ക്ഷണിക്കപ്പെടാത്ത അതിഥി…

Uncategorized

രചന: Shelly Shawn

ഭർത്താവിന്റെ വീട്ടിൽനിന്നും നേരം കിട്ടുമ്പോഴൊക്കെ അമ്മയെ കാണാൻ ഓടി എത്താറുണ്ടായിരുന്നു ബിന്ദു

വഴിയിലൊരിടത്ത് പീടികയിൽ വെച്ച് ജ്യേഷ്ഠനെ കണ്ടിരുന്നു ..കണ്ടിട്ടും കാണാത്ത മട്ടിൽ മുഖം തിരിച്ച് നിന്നപ്പോൾ സംസാരിക്കാൻ തോന്നിയില്ല

ജനിച്ചു വളർന്ന വീടിന്റെ അരികിലായി ജ്യേഷ്ഠൻ പുതിയൊരു വീട് പണിതിട്ടുണ്ട്..പഴയ വീടിനൊരു മാറ്റവുമില്ല…എല്ലാം അതുപോലെ തന്നെ

അമ്മയുടെയും അച്ഛന്റെയും കാലം കഴിഞ്ഞാൽ വല്ലപ്പോഴും ഉള്ള ഈ സന്ദർശനങ്ങളും ഇല്ലാതെയാവും എന്നവൾ ഓർത്തു

‘വസുമതിക്കുട്ടിയേ ..ഇവിടാരുമില്ലേ ”

അവളുടെ നീട്ടിയുള്ള വിളി കേട്ട് പുറത്തേക്ക് വന്നത് അച്ഛനായിരുന്നു, വടി ഇല്ലാതെ നടക്കാൻ ആവില്ല എന്നായിരിക്കുന്നു.

‘അവൾ രാവിലെ തൊടിയിലേക്ക് ഇറങ്ങി പോയതാണ്” തിമിരം കയറി മൂടിയ കണ്ണുകൊണ്ട് തൊടിയിലേക്ക് നോട്ടം പായിച്ചുകൊണ്ട് അച്ഛൻ അത് പറയുമ്പോൾ അമ്മയെ അവൾ കണ്ടെത്തിയിരുന്നു

പഴുത്ത് പൊഴിയാറായ കാപ്പികുരു അടർത്തി സഞ്ചിയിലാക്കുന്ന തിരക്കിൽ വ്യാപൃത ആയിരുന്നു അവർ

വീണ്ടും വിളിച്ചപ്പോൾ ചെവി വട്ടം പിടിച്ചു , കാഴ്ച മങ്ങിയ കണ്ണുകൾകൊണ്ട് മുറ്റത്ത് നിൽക്കുന്നത് ആരാണെന്ന് മനസിലാവാത്തത് പോലെ

കരിങ്കൽ കയ്യാലകളും ഒതുക്കു കല്ലുകളും കടന്നു മുറ്റത്ത് എത്തിയപ്പോൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു

”ഞാൻ വെറുതെ , നേരം പോക്കിന് ” ആ മറുപടി എപ്പോഴും പറഞ്ഞിരുന്നു.

അതുകൊണ്ട് ആവണം വയ്യാത്ത കാലത്ത് ‘അമ്മ എന്തിനാ ഈ വക പണിക്ക് ഒക്കെ പോവുന്നെ എന്ന സ്ഥിരം പരാതി അവൾ പറയാതെ ഇരുന്നത്

”’അമ്മ വല്ലതും കഴിച്ചോ ”

”ഉച്ചക്ക് ചോറുണ്ടു”

”അച്ഛനോ ”

”അച്ഛനും ”

”ഏട്ടനെ വഴിയിൽ വെച്ച് കണ്ടിരുന്നു, കണ്ടപ്പോ കാണാത്ത ഭാവത്തിൽ നിന്നു,ഏട്ടന് അവകാശപ്പെട്ടത് തട്ടി എടുക്കാൻ വന്നതാണെന്ന് ഓർത്താവും ‘

”നീ അത് കാര്യം ആക്കണ്ട ”

സംഭാഷണങ്ങൾ നീണ്ടു പോയി

എൺപതാം വയസിലും ‘അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് അവൾ എപ്പോഴും ഓർക്കാറുണ്ട്.

അച്ഛനെയും അമ്മയെയും നോക്കാൻ ഏട്ടൻ ഉണ്ടല്ലോ എന്നൊരു ആശ്വാസം !

