എന്റെ മൂക്കേൽ മൂക്കുത്തിയുണ്ടേൽ അതും ചേർത്ത് ഇഷ്ടപ്പെടുന്നവൻ കെട്ടിയാൽ മതി…

Uncategorized

രചന: ധ്രുവ താര

‘എനിക്ക് മൂക്കുകുത്തണം..’

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് മനസ്സ് കെഞ്ചാതെ കെഞ്ചി എന്നോട് ചോദിച്ചുകൊണ്ടേയിരിക്കുന്ന കാര്യം..

“പത്താം ക്ലാസ്സ്‌ കഴിഞ്ഞിട്ടാലോചിക്കാം..”

യുപി സ്കൂളിൽ പഠിക്കുമ്പോഴേ മമ്മി ആദ്യത്തെ കടമ്പ എടുത്തു മുന്നിൽ വച്ചു.. അങ്ങനെ പത്താം ക്ലാസ്സ്‌ കഴിയാൻ കാത്തിരുന്നു.. അതുകഴിഞ്ഞു പറഞ്ഞപ്പോഴോ..

‘ഞാൻ ഡിഗ്രീ കഴിഞ്ഞിട്ടാ മൂക്ക് കുത്തിയെ..’

മമ്മി ഒരു കൂസലുമില്ലാതെ പറഞ്ഞപ്പോ ഞാൻ കണ്ണും മിഴിച്ചു നോക്കി നിന്നു.. പ്ലേറ്റ് മറിക്കുന്നതിന് ഓസ്കാർ ഉണ്ടേൽ അത് മമ്മിക്ക് കൊടുക്കണം.. അടുത്തൊരു കടമ്പ.. നോ നോ…

‘ഞാൻ പപ്പായോട് ചോദിക്കട്ടെ.. മമ്മീടെ പാസ് എനിക്ക് വേണ്ടാ..’

നേരെ പോയി പിതാജിയുടെ അടുക്കൽ കാര്യം പറഞ്ഞതും –

‘മോനേ, മൂക്കുത്തി എല്ലാർക്കും ചേരില്ല.. കുത്തിയിട്ട് വേണ്ടെന്ന് തോന്നി അഴിച്ചുകളഞ്ഞാൽ ആ പാടും പോവില്ല.. പിന്നെയിതെല്ലാവർക്കും ഇഷ്ടപ്പെടുകയുമില്ല.. നാളെ പെണ്ണുകാണാനൊരുത്തൻ വന്നിട്ട് മൂക്ക് കുത്തിയ പെണ്ണിനെ വേണ്ടെന്ന് പറഞ്ഞാലോ..’

ഇത്യാദി നീണ്ട ലിസ്റ്റ് നിരത്തി പിതാജി എന്റെ ആവശ്യം നിഷ്കരുണം തള്ളുകയാണെന്ന് മനസ്സിലായപ്പോ എന്റെയുള്ളിലെ ഫെമിനിച്ചി ആദ്യമായി പുറത്തുചാടി..

‘എന്റെ മൂക്കേൽ മൂക്കുത്തിയുണ്ടേൽ അതും ചേർത്ത് ഇഷ്ടപ്പെടുന്നവൻ കെട്ടിയാൽ മതി.. ഏതേലും കാലത്ത് എവനേലും കെട്ടാൻ വരുമ്പോ ഇഷ്ടപ്പെടുവൊ ഇല്ലയൊന്നോർത്ത് മൂക്ക് കുത്താതിരിക്കാനോ.. ഹ്മ്മ്..’

പക്ഷേ പ്രധിഷേധങ്ങളൊന്നും വിലപ്പോയില്ല..

‘ഇപ്പൊ എന്തായാലും വേണ്ടമ്മൂ.. നിന്റെ മമ്മി ശുപാർശയുമായി വന്നിട്ടും പിന്നെയാവട്ടെന്നാ ഞാൻ പറഞ്ഞേ..’

അപ്പൊ മമ്മി അത്ര ദയാശൂന്യ അല്ല..

പത്താം ക്ലാസ്സ്‌ കഴിഞ്ഞു.. പോളിടെക്നിക് കഴിഞ്ഞു.. ബിടെക് കഴിഞ്ഞു.. ഇപ്പൊ ദാ ജോലിയുമായി..

പലവുരു ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ഭീഷണിപ്പെടുത്തിയും പറഞ്ഞിട്ടും എനിക്ക് മൂക്കുത്തി കിട്ടിയില്ല..

ഇന്നിപ്പോ ഹോസ്റ്റൽ ബെഡിൽ ഉറക്കപ്പിച്ചോടെ കണ്ണും തിരുമ്മിയെഴുന്നേറ്റപ്പോ ആദ്യം മനസ്സിൽ വന്നതിതാണ്..

‘എനിക്ക് മൂക്ക് കുത്തണം..’

ബക്കറ്റ് ലിസ്റ്റിലെ ഹൈലൈറ്റെഡ് ഐറ്റം..

നേരെ ഫോണെടുത്തു.. കാൾ ഹിസ്റ്ററിയിലെ ആദ്യത്തെ നമ്പർ തന്നെ എടുത്തു..

‘അച്ചച്ച..’

കാഞ്ഞിരപ്പള്ളിക്കാരി നായരുകൊച്ചിന്റെ ചങ്ങനാശ്ശേരിക്കാരൻ അച്ചാച്ചൻ..

‘അച്ചച്ചേ..’

‘എന്നാടാ..’

‘എനിക്ക് മൂക്ക് കുത്തണം..’

‘അതിനെന്താ കുത്താലോ.. എപ്പഴാ വേണ്ടേ..?’

‘നാളെ നീ വരത്തില്ലേ?’

‘ഉവ്വല്ലോ..’

‘എന്നാ നാളെ കുത്താം..’

‘Ok.. എവിടാ പോകണ്ടേന്നൊക്കെ ഒന്നു നോക്കിവച്ചോ..’

‘😃😃😃💃💃💃 ചക്കരഉമ്മാ..’

‘കിണുങ്ങാതെ പോയി പല്ലുതേച്ചു കുളിക്ക്.. ഓഫീസിൽ പോകുന്നില്ലേ നീ..’

ദാ പോയി..

ഇത്രേ ഒള്ളൂ.. കാര്യങ്ങൾ തീരുമാനമായി.. എന്റെ ജീവനാ.. എന്താഗ്രഹം പറഞ്ഞാലും എങ്ങനേലും സാധിച്ചു തരും.. പക്ഷേ ഞാനങ്ങനെ ഒത്തിരി ബുദ്ധിമുട്ടിക്കാറൊന്നും ഇല്ല കേട്ടോ..

അങ്ങനെ അന്ന് ഓഫീസിൽ പോയി, ചേച്ചിമാരോടൊക്കെ ജ്വല്ലറി എവിടാന്നൊക്കെ ചോദിച്ചു.. തട്ടാനുള്ള കട തന്നെ വേണം.. ഷൂട്ടിംഗ് ഒന്നും പറ്റില്ല.. അങ്ങനെ ലൊക്കേഷനൊക്കെ മനസ്സിലാക്കി വച്ചു പിറ്റേന്നെന്റെ ചെക്കൻ വരാൻ കാത്തിരിപ്പായി.. അച്ചാച്ചൻ തിരുവനന്തപുരത്തും ഞാൻ എറണാകുളത്തുമാ ജോലി ചെയ്യുന്നേ..

അങ്ങനെ പിറ്റേന്ന് ശനിയാഴ്ച രാവിലെ ഞാൻ കുളിച്ചൊരുങ്ങി സുന്ദരിയായി റെയിൽവേ സ്റ്റേഷനിലക്ക് പോയി.. അവൻ വന്നു.. നേരെ ജോസ് ജങ്ക്ഷൻ.. അവിടാണ് ജുവലറി..

മൂക്കുകുത്തിത്തരാനാളുണ്ടോ എന്നൊക്കെ തിരക്കി ഞാനും അച്ചാച്ചനും കൂടി മൂക്കുത്തി തിരഞ്ഞു.. തീരെ ചെറുതൊന്നും എനിക്കും വലുതൊന്നും അവനും പിടിച്ചില്ല.. ഒടുക്കം ചെക്കനൊരു കുഞ്ഞു പൂവിന്റെ നടുവിൽ ഒറ്റക്കല്ലുമായി ഒരു മൂക്കുത്തി കണ്ടുപിടിച്ചു.. എനിക്കും ഇഷ്ടമായി..

അങ്ങനെ മൂക്ക് കുത്താൻ തട്ടാനെ വിളിക്കാൻ ജൂവലറിയിലെ ചേട്ടൻ പോയി.. വയസ്സായൊരു വല്യപ്പന്റെ ജുവലറി ആണ്.. മോളിവിടിരിക്കെന്നും പറഞ്ഞു പുള്ളിക്കാരൻ എനിക്കൊരു കസേരയും നീക്കിയിട്ട് തന്നു..

തട്ടാനിപ്പോ വരും.. എന്റെ മൂക്കിൽ സൂചി കയറും.. മൂക്ക് കുത്തിക്കിഴിക്കും.. ഈ വക പേടിപ്പെടുത്തുന്ന ചിന്തകളൊക്കെ ഒരുമിച്ചു വന്നെന്നെ മത്സരിച്ചു തോൽപ്പിക്കാനൊക്കെ നോക്കി.. പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല..

അങ്ങനെ തട്ടാനെത്തി.. എന്റെ മൂക്കുത്തിയുടെ തണ്ടിനുള്ളിൽ മുള്ളാണി പോലൊരു സൂചി.. കണ്ടതും എന്റെ ചങ്കിടിച്ചിപ്പൊ പുറത്തു ചാടുമെന്ന അവസ്ഥ.. ദയനീയമായി ഞാൻ അച്ചാച്ചന്റെ മുഖത്തേക്ക് നോക്കി.. അത്ര നേരം സംഭരിച്ച ധൈര്യം ദാ.. എതിലെയോ പറക്കാൻ ടിക്കറ്റിനു ധൃതി കൂട്ടുന്നു..

അവന്റെ കണ്ണിലും പേടി.. എനിക്ക് നോവുമോ.. ഞാൻ കരയുമോ.. എനിക്ക് പേടിയുണ്ടോ.. ഈ ചോദ്യങ്ങളെല്ലാം അവന്റെ കണ്ണിലും മുഖത്തും.. ചെക്കനൊന്നും മിണ്ടുന്നില്ല..

പേടിക്കണ്ട കേട്ടോ എന്ന് പറയാതെ പറയുന്ന പോലെ ഞാനവനേം അവനെന്നേം നോക്കി ചിരിച്ചു.. ചെരിഞ്ഞിരുന്നു കസേരയുടെ ചാരിലേക്കും ജൂവലറിയിലെ ചില്ലിട്ടമേശയിലുമായി എന്റെ രണ്ടു കൈയും വച്ചു ഞാൻ റെഡി ആയി..

പേടിച്ചിട്ടാണോ അതോ എനിക്ക് ധൈര്യം തരാനാണോ അവൻ കസേരച്ചാരിലെ എന്റെ കൈയിൽ മുറുക്കെ പിടിച്ചു.. അവന്റെ വിരലുകൾ വിറയ്ക്കുന്നത് ആ പേടിയിലും ഞാനറിഞ്ഞു.. ഇടംകണ്ണിട്ട് ഞാനൊന്നൂടി അവനെ നോക്കി.. ചെക്കൻ മുഖം തിരിച്ചുകളഞ്ഞു..

മൂക്കുത്തിയും സൂചിയും കൂടി ഒരുമിച്ചിട്ട് തട്ടാൻ സ്ഥാനം നോക്കിയെന്റെ മൂക്കിലേക്ക് വച്ചു.. കണ്ണുകളിറുക്കിയടച്ചു ഞാൻ കുത്തുകൊള്ളാൻ കാത്തിരുന്നു.. വേണമെങ്കിൽ ഒന്നു കാറാനും തയ്യാറായി ഞാൻ ഉമിനീരിറക്കി തൊണ്ടനനച്ചു വച്ചു.. എന്റെയിടതുകൈയിൽ അവന്റെ കൈ മുറുകി.. തട്ടാന്റെ സൂചിയെന്റെ മൂക്കിലും.. ശ്വാസം പിടിച്ചുവച്ചു ഒരു 2-3 സെക്കന്റ്‌ കഴിഞ്ഞപ്പോ തോളത്തൊരു തട്ട്..

ഞാൻ കണ്ണു തുറന്നു..

‘കഴിഞ്ഞു..’

ഇത്രപെട്ടെന്നോ.. ഞാൻ മൂക്കിൽ തൊട്ടു.. മൂക്കുതുളച്ചെന്റെ ഒറ്റക്കൽമൂക്കുത്തി 😃😃

തട്ടാൻ ചേട്ടൻ പെട്ടെന്ന് തന്നെ മൂക്കുപിടിച്ചു അതിന്റെ ആണിയുമിട്ടു മുറുക്കി തന്നു..

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..

‘എനിക്ക് വേദനിച്ചില്ല.. കുത്തിയതറിഞ്ഞു പോലുമില്ല..’

ഞാനതുപറയുമ്പോ അവന്റെ മൂക്കും കവിളും ചുവന്നു വന്നു.. കണ്ണു കലങ്ങി.. എന്റെയും.. അവൻ കൈയിലെ പിടിയും വിട്ട് മാറി നിന്നു..

പിന്നെയെനിക്ക് ആ കടയിലുള്ളവര് നാരങ്ങാവെള്ളം തന്നു.. ഞാനത് മേടിച്ചു കുടിച്ചു കണ്ണാടിയിലെന്റെ മൂക്കും നോക്കി ഭംഗിയും കണ്ടു നിന്നു..

അച്ചച്ചേ.. എനിക്ക് മൂക്കുത്തി ചേരുന്നുണ്ടോ..’

‘പിന്നെ ചേരാതെ..’

അവിടുന്നിറങ്ങി അവന്റെ കൈയിൽ തൂങ്ങി നടക്കുമ്പോ കൊല്ലങ്ങളായ് കൊണ്ടുനടന്ന ആഗ്രഹം സാധിച്ച സന്തോഷമായിരുന്നു എനിക്ക്.. അത് സാധിച്ചു തന്നതിന്റെ സന്തോഷം അവനും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ധ്രുവ താര

Leave a Reply

Your email address will not be published. Required fields are marked *