ചെര്‍ക്കന് പെണ്ണിനോടെന്തേലും സംസാരിക്കാന്‍ ണ്ടെങ്കി ആവാലോ ലേ

Uncategorized

രചന: ഷാഹില്‍ കൊടശ്ശേരി

“ചെര്‍ക്കന് പെണ്ണിനോടെന്തേലും സംസാരിക്കാന്‍ ണ്ടെങ്കി ആവാലോ ലേ..!”

കാരണവന്‍മാരില്‍ നിന്ന് ഈ ഒരു വര്‍ത്താനം കേള്‍ക്കാനും വേണ്ടീട്ടായീനു വായക്കാപ്പൊരി പ്ലൈറ്റിലേക്ക് കണ്ണും നട്ടിരുന്നത്… കേള്‍ക്കും.. കേള്‍ക്കാതിരിക്കൂലല്ലോ..! പെണ്ണ് കാണല്‍ ചടങ്ങില്‍ എല്ലാ പൊരീലും കാണാന്‍ കാത്ത് നിക്ക്ണ പെണ്ണാണ് ചായീം ബേക്കറീം ഒക്കെ കൊട്ന്ന് തള്ളല്.. ഇതിപ്പൊ ഓളെ വാപ്പാന്‍റെ പണിയായി.. ഞമ്മക്കാണെങ്കി ഓളെക്കാണാതെ ഇരിക്കപ്പൊറുതി കിട്ടാത്ത അവസ്ഥയാ.. അയിന് കാരണോണ്ട്.. ഞാനോളെ ഫോട്ടത്തില്‍ പോലും കണ്ട്ട്ടില്ല..!

ഇത്താത്താന്‍റെ സെലക്ഷനാണ്.. ഇത്താത്താക്കും പൊരക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് പെണ്ണ് അടക്കോം ഒതുക്കോം ഉള്ള കുട്ട്യാണെന്ന് ഒറപ്പുള്ളൊണ്ട് ഞാനതങ്ങ് കണ്ണും പൂട്ടി സമ്മയ്ച്ചു..

പാന്‍റും കീശയില്‍ കയ്യിട്ട് വല്യമ്പീല് പെണ്ണിന്‍റടുത്തേക്ക് ചെന്നത് ചില പ്രതീക്ഷകളൊക്കെ പോക്കറ്റിലിട്ടോണ്ടായീര്‍ന്നു..

അയ്യീ.. ഇങ്ങളുദ്ദേശിക്ക്ണ അതൊന്നും അല്ലാ ട്ടോ..

ഞമ്മളെ കാണുമ്പളേ തറയില്‍ കാലുകൊണ്ട് “റ” വരക്കുന്ന ഒരു പെണ്ണിനെ പ്രതീക്ഷിച്ച് ചെന്നപ്പൊ കണ്ടത് എന്നേം കാത്ത് ലിവിങ്ങ് റൂമിലെ സോഫയില്‍ ലാപ്പും തുറന്ന് നോക്ക്ണ പെമ്പറന്നോത്തിയെ..!

“ആഹ്.. ഇരിക്കീം..!”

ഒരു സാമാന്യ മര്യാദ മാനിച്ച് ഓള് ഞമ്മളോട് എതിര്‍ ഭാഗത്തിട്ട സോഫയില്‍ ഇരിക്കാനൊക്കെ പറഞ്ഞു…! റബ്ബേ.. ഇമ്മാതിരി ന്യൂജന്‍ പെമ്പറന്നോത്തിനെയാണോ ഇത്താത്ത ഇന്‍ക്കും വേണ്ടി കണ്ടെത്തിയത് ന്നുള്ള സംശയം വരാതിര്ന്നില്ല..! അല്ലെങ്കിലും കാലത്തിനൊത്ത് ഞമ്മളും നീങ്ങീട്ടില്ലെങ്കി ചെരലില്‍ നെരങ്ങി വീണ് ഊരീം പൊട്ടി മൗലാനീ കടക്ക്ണ അവസ്ഥ ഓര്‍ത്ത് ഇവടീം ഞാന്‍ കണ്ണടച്ചു..!

ഓളിങ്ങനെ ലാപ്പിലും കുത്തി ഇരിക്കുമ്പം ഞമ്മളോളെ തൊള്ളീക്കും നോക്കി നിക്ക്ണത് സെര്യല്ലല്ലോന്നും കരുതി ഞാനവിടെ ഇര്ന്നു..!!

എങ്ങനാപ്പൊ പറഞ്ഞ് തൊടങ്ങാന്നും തലീപുണ്ണാക്കി ഇരുന്നപ്പോഴാണ് ലാപ്പിന്‍റെ സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ തന്നെ ഓള് പറഞ്ഞ് തൊടങ്ങിയത്..!

“ആക്ച്വലീ നിങ്ങളോടെനിക്കും സംസാരിക്കാന്‍ണ്ടായീനു… അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം ലേ..?”

നേര് പറഞ്ഞാല്‍ ആ പറച്ചില് കേട്ടപ്പോ പൈനഞ്ച് ഉറുപ്പീം കൊണ്ട് ഫൈസ്റ്റാര്‍ ഹോട്ടലില്‍ കയറിയ പോക്കരാക്കാനെ പോലെയായി ഞമ്മളെ അവസ്ഥ..!

ഓളെന്തൊക്കൊയോ തീരുമാനിച്ചൊറപ്പിച്ച ഹാലിലാണ്..!

“കാ.. കാര്യംന്ന് പറഞ്ഞത് മന്‍സ്സിലായില്ല..”

“കാട് കയറണ്ട… മാരേജിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ നിങ്ങളില്‍ നിന്ന് എനിക്കറിയേണ്ട കുറച്ച് കാര്യങ്ങള്‍..! അതിനെക്കുറിച്ചൊന്ന് സംസാരിക്കാന്‍…!”

ഓളിപ്പൊ ന്തിനാണാവോ കാട് കയറണ്ടാന്നൊക്കെ പറഞ്ഞത്..? ഇനിപ്പൊ ഞാന്‍ പറഞ്ഞതില് വല്ല സ്പെല്ലിംഗ് മിസ്റ്റേക്കും ഉണ്ടോന്ന് പടച്ച റബ്ബിനറിയാം..!

എന്തായാലും ഓള് പറീണതെന്താന്ന് വെച്ചാല്‍ സെരിക്കിനും കേട്ടിരിക്കാന്‍ തന്നെ ഞമ്മള് തീരുമാനിച്ചു..!

“ബൈക്കുണ്ടോ..”

ലാ ഹൗലുവലാ..!! ഇതിത്താത്ത ഇന്‍ക്കിട്ട് പണിതത് തന്നെയാണ്.. നേരാം വണ്ണം സൈക്കള്‍ ഓടിക്കാന്‍ കയ്യാത്ത എന്നോട് ബൈക്കുണ്ടോന്ന് ചോയിച്ചാലുള്ള അവസ്ഥ ആലോയിച്ച് നോക്കാണീം ഇങ്ങള്..!!

ഒരു പെണ്ണിന്‍റെ മുമ്പില് നാണം കെടണ്ടല്ലോന്നും കരുതി പേഴ്സും തൊറന്ന് കൈഞ്ഞൊല്ലം മലപ്പൊറത്ത് പോയി എട്ത്ത റ്റു വീലറിന്‍റീം ഫോര്‍ വീലറിന്‍റീം പാടെയുള്ള ലൈ സന്‍സ് ഊരിക്കാണിച്ച് കൊടുത്തിട്ട് പറഞ്ഞു..!!

“ന്നാ.. ഞമ്മക്ക് അയിന്‍റെ ലൈസന്‍സൊക്കേണ്ട്…!”

“അപ്പൊ ബൈക്ക് ഓടിക്കാന്‍ അറിയൂലാ ലേ..??”

യാ റബ്ബേ. ഈ പെമ്പറന്നോത്തി ഇഞ്ഞീം കൊണ്ടേ പോവൂ..!

“ലൈ..ലൈ..ലൈസന്‍സുണ്ടല്ലോ.. ഓടിക്കാന്‍.. ആഹ്.. അതങ്ങട്ട് എയ്മ് ആയിട്ട് ഒന്ന് മാങ്ങണം..!”

“ലൈസന്‍സുണ്ടായിട്ടും ഓടിക്കാനറിയാത്ത ഇങ്ങടെ കൂടെ ഞാനെന്ത് കണ്ടിട്ടാ വൈഫായിട്ട് അങ്ങട്ട് പോര്വാ..?”

ഈ പെണ്ണിനിത് ബൈക്കിനെയാണോ ഞമ്മളെയാണോ കെട്ടാന്‍ തീരുമാനിച്ചിരിക്ക്ണ്ന്നും നെനച്ച് കലിപ്പ് കയറി മുണ്ടാതിരുന്നു..!

അതെന്താ.. ബൈക്ക് ഓടിച്ചാന്‍ അറിയാത്തോര്‍ക്കൊന്നും പെണ്ണെട്ടണ്ടേ..?? പക്ഷേങ്കില് ഓള് പറഞ്ഞ ലൈസന്‍സ് ബൈക്കിന്‍റെയല്ല അത് വേറെന്തോക്കെയോ ആണെന്ന് ഇന്‍ക്ക് പിന്നെയാണ് പുട്ത്തം കിട്ടിയത്..!!

ച്ചെ.. ഇത്രക്കങ്ങാട്ടും വളഞ്ഞ് ചിന്തിക്കാന്‍ എന്തേയ് ഞമ്മക്ക് പറ്റീല..!

ഈ ഇത്താത്താനെ ഇന്ന് ഞാന്‍ ചൗട്ടിക്കൂട്ടും…! ആരായാലും കെട്ടാംന്ന് വാക്ക് കൊടുത്തതാ.. ഇഞ്ഞിപ്പോ മാണ്ടാന്നും പറഞ്ഞ് പോവാനും പറ്റാത്ത അവസ്ഥയായി..!!

“ഫേസ്ബുക്കിലുണ്ടോ..?”

ആ ചോദ്യം കേട്ടപ്പൊ ഒര് അയ്മ്പത്താറ് ലഡ്ഡു ഒപ്പം പൊട്ടീ ട്ടോ..! കാര്യായ്ട്ട് ഞമ്മക്ക് സ്വന്തായിട്ട് ഉള്ളണ് അത് മാത്രേള്ളൂ.. തൊള്ളീ തോന്നിയ കഥീം കവിതീം നോവലും എഴ്തിക്കൂട്ടി ഞമ്മളതില് ഫെയ്മസാണേയ്..! ഇത് ഞാന്‍ ചീറുംന്ന് പറഞ്ഞ് നേരത്തെ ലൈസന്‍സ് പേഴ്സിന്ന് ഊരിക്കാണിച്ച മാതിരി പാന്‍റും കിശീന്ന് ഫോണെട്ത്ത് ഡാറ്റ ഓണാക്കാന്‍ തൊടങ്ങിയപ്പോഴാ ഞമ്മളാ കാര്യം ഓര്‍ത്തത്..!!

വല്ലാതങ്ങട്ട് ചീറി ഡാറ്റ ഓണാക്കാന്‍ നിന്നാല്‍ ഇന്നലെ നട്ടപ്പാതിര വരേ കണ്ട കുഞ്ഞിമ്മുമാര്‍ക്കെല്ലാം മെസ്സേജയച്ചതിന്‍റെ റീപ്ലേ മെസ്സഞ്ചറിന്‍റെ വാതില്‍ക്കല്‍ വന്ന് കിണീം കീണീം പറീണത് ഈ പെണ്ണ് കണ്ടാല്‍ അതു മത്യാവും പിന്നെ..!!

എമ്മാതിരി റീപ്ലേ ആണ് വര്വാന്ന് ഞമ്മക്ക് നന്നായ് തിരീണത് കൊണ്ട് ഡാറ്റ ഓണാക്കീട്ടുള്ള ത്യാഗത്തിനൊന്നും മുതിരാതെ ഹോം സ്ക്രീനില്‍ കൊണ്ടിട്ട ഫേസ്ബുക്കിന്‍റെ ആപ്പ് ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞു..

“പിന്നേ..! ഇക്കാലത്ത് ആര്‍ക്കാ ഫേസ്ബുക്കില്ലാത്തേ.. ഇന്‍ക്കുണ്ട്..”

“ആക്ച്വലീ ഇക്കാലത്ത് ഫേസ്ബുക്കില്‍ സജീവമാകുന്നോര്‍ക്ക് ജീവിതത്തില്‍ വല്യ നേട്ടമൊന്നും വരാന്‍ പോണില്ല.. അതോണ്ടാ ഞാനക്കാര്യം ചോദിച്ചത്..!!”

ഒലക്ക..! ഇവിടേലും ഒന്ന് തെളങ്ങാംന്ന് നെനച്ച് നിന്നപ്പോ ഓള്‍ടെ മറുപടി കേട്ട് ഊളയായി..! അതും സ്വാഹ..!!

ഇഞ്ഞിപ്പോ ഓളെന്തേലും കുത്തിച്ചോയിച്ചാ പറയാന്‍ വല്ല കച്ചിത്തുരുമ്പും ണ്ടാവോ റബ്ബേ എന്നും ബേജാറായി ബീപ്പയച്ച് നിന്നപ്പോ ഓള്‍ടെ അട്ത്ത ചോദ്യം..!!

ചോദ്യല്ലാ ട്ടോ.. ന്നാലങ്ങട്ട് ഉത്തരോം അല്ല..!!

“എന്നെക്കുറിച്ച് നിങ്ങളൊന്നും ചോദിച്ചില്ല.. എന്നാലും ഞാന്‍ പറയാം..!!

ഒരടക്കോം ഒതുക്കോം ഉള്ളൊരു പെണ്‍കുട്ടിയെ പ്രതീക്ഷിച്ചാവും നിങ്ങളിവിടെ വരെ വന്നത്.. എന്നാല്‍ എനിക്ക് ഒട്ടും ഇല്ലാത്ത രണ്ട് കാര്യങ്ങളാണത്..!

പഴഞ്ചന്‍ രീതിയിലുള്ള തട്ടം മറച്ച് നാണിച്ചിരിക്കുന്ന തരത്തിലുള്ള ഒരു പെണ്ണേ അല്ല ഞാന്‍. ഞാന്‍ അല്‍പം പ്ലാക്റ്റിക്കലാണ്.. അല്‍പമല്ല.. കുറച്ചധികം..!

എങ്കേജ്മെന്‍റിന് ശേഷം കുറഞ്ഞതൊരു ബുള്ളന്‍റിന്‍റെയെങ്കിലും പിന്നിലിരുന്ന് കെട്ടാന്‍ പോണ ചെറുക്കനേം ചേര്‍ത്ത് പിടിച്ച് നാട് ചുറ്റാന്‍ പ്ലാനിട്ടിരിക്കുകയായിരുന്നു ഞാന്‍..! ഇതിപ്പൊ നിങ്ങള്‍ക്ക് ആക്റ്റീവ പോലും നേരാം വണ്ണം ഓടിക്കാനറിയൂലാന്ന് വെച്ചാല്‍..!!”

ന്‍റെ പൊന്നോ…!! പെണ്ണ് കാണാന്‍ പോയി പണ്ടാറടങ്ങിയല്ലോന്നും കര്തി ഇത്താത്താക്ക് കൊടുത്ത വാക്ക് മാറ്റി ഓളെ രണ്ട് ചൗട്ടും ചൗട്ടി വന്ന ഓട്ടോറീക്ഷയില്‍ തന്നെ മടങ്ങിപ്പോവാന്‍ നെനച്ച് തിരിഞ്ഞ് നടക്കാന്‍ തുനിഞ്ഞപ്പോ ഓള് പിറകീന്ന് വിളിച്ച്..

“ഞാന്‍ പറഞ്ഞ് തീര്‍ന്നില്ല..”

നശിപ്പിച്ച്.. ഇനീം മക്കാറാക്കാനാണോ പെമ്പറന്നോത്തീന്‍റെ ഉദ്ദേശംന്നും കര്തി തിരിഞ്ഞ് നോക്കിയപ്പളും പെണ്ണിന്‍റെ കണ്ണ് ലാപ്പിന്‍റവുത്ത്ക്ക് തന്നെ…!

കേറീലേ കൂട്ടരേ തരിപ്പ്..!!

“ഇഞ്ഞോടിജ്ജ് വല്യമ്പീല് അതാണ് ഇതാണ്ന്നും പറഞ്ഞ് ആളാവാന്‍ നോക്കുമ്പോ എന്തെത്ത് ഒലക്കയാണ് ആ കമ്പ്യൂട്ടറിന്‍റെ അവുത്ത് കാട്ട്ണേ..??”

“ഞാന്‍ ഫേസ്ബുക്കിലാ..! ഇന്നലെ ഇട്ട പോസ്റ്റിന് 3.5 K ലൈക്കാ..!”

“കി… കിലോ ലൈക്കോ..?? അപ്പൊ അന്‍ക്കും ഫേസ്ബുക്ക്ണ്ടാ..??”

“പിന്നില്ലാണ്ട്.. എന്നെക്കുറിച്ച് ഇത്രേം അറിഞ്ഞ സ്ഥിതിക്ക് അതില്ലാണ്ടിരിക്കോ..”

“അപ്പൊ പിന്നേ ഫേസ്ബുക്കുള്ളോരൊന്നും ജീവിതത്തില്‍ മെച്ചപ്പെടൂലാന്നും ആനയാന്നും ചേനയാന്നും പറഞ്ഞതൊക്കെ എന്ത് ഒലക്കക്കാ..”

“ഇന്‍ക്കതിന് ജീവിതത്തില്‍ മെച്ചപ്പെടണംന്ന് ഒരു അഹങ്കാരോല്ല മാഷേ.. കെട്ടിയ ചെക്കനെ പിഴിഞ്ഞ് ലൈഫ് അടിച്ച് പൊളിക്കാ.. അതാണിപ്പൊ എന്‍റെ ഫ്യൂച്ചര്‍ ലൈഫിന്‍റെ പാഷന്‍..!

സോ.. കണ്‍ഗ്രാസ്….! എന്തായാലും പെണ്ണിനെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് കല്യാണം അടിച്ച് പൊളിച്ച് നടത്തണ്ടേ..??”

“അന്‍റെ മുമ്പ്ക്ക് പിഴിയാന്‍ ചണ്ടിയാതി ഞാനങ്ങട്ട് നിന്ന് തരാം.. ഞമ്മക്ക് പെണ്ണ് കെട്ടണ്ട..!!”

“അങ്ങനെ പറഞ്ഞാല്‍ എങ്ങനാ..? ഇത്താത്താക്ക് കൊടുത്ത വാക്ക് മാറ്റാന്‍ പറ്റൂല ട്ടോ.. ഈ കല്യാണം നടക്കണം… ”

ഈ പെണ്ണിനിതെന്താ തലക്ക് പ്രാന്താണോ..? ഓളെ സങ്കല്‍പ്പത്തിലെ ഏഴയലത്ത് പോലുമെത്താത്ത പക്കാ നാടനായ എന്നെ ഇതിന് കെട്ടണംന്നോന്നും കരുതി കുന്തം മുണുങ്ങിയ പോലെ നിന്നപ്പളാ ഓള് പിന്നേം പറഞ്ഞ് തൊടങ്ങ്യേത്..

“യോയോ പയ്യന്‍മാരെ പോലെ ചെത്തി നടക്കാന്‍ ഇങ്ങള്‍ക്കൊരു ബൈക്കില്ലാന്ന് അറിഞ്ഞോണ്ട് തന്നെയാ ഞാനീ കാര്യം ചോദിച്ചത്..! ഷാഹിനക്ക് അമ്മാതിരി ചെക്കന്‍മാരെ കാണുന്നതേ കലിയാ.. പിന്നേ ഫേസ്ബുക്ക്… അത്യാവശ്യാെക്കെ ആവാമെങ്കിലും ഷാഹിനക്കത് ഇഷ്ടല്ല.. കൂടുതല്‍ സമയവും സമൂഹത്തോട് സംസാരിക്കുന്ന ഭര്‍ത്ഥാവില്‍ നിന്നുപരി തന്‍റെ ഇഷ്ടങ്ങളും ആവശ്യങ്ങളും അറിഞ്ഞ് തന്നോട് കൂടെ ചിലവഴിക്കുന്ന ഒരു ഭര്‍ത്ഥാവിനെയാണ് ഷാഹിന ആഗ്രഹിക്കുന്നത്..!

നിങ്ങള്‍ക്കതിന് കഴിയും എന്നെനിക്ക് ബോധ്യപ്പെട്ടതു കൊണ്ടു മാത്രം കൂടുതല്‍ സമയവും ഫേസ്ബുക്കിലിരിക്കുന്നവരുടെ ജീവിതം മെച്ചപ്പെടില്ലെന്ന് ഞാന്‍ പറഞ്ഞത്..!

അടക്കവും ഒതുക്കവും തട്ടം മറച്ചു പിടിച്ചുള്ള ആ നാണോം ഒക്കെ ഉള്ള ഒരു പെണ്ണാവാന്‍ ഷാഹിനക്ക് കഴിയും.. അല്ല.. അവളങ്ങിനെയാണ്..!!”

“എന്തൊക്കെയാ ഈ പറയുന്നെ.. ഇന്‍ക്കൊന്നും മനസ്സിലാവുന്നില്ല..!”

“ഇയ്യ് കാണാന്‍ വന്ന ഷാഹിന ഇതല്ല നജീമേ..”

മറുപടി പറഞ്ഞത് ഇത്താത്തയാണ്.! മൂര്‍ദ്ധാവ് വരേ വന്ന ദേഷ്യമെല്ലാം കടിച്ച് പിടിച്ച് ഇത്താത്താന്‍റടുത്തേക്ക് തിരിഞ്ഞു നിന്ന ഞാന്‍ ഞെട്ടി..!!

പതിനാലാം പാല്‍ നിലാവ് പോലെ മുന്‍പില്‍ നാണിച്ചു താഴ്ത്തിയ മുഖവുമായി നില്‍ക്കുന്ന ഒരു മൊഞ്ചത്തി..!!

“ഇതാണ് ഇനിയന്‍റെ ഷാഹിന..! നീ പറയാറില്ലേ.. കാല് കൊണ്ട് റ വരക്കുന്ന നാണം കുണുങ്ങി പെണ്ണു മതീന്ന്..?? ഓള് തന്നെയാ ഇപ്പൊ അന്‍റെ മുന്‍പില്‍..!!”

ചിരിക്കണോ കരയണോന്നറിയാതെ ഇതുവരേ സംസാരിച്ച ഡൂബ്ലിക്കറ്റ് ഷാഹിനയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഒരു കള്ളച്ചിരിയോടെ ഓള്‍ടെ പറച്ചില്‍..!

“സോറീട്ടോ.. ഞാന്‍ റസിയ.. ഷാഹിനേടേം നിങ്ങള്‍ടെ ഇത്താത്താന്‍റെം ഫ്രണ്ടാ..! ഇങ്ങള്‍ടെ ഇത്താത്ത പറഞ്ഞിട്ടാ ഇങ്ങനൊരു നാടകം കളിച്ചത്..”

കലിയും ചിരിയും ഒപ്പം വന്ന് ഇത്താത്താന്‍റെ മുഖത്ത് നോക്കിയപ്പോ..

“ഇയ്യെപ്പളും ഇന്‍ക്കിട്ട് പണി തരാറില്ലേ.. അപ്പൊ ഓര്‍ക്കണം.. അതിനെക്കാളും വലിയ എട്ടിന്‍റെ പണി പെങ്ങന്‍മാരുടെ അടുത്തീന്നും കിട്ടുംന്ന്..!”

“ന്‍റെ ഇത്താത്താ.. ഇത് വല്ലാത്ത പണിയായിപ്പോയീ ട്ടോ..”

“ഹിഹിഹി.. പണി തരാന്‍ മാത്രായിട്ടല്ല.. ഷാഹിനക്ക് അന്നോട് സംസാരിക്കാന്‍ നാണാന്ന് പറഞ്ഞപ്പം ആ തക്കത്തിന് റസിയാനെ ഓളെ സ്ഥാനത്തിരുത്തിയതാ… ഇയ്യ് കിനാബ് കാണുന്ന നാണം കുണുങ്ങി പെണ്ണിന് ആദ്യത്തെ കാണലില്‍ തന്നെ കെട്ടാന്‍ പോണ ചെക്കനോട് സംസാലിക്കാനുള്ള ധൈര്യമൊന്നും ഉണ്ടാവൂല നജീമേ.. സാവധാനം ശീലിച്ചോളും.. അല്ലേ ഷാഹിനാ..”

ഇത്താത്താന്‍റെ മറുപടി കേട്ട് ഷാഹിന നാണിച്ച് തല താഴ്ത്തി പുഞ്ചിരിക്കുന്നുണ്ടായിരുന്നു…

എന്തായാലും ഞാനാഗ്രഹിച്ച പോലെ ഷാഹിന ഇന്നെന്‍റെ ബീവിയാണ്..

ബൈക്കു കൊണ്ട് “8” വരച്ച് കഷ്ടകാലത്തിനൊരു ടൂ വീലര്‍ ലൈസണ്‍സ് ഒരു ഉപകാരോം ഇല്ലാതെ പോക്കറ്റിലിട്ട് നടന്ന എനിക്ക് എന്‍റാഗ്രഹം പോലെത്തന്നെ കാലുകൊണ്ട് “റ” വരച്ച് നാണിച്ച് ചിരിക്കുന്ന ആ മൊഞ്ചത്തിയെ തന്നെ കിട്ടി..!!

സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി…!

Leave a Reply

Your email address will not be published. Required fields are marked *