ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി…

Uncategorized

രചന: എന്ന് സ്വന്തം ബാസി

പായസത്തിന്റെ മണം അടിച്ചു തുടങ്ങിയപ്പോൾ തന്നെ അമ്മൂന് ഇനി പിടിച്ചു നിൽക്കാൻ പറ്റില്ലെന്നായി.

ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ഒരു ഗ്ലാസ് പായസം എടുത്തു കുടിച്ച് ഏബ്ലക്കം വിട്ട് തിരിഞ്ഞു നിൽക്കുമ്പോൾ ആൾ കൂട്ടത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന ചെക്കനെ കണ്ട് അവൾ ആകെ ചമ്മി പോയി.

“അമ്മു അതിഥികൾ കുടിക്കുന്നതിന് മുമ്പേ നീ കുടി തുടങ്ങിയോ…” അമ്മായി വന്ന് ചോദിച്ചത് കേട്ട് തൊട്ടടുത്തുള്ള ആൾക്കാർ എല്ലാം അവളെ നോക്കി കളിയാക്കി ചിരിച്ചു.

ഓഹ് ഈ സാധനം വരാൻ കണ്ട നേരം…ഏത് നേരത്താണാവോ അതെടുത്തു കുടിക്കാൻ തോന്നിയത് എന്നും ചിന്തിച്ച് ചിരിക്കുന്നവരെ നോക്കി മുഖം കൂർപ്പിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.

“ടീ പായസകള്ളത്തീ…”പിന്നിൽ നിന്നുമുള്ള വിളികേട്ട് തിരിഞ്ഞു നോക്കലും അവളുടെ പ്രതികരണവും ഒന്നിച്ചായിരുന്നു.

“പയസകള്ളത്തി നിന്റെ മറ്റവൾ…”

“ഓഹോ അങ്ങനെ ആണല്ലേ…”

“നീ ആരാടാ എന്നെ കളിയാക്കാൻ…എനിക്ക് ദേഷ്യം വന്നാൽ ഉണ്ടല്ലോ…”

“ദേഷ്യം വന്നാൽ നീ എന്തു ചെയ്യും…”

“കുത്തി കുടൽ മാല പുറത്തിടും…നിനക്ക് എന്നെ ശരിക്ക് അറിയാഞ്ഞിട്ടാ…” കൈ ഉയർത്തി ആക്ഷൻ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ചെന്നൈയിൽ ഒക്കെ പോയി പഠിച്ച് വല്യ phd ക്കാരി ഒക്കെ ആയിട്ടും നിനക്ക് ഇപ്പോഴും പഴയ കുട്ടിക്കളി മാറിയിട്ടില്ലല്ലോ അമ്മു…”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഈശ്വര… ഇവന് എന്നെ അറിയായിരുന്നോ…എന്നാൽ അത് നേരത്തെ പറയേണ്ടടാ തെണ്ടി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടവൾ ആളെ തിരിച്ചറിയാതെ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു.

“അമ്മു മോളെ ഇത് നമ്മളെ അനുവാണ്…അവൻ താടിയും മീശയും ഒക്കെ വച്ച് വലിയ ആളായി,ഡൽഹിന്ന് വന്നപ്പോൾ അവന്റെ അമ്മക്ക് പോലും തിരിച്ചറിയാൻ പറ്റിയില്ല… പിന്നെ ഇപ്പോൾ നമ്മക്ക് പറ്റോ…”

അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന അമ്മായിയാണ് അത് പറഞ്ഞത്.

“നിനക്കെന്താ അനുവാണെന്ന് എന്നോട് അദ്ധ്യേ പറഞ്ഞാൽ…”അമ്മു അവന്റെ താടിക്ക് പിടിച്ച് കുശുമ്പോടെ പറഞ്ഞു.

“നീ തടിച്ചു വെളുത്ത് സുന്ദരി പെണ്ണ് ആയിട്ടുണ്ട്…” അമ്മു നാണത്തോടെ ചിരിച്ചു കൊണ്ട് പിന്നോട്ട് മാറി.

“എങ്കിലും നിന്റെ നാക്കിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ ടീ…”

“ടാ… “അവൾ കയ്യുയർത്തി അടിക്കാൻ തുണിഞ്ഞപ്പോൾ അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണെ എന്നും പറഞ്ഞ് അനു കൈ കൂപ്പി നിന്നു.

അവര് കളി കൂട്ടുകരാണ്, കുട്ടിക്കാലത്തെ വികൃതികൾ. ആരാന്റെ മവിലെറിഞ് വണ്ടിയുടെ ചില്ല് പൊടിച്ചതും വീട്ടിൽ പറയാതെ കുളത്തിൽ ചാടി മുങ്ങി പൊങ്ങിയതും അടക്കം പല ചരിത്ര സംഭവങ്ങൾ കൊണ്ടും അവർ നാട്ടിൽ പ്രസിദ്ധരാണ്.

ചെറുപ്പത്തിൽ വലിയ കുട്ടുകാരയിരുന്നു എന്നപോലെ വളർന്നു വന്നപ്പോൾ എപ്പോഴോ പരസ്പരം പങ്കു വെക്കാതെ അവർ പ്രണയത്തിലുയിരുന്നു.

പിന്നെ അനു ഡൽഹിയിൽ പഠിക്കാൻ പോയപ്പോൾ അവനോടുള്ള വശിക്ക് അവളും ചെന്നയിൽ phd ക്ക് പോയി. ദീർഘമായ രണ്ടു വർഷത്തെ പഠന തിരക്കുകൾ അവർക്കിടയിലെ സൗഹൃദവും പ്രണയവും എല്ലാം മുടികളഞ്ഞിരുന്നു.

“ടീ നിന്നെ കെട്ടാൻ ഇതു വരെ ആരും വന്നില്ലേ…” അനു കളിയാക്കി കൊണ്ട് ചോദിച്ചു.

“അല്ലേലും നിന്റെ തള്ള് സഹിക്കാൻ പറ്റണ ആരേലും ഉണ്ടാവോ ലെ…”

“2 മാസം ആയിട്ട് പലരും വന്നു,പോയി… ഒന്നും ശരിയാവുന്നില്ല…”അവള് സങ്കടത്തോടെ പറഞ്ഞു.

“അതേ തള്ള് നീ ആണ് എന്നെ പഠിപ്പിച്ചത് എന്നത് നാട്ടുകാർക്ക് ഫുൾ അറിയാം…ഒരു മാസം കൊണ്ട് ശരി ആയില്ലേൽ പെട്ടിയും എടുത്ത് നിന്റെ വീട്ടിലേക്ക് അങ്ങ് വരും…” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഓഹോ… എന്നൽ എല്ലാം ശരിയാക്കാം…”

“എന്ത് ശരിയാക്കാം ന്ന്…”

“അനു ഈ പായസം ഒക്കെ അവർക്ക് കൊണ്ടു പോയി കൊടുത്തെ..”അവന്റെ അമ്മ അടുക്കളയിൽ നിന്നിറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് അവൾക്ക് മറുപടി ഒന്നും കൊടുക്കാതെ ചിരിച്ചു കൊണ്ടവൻ നടന്നകന്നു.

“അമ്മു മോളോ, നീ എന്നെ വന്നു…”

“രണ്ട് മാസായി ചേച്ചി, കോയ്‌സ് കഴിഞ്ഞു..”

*****

“രണ്ട് കൂട്ടർക്കും പരസ്പരം അറിയുന്നതായത് കൊണ്ട് ഇനി കല്യാണം ഏറെ വൈകിക്കാൻ നിൽക്കണ്ട…”

“ആ അത് തന്നെ നല്ലത്…”കൊലയിയിൽ ഇരുന്ന് മുതിർന്നവർ പരസ്പരം പറഞ്ഞു.

“മോളെ എന്നാ ചായ എടുത്തോ…”

“ചായ അല്ല അച്ഛാ പായസം ആണ്…”എന്നും പറഞ്ഞ് അവൾ വാതിൽ കടന്ന് വന്നു. നീല സാരിയിൽ ഉടുത്തൊരുങ്ങി മുല്ലപ്പൂ ചാർത്തി വന്നപ്പോൾ അമ്മു പതിവിലും സുന്ദരിയായിരുന്നു.അനു കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ടിരുന്നു.

“എന്താ ചെറുക്കാ നീ എന്നെ ഇത് വരെ കാണാത്ത പോലെ ഉണ്ടല്ലോ നിന്റെ നോട്ടം കണ്ടിട്ട്…”അവന്റെ നോട്ടം കണ്ട അമ്മു ആ കാരണവർക്കിടയിൽ നിന്ന് അനുവിനെതിരിൽ ഒരു ട്രോളിട്ടു.

എല്ലാവരും അവനെ തന്നെ നോക്കി ചിരിച്ചപ്പോൾ അവൻ ആകെ ചമ്മി പോയി.അകത്തേക്ക് തന്നെ മടങ്ങുന്ന അവൾ അവനെ നോക്കി ചിരിച്ചു.

“അതേ ചേച്ചി… ആ പായസം സൂക്ഷിച്ചോ ട്ടോ, ഇവിടെ കുറെ പായസ കള്ളികൾ ഉള്ളതാ…”

“ഇപ്പോ തന്നെ രണ്ടും ഇങ്ങനെ ആണേൽ വിവാഹം കഴിഞ്ഞാൽ എന്താവും അവസ്ഥ…” മുതിർന്നവരിൽ ആരോ പറഞ്ഞത് കേട്ട് എല്ലാരും ചിരിക്കുമ്പോൾ നിനക്ക് വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ അമ്മു പല്ല് കടിച്ച് വിരൽ ഉയർത്തി കൊണ്ട് അനുവിന് നേരെ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

ശുഭം…

(💕💕 ഇഷ്ട്ടം ആയാലും. ഇല്ലേലും ഒരു വാക്കോ വരിയോ എനിക്കായി കുറിക്കണേ…💕💕)

രചന: എന്ന് സ്വന്തം ബാസി

Leave a Reply

Your email address will not be published. Required fields are marked *