പറഞ്ഞു തീരും മുന്നേ അനു രവിയുടെ നെഞ്ചിലേക്ക് തല ചായ്ച്ച് കഴിഞ്ഞിരുന്നു…

Uncategorized

രചന: ശ്യാം കല്ലുകുഴിയിൽ

പതിവ് സായാഹ്നങ്ങളിൽ എന്നപോലെ അന്നും തിരക്കേറിയ ബീച്ചിൽ രവിപോയിരുന്നു. ജീവിതത്തിൽ എന്നും തനിച്ചായ അയാൾക്ക് ആ തിരക്കിലും എല്ലാവരിൽ നിന്നും ഒഴിഞ്ഞ് തിനിച്ചിരിക്കാൻ ആയിരുന്നു ഏറെയിഷ്ടം. ജീവൻ നിലനിർത്താൻ വേണ്ടി മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കുന്ന മുഖവുമായി ഓരോന്ന് വിറ്റ് നടക്കുന്ന ഒരുപാട് മനുഷ്യ ജന്മങ്ങളേയും അവരുടെ ജീവിതത്തെ പുച്ഛത്തോടെ മാത്രം നോക്കുന്ന മറ്റു ചില ജന്മങ്ങളും എന്നും അയാളുടെ സ്ഥിരം കാഴ്ചയിൽ ഉണ്ടായിരുന്നു…

പ്രായമായ സ്ത്രീയിൽ നിന്ന് പതിവുപോലെ ലോട്ടറി വാങ്ങി പേഴ്‌സിൽ തിരുകി വയ്ക്കുമ്പോൾ ആ സ്ത്രീ പുഞ്ചിരി സമ്മാനിച്ച് അടുത്ത ആളിന്റെ മുന്നിലേക്ക് നീങ്ങുമ്പോൾ രവിയും അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു. ചൂട് കപ്പലണ്ടിപ്പൊതി അയാൾ നേരെ നീട്ടിയ ആ തമിഴ് പെൺകുട്ടിയുടെ കയ്യിൽ നിന്ന് അത് വാങ്ങി അയാൾ ബാഗിൽ വച്ചു. ആ ബീച്ചിൽ ഒന്നും സംസാരിക്കാതെ പരസ്പരം കൈമാറുന്ന ഒരു പുഞ്ചിരിയിയുടെ ബലത്തിൽ അയാളുടെ ഹൃദയത്തോട് ചേർന്ന് നിർക്കുന്നവരാണ് അവർ രണ്ടുപേരും…

രവി ഒരിക്കലും ആ സ്ത്രീയിൽ നിന്ന് വാങ്ങുന്ന ലോട്ടറിക്ക് സമ്മാനം ഉണ്ടോ എന്ന് നോക്കാറില്ല, അതുപോലെ ആ കുട്ടിയിൽ നിന്ന് വാങ്ങാറുള്ള കപ്പലണ്ടി കഴിക്കാറുമില്ല, എന്നാലും അയാൾ അവരിൽ നിന്ന് സ്ഥിരം അത് വാങ്ങും അത് വാങ്ങുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും ഒപ്പം ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയിൽ കൂടുതൽ ഒന്നും രവി ആഗ്രഹിച്ചിരുന്നില്ല…

അന്നും ഓരോ കാഴ്ചകൾ കൊണ്ടിരിക്കുമ്പോൾ ആണ് രവിയുടെ കണ്ണിൽ ആ രൂപം പ്രത്യക്ഷപ്പെടുന്നത്. ഇടവും വലവും രണ്ട് പെണ്മക്കളുടെ കയ്യിൽ പിടിച്ചു കൊണ്ട് തിരമാലകൾക്കൊപ്പം മുന്നോട്ടും പുറകിലോട്ടും ഓടുന്ന സ്ത്രീ… അതേ അത് അനു തന്നെയാണ്.. രവി അത് മനസ്സിൽ ഉറപ്പിച്ചെങ്കിലും ഒന്ന് കൂടി വ്യക്തത വരുത്താൻ അൽപ്പനേരം കൂടി അവരെ നോക്കി ഇരുന്നു… അതേ അത് അനു തന്നെയാണ്, മുഖത്ത് ഒരു കണ്ണട ഫിറ്റ് ചെയ്തതും അങ്ങിങ്ങായി മുടി നരച്ചതും ഒഴിച്ചാൽ വേറെ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല…

