മകളുടെ സന്തോഷമാ ഏതൊരമ്മക്കും വലുത്…

Uncategorized

രചന: രുദ്ര വീണ

എന്തിനാണ് ദേവാ… വീണ്ടും ഇങ്ങനെയൊരു കണ്ടുമുട്ടൽ? നിന്റെ ഈ കലങ്ങിയ കണ്ണുകൾ ഇനിയും എനിക്ക് കാണാനാവില്ല.

അവളുടെ കണ്ണുകളിൽ നോക്കാൻ ശക്തിയില്ലാതെയാണ് ഞാനത് പറഞ്ഞത്.

കരയരുതല്ലേ നന്ദേട്ടാ ഞാൻ …ഇനിയും ഞാൻ കരയരുതല്ലേ? എന്നെ നന്ദേട്ടന്റെ ജീവിതത്തിൽ നിന്ന് പറിച്ചെറിയാൻ ശ്രമിക്കുമ്പോഴും ഞാൻ കരയരുതല്ലേ…? പറ: ..??

കരഞ്ഞ് കരഞ്ഞ് പതിഞ്ഞു പോയ അവളുടെ സ്വരം ഇടറിയ വാക്കുകളാൽ വീണ്ടും പ്രതിധ്വനിക്കാൻ തുടങ്ങി. കൈ ചുരുട്ടി പിടിച്ച് എന്റെ നെഞ്ചിൽ അടിച്ച് കൊണ്ടവൾ കരയുമ്പോൾ പതറിപോകുമോ എന്നെനിക്ക് പേടി തോന്നി.

കരയരുത് ദേവാ… നന്ദേട്ടന്റെ ദേവൂട്ടി എപ്പോഴും സന്തോഷത്തോടെയിരിക്കണം. എന്റെ കൂടെ വന്നാൽ ഒരിക്കലും ദേവക്ക് സന്തോഷം ണ്ടാവില്ല. ഒരു പക്ഷേ ദേവ ആഗ്രഹിച്ച ഒരു ജോഡി വസ്ത്രം പോലും ഏട്ടന് വാങ്ങി തരാൻ കഴിഞ്ഞെന്നു വരില്ല. അന്ന് ദുഃഖിക്കേണ്ടി വരുന്നതിലും എത്രയോ ഭേദമാണ് ഈ ചെറിയ സങ്കടം.

പിന്നെന്തിനാ നന്ദേട്ടാ…. പിന്നെന്തിനാ എന്നെയിങ്ങനെ സ്നേഹിച്ചേ… പകുതിയിൽ വെച്ച് ഉപേക്ഷിച്ച് പോകാനായിരുന്നോ? എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത്? ഒരുപാട് സ്വപ്നങ്ങൾ തന്നത്?

ദേവയുടെ ഓരോ വാക്കുകളും അസ്ത്രം പോലെയാണ് നെഞ്ചിൻ തറക്കുന്നത്. അവളുടെ അമ്മ തൊഴുകൈയോടെ മുന്നിൽ വന്ന് നിന്ന് കേണപേക്ഷിച്ചതാണ് മകളെ വിട്ട് കൊടുക്കണമെന്ന് .എന്റെ കൂടെ ജീവിക്കുന്നത് കാണാൻ അവർ ജീവനോടെ ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോ…. നിന്റെ അമ്മയ്ക്ക് വേണ്ടിയാണ് പെണ്ണേ പ്രാണൻ പറിച്ചെടുക്കന്ന വേദനയിൽ പോലും ഞാൻ നിന്നെ അടർത്തിമാറ്റുന്നത്.

എന്താ നന്ദേട്ടാ… എന്താ ഒന്നും മിണ്ടാത്തത്? എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ…

ആ കണ്ണുനീരിന് മുന്നിൽ സ്തംഭിച്ചു നിന്ന എന്നെ അവൾ പിടിച്ചുലപ്പോൾ ആണ് എനിക്ക് മൗനത്തെ ഭേദിക്കേണ്ടി വന്നത്.

ശരിയാണ് ഏട്ടൻ ഒരുപാട് ആശ തന്നിട്ടുണ്ട് ന്റെ കുട്ടിക്ക്. വാക്ക് തന്നതുമാണ് എന്നും കൂടെയുണ്ടാവുമെന്ന് .പക്ഷേ… പക്ഷേ ഏട്ടന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു ദേവാ… മുങ്ങാൻ പോകുന്ന കപ്പലിലേക്ക് അറിഞ്ഞു കൊണ്ട് ന്റെ കുട്ടിയെ കൈ പിടിച്ചു കയറ്റാൻ ആവില്ല നന്ദേട്ടന്…

പറഞ്ഞു തീരും മുൻപ് എന്റെ കവിളിൽ അവളുടെ കൈ ആഞ്ഞു പതിച്ചു കഴിഞ്ഞിരുന്നു.

രണ്ടു കൈ കൊണ്ടും ഷർട്ടിന്റെ കോളറിൽ പിടിച്ചവൾ അലറി.

ഇനിയെങ്കിലും ഒന്ന് കരയ് നന്ദേട്ടാ….. ഇനിയെങ്കിലും ഒന്ന് കരയ്… ദേ… ഇവിടെ കിടന്ന് ഒരു അഗ്നിയാളുന്നത് ദേവക്ക് മനസിലാവാഞ്ഞിട്ടല്ല. എത്രത്തോളം നന്ദേട്ടൻ പിടിച്ചു നിൽക്കും എന്നറിയാൻ വേണ്ടിയായിരുന്നു. നന്ദേട്ടൻ നല്ല അസ്സലൊരു നടനാട്ടോ… എന്റെ മുന്നിൽ മാത്രം തോറ്റ് പോയ നല്ലസ്സല് നടൻ.എല്ലാം ഒറ്റയ്ക്കങ്ങ് സഹിക്കാന്ന് വെച്ചല്ലേ നന്ദേട്ടാ… എന്റെ സന്തോഷം, എന്റെ ജീവിതം, എന്റെ സ്വപ്നം അത് മാത്രം മതീലേ…. എന്നാ കേട്ടോ…. ഈ ദേവക്ക് ഒരു ജീവിതം ഉണ്ടേൽ, ഇനി ഞാൻ സ്വപനങ്ങൾ കാണുന്നുവെങ്കിൽ അത് നന്ദേട്ടന്റെ പെണ്ണായി കൊണ്ട് മാത്രമായിരിക്കും. വാക്ക് തന്ന് കൂടെ കൂടിയത് പാതി വഴിയിൽ ഉപേക്ഷിച്ച് പോവാൻ ആയിരുന്നില്ല നന്ദേട്ടാ.”

എന്റെ മാറിൽ ചാഞ്ഞ് കിടന്നവൾ പൊട്ടിക്കരയുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു.

ദേവാ… അപ്പൊ അമ്മ.?

ഞാൻ പറഞ്ഞാൽ അമ്മ കേൾക്കും നന്ദേട്ടാ… മകളുടെ സന്തോഷമാ ഏതൊരമ്മക്കും വലുത്. നന്ദേട്ടൻ അല്ലാതെ മറ്റാരും എന്റെ കഴുത്തിൽ താലികെട്ടില്ല. അതിനി എത്ര വർഷം കാത്തിരിക്കേണ്ടി വന്നാലും.

അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുമ്പോൾ അറിയാതെ തുളുമ്പിയ കണ്ണുനീരിന് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രമായിരുന്നു..
‘നീയാണ് യഥാർത്ഥ സമ്പന്നൻ എന്ന്.’

രചന: രുദ്ര വീണ

Leave a Reply

Your email address will not be published. Required fields are marked *