അടുക്കളയിലേക്ക് ഒന്നെത്തിനോക്കി…ചാരം മൂടാത്ത അടുപ്പിൽ നിന്നും ചോറ് വേവിച്ച് കഴിച്ചു എന്ന് പറഞ്ഞതിൽ തന്നെ ഒരു പൊരുത്തക്കേട്

പാത്രത്തിൽ ബാക്കിയായിരുന്നത് ഒരിത്തിരി മോരായിരുന്നു

പുതിയ വീട്ടിലെ ചിമ്മിനി പുക തുപ്പുന്നുണ്ടായിരുന്നു , ചോദിയ്ക്കാൻ ഒരുങ്ങിയപ്പോഴേ കിട്ടിയ മറുപടി

” അങ്ങോട്ട് മാറാമെന്നു അവൻ പറഞ്ഞതാ, അച്ഛന് എണ്ണയും കുഴമ്പും ഇല്ലെങ്കിൽ പറ്റില്ല, പുതിയ വീട്ടിൽ അതൊക്കെ പുരണ്ടു ചീത്ത ആവണ്ടല്ലോ ..അല്ലെങ്കിൽ തന്നെ ഇത് ഞങ്ങൾ ഉണ്ടാക്കിയ വീടല്ലേ ”

അച്ഛന്റെ കാലിലെ ഉണങ്ങി തുടങ്ങിയ മുറിപ്പാടുകൾ കണ്ടു

”മരുന്ന് വാങ്ങാൻ പോയപ്പോ വഴുക്കി വീണതാ , സാരല്യ കുട്ട്യേ ” അച്ഛൻ ചിരിച്ചു

വാർദ്ധക്യ പെൻഷൻ വാങ്ങാൻ ജീവിച്ചിരിപ്പുണ്ടെന്നു തെളിവ് കൊടുക്കണമത്രേ ..രണ്ടു പേരെയും ജ്യേഷ്ഠൻ കാറിൽ കൊണ്ടുപോയി എന്ന് അയൽപക്കത്തെ നാണി തള്ള പറഞ്ഞു

“വൈദ്യന്റെ കട അതിലും അടുത്തല്ലേ , എന്താ ഏട്ടൻ അച്ഛനെ നടത്തി വിട്ടത് ” അവൾ ഓർത്തു

മടങ്ങുവാൻ നേരം യാത്ര പറയാൻ തോന്നിയില്ല, ഇനി എന്ന് വരും എന്ന് പറയാൻ ഒരു ഉത്തരമില്ല എന്നത് തന്നെ കാരണം

മടിശീലയിൽ നിന്നും കുറച്ച് മുഷിഞ്ഞ നോട്ടുകൾ അവളുടെ കൈയിലേക്ക് വെച്ച് കൊടുത്ത് ‘അമ്മ പറഞ്ഞു

” ഇത് വെച്ചോ, നിനക്ക് ഒന്നും തരാൻ കഴിഞ്ഞിട്ടില്ല , എല്ലാം അവനേ കൊടുത്തിട്ടുള്ളു, അയയിൽ ഉണക്കാനിട്ടിരുന്ന കുറച്ച് ഷീറ്റ് ആരോ കവർന്നു, അല്ലെങ്കിൽ മൂവായിരം തികയുമായിരുന്നു ”

”വേണ്ട അമ്മേ ,എനിക്ക് ഒന്നും വേണ്ട , അച്ഛനും അമ്മയും സുഖമായി ഇരുന്നാൽ മതി ‘

വരില്ല എന്നറിയാവുന്നതിനാൽ അവരെ കൂടെ വിളിച്ചില്ല..ആ വീട് വിട്ട് ഒരു യാത്ര അച്ഛനും അമ്മയ്ക്കും ചിന്തിക്കാവുന്നതിൽ അപ്പുറമായിരുന്നു ‘

അവൾ ഇറങ്ങി നടന്നു…ഭാര്തതാവിന്റെ വീട്ടിലേക്ക്.

പീടികയിൽ ജ്യേഷ്ഠന്റെ കൈയിൽ കണ്ട റബർ ഷീറ്റുകളുടെ കാര്യം അവൾ പറഞ്ഞില്ല..

ഒന്ന് മാത്രം ആഗ്രഹിച്ചു …എല്ലാം കൈ നീട്ടി വാങ്ങുന്ന ജ്യേഷ്ഠൻ അച്ഛനെയും അമ്മയെയും ഒന്ന് ഓർത്തിരുന്നു എങ്കിൽ !!

പിൻ കുറിപ്പ് : ആജീവനാന്തം മുണ്ടു മുറുക്കി ഉടുത്തും ഉറുമ്പ് അരിമണി കൂട്ടി വെയ്ക്കുമ്പോലെ ഓരോ ചില്ലിയും കൂട്ടിവെച്ച് മക്കളെ വളർത്തി യോഗ്യന്മാരാക്കി കഴിയുമ്പോൾ അതേ മാതാപിതാക്കളെ ഊഴമനുസരിച്ച് ഉന്തി തള്ളി മറ്റു മക്കളുടെ വീട്ടിലേക്ക് അയക്കുന്ന തരം താണ നിലയെക്കാൾ ഭേദം മരണമാണ്. ഒരിത്തിരി സ്നേഹം, ഒരിത്തിരി ഭക്ഷണം, അസുഖങ്ങൾ വന്നു വീണു പോവുമ്പോൾ ഒരിത്തിരി കരുതൽ- അത് അവർ ആഗ്രഹിക്കുന്നു എങ്കിൽ അത് അവരുടെ അത്യാഗ്രഹമല്ല- അത് ഓരോ മക്കളുടെയും കടമയാണ്….

രചന: Shelly Shawn

Leave a Reply

Your email address will not be published. Required fields are marked *