കണ്ണെടുക്കാതെ അവരെ തന്നെ നോക്കി ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് അവരുടെ നോട്ടം രവിയുടെ മേൽ പതിഞ്ഞത്, എന്തോ അരുതാത്തത് ചെയ്തത് പോലെ രവി പെട്ടെന്ന് അവരിൽ നിന്ന് നോട്ടം മാറ്റി മറ്റെങ്ങോട്ടോ നോക്കി ഇരുന്നു. അവർ നടന്നകലുമ്പോൾ വീണ്ടും രവി അവരെ തന്നെ നോക്കി, പിന്നെ അവരിൽ നിന്ന് നോട്ടം വരാതെ ഇരുന്നപ്പോൾ തന്നെ മനസ്സിലായി കാണില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് രവി ബീച്ചിൽ നിന്ന് പോയത്…

അയാൾ ഒറ്റ മുറിയുള്ള തന്റെ താമസ സ്ഥലത്തെക്ക് ചെല്ലുമ്പോൾ അടുത്ത വീട്ടിലെ കൊച്ചു കുട്ടി വഴിയരികിൽ നിൽപ്പുണ്ട്, ബാഗിൽ നിന്ന് ചൂട് കപ്പലണ്ടി പൊതി അവൾ നേരെ നീട്ടുമ്പോൾ ചിരിച്ചുകൊണ്ട് അതും വാങ്ങി അവൾ വീട്ടിലേക്ക് ഓടി. രവിക്ക് സന്തോഷം നൽകുന്ന മൂന്നമത്തെയാൾ ആ കൊച്ചു കുട്ടിയാണ്….

വാതിൽ തുറന്ന് അകത്തേക്ക് കയറി ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന കണ്ണാടിക്ക് മുൻപിൽ രവി അൽപ്പനേരം നിന്നു. കുറെ നാളുകൾക്ക് ശേഷം അന്ന് ഏറെ നേരം ചരിഞ്ഞും തിരിഞ്ഞും രവി കണ്ണാടിയിൽ തന്റെ മുഖം നോക്കി നിന്നു. വളർന്ന നരച്ച മുടിയിലും താടിയിലും രവി കൈ ഓടിച്ചു ഇല്ല അനുവിന് തന്നെ തിരിച്ചറിയാൻ കഴിയില്ല താൻ ഒരുപാട് മാറിയിരിക്കുന്നു എന്ന് രവി സ്വയം മനസ്സിൽ ഉറപ്പിച്ചു…

കട്ടൻ കാപ്പിക്കൊപ്പം രാവിലെ കഴിച്ചതിന്റെ ബാക്കി ബ്രെഡ്ഡും ജാമും കഴിച്ച് രവി കിടക്കുമ്പോഴും മനസ്സിൽ നിറയെ അനുവിന്റെ മുഖം ആയിരുന്നു. കൂടെ ഉള്ളത് മിക്കവാറും മക്കൾ ആയിരിക്കും, അവളെ പോലെ തന്നെ മെലിഞ്ഞിട്ടാണ് രണ്ടുപേരും, എന്തായാലും അവൾ സന്തോഷവതിയാണ് അത് തന്നെ ഭാഗ്യം. അത് ഓർത്ത് കിടക്കുമ്പോഴും മനസ്സിൽ എന്നോ കുഴിച്ചിട്ട ചില ഓർമ്മകൾ പൊങ്ങി വന്ന് തുടങ്ങിയിരുന്നു. അവയെ കുഴിച്ചു മൂടി അയാൾ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു…

പിന്നെയുള്ള ദിവസങ്ങളിൽ ബീച്ചിൽ ഇരിക്കുമ്പോൾ വീണ്ടും അനുവിന്റെ മുഖം രവി എല്ലായിടത്തും തിരഞ്ഞു. അത് കാണാതെ വന്നപ്പോൾ വീണ്ടും രവിയിൽ എവിടെയൊക്കെയോ ഒരു നഷ്ടബോധം ഉടലെടുത്തു തുടങ്ങിയിരുന്നു. ഒരിക്കൽ കൂടെ വെറുതെ ഒന്ന് കണ്ടാൽ മതിയായിരുന്നു, വെറുതെ ദൂരെ നിന്ന് ഒരു കാഴ്ച്ച അത് മാത്രമാണ് രവി ആഗ്രഹിച്ചിരുന്നത്….

പിന്നെയും ഒരുപാട് ദിവസങ്ങൾ കഴിഞ്ഞ് ബീച്ചിൽ ഇരിക്കുമ്പോഴാണ് തന്നിൽ നിന്ന് അൽപ്പം മാറി ഇരിക്കുന്ന സ്ത്രീയെ രവി ശ്രദ്ധിച്ചത്, രവി ഒന്നേ നോക്കിയുള്ളൂ പെട്ടെന്ന് ആ നോട്ടം മാറ്റുമ്പോൾ പണ്ട് കോളേജിൽ അവളോട് ആദ്യം ഇഷ്ടം പറയാൻ പോകുമ്പോൾ ഉണ്ടായിരുന്ന അതേ ഭയം വീണ്ടും രവിയിൽ ഉടലെടുത്തു. കയ്യും കാലും വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു, എന്നാലും രവി വീണ്ടും അവരെ ഒന്ന് നോക്കി അവർ ദൂരേക്ക് നോക്കിയിരിക്കുകയാണ്…

അവിടെ ഇരുന്ന് ശ്വാസം മുട്ടിയപ്പോൾ ആണ് തിരികെ പോകാനായി രവി എഴുന്നേറ്റത്..

” രവി…..”

തിരികെ നടക്കുമ്പോഴാണ് ആ വിളി അയാൾ കേട്ടത്. നടത്തം നിർത്തി അൽപ്പം കഴിഞ്ഞാണ് അയാൾ തിരികെ നോക്കിയത്, അപ്പോഴേക്കും തന്റെ അരികിൽ എത്തിയിരുന്നു അനു. അവരെ അത്ര അടുത്ത് കണ്ടപ്പോൾ രവിയുടെ കയ്യും കാലും വീണ്ടും വിറയ്ക്കാൻ തുടങ്ങി…

” രവിക്ക് എന്നെ മനസ്സിലായോ…”

അനു ചോദിക്കുമ്പോൾ രവി ഒന്ന് ചിരിച്ചു…

” പിന്നെ മനസ്സിലാകാതെയിരിക്കുമോ…”

രവി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…

” എന്നിട്ടെന്താ കാണാത്തപോലെ ഒരു പോക്ക്….” അനുവിന്റെ ആ ചോദ്യത്തിനും രവി ഒന്ന് ചിരിച്ചതെയുള്ളൂ….

” രവി എപ്പോഴും എന്നോട് പിണക്കത്തിൽ ആണോ…” അൽപ്പം കഴിഞ്ഞാണ് അനു ചോദിച്ചത്….

” എനിക്ക് എന്തിനാ പിണക്കം, അല്ലെതന്നെ ആരോട് പിണക്കം കാണിക്കാൻ….”

രവിയുടെ മറുപടിയിലെ പരിഭവം അനു മനസ്സിലാക്കിയിരുന്നു…

” കഴിഞ്ഞ ആഴ്ച്ച കൂടെ വന്നത് മക്കൾ ആയിരുന്നോ…” നീണ്ട മൗനത്തിനു ശേഷമാണ് രവി ചോദിച്ചത്…

” അതേ മക്കൾ ആണ്. അന്ന് ഞാൻ രവിയെ കണ്ടിരുന്നു എങ്കിലും അത് രവി ആണെന്ന് ഉറപ്പ് ഇല്ലായിരുന്നു. മക്കൾ ഉള്ളത് കൊണ്ടാണ് പിന്നെ….”

ഇടയ്ക്ക് വച്ച് അനുവിന്റെ വാക്കുകൾ മുറിഞ്ഞിരുന്നു…

” എങ്കിലും എനിക്ക് അന്നേ ഉറപ്പ് ഉണ്ടായിരുന്നു…”

രവി പറയുമ്പോൾ അനു പുഞ്ചിരിച്ചു കൊണ്ട് ബീച്ചിലേക്ക് നോക്കി ഇരുന്നു…

” എവിടെ ഭർത്താവ്….” ” അതൊകെ… അവരുടെ ഇഷ്ടങ്ങൾ നോക്കി പോയി….”

അനുവിന്റെ മറുപടിയിലെ വേദന രവിക്ക് മനസ്സിലായിരുന്നു, അത്കൊണ്ട് തന്നെയാണ് രവി കൂടുതൽ ഒന്നും ചോദിക്കാതെ ഇരുന്നതും…..

” രവിയുടെ വിശേഷങ്ങൾ പറയ്, ഭാര്യ, മക്കൾ ഇവരൊക്കെ എന്ത് പറയുന്നു…”

” ഭാര്യ… മക്കൾ….. ഹ..ഹ….”

അത് പറഞ്ഞയാൾ ഉച്ചത്തിൽ ചിരിക്കുമ്പോൾ അനു രവിയെ തന്നെ നോക്കി ഇരുന്നു…

” സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ല, എന്നാൽ പിന്നെ ആരും വേണ്ടന്ന് മനസ്സിൽ ഉറപ്പിച്ചു… ഇപ്പോഴും ഒറ്റത്തടിയായി തുടരുന്നു….”

രവിയുടെ വാക്കുകൾ അനുവിന് പുതിയ അറിവ് ആയിരുന്നു, രവി വിവാഹം കഴിച്ച് എവിടെയെങ്കിലും സന്തോഷത്തോടെ ജീവിക്കും എന്ന വിശ്വാസത്തിൽ ആണ് ഇത്രയും നാൾ ജീവിച്ചത്, ഇതിപ്പോൾ….. അത് ആലോചിക്കുമ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി, രവി കാണാതെ അത് വേഗം തുടയ്ക്കുകയും ചെയ്തു…

” സമയം വൈകി ഞാൻ പൊയ്ക്കോട്ടെ രവി….”

രവിയുടെ മുഖത്ത് നോക്കാതെ അതും പറഞ്ഞ് അനു തിരികെ നടന്നു…

” അതേ എവിടെയാ താമസം, ഇനി എപ്പോഴാ കാണുക….”

രവി ഓരോന്ന് വിളിച്ചു ചോദിക്കുന്നുണ്ടെങ്കിലും ഒന്ന് തിരിഞ്ഞുപോലും നോക്കാതെയാണ് അനു വേഗം നടന്നത്. മുന്നിൽ കണ്ട ഓട്ടോയിൽ കയറി പോകുമ്പോഴും രവി അവരെയും നോക്കി അവിടെ തന്നെ നിന്നു…

അൽപ്പനേരം നിന്ന ശേഷമാണ് രവി തന്റെ പഴയ ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരികെ തമാസസ്ഥലത്തേക്ക് പോയത്…

പിന്നെയുള്ള ദിവസങ്ങളിൽ രവി അനുവിനെയും കാത്ത് ബീച്ചിൽ ഉണ്ടായിരുന്നു എങ്കിലും അനു വന്നിരുന്നില്ല. പതിവ് പോലെ ബീച്ചിൽ ഇരുന്ന് തിരികെ പോകാൻ ഇറങ്ങുമ്പോൾ ആണ് ദൂരെ നിന്ന് അനു വരുന്നത് രവി കണ്ടത്..

” എന്താടോ ഒരു വാക്ക് പോലും മിണ്ടാതെ പോയത്….”

രവി ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ അനു ഒന്നും മിണ്ടാതെ രവിയുടെ അരികിൽ വന്ന് നിന്നു…

” ഞാൻ അറിഞ്ഞിരുന്നില്ല രവി… ഞാൻ കരുതി രവി മറ്റൊരു വിവാഹമൊക്കെ കഴിച്ച് സുഖമായി ജീവിക്കുക ആകുമെന്ന്, പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ഒരു കുറ്റബോധം,, ഞാൻ കാരണമാണല്ലോ രവിക്ക് ഒരു ജീവിതം ഇല്ലാതെ ആയിപ്പോയത് എന്ന് ഓർത്ത്……”

അനു അത് പറഞ്ഞു നിർത്തിയപ്പോൾ രവി ഒന്ന് ചിരിച്ചതെയുള്ളൂ….

” എന്നോടുള്ള വാശിക്ക് നിനക്ക് വേറൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിച്ചു കൂടയിരുന്നോ…”

അനു പറഞ്ഞു തുടരുമ്പോഴും രവി വീണ്ടും ചിരിച്ചതെയുള്ളൂ…

” അങ്ങനെ വാശിക്ക് ചെയ്യാൻ ഉള്ളത് അല്ലാലോ വിവാഹം… എന്റെ ഇഷ്ട്ടം നിന്നോട് മാത്രം ആയിരുന്നു, നിന്നെ മാത്രമേ ജീവിതത്തിൽ ആഗ്രഹിച്ചിട്ടുള്ളൂ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞു നീ പോയപ്പോൾ ഞാൻ ആകെ തളർന്ന് പോയി….”

” രവി പ്ലീസ് അതൊന്നും ഓർമിപ്പിക്കല്ലേ….”

അനു ദയനീയമായി ആണ് അത് പറഞ്ഞത്…

” ഇല്ല അനു ഒന്നും ഓർമിപ്പിച്ചത് അല്ല, ഞാനും അതൊന്നും ഓർക്കാറില്ല അന്നത്തെ സാഹചര്യം അങ്ങനെ ആയിപ്പോയി രണ്ടാൾക്കും…. നമുക്ക് വിധിച്ചിട്ടില്ല എന്നെ ഞാൻ കരുതുന്നുള്ളൂ….” അത് പറഞ്ഞു കഴിയുമ്പോഴേക്കും രവി മണൽ തിട്ടയിൽ ഇരുന്നു, രവിയെ ചേർന്ന് തന്നെയാണ് അനുവും ഇരുന്നത്….

” രവി എവിടെയാ താമസം…..”

നീണ്ട നിശബ്ദതയ്ക്ക് ശേഷമാണ് അനു ചോദിച്ചു തുടങ്ങിയത്…

” ഇവിടെ അടുത്ത് തന്നെയാണ്…”

” നാട്ടിൽ പോകാറില്ലേ…”

” അവിടെ ആര് ഇരുന്നിട്ടാ… വീട്ടിൽ അനിയനും കടുംബവും ആണ് അമ്മ അവർക്കൊപ്പം ഉണ്ട്. വല്ലപ്പോഴും ഒന്ന് പോയി എല്ലാവരെയും കാണും….”

രവി അലസമായിയാണ് അത് പറഞ്ഞത്…

” രവി തമാസിക്കുന്നിടത്ത് എന്നെയും ഒന്ന് കൊണ്ട് പോകുമോ…”

” അതിനെന്താ എപ്പോ വേണേലും പോകാം…”

“എന്നാ നമുക്ക് ഇപ്പോൾ പോയാലോ…”

അനുവിന്റെ ആ ചോദ്യത്തിന് പഴയ ആ ഇരുപത്കാരിയുടെ കുറുമ്പും വാശിയും ഉണ്ടായിരുന്നത് രവി ശ്രദ്ധിച്ചു…

” ഇപ്പോഴോ… നേരം ഇരുട്ടി കഴിഞ്ഞു… വേറൊരു ദിവസം പോരെ…”

” അതെന്താ നിനക്ക് ഇപ്പോഴും രാത്രി പേടിയാണോ…”

അനു ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ രവിയും ചിരിച്ചു…

” ഏയ്‌ അതല്ല… നിനക്ക് വീട്ടിൽ പോണ്ടേ, മക്കൾ തിരക്കില്ലേ…”

അതിന് അനു ചിരിച്ചതെയുള്ളൂ…

” വാ പോകാം….”

അനു എഴുന്നേറ്റ് രവിയുടെ കയ്യിൽ പിടിച്ച് വലിക്കുമ്പോൾ രവിയും അവൾക്ക് പിറകെ നടന്നു….

” നിനക്ക് ഈ വണ്ടി എങ്കിലും ഒന്ന് മാറ്റിക്കൂടെ, ആർക്ക് വേണ്ടിയാ ഈ പൈസ കൂട്ടി വയ്ക്കുന്നത്….”

രവി ബൈക്കിന്റെ കിക്കർ ആഞ്ഞു ചവിട്ടുമ്പോൾ ആണ് അനു അത് പറഞ്ഞത്, രവി ചിരിച്ചുകൊണ്ട് മൂന്ന് നാല് തവണ വീണ്ടും ചവിട്ടിയാണ് വണ്ടി സ്റ്റാർട്ട് ചെയ്തത്. അനുവിനെയും പുറകിൽ ഇരുത്തി രവിയുടെ ബൈക്ക് മുന്നോട്ട് പോകുമ്പോൾ അനു തന്റെ കൈ രവിയുടെ തോളിൽ അമർത്തി പിടിച്ചിരുന്നു, വർഷങ്ങൾക്ക് ശേഷം അനുവിന്റെ സ്പർശനം രവി വീണ്ടും അറിയുക ആയിരുന്നു….

തന്റെ പഴയ ആ ഒറ്റ മുറി വീട്ടിൽ ചെല്ലുമ്പോൾ അയാളെയും കാത്ത് ആ കുട്ടി നിൽപ്പുണ്ടായിരുന്നു അവളുടെ കയ്യിൽ ബാഗിൽ നിന്ന് കപ്പലണ്ടിപൊതി എടുത്ത് കൊടുക്കുമ്പോൾ പതിവുപോലെ ചിരിച്ചുകൊണ്ട് അവൾ വീട്ടിലേക്ക് കയറി പോയിരുന്നു….

” ഈ ചെറിയ മുറിയിലാണോ രവി നി താമസിക്കുന്നത്…”

ആ മുറിയിലേക്ക് കയറികൊണ്ട് അനു ചോദിച്ചു…

” ഒരാൾക്ക് താമസിക്കാൻ ഇതൊക്കെ ധാരാളം അല്ലെ…”

അനുവിന് മുന്നിലേക്ക് ഒരു കസേര നീക്കി ഇട്ടുകൊണ്ടാണ് രവി അത് പറഞ്ഞത്….

” ഇങ്ങനെ തനിച്ച് തനിക്ക് മടുത്തില്ലേ രവി….”

അനു ചോദിക്കുമ്പോൾ രവി പതിവുള്ള ചിരി മാത്രമേ നൽകിയുള്ളൂ…

” മടുപ്പ്,,,, ആദ്യമൊക്കെ ജീവിതം വല്ലാണ്ട് മടുത്തിരുന്നു, അപ്പോഴാണ് നാട്ടിൽ നിന്ന് ഇവിടേക്ക് എത്തിയത്. ഇവിടെ വരുമ്പോൾ ആദ്യം താമസിക്കാൻ കിട്ടിയത് ഈ മുറി ആയിരുന്നു, ആദ്യമൊക്കെ എനിക്ക് ഇവിടെയും വെറുപ്പ് ആയിരുന്നു, പിന്നെ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി, ഇപ്പോൾ ഇവിടെ വിട്ടു പോകാനും വയ്യ….” മുറിയ്ക്ക് ചുറ്റും കണ്ണോടിച്ച് കൊണ്ടാണ് രവി അത് പറഞ്ഞത്….

” ഒരു കണക്കിന് രവി ഭാഗ്യവനാണ്, ആരെയും പേടിക്കേണ്ട സ്വന്തം ഇഷ്ടത്തിനൊത്ത്, ആർക്കും അടിമപ്പെടാതെ, ആരെയും ബോധിപ്പിക്കാതെ ജീവിക്കാല്ലോ….”

അനു അത് പറയുമ്പോൾ രവി വീണ്ടും ഉച്ചത്തിൽ ചിരിച്ചു….

” സന്തോഷം….. എന്ത് സന്തോഷം ഒന്നിനോടും താല്പര്യം ഇല്ലേൽ പിന്നെ ജീവിതത്തിൽ എന്ത് സന്തോഷമാണ്, ആരുടെയും മുന്നിൽ ഒന്നും ബോധിപ്പിക്കാൻ ഇല്ലെങ്കിൽ അതെന്ത് ജീവിതമാണ്,,, ഈ മുറിയെ പോലെ എന്റെ മനസ്സും ഇപ്പോൾ ചുരുങ്ങി കഴിഞ്ഞിരിക്കുന്നു അനു, മരിക്കുന്നത് വരെ അങ്ങു ജീവിച്ച് തീർക്കണം അത്രേയുള്ളൂ….”

രവിയുടെ വാക്കുകളിലെ നിരാശ കേട്ടപ്പോൾ രവിക്ക് അരികിലായി അനു വന്നിരുന്നു. തല കുനിച്ചിരിക്കുന്ന രവിയുടെ കൈകളിൽ അനു മുറുക്കെ പിടിക്കുമ്പോൾ അവന്റെ നെഞ്ച് പട പട ഇടിക്കുന്നത് അനു അറിഞ്ഞിരുന്നു….

ഒന്ന് ചേർത്ത് പിടിച്ചാൽ ഇതുവരെ രവി മനസ്സിൽ ഒതുക്കിയ സങ്കടമെല്ലാം കരഞ്ഞു തീർക്കും എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് അനു രവിയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചത്, അവളിലേക്ക് മുഖം ചേർത്ത് രവി കരഞ്ഞു തുടങ്ങിയപ്പോൾ ആശ്വസിപ്പിക്കാൻ എന്നപോലെ രവിയുടെ മുടിയിൽ അനു തഴുകി ഇരുന്നു….

” നമ്മൾ ആഗ്രഹിച്ചത് പോലെയൊന്നും ജീവിതത്തിൽ നടക്കറില്ലല്ലോ രവി, മഹേഷ് അയാളെ ഞാൻ ഉൾക്കൊള്ളാൻ ഏറെ ശ്രമിച്ചു, പക്ഷെ നിന്നെപ്പോലെ ഒന്നും അല്ലായിരുന്നു അയാൾ, വാശി ആയിരുന്നു എല്ലാത്തിനോടും പലപ്പോഴും അയാളുടെ ദേഷ്യം തീർക്കുന്നത് എന്റെ ശരീരത്തോട് ആയിരുന്നു. ഏറെ ക്ഷമിച്ചു സഹിച്ചു അവസാനമാണ് രണ്ട് മക്കളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങിയത്…..

ഒരുപാട് കഷ്ടപ്പെട്ടു, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി, രണ്ട് പെണ്മക്കളെയും കൂട്ടി ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീ സമൂഹത്തിൽ നിന്ന് പലതും നേരിടേണ്ടി വരും രവി, അന്ന് നിന്നെ ഒന്ന് കണ്ടിരുന്നേൽ എന്ന് ഞാൻ ഏറെ കൊതിച്ചിരുന്നു… ഇതുപോലെ നിന്റെ നെഞ്ചിൽ ചേർന്ന് നിന്ന് ഞാനും കരഞ്ഞേനെ…..” അനു അത് പറയുമ്പോൾ രവി കണ്ണുനീർ തുടച്ചുകൊണ്ട് അനുവിനെ ചേർത്ത് പിടിച്ചു…

” മക്കളെ ഒന്നും അറിയിപ്പിക്കാതെ അവരുടെ ഇഷ്ടത്തിന് എല്ലാം പഠിപ്പിച്ചു, രവി കണ്ടില്ലേ അന്ന് ബീച്ചിൽ മക്കളെ, അത് അവർക്ക് ജോലി കിട്ടിയതിന്റെ സന്തോഷം ആയിരുന്നു ഇപ്പോൾ രണ്ടും വിദേശത്ത് പോയി… അലല്ലേലും മക്കളെ പെറ്റു വളർത്താനുള്ള ജോലി മാത്രമേ മാതാപിതാക്കൾക്ക് ഉള്ളു, അത് കഴിയുമ്പോൾ അവർ നമ്മളെ തനിച്ചാക്കി അവരുടെ ലോകത്തേക്ക് പറന്ന് പോകും…..”

അനു കണ്ണുനീർ തുടച്ചു കൊണ്ട് അത് പറയുമ്പോൾ രവി മൂളി കേട്ട് കൊണ്ടിരുന്നതെയുള്ളൂ….

” ഇപ്പോൾ ഞാനും രവിയെ പോലെ തനിച്ചാണ്, എല്ലാവരും അവരവരുടെ സന്തോഷം നോക്കി പോയി….”

അനു വീണ്ടും പറയുമ്പോൾ രവി അവളെ ഒന്നു കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു….

” ഞാനിന്നിവിടെ കിടന്നോട്ടെ രവി,, ഈ കട്ടിലിൽ നിനക്കൊപ്പം എല്ലാം മറന്ന് ഒന്ന് ഉറങ്ങട്ടെ….”

ഏറെ നേരത്തെ കരച്ചിലിന് ശേഷമാണ് അനു അത് പറഞ്ഞത്, അതുകേട്ട് രവി അനുവിനെ ഒന്ന് നോക്കി…

” നി നോക്കേണ്ട ഇന്ന് നിനക്കൊപ്പം നിന്റെ ചൂടും പറ്റി കിടക്കും… നിന്റെ ഈ കൈയ്യിൽ തലവച്ച് ഞാനിന്ന് സ്വസ്ഥമായി ഉറങ്ങും ഇനിയിപ്പോ ഈ ഉറക്കത്തിൽ ഞാൻ അങ്ങു തട്ടി പോയാലും സന്തോഷമേ ഉള്ളു…”

ചിരിച്ചുകൊണ്ട് അനു പറയുമ്പോൾ രവി അറിയാതെ അവളുടെ വായ് പൊത്തി…

” എല്ലാവരും തനിച്ചാക്കി പോയില്ലേ ഇനി നമുക്ക് ഒരുമിച്ച് ജീവിച്ചൂടെ, ഇത്രയും വർഷം ആർക്കും പകുത്ത് നൽകാതെ നിനക്ക് വേണ്ടി എന്റെ ഉള്ളിൽ കാത്ത് സൂക്ഷിച്ച സ്‌നേഹമത്രയും ഞാൻ നൽകാം… അതുപോരെ നിനക്ക്, ഇനിയെങ്കിലും എന്നെ തനിച്ചക്കാതെ എന്നോടൊപ്പം നിൽക്കില്ലേ അനു….. മറ്റൊരാൾക്കും കടന്ന് വരാൻ പറ്റാതെ അത്രയേറെ ആഴത്തിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു…..”

രവി പറഞ്ഞു തീരും മുന്നേ അനു രവിയുടെ നെഞ്ചിലേക്ക് തല ചായ്ച്ച് കഴിഞ്ഞിരുന്നു, അവളെ ചേർത്ത് പിടിച്ച് രവിയും, മനസ്സിൽ കൊണ്ട് നടന്നിരുന്ന സ്നേഹം പരസ്പരം കൈമാറി താങ്ങും തണലുമായി ഇനിയുള്ള ജീവിതം മുന്നോട്ട് ജീവിക്കാൻ ആ ഹൃദയങ്ങൾ തീരുമാനിക്കുക ആയിരുന്നു….

രചന: ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *