അവൾ മനുവിന്റെ ഫോട്ടോയെടുത്തു ആ കണ്ണുകൾക്ക് കൂടുതൽ തിളക്കം വന്നതു പോലെ…

Uncategorized

രചന: Sarika P

“മോളേ രേണു ഇനിയും നീയിങ്ങനെ മൂടിക്കെട്ടിരുന്നാൽ മരിച്ചവര് തിരിച്ചു വരോ? വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയല്ലേ നിങ്ങൾ ഒരുമിച്ച് താമസിച്ചുള്ളൂ എല്ലാം മറന്ന് മോളൊരു പുതിയ ജീവിതം തുടങ്ങണം മോൾടെ നന്മയ്ക്ക് വേണ്ടിയാ അമ്മ പറയുന്നേ.”

അവളൊന്നും പറയാതെ ജനാലക്കമ്പിയിൽ പിടിച്ചു നിന്നു അമ്മ പറഞ്ഞത് ശരിയാണ് വെറും ഒരാഴ്ച മാത്രമേ ഞാനും മനുവേട്ടനും ഒരുമിച്ച് താമസിച്ചിട്ടുള്ളൂ പക്ഷേ ഒരാഴ്ചക്കപ്പുറം ഒരു ജന്മം മുഴുവൻ തരാനുള്ള സ്നേഹം മുഴുവൻ തന്നിട്ടാണ് മനുവേട്ടൻ പോയത്. ഒരാഴ്ചകൊണ്ട് അത്രയധികം ആത്മ ബന്ധം ഞങ്ങൾ തമ്മിലുണ്ടായിട്ടുണ്ട്. “മോളേ പെട്ടെന്നൊരു വിവാഹം വേണമെന്നല്ല അമ്മ പറയുന്നത് ആലോചിച്ച് നല്ലൊരു തീരുമാനം എടുക്കണം. മാത്രമല്ല നീ വീണ്ടും ജോലിക്ക് പോയിത്തുടങ്ങണം മനുവിനെ കുറിച്ച് ആലോചിച്ച് നിന്റെ ജീവിതം നശിക്കുന്നത് കാണാൻ കഴിയാത്തതുകൊണ്ടാ ഒന്നുമില്ലെങ്കിലും അവൻ നമ്മുടെ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചതല്ലെ?അവരുടെ ശബ്ദമിടറി

“അമ്മയ്ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം പക്ഷേ അതിനെനിക്ക് കുറച്ച് സമയം കൂടി വേണം” “മതി എനിക്കത് കേട്ടാൽ മതി, മോള് എത്ര സമയം വേണമെങ്കിലും എടുത്തോ ” ” അധികം സമയമൊന്നും വേണ്ടാമ്മേ വെറും ഒരാഴ്ച മാത്രം അത് കഴിഞ്ഞ് അമ്മ എനിക്ക് പറ്റിയ ഒരാളെ കണ്ടു പിടിച്ചോളൂ പക്ഷേ വിവാഹം മനു വേട്ടന്റെ ആണ്ട് കഴിഞ്ഞതിനു ശേഷം മാത്രം.” പിന്നെ നിന്റെ അമ്മായി വന്നിരുന്നു. സുധിയ്ക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. മോൾക്കിഷ്ടമില്ലെങ്കിൽ വേണ്ട വേറെ ആലോചിക്കാം” ” സുധിയേട്ടനോ ?അവൾക്കാശ്ചര്യം തോന്നി

“നിങ്ങളുടെ വിവാഹം കുഞ്ഞുന്നാളിൽ പറഞ്ഞു വെച്ചിരുന്നതല്ലേ?” “അതൊക്കെ അന്നല്ലേ അമ്മേ പിന്നെ ഇഷ്ടം എന്റെ മനസ്സിൽ മാത്രമായിരുന്നല്ലോ ഗൾഫുകാരന്റെ സ്റ്റാറ്റസനുസരിച്ചുള്ള പെണ്ണായിരുന്നില്ലല്ലോ ഞാൻ.” ” പഴയതൊന്നും മോളിന് ഓർക്കണ്ട ആവശ്യം നമ്മുടേതാ അവരിങ്ങോട്ട് വന്ന് ആലോചിച്ച സ്ഥിതിക്ക് ……” ” അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അമ്മായീ കല്യാണാലോചന കൊണ്ടുവന്നതെന്ന് മനുവേട്ടന്റെ വിധവ എന്ന നിലയിൽ എനിക്ക് വന്നു ചേരാവുന്ന ഭീമമായ തുകയെ കണ്ടു കൊണ്ടാണ് അല്ലാതെ അന്നില്ലാത്ത സ്നേഹം പെട്ടെന്നെങ്ങനെ വന്നു?”

“അതൊക്കെ ശരിയായിരിക്കാം മോളെ എന്തു തന്നെ ആയാലും അവനു നിന്നെ ഇഷ്ടമായതുകൊണ്ടല്ലേ ഈ ആലോചന കൊണ്ടുവന്നത്. മാത്രമല്ല അവനും ഒരു വിവാഹത്തിന് ഒരുങ്ങിയതല്ലേ വിവാഹത്തലേന്ന് ആ കുട്ടി ഒളിച്ചോടി പോയത് കൊണ്ട് വേറെ നോക്കാനും പോയില്ല അടുത്തറിയാവുന്നവരാകുമ്പോൾ ജീവിതത്തിൽ ഒരു തകർച്ചയും ഉണ്ടാകില്ല.” “ഉം”

അവൾ മൂളുക മാത്രം ചെയ്തു “എന്റെ മോളെ സർവ്വേശ്വരൻ അനുഗ്രഹിക്കും” ആ അമ്മ സന്തോഷത്തോടെ പോയി. അവൾ പുറത്തേക്ക് നോക്കി കാറ്റടിക്കുന്നുണ്ട് മഴയുടെ ആരംഭം. മഴത്തുള്ളികൾ കാറ്റിനൊപ്പം അവളുടെ മുഖത്തേക്ക്‌ തെറിച്ചു വീണു.തന്റെ ജീവിതത്തിലെ നിർണ്ണായക തീരുമാനമെടുക്കാൻ വെറും ഏഴ് നാൾ മാത്രം…… രേണു തന്റെ കൈയ്യിലെ കാർഡിലേക്ക് നോക്കി രണ്ടു ചുവന്നവരകൾ വ്യക്തമായി തെളിഞ്ഞിരിക്കുന്നു. അവൾ കൈ വയറിൽ വെച്ചു. അവിടൊരു കുഞ്ഞു ജീവൻ തുടിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

ഇനിയെനിക്ക് ജീവിക്കണം കൂടുതൽ കരുത്തോടെ ഞങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി. ” രേണു …..” പിന്നിൽ നിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി. സുധിയേട്ടൻ ! “എന്തായി തീരുമാനം? ഈ മോതിരം ആ കൈയ്യിൽ ഇടാമോ?” അയ്യാൾ വളരെ സന്തോഷത്തോടു കൂടിയാണ് ചോദിച്ചത്. കൈയ്യിൽ നല്ലൊരു മോതിരവും ഉണ്ടായിരുന്നു. ” എന്തു ചോദ്യമാണ് മോനേ ഇത് നീയത് അവളുടെ വിരലിലോട്ട് ഇട്ടേ “അതും പറഞ്ഞ് അമ്മായിയും അങ്ങോട്ട് വന്നു.കൂടെ അമ്മയും

” എന്നെയും കുഞ്ഞിനേയും അമ്മായീടെ ഈ മോൻ പൊന്നുപോലെ നോക്കുമെന്ന് അമ്മായിക്കുറപ്പുണ്ടോ? നാളെ ഞങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ ഈ കുഞ്ഞിനെ നിങ്ങൾ സ്നേഹിക്കുമോ? അവൾ ചോദിച്ചു. അവർക്ക് കാര്യം മനസ്സിലായില്ല.

“ഏതു കുഞ്ഞിന്റെ കാര്യാ മോള് പറയുന്നേ? അവളുടെ അമ്മ ചോദിച്ചു “മരിക്കും മുമ്പ് എനിക്ക് സമ്മാനിച്ച മനുവേട്ടന്റെ കുഞ്ഞ് ” അത് അവരിൽ ഒരു ഞെട്ടലുണ്ടാക്കി. “മോളേ ഈ കുഞ്ഞിനെ നമ്മുക്ക് വേണ്ട നമ്മുക്കിത് കളയാം ” ” ശരിയാ രേണു ഈ കുഞ്ഞിനെ കളയാം മരിച്ചവർ പോയി അതിന്റെ ഉച്ഛിഷ്ടം ഇനി നിനക്ക് വേണോ? സുധി പുച്ഛത്തോടെ പറഞ്ഞു

” മിണ്ടിപോകരുത് നിങ്ങൾക്കിത് പറയാൻ എന്തവകാശമാണുള്ളത് ഇത് നിങ്ങളുടെ കുഞ്ഞാണോ? ഇത് ഞങ്ങളുടെ കുഞ്ഞാണ് എന്റെയും മനുവേട്ടന്റെയും.” മോളെ നിന്റെ നല്ല ഭാവിക്ക് വേണ്ടിയാ അമ്മ പറയുന്നത് ഇനിയുള്ള ജീവിതം നീ സുധിയോടൊപ്പമാണ് ജീവിക്കേണ്ടത്. സുഖത്തോടും സന്തോഷത്തോടും കൂടി നീ ജീവിക്കുന്നത് കാണാനാണി പറയുന്നത്. ഈ കുഞ്ഞിനെ കളഞ്ഞ് സുധിയെ വിവാഹം കഴിക്കണം അമ്മ നിന്റെ കാലു പിടിക്കാം” “അമ്മ എന്തൊക്കെയാ പറയുന്നേ സുഖവും സന്തോഷവും? ഒരാഴ്ചയേ ഞാൻ മനുവേട്ടന്റെ കൂടെ കഴിഞ്ഞുള്ളൂ എങ്കിലും ഒരു ജന്മം മുഴുവൻ ഓർക്കാനുള്ള സുഖവും സന്തോഷവും എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ ഭർത്താവ് തന്നതിൽ കൂടുതൽ എന്താണ് സുധിയേട്ടനിൽ നിന്നും കിട്ടാൻ പോകുന്നത്? ഒന്നും കിട്ടാനില്ല. പിന്നെ ഈ കുഞ്ഞിനെ നശിപ്പിച്ച് ഞാൻ സുധിയേട്ടനെ കെട്ടിയാൽ ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകുമെന്ന് അമ്മയ്ക്കുറപ്പ് പറയാൻ പറ്റോ? അമ്മായിക്ക് പറ്റോ?

“രേണൂ നീയീ കുഞ്ഞിന്റെ മുഖം പോലും കണ്ടിട്ടില്ലല്ലോ പിന്നെ ഈ പിടിവാശി എന്തിനാ ? “പിടിവാശി അല്ല അമ്മായി ഇതൊരു അമ്മയുടെ അവകാശമാണ് സ്വന്തം കുഞ്ഞിന്റെ മുഖം കാണാനും അവനെ പാലൂട്ടുവാനും ഏതൊരമ്മയ്ക്കും അവകാശമുണ്ട് .ആ മുഖം കണ്ടില്ലെങ്കിലും അതും ഒരു ജീവനാണ്. ഭൂമിയിലേക്ക് വരാൻ കൊതിക്കുന്ന കുരുന്നു ജീവൻ അതിനെ മുളയിലേ നുള്ളാനെനിക്കാവില്ല.” ” ഇനിയും എന്ത് കാണാനാ നിൽക്കുന്നത് നമ്മുക്ക് പോകാം “അമ്മായി ദേഷ്യത്തോടെ പറഞ്ഞു. ” നമ്മുക്കിടയിൽ വേറെ ഒരു കുഞ്ഞ് വരാതെ നോക്കിയാൽ പോരെ രേണൂ ഈ കുഞ്ഞിനെ ഞാൻ എന്റെ കുഞ്ഞായ് തന്നെ നോക്കാം ” അവൻ പ്രതീക്ഷയോടെ പറഞ്ഞു.

” വേണ്ട സുധിയേട്ടാ ,നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ അന്ധമായ് ഞാൻ നിങ്ങളെ സ്നേഹിക്കും അന്ന് ഈ കുഞ്ഞ് എനിക്ക് ഒരു ബാധ്യതയായി തോന്നിയാൽ…..? മനുഷ്യരുടെ കാര്യമല്ലേ എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാം എനിക്ക് എന്നെ തന്നെ വിശ്വാസമില്ല അതുകൊണ്ട് ഇത് ഇങ്ങനെ തന്നെ പോയാൽ മതി” അവളുടെ തീരുമാനം ദൃഢമായിരുന്നു.

ഇനി അവിടെ നിന്നിട്ട് കാര്യമില്ലാന്ന് സുധിക്ക് തോന്നി അവൻ തിരിച്ചു പോയി. “അമ്മ വിഷമിക്കണ്ട ഞാൻ കാരണം ഒരിക്കലും എന്റെ അനിയത്തിയുടെ വിവാഹം മുടങ്ങില്ല. ” ” മോള് അമ്മയോട് ക്ഷമിക്ക് അമ്മയുടെ കാലം കഴിഞ്ഞാൽ നീ ഒറ്റയ്ക്ക് എങ്ങനെ അതോർത്തപ്പോൾ ആണ് ഞാൻ ഈ കുഞ്ഞിനെ വേണ്ടാന്നു പറഞ്ഞത് അല്ലാതെ ഇഷ്ടമല്ലാഞ്ഞിട്ടല്ല” അവർ അവളെ മാറോടണച്ചു കൊണ്ട് പറഞ്ഞു. “സാരമില്ലമ്മേ അമ്മയുടെ വിഷമം എനിക്ക് മനസ്സിലാകും ഒരു കുഞ്ഞിനെ കൊല്ലാനുള്ള കരളുറപ്പൊന്നും എന്റെ ഈ അമ്മയ്ക്കില്ല. അമ്മ ചെല്ലൂ ഞാനിത്തിരി നേരം തനിച്ചിരിക്കട്ടെ.. ”

അവൾ മനുവിന്റെ ഫോട്ടോയെടുത്തു ആ കണ്ണുകൾക്ക് കൂടുതൽ തിളക്കം വന്നതു പോലെ. സ്നേഹിച്ചു കൊതി തീരുംമുമ്പേ എന്തിനാ ദൈവം ഞങ്ങളെ അകറ്റിയത്. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. മനുവേട്ടന്റെ ആഗ്രഹപ്രകാരം പോലെ തന്നെ ഇതൊരു ആൺകുട്ടി ആണെങ്കിൽ അവനെ ഞാനൊരു പട്ടാളക്കാരനാക്കും ഇത് ഞാൻ നൽകുന്ന വാക്കാണ്. ആ നിമിഷം ഒരു തണുത്ത കാറ്റ് അവളെ തഴുകി പോയി.

രചന: Sarika P

Leave a Reply

Your email address will not be published. Required fields are marked *