അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ,എന്തോ നിശ്ചയിച്ചുറച്ചത് പോലെ.

Uncategorized

രചന: അഡ്വേ: ലേഖ ഗണേഷ്

ഫേസ്ബുക്ക് …………………..:

ഓഫീസിൽ നിന്ന്‌ ഇറങ്ങുന്ന വഴി തന്നെ ഒരു ഓട്ടോ കിട്ടി ,കഴിഞ്ഞ മാസം സ്കൂട്ടർ ഒരു കാറുമായിടിച്ച് കാല് ചതഞ്ഞതിന് ശേഷം എന്ത് കൊണ്ടോ സ്കൂട്ടർ എടുക്കുമ്പോഴൊരു പേടി ,കുറെ നാളത്തേക്ക് വാഹനമോടിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ജ്യേൽ സ്യൻ പറഞ്ഞതോടെ സ്കൂട്ടർ കാർപോർച്ചിനൊരു വശത്തേക്ക് മാറ്റി വച്ച് മൂടിയിട്ടു.

ഓട്ടോ ഡ്രൈവർ കുറേ നേരമായി മുന്നിലുള്ള ഗ്ലാസിലൂടെ സൂക്ഷിച്ച് നോക്കുന്നു ,വൃന്ദ ആകെ അസ്വസ്ഥയായി , ബസിൽ കയറിയാലുള്ള തിക്കും തിരക്കും തോണ്ടലും ഒഴിവാക്കാനാണ് ഓട്ടോ ആശ്രയിക്കുന്നത് , സ്ത്രീകൾക്ക് അനുകൂലമാണ് നിയമങ്ങൾ എന്ന് എത്രയൊക്കെ കൊട്ടിഘോഷിച്ചാലും എവിടെയും അവൾ സുരക്ഷിതയല്ല ,എങ്ങിനെയും എത്രയും പെട്ടെന്ന് വീടെത്തിയാൽ മതിയായിരുന്നു എന്ന് വൃന്ദക്ക് തോന്നി..

വീടിന് മുന്നിലെത്തി ഓട്ടോയിൽ നിന്നിറങ്ങി ഓട്ടോക്കൂലി നീട്ടപ്പോൾ ഓട്ടോക്കാരന് ഒരു വഷളൻ ചിരി ,അയാളെ വിളിക്കാൻ വായിൽ വന്ന ചീത്ത തൊണ്ടയിൽത്തന്നെ കുടുക്കി വൃന്ദ ഗേറ്റ് തുറന്നു.

വൃന്ദ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു ,ഭർത്താവ് യതീന്ദ്രൻ മലയാളത്തിലെ ഒരു മുൻനിര മാഗസിനിൻ്റെ സമ്പ് എഡിറ്ററാണ്, ഒരു മകൾ മാസ് കമ്മൂണിക്കേഷന് ബാഗ്ളൂരിൽ പഠിക്കുന്നു.

വീട് തുറന്നതും ഒരു മുഷിഞ്ഞ മണം ,ജനലുകൾ തുറന്നിട്ടു ,രാവിലെ തിരക്കിട്ട് ഓഫീസിലേക്കോടുമ്പോൾ വീട് വൃത്തിയാക്കാൻ സാധിക്കാറില്ല. വൃന്ദ അടുക്കളയിലെ പാത്രങ്ങളെല്ലാം കഴുകി ,അടുക്കള വൃത്തിയാക്കി ,മുറികളും ഹാളും അലങ്കോലമായിക്കിടക്കുന്നതെല്ലാം അടുക്കി വച്ചു. ,കഴുകാനുള്ള തുണികൾ വാഷിങ്ങ് മെഷീനിലിട്ടു. കുളിച്ചു. ഒരു ചായ ഇട്ട് കുടിച്ചു.അന്നത്തെ പത്രം വായിച്ചു.

രാത്രിയിലത്തേക്ക് പാക്കറ്റ് ചപ്പാത്തി ഫ്രിഡ്ജിലിരുപ്പുണ്ട്, കൂടെ ഒരു മുട്ട ചിക്കി കഴിക്കാം വൃന്ദ സമാധാനിച്ചു, വല്ലാത്ത ക്ഷീണം. ഇനി അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കാൻ വയ്യ. അല്ലെങ്കിലും ആർക്ക് വേണ്ടി ഉണ്ടാക്കണം ,യതിയേട്ടൻ ഇപ്പോൾ രാവിലെ മാത്രമേ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാറുള്ളു ,ഉച്ചക്ക് പുറത്ത് നിന്ന് കഴിക്കും ,രാത്രി കൂട്ടുകാരൊത്ത് പുറത്ത് പോയി അല്പം മദ്യസേവയൊക്കെ നടത്തി വൈകിയേ വീട്ടിൽ എത്തൂ അതും പകുതി ബോധത്തിൽ,വരുബോൾ തന്നെ ചിലപ്പോൾ പെട്ടെന്ന് ഉറങ്ങും ,അല്ലെങ്കിൽ എഴുത്തുമുറിയിൽ കയറും.

വൃന്ദ ചപ്പാത്തി കഴിച്ച് ടി വി ഓൺ ചെയ്ത് ഒരു സിനിമ വച്ചു .കുറച്ച് കഴിഞ്ഞപ്പോൾ യതീന്ദ്രനെത്തി

“യതിയേട്ടാ ഭക്ഷണം കഴിച്ചോ ?” വൃന്ദ ചോദിച്ചു

” ഞാൻ ക്ലബിൽ നിന്ന് കഴിച്ചു. ” വൃന്ദ എന്തോ അയാളോട് പറയാനൊരുങ്ങി ,

അയാൾ ധൃതിപ്പെട്ട് നേരെ എഴുത്ത് മുറിയിൽ കയറി .വൃന്ദക്ക് നല്ല ക്ഷീണമുണ്ടായിട്ടും ഉറങ്ങാൻ സാധിച്ചില്ല ,ജീവിതത്തൊട് തന്നെ വല്ലാത്തൊരു മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. വീട്ടിലെ അന്തരീക്ഷം പലപ്പോഴും ശ്വാസം മുട്ടിക്കുന്നത് പോലെ ,ആകെ ആശ്വാസം ഓഫീസിൽ പോകുന്നതാണ് .

വൃന്ദ ഫോണെടുത്ത് വാട്ട്സ് ആപ്പിലും ,ഫേസ്ബുക്കിലുമുള്ള പോസ്റ്റുകൾ നോക്കി, ഫേസ് ബുക്കിൽ താനൊരു അക്കൗണ്ട് തുടങ്ങിയിട്ട് ആറ് മാസമായി ,തൻ്റെ കോളേജ് കാലത്തെ ഇരട്ടപ്പേരായ ആമി എന്ന പേരിലാണ് ഫേസ് ബുക്ക് അക്കൗണ്ട് ,പക്ഷെ തൻ്റെ ഫോട്ടോക്ക് പകരം ഒരു ചുവന്ന റോസാപ്പൂ വാണ് പ്രൊഫൈൽ ഫോട്ടോ .കോളേജ് കാലത്ത് താൻ എഴുത്തുകാരി മാധവിക്കുട്ടിയമ്മ കടുത്ത ആരാധികയായിരുന്നു ,എവിടെ അവരുടെ പുസ്തകം കണ്ടാലും വാങ്ങും വായിക്കും ,അങ്ങനെയാണ് തനിക്ക് ആമി എന്ന ഇരട്ടപ്പേര് കൂട്ടുകാരിട്ടത്.

ഫേസ്ബുക്ക് നോക്കിയിരുന്നപ്പോൾ വൃന്ദ അവൾക്ക് വന്ന ഒരു ഫ്രണ്ട്സ് റിക്വസ്റ്റ് കണ്ടു ,പേര് ദേവ് ഫോട്ടോ കിടക്കുന്നത് നടൻ സുരേഷ് ഗോപിയുടേതും. ഒരു കൗതുകത്തിന് വൃന്ദ ആ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തു .അപ്പോൾ തന്നെ ഹലോ എന്ന മെസേജ് മെസ്സജ്ജറിലെത്തി ,വൃന്ദ തിരിച്ച് ഹായ് പറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവർ പല മെസേജുകളുമങ്ങോട്ടുമിeങ്ങാട്ടുമയച്ചു. വൃന്ദക്ക് വേണ്ടി അയാൾ കവിതകളെഴുതിയയച്ചു ,ഓഫീസിൽ നിന്ന് വീട്ടിലെത്തി രാത്രിയാകാൻ വൃന്ദ കാത്തിരിക്കും ,രാത്രി വളരെ വൈകിയും മെസേജുകൾ കൈമാറി അവർ മനസ്സുകൾ തുറന്നു

വൃന്ദക്ക് ദിവസങ്ങളൂടെ വിരസത ഇല്ലാതായിത്തുടങ്ങി ,ഫെബ്രുവരി 14 പ്രണയ ദിനം ,അന്ന് തമ്മിൽ കാണാൻ രണ്ട് പേരും തീരുമാനിച്ചു. ബീച്ചിൽ കണ്ട് മുട്ടാം എന്ന് അവർ തീരുമാനിച്ചു.

ഓരോ ദിവസമടുക്കും തോറും വൃന്ദക്ക് ഭയം കൂടി വന്നു ,അതോ കുറ്റബോധമോ ,താൻ ചെയ്യുന്നത് ശരിയല്ല എന്ന് അവളുടെ മനസാക്ഷി എപ്പോഴും മന്ത്രിച്ച് കൊണ്ടിരുന്നു. എത്ര സന്തോഷകരമായിരുന്നു തൻ്റെ കുടുംബ ജീവിതം … മകളുടെ കളി ചിരികളും യതി യേട്ടൻ്റെ തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ് നിന്ന വീട് ,മകൾ വലിയ ക്ലാസ്സുകളിലേക്ക് കടന്നതോടെ തൻ്റെ ശ്രദ്ധ മുഴുവൻ അവളുടെ പഠിത്തത്തിലായി. യതിയേട്ടൻ തൻ്റെ ജോലിയുടെയും കൂട്ടുകെട്ടുകളുടെയും രാത്രിപ്പാർട്ടികളുടേയും ലോകത്തിൽ ….. മകൾ വീട്ടിൽ നിന്നകന്ന് ബാംഗ്ളൂർക്ക് പോയതോട് കൂടിയാണ് താൻ പൂർണമായും ഒറ്റപ്പെട്ടു എന്ന് വൃന്ദക്ക് തോന്നിത്തുടങ്ങിയത് .എത്ര നാളായി യതിയേട്ടൻ തന്നോടൊന്ന് മനസ് തുറന്ന് സംസാരിച്ചിട്ട് ,തമാശകൾ പറഞ്ഞിട്ട് ,ഒന്നിച്ച് ഒരു യാത്ര പോയിട്ട് ,ഒരു സിനിമ കണ്ടിട്ട് ,തങ്ങളുടെ ഇടയിൽ ഒരു പാലം വളർന്ന് വലുതായിക്കൊണ്ടിരിക്കുന്നത് വൃന്ദ അറിഞ്ഞു

ദേവുമായി തുടങ്ങിയ സൗഹൃദം വെറുമൊരു കൗതുകവും നേരമ്പോക്കുമായിരുന്നു ,തൻ്റെ ശരിയായ പേരും ഫോട്ടോയുമിടാതിരുന്നത് ഫേസ് ബുക്കിലും മറ്റും സ്ത്രീകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പേടിച്ചാണ്. തനിക്ക് തൻ്റെ ശരിയായ പേരിൽ തന്നെ ഫേസ്ബുക്ക് അക്കാണ്ട് ഉണ്ടായിരുന്നതാണ്, എന്നാൽ രാത്രി ഫേസ് ബുക്ക് ഓൺ ചെയ്താൽ അപ്പോൾ തന്നെ മെസൻജറിൽ തുരുതുരാ മെസേജുകൾ വന്ന് തുടങ്ങും ,കൂടാതെ ചിലർ അതിര് കടന്ന് പല ഫോട്ടോകളും മോശം കമൻറുകളും അയച്ച് തുടങ്ങി ,അതോട് കൂടിയാണ് താൻ ആമി എന്ന പേരിൽ തൻ്റെ ഫോട്ടോയിടാതെ ഒരു അക്കൗണ്ട് തുടങ്ങിയത് .

തികച്ചും മാന്യമായാണ് ദേവ് തനിക്ക് മെസേജു കളയക്കുന്നത് ,അയാളും വിവാഹിതനാണ് ,തങ്ങളുടെ സൗഹൃദങ്ങൾ അതിരു കടന്നിട്ടില്ല ,എങ്കിലും തമ്മിൽ കാണാനും സംസാരിക്കാനും രണ്ട് പേർക്കും ആഗ്രഹം .

ഫെബ്രുവരി 14 ,രാവിലെ കുളിച്ച് റെഡിയായി ഓഫീസിലേക്കിറങ്ങി ,വൃന്ദക്ക് അന്ന് ഓഫീസ് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ,വൈകിട്ട് ഓഫീസിൽ നിന്ന് കുറച്ച് നേരത്തേയിറങ്ങി ,കടയിൽ കയറി നല്ലൊരു വാലൻടൈൻ കാർഡ് വാങ്ങി ,നല്ലൊരു തുണിക്കടയിൽ കയറി ഒരു ഷർട്ട് വാങ്ങി ,ദേവിന് പാകമാകുമോ എന്ന് സംശയമാണ് എങ്കിലും നല്ല ചുവന്ന നിറത്തിലുള്ള ഷർട്ട് തിരഞ്ഞെടുത്തു….

തമ്മിൽ കണ്ടാൽ മനസിലാക്കാനായി വൃന്ദ ഒരു മഞ്ഞ സാരിയും നീല ബ്ലൗസ്യമാണ് തൻ്റെ വേഷം എന്ന് ദേവി നോട് പറഞ്ഞിരുന്നു. അപ്പാൾ മഞ്ഞ ഷർട്ടും നീല ജീൻസും താനും ധരിക്കാമെന്ന് ദേവും സമ്മതിച്ചു ,വൈകിട്ട് അഞ്ച് മണിയാകുന്നു ,ഒരു ഓട്ടോ പിടിച്ച് വൃന്ദ ബീച്ചിലെത്തി ,തൻ്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അവളറിഞ്ഞു ,ശരിതെറ്റുകളുടെ ഒരു വടംവലി തൻ്റെ മനസാക്ഷിയെ പിടിച്ചുലക്കുന്നതായി അവളറിഞ്ഞു ,

താനും യതി യേട്ടനും കൈകോർത്ത് നടന്ന ബീച്ചിലെ മണൽത്തിട്ട ,തൻ്റെ പൊന്നുമോൾ മണ്ണ് പൊത്തി വീടുണ്ടാക്കിക്കളിച്ച മണൽക്കൂമ്പാരങ്ങൾ ,വൃന്ദയുടെ കാലുകൾ മുന്നോട്ട് പോകാനാകാതെ തരിച്ച് നിന്നു…….. അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ,എന്തോ നിശ്ചയിച്ചുറച്ചത് പോലെ കയ്യിലുള്ള കാർഡ് വൃന്ദ വലിച്ചെറിഞ്ഞു ,കയ്യിലിരുന്ന കവർ അവിടെക്കണ്ട വൃദ്ധനായ യാചകന് നേരെ നീട്ടി ,അയാൾ ഒന്നും മനസിലാകാതെ കവർ വാങ്ങി തുറന്ന് നോക്കി ,ഷർട്ട് കണ്ടതും നിറഞ്ഞ സന്തോ.ഷത്താടെ അയാൾ ചിരിച്ചു. ,വൃന്ദ ഫോണെടുത്തു ദേവിന് മെസേജയച്ചു ,ക്ഷമിക്കണം എനിക്ക് വരാൻ സാധിക്കില്ല , വൃന്ദ തൻ്റെ ആമി എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ,അവൾ തിരിഞ്ഞ് നടന്നു………

വൃന്ദ വന്നിറങ്ങുന്നതും കാർഡ് വലിച്ചെറിയുന്നതും കവർ യാചകന് കൊടുക്കുന്നതും കണ്ട് കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ ഒരാൾ നില്പുണ്ടായിരുന്നു …. യതീന്ദ്രൻ ,അയാൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി ……. ഫോണെടുത്ത് അയാൾ തനിക്ക് മെസഞ്ചറിൽ വന്ന മെസേജ് വായിച്ചു , അയാൾ തൻ്റെ ദേവ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

വൃന്ദ ബീച്ചിൽ നിന്ന് നേരെ പോയത് സൂപ്പർമാർക്കറ്റിലേക്കാണ് ,അത്യാവശ്യം വേണ്ട പച്ചക്കറിയും പലചരക്കും വാങ്ങി .മോൾ ചിലപ്പോൾ ഈയാഴ്ച വന്നേക്കും ,അവൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധനങ്ങളും വാങ്ങി ,കടയിലെ സെക്യൂരിറ്റി ഒരു ഓട്ടോ വിളിച്ച് തന്നു ,വീട്ടിലെത്തി ഓട്ടോ പറഞ്ഞു വിട്ടു ,ഗേറ്റിനടുത്തെത്തിയപ്പോൾ പോർച്ചിൽ യ തിയേട്ടൻ്റെ കാർ ,ഇന്നെന്ത് പറ്റിയോ ആവോ നേരത്തേ യെത്താൻ .

കോളിങ്ങ് ബെല്ലടിച്ചപ്പോൾ അയാൾ വാതിൽ തുറന്നു

” ഇന്നെന്താ യതിയേട്ടാ പാർട്ടിയൊന്നുമുണ്ടായില്ലേ ? ഇന്ന് കാക്ക മലന്ന് പറക്കും ” ….. വൃന്ദ പറഞ്ഞു

സാധനങ്ങളെടുത്ത് വക്കാൻ അയാൾ വൃന്ദയെ സഹായിച്ചു. വൃന്ദ നേരെ ബാത്ത്റൂമിൽ കയറി ,ഷവറിൽ നിന്ന് തണുത്ത വെള്ളം തലയിൽ വീണപ്പോൾ വല്ലാത്തൊരാശ്വാസം ,അവൾ തൻ്റെ മനസിലേയും ശരീരത്തിലേയും അഴുക്ക് ഒരു പോലെ കഴുകിക്കളഞ്ഞു. അടുക്കളയിൽ കയറി ചായയിട്ടു. ,ചായ രണ്ട് ഗ്ലാസുകളിൽ പകർത്തി ഹാളിലെത്തി ,ഒരു ഗ്ലാസ് യതീന്ദ്രന് കൊടുത്തു .ചായ കുടിച്ച് കൊണ്ടിരുന്നപ്പോൾ യതീന്ദ്രൻ തന്നെ ആർദ്രതയോടെ നോക്കുന്നത് വ്യന്ദ കണ്ടു.

രാത്രി യതീന്ദ്രന് എന്തോ പാഴ്സൽ വരുന്നതവൾ കണ്ടു. മേശപ്പുറത്ത് വച്ച് അയാളത് തുറന്നു , വാലൻ്റെയ്ൻ കേക്ക് ,തനിക്കിഷ്ടപ്പെട്ട സ്ട്രോബെറി ഫ്ലേവർ ,വൃന്ദ തൻ്റെ കയ്യിൽ ഒന്ന് നുള്ളി നോക്കി ,സ്വപ്നമല്ല .

അകത്ത് പോയ യതീന്ദ്രൻ ഒരു പാക്കറ്റുമായി പുറത്ത് വന്നു. ,അടുക്കളയിൽ പോയി അയാൾ ഒരു കത്തിയുമായി മടങ്ങി വന്നു , രണ്ട് പേരും കൂടി കേക്ക് മുറിച്ചു ,അയാൾ അവളുടെ വായിൽ ഒരു കഷ്ണം കേക്ക് കൊടുത്തു ,വൃന്ദയുടെ മനസ് നിറഞ്ഞു ,അവൾ യതീന്ദ്രൻ്റെ വായിൽ കേക്ക് കൊടുത്തു. അയാളുടെ മുഖത്തും സന്തോഷം നിറഞ്ഞു.

കയ്യിലിരുന്ന കവർ അയാൾ വൃന്ദക്ക് കൊടുത്തു. ,അവൾ അത് തുറന്ന് നോക്കി .

വെട്ടിത്തിളങ്ങുന്ന പച്ചക്കല്ലു മുക്കുത്തി ,എത്രയോ വർഷം മുമ്പ് യതിയേനോട് എപ്പഴോ പറത്തൊരാഗ്രഹം ……… വൃന്ദയുടെ കണ്ണ് നിറഞ്ഞു ,എപ്പോഴോ അവർ രണ്ട് പേർക്കമിടയിലുള്ള പാലം ആ സന്തോഷാശ്രുക്കളിൽ അലിഞ്ഞില്ലാതായി…….

രചന: അഡ്വേ: ലേഖ ഗണേഷ്

Leave a Reply

Your email address will not be published. Required fields are marked *