ഏഴു വർഷം മുന്നേ എനിക്കു നഷ്ടമായതാണ് അവനെ അതിനു ശേഷം ഞാൻ ഇന്നവനെ കണ്ടു.

Uncategorized

രചന: Pratheesh

ഗൗതമിനെ കണ്ട ആ നിമിഷം

ഞാൻ എന്നെ തന്നെ മറന്ന് അവനെ നോക്കി നിന്നു, ഏഴു വർഷം മുന്നേ എനിക്കു നഷ്ടമായതാണ് അവനെ അതിനു ശേഷം ഞാൻ ഇന്നാണവനെ കാണുന്നത്, അവനെ കണ്ട ആ നിമിഷം നിർവൃതിയുടെ അനുഭൂതി എന്നിൽ ആഴ്ന്നിറങ്ങി, ഞാൻ ഗൗതമിനെ കണ്ടെങ്കിലും അവൻ എന്നെ കണ്ടിരുന്നില്ലായിരുന്നു, അവനെ കണ്ട് മതി മറന്ന് നിൽക്കുമ്പോഴും അവന് എന്നെ കാണിച്ചു കൊടുക്കണമോ ? എന്ന ഒരു ചിന്ത എന്നിലൂടെ കടന്നു പോയി,

എന്നാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും എന്റെ മനസിനപ്പോൾ ആവശ്യമായിരുന്നു, ഗൗതമിന് ഇപ്പോഴും എന്നോട് ദേഷ്യമായിരിക്കുമോ ? ഞാൻ ഇപ്പോഴും അവന്റെ ശത്രുവായിരിക്കുമോ ?

എന്നോടുള്ള വിരോധം ഇപ്പോഴും അവൻ മനസിൽ സൂക്ഷിക്കുന്നുണ്ടാവുമോ ? ഒരു വഞ്ചകിയായി അവനിപ്പോഴും എന്നെ കരുതുന്നുണ്ടാവുമോ ? എന്നോട് ക്ഷമിക്കാനാവും വിധം അവന്റെ മനസ് പാകപ്പെട്ടിട്ടുണ്ടാവുമോ ? അതോ അവനുള്ളിൽ ഭൂതകാലത്തിന്റെ ഒാർമ്മകൾ വെറുപ്പായി ഇപ്പോഴും നിലനിൽക്കുന്നുണ്ടാവുമോ ? ഇതുപോലുള്ള ഒരായിരം ചോദ്യങ്ങൾ ആ സമയം എന്നിലൂടെ കടന്നു പോയി, എങ്കിലും അവസാനം ഞാൻ ഗൗതമിന് എന്നെ കാണിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു, അതിന്റെ കാരണം കാലം ഞങ്ങളെ തമ്മിൽ വേർപ്പെടുത്തിയെങ്കിലും അവനെ കണ്ടപ്പോൾ ഞാനനുഭവിച്ച സ്നേഹത്തിന്റെ മാസ്മരികമായ ആ അനുഭൂതിയുടെ നിർവൃതി അവനിലും നിറയട്ടെ എന്നഗ്രഹമായിരുന്നു അതിനു പിന്നിൽ,

അതിനായി അവനടുത്തെക്ക് ചെന്ന് അവനു തൊട്ടടുത്തായി ഒന്നു തിരിഞ്ഞാൽ ഏതുവിധേനയും അവനെന്നെ കാണാനാവും വിധം ഞാൻ നിലയുറപ്പിച്ചു,

ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന അവന്റെ നോട്ടത്തിനായി ഞാനവനിലെക്കു തന്നെ നോക്കി നിന്നു, ഞാൻ കരുതിയ പോലെ തന്നെ പെട്ടന്നവൻ തിരിഞ്ഞതും അവന്റെ നോട്ടം നേരേ വന്നു പതിഞ്ഞത് എന്റെ കണ്ണുകളിലാണ്,

അതു മനസിലാക്കി അവനോടൊന്ന് ചിരിക്കാനായി മുതിരവേ യാതൊരു ഭാവമാറ്റവും ഇല്ലാതെ അവനെന്നെ കടന്നു പോയി,

എന്നെ കണ്ട് ഗൗതമിന്റെ മിഴിയൊന്ന് അനങ്ങുകയോ, കണ്ണുകളിൽ എന്തെങ്കിലും ചലന വ്യത്യാസമോ, നോട്ടത്തിൽ ഒരു കണികയുടെ പോലും ചലനമോ, അവന്റെ മുഖഭാവങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഒരു നേർത്ത ഭാവമാറ്റമോ പോലും ഉണ്ടായില്ല, അതു കണ്ട് അത്ഭുതം കൊണ്ടത് ഞാനാണ്..!

എന്നിട്ടും എന്നോട് അങ്ങിനെയൊക്കെ പെരുമാറിയെങ്കിലും കുറച്ചു ദൂരം ചെന്നാലെങ്കിലും അവനെന്നെ തിരിഞ്ഞു നോക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും, എന്റെ കൺമുന്നിൽ നിന്നു മറയും വരെ അവനതും ചെയ്തില്ല…! ഒരാൾക്ക് ദേഷ്യം കൊണ്ട് ഇങ്ങനെയൊക്കെ പെരുമാറാനാവുമോ..?? എന്നെ കണ്ടിട്ടും കാണാഭാവം നടിച്ചത് എന്തിനായിരിക്കും..?? എത്ര ദൂരത്തു നിന്നായാലും

എന്റെ ഒരു മുടിയിഴയെ പോലും തിരിച്ചറിയാൻ സാധിക്കുന്ന ഗൗതം എന്തിനാവും ഇത്രയും വിരോധം എന്നിൽ വെച്ചു പുലർത്തുന്നത്..?? ഇനി നേരത്തെ ഞാൻ ആകുലപ്പെട്ടതു പോലെ എന്നോടുള്ള ദേഷ്യവും വിരോധവും വെറുപ്പം വിട്ടു മാറാതെ അവനിലിപ്പോഴുമതെല്ലാം നിലനിൽക്കുന്നുണ്ടാവുമോ..?? ഉണ്ടാവാം…..!

എങ്കിലും ആ സംഭവം എന്നിൽ വല്ലാതെ വേദന ഉളവാക്കി, ഞാനവനെ വിട്ടു പോയത് എന്റെ നിവൃത്തികേടു കൊണ്ടാണെന്ന് ഗൗതം മനസിലാക്കിയിട്ടുണ്ടാവും എന്നു തന്നെയായിരുന്നു ഇക്കാലമത്രയും ഞാൻ കരുതിയിരുന്നത്, എത്ര കാലം കഴിഞ്ഞു കാണുന്നതാണ് അവനെന്നോട് ഒരു പരിചയഭാവമെങ്കിലും കാണിക്കാമായിരുന്നു, ഇത്രയും വിരോധം മനുഷ്യനു പാടില്ല,

എങ്കിലും മറ്റൊരു വസ്തുത ഈ കാര്യം വഴി മെല്ലെ എനിക്കും ബോധ്യപ്പെട്ടു, ഇതുപോലെ തന്നെയായിരുന്നല്ലോ ഞാനും അവനോടൊരിക്കൽ പെരുമാറിയത് അന്നവനും ഇന്നെനിക്കു വേദനിച്ച പോലെ വേദനിച്ചിരിക്കാമെന്ന് ” കുറച്ചു കഴിഞ്ഞതും എനിക്ക് നാട്ടിലെക്കുള്ള ബസ്സ് കിട്ടി ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്നു ഞാൻ, ബസ്സിലിരിക്കുമ്പോഴും എന്റെ ശ്രദ്ധ കഴിഞ്ഞ കാര്യങ്ങളിൽ തന്നെയായിരുന്നു, കുറച്ചു നേരത്തെ ആലോചനക്കു ശേഷം എനിക്കതിലെ മറ്റൊരു സത്യം ബോധ്യപ്പെട്ടു, സത്യത്തിൽ ഇങ്ങനെയായിരിക്കാം അവിടെ സംഭവിച്ചിരിക്കുക,

ഞാൻ ഗൗതമിനെ കാണും മുന്നേ അവൻ എന്നെ കാണുകയും അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ടാവാം എന്നാലതിനടുത്ത നിമിഷം തന്നെ എന്നോടുള്ള പഴയ വിരോധവും ദേഷ്യവും കോപവും വെറുപ്പായി രൂപാന്തരപ്പെട്ട് അവനെടുത്ത കടുത്ത തീരുമാനമാവും എന്നെ കണുകയാണെങ്കിൽ തീർത്തും കണ്ടില്ലെന്നു നടിക്കുകയെന്നത് ” അവനത് എന്നിൽ ആശ്ചര്യവും അമ്പരപ്പും ഉളവാക്കുന്ന വിധത്തിൽ കൃത്യമായി നടപ്പിൽ വരുത്തുകയും ചെയ്തു..!

എന്നെ ഭാഗത്തു നിന്നു മാത്രം ചിന്തിച്ചതു കൊണ്ടായിരിക്കാം എനിക്കത് തുടക്കത്തിൽ മനസിലാവാതെ പോയത്, എന്നാലും ആ നിമിഷം തൊട്ട് എന്റെ മനസു മുഴുവൻ അവനായിരുന്നു, വീട്ടിലെക്കുള്ള യാത്രയിലുടനീളം എന്റെ ഭൂതകാലത്തിന്റെ ഒാർമ്മകൾ ഒരോന്നായി എന്നെ തലോടി കടന്നു പോയി, അവനു വേണ്ടി പല സുന്ദരിമാരോടും ഞാൻ യുദ്ധം ചെയ്തിട്ടുണ്ട്, എത്രയോ വട്ടം ഒളിച്ചു നിന്നവനെ കണ്ടിട്ടുണ്ട്, അവനു വേണ്ടി എത്രയോ ഞാൻ കാത്തു നിന്നിട്ടുണ്ട്,

അവനെന്റെ അടുത്തു വന്നു നിൽക്കുമ്പോൾ അന്നൊക്കെ പ്രണയനിർവൃതിയുടെ അനുഭൂതി എന്നെ തലോടി കടന്നു പോകുന്നത് എത്രയോ വട്ടം ഞാൻ അനുഭവിച്ചിട്ടുണ്ട്, എപ്പോഴാണവനെ നഷ്ടപ്പെടുത്താൻ തീരുമാനിച്ചതെന്നോ എന്തിനാണ് നഷ്ടപ്പെടുത്തിയതെന്നോ ചോദിച്ചാൽ ഇന്നും എനിക്കതിനുത്തരമില്ല..,

എന്നാൽ ആ സമയത്ത് അതായിരുന്നു ശരി എന്നു വിശ്വസിക്കുന്ന തീരുമാനങ്ങളുടെ ഭാഗമായി ഞാനും മാറി എന്നതാണു വാസ്തവം..! അതുകൊണ്ടു തന്നെ അവനെ പിരിയേണ്ട ഘട്ടം വന്നപ്പോൾ അവനിൽ നിന്നു എന്നെ മറച്ചു പിടിക്കാനാണ് എനിക്കു തോന്നിയതും ഞാനതിനാണ് അന്നെല്ലാം ശ്രമിച്ചതും ഞാനതിൽ വിജയിക്കുകയും ചെയ്തു, എനിക്കറിയാമായിരുന്നു ഞാനവനോട് ഈ കാര്യമെല്ലാം പറയാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരിക്കലും ഞാൻ അവനെ വിട്ടു പോകാൻ അവൻ എന്നെ അനുവദിക്കില്ലായിരുന്നു,

അതറിയാമായിരുന്നതു കൊണ്ടാണ് മനപ്പൂർവ്വം ഞാനവനിൽ നിന്നു എല്ലാം മറച്ചു പിടിച്ചത്…! എനിക്കറിയാമായിരുന്നു അവന്റെ ജീവൻ ഞാനായിരുന്നെന്ന്,, ഞാനില്ലാതെ അവനു സ്നേഹം പങ്കുവെക്കാൻ പ്രയാസമായിരിക്കുമെന്ന്,, അവന് മറ്റൊരുവളെ എന്നെ പോലെ സ്നേഹിക്കാനാവില്ലെന്ന്,, ഞാൻ അവനിൽ നിന്നിലാതാവുകയെന്നാൽ

ഈ ലോകം തന്നെ അവനു മുന്നിൽ ഇല്ലാതാവുകയാണെന്ന്,, മറ്റാരും എനിക്ക് പകരമാവില്ലെന്ന്,, എന്നിട്ടും ഞാനവനെ എന്റെ ഹൃദയത്തിൽ നിന്നും കീറി മുറിച്ചു അടർത്തി മാറ്റി,, എന്നെ കാത്തു നിന്ന വഴികളിൽ നിന്നും കിട്ടിയതായിരുന്നു എനിക്കവനെ, അതെ വഴികളിൽ തന്നെ പിന്നെയും ഞാനവനെ ഉപേക്ഷിച്ചു,, ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് അവനെന്തൊക്കെയായിരിക്കാം അനുഭവിച്ചിട്ടുണ്ടാവുക എന്നാലോചിക്കുമ്പോൾ വല്ലാതെ വേദന തോന്നുന്നു, ഇപ്പോൾ തോന്നുന്നു അവൻ എന്നോടു കാണിച്ചതു തന്നെയാണു ശരിയെന്ന് കാരണം ഞാനവനോട് ചെയ്തതെല്ലാം വെച്ചു നോക്കുമ്പോൾ അവനിത്രയെങ്കിലും എന്നോടും ചെയ്യേണ്ടേ…??

ഞാനങ്ങിനെ സമാധാനിച്ചു…! ബസ്സ് എനിക്കിറങ്ങാനുള്ള സ്റ്റോപ്പിലെത്തിയതോടെ ഞാനിറങ്ങി, ബസ്സിറങ്ങിയതും ഞാനെന്റെ നിത്യജീവിതത്തിലേക്ക് പിന്നെയും മടങ്ങി, അന്നു തൊട്ട് അവനെന്റെ ഉള്ളിൽ പിന്നെയും തിരയടിക്കാൻ തുടങ്ങി, കുറച്ചു ദിവസങ്ങൾക്കു ശേഷം ഭർത്താവിന്റെ പെങ്ങളുടെ നാട്ടിൽ ഉത്സവത്തിനു പോയപ്പോഴാണ് പഴയ കൂട്ടുകാരി ശ്രീബാലയെ ഞാൻ വീണ്ടും കാണാനിടയായത്, എത്രയോ കാലത്തിനു ശേഷം കാണുകയായിരുന്നു അവളേയും,

അവളെ കണ്ടതും കൂട്ടം വിട്ട് വേഗം ഞാനവളുടെ അടുത്തെക്ക് ചെന്നു, ഞാനവളുടെ അടുത്തേക്ക് ചെല്ലാൻ കാരണം ഞാനവനെ ഉപേക്ഷിച്ചതിൽ അന്നു തൊട്ടെ അവൾക്ക് എന്നോടു വലിയ വിരോധമാണ് അതു കൊണ്ടു തന്നെ അവളെന്നെ കണ്ടാലും എന്റടുത്തേക്ക് വരുകയോ എന്നോടു മിണ്ടുകയോ ചെയ്യാൻ സാധ്യതയില്ല അതാണ് ഞാനവളുടെ അടുത്തേക്ക് പോയത്, അന്നെല്ലാം അവളായിരുന്നു അവന്റെ വലിയ കൂട്ടുകാരി, ഞാനവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവളെന്നോട് യാതൊരു പരിഭവവും കാണിച്ചില്ല,

അവളെന്നോട് വളരെ സൗമ്യമായി സംസാരിക്കുകയും എന്നോട് ചിരിക്കുകയും ചെയ്തു., കുറച്ചു നേരത്തെ സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം ഞാനവളോട് അവനെ കണ്ടതു മുതൽ അവന്റെ എന്നോടുള്ള പെരുമാറ്റം വരെ ഒരൽപ്പം പരിഭവത്തോടെ തുറന്നു പറഞ്ഞു, ഞാനതു പറഞ്ഞതും അതുവരെയും അവളുടെ മുഖത്തുണ്ടായിരുന്ന ചിരിയും സൗമ്യതയും എല്ലാം ഒറ്റയടിക്ക് മാറി ദേഷ്യം പടരാൻ തുടങ്ങി, തുടർന്നവൾ ദേഷ്യത്തോടെ എന്നോടു ചോദിച്ചു, നിനക്കിനിയും മതിയായിട്ടില്ലെ….??? അവളുടെ മുഖത്തു പ്രത്യക്ഷപ്പെട്ട ഭാവമാറ്റവും ദേഷ്യവും ആ ചോദ്യവും അതുവരെയുണ്ടായിരുന്ന എന്റെ സന്തോഷങ്ങളെയും മായ്ച്ചു കളഞ്ഞു, എന്റെ മുഖം മാറിയതും അവളെന്നോടു ചോദിച്ചു,

നീയവനോട് സംസാരിച്ചോ…? ? ഇല്ലെന്നർത്ഥത്തിൽ ഞാനവളോട് തലയാട്ടിയതോടെ അവളൊന്നു ശാന്തമായി, തുടർന്നവളെന്നോടു ചോദിച്ചു, ശരിക്കും സംഭവിച്ചത് എന്താണെന്ന് നിനക്കറിയണമോ ? ഞാനതിനു മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മുഖഭാവം കണ്ടിട്ടാവണം അവൾ പറഞ്ഞു തുടങ്ങി, നിന്റെ വിവാഹം കഴിഞ്ഞ വിവരം വളരെയധികം ഭയപ്പാടോടെയാണ് ഞങ്ങൾ ഗൗതമിനോടു പറഞ്ഞത്, നിന്നനിൽപ്പിൽ അവന്റെ കണ്ണുകൾ നിറയുന്നതാണ് ഞങ്ങൾ കണ്ടത്, തെളിവിനായി നിന്റെ കല്യാണഫോട്ടോയും ഞങ്ങൾ ഗൗതമിനെ കാണിച്ചു അതു കൂടി കണ്ടതും അവിശ്വസനീയമായ രീതിയിൽ ഒന്നു തലയാട്ടുക മാത്രമാണവൻ ചെയ്തത്, അവനെ പിടിച്ചു നിർത്താനും സമാധാനിപ്പിക്കാനും ഞങ്ങൾ ശ്രമിച്ചെങ്കിലും അവൻ ഞങ്ങളെ തട്ടിമാറ്റി മുന്നോട്ടു നടന്നു പോയി,

ഞങ്ങളവനെ നോക്കി നിൽക്കേ കുറച്ചു ദൂരം നടന്നതും ഞങ്ങൾക്കു മുന്നിലായി ഗൗതം വഴിയിൽ കുഴഞ്ഞു വീണു, അതു കണ്ട് ഞങ്ങളോടിച്ചെന്ന് അവനെ പിടിച്ചെഴുന്നേൽപ്പിക്കുകയും ഒരു വണ്ടി സംഘടിപ്പിച്ച് അവനെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും അവന്റെ വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയുകയും അവനെ ഒന്നു ശ്രദ്ധിക്കാൻ അവരെ പറഞ്ഞ് ഏർപ്പാടാകുകയും ചെയ്താണ് ഞങ്ങൾ പോന്നത്, എന്നാൽ പിന്നേന്ന് ഗൗതമിനെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റാക്കിയെന്ന വാർത്തയാണ് ഞങ്ങൾ കേൾക്കുന്നത്, തലെ ദിവസം അവനൊരുപാട് കരയുകയും ഉറക്കമില്ലാതെ മുറിയിൽ ഒറ്റക്ക് നടക്കുകയുമായിരുന്നു രാവിലെ അവൻ സംസാരിച്ച പല കാര്യങ്ങളും പരസ്പര വിരുദ്ധമായിരുന്നു അതോടെ പേടിച്ച് വീട്ടുകാരവനെ ഹോസ്പ്പിറ്റലിൽ എത്തിച്ചു,

എന്നാലവരുടെ ട്രീറ്റുമെന്റുകൾക്കും ഗൗതമിനെ രക്ഷിക്കാനായില്ല മാനസീകമായി തകർന്ന് പൂർണ്ണമായും അവനു സ്വബോധം നഷ്ടമായി, കുറച്ചു നാൾക്കകം തന്നെ ഒരു മാനസീകാരോഗ്യ കേന്ദ്രത്തിലെ ഭ്രാന്തന്മാരുടെ സെല്ലിലെക്കവൻ മാറ്റപ്പെട്ടു, അങ്ങിനെ രണ്ടു വർഷം അതിനു ശേഷം പിന്നെയും ഡോക്ടറുടെ അധീനതയിൽ രണ്ടു വർഷം കൂടി അവൻ കഴിഞ്ഞു, എന്തോ അവന്റെ വീട്ടുകാരുടെ പ്രാർത്ഥന ദൈവം കേട്ടു അവൻ വീണ്ടും പൂർവ്വ സ്ഥിതിയിലായി, ഇപ്പോൾ മൂന്നു വർഷമായി ഗൗതം വളരെ നോർമ്മലാണ്., എന്നാൽ

അവനിലെ പഴയ ഒാർമ്മകൾ പൂർണ്ണമായും അവനു നഷ്ടമായി, നിന്നെ പോലും….! അവന്റെ കൂടെ നിന്ന് അവനെ പരിചരിക്കുകയും ആവർത്തിച്ചാവർത്തിച്ച് പറയുകയും ചെയ്തതോടെ അവന്റെ വീട്ടുകാരെ മാത്രമെ ഇപ്പോൾ ഗൗതം ഒാർമ്മിക്കുന്നുള്ളൂ, നിന്നെ അറിയിച്ചിട്ട് പ്രത്യേകിച്ച് ഒരു ഫലവുമില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ആരും ഒന്നും നിന്നോടിതുവരെ പറയാതിരുന്നത്…!! അവളതു പറഞ്ഞു തീർന്നതും എന്നുള്ളിലൂടെ ചുട്ടുപഴുപ്പിച്ച ഒരു വാൾ കയറി ഇറങ്ങിയതു പോലെ എന്റെ ഉള്ളൊന്നായി പൊള്ളാൻ തുടങ്ങി…!

അതോടെ എല്ലാം പകൽ പോലെ വ്യക്തമായി, ഞാൻ കരുതിയതായിരുന്നില്ല സത്യങ്ങൾ, സത്യത്തിന്റെ മുഖം ഏറ്റവും വികൃതമായിരുന്നു, അന്ന് ആ കണ്ണുകൾ എന്നെ നോക്കി ചലിക്കാതിരുന്നത് എന്നോടുള്ള വിരോധം കൊണ്ടോ ദേഷ്യം കൊണ്ടോ വെറുപ്പു കൊണ്ടോ ആയിരുന്നില്ല, മറിച്ച് എന്നെ പോലും തിരിച്ചറിയാനോ തിരിച്ചെടുക്കാനോ ആവാത്ത വിധം അവന്റെ മനസ്സിന്റെ ഏറ്റവും ആഴമുള്ള ഇരുട്ടിലെക്ക് ഞാൻ ആഴ്ന്നിറങ്ങി പോയതു കൊണ്ടായിരുന്നു, ഇന്ന് ഒാർമ്മകളുടെ ഭാരമില്ലാതെ അവനും,

ഒാർമ്മകളുടെ ഭാരം മാത്രമായി ഞാനും മാറിയിരിക്കുന്നു, അവനോടൊന്ന് മാപ്പപേക്ഷിക്കാൻ പോലും നിവൃത്തിയില്ലാത്ത വിധം ദൈവം എന്നെയും ശിക്ഷിച്ചിരിക്കുന്നു….! അതെല്ലാം പറഞ്ഞ് എന്നെ വിട്ടു പോവാനായി തിരിഞ്ഞ അവൾ വീണ്ടും എന്നിലെക്കു തന്നെ തിരിഞ്ഞ് എന്നോട് പറഞ്ഞു, പ്രണയിക്കുക എന്നാൽ ഒരാളെ കല്യാണം കഴിക്കാനായി സ്നേഹിക്കുക അതിനു കഴിഞ്ഞില്ലെങ്കിൽ ഒഴിവാക്കുക എന്നതല്ല, മറ്റൊന്നിനു വേണ്ടിയും അവരെ നഷ്ടപ്പെടുത്താതിരികുക എന്നൊരർത്ഥം കൂടി അതിനുണ്ട്………!

പിന്നെ, ദയവു ചെയ്ത് ഇനി എവിടെയെങ്കിലും വെച്ചവനെ കാണുകയാണെങ്കിൽ പഴയ പ്രേമത്തിന്റെ പേരിൽ അതു നീയാണെന്നും പറഞ്ഞു ചെന്ന് വീണ്ടും നീയവനെ ഭ്രാന്തനാക്കരുത്…” അങ്ങിനെ സംഭവിച്ചാൽ നിന്നെ ഞാൻ കൊല്ലും…” അതു കൂടി കേട്ടതോടെ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്കു തന്നെ പുറത്തേക്ക് കേൾക്കും വിധം ഉച്ചത്തിലായി…!

ആ നിമിഷം ഞാനൊരുപാട് ആഗ്രഹിച്ചു അവനെപ്പൊഴും എന്നെ വിളിക്കുമായിരുന്ന ” എന്റെ മീനു ” എന്ന ആ വിളി ഒന്നു കൂടി കേൾക്കാൻ, ഇനി ഒരിക്കലും ഗൗതമിന്റെ മനസിനുള്ളിൽ ഞാനും എന്റെ ഒാർമ്മകളും ഉണ്ടാവില്ലെന്ന സത്യം അന്നേരം എന്നെ വല്ലാതെ മുറിവേൽപ്പിച്ചു.., എന്നിട്ടും

എന്നിൽ നിന്ന് ഒരിറ്റു കണ്ണീർ പുറത്തേക്കു വന്നില്ല., ഒന്നു കരയാൻ ഉള്ളു വറ്റി എനിക്കെന്റെ കണ്ണീർത്തുള്ളികളെ പോലും നഷ്ടമായ നിലയിലായിന്നു അന്നേരം ഞാൻ….!!!

നമ്മളെ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരാളുടെ ഉള്ളിൽ നമ്മുടെ ഒരു നേർത്ത രൂപം പോലുമില്ലാതെ, അവർക്ക് നമ്മളെ തിരിച്ചറിയാനുള്ള ഒാർമ്മകൾ എല്ലാം നഷ്ടമായ നിലയിൽ ജീവിക്കേണ്ടി വരുന്നവരേക്കാൾ ഭാഗ്യദോഷികൾ മറ്റാരുമില്ല…!!! ഒാർക്കുക,

നമ്മളിലെ ഒാർമ്മകളുടെ സ്വാധീനം വളരെ വലുതാണ്…”

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: Pratheesh

Leave a Reply

Your email address will not be published. Required fields are marked *