അമ്മായിയമ്മ…

Uncategorized

രചന: പൗർണ്ണമി

നെല്ലും പൂവും ഉഴിഞ്ഞു, നിലവിളക്കു കൈയിലേക്ക് കൊടുത്തു അമ്മായിയമ്മ പറഞ്ഞു,” വലതുകാൽ വച്ച് അകത്തേയ്ക്കു കയറിവാ മോളെ” ഗുരുവായൂരപ്പനെ മനസിൽ പ്രാർത്ഥിച്ചുകൊണ്ട് അവൾ വലതുകാൽ വച്ച് ആദ്യത്തെ പടി കയറിയതും വിളിക്കാത്ത അതിഥിയായി അവിടെ നിന്നോ വലിഞ്ഞു കയറിവന്ന താന്തോന്നി കാറ്റ് വിളക്കിലെ നാളം ഊതി കെടുത്തി. എല്ലാരും സ്തബ്ദ്ധരായി നിന്നു, അവൾ നിന്നു വിയർത്തു,

തുടക്കത്തിലേ പണി പാളിയോ ദൈവമേ! അവൾ ദയനീയമായി ഭർത്താവിനെ നോക്കി, അയാൾ അകെ വിജുലംബിച്ചു നിൽക്കുവായിരുന്നു.അവൾ മെല്ലെ മുഖം ഉയർത്തി അമ്മായിയമ്മയെ നോക്കി, അവർ നിർവികാരയായി നിൽക്കുകയാണ് . പിന്നിൽ നിന്നും അമ്മായിമാരുടെ അടക്കംപറച്ചിൽ കേൾക്കുന്നുണ്ട്.” കാലെടുത്തു വച്ചപ്പോളെ ദുശ്ശകുനമാണല്ലോ ഇശ്വരന്മാരെ, കണ്ടില്ലേ വിളക്കണഞ്ഞത്!”

പൊട്ടലും ചീറ്റലും കളിയാക്കലുകളും, അടക്കം പറച്ചിലുകളും അങ്ങിങ്ങായി കേൾക്കുന്നുണ്ട്, ആ രണ്ടു നിമിഷം കൊണ്ട് ജാതകപ്പൊരുത്തം വരെ ചർച്ചചെയ്തവരും അവിടെ ഉണ്ടായിരുന്നു. അപമാനം കൊണ്ട് ഭൂമി പിളർന്നു താൻ താഴേയ്ക്ക് പോയെങ്കിൽ എന്നവൾ ആശിച്ചു. തല മൂത്ത ഏതോ ഒരു അമ്മാവൻ അപ്പോൾ തന്നെ ദുരന്തം വിളമ്പിത്തുടങ്ങി, തെക്കേതിലെ ദാമൂന്റെ പെണ്ണ് ഇതേ പോലെ നിലവിളക്കും കെടുത്തിയ കെട്ടിക്കേറിയത്,പിറ്റേന്ന് നേരം വെളുത്തപ്പോ തൊഴുത്തിൽ നിന്ന കറവ പശു ഒരെണ്ണം ചത്ത് മലച്ചു കിടക്കുവാ.! മാസം ഒന്ന് തികയും മുൻപേ അമ്മായിയപ്പനെയും തെക്കോട്ടു എടുത്തില്ലേ! ”

അടക്കം പറച്ചിലുകളും പരിഹാസങ്ങളും തനിക്കു ചുറ്റും തേനീച്ചകളെ പോലെ മൂളിപ്പറക്കുന്നത് അവളറിഞ്ഞു. പിന്നാലെ നടന്നു തന്നെ പ്രേമിച്ചു സ്വന്തമാക്കിയ പ്രിയതമനും വായിൽ പിരിവെട്ടി നില്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി. പെട്ടെന്നാണ് എല്ലാവരുടെയും വായടപ്പിച്ചു കൊണ്ട് ആ ശബ്‌ദം ഉയർന്നത്. ” വിളക്ക് കെട്ടത് കാറ്റടിച്ചിട്ടാണ്, ഒരു തിരി അല്ലെ കെട്ടുള്ളു അത് സാരമില്ല നീ കേറിവ മോളെ” അവൾ അത്ഭുതത്തോടെ തല ഉയർത്തി നോക്കി, ആ ശക്തമായ സ്ത്രീ ശബ്‌ദം വേറെ ആരുമല്ല “അമ്മായിയമ്മ”.

അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു, കുറച്ചു നേരത്തേയ്ക്ക് തന്റെ അമ്മായിയമ്മയുടെ തലയ്ക്കു ചുറ്റും ഒരു ദിവ്യ വെളിച്ചം അവൾ കണ്ടു. കെട്ടുപോയ തിരി വീണ്ടും കത്തിച്ചുകൊണ്ട് അവൾ വലതുകാൽ വച്ച് അകത്തേയ്ക്കു നടന്നു, അടക്കം പറഞ്ഞവരും, അമ്മായിമാരുമെല്ലാം മൂക്കത്തു വിരൽ വച്ച് നിന്നപ്പോൾ അവർക്കു ഇടയിലൂടെ ഒരു വിജയിയെ പോലെ അവൾ തല ഉയർത്തിപ്പിടിച്ചു നടന്നു. മാസം ഒന്ന് കഴിഞ്ഞു തൊഴുത്തിലെ പശുവും ചത്തില്ല, അമ്മായിയപ്പനും ചരിഞ്ഞില്ല, ഒറ്റ നിമിഷം കൊണ്ട് ആ വിളക്കിലെ തിരിപോലെ അണഞ്ഞു പോകുമായിരുന്ന തന്റെ ജീവിതത്തെ, തന്റെ അഭിമാനത്തെ തിരിച്ചു തന്ന സ്നേഹനിധിയായ ആ അമ്മായിയമ്മയുടെ മരുമകളായല്ല മകളായി അവൾ ഇന്നും ജീവിക്കുന്നു.

അമ്മായിയമ്മ ഇസ്‌തം ..

( NB : അമ്മായിയമ്മയെ സ്വന്തം അമ്മയായി കാണാൻ മരുമകൾക്കും, മരുമോളെ സ്വന്തം മോളായി കാണാൻ അമ്മായിയമ്മയ്ക്കും കഴിയുമെങ്കിൽ തീരാവുന്നതേ ഉള്ളു മിക്ക വീടുകളിലെയും പ്രശ്നങ്ങൾ).

രചന: പൗർണ്ണമി

Leave a Reply

Your email address will not be published. Required fields are marked *