ഇഷ്ടക്കേട് തുറന്നു പറയാമെന്നു വച്ചാൽ അവളുടെ ഒരു നോട്ടം മതി എന്റെ കാറ്റു പോകും…

Uncategorized

രചന: Maya Shenthil Kumar

അച്ഛൻ നിന്റെ കല്യാണം ഏതാണ്ടുറപ്പിച്ചു… അച്ഛന്റെ കൂട്ടുകാരന്റെ മകളാണ്…. അമ്മ അത് പറഞ്ഞതും കഴിച്ചോണ്ടിരുന്ന ചോറ് എവിടെയൊക്കെയോ കയറിപ്പോയി… ഞാൻ ഒന്ന് കാണുകപോലും ചെയ്യാതെയോ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴാണ്, ഞാൻ കണ്ടിട്ടും പത്തെഴുപതെണ്ണം നടക്കാത്ത കാര്യം ആലോചിച്ചത്… അതുകൊണ്ട് ആ ചോദ്യം ചോറിന്റെ കൂടെ തന്നെ വിഴുങ്ങി…

അന്ന് രാത്രി പണ്ട് അമ്മ കാണാതെ അമ്മയുടെ ആഴ്ചപ്പതിപ്പിൽനിന്നു കീറിയെടുത്ത സുന്ദരിയുടെ ചിത്രം നോക്കിയങ്ങനെ അങ്ങ് കിടന്നു… മുടിനിറയെ മുല്ലപ്പൂ ചൂടി, കാലിൽ വെള്ളികൊലുസണിഞ്ഞു, കൈനിറയെ കുപ്പിവളകൾ ഇട്ടൊരു സുന്ദരി… അതാണെന്റെ സ്വപ്നസുന്ദരി… പിറ്റേന്ന് രാവിലെ അച്ഛനെന്തെങ്കിലും പറയുമോന്നറിയാൻ അച്ഛന്റെ ചുറ്റും മൂന്നാല് പ്രാവശ്യം നടന്നു.. പക്ഷെ നാളെ പി എസ് സി പരീക്ഷ ഉള്ളതുപോലെ അച്ഛൻ പേപ്പർ അരിച്ചുപെറുക്കി വായിക്കുകയാ… എന്നെ മൈൻഡ് ചെയ്യാതെ അവസാനം ഗതികെട്ട് ഓഫീസിൽ പോകാൻ റെഡി ആയി… പോകാൻ നേരം, പോയിട്ടുവരാം എന്ന് വിളിച്ചുപറഞ്ഞിട്ടും ഉം എന്ന് കനത്തിൽ മൂളിയതല്ലാതെ തല പൊന്തിച്ചു ഒന്ന് നോക്കിയതുപോലുമില്ല…

* * * * * * * *

നിനക്ക് ഈ കുട്ടിയെ ഇഷ്ടായോ, വൈകുന്നേരം ടീവി കാണുന്നതിനിടയിലാണ് അച്ഛൻ ഒരു ഫോട്ടോ എനിക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചത്… ആഴ്ചപ്പതിപ്പിൽ കണ്ട അത്രയൊന്നുല്ലെങ്കിലും പെണ്ണ് കൊള്ളാം… മുഖത്തു വന്ന നാണം മറച്ചു വച്ച് ആ കുഴപ്പമില്ല എന്ന് പറഞ്ഞൊപ്പിച്ചു… ആ ഇനി ഇഷ്ടായില്ലെങ്കിലും ഞാൻ അവർക്കു വാക്ക് കൊടുത്തു… എന്നത്തേയും പോലെ കനത്തശബ്ദത്തിൽ അതും പറഞ്ഞു അച്ഛൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി… എന്തായലും ഇനി, പെണ്ണ് കാണാൻ മാത്രെ നിനക്ക് യോഗമുള്ളൂ എന്ന് പറഞ്ഞവൻമാരുടെ മുന്നിൽ തല ഉയർത്തി നിക്കാലോ… ഓരോന്നോർത്തു കിടന്നു അങ്ങ് ഉറങ്ങിപ്പോയി…

* * * * * * * *

അവളുടെ ജാതകത്തിലുള്ളഎന്തോ പ്രശ്നം കൊണ്ട് കല്യാണം പെട്ടെന്ന് തന്നെ നടത്താൻ അച്ഛനും അമ്മാവന്മാരും വല്യ ചർച്ചയാണ്… അതിനിടയിൽ പെങ്ങള് വന്നു കളിയാക്കിയപ്പോഴാണ് ആ സത്യം കേട്ട് ഞെട്ടി തരിച്ചു പോയത്… അവൾ പോലീസ് ആണ് അതും ഇവിടത്തെ സ്റ്റേഷനിലെ എസ് ഐ…. തലയിൽ പൂവും, കാലില് കൊലുസും, കുപ്പി വളകളും സ്വപ്നം കണ്ട എനിക്ക് കിട്ടിയത് ഒരു പോലീസുകാരിയെ… ആലോചിക്കും തോറും കണ്ണിൽ ഇരുട്ടുകയറുന്നു… ഇപ്പോ തന്നെ മരിച്ചുപോയാൽ മതിയെന്ന് തോന്നിപോയി… വേറൊന്നും കൊണ്ടല്ല പണ്ടുതൊട്ടേ എനിക്കേറ്റവും പേടിയാണ് ഈ പൊലീസുകാരെ… പണ്ട് അച്ഛന്റെ കൂടെ അമ്പലത്തിൽ ഉത്സവത്തിനു പോയപ്പോൾ… അവിടെ തല്ലുണ്ടാക്കിയ ഗുണ്ടകളെ അറഞ്ചം പുറഞ്ചം തല്ലുന്നത് കണ്ട് ഉള്ളിൽ കയറിക്കൂടിയ പേടിയാണ് പിന്നെ അത് ഇറങ്ങിപോയിട്ടില്ല…

പൊലീസുകാരെ കണ്ടാൽ പിന്നെ കയ്യും കാലും വിറയ്ക്കും പിന്നെ ചുറ്റും നടക്കുന്നതൊന്നും കാണാൻപറ്റില്ല…. അങ്ങനെ ഇരിക്കെയാണ് പ്രീഡിഗ്രി പഠിക്കുമ്പോൾ കൂട്ടുകാരുടെ കൂടെ ഒരിടവഴിയിൽ നിന്ന് ആദ്യമായി സിഗററ്റ് വലിക്കുന്നത്…. പെട്ടെന്ന് ബൈക്കിൽ രണ്ടു പോലീസുകാര് വരുന്നത് കണ്ടു കൂടെയുള്ളവരെല്ലാം മതിലും ചാടി ഓടി രക്ഷപ്പെട്ടു…

എനിക്ക് മാത്രം നിന്നടുത്തു നിന്ന് അനങ്ങാൻ പറ്റിയില്ല…. ചെവിക്കല്ല് പൊട്ടുന്ന രീതിയിൽ ഒന്ന് കിട്ടിയത് മാത്രമേ ഇപ്പോഴും ഓർമയുള്ളൂ…

എന്തിനേറെ പറയുന്നു വണ്ടിയുടെ എല്ലാ കടലാസും തലയിൽ ഹെൽമെറ്റും ഉണ്ടെങ്കിലും എവിടെങ്കിലും ചെക്കിങ് ഉണ്ടെങ്കിൽ എന്റെ മുട്ട് വിറയ്ക്കും….

ആ എനിക്കാണ് അച്ഛൻ പോലീസുകാരിയെ കണ്ടുപിടിച്ചത്…. അമ്മയോട് പോലീസുകാരിയെ വേണ്ടെന്നു പറഞ്ഞു വാശി പിടിച്ചെങ്കിലും അച്ഛന്റെ മുന്നിൽ അതൊന്നും വിലപ്പോയില്ല… ഒടുക്കം ഞാനവൾക്കു താലി ചാർത്തി…. ഓരോ ദിവസം ഓരോ കാരണം പറഞ്ഞു വൈകിയെത്തി പരമാവധി അവളെടുത്തുനിന്നും അകലം പാലിച്ചു…ഞാനെഴുനേൽക്കുമുന്നെ തന്നെ അവൾ ഡ്യൂട്ടിക്ക് പോയിട്ടുണ്ടാവും… അച്ഛനും അമ്മയും അഭിമാനത്തോടെ അവളെ യാത്രയയക്കും…

ഇടയ്ക്ക് വന്നുപെട്ട ഒരു ഞായറാഴ്ച അവളെന്നേ കൈയോടെ പൊക്കി… എന്താ നിങ്ങളുടെ പ്രശ്നം… എന്നെ ഇഷ്ടപെടാതെയാണോ കല്യാണം കഴിച്ചത്…. എ.. എ.. എനിക്ക് പൊലീസുകാരെ ഇഷ്ടമല്ല… നിന്നെയും…. എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ചു…

കൂമ്പിനിട്ടു ഇടിക്കും എന്നാണ് വിചാരിച്ചതു… പക്ഷെ നിറഞ്ഞ കണ്ണുകൾ കൊണ്ട് രൂക്ഷമായിട്ടു എന്നെ നോക്കി മുറിവിട്ടിറങ്ങിപോയി… എന്തായാലും ഇപ്പൊ സമാധാനമായി അവളോട്‌ കാര്യം പറഞ്ഞല്ലോ…. പിറ്റേന്ന് അച്ഛനും അമ്മയ്ക്കും ഭാവമാറ്റമൊന്നുമില്ലാത്തോണ്ട് അവളാരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലായി…

പക്ഷെ അധികം വൈകാതെ തന്നെ അവളെന്റെ കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി… ഇഷ്ടക്കേട് തുറന്നു പറയാമെന്നു വച്ചാൽ അവളുടെ ഒരു നോട്ടം മതി എന്റെ കാറ്റു പോകും… അധികം നാൾ ഇതിങ്ങനെ മുന്നോട്ടു പോകില്ലെന്ന് അറിയാമായിരുന്നു… അത് അമ്മയോട് പറയുകയും ചെയ്തു… ആ പാവത്തിനെ വിഷമിപ്പിച്ചാൽ നീ ഗതി പിടിക്കില്ല മോനെ എന്നും പറഞ്ഞു അമ്മ കുറെ കരഞ്ഞു… അങ്ങനെ ഒരു ദിവസം ഹെൽമെറ്റ്‌ വയ്ക്കാതെ പോയ ഒരു ദിവസം ചെക്കിങ്ങിൽ അവളെന്നെ പൊക്കി… എന്നെയൊന്നു മൈൻഡ് പോലും ചെയ്യാതെ ഫൈൻ അടക്കാൻ പറഞ്ഞു…. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ അമ്പരപ്പോടെ എന്നെ നോക്കി… ആകെ നാണം കെട്ട് തിരിച്ചു പോരുമ്പോൾ അവന്റെ വകയുള്ള കളിയാക്കൽ വേറെയും… അങ്ങനെ ഭ്രാന്തു പിടിച്ചു രണ്ടെണ്ണം അടിച്ചാണ് വീട്ടിലേക്കു വന്നത്… അച്ഛനോട് മുഖത്തു നോക്കി പറയാൻ മടിച്ചതൊക്കെ രണ്ടെണ്ണം ഉള്ളിൽ ചെന്നതിന്റെ ബലത്തിൽ വിളിച്ചുപറഞ്ഞു…

പിറ്റേന്ന് ബോധം വന്നു എണീറ്റു വന്നപ്പോളാണ് അച്ഛന്റെ വക ചെവിക്കല്ല് പൊട്ടുന്ന രീതിയിൽ ഒന്ന് കിട്ടിയത്… അവളുടെ മുന്നിൽ വച്ച് ആയതുകൊണ്ട് എനിക്കാകെ ഭ്രാന്തു പിടിച്ചു…. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ… ആരെങ്കിലും ഒരാളെ ഈ വീട്ടിലുണ്ടാവൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അത് അവളായിരിക്കും എന്ന് അച്ഛൻ തീർത്തു പറഞ്ഞു… അതോടെ വാശിയായി…

എല്ലാരേം ഒന്ന് പേടിപ്പിക്കാൻ വേണ്ടി ആത്മഹത്യ ഭീഷണി മുഴക്കി റൂമിലേക്ക്‌ കയറി… ഫാനിൽ കുരുക്കിട്ട് ചെറുതായിട്ടൊന്നു കഴുത്തിലേക്കിട്ടു… അപ്പോഴേക്കും പുറത്തു എല്ലാരും കരച്ചിൽ തുടങ്ങി… ആരൊക്കെയോ വാതിൽ ശക്തിയായി തള്ളുന്നുണ്ട്… വെപ്രാളത്തിൽ ചവിട്ടി നിന്ന സ്റ്റൂൾ മറിഞ്ഞു വീണു… അതോടെ കാര്യങ്ങൾ എന്റെ കൈയിൽ നിന്നും പോയി…

വെളുക്കാൻ തേച്ചത് പാണ്ടായ പോലെയായി… എല്ലാരേം ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ.. ഇതിപ്പോ മരണം എന്റെ മുന്നിൽ വന്നു നിൽക്കുന്നു… ഇത്തിരി ശ്വാസത്തിന് വേണ്ടി പിടയുമ്പോൾ ബാക്കിയെല്ലാം മറന്നുപോയിരുന്നു… അപ്പോഴേക്കും വാതിൽ തള്ളി തുറന്നു കയർ മുറിച്ചു അതോടെ നടുവും തള്ളി നിലത്തേക്ക് വീണു… ആശുപത്രിയിലെത്തും വരെ അവളെന്നെ ചേർത്തു പിടിച്ചു കരയുന്നുണ്ടായിരുന്നു… പിന്നെ ബോധം വരുമ്പോൾ നടുവിനും കഴുത്തിനും ബെൽറ്റ്‌ ഒക്കെ ഇട്ടിട്ടുണ്ട്… ഒരു ഭാഗത്തു അച്ഛൻ നിൽപ്പുണ്ട്.. അച്ഛന്റെ മുഖത്തിനു ഇപ്പോഴും വല്യ മാറ്റമൊന്നും ഇല്ലെന്നു കണ്ടപ്പോൾ പതുക്കെ തല തിരിച്ചു…അല്ലെങ്കിൽ ആശുപത്രിയാണെന്നൊന്നും നോക്കില്ല ചിലപ്പോ ഇവിടെ വച്ചും കിട്ടും… അപ്പുറത്തെ സൈഡിൽ എന്റെ ഭാര്യയുണ്ട്… കരഞ്ഞു കലങ്ങിയിട്ടുണ്ട് അവളുടെ കണ്ണുകൾ… എന്റെ ഒന്നും രണ്ടും പോലും അറപ്പൊന്നുമില്ലാതെ വൃത്തിയാക്കി തരുന്ന അവൾ എനിക്ക് അത്ഭുതമായിരുന്നു… അധികം ഒന്നും പരസ്പരം സംസാരിച്ചില്ലെങ്കിലും വൈകാതെ തന്നെ അവൾ പോലീസ് ആണെന്നതൊക്കെ മറന്നു എന്റെ ഹൃദയത്തിലേക്ക് കയറിയിരുന്നു…

ഇടയ്ക്ക് വേറാരെങ്കിലും വന്നു അവൾ വീട്ടിലേക്കു പോകുമ്പോൾ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു…. ഒരു ദിവസം ചോറ് വാരി തരുമ്പോൾ രണ്ടും കല്പിച്ചു അവളുടെ കൈക്ക് ഒരുമ്മ കൊടുത്തു… നാണം കൊണ്ടവൾ ചുവന്നുപോയി…

ഇനിയൊരിക്കലും അവളെ വിഷമിപ്പിക്കില്ലെന്നു ശപഥമെടുത്താണ് ആശുപത്രി വിട്ടത്… പ്രതീക്ഷകൾക്ക് വിപരീതമായി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്… എന്താ പ്രശനം എന്ന് ചോദിക്കും മുൻപേ അവൾ പറഞ്ഞു, ആത്മഹത്യ ശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു… ഭാര്യ പോലീസു തന്നെയാണെന്ന് വീണ്ടും ഓർമ വന്നു… പോലീസ് സ്റ്റേഷനും കോടതിയും തടവും ഒക്കെയായി മൂന്നാലു മാസം കടന്നുപോയി… എന്നിട്ടും എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അവളോടാണ് സ്നേഹം കൂടുതൽ…. എന്തുനല്ല ഫാമിലി… ഒന്ന് ജയിലിലൊക്കെ കിടന്നപ്പോ പോലീസുകാരോടുള്ള ആ പേടിയൊക്കെ കുറഞ്ഞു…. പോലീസുകാരും നല്ല സ്നേഹമുള്ളവരാണെന്നു ഡ്യൂട്ടി സമയം കഴിഞ്ഞാൽ എന്റെ ഭാര്യ തെളിയിക്കും…

എന്നാലും അവളും ഞാനും വഴക്കിടുമ്പോൾ അവളൊന്നു കണ്ണുരുട്ടിയാൽ കാലിനു ചെറുതായിട്ട് ഒരു വിറയൽ ഉണ്ടോ എന്നൊരു സംശയം ഉണ്ട്…. പക്ഷെ യൂണിഫോം ഇട്ടിട്ടു കണ്ടാൽ ഇപ്പോഴും അറിയാതെ എണീറ്റുപോകും… അത് കാണുമ്പോ അവളൊന്നു ചിരിക്കും… അപ്പൊ എന്റെ സാറെ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല…

അല്ലെങ്കിലും പൂവും, കൊലുസും, കുപ്പിവളയൊന്നും ഇല്ലെങ്കിലും ആരോ വരച്ച ആഴ്ചപ്പതിപ്പിലെ പെണ്ണിനെക്കാളും സുന്ദരിയാ തലയിൽ തൊപ്പി വച്ച, കാലിൽ ഷൂസിട്ട എന്റെ പൊലീസുകാരി പെണ്ണ്…..

രചന: Maya Shenthil Kumar

Leave a Reply

Your email address will not be published. Required fields are marked *