കുട്ടിക്കാലം പട്ടിണിയിൽ ജീവിച്ച് തീർത്ത ഒരുവന് തീർച്ചയായും ആ മനസുണ്ടാകും പൊന്നുവേ…

Uncategorized

രചന: ബിന്ധ്യ ബാലൻ

“പൊന്നുവേ, ഇന്നൊരു പൊതിച്ചോറ് കൂടി തന്ന് വിടണേ”

രാവിലെ ജോലിക്ക് പോകാനായി റെഡി ആയി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിലാണ് അടുക്കളയിലേക്ക് നോക്കി ഇച്ചായൻ ഉറക്കെ പറഞ്ഞത്.

“ഇതെന്നാന്നെ ഇന്നൊരു പൊതിച്ചോറ് പ്രേമം പതിവില്ലാതെ….ഇച്ഛനുള്ള ലഞ്ച് ഞാൻ എടുത്തു വച്ചല്ലോ”

ഇച്ഛൻ പറഞ്ഞത് കേട്ട്, ഇച്ഛനുള്ള കാപ്പിയുമായി ഇച്ഛന്റെയടുത്ത് വന്നിരുന്ന് ഞാൻ ചോദിച്ചു.

“നിനക്ക് എടുക്കാൻ പറ്റുമെങ്കിൽ എടുക്ക് പൊന്നുവേ.. ഇല്ലേ വേണ്ട… എന്താന്നും ഏതിനാന്നും അറിഞ്ഞാലേ തന്ന് വിടത്തൊള്ളോ നീ?”

എന്റെ ചോദ്യത്തോട് അതൃപ്‌തി കാണിച്ച് കൊണ്ട്, കഴിപ്പ് മതിയാക്കി ഇച്ഛനെണീറ്റ് പോകുമ്പോൾ എനിക്ക് മനസിലായി കാര്യം ഗൗരവം ആണെന്ന്. കഴിച്ച് കഴിഞ്ഞ പ്ലേറ്റും കപ്പും എടുത്ത് തിരിയുമ്പോഴാണ് അടുക്കളയിൽ നിന്ന് ‘അമ്മേ’ എന്നൊരു നിലവിളി. ഓടിച്ചെല്ലുമ്പോൾ, ചോറ് വച്ച ചെമ്പിന്റെ മൂടി തുറന്ന് നോക്കി ചൂട് തട്ടിയ വിരൽ വായിലിട്ട് നിൽക്കുന്ന ഇച്ഛനെയാണ്.

“ഇച്ചനിതെന്നതാ കാണിച്ചേ.. പൊള്ളിയോ കൈ ”

ഇച്ഛന്റ കൈ പിടിച്ച് പരിഭ്രമത്തോടെ ചോദിച്ചപ്പോൾ ഉടൻ വന്നു മറുപടി

“നിനക്ക് പൊതി കെട്ടാൻ മേലല്ലോ.. ഞാൻ തന്നെ എടുത്തോളാം.. മാറ് ”

അപ്പൊ അതാണ്‌ കാര്യം.. ചെക്കൻ ദേഷ്യം വന്ന് നിൽക്കുവാ..

“അതിനാണോ ഈ കാവടി തുള്ളുന്നത്… പൊതിച്ചോറ് തന്ന് വിടൂല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ… അവിടെപ്പോയിരിക്ക്.. ഒരു പത്ത് മിനിറ്റ്.. ചോറ് പൊതിഞ്ഞെടുക്കാം ഞാൻ ”

ചൂട് തട്ടിയ വിരലിലൊരുമ്മ കൊടുത്ത് സമാധാനിപ്പിച്ച് ഇച്ഛനെ അടുക്കളയിൽ നിന്ന് പറഞ്ഞു വിട്ടിട്ട്, ഞാൻ അടുക്കള മുറ്റത്തേക്കിറങ്ങി.വാഴക്കൂട്ടത്തിൽ നിന്ന് പൊട്ടാത്ത നല്ല ഇല നോക്കി വെട്ടി, നല്ലത് പോലെ കഴുകി തുടച്ച്‌ ഗ്യാസ് ഫ്ളൈമിൽ വച്ച് നന്നായി വാട്ടിയെടുത്തു. വിരിച്ചു വച്ച ഇലയിലേക്ക് ചോറും കുറച്ചു ബീൻസ് തോരനും മാങ്ങാ കറിയും ചെമ്മീൻ കറിയും വച്ച്, ചോറിന്റെ ഒരു ഭാഗത്തായി കുറച്ച് കട്ടത്തൈരുമൊഴിച്ച് ഇല നന്നായി പൊതിഞ്ഞ്‌ കെട്ടി ഒരു പേപ്പറിൽ പൊതിഞ്ഞെടുത്തു.

“ദേ പൊതിച്ചോറ് റെഡി…. ”

“മ്മ്… ബാഗിലേക്ക് വയ്ക്കാൻ ഇനി പ്രേത്യേകം പറയണോ ഞാൻ ”

ഹാവൂ… തെമ്മാടീടെ ദേഷ്യം മാറീട്ടില്ല.

ഒന്നും മിണ്ടാതെ എല്ലാമെടുത്ത്‍ ബാഗിലേക്ക് വച്ച് ബാഗും ബുള്ളറ്റിന്റെ താക്കോലും ഹെൽമെറ്റുമെടുത്ത്‍ ഇച്ഛന്റ കയ്യിലേക്ക് കൊടുത്തിട്ട് ഞാൻ പറഞ്ഞു

“ദേഷ്യം മാറ്റി, എനിക്ക് കെട്ടിപ്പിടിച്ചൊരുമ്മേം തന്നിട്ട് പോയാ മതി ചെക്കാ നീ.. ”

“ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് കാണിച്ചു വയ്ക്കുമവള്.. ന്റെ വായീന്നു കേൾക്കാൻ…”

ഇച്ഛൻ പറഞ്ഞു.

“അതിന് ഞാൻ വേറൊന്നും പറഞ്ഞില്ലല്ലോ… അല്ലേലും ഇച്ഛനു ദേഷ്യം വരാൻ അധികം സമയം ഒന്നും വേണ്ടല്ലോ ”

കുറച്ചു സങ്കടത്തോടെ ഞാനും പറഞ്ഞു.

“സാരമില്ല പോട്ടെ… നീ അങ്ങനെ പറഞ്ഞപ്പൊ പെട്ടെന്ന് എന്തോ ദേഷ്യം വന്നു.. വേറൊന്നുമല്ല കൊച്ചേ, ഇന്നലെ ഇച്ചായൻ കുറെ വൈകിയല്ലേ ജോലി സ്ഥലത്ത് ചെന്നത്. ബുള്ളറ്റ് ഒരു കണക്കിന് സ്റ്റാൻഡിൽ വച്ച്,തിരിയുമ്പോഴാണ്, തലയ്ക്കു സ്ഥിരതയില്ലാത്ത ഒരാൾ, വല്ലതും കഴിക്കാൻ തരണേ എന്നും പറഞ്ഞു വന്ന് കൈ നീട്ടിയത്. പോകാനുള്ള വെപ്രാളത്തിൽ, ആ ടൈമിൽ കയ്യിലിരുന്ന അഞ്ച് രൂപയെടുത്ത് കൊടുത്ത് ഞാൻ ഓടി. പിന്നെ ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോഴാണ് ഓർമ്മ വന്നത്,പുള്ളിക്ക് ഞാൻ കൊടുത്തത് അഞ്ച് രൂപയാണല്ലോ എന്ന്.. പൈസ കൊടുത്താലും അത്‌ കൊണ്ടെന്തെങ്കിലും വാങ്ങി കഴിക്കാനുള്ള വെളിവില്ലാത്ത ഒരാൾക്ക് അത്‌ കൊണ്ട് വലിയ ഗുണമൊന്നുമില്ലല്ലോ കൊച്ചേ.. പാവം.. അയാൾക്ക്‌ എന്തെങ്കിലും വാങ്ങി കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നു എന്നോർത്തപ്പോ എന്നോർത്തപ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. എല്ലാവർക്കും സ്വന്തം കാര്യമാണ് വലുത്..എനിക്കും… അല്ലേ ”

സങ്കടത്തോടെയാണ് ഇച്ഛൻ പറഞ്ഞത്.ഒന്നും മിണ്ടാതെ ഞാൻ ഇച്ഛനെ നോക്കി.. വെറുതെ ചിരിച്ചു.

“എന്നാടി ചിരിക്കണേ? ”

“ഒന്നൂല്യ.. ന്റെ ഇച്ഛൻ ന്തൊരു പാവമാണ്.. ഇന്നലെ വൈകിട്ട് വന്നപ്പോ തന്നെ പറഞ്ഞൂടാരുന്നോ എന്നോട്. രാവിലെ ഞാൻ മൂഡ് കളഞ്ഞൂല്ലേ. സോറി ”

എനിക്കെന്തോ വല്ലത്ത സങ്കടം വന്നു. സാരമില്ല എന്ന് പറഞ്ഞ്‌ എന്നെ നോക്കിയൊന്നു ചിരിച്ച്, കവിളിലൊരുമ്മ തന്നിട്ട് വഴക്കും ദേഷ്യവുമെടുത്തു ദൂരെക്കളഞ്ഞു ഇച്ഛൻ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഞാൻ ചോദിച്ചു

“വഴിവക്കിൽ വേറേം ഭിക്ഷക്കാര് ഉണ്ടാവില്ലേ… അവർക്കെല്ലാം ഇങ്ങനെ ചെയ്ത് കൊടുക്കാൻ പറ്റോ ഇച്ഛനു…? ”

എന്നെ കുറച്ചു നേരമൊന്നു നോക്കിയിട്ട്, വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് ഇച്ഛൻ പറഞ്ഞു

“എല്ലാവർക്കും കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല കൊച്ചേ… കൊടുക്കാനുള്ള മനസ്സൊണ്ടേൽ ഒന്നുമൊന്നും ആർക്കുമൊരു തടസ്സമല്ല. പിന്നെ, ഒരാളുടെയെങ്കിലും വിശപ്പ് ഇല്ലാണ്ടാക്കാൻ ഞാൻ മൂന്ന്‌ നേരം കഴിക്കണ ആഹാരത്തിൽ നിന്ന് ഓരോ പങ്ക് മാറ്റി വച്ചാ മാത്രം മതിയെനിക്ക്.. അങ്ങനെ ഓരോരുത്തരും ചെയ്‌താൽ തന്നെ പട്ടിണി കിടക്കുന്നവരുടെ എണ്ണം കുറയും… അത്രയെങ്കിലും ചെയ്യാനുള്ള മനസ് ഇല്ലെങ്കിൽ പിന്നെ മനുഷ്യനാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ”

പണ്ടത്തെ ആ സഖാവ് രഘുനാഥ്‌ പതുക്കെ പതുക്കെ പുറത്തേക്ക് വരുന്നത് കണ്ട്, നിറഞ്ഞ ചിരിയോടെ, ഗൗരവത്തോടെ ഞാൻ വീണ്ടും ചോദിച്ചു

“അതിന് ഇച്ഛന്റെ മനസ് എല്ലാർക്കും കാണുമോ.. ഇല്ല.. പിന്നെങ്ങനെ… ”

“നീ പട്ടിണി കിടന്നിട്ടുണ്ടോ കൊച്ചേ ”

എന്റെ ചോദ്യത്തിനുത്തരം മറ്റൊരു ചോദ്യം ആയിരുന്നു.

“അതൊക്കെ ഞാൻ കിടന്നിട്ടുണ്ട്.. എനിക്ക് അറിയാം ”

ഞാൻ പറഞ്ഞു

“അത്‌ എന്തെങ്കിലും കാര്യം സാധിക്കാൻ നീയെടുക്കുന്ന അടവ്.. നീ കിടന്നിട്ടുള്ള പട്ടിണി അതാണ്‌.. അതല്ല ഞാൻ ചോദിച്ചത്… ഒരു നേരം പോലും വയർ നിറയെ ചോറുണ്ണാൻ പറ്റാതെ കരഞ്ഞ് തളർന്നു ഉറങ്ങിയുണർന്ന് ജീവിച്ചിട്ടുണ്ടോ ഇച്ഛന്റെ കൊച്ച്.. … ആ പട്ടിണിയെക്കുറിച്ച് പറഞ്ഞാൽ എന്റെ കൊച്ചിന് മനസിലാവുമോ”

ഇച്ഛന്റ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. കാരണം എനിക്ക് ആ പട്ടിണി എന്താണെന്ന് അറിയില്ല. ഒന്നും മിണ്ടാതെയുള്ള എന്റെ നിൽപ്പ് കണ്ട് അലിവോടെ ഇച്ഛൻ പറഞ്ഞു

” അത്‌ വിട്… ഇനി കൊച്ച് നേരത്തെ ചോദിച്ച ചോദ്യമില്ലേ, എല്ലാവർക്കും ഇച്ഛന്റെ മനസ് കാണുമോ എന്ന്, കുട്ടിക്കാലം പട്ടിണിയിൽ ജീവിച്ച് തീർത്ത ഒരുവന് തീർച്ചയായും ആ മനസുണ്ടാകും പൊന്നുവേ…അവനേ മനസിലാകൂ വിശക്കുന്നവന്റെ വേദന… ”

ചോദിച്ച ചോദ്യത്തിന് പറഞ്ഞ ഉത്തരം ലളിതമായിരുന്നെങ്കിലും, ഇച്ഛന്റ നെഞ്ചിലേ കനലിന്റെ ചൂട് മുഴുവൻ അതിലുണ്ടായിരുന്നു… എന്റെ കണ്ണ് നിറയ്ക്കാൻ പോന്ന ചൂട്…. ലൈക്ക് കമന്റ് ചെയ്യണേ…

രചന: ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *