എന്റെ പൊന്നുമോന്റെ കല്യാണം വരട്ടെ എനിക്കൊന്നു കാണണം…

Uncategorized

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ.

അല്ലെങ്കിലും നിനക്കു കൂട്ടുകാരുടെ കാര്യമാണല്ലോ വലുത്.

ഇങ്ങനെ നടന്നോ തെണ്ടിത്തിരിഞ്ഞു. അല്ലെങ്കിലും മക്കള് നന്നായിനടക്കുന്നത് കാണാനും വേണം ഒരു യോഗം.

കൂട്ടുകാരെന്നു പറഞ്ഞാൽ അങ്ങനല്ലേ അമ്മേ ഒരു വിളിക്കപ്പുറം ഉണ്ടാവണ്ടേ ഏതു കാര്യത്തിനും.

പറ്റില്ല എന്നൊരു വാക്കില്ലല്ലോ ഞങ്ങൾക്കിടയിൽ.

കണ്ടോ കൂട്ടുകാരെ പറഞ്ഞപ്പോൾ അവനു കൊണ്ടു. നിന്റെ ചേട്ടനും ഈ വീട്ടിലയല്ലേ അവനില്ലല്ലോ ഇതുപോലെ മരാമത്തു? അവനവന്റെ കാര്യം നോക്കി നടക്കുന്നു.

നിനക്കോ കൂട്ടുകാരന്റെ പെങ്ങടെ കല്യാണം. അമ്മാമേടെ അടിയന്തിരം. കൊച്ചിന്റെ പേരുവിളി. കട്ടിളവെപ്പ്. പാലുകാച്ചൽ. വായനശാലയിലെ തറക്കലിടൽ നൂറു കാര്യമല്ലേ.. കുറച്ചു കൂടുന്നുണ്ട്.

എന്റെ പൊന്നുമോന്റെ കല്യാണം വരട്ടെ എനിക്കൊന്നു കാണണം ഈ പറഞ്ഞവരൊക്കെ ഉണ്ടാകുമോന്നു.

എന്താ സംശയം? മ്മടെ തേവരുടെ അമ്പലത്തിലെ ഉത്സവവും പുണ്യാളന്റെ പള്ളിപെരുന്നാളും ഒരു ദിവസം നടന്നാൽ എങ്ങിനെ ഉണ്ടാകും. അതു നടക്കും ഈ മുറ്റത്തു അമ്മ കണ്ടോ..

മ്മടെ മെയിൻ റോഡ് മുതൽ മ്മടെ വീടുവരെ മാലബൾബ്. തോരണങ്ങൾ പാട്ടു കൂത്തു ചെണ്ട.. മേളം എല്ലാം ഉണ്ടാകും

പന്തലിടൽ മുതൽ പാത്രം കഴുകാൻ വരെ കൂട്ടുകാരുണ്ടാകും. ഇതൊന്നും പറഞ്ഞു ചെയ്യുന്നതല്ലേ അറിഞ്ഞു ചെയ്യുന്നതാ.

എല്ലാവരും കല്യാണത്തിന് അടിപൊളിയായി നിൽക്കുമ്പോൾ എല്ലാകാര്യത്തിനും ഓടി നടന്നു പുതിയ ഷർട്ട്‌ വിയർത്തൊട്ടിയ കുറച്ചുപേരെ കാണാം അവരെ ചേർത്തു പിടിച്ചു ഒരു മാസ്സ് ഡയലോഗ് ഉണ്ട്‌. ഇവരാ എന്റെ കൂട്ടുകാരെന്നു. ഇവരാ എന്റെ ലോകമെന്നു അമ്മ കണ്ടോ.

കൂട്ടുകാരെ പറ്റി പറയുമ്പോൾ നൂറു നാവാണ് അവനു.

അതേയ് പറഞ്ഞു നിൽക്കാൻ എനിക്കു സമായില്ലട്ടോ അമ്മേ.. ആ കട്ടുറുമ്പിന്റെ പെങ്ങടെ കല്യാണമാണ് മറ്റന്നാൾ.. പോയിട്ട് കുറേ പണിയുണ്ട്.

ഓ ഇനി അവിടുത്തെ കല്യാണം കഴിഞ്ഞു പാത്രം കഴുകിയിട്ടല്ലേ വരവുണ്ടാവുള്ളു അല്ലേ..

അതുപിന്നെ പറയാൻ ഉണ്ടോ. പിന്നെ ഒരു കാര്യംകൂടി പറയാൻ ഉണ്ട്‌ പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയൊരു പോരാളി മറ്റാരുമില്ല…

അമ്മേടെ ആ മുഴുവൻമല്ലി ബ്രാഞ്ചിൽ നിന്നു ഒരു മുന്നൂറുറുപ്പിക വിഡ്രോ ചെയ്‌തിട്ടുണ്ട്‌.. കല്യാണമല്ലേ കുറേ ഓട്ടം ഉണ്ടാവേ.

കയ്യിലിരിക്കുന്ന ഡവറ എന്റെ നേർക്കു വരും മുൻപ് ഞാനും എന്റെ rx 100 ഉം പടി കടന്നിരുന്നു.

വിത്ത്‌ ബിജിഎം. താന്താനെ.. നാനെ.. നാനേ..നാനെ.. നാനെ നേ…

*****

അമ്മമാർക്ക് എത്ര വലുതായാലും മക്കളെകുറിച്ചു ആവലാതിയാണ്. എല്ലാം സ്നേഹമാണ് വഴക്കു പറച്ചിലും എത്ര വൈകിവന്നാലും വിളമ്പി വെച്ച ചോറും. കാണാതായാൽ വിളിക്കുന്ന ഓരോ വിളിയും എല്ലാം സ്നേഹമാണ്. മറ്റൊന്നുകൊണ്ടും പകരം വെക്കാൻ പറ്റാത്തസ്നേഹം.

കൂട്ടുകാരെന്നു പറഞ്ഞാലും സ്നേഹമാണ്..പല വീടുകളിൽ നിന്നു വന്നു കൂടെ പിറപ്പായി പോയവർ. ഒന്നിച്ചു കളിച്ചും ചിരിച്ചും ഇടക്കൊക്കെ തല്ലുകൂടിയാലും തെറി വിളിച്ചാലും നെഞ്ചോടു ചേർത്തു പിടിക്കുന്നവർ.

***

ഇന്ന് എന്റെ ദിവസമാണ്.. പന്തലിടാൻ മുതൽ എല്ലാത്തിനും അവരു തന്നെയായിരുന്നു മുൻപിൽ എനിക്കു വേണ്ടി ഓടിയോടി വിയർത്തു കുളിച്ചിരുന്നു. കലങ്ങിയ കണ്ണുകളൊക്കെയും വലിയൊരു കാർമേഘമാണ് എന്നെ എടുത്തുകഴിഞ്ഞാൽ പെയ്യാൻ നിൽക്കുന്ന മഴയുടെ കാർമേഘം.

കരഞ്ഞുതളർന്ന അമ്മയെ ഓടിച്ചെന്നു വിളിക്കണമെന്നുണ്ട്.. അവരെ നെഞ്ചോടു ചേർത്തു പറയണം എന്നുണ്ട് കണ്ടോ അമ്മേ ഇവരാ എന്റെ കൂട്ടുകാരെന്നു. ഇവരാ എന്റെ സമ്പാദ്യമെന്നു.

നോക്കു അമ്മേ.. ഒരു നാടുമുഴുവൻ ഉണ്ട്‌ എന്നെ യാത്രയാക്കാൻ.. അവരുടെ കണ്ണിൽ നിന്നുതിരുന്നതെല്ലാം സ്നേഹമാണ് സ്നേഹത്തിന്റ ഒരു തുള്ളിമതിയമ്മേ.. ഈ ഊര്‌തെണ്ടിടെ ആത്മാവിന്റെ മോക്ഷത്തിന്.

വിളമ്പിതന്നത് കഴിച്ചു കൊതിതീർന്നിട്ടില്ല ഞാൻ വരും അടുത്തജന്മത്തിലും അമ്മയുടെ മകനായി..

വാക്കുകൾ മുറിയുന്നതു ഹൃദയത്തിൽ നിന്നെഴുതിയതുകൊണ്ടാണ്.

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ.

Leave a Reply

Your email address will not be published. Required fields are marked *