പിറകിലെ സീറ്റിൽ ഇരുന്നിരുന്ന അയാൾ നേർത്തൊരു ചിരിയോടെ കയ്യുയർത്തി കാണിച്ചു…

Uncategorized

രചന: സൂര്യകാന്തി

കോളേജ്..

നാളെയാണ് ഞാൻ ആദ്യമായി കോളേജിൽ പോവുന്നത്…

കിടന്നിട്ടെനിക്ക് ഉറക്കം വന്നില്ല…

എത്രയോ നാളെത്തെ സ്വപ്നമാണ് നാളെ സഫലമാവാൻ പോവുന്നത്…

“കൊണ്ടുപോവാനുള്ളതെല്ലാം എടുത്തു വെച്ചോ ഭവിയേ …?”

അമ്മ പിന്നെയും ചോദിച്ചു.. ഇതിപ്പോൾ നൂറാമത്തെ തവണയാണ്.. എന്നേക്കാൾ വേവലാതി അമ്മയ്ക്കാണ്…

പഠിപ്പിൽ അത്രയ്ക്ക് കേമിയൊന്നും അല്ലായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു വർഷം തലയും കുത്തി നിന്ന് പഠിച്ചത് ഇതിനു വേണ്ടി മാത്രമായിരുന്നു..

പ്രീഡിഗ്രിയ്ക്ക് പട്ടണത്തിലെ കോളേജിൽ പോവാൻ…

സാമാന്യം നല്ല മാർക്ക് ഉണ്ടായിരുന്നുവെങ്കിലും,നഗരത്തിലെ പ്രശസ്തമായ കോളേജിൽ നിന്നും,തന്നെ അഡ്മിഷൻ കാർഡ് വന്നപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു…

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്…

നാട്ടിൻപുറത്തെ സ്കൂളുകളിൽ പഠിച്ച ഞാൻ വിരലിലെണ്ണാവുന്ന തവണയേ കോഴിക്കോട് ടൗണിൽ പോയിട്ടുള്ളൂ..

വീട്ടിനടുത്തൊക്കെയുള്ള ചേച്ചിമാരും ചേട്ടന്മാരുമൊക്കെ പറഞ്ഞുള്ള അറിവിൽ നിന്നാണ് കലാലയ ജീവിതത്തിന്റെ വർണ്ണങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞു പോയത്..

ചെറിയച്ഛനാണ് നാളെ എന്റൊപ്പം കോളേജിൽ വരുന്നത്.. നാളെയാണ് അഡ്മിഷൻ എടുക്കേണ്ടത്..

നാട്ടിൽ നിന്നും ഏതൊക്കെയോ ചില കുട്ടികളും അവിടെ പഠിക്കുന്നുണ്ടെന്ന് ഇന്നലെ രാത്രി വന്നപ്പോൾ ചെറിയച്ഛൻ പറയുന്നത് കേട്ടിരുന്നു…

ആകെ മൂന്നോ നാലോ മണിക്കൂർ ഉറങ്ങിയിട്ടുണ്ടാവും.. പുലർച്ചെ എഴുനേറ്റു കുളിക്കാനായി നടന്ന എന്നെ,അടുക്കളജോലികൾക്കിടെ അന്താളിച്ച് നോക്കി നിന്ന അമ്മയെ കണ്ടു ഞാനൊരു അവിഞ്ഞ ചിരി ചിരിച്ചിരുന്നു..

കുളിച്ചൊരുങ്ങി ഭക്ഷണം കഴിക്കാനിരുന്നെങ്കിലും ഒന്നും തൊണ്ടയിൽ നിന്നും അങ്ങിറങ്ങുന്നില്ല…

അക്ഷമയോടെ, നിമിഷങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ ചെറിയച്ഛനെത്തി..

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി..

“സർട്ടിഫിക്കറ്റ് എല്ലാം എടുത്തില്ല്യെ ഭവിയേ ..?”…

സർട്ടിഫിക്കറ്റുകൾ വെച്ച പ്ലാസ്റ്റിക് കവർ, ഒന്നും കൂടെ മാറോട് ചേർത്ത്,മുറുകെ പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു..

“എല്ലാം എടുത്തിണ്ട് ചെറിയച്ഛ..”

വഴിയിൽ കണ്ട ആരുടെയൊക്കെയോ ചോദ്യത്തിന്, ഇവളെ കോളേജിൽ ചേർക്കാൻ പോവുകയാണെന്ന് ചെറിയച്ഛൻ പറയുന്നത് ഞാൻ അഭിമാനത്തോടെ കേട്ടു..

ഇന്ന് മുതൽ ഞാനും ഒരു കോളേജ് വിദ്യാർത്ഥിനിയാണ്..

കോഴിക്കോടേയ്ക്കുള്ള ബസ്സിൽ ഞാനും ചെറിയച്ഛനും കേറി…

തിരക്കുള്ള ബസ്സായിരുന്നു..

രണ്ടു സ്റ്റോപ്പിനപ്പുറത്തുള്ള സ്കൂളിലേയ്ക്ക് വിരളമായേ ബസ്സിന്‌ പോയിട്ടുള്ളൂ…

മാവൂർ റോഡ് എന്ന സ്ഥലത്ത് നിർത്തുമ്പോൾ ഇറങ്ങിയാൽ മതിയെന്നും, ഞാൻ വിളിച്ചോളാമെന്നും കേറുന്നതിനു മുൻപേ ചെറിയച്ഛൻ പറഞ്ഞിരുന്നത് കൊണ്ടു വേവലാതിയൊന്നും തോന്നിയിരുന്നില്ല..

കൗതുകത്തോടെ പുറത്തെ വിസ്മയക്കാഴ്ചകളിലേയ്ക്ക് മിഴി നട്ടുകൊണ്ടിരിക്കെ ബസ്സ് നിർത്തിയതും മാവൂർ റോഡ് എന്ന് ക്ലീനർ വിളിച്ചു പറയുന്നത് കേട്ടു ഞാൻ ധൃതിയിൽ എഴുന്നേറ്റു…

ഇറങ്ങുന്നതിനിടയിൽ ഞാൻ ചെറിയച്ഛനെ നോക്കിയിരുന്നു..പിന്നിലെ ഡോറിലൂടെ ഇറങ്ങി ചെറിയച്ഛൻ എന്റെ അരികിലെത്തി..

“ഇവിടുന്നിനി വേറെ ബസ്സിൽ പോണം..”

ചെറിയച്ഛനൊപ്പം നടക്കുന്നതിനിടെ റോഡിന്റെ സൈഡിലേയ്ക്ക് നിർത്തിയിട്ട പച്ച ബസ്സുകളിലേയ്ക്ക് നോക്കി പറഞ്ഞു…

സിറ്റി ബസ്സ് എന്ന പേര് ഞാൻ കേട്ടത് തന്നെ പിന്നെയും കുറേകാലം കഴിഞ്ഞാണ്..

ചെറിയച്ഛനും ഞാനും നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾക്ക് അരികിലെത്തി..

ബസ്സുകളിലേയ്ക്ക് മാറി മാറി നോക്കിക്കൊണ്ട് ചെറിയച്ഛൻ പറഞ്ഞു…

“ഇതിൽ കയറാം..നീ കയറിയിരുന്നോ.. എത്തുമ്പോൾ ഞാൻ വിളിക്കാം..”

മുന്പിലെ ബസ്സിനുള്ളിലേയ്ക്ക് നോക്കി നിന്നിരുന്ന ഞാൻ തല കുലുക്കി..

റോഡിരികിൽ നല്ല തിരക്കായിരുന്നു..

ഞാൻ പതിയെ മുൻപിലെ ഡോറിൽ കൂടെ കയറി.. ബസ്സിൽ ആളുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു..

ഭാഗ്യത്തിന് മുന്പിലെ നിരയിൽ ഒഴിഞ്ഞുകിടന്നിരുന്ന അവസാനസീറ്റ് എനിയ്ക്ക് കിട്ടി.. ഞാനൊന്ന് തിരിഞ്ഞു നോക്കിയെങ്കിലും പിറകിൽ നിറയെ ആളുകൾ നിൽക്കുന്നതിനാൽ ചെറിയച്ഛനെ കാണാനായില്ല..

ഇരിക്കാൻ സീറ്റ്‌ കിട്ടിക്കാണും..

ഞങ്ങൾ കയറിയതിന്റെ പിറകിലെ ബസ്സ് സ്റ്റാർട്ട്‌ ചെയ്ത് പോവുന്നത് ഞാൻ കണ്ടിരുന്നു…

തൊട്ടു പിന്നാലെ ഞങ്ങളുടെ ബസ്സും എടുത്തു..

തിരക്കിനിടയിലൂടെ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ പിറകിൽ ആളുണ്ടെന്ന് പറഞ്ഞു ഞാൻ വീണ്ടും കാഴ്ചകളിലേക്ക് മുഖം തിരിച്ചു…

ഒരു ചെറിയ കുന്നിൻ മുകളിലാണ് കോളേജ്ന്ന് കേട്ടിട്ടുണ്ട്.. അടിപൊളി ക്യാമ്പസ് ആണെന്നും ചില്ലറ റാഗിംഗ് ഒക്കെയുണ്ടാവുമെന്നും….

ബസ്,സ്റ്റോപ്പുകളിൽ നിർത്തി ആളുകൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഞാനേതോ സ്വപ്നലോകത്തായിരുന്നു…

പിന്നെ ബസ് നിർത്തിയതും അവശേഷിച്ച ആളുകൾ ഓരോരുത്തരായി ഇറങ്ങുന്നത് കണ്ടാണ് ഞാനൊന്ന് ഞെട്ടിയത്.. തട്ടിപിടഞ്ഞു എഴുന്നേൽക്കുമ്പോഴേക്കും ആളുകളെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു

വാതിലിനരികെ നിന്ന് എത്തിനോക്കിയപ്പോൾ ചെറിയച്ഛനെ കണ്ടില്ല..

എന്റെ അടിവയറ്റിലൊരു ആന്തൽ ഉരുണ്ടുകയറി…

എന്റെ പരിഭ്രാന്തി കണ്ടാണ് കണ്ടക്ട്ടർ സംശയത്തോടെ അടുത്തേയ്ക്ക് വന്നത്..

“എന്താ കൊച്ചേ ഇറങ്ങാത്തെ..?”

“അത്.. ചെറിയച്ഛൻ.. എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കാണാനില്ല..”

അയാളുടെ നെറ്റി ചുളിഞ്ഞു..

“കൊച്ചിനപ്പോൾ ഇറങ്ങേണ്ടത് ഇവടല്ലേ..?”

“എനിക്ക്.. എനിക്കറിയത്തില്ല..”

“ങേ…”

അയാൾ അമ്പരപ്പോടെ എന്നെ നോക്കി..

“ഗുരുവായൂരപ്പൻ കോളേജിലേയ്ക്കാണ് പോകേണ്ടത്.. ”

ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു..

“കൊച്ചേ ഇത് വേറെ റൂട്ടാണ്… കോളേജിലേയ്ക്ക് പോകുന്ന ബസ്സിലാണ് അങ്ങോട്ട് പോവേണ്ടത്..പൊക്കുന്ന്..”

ഞാൻ പകപ്പോടെ അയാളെ നോക്കി..

“കൊച്ചിന്റെ കൂടെയുള്ളയാൾ കോളേജിലേയ്ക്കുള്ള മറ്റേ ബസ്സിൽ കയറി പോയിട്ടുണ്ടാകും…”

ഇടിത്തീ പോലെ ആ വാക്കുകൾ എന്റെ ചെവിയിൽ പതിച്ചു..

എന്റെ നാട്ടിലുള്ള സ്കൂളിനപ്പുറത്തേയ്ക്ക് ഞാൻ തനിച്ചു പോയിട്ടില്ല.. അച്ഛന്റെ കയ്യും പിടിച്ചു നാലോ അഞ്ചോ തവണ കോഴിക്കോട് ടൗണിൽ വന്നിട്ടുണ്ടെന്നതിനപ്പുറം ഒരു സ്ഥലവും എനിക്കറിയില്ല .. എല്ലാത്തിലുമുപരി എന്റെ കയ്യിൽ അഞ്ച് പൈസയില്ല..

പൊട്ടിക്കരഞ്ഞു കൊണ്ടു മുഖവും പൊത്തി ഞാൻ ബസിന്റെ സീറ്റിലേയ്ക്ക് ഇരുന്നതും പരിഭ്രമത്തോടെ എന്നെ നോക്കി അയാൾ പിന്തിരിഞ്ഞു..

തെല്ലു കഴിഞ്ഞതും ബസ്സിന്റെ ഡോറിനരികെ കണ്ടക്ട്ടർ ഉൾപ്പെടെ മൂന്നാല് പേര് കൂടി നിൽക്കുന്നതും എന്നെ നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നതും ഞാൻ കണ്ടു..പേടി കൊണ്ടു മുഖമുയർത്താൻ പോലും ഞാൻ മടിച്ചു..

തെല്ലും കഴിഞ്ഞതും കണ്ടക്ട്ടറും വേറെയൊരാളും കൂടെ എന്റെ അരികിലെത്തി..

“കൊച്ചേ, ഇത് പൊക്കുന്നിലേയ്ക്ക് പോകുന്ന ബസ്സല്ല,.. ഇത് ഇനി ഇവിടെ നിന്ന് പുതിയ സ്റ്റാൻഡിലേയ്ക്കാണ് തിരിച്ചു പോവുക.. അവിടെ ഇറക്കി തരാം.. കൊച്ചു അവിടെ നിന്ന് നാട്ടിലേയ്ക്ക് ബസ്സ് പിടിച്ചോ..”

എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു..

ഞാൻ വിതുമ്പിക്കൊണ്ടേയിരുന്നു..

“കൊച്ചിന്റെ വീട്ടിലെ ഫോൺ നമ്പർ വല്ലതും ഉണ്ടോ..?”

ഇല്ലെന്ന് ഞാൻ തലയിളക്കി…

“അടുത്ത വീട്ടിലേതു വല്ലതും..?”

നിസ്സഹായതയോടെ അതിനും ഇല്ലെന്നുള്ള എന്റെ മറുപടി കേട്ട് അവർ പിന്തിരിഞ്ഞു..

മൊബൈൽ ഫോൺ പോയിട്ട്,ലാൻഡ് ഫോൺ പോലും നാട്ടിലെ ചുരുക്കം ചില വീടുകളിൽ മാത്രം ഉള്ള കാലം..

ബസ്സിൽ കയറുന്ന ആളുകളെല്ലാം വിചിത്രജീവിയെ പോലെ എന്നെ നോക്കുന്നതും കുശുകുശുക്കുന്നതും ഒന്നുമെന്റെ ശ്രെദ്ധയിൽ പെട്ടിരുന്നില്ല..

എനിക്കപ്പോൾ അച്ഛനെയും അമ്മയെയും കാണാൻ മാത്രമേ തോന്നിയിരുന്നുള്ളു…

“കയറുമ്പോൾ കൂടെ ആളുണ്ടോന്ന് നോക്കണ്ടേ..?”

“പോട്ടെ, കയറിക്കഴിഞ്ഞാൽ കൂടെയുള്ളയാൾ കയറിയിട്ടുണ്ടോന്ന് ശ്രെദ്ധിക്കണ്ടേ ..?”

“ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിക്കൂടെ ..?”

“ഇത്രേം വല്യ കുട്ടിയായിട്ട് ഇവിടെ എത്തിയപ്പോഴാണോ ബസ് മാറിയത് അറിഞ്ഞത്..?”

എന്ന് തുടങ്ങി ഇതിലെന്തോ പന്തികേട് ഉണ്ടല്ലോ എന്ന മട്ടിൽ നോക്കുന്നവരും…

ബസ്സിൽ ആളുകൾ നിറഞ്ഞു..…

പൊടുന്നനെയാണ് പിറകിലെ സീറ്റിൽ നിന്നൊരു കൈ എന്റെ ചുമലിൽ തട്ടിയത്.. കൂടെയൊരു ചോദ്യവും..

“മോൾക്ക് എവിടേയ്ക്കാ പോവേണ്ടത്..?”

മധ്യവയസ്കനായ കറുത്തു തടിച്ചൊരാൾ.. ഉള്ളിലൊരു ഭയം തോന്നിയെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു..

“എനി…എനിക്ക് കോളേജിലേയ്ക്ക് പോയാൽ മതി…”

ചെറിയച്ഛൻ അങ്ങോട്ടാണ് പോയത് എന്ന തോന്നലിൽ ആയിരിക്കണം ഞാൻ അങ്ങനെ പറഞ്ഞത്…

“സാരമില്ല. കരയണ്ട… ഞാൻ കൊണ്ടു വിടാം..”

ഞാൻ അവിശ്വസനീയതയോടെ അയാളെ നോക്കിയപ്പോൾ അയാൾ എന്നെ നോക്കി അലിവോടെ ചിരിച്ചു…

പക്ഷെ കയറിയ സ്ഥലത്ത് തിരികെ എത്തുവോളം ഞാൻ കരയുകയായിരുന്നു…

ബസ്സിൽ നിന്നും ഇറങ്ങിയതും അയാൾ എന്റെ അടുത്തെത്തി..

പോക്കറ്റിൽ നിന്നും ഒരു കർച്ചീഫ് എടുത്തു എടുത്തു എന്റെ നേരെ നീട്ടി അയാൾ പറഞ്ഞു…

“മോള് മുഖം തുടയ്ക്ക്..”

“വേ വേണ്ടാ.. ന്റടുത്ത്ണ്ട്..”

കയ്യിൽ ചുരുട്ടി പിടിച്ച തൂവാല കൊണ്ടു മുഖം തുടച്ചു ഞാൻ..

“വാ..”

നിർത്തിയിട്ട പച്ച ബസ്സിനരികിലേയ്ക്ക് നടക്കുന്നതിനിടെ അയാൾ പറഞ്ഞു..

“കയറിക്കോ..”

ഞാൻ മുൻപിലെ ഡോറിൽ കൂടെ കയറി കഴിഞ്ഞിട്ടാണ് അയാൾ പിറകിലേയ്ക്ക് പോയത്..

ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു ഞാൻ പിറകിലേയ്ക്ക് തിരിഞ്ഞു നോക്കി.. പിറകിലെ സീറ്റിൽ ഇരുന്നിരുന്ന അയാൾ നേർത്തൊരു ചിരിയോടെ കയ്യുയർത്തി കാണിച്ചു..

ചെറിയച്ഛൻ അവിടെ തന്നെ ഉണ്ടാവണെയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴും ഞാൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

“കോളേജ്.. കോളേജ്…”

ക്ലീനർ പറയുന്നത് കേട്ട് ഞാൻ എഴുന്നേൽക്കുമ്പോഴേക്കും അയാൾ പിറകിൽ നിന്നും എഴുന്നേറ്റു എന്നെ നോക്കി ഇറങ്ങാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