അവന്റെ മുഖത്ത് പക്ഷെ സന്തോഷം മാത്രമാണ്, തന്റെ പ്രണയം തനിക്കരികിൽ എത്തിയെന്ന സന്തോഷം…

Uncategorized

രചന: ചേതന രജീഷ്

കാത്തിരിപ്പ്…

“കൊഞ്ചുന്ന കിങ്ങിണി കെട്ടി തരാം അമ്മ… മോതിരം ഇട്ടു തരാം…

നാക്ക് തേനുംവയമ്പും തേച്ചമ്മ മാറോടു ചേർത്തു ഉറക്കാം..

കൈ വളരുന്നതും കാൽ വളരുന്നതും കണ്ടോണ്ടമ്മയിരിക്കാം… ”

കുന്നിമണി മരത്തിനടിയിൽ നിന്ന് ശാലുവിന്റെ ഈണത്തിലുള്ള താരാട്ട് പാട്ട് കേൾക്കാമായിരുന്നു…

“ശാലു… ”

ഉമയമ്മ അവളെ വിളിച്ചു..

മറുപടി ഇല്ല.. അവളത് കേട്ടിട്ടുപോലുമില്ലെന്നതാണ് സത്യം..

അവർ കുറെ കൂടെ അരികിൽ വന്നു വിളിച്ചു..

ചുണ്ടിൽ വിരൽ ചേർത്തവൾ മിണ്ടല്ലേ എന്നാംഗ്യം കാണിച്ചു..

“എന്റെ കുഞ്ഞിക്കിളിയെ ഉറക്കുവല്ലേ ഉമയമ്മേ.. ഇങ്ങനെ ബഹളം വെച്ചാലോ..

ചേട്ടായി വരുമ്പോഴേക്കും ഒരുറക്കം കഴിഞ്ഞില്ലെങ്കിൽ പിന്നവൻ ഉറങ്ങത്തേയില്ല..

പിന്നെ ചേട്ടായിയോട് കളിച്ചങ്ങനെ ഇരിക്കും.. ”

ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..

“ഞാനെത്ര പാട്ട് പാടി കൊടുത്തിട്ടും ഇവനെന്താ ഉറങ്ങാത്തത്..

പാല് കൊടുക്കാൻ എനിക്കാവാഞ്ഞിട്ടല്ലേ..

സുമി കുരുക്ക് കൊടുക്കാൻ കുറെ നോക്കി പക്ഷെ വാശിയാ അവന്..

അവന്റപ്പന്റെ അതെ വാശി തന്നെയാ കിട്ടിയത്.. ”

പറഞ്ഞവസാനിച്ചപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..

ഉമയമ്മ വേദനയോടെ അവളെ നോക്കി..

അവരുടെ കണ്ണുകൾ ഈറനായിട്ടുണ്ട്.. കുറച്ചപ്പുറം മാറി നിൽക്കുന്ന എബിയെ കണ്ടപ്പോൾ ശാലു തിരിഞ്ഞു നിന്നു..

എബി.. ബാല്യവും കൗമാരവും അവന് വേണ്ടി പിടഞ്ഞൊരു ഹൃദയം ശാലുവിനുണ്ടായിരുന്നു..

പ്രണയത്തിന്റെ ആർദ്ര സംഗീതം ആദ്യമായി അറിഞ്ഞത് അവന്റെ കണ്ണുകളിൽ നിന്നായിരുന്നു..

ലോകത്തിലെ ഏറ്റവും സുന്ദരം അവന്റെ പുഞ്ചിരി ആയിരുന്നു..

അവനെ നോക്കി ലയിച്ചിരിക്കാൻ ആഗ്രഹിച്ചിരുന്ന നാളുകൾ..

പക്ഷെ പെട്ടെന്നൊരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ അവൻ പോയി..

പിന്നെ അവനെ കാണുന്നത് രണ്ടു ദിവസം മുൻപാണ്.. മിണ്ടാൻ വേണ്ടി പുറകേ വരുവാണവൻ..

പക്ഷെ ഇപ്പൊ എന്റെ ഹൃദയത്തിൽ ഉള്ളത് എന്റെ ചേട്ടായി മാത്രമാണ്.. എന്റെ കുഞ്ഞിക്കിളിയുടെ അപ്പൻ..

കർത്താവിന്റെ തിരുരൂപത്തിന് മുന്നിൽ വച്ചു എല്ലാവരെയും സാക്ഷി ആക്കി എന്നെ മിന്നുകെട്ടിയാവൻ..

എന്റെ സുഖത്തിലും ദുഖത്തിലും ഒരുപോലെ കൂടെ നിന്നവൻ..

ആ സ്നേഹത്തെ മറന്നു മറ്റൊന്നും എനിക്കിപ്പോ വേണ്ട..

ഇപ്പോഴാണെങ്കിൽ എന്റെ കുഞ്ഞിക്കിളി കൂടെയുണ്ട്..

നാലുമാസമയതെ ഉള്ളു അവന്.. കമിഴ്ന്നു തുടങ്ങി.. പിന്നെ കൈയും കാലുമൊക്കെ ഇട്ട് വലിച്ചു പോകാനുള്ള തത്രപ്പാടിലാണ്..

അവനെ നോക്കി ഇരുന്നാൽ പിന്നെ സമയം പോകുന്നതറിയില്ല..

പക്ഷെ വാശിയാണ് അവന്.. ചേട്ടായിയും വാശിക്കാരനാണ് പക്ഷെ എന്നോട് മാത്രമല്ല..

എന്റെ എല്ലാ ആഗ്രഹത്തിനും ഒപ്പം നിൽക്കും..

ആകെ ദേഷ്യം പിടിക്കുക ഞാൻ മര്യാദയ്ക്ക് ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു മാത്രമാണ്..

ഉമയമ്മയുമായി എബി എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ഞാനത് ചെവി കൊടുക്കാൻ പോയില്ല..

സുമിയുടെ കൈയിലിരുന്ന് എന്റെ കുഞ്ഞിക്കിളി വാശി പിടിക്കുന്നുണ്ട്..

അവൾ പാൽക്കുപ്പി വായിൽ വച്ചു കൊടുത്തത് അവൻ തട്ടി മാറ്റുവാണ്..

“പാല് കുടിച്ചില്ലേ മോളെ..? ”

അമ്മച്ചിയാണ്..

“ഇല്ലമ്മച്ചി.. ഈ ചെക്കൻ ഒരെ കരച്ചിലാണ്. ഇനി ഇച്ചായൻ വരണം അല്ലാതെ കുടിക്കില്ലെന്ന് തോന്നുന്നു.. ”

അവൾ സങ്കടത്തോടെ പറഞ്ഞു.. അമ്മച്ചി കുഞ്ഞിനെ വാങ്ങി മാറോട് ചേർത്ത് പിടിച്ചു..

അവന്റെ കരച്ചിലടങ്ങി.. അവരുടെ മാറിടത്തിലായി അവൻ മുഖം കൊണ്ട് പരതി..

തനിക്കു പ്രിയപ്പെട്ട മണവും രുചിയും ആ മാറിൽ നിന്നവന് കിട്ടിയില്ല..

വീണ്ടും കരച്ചിൽ തുടങ്ങി..

ശാലു അവർക്കരികിൽ ഓടി വന്നു..

“അമ്മച്ചി.. എനിക്കവന് പാല് കൊടുക്കാൻ പറ്റുന്നില്ലല്ലോ..

അവനെന്നെയാ അന്വേഷിക്കുന്നെ.. എനിക്കവനെ ഒന്ന് തൊടാൻ പോലും പറ്റുന്നില്ലല്ലോ.. ”

ശാലു പൊട്ടി കരഞ്ഞു..

അവളുടെ കണ്ണീരൊന്നും കാണാതെ അമ്മച്ചിയും സുമിയും കുഞ്ഞിനേയും കൂട്ടി അകത്തേക്ക് പോയി..

നിലത്തു ഇരുന്നു കരയുന്ന ശാലുവിനെ ഉമയമ്മ ചേർത്ത് പിടിച്ചു..

“എനിക്കവനെ കൊഞ്ചിച്ചിട്ട് മതിയായില്ല ഉമയമ്മേ.. എന്റെ മാറിടങ്ങൾ ദാ ഇപ്പഴും ചുരത്തുന്നുണ്ട്..

അതിന് വേണ്ടിയാ അവൻ കരയുന്നത്.. ഒന്ന് തൊടാൻ പോലും കർത്താവ് സമ്മതിക്കുന്നില്ലല്ലോ എന്നെ.. ”

പൊട്ടിക്കരച്ചിലോടെ ഉമയമ്മയെ അവൾ കെട്ടിപിടിച്ചു.. അപ്പോഴും അവളെ നോക്കി നിൽക്കുകയായിരുന്നു എബി..

അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്..

പെട്ടെന്നാണ് ശാലു ബൈക്കിന്റെ ശബ്ദം കേട്ടത്..

ഉമയമ്മയിൽ നിന്ന് വേർപെട്ടവൾ മുറ്റത്തേക്ക് ഓടി..

“ചേട്ടായി.. ”

അവളുറക്കെ വിളിച്ചു.. അവനത് കേട്ടതേയില്ല..

എങ്കിലും ആ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു..

രണ്ടു ദിവസം കൊണ്ട് ചേട്ടായി ആകെ മാറിപ്പോയി.. മെലിഞ്ഞു കവിളൊക്കെ ഒട്ടിപ്പോയപോലെ..

താടി ഒക്കെ വളർന്നിട്ടുണ്ട്.. ആ കണ്ണിലെ തിളക്കമൊക്കെ നഷ്ടമായിപ്പോയി..

അവന്റെ പിന്നാലെ അവളും അകത്തു കയറി..

അവന്റെ കൈയിലുള്ള കവർ അമ്മച്ചിയെ ഏൽപ്പിച്ചു..

“കുഞ്ഞു പാല്‌ കുടിച്ചോ അമ്മച്ചി..? ”

അവൻ ചോദിച്ചു..

“ഇല്ല മോനെ.. എന്റെ കുഞ്ഞിപ്പോഴും അവന്റമ്മയെ തേടുവാ.. എന്തിനാ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് ഈ ഗതി വരുത്തിയത്.. ”

മുകളിലേക്ക് നോക്കി അവർ കരഞ്ഞു..

ചേട്ടായി കുഞ്ഞിനെ എടുത്തു.. അപ്പന്റെ സാനിധ്യം മനസിലാക്കിയെന്നവണ്ണം അവൻ അപ്പന്റെ നെഞ്ചിൽ ഇറുകെ പിടിച്ചു കിടന്നു..

ചേട്ടായി പാലൊക്കെ കൊടുത്തപ്പോൾ അവനത് നിഷേധിച്ചില്ല..

പാവം വിശന്നു കാണും.. എത്ര നേരായി കരയുന്നു..

അവനുറങ്ങിയപ്പോൾ ചേട്ടായി അവനെയെടുത്തു ഞങ്ങടെ മുറിയിൽ കൊണ്ട് കിടത്തി..

തോട്ടിൽ മെല്ലെ ആട്ടി കൊടുത്തു.. പിന്നെ കട്ടിലിൽ കിടന്ന എന്റെ നൈറ്റി എടുത്തു ചേർത്ത് പിടിച്ചു കൊണ്ട് കരഞ്ഞു..

“എന്തിനാ പെണ്ണെ എന്നെ ഇട്ടേച്ചും പോയേ.. ”

“ഞാനെങ്ങും പോയിട്ടില്ലിച്ചായാ.. ”

അലറി കൊണ്ടാണ് ഞാൻ പറഞ്ഞത് പക്ഷെ അത് ചേട്ടായി കേട്ടില്ല..

ചേട്ടായിയുടെ അടുത്ത് തന്നെ ഞാൻ ഇരുന്നു..

ജനലിനപ്പുറം ഉമയമ്മയും എബിയും നിൽപ്പുണ്ട്..

അവരെന്നെ കൂടെ കൂട്ടിയെ പോകൂ എന്ന് തീരുമാനിച്ചുറപ്പിച്ച പോലെയുണ്ട്..

പക്ഷെ എനിക്കങ്ങനെ പോകാനൊക്കുമോ..?

ഈ വീട് എന്റെ ചേട്ടായി എന്റെ കുഞ്ഞിക്കിളി..

ആ സ്നേഹമൊക്കെ ഉപേക്ഷിച്ചു എനിക്ക് മറ്റൊരു ലോകത്തേക്ക് പോകാനേ പറ്റില്ല..

പക്ഷെ അവർക്കെന്നെ കൂടാതെ ഇനി തിരിച്ചു പോവാനൊക്കില്ല..

ഉമയമ്മ എന്റെ ആരാന്നല്ലേ.. അമ്മയെക്കാളും എന്നെ സ്നേഹിച്ച എന്റെ അയൽക്കാരി ആയിരുന്നു..

മിക്കപ്പോഴും ഞാനവിടെ നിന്നായിരുന്നു ഭക്ഷണം പോലും കഴിച്ചിരുന്നത്.. ചെറുപ്പത്തിലേ എന്റെ കൂട്ടുകാരി..

മക്കളില്ലാത്ത ഉമയമ്മയ്ക്ക് ഞാൻ മകളാണ് കൂട്ടുകാരിയാണ് എല്ലാമാണ്..

ഒരു ഇടവപെയ്ത്തിൽ നിറഞ്ഞൊഴുകിയ കുളത്തിൽ നില കിട്ടാതെ ആഴ്ന്ന് പോയതാണ് പാവം..

അന്ന് ഞാൻ ഉണ്ണാതെ ഉറങ്ങാതെ കുറെ ദിവസം തള്ളി നീക്കിയിരുന്നു..

അവസാനം അപ്പച്ചന്റെയും അമ്മച്ചിയുടെയും കണ്ണീരിനു മുന്നിൽ എല്ലാം മറന്നു തുടങ്ങി..

അവരുടെ പഴയ ശാലുവായി.. അന്നേ എബിടെ കാര്യമൊക്കെ ഞാനാകെ പറഞ്ഞിരുന്നത് ഉമയമ്മയോടായിരുന്നു..

അവനെന്നും ബൈക്കിൽ പോകാൻ ഇഷ്ടമായിരുന്നു..

അവസാനം അവന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ ഡാഡി വാങ്ങി കൊടുത്തു ഒരെണ്ണം..

സ്പീഡിൽ പോകരുത് ഹെൽമെറ്റ്‌ ഇടണം എന്നൊക്കെ ഞാനെന്നും പറയാറുണ്ട്..

എനിക്കവൻ അത്ര പ്രിയപ്പെട്ടതല്ലേ അപ്പൊ അവന്റെ കാര്യങ്ങൾ ഞാൻ ചെയ്യേണ്ടേ..

പക്ഷെ എന്റെ വാക്കൊന്നും കേൾക്കാതെ ഹെൽമെറ്റ്‌ ഇല്ലാതെ അവൻ വണ്ടി പറത്തി..

പിന്നെ കേട്ടത് അവനെന്നെ വിട്ട് പോയെന്ന വാർത്തയാണ്..

ഒരുമാസത്തോളം മുറിയടച്ചിരുന്നു ഞാൻ.. പിന്നെ കോളജിൽ പോയി തുടങ്ങി..

മറക്കാനായില്ലെങ്കിലും എന്റെ സ്വകാര്യതയിൽ മാത്രമായി അവന്റെ ഓർമകളെ ഒതുക്കി..

പിന്നെയാണ് ചേട്ടായി ജീവിതത്തിൽ വന്നത്.. എന്റെ എല്ലാ വേദനകൾക്കുമുള്ള മരുന്നായി മാറി ചേട്ടായി..

എന്നിട്ടും ദൈവം ഞങ്ങളെ പരീക്ഷിച്ചു.. മൂന്നാല് കൊല്ലം കുഞ്ഞുങ്ങൾ ആവാതെ എല്ലാവരുടെയും ചോദ്യ ശരങ്ങളിൽ വിഷമിച്ചിരുന്നു..

കുറെ ട്രീറ്റ്മെന്റ് നടത്തി അവസാനം അവൻ വന്നു.. ഞങ്ങടെ കുഞ്ഞിക്കിളി..

പിന്നെ അവൻ ഭൂമിയിൽ വരാനുള്ള കാത്തിരിപ്പായിരുന്നു..

ദിവസങ്ങൾ മണിക്കൂറുകൾ നിമിഷങ്ങൾ എല്ലാം എല്ലാം ആസ്വദിച്ചു ജീവിച്ച കാലം..

വേദനയോടെ അവനെ ഈ ഭൂമിയിൽ എത്തിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ ഞാനും ഹാപ്പി ആയിരുന്നു..

ആദ്യ ചുംബനം നൽകിയപ്പോൾ, അവനായി പാൽചുരത്തിയപ്പോൾ ഞാനറിഞ്ഞു മാതൃത്വത്തിന്റെ ലഹരി..

ചേട്ടായിയും ഭയങ്കര സന്തോഷത്തിലാണ്..

അങ്ങനെ നാലുമാസങ്ങൾ.. സന്തോഷത്തിന്റെ നാലുമാസങ്ങൾ..

പെട്ടെന്നു വന്നൊരു പനി അതാണ് എല്ലാം തകർത്തത്..

ആരെയും അറിയാതെ കുഞ്ഞിനെ പോലുമോർക്കത്തെ അബോധാവസ്ഥയിൽ കുറച്ചു ദിവസങ്ങൾ..

പിന്നെ എന്റെ പ്രിയപ്പെട്ടവരുടെ അരികിൽ എത്താനുള്ള ആഗ്രഹത്തെ തച്ചുടച്ചു കൊണ്ട് എന്റെ ശരീരത്തിൽ നിന്ന് ഞാൻ ആത്മാവ് മാത്രമായി മാറി..

ഇവിടം വിട്ട് പോവാനാവാതെ ഈ വീടിന്റെ ചുറ്റും നടക്കുവാ ഇപ്പൊ..

എന്നെ ആരും കാണുന്നില്ല ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല..

എങ്കിലും അവരുടെ സാനിധ്യം അത് മാത്രം മതിയെനിക്ക്..

പക്ഷെ ഉമയമ്മ പറയുകയാ ഞങ്ങൾക്കൊക്കെയായി മറ്റൊരു ലോകമുണ്ടെന്ന് ഞാനങ്ങോട്ടു ചെല്ലണമെന്ന്..

എനിക്കേറ്റവും പ്രിയപ്പെട്ടവർ അത് കൊണ്ടാണ് എന്റെ അരികിൽ വന്നത്..

ചേട്ടായിയുടെ അരികിൽ വന്നു ആ കവിളിലൊന്ന് തൊടാൻ നോക്കി പറ്റിയില്ല..

“ഞാൻ പോവ്വാട്ടോ ചേട്ടായി.. കുഞ്ഞിക്കിളിയെ പൊന്നുപോലെ നോക്കണേ.. ഇടയ്ക്ക് ഞാൻ വരും കാണാൻ.. എന്നിലേക്ക് ചേട്ടായി വരണമെന്ന് ഞാൻ പറയില്ല..

എന്റെ കുഞ്ഞിക്കിളിക്കിപ്പോ ചേട്ടായിയെ ആവശ്യമാണ്..

സന്തോഷത്തോടെ ജീവിക്കണം രണ്ടാളും.. ”

കുഞ്ഞിനരികിൽ പോയി അവനെയും കണ്ടിട്ട് ഉമയമ്മയ്‌ക്കൊപ്പം മറ്റൊരു ലോകത്തേക്ക് അവൾ യാത്ര തുടങ്ങി..

തന്റെ ജീവന്റെ ജീവനെ ഒറ്റയ്ക്കാക്കിയിട്ട്..

കൂടെ എബിയും.. അവന്റെ മുഖത്ത് പക്ഷെ സന്തോഷം മാത്രമാണ്.. തന്റെ പ്രണയം തനിക്കരികിൽ എത്തിയെന്ന സന്തോഷം..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ചേതന രജീഷ്

Leave a Reply

Your email address will not be published. Required fields are marked *