എല്ലാ ദിവസവും കാണുമ്പോൾ ഞാനും അവനോട് ചിരിക്കാനും കൊഞ്ചാനും തുടങ്ങി.

Uncategorized

രചന: മേഘ മയൂരി

“എനിക്കിവനെ വേണ്ട…. എവിടെയെങ്കിലും കൊണ്ടെക്കളയ്…. ആരും എന്നെ നോക്കണില്ല…. എല്ലാവരും ഉണ്ണീനെ എടുക്കണു… എല്ലാവർക്കും ഉണ്ണീനെ മാത്രം മതി….ആർക്കും എന്നെ വേണ്ട….വരുന്നോരും പോവുന്നോരും ഒക്കെ ഉണ്ണിക്ക് ഉമ്മ കൊടുക്ക്ണു….. എനിക്ക് മാത്രം ആരും ഒന്നും തരണില്ല… അമ്മയും അച്ഛനും ഒന്നും എനിക്ക് ഉമ്മ തരണില്ല…. ഉണ്ണീടെ പിറന്നാളിന് എന്തോരം ആൾക്കാരാ സമ്മാനങ്ങളും കൊണ്ട് വന്നേ.. എനിക്ക് മാത്രം ഒറ്റയാളും ഒന്നും തന്നില്ല… ഉണ്ണി വന്നപ്പോ തൊട്ട് എനിക്കൊന്നും കിട്ടുന്നില്ല… എല്ലാർക്കും എന്നോടു മാത്രാ ….ദേഷ്യം….. ”

എന്റെ രണ്ടര വയസ്സിൽ അനിയനുണ്ടായതിനു ശേഷമുള്ള ഈ പതം പറച്ചിൽ ഓരോ സാഹചര്യങ്ങളിലും ഞാൻ അച്ഛനോടും അമ്മയോടും തുടർന്നു കൊണ്ടേയിരുന്നു… എന്റെ കരച്ചിൽ നിൽക്കുന്നില്ലെന്നു കാണുമ്പോൾ തന്നെ അച്ഛനോ അമ്മയോ പറയും

“നമുക്ക് ഉണ്ണീനെ ആ പാത്രം വിൽക്കാൻ വരുന്നോര് വരുമ്പോ കൊടുക്കാം… നീയൊന്നടങ്ങ്….”

അതു കേൾക്കുമ്പോൾ തൽക്കാലം ഞാൻ കരച്ചിൽ നിർത്തി ഏതെങ്കിലും പാത്രക്കാരൻ വരുന്നതും നോക്കി വീടിന്റെ മുമ്പിൽ പോയി നിൽക്കും.. ആരെങ്കിലും വീടിന്റെ മുമ്പിലെത്തിയാൽ ഞാൻ ഉടൻ തന്നെ അമ്മയെ വിളിക്കാനോടും.. “ഉണ്ണീനെ കൊണ്ടു പോവാൻ ആളു വന്നു… വേഗം കൊണ്ടു കൊടുക്ക്…..” അനിയനെ അമ്മ അവരുടെ കയ്യിൽ കൊടുത്തു വിടുന്നതും പ്രതീക്ഷിച്ച് ഞാൻ മുറ്റത്തു നിൽക്കും… ഒടുവിൽ വെറും കയ്യോടെ വന്നയാൾ പോകുമ്പോൾ വീണ്ടും ഞാൻ കരയാൻ തുടങ്ങും… കരയുന്നതിന്റെ കൂടെ അമ്മ എന്റെ തോളിനിട്ടൊരു വീക്കും തരുന്നതോടുകൂടി പിന്നെ ഞാനെന്റെ സർവശക്തിയും എടുത്ത് നിലവിളിക്കാൻ തുടങ്ങും..

“എന്നെ തവിടു കൊടുത്തു വാങ്ങിയതാല്ലേ….” എന്നും പറഞ്ഞാകും അടുത്ത കരച്ചിൽ…. അടുത്ത വീട്ടിലെ കൊമ്പൻ മീശക്കാരൻ ബാലൻ മാമൻ വന്ന് മീശ പിരിക്കലും രണ്ട് കണ്ണുരുട്ടലും കാണിക്കുന്നതോടുകൂടി എന്റെ കരച്ചിൽ പിടിച്ചുകെട്ടിയതുപോലെ നിൽക്കും… പിന്നെ പിന്നെ എന്റെ കരച്ചിലൊന്നും ആരും ഗൗനിക്കാതെയായി…… പതുക്കെ പതുക്കെ ഉണ്ണിയുടെ ചിരിയും കൊഞ്ചലും ഒക്കെ എല്ലാ ദിവസവും കാണുമ്പോൾ ഞാനും അവനോട് ചിരിക്കാനും കൊഞ്ചാനും തുടങ്ങി… എൻ്റെ സ്ഥാനം തട്ടിയെടുത്തവൻ എന്ന ദേഷ്യമൊക്കെ മാറിത്തുടങ്ങി… അവനെ എങ്ങനെയെങ്കിലും ഒക്കത്തെടുത്ത് നടക്കുമ്പോൾ അമ്മയും അച്ഛനും ബാലൻ മാമനുമൊക്കെ ചോദിക്കുമായിരുന്നു… ” ഇപ്പോ എന്താ? ഉണ്ണീനെ പാത്രക്കാരൻ വരുമ്പോ കൊടുക്കണ്ടേ? അല്ലെങ്കിലിവിടെ കാറിപ്പൊളിക്കുമായിരുന്നല്ലോ… ഉണ്ണീനെ വല്ലോർക്കും കൊടുക്കണമെന്നും പറഞ്ഞ്… ” “വേണ്ട…. വേണ്ട… എന്റെ ഉണ്ണീനെ ആർക്കും കൊടുക്കണ്ട…” ഏതു സമയവും അനിയന്റെ കൂടെ കളിക്കലും അവനെ എടുത്ത് നടക്കലും അവന് ചോറു കൊടുക്കലും പാട്ടു പാടി കൊടുക്കലും അവനെ കുളിപ്പിക്കലുമായി പിന്നെ എന്റെ ദിനചര്യകൾ…….. വെളുത്ത് തുടുത്ത ഉണ്ണിയെ കാണുമ്പോൾ അത്രയ്ക്കൊന്നും നിറമില്ലാത്ത ഞാൻ എന്റെ കയ്യിലും കാലിലും നോക്കി ചെറിയ അസൂയയോടെ നെടുവീർപ്പിടുമെങ്കിലും അനിയന്റെ ഓമനത്തമുള്ള കവിളിൽ മറ്റുള്ളവർ വാത്സല്യത്തോടെ നുള്ളുന്നത് ഞാനഭിമാനത്തോടെ നോക്കി നിൽക്കുമായിരുന്നു…… എന്നെ ആരെങ്കിലും ലാളിക്കുന്ന അതേ സന്തോഷത്തോടെ…… ഞാൻ രണ്ടാം ക്ലാസിലും അനിയൻ എൽ.കെ.ജി.യിലും പഠിക്കുന്ന സമയത്താണ് അമ്മ വീണ്ടും ഗർഭിണിയാവുന്നത്.. ഒരനിയത്തിയെ… അമ്മയുടെ ശ്രദ്ധ അനിയത്തിയിലേക്ക് ചുരുങ്ങിയപ്പോൾ അനിയന്റെ പൂർണ്ണ ചുമതലയും ഞാനേറ്റെടുത്തു.. എന്റെ കൈ വിട്ടു പോവാനും അനിയന് നല്ല പേടിയായിരുന്നു.. ചേച്ചിയില്ലാതെ ഒരിടത്തും അവൻ പോവില്ല… വളരുന്ന സമയത്തും അവന് അനിയത്തിയേക്കാൾ കൂടുതൽ അടുപ്പം ചേച്ചിയായ എന്നോടായിരുന്നു..

ഞാൻ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് അച്ഛന്റെ അപ്രതീക്ഷിതമായ മരണം.. അത് ഞങ്ങളെ എല്ലാ രീതിയിലും ഒരനിശ്ചിതത്വത്തിലെത്തിച്ചു.. അച്ഛന്റെ സ്ഥാപനം നോക്കി നടത്താൻ ആളില്ലാതായതോടെ വരുമാന മാർഗ്ഗവും നിലച്ചു… അമ്മയ്ക്ക് അത് നടത്തിക്കൊണ്ടു പോകാനുള്ള കാര്യപ്രാപ്തിയോ അറിവോ ഇല്ലാത്തതിനാൽ അത് വിൽക്കേണ്ടി വന്നു.. ഞങ്ങൾ മൂന്നു പേരുടെയും വിദ്യാഭ്യാസച്ചെലവുകൾ ഒരു ചോദ്യചിഹ്നമായപ്പോൾ ചേച്ചിയും അനിയത്തിയും പഠിക്കാനായി നന്നായി പഠിക്കുന്ന അനിയൻ ഫോർമൽ വിദ്യാഭ്യാസം നിർത്തി… പല തൊഴിലും ചെയ്തു… അതിനൊപ്പം ഡിസ്റ്റന്റ് എഡ്യുക്കേഷൻ വഴി ഡിഗ്രിയുമെടുത്തു.. എന്റെയും അനിയത്തിയുടെയും വിവാഹവേളകളിലൊക്കെ വിവാഹച്ചെലവുകൾക്കുള്ള പണം പ്രതീക്ഷിച്ച സ്ഥലങ്ങളിൽ നിന്നും കിട്ടാതെ വരികയും തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചവർ അവസാന നിമിഷം കാലു മാറുകയും ചെയ്തപ്പോൾ പാവം എന്റെ അനിയൻ പണമൊപ്പിക്കാനായി പെട്ട കഷ്ടപ്പാട്… അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല… ഇന്നിപ്പോൾ ഒരു പാട് യുവാക്കൾക്ക് തൊഴിൽ നൽകുന്ന യുവ തൊഴിൽ സംരംഭകനും ആശ്രയം ചോദിച്ചാൽ കൈവിടില്ല എന്ന നാട്ടുകാരുടെ വിശ്വാസം കാക്കുന്നവനുമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്റെ അനിയൻ.

രചന: മേഘ മയൂരി

Leave a Reply

Your email address will not be published. Required fields are marked *