക്ഷേ അത് വെറുമൊരു ആഗ്രഹം ആയിരുന്നില്ല, അവന്റെ ജീവനാണ് ഇൗ ഷോർട്ട് ഫിലിം സ്വപ്നം.. അവളായിട്ട്‌ നഷ്ടപ്പെടുത്തിയ അവന്റെ സ്വപ്നം അവനിലൂടെ തന്നെ ഏതോ ഒരു ലോകത്തിരുന്ന് ആ കുട്ടി കാണുന്നുണ്ടാവും..”

ഒരു നിമിഷം നിത്യയും വരുണും നിശബ്ദമായി ഇരുന്നു… ഇറങ്ങാൻ നേരം നിത്യ ചോദിച്ചു,

‘ സാറേ ആ ചേട്ടന്റെ പേര് എന്തായിരുന്നു…?’

” വിഷ്ണു”

പോകാൻ നേരം വക്കീൽ പറഞ്ഞു,

” നിത്യാ, ബന്ധം പിരിക്കാൻ എളുപ്പമാണ്, ഒന്ന് മുഖത്ത് നോക്കി ചിരിച്ചാൽ മാറുന്ന പ്രശ്നങ്ങൾ ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഡിവോഴ്സ് വരെ എത്തിക്കരുത്..”

വക്കീൽ അത് പറയുമ്പോ നിത്യ വരുണിന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്…

വീട്ടിലേക്ക് തിരിക്കും നേരം, അവളുടെ മനസ്സിലേക്ക് ആ ഷോർട്ട് ഫിലിമിന്‍റെ തിരക്കഥ ഓർമ വന്നു.. അപ്പോഴാണ് അവൾ ഓർമിച്ചത് തിരക്കഥയുടെ അവസാനം ഇങ്ങനെ എഴുതിയിരുന്നു എന്ന്, “എന്റെ കവേരിക്ക്‌ വേണ്ടി നിന്റെ സ്വന്തം വിഷ്ണു” രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *