വർഷങ്ങൾക്ക് ശേഷം അവളെക്കാണുന്നതിന്റെ സന്തോഷം ആവീട്ടിൽ…

Uncategorized

രചന: Adithya Biju

ആർദ്രമായ്…

“എല്ലാം ഇവിടംകൊണ്ട് നിർത്തിക്കോണം… ഇനിയെന്റെ കണ്മുന്നിൽപോലും നിന്നെ കണ്ടുപോകരുത്… എനിക്കാവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഇപ്പോൾത്തന്നെയുണ്ട്… അതിനിടയിൽ നിന്നെക്കൂടി വലിച്ച് തലയിൽവെയ്ക്കാൻ എനിക്കിപ്പോ വയ്യ… ഇതവസാനമായി ഞാൻ പറയുവാ…, ഇനിയെന്റെ ജീവിതത്തിൽ ഇഷാനിയെന്ന പേരുപോലും ഉണ്ടാവരുത്…”

ഉറക്കത്തിൽനിന്ന് ഞെട്ടിയുണരുമ്പോൾ പഴയ ഓർമകളെല്ലാം ഒരിക്കൽകൂടി ഇഷാനിയുടെ മനസിലൂടെ ഇന്നലെനടന്നതെന്നപോലെ കടന്നുപോയി… അവളുടെ കാർ കുരിശുങ്കൽ വീട്ടിലേക്കുള്ള വഴിയിലേക്ക് കടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു പരവേശം നിറയുന്നതിനൊപ്പം ഓർമ്മകൾ പത്തുവർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നതറിഞ്ഞു. ഒരു ഡിസംബർ മാസത്തിന്റെ കുളിരുള്ള ഓർമ്മകൾ മനസ്സിൽ നിറയുമ്പോൾ കണ്ണുകളിൽ നിറഞ്ഞത് നഷ്ടങ്ങളുടെ ചുടുകണ്ണുനീർ മാത്രമായിരുന്നു…

കാർ ഗേറ്റ് കടന്നപ്പോൾതന്നെ അകത്തുനിന്ന് സർവബന്ധുക്കളും കുടുംബക്കാരും പുറത്തേക്ക് എത്തിയിരുന്നു. ഇഷാനിയൊന്ന് ദീർഘനിശ്വാസം എടുത്തുകൊണ്ട് മുൻകൂട്ടി തീരുമാനിച്ചതെല്ലാം ഒരിക്കൽകൂടി മനസ്സിനെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടാണ് പുറത്തേക്കിറങ്ങിയത്… ഒരുപക്ഷെ ഇങ്ങോട്ടേക്ക് ഇനിയൊരു വരവുണ്ടാകുമോ എന്നുപോലും നിശ്ചയമില്ല… അവസാനമായി എല്ലാവരെയുമൊന്ന് കൺനിറയെ കാണണം… തന്റെ ശരീരംവിട്ട് പ്രാണൻ അകലുന്നതുവരെ ഓർത്തിരിക്കാനായി ഒരു ഡിസംബറിന്റെ കുറച്ചോർമ്മകൾ വേണം. അതിനായി മാത്രമാണ് വർഷങ്ങൾക്ക് ശേഷമുള്ള ഈ മടങ്ങിവരവ് പോലും..

കാറിൽനിന്ന് പുറത്തേക്കിറങ്ങി ഡ്രൈവർക്ക് കാശുകൊടുത്ത് തിരിയുമ്പോൾ ആരെയാണോ കാണരുതെന്ന് ആഗ്രഹിച്ചത്, അയാളിലേക്കാണ് ആദ്യം മിഴികൾ പാഞ്ഞത്… ജോയൽ, തന്റെമാത്രം എന്ന് വിശ്വസിച്ചിരുന്ന ജോച്ചായൻ… ഇഷാനിയെക്കണ്ടതും ജോയലുമൊന്ന് ഞെട്ടിയെന്ന് ആ മുഖഭാവത്തിൽ നിന്ന് വ്യക്തം. അവന്റെ കയ്യിലിരുന്ന കുഞ്ഞിലേക്ക് ഒന്ന് മിഴികൾ പായിച്ചുകൊണ്ടാണ് ഇഷാനി തിരിഞ്ഞുനടന്നത്.

വർഷങ്ങൾക്ക് ശേഷം അവളെക്കാണുന്നതിന്റെ സന്തോഷം ആവീട്ടിൽ ഓരോരുത്തയുടെയും മുഖത്ത് നിറഞ്ഞുനിന്നിരുന്നു. എല്ലാവരും സ്നേഹത്താൽ മൂടാൻ ശ്രമിക്കുമ്പോഴും അവൾക്കുള്ളിൽ നിറഞ്ഞുനിന്നത് വീർപ്പുമുട്ടലായിരുന്നു… മുകളിലെ മുറിയിലേക്ക് പോയി വാഷ്റൂമിൽ കയറി വാതിലടക്കുമ്പോൾ അതുവരെ പിടിച്ചുകെട്ടിയിരുന്ന കണ്ണുനീർ അണപൊട്ടിയിരുന്നു. ടാപ് തുറന്നിട്ട്‌ ആർത്തലച്ച് കരയുമ്പോഴും ഓർമ്മകൾ സഞ്ചരിച്ചത് പത്തുവർഷം പിന്നിലുള്ള ഒരു ഡിസംബർ മാസത്തിലേക്കായിരുന്നു…

പ്ലസ്ടുവിന് പഠിക്കുന്നകാലം… അന്ന് വല്യപ്പച്ചന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനായി എത്തിയതായിരുന്നു കുറവിലങ്ങാട്ടെ കുരിശുങ്കൽ തറവാട്ടിൽ. ക്രിസ്തുമസ് വെക്കേഷൻ ആയതിനാൽത്തന്നെ എല്ലാ കസിൻസും നേരത്തെതന്നെ എത്തിയിരുന്നു.. ഇഷാനി ആദ്യമായിട്ടായിരുന്നു അത്രയും ദിവസം തറവാട്ടിൽ വന്ന് നിൽക്കുന്നത്… കൊച്ചിയിലെ ജീവിതത്തിനിടയിൽ വല്ലപ്പോഴും വന്നുപോകുന്നതൊഴിച്ചാൽ തറവാടുമായി യാതൊരടുപ്പവും മുമ്പില്ലായിരുന്നു.

അതുകൊണ്ടൊക്കെത്തന്നെ ആ വെക്കേഷൻ അല്പം സ്പെഷ്യൽ ആയിരുന്നു… കസിൻസ് എല്ലാവരും കൂടി ആ ദിവസങ്ങളിൽ തറവാട്ടിലൊരു മേളമായിരുന്നു… ഡിസംബറിന്റെ മഞ്ഞുംകൊണ്ട് കാലത്തെയുള്ള നടത്തവും ഇരുപത്തഞ്ച് നോമ്പും പള്ളിയിൽപോക്കുമൊക്കെയായി എല്ലാവരും ആകെ ഉഷാറായിരുന്നു. അതിനിടയിലെപ്പോഴോ ആണ് ജോയൽ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വല്യമ്മച്ചിയുടെ അകന്നബന്ധത്തിലുള്ള ആരോ ആണ് ജോയലിന്റെ അമ്മ. ജോയിച്ചായന്റെ അപ്പച്ചൻ പണ്ടെങ്ങോ മരിച്ചപ്പോൾ അവരുടെ അച്ഛൻവീട്ടുകാർ അവിടെനിന്ന് പിടിയിറക്കി വിട്ടതാണ്. ആ സമയത്ത് വല്യപ്പച്ഛനാണത്രെ അവർക്ക് താമസിക്കാൻ ഞങ്ങളുടെ തറവാടിനോട് ചേർന്നുള്ള പഴയവീടും സ്ഥലവും വിട്ടുകൊടുത്തത്… അതില്പിന്നെ ജോയിച്ചായനും അനിയത്തി ജിൻസിയും അവിടുത്തെ സ്വന്തംതന്നെയാണ്…

സ്കൂളിൽപഠിക്കുന്ന കാലംമുതലേ കാലത്തെ റബ്ബർവെട്ടാൻ പോയാണ് ജോയിച്ചായൻ കുടുംബംനോക്കിയിരുന്നത് എന്നൊക്കെ വല്യമ്മച്ചി പറഞ്ഞ് കേട്ടപ്പോൾ തുടങ്ങിയതാണ് ആ മനുഷ്യനോടുള്ള ആരാധന. പിന്നെയുള്ള ദിവസങ്ങളിൽ കുട്ടികളെല്ലാവരുംകൂടെ തറവാടിന് പിന്നിലെ തോട്ടത്തിൽ ഏലക്കയും കൊക്കോക്കായും കുരുമുളകുമൊക്കെ പറിക്കുന്നിടത്തുമൊക്കെ നടക്കുമ്പോൾ വല്യപ്പച്ചനെ സഹായിച്ച് നടക്കുന്ന ജോയിച്ചായനെ ശ്രദ്ധിച്ചിരുന്നു.. എന്നാൽ ആ കണ്ണുകൾ തന്നെ ശ്രദ്ധിക്കുന്നെന്ന് തോന്നുന്നനിമിഷം നോട്ടംമാറ്റി ഒളിച്ചുകളി തുടർന്നുകൊണ്ടേയിരുന്നു…

ഒരുദിവസം ക്രിസ്മസ് കരോൾ കഴിഞ്ഞ് മടങ്ങുന്നവഴിയാണ് ഒപ്പമാരോ നടക്കുന്നതറിഞ്ഞാണ് തലചരിച്ച് നോക്കിയത്. അപ്രതീക്ഷിതമായി ഒപ്പം നടക്കുന്ന ജോയിച്ചായനെ കണ്ടതും ഞെട്ടലോടെ കണ്ണുകൾ പായിച്ചത് മുമ്പേനടക്കുന്ന കസിൻപിള്ളേരിലേക്കാണ്. ഇച്ചായൻ സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ യന്ത്രികമായി നടത്തംനിർത്തി ആ വാക്കുകൾക്കായി കാതോർക്കുമ്പോൾ ഹൃദയം പെരുമ്പറകൊട്ടുന്നതറിഞ്ഞു.

ഇഷ്ടമാണെന്നൊരു വാക്ക് ആ നാവിൽനിന്നും കേട്ടപ്പോൾ സത്യത്തിൽ ആ ഡിസംബറിന്റെ കുളിരിലും മേൽചുണ്ടിൽ വിയർപ്പുകണങ്ങൾ പൊടിയുന്നതറിഞ്ഞു. ആനിമിഷം മറുപടിയൊന്നും പറയാൻ സാധിച്ചില്ലെങ്കിലും എനിക്കുതന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നു ഇച്ചായനോടുപോലും പറയാതെ ഞാൻ ഉള്ളിന്റെയുള്ളിൽ കാത്തുസൂക്ഷിച്ചൊരിഷ്ടം…

പിറ്റേന്ന് പാതിരാക്കുർബാനകഴിഞ്ഞ് പള്ളിയിൽനിന്ന് മടങ്ങുംവഴി മറുപടിക്കായ് ഇച്ചായൻ വീണ്ടുമരികിൽ എത്തിയപ്പോൾ എതിർക്കാൻ സാധിച്ചില്ല… എന്റെ നാവിൽനിന്ന് സമ്മതം കേൾക്കുമ്പോൾ ഇച്ചായന്റെ മുഖത്തൊരായിരം പൂർണചന്ദ്രന്മാർ തിളങ്ങുന്നതായി തോന്നി..

പിന്നെയുള്ള ദിവസങ്ങളിൽ കണ്ണുകളിലൂടെമാത്രം പ്രണയം കൈമാറി ഒളിച്ചുകളി തുടരുമ്പോൾ കസിൻസ് അത് മണത്തറിയുമെന്ന് മാത്രം കരുതിയതല്ല.. അറിഞ്ഞുകഴിഞ്ഞപ്പോൾ ഇച്ചായന്റെ പെങ്ങളുൾപ്പടെ എല്ലാവരും ഒപ്പംനിൽക്കാമെന്നേറ്റു. പിന്നെയുള്ള ദിവസങ്ങളിൽ കാലത്തെ മഞ്ഞുകൊണ്ട് നടക്കാൻപോകുമ്പോഴും രാത്രിയിൽ ടെറസിന്റെ മുകളിലിരുന്ന് നക്ഷത്രങ്ങളോട് കഥപറഞ്ഞും ഞങ്ങളും പ്രണയിക്കാൻ പഠിക്കുകയായിരുന്നു… വല്യമ്മച്ചി കാണാതെ വൈനും കേക്കുമെല്ലാം കട്ടുതിന്നുമ്പോഴും വല്യപ്പച്ഛനൊപ്പം കുസൃതികൾ കാണിച്ചുമെല്ലാം ഒരിക്കലും മറക്കാനാവാത്തൊരു ഡിസംബറിന്റെ ഓർമ്മകൾ എന്നിൽനിറച്ച് ആ വർഷം ഓടിയകന്നു…

പിന്നെയങ്ങോട്ട് പ്രണയത്തിന്റെ ദിനങ്ങളായിരുന്നു. എറണാകുളത്തേക്ക് മടങ്ങിയിട്ടും അതിനൊരുഭംഗവും വരാത്തരീതിയിൽ എന്നും രാത്രി ഇച്ചായന്റെ ശബ്ദത്തിനായി കാതോർക്കും… പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചും സ്വപ്നങ്ങൾനെയ്‌തും ദിവസങ്ങൾ ഓടിയകന്നു… വല്ലപ്പോഴും എറണാകുളത്ത് എന്തെങ്കിലും ആവശ്യത്തിന് വരുമ്പോൾ കാണുന്നതല്ലാതെ ഇച്ചായനെ കാണുന്നതേ കുറവായിരുന്നു. വർഷങ്ങളുടെ കൊഴിഞ്ഞുപോക്കിൽ ഡിഗ്രികഴിഞ്ഞ് എയർഹോസ്റ്റസ് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെയ്ക്കുമ്പോഴും സന്തോഷത്തോടെ പിന്തുണനൽകി ഒപ്പമുണ്ടായിരുന്നതും ഇച്ചായൻതന്നെ ആയിരുന്നു. അതിനിടയിൽ തിരക്കുകൾക്കിടയിലും എല്ലാവർഷവും ക്രിസ്മസ്കാലം ആഘോഷിക്കാൻ കുറവിലങ്ങാട്ടേക്ക് പോകുന്നതും പതിവാക്കിയിരുന്നു.

ജോലിക്കുകയറി കുറച്ചുനാളുകൾക്ക് ശേഷം വീട്ടിൽ കല്യാണലോചനകൾ തുടങ്ങിയപ്പോൾ അല്പം പേടിയോടെയാണെങ്കിലും ഇച്ചായന്റെ കാര്യം എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചു.. എന്നാൽ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് ആദ്യം എതിർത്തത് സ്വന്തം കൂടപ്പിറപ്പായ ഇഷാൻ എന്ന ഇച്ചനായിരുന്നു… കുടുംബമഹിമ, പണം, വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാരണങ്ങൾ നിരത്തി കുടുംബക്കാരൊന്നാകെ എതിർത്തപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കാതെയാണ് ജോച്ചായനൊപ്പം ഇറങ്ങിച്ചെന്നത്. എന്നാൽ അവിടെച്ചെന്നപ്പോൾ ഇച്ചായനുമെന്നെ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു.

“എല്ലാം ഇവിടംകൊണ്ട് നിർത്തിക്കോണം… ഇനിയെന്റെ കണ്മുന്നിൽപോലും നിന്നെ കണ്ടുപോകരുത്… എനിക്കാവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഇപ്പോൾത്തന്നെയുണ്ട്… അതിനിടയിൽ നിന്നെക്കൂടി വലിച്ച് തലയിൽവെയ്ക്കാൻ എനിക്കിപ്പോ വയ്യ… ഇതവസാനമായി ഞാൻ പറയുവാ…, ഇനിയെന്റെ ജീവിതത്തിൽ ഇഷാനിയെന്ന പേരുപോലും ഉണ്ടാവരുത്…”

അത്രയുംപറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ഇച്ചായൻ അവരുടെ വീട്ടിൽനിന്നും ആട്ടിയിറക്കുമ്പോൾ ജീവിതമവസാനിപ്പിക്കാൻവരെ തുനിഞ്ഞതാണ്. എന്നാൽ അതിനുപോലും വീട്ടുകാർ അനുവദിക്കാതിരുന്ന അവസ്ഥയിലാണ് ജോച്ചായന്റെ കല്യാണമാണെന്ന് അറിയുന്നത്.

അന്ന് പള്ളിയിൽവെച്ച് ജോച്ചായൻ ഡെയ്‌സിയെ മിന്നുചാർത്തുമ്പോൾ നിർവികാരതയോടെയാണ് ആ കാഴ്ച കണ്ടുനിന്നത്. കണ്ണുകൾനിറഞ്ഞ് കാഴ്ചയെ മറച്ചെന്ന് തോന്നിയപ്പോൾ ഒന്ന് കരയാൻപോലുമാകാതെ തിരികെനടന്നു. രണ്ടാഴ്ചക്കുശേഷം പാലാക്കാരൻ ജെറിന്റെ മുന്നിൽ കഴുത്തുനീട്ടുമ്പോൾ മനസ്സ്മരിച്ചൊരു ജീവച്ഛവം മാത്രമായിരുന്നു ഞാൻ. എല്ലാവരും തനിക്കുമുന്നിൽ വിജയിച്ചഭാവത്തിൽ നിന്നപ്പോൾ തലകുനിച്ച് ആരോടും യാത്രപോലും പറയാതെയാണ് ജെറിനൊപ്പം മടങ്ങിയത്.

ഫ്ലൈറ്റിലാണെങ്കിലും ആ വിലകുറഞ്ഞജോലിക്ക് പോകേണ്ടെന്നുകാണിച്ച് അവിടുത്തെ അമ്മച്ചി വഴക്കുണ്ടാക്കിയപ്പോൾ ഒരക്ഷരംപോലും എതിർപ്പ്പറയാതെ അനുസരിക്കേണ്ടിവന്നു.. ഒന്നുമില്ലെങ്കിലും ജോച്ചായനെക്കാൾ വലുതല്ല ഒരുനഷ്ടവും എന്ന് നല്ല ബോധ്യമുണ്ടായിരുന്നു.

കല്യാണത്തിന്റെ പിറ്റേന്ന്തന്നെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ്യോഗസ്ഥനായിരുന്ന ജെറിച്ചായൻ മടങ്ങിയപ്പോൾ ആ വീട്മാത്രമായി തന്റെ ജീവിതം ഒതുങ്ങിപ്പോകുകയായിരുന്നു. പിന്നെയെപ്പോഴോ തിരുവനന്തപുരത്ത് ട്രൈനിങ്ങിനായി പോയ എന്റെ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു ജെറിച്ചായൻ അവിടെയൊരു സ്ത്രീയുമായി ഒന്നിച്ചാണ് താമസമെന്ന്… അതിലവർക്കൊരു കുട്ടിയുമുണ്ടെന്നറിഞ്ഞപ്പോൾ എല്ലാം നേരിട്ടുപോയി കണ്ട് ബോധ്യപ്പെട്ട് ആ ബന്ധത്തിന് പരിസമാപ്തി കുറിക്കേണ്ടിവന്നു. അന്നയാൾ പറഞ്ഞത് മമ്മിയുടെ നിർബന്ധപ്രകാരമാണത്രെ തന്നെ വിവാഹം കഴിച്ചതെന്ന്.

പിന്നെയവിടെ നിൽക്കാൻ സാധിച്ചില്ല. കഴുത്തിക്കിടന്ന മിന്ന് ഊരിവെച്ച് പടിയിറങ്ങി. വീട്ടിലെത്തിയതേ ആദ്യം നേരിടേണ്ടിവന്ന ചോദ്യം മുതിർന്നവരോട് ചോദിക്കാതെ എന്തിന് ഇങ്ങനെയൊരു തീരുമാനം എടുത്തെന്നായിരുന്നു. പപ്പയൊഴികെ എല്ലാവരും തിരിച്ചുപോകാൻ നിർബന്ധിക്കുമ്പോഴും അതിന് മനസ്സനുവദിക്കാതെ ആ മുറിയിൽത്തന്നെ കഴിച്ചുകൂട്ടി.

ഒരുദിവസം രാത്രിയിൽ പപ്പ ആവശ്യത്തിലധികം മദ്യപിച്ചുവന്ന് അമ്മച്ചിയോട് വഴക്കിടുന്നത് കേട്ടപ്പോളാണ് അറിയുന്നത് അന്ന് ജോച്ചായൻ താനുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറിയതിനുള്ള കാരണം അമ്മച്ചിയാണെന്ന്. അമ്മച്ചിയുടെ കണ്ണുനീരിന് മുന്നിൽ കുടുംബബന്ധങ്ങൾക്ക് എന്നും വിലകൊടുക്കുന്ന ജോച്ചായൻ പിന്മാറിയതിൽ എനിക്ക് യാതൊരു അത്ഭുതവും തോന്നിയില്ല.. ഇവരെല്ലാവരുംകൂടി നിർബന്ധിച്ചാണ് ജോച്ചായനെക്കൊണ്ട് ഡെയ്സിയെ കെട്ടിച്ചതെന്നുകൂടി അറിഞ്ഞപ്പോൾ സഹിക്കാനായില്ല…

അന്നുരാത്രി ഇറങ്ങിയതാണ് ആ വീട്ടിൽനിന്നും. ഒരു സുഹൃത്തിന്റെ സഹായത്തോടെ മുംബൈലേക്ക്‌.., കുറച്ചുനാൾ അവിടെ ജോലിചെയ്തു.. അതിനുശേഷം കാനഡയിലേക്ക്… പിന്നെയുള്ള അഞ്ചുവർഷങ്ങൾ ഒരിക്കൽപോലും നാട്ടിലേക്ക് മടങ്ങിവരാൻ തോന്നിയിട്ടുമില്ല… ഇനിയൊരു വരവുണ്ടാകില്ല എന്നുറപ്പിച്ചുകൊണ്ടാണ് അവസാനമായി വല്യപ്പച്ചന്റെ സപ്തതികൂടാനായി എത്തിയത്… എന്നാൽ മനസ്സിൽ സ്വരുക്കൂട്ടിവന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നതായി തോന്നിയപ്പോൾ അവൾ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങളെടുത്തുകൊണ്ട് കുളിച്ചിറങ്ങി…

മുറിയിലേക്ക് കയറുമ്പോൾ കസിൻസ് എല്ലാവരുമവിടെ ഹാജരായിരുന്നു. അഞ്ചുവർഷം എല്ലാവരിലും ഒരുപാട്‌മാറ്റങ്ങൾ വരുത്തിയിരിക്കുന്നു… പലരും തിരിച്ചറിയാൻപോലും സാധിക്കാത്തവിധം മാറിപ്പോയിരുന്നു. ആരോടും പ്രത്യേകിച്ചൊന്നും ചോദിക്കാനില്ലാത്തതിനാൽ ഒന്ന് ചിരിച്ചെന്നുവരുത്തി ലാപ്ടോപ്പുമായി മുറിയുടെയൊരു മൂലയ്ക്ക് പോയിരുന്ന് മെയിൽ ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇച്ചൻ അകത്തേക്ക് വന്നത്. ഒപ്പം രണ്ട് പെൺകുട്ടികളുമുണ്ട്.. ഒന്ന് ഡെയ്സിയാണെന്ന് മനസിലായെങ്കിലും മറ്റേയാളെ മനസിലായതേയില്ല. എന്റെ നോട്ടത്തിന്റെ അർഥം മനസിലാക്കിയെന്നോണം ഇച്ചൻ തന്നെ അവളെ ഭാര്യയെന്ന് പരിചയപ്പെടുത്തുമ്പോൾ ഞാൻ അത്ഭുതപ്പെട്ടത് അവളുടെ പേരുകേട്ടാണ്.. ഗായത്രി….

എന്റെയിഷ്ടത്തിന് കാരണങ്ങൾ കണ്ടുപിടിച്ച് എതിരുനിൽക്കാൻ മുന്നിലുണ്ടായിരുന്ന ഇച്ചൻ തന്നെ സ്വന്തം കാര്യം വന്നപ്പോൾ അതെല്ലാം മറന്ന് ഒരന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യത്തേക്കാളേറെ പുച്ഛമാണ് തോന്നിയത്. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഡെയ്സിയോടടക്കം ചിരിച്ചുതന്നെ പെരുമാറി.

ആ മൂന്നുദിവസങ്ങൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുതന്നു… അതിലാദ്യത്തെ കാര്യം പണ്ടത്തെപ്പോലൊരു ക്രിസ്മസ്കാലം ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവായിരുന്നു. ഒപ്പം ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും നാട്ടുകാരുടെയും കുടുംബക്കാരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും യാതൊരു കുറവും വരില്ലെന്നും…അതുകൊണ്ടുതന്നെ എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നെങ്കിലും അതിലൊന്നും പങ്കുകൊള്ളാൻ സാധിക്കാതെ ആദിവസങ്ങളിൽ താൻമാത്രം ഒറ്റപ്പെട്ടുപോയതായി തോന്നി. ആ ക്രിസ്മസ് ദിനവും കടന്ന് വല്യപ്പച്ചന്റെ സപ്തതിയും ആഘോഷമാക്കി ഡിസംബർ വിടപറയാനൊരുങ്ങുമ്പോൾ അവസാനമായി പ്രിയപ്പെട്ടവർക്കൊപ്പമൊരു പുതുവർഷം കൂടി ആഘോഷിച്ചിട്ട് മടങ്ങാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു താനും.

എന്നാൽ അക്കാര്യമറിഞ്ഞപ്പോൾ ആദ്യം എതിർത്തത് ഇച്ചനായിരുന്നു. ഇനിയെവിടേക്കും വിടില്ലെന്ന് വാശിപിടിച്ചപ്പോൾ അമ്മച്ചിയും അതിനൊപ്പം കൂടി… ഒപ്പം മറ്റൊരു കല്യാണത്തിന് കൂടി നിർബന്ധിച്ചപ്പോൾ സർവനിയന്ത്രണവും നഷ്ടമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി മനസ്സ് കല്ലാക്കിവെച്ച സങ്കടങ്ങളും വിഷമങ്ങളുമൊക്കെ ദേഷ്യമായ് അവർക്കുമുന്നിൽ ചൊരിയുമ്പോൾ മനസ്സിന് ഭ്രാന്തുപിടിച്ചുപോകുമോ എന്നുപോലും ഒരുവേള ഭയന്നു.

“ജോയലിന്റെ വിവാഹം ഒരുപക്ഷെ കഴിഞ്ഞില്ലായിരുന്നെങ്കിൽ അവനെത്തന്നെ നിനക്കുവേണ്ടി ഇച്ചായൻ നേടിത്തന്നേനെ… നിന്റെ ഇഷ്ടത്തിന് എതിരുനിൽക്കാൻ ഇവിടാരെയും അനുവദിക്കില്ലായിരുന്നു. എല്ലാം ഉൾക്കൊണ്ടുകൊണ്ട് മോളീ വിവാഹത്തിന് സമ്മതിക്കണം… ജെറിനെപ്പോലെയല്ല, നമുക്ക് നന്നായി അറിയുന്ന കുടുംബക്കാരണവർ..” എന്ന ഇച്ചന്റെ വാക്കുകൾകൂടി കേട്ടപ്പോൾ സർവനിയന്ത്രണവും നഷ്ടമാകുമെന്ന് തോന്നിയതാണ്. എങ്കിലും സംയമനം പാലിച്ചുകൊണ്ട് ഒരു പുച്ഛച്ചിരി മറുപടിയായി നൽകിക്കൊണ്ട് മുറിയിലേക്ക് തിരികെനടക്കുമ്പോൾ പുതുവത്സരത്തിന് കാത്തുനിൽക്കാതെ എത്രയുംവേഗം ഇവിടെനിന്ന് മടങ്ങാൻ മനസ്സ് വെമ്പുകയായിരുന്നു.

വന്നപ്പോൾ കൊണ്ടുവന്ന സാധനങ്ങളെല്ലാം വേഗത്തിൽ പെട്ടിയിലാക്കി പുറത്തേക്ക് നടക്കുമ്പോൾ എങ്ങനെയും ഇവിടെനിന്ന് രക്ഷപെടണമെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. താഴേക്ക്ചെല്ലുമ്പോൾ തന്നേക്കാത്തെന്നപോലെ എല്ലാവരും ഹാളിൽത്തന്നെ ഉണ്ടായിരുന്നു. എന്നാൽ അമ്മച്ചിയുടെ കണ്ണീരോ വല്യപ്പച്ചന്റെ ഭീഷണിയോ ഒന്നുംതന്നെ എന്നെ തളർത്തിയില്ല… മുന്നോട്ടുവെച്ചകാൽ മുന്നോട്ടുതന്നെയെന്ന് മനസിലുറപ്പിച്ച് ജോച്ചായനെയടക്കം ആരെയും ഗൗനിക്കാതെ മുന്നോട്ട് നടന്നെങ്കിലും പടികടക്കുന്നതിന് മുമ്പേ ഇച്ചനെന്നെ തടഞ്ഞിരുന്നു.

എങ്കിലും അതും വകവെയ്ക്കാതെ മുന്നോട്ടുനടക്കാനൊരുങ്ങിയപ്പോൾ ചെകിട്ടത്തൊരു അടിയായിട്ടായിരുന്നു ഇച്ചൻ പ്രതികരിച്ചത്. തല്ലുകിട്ടിയ വേദനയേക്കാളേറെ മറ്റെന്തൊക്കെയോ ആണ് ആസമയം ശരീരത്തിലൂടെ അരിച്ചുകയറിയത്. അടികിട്ടിയ കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് മുഖമുയർത്തി നോക്കാൻതന്നെ മിനിട്ടുകൾ വേണ്ടിവന്നു. കണ്ണിലിരുട്ടുകയറുന്നതിനൊപ്പം ശരീരവും തളരുന്നതറിഞ്ഞപ്പോൾ ഒരാശ്രയത്തിനായി തൊട്ടടുത്തുനിന്ന ആളുടെ കയ്യിലാണ് കയറിപ്പിടിച്ചത്… വേദനസഹിക്കാനാവാതെ അബോധാവസ്ഥയിലേക്ക് വീഴുമ്പോൾ ബലിഷ്ഠമായ ആ കൈകളെന്നെ താങ്ങിയിരുന്നു…

ഇഷാനിയെ പോകാതിരിക്കാൻ തടയണമെന്ന് മാത്രം കരുതിയാണ് തല്ലിയത്. എന്നാൽ ജോയുടെ കൈയിലേക്കവൾ ബോധം മറഞ്ഞ് വീഴുമ്പോൾ മൂക്കിൽനിന്നും ഒഴുകിയിറങ്ങിയ രക്തംകണ്ട് എല്ലാവരുമൊന്ന് ഭയന്നിരുന്നു. എത്രയുംവേഗം എല്ലാവരും ചേർന്ന് അവളെ ആശുപത്രിയിലെത്തി വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയയാക്കുമ്പോഴും അവരറിഞ്ഞിരുന്നില്ല ദിവസങ്ങളെണ്ണിപ്പെട്ട് ജീവിക്കുന്നൊരു കാൻസർ രോഗിയാവും അവളെന്ന്… ഇനിയൊരു പ്രതീക്ഷക്കുപോലും വകനൽകാതെ ലുക്കീമിയ അവളിൽ പിടിമുറുക്കുമ്പോൾ ഇഷാനിയുടെ അവസാനത്തെ ആഗ്രഹപ്രകാരമാണ് അവൾ കുറവിലങ്ങാട്ടെ കുരിശുങ്കൽ തറവാട്ടിലേക്ക് തിരികെവന്നത്…

അവസാനമായി അവൾ കുറെ ഫയലുകളും ലാപ്ടോപ്പുമടങ്ങിയ ഒരുബാഗ് ഇഷാനെ ഏൽപ്പിച്ചപ്പോൾ അവൻ ആശ്ചര്യത്തോടെയാണ് അത് തുറന്നുനോക്കിയത്…

“ഇഷാനി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌…” ആ ഫയലിലെ പേരിലൂടെ കണ്ണോടിക്കുമ്പോൾ ഇഷാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“മോളെ… ഇത്…???”

“ഞാൻ നടത്തുന്ന ഒരു സ്ഥാപനമാണ് ഇച്ചാ.. ഇതിനുള്ള ഫണ്ടൊക്കെ വരുന്നത് വിദേശത്തുനിന്നാണ്… ഞാനില്ലെങ്കിലും എല്ലാം നല്ലരീതിയിൽ നോക്കിനടത്താൻ ഏൽപ്പിക്കാൻ മറ്റൊരാളില്ല എനിക്ക്.. അതുകൊണ്ട് എല്ലാം ഞാൻ ഇച്ചനെ ഏൽപ്പിക്കുവാണ്…”

“ഇതെന്തിനാ മോളെ ഇങ്ങനെ പേരിട്ടിരിക്കുന്നത്…??”

“അതിനെന്താ ഇച്ചാ… ഞാൻ അഞ്ചുവർഷം മുമ്പേ മരിച്ചതല്ലേ… ഇപ്പൊ ശരീരം മാത്രമേ ഇവിടുള്ളു… അതുകൊണ്ടുപോകാനാണ് ഇപ്പൊ അവന്റെ വരവ്… പോകുന്നതിന് മുമ്പ് ചെയ്തുതീർക്കാൻ ഇതുമാത്രേ ബാക്കിയുള്ളു…” പുഞ്ചിരിയോടെ ഇഷാനി പറഞ്ഞുനിർത്തുമ്പോൾ എല്ലാവരും കരഞ്ഞുപോയിരുന്നു. ഇഷാൻ അവളെ ചേർത്തുപിടിച്ച് കരയുമ്പോൾ കണ്ണീരിനാൽ അവളോടൊരായിരം മാപ്പുകൾകൂടി പറയുകയായിരുന്നു.

എന്നാൽ ജീവിച്ചിരിക്കുമ്പോൾ അവളുടെ ആഗ്രഹങ്ങളൊന്നും ചെയ്തുകൊടുക്കാൻ സാധിക്കാത്തത്തിലുള്ള അവരുടെ പശ്ചാത്താപം പോലും കാണാൻ നിൽക്കാതെ ഇഷാനി യാത്രയായിരുന്നു… ഇനിയൊരു മടങ്ങിവരവില്ലാതെ, അവളുടെ അവസാന ആഗ്രഹവും ഇച്ചനെ ഏൽപ്പിച്ച്, ആരോടും യാതൊരു പരാതികളുമില്ലാതെ താരകങ്ങൾക്കിടയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാകാൻ ഇഷാനി യാത്രയായപ്പോൾ കണ്ണുനീരിനുപോലും സ്ഥാനമില്ലാതെ ആ കുടുംബമൊന്നാകെ തേങ്ങി…

(അവസാനിച്ചു…)

രചന: Adithya Biju

Leave a Reply

Your email address will not be published. Required fields are marked *