മനസിലാക്കുന്നൊരു നല്ല പാതിയെ കിട്ടുന്നതിൽപ്പരം മറ്റെന്ത് നിധിയാണ് ഒരു പെണ്ണിന് അവളുടെ ജീവിതത്തിൽ കിട്ടാനുള്ളത്…

Uncategorized

രചന: ബിന്ധ്യ ബാലൻ

“മക്കളെ കൊണ്ട് വന്നില്ലേ…? ”

അനന്തിരവന്റെ പിറന്നാൾ കൂടാൻ വന്ന, ആള് ആരാണെന്ന് കൂടി എനിക്ക് അറിഞ്ഞൂടാത്തൊരു ചേച്ചിയാണ് ഇത്തവണ വായിലെ നാക്കിലേക്ക് ചൊറിഞ്ഞണം തേച്ച് തന്നത്. എങ്കിലും, വിനയത്തോടെ ഞാൻ പറഞ്ഞു

“കുട്ടികൾ ആയിട്ടില്ല ”

“ആണോ.. കല്യാണം കഴിഞ്ഞിട്ടിപ്പോ എത്ര വർഷം ആയി കൊച്ചേ അപ്പൊ? ”

ദേണ്ടെ വരുന്നു അടുത്ത ചോദ്യം

വിനയം വിടാതെ പിന്നേം ഞാൻ പറഞ്ഞു

“ഒന്നര വർഷം ആകുന്നു ചേച്ചി ”

“കൊണ്ട് പോയൊരു ഡോക്ടറെ കാണിക്കാൻ മേലാരുന്നോ.. ആർക്കാ കുഴപ്പം എന്നറിഞ്ഞാ ചികിത്സ തുടങ്ങാലോ… ”

ദേവ്യേ… കയ്യിൽ വാരിക്കൂട്ടിയെടുത്തു മുഖത്ത് തേച്ച് വച്ച വിനയമൊക്കെ ഒലിച്ചു പോകുന്നത് പോലെ. ഇനിയും അവിടെ നിന്നാ, എന്റെ കൊച്ചിന്റെ പിറന്നാളിന് ക്ഷണിച്ചിട്ട് വന്നതാണല്ലോ ഈ ചെകുത്താൻ എന്ന വിചാരം ഞാനങ് മറന്നു പോകും എന്ന് മനസിലായപ്പോ, അവിടെ നിന്ന് വലിയാൻ എന്തെങ്കിലും വഴിയുണ്ടോ എന്നാലോചിച്ച് നിൽക്കുമ്പോഴാണ്, ഇച്ഛൻ ആദിമോനെയും എടുത്തു മുറ്റത്തുകൂടെ നടക്കുന്നത് കണ്ടത്. എന്നെ കണ്ടതും ഇച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ആ മിനിചേച്ച്യേ…. ദേ ഇതാണ് കേട്ടോ എന്റെ കെട്ട്യോൾ ”

ഒരു കൈ കൊണ്ട് എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ഇച്ഛൻ എന്നെ അവർക്ക് പരിചയപ്പെടുത്തി.

“ഓഹ് ഞങ്ങൾ പരിചയപ്പെട്ടാരുന്നു ഇച്ഛാ.. ഈ ചേച്ചി നമുക്ക് പിള്ളേരൊന്നുമില്ലേ എന്നൊക്കെ ചോദിക്കുവാരുന്നു. ഞാൻ ഇല്ലെന്നു പറഞ്ഞപ്പൊ ഡോക്ടറെ കൊണ്ട് കാണിക്കാൻ പറയുവാരുന്നു… ”

ഇച്ഛനെ പതിയെ ഒന്ന് നുള്ളി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞത് കേട്ടതും കാര്യത്തിന്റെ കിടപ്പ് വശം ഇച്ഛനു വേഗം പിടികിട്ടി.

“അല്ല രഘൂട്ടാ വെറുതെ വച്ചോണ്ടിരിക്കാതെ നിങ്ങൾ ഏതേലും ഡോക്ടറെ കൊണ്ട് കാണിക്കാൻ നോക്കെന്നു ഞാനീ കൊച്ചിനോട് പറയുവാരുന്നു. കുഴപ്പം വല്ലതും ആണെങ്കിൽ, ഇനീം വച്ച് താമസിപ്പിക്കണ്ടല്ലോ.. അതാ ഞാൻ… ”

അവർ അത്‌ പറഞ്ഞു കൊണ്ട് ഇച്ഛന്റെ മുന്നിൽ നിന്ന് പരുങ്ങി.

“ഓഹ്.. അങ്ങനെ…. ചേച്ചിക്ക് തോന്നിയാര്ന്നല്ലേ ഏതാണ്ട് കുഴപ്പം ഉണ്ടെന്ന്.. ശോ…. പറഞ്ഞതെന്തായാലും നന്നായി… അല്ല ഡോക്ടറെ ഇപ്പൊതന്നെ പോയി കാണണോ.. പറയ്.. കാണണോ ”

പതുക്കെയാണെങ്കിലും, അവരോടുള്ള ദേഷ്യം മുഴുവൻ ഇച്ഛന്റ ആ വാക്കുകളിൽ ഉണ്ടായിരുന്നു. ഞാൻ ഇച്ഛന്റ കയ്യിൽ കയറിപ്പിടിച്ച് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി . അത്‌ കണ്ട് സ്വരം മയപ്പെടുത്തി ഇച്ചായൻ വീണ്ടും അവരോട് പറഞ്ഞു

” കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ ദേ ഈ നിൽക്കുന്നവൾക്കോ അവളുടെ കെട്ട്യോൻ ആയ എനിക്കോ ഇല്ലാത്ത ദെണ്ണം ഇവിടെ വേറേ ആർക്കും വേണ്ട. ചോദിക്കുന്നത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടോ സങ്കടം കൊണ്ടോ അല്ലെന്ന് എനിക്ക് അറിയാം. പിന്നെ അങ്ങനെ ചോദിച്ച്, ദേ ഇവള് സങ്കടപ്പെടുന്നത് കാണുമ്പോ ഒരു സുഖം അല്ലേ.. ”

“രഘൂട്ടാ നീയിതെന്നാ വർത്താനമാണെടാ പറയണേ. ഞാൻ ഒള്ളതല്ലേ ചോദിച്ചത്. അതിപ്പോ ആരായാലും ചോദിക്കില്ലേ ”

അവരുടെ ഭാഗം ന്യായീകരിച്ചു കൊണ്ട് അവരും തിരിച്ചു ചോദിച്ചു

“നിങ്ങൾക്ക് ഇവളോട് വേറേ എന്തൊക്കെ ചോദിക്കാം.. ഈ കൊനഷ്ട്ട് വർത്താനം മാത്രേ ചോദിക്കാനൊള്ളോ… എനിക്കും ഇവൾക്കും നര വീണിട്ടൊന്നുമില്ല.ഞങ്ങളുടെ കുഞ്ഞ് അവന് എന്നീ ഭൂമീലോട്ട് വരണമെന്ന് തോന്നുന്നോ, അന്ന് വന്നോളും…കേട്ടല്ലോ.. അത്‌ വരെ, ഞങ്ങളുടെ ഇടയിലോട്ട് കേറി വന്ന് , പിള്ളേരെന്തേ, ആയില്ലേ.. എന്തെങ്കിലും കുഴപ്പമുണ്ടായിട്ടാണോ, ആർക്കാ കുഴപ്പം എന്നൊക്കെ ആരും ചോദിക്കണ്ട.. എനിക്കതിഷ്ടമല്ല, ഇവൾക്കും …”

അത്രയും പറഞ്ഞിട്ട് എന്നേയും കൊണ്ട് അവരുടെ അടുത്ത് നിന്ന് പോരുമ്പോൾ, ഇച്ഛന്റെ മുഖത്തെ കലിപ്പ് കണ്ട്

“എന്നാടാ പ്രശ്നം… ” എന്ന് ചോദിച്ച അളിയനോട്, മിനിചേച്ചിയെ ഒന്ന് നോക്കിക്കൊണ്ട് ഇച്ഛൻ പറഞ്ഞു

“ഓഹ്…എന്നാ പറയാനാ, ദേ മ്മടെ മിനിചേച്ചിക്ക് ഒരു സംശയം,ഇവളെന്താ പെറാത്തതെന്നു.. ഞങ്ങൾക്ക് പിള്ളേരൊണ്ടാവാത്തത് ഞങ്ങളുടെ ആരുടേലും കുഴപ്പം കൊണ്ടാണൊന്നു…അതൊന്നു തീർത്തു കൊടുത്തതാ… സന്തോഷം കൊണ്ടാണെങ്കിലും സങ്കടം കൊണ്ടാണെങ്കിലും ഇവളുടെ കണ്ണ് നിറയ്ക്കാൻ ഞാൻ ഉള്ളപ്പോ ഇവിടെ അതാരും ഏറ്റെടുക്കേണ്ട.. ”

ഇച്ഛൻ പറഞ്ഞത് കേട്ട് മിനിചേച്ചിയെ നോക്കി ചിരിച്ചു കൊണ്ട് പുള്ളി പോയപ്പോൾ, ഇച്ഛന്റ കയ്യിൽ അമർത്തി പിച്ചിക്കൊണ്ട് ഞാൻ ചോദിച്ചു

“നിനക്കിതെന്നാത്തിന്റെ കേടാണെടാ താന്തോന്നി… അവരങ്ങനെ ചോദിച്ചപ്പോ ഞാൻ എപ്പോഴത്തെമ്പോലെ സങ്കടപ്പെട്ടില്ലലോ.. കൂൾ ആയി ചിരിച്ചോണ്ടല്ലേ പറഞ്ഞത്..പിന്നെന്നാത്തിനാ അവരോട് ചാടിയെ ചെക്കൻ? ”

“ചങ്കിലെ പിടപ്പും സങ്കടവും മൂടി വച്ച്, ഈ മുഖം നീ എത്ര ചിരി കൊണ്ട് മൂടിയാലും ഇച്ഛനത് കാണാം കൊച്ചേ.. അത്‌ മനസിലാക്കാൻ കഴിവില്ലേ, ഞാൻ എന്നാത്തിനാടി കെട്ട്യോൻ ആണെന്നും പറഞ്ഞ് നടക്കുന്നത്…. അങ്ങനെ വരുന്നവർക്കും പോകുന്നവർക്കും കുത്തി നോവിക്കാനുള്ളതല്ല നീ ”

ഇച്ഛൻ പറഞ്ഞത് കേട്ട്, ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ച് ഞാൻ വെറുതെ ചിരിച്ചു.. ഞാൻ ഓർക്കുവാരുന്നു അപ്പൊ, ഇച്ഛന്റെ സ്വന്തം ആയതിൽ പിന്നെ സ്നേഹം കൊണ്ടല്ലാതെ,സന്തോഷം കൊണ്ടല്ലാതെ ഇന്നോളം എന്റെ കണ്ണ് നിറഞ്ഞിട്ടില്ല….അതാണ്‌ ഒരു പെണ്ണെന്ന നിലയിൽ എന്റെ ഏറ്റവും വലിയ ഭാഗ്യം.

അല്ലെങ്കിലും, നമുക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ നമ്മളെ അറിയുന്ന,മനസിലാക്കുന്നൊരു നല്ല പാതിയെ കിട്ടുന്നതിൽപ്പരം മറ്റെന്ത് നിധിയാണ് ഒരു പെണ്ണിന് അവളുടെ ജീവിതത്തിൽ കിട്ടാനുള്ളത്… ലൈക്ക് കമന്റ് ചെയ്യണേ…

രചന: ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *