കേട്ട് മറന്ന നാടൻ സങ്കല്പങ്ങളോട് വല്ലാത്തൊരിഷ്ടം…

Uncategorized

രചന: ഗുൽമോഹർ

“അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ എന്തായിരുന്നു പുകില്. ഹോ, അന്ന് അമ്മ അതൊക്ക പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്തൊക്ക സങ്കല്പങ്ങൾ ആയിരുന്നു അല്ലെ കെട്ടിയോനെ? എന്നിട്ട് ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോൾ അതൊക്ക പോയോ.. അതോ ഇപ്പോൾ സങ്കൽപ്പമൊക്കെ വെറും കോമഡിയല്ലേ പെണ്ണെ എന്നൊരു ഡയലോഗ് പറയാൻ തോന്നുന്നുണ്ടോ ” ആരതിയുടെ ചോദ്യവും ചിരിയുമെല്ലാം നന്നായി ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു മനു. അവനും അവൾ പറഞ്ഞതൊക്കെ ഒന്നോർത്തപ്പോൾ ചിരിയാണ് വന്നത്. ശരിയാണ്, എന്തൊക്ക ആയിരുന്നു അന്ന് പെണ്ണ് കാണാൻ പോകുമ്പോൾ മനസ്സിൽ വരച്ചിട്ട് വെച്ച സങ്കല്പങ്ങൾ. ജീവിതത്തിൽ കൂടെ ജീവിക്കാൻ വരുന്നവളെ കുറിച്ചൊക്കെ ഒരുപാട് മനസ്സിലിട്ട് തിരിച്ചും മറിച്ചും ചിക്കി ചികഞ്ഞുനോക്കാറുണ്ട് അന്നൊക്കെ… മനു പതിയെ ആ പെണ്ണ്കാണൽ ദിവസങ്ങളിലേക്ക് നടക്കുകയായിരുന്നു, പിറകിലോട്ടുള്ള യാത്രക്ക് കൂട്ടായി ആരതി കൊണ്ടുതന്ന കട്ടന്കാപ്പിയും ഉണ്ടായിരുന്നു… അല്ലേലും ഓർമ്മകൾ അയവിറക്കുമ്പോൾ ഒരു ചെറിയ മധുരമുള്ളത് നല്ലതല്ലേ….

*********

” അമ്മേ ഞാൻ ഇപ്പഴേ പറഞ്ഞേക്കാം, എന്റെ മനസ്സിൽ പെണ്ണിനെ കുറിച്ച് കുറെ സങ്കല്പങ്ങൾ ഒക്കെ ഉണ്ട്. അതിനൊത്ത ആളാണെങ്കിൽ മാത്രമേ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കൂ.. അല്ലാതെ അമ്മേടെ കൂട്ടുകാരിയുടെ കുട്ടിയാണ് എന്ന ഒറ്റ കാരണത്തിൽ എന്നെ നിർബന്ധിക്കരുത്, പറഞ്ഞേക്കാം…. പെണ്ണ് ബാംഗ്ലൂർ ആണ് പഠിച്ചത് എന്ന് കേട്ടപ്പോഴേ എന്റെ സങ്കല്പം പകുതി പോയി.. ബാക്കി ഇനി അവിടെ പോയാൽ അറിയാം. ” വലിയ താല്പര്യം ഇല്ലാത്ത പോലുള്ള മനുവിന്റെ സംസാരം കേട്ടപ്പോൾ അമ്മക്ക് മുഖത്തു പുഞ്ചിരി മാത്രമായിരുന്നു.

കാറിൽ കയറുമ്പോഴും യാത്രയുടെ അവസാനം അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കയറുമ്പോഴും മനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇഷ്ടമില്ലാത്ത എന്തോ കാണാൻ പോകുന്ന പോലെ മനസ്സിന് വല്ലാത്ത ഒരു ഭാരം.

” ന്നാ പിന്നെ ഭവാനി, നീ നമ്മുടെ മോളെ വിളിക്ക്.. ചടങ്ങുകൾ ഒക്കെ അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ. ” മനുവിന്റെ അമ്മയുടെ സംസാരവും അതിനിടയിൽ പെണ്ണ് ചായയുമായി വന്നതൊന്നും മനു ശ്രദ്ധിച്ചില്ല. “ടാ മനു…. ചായ എടുത്ത് കുടി, അതും പിടിച്ച് നിന്ന് ആ കുട്ടീടെ കൈ കഴക്കുന്നുണ്ടാകും. ” അമ്മയുടെയും കൂട്ടുകാരിയുടെയും ചിരിയും സംസാരവും ആലോചനയിൽ നിന്നും ഉണർത്തിയപ്പോൾ ആണ് മനു തലയുയർത്തി നോക്കിയത്. അവളുടെ മുഖത്തേക്കൊന്ന് നോക്കിയപ്പോൾ തന്നെ അവൻ രൂക്ഷമായി അമ്മയെ നോക്കി. മുന്നിൽ ചുണ്ടിൽ ചായം തേച്ചുപിടിപ്പിച്ചു മുടിയൊക്കെ പറത്തി ജീൻസും വലിച്ചു കേറ്റി നിൽക്കുന്ന ആരതിയെ കണ്ടപ്പോൾ അവനിലെ ഗ്രാമീണകാമുകൻ ഉള്ളിൽ കിടന്ന് തിളക്കാൻ തുടങ്ങിയിരുന്നു. എന്റെ സങ്കൽപ്പത്തിലെ പെണ്ണ് ഇതല്ല എന്ന് പറയണമെന്നുണ്ടായിരുന്നു എങ്കിലും, വേറൊരു വീടല്ലേ, ഒന്നും പുറത്തു കാണിക്കാൻ പാടില്ലല്ലോ എന്ന് കരുതി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവനാ ചായകപ്പെടുത്തു ചുണ്ടോട് അടുപ്പിച്ചു. ” എന്നാ പിന്നെ കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ, അതല്ലേ അതിന്റെ ശരി, നമുക്ക് അകത്തു പോകാം ഭവാനി ” എന്നും പറഞ്ഞ് കൂട്ടുകാരിയേയും കൂട്ടി അമ്മ അകത്തേക്ക് പോകുമ്പോൾ ” അമ്മ അകത്തേക്ക് പോകല്ലേ, എനിക്ക് ഒന്നും പറയാൻ ഇല്ല, ഈ കല്യാണത്തിന് താല്പര്യം ഇല്ല, നമുക്ക് പോകാം ” എന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു മനുവിന്. പക്ഷെ, വാക്കുകൾ പുറത്തേക്ക് വരാതെ അതെ ഇരിപ്പ് ഇരിക്കാനേ അവനു കഴിഞ്ഞുള്ളു.

” മനുവേട്ടൻ ഒന്നും ചോദിച്ചില്ല ”

മുഖവുരയില്ലാതെ അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവനൊന്നു ഞെട്ടി, ‘തന്റെ സങ്കല്പം വീണ്ടും ഉടഞ്ഞിരിക്കുന്നു. അതികം സംസാരിക്കാത്ത ഒരു നാണക്കാരി പെണ്ണിനെ ആണ് താൻ കൊതിച്ചത്, പക്ഷെ ഇവൾ എന്നെക്കാൾ മുന്നേ സംസാരിച്ചു തുടങ്ങി..’ അവന്റെ കാട് കയറിയ ചിന്തകളെ മുറിച്ചുകൊണ്ടായിരുന്നു അവളുടെ അടുത്ത ചോദ്യവും, ” മനുവേട്ടന്റെ സങ്കൽപ്പത്തിലെ ഒരു കുട്ടിയല്ല ഞാൻ അല്ലെ.. ചുണ്ടിൽ ലിപ്സ്റ്റിക്കും മുഖത്തു ചായവും പിന്നെ ഈ ഡ്രെസ്സും അങ്ങനെ എല്ലാം മനുവേട്ടന്റെ സങ്കൽപ്പത്തിന് വിപരീതമാണല്ലേ? ” അതും പറഞ്ഞ് അവളൊന്നു പുഞ്ചിരിച്ചു. ഇതെല്ലാം ആരതി എങ്ങനെ അറിഞ്ഞു എന്ന മട്ടിൽ ആശ്ചര്യത്തോടെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു മനു. ” ഇതൊക്ക ഞാൻ എങ്ങനെ അറിഞ്ഞെന്നായിരിക്കും ഇപ്പോൾ ആലോചന, അല്ലെ.. ചേട്ടന്റെ അമ്മ തന്നെയാണ് ഇതൊക്ക കൂട്ടുകാരിയായ എന്റെ അമ്മയോട് പറഞ്ഞത്, കൂടെ തനി നാടൻ പെണ്ണായി വേണം പെണ്ണ് കാണാൻ മോന്റെ മുന്നിൽ വന്നു നിൽക്കാനെന്നും.. അത് പറഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ ഇതുപോലെ വേണം പെണ്ണ് കാണലിന് മുന്നിൽ വന്നു നിൽക്കാൻ എന്ന്. ”

അവളുടെ സംസാരവും തന്റെ സങ്കല്പത്തെ കുറിച്ചുള്ള അമ്മയുടെ മുന്നറിയിപ്പും അവനിൽ രോഷം കൊള്ളിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിനേക്കാൾ അവനെ ചിന്തിപ്പിച്ചതും ആശ്ചര്യപ്പെടുത്തിയതും അവളുടെ വാക്കുകൾ ആയിരുന്നു. ” അമ്മ നേരത്തെ തന്നെ എന്റെ സങ്കല്പങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് പറഞ്ഞ് തന്നിട്ടും എന്നെ ഇമ്പ്രസ്സ്‌ ചെയ്യാൻ വേണ്ടിയെങ്കിലും അതുപോലെ വരാതിരുന്നതെന്താ ” അവളൊന്നു പുഞ്ചിരിച്ചു,

” അങ്ങനെ ഇമ്പ്രസ് ചെയ്തിട്ട് എന്ത് കിട്ടാൻ ആണ്. ഒരാളുടെ ഡ്രസ്സിങ്ങിലോ മേക്കപ്പിലോ അല്ലല്ലോ ജീവിതം. മുടിയിൽ മുല്ലപ്പൂ ചൂടിയത് കൊണ്ടോ കയ്യിൽ കുപ്പിവളയും നെറ്റിയിൽ ചന്ദനക്കുറിയും ഇട്ടാൽ മാത്രേ തനി പെണ്ണാകൂ എന്ന് ചിന്തിക്കുന്നിടത്താണ് തെറ്റ്. ഞാൻ അങ്ങനെ കെട്ടിയൊരുങ്ങി വന്നിട്ട് മനുവേട്ടന് എന്നെ ഇഷ്ട്ടമായി വിവാഹം കഴിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ ആ വേഷം തന്നെ എനിക്ക് കെട്ടിയാടേണ്ടി വരില്ലേ.. അല്ലാതെ കല്യാണം കഴിഞ്ഞ് ഞാൻ മനുവേട്ടന്റെ സങ്കൽപ്പത്തിൽ നിന്നും എന്റേതായ ഇഷ്ട്ടങ്ങളിലേക്ക് വന്നാൽ മനുവേട്ടൻ അത് അംഗീകരിക്കുമോ? എന്നെ ഡിവോഴ്സ് ചെയ്യുമോ.. അതോ പിന്നെ നിങ്ങളെ പറ്റിച്ചു എന്ന കാരണത്താൽ ബാക്കിയുള്ള ജീവിതം മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ഒരു ഭാര്യാഭർത്താക്കന്മാരായി അട്ജെസ്റ് ചെയ്യുമോ..? ” അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവന് ഉത്തരം കിട്ടുന്നില്ലായിരുന്നു , ” അതുകൊണ്ട് തന്നെ ആണ് അമ്മ പറഞ്ഞിട്ടും ഞാൻ ഈ വേഷത്തിൽ തന്നെ വന്നത്.. മനുവേട്ടന്റെ സങ്കൽപ്പത്തിലെ പോലെ എനിക്കും സെറ്റുസാരിയും മുല്ലപ്പൂവും ചന്ദനക്കുറിയുമൊക്കെ ഇഷ്ട്ടമാണ്. അതൊക്കെ ഇടാറും ഉടുക്കാരുമൊക്കെ ഉണ്ട്.. പക്ഷെ, അതുപോലെ തന്നെ ഇഷ്ട്ടമാണ് ഇതുപോലുള്ള വേഷവും.. ഇതും വല്ലപ്പോഴും മാത്രം… പക്ഷെ, ഒരാൾക്ക് മുന്നിൽ ഡ്രസ്സ്‌ ഏതിടണം എന്ന് അനുവാദം ചോദിക്കാനും കെട്ടുന്നവന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഡ്രസ്സ്‌ ധരിക്കാനും എനിക്ക് താല്പര്യം ഇല്ല. വളരെ മോശമാകുന്ന രീതിയിൽ ഞാൻ ഡ്രസ്സ്‌ ധരിക്കാറോ മേക്കപ്പ് ചെയ്യാറോ ഇല്ല എന്ന പൂർണ്ണവിശ്വാസം ഉള്ളിടത്തോളം ഈ കാര്യത്തിൽ ആരുടേയും വാക്കുകൾക്ക് ചെവി കൊടുക്കില്ല… ” അവളുടെ സംസാരത്തിലെ ധൈര്യവും ദൃഢതയും അവനെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. ഇത്രേം തന്റേടത്തോടെ സംസാരിക്കാനും തന്റെ നിലപാട് ഉറക്കെ പറയാനും അതിൽ ഉറച്ചു നിൽക്കാനും കഴിയുന്ന ഒരു പെണ്ണിനെ സങ്കൽപ്പത്തിന്റെ പേരിൽ വേണ്ടെന്ന് വെച്ചാൽ അത് ഇപ്പോൾ എടുക്കുന്ന ഒരു തെറ്റാകുമെന്ന് മനുവിന്റെ മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു.

അവളുടെ വാക്കുകൾ അംഗീകരിക്കും പോലെ ആയിരുന്നു അവന്റെ പുഞ്ചിരിയും, “ആരതി, എന്റെ സങ്കല്പങ്ങൾ, അത് എന്നിൽ മാത്രം ഒതുങ്ങുന്നതായിരുന്നു. ഒരാളെ അടിച്ചേൽപ്പിക്കാൻ വേണ്ടിയല്ല , അങ്ങനെ ഒരാളെ കിട്ടിയാൽ അത് ജീവിതത്തിൽ ഒരുപാട് സന്തോഷം തരുമെന്ന വിശ്വാസം… കേട്ട് മറന്ന നാടൻ സങ്കല്പങ്ങളോട് വല്ലാത്തൊരിഷ്ടം.. ! അതായിരിക്കാം എന്നെ അതിലേക്ക് തന്നെ കൂടുതൽ പ്രേരിപ്പിച്ചത്. പക്ഷെ, ആരതിയുടെ വാക്കുകൾ ആണ് ശരി, എല്ലാം അടിച്ചേല്പിക്കപ്പെടേണ്ടതല്ല ദാമ്പത്യജീവിതം.. അവരവരുടേതായ ഇഷ്ട്ടങ്ങളെ അംഗീകരിക്കാൻ കഴിയുന്നിടത്തെ ആ ജീവിതത്തിന് ഒരു വിജയമുള്ളൂ.. വേഷം അല്ലല്ലോ, മനസ്സും മനുഷ്യത്വവുമല്ലേ പ്രധാനം.. എന്തായാലും ആ നല്ല മനസ്സ് ആരതിക്ക് ഉണ്ടെന്ന് മനസ്സിലായി.. അത് മതി… എനിക്ക് ഇയാളെ ഒരുപാട് ഇഷ്ട്ടമായി, ഇനി ഇയാളുടെ തീരുമാനം എന്താണോ അതിനനുസരിച്ചു നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ”

ഇരുവരും ഷേക്ഹാൻഡ് നൽകി അമ്മയെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ മുഖത്ത്‌ വാടാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എല്ലാം ശുഭമാകുമെന്ന വിശ്വാസമുള്ള ആത്മാർത്ഥമായ പുഞ്ചിരി.

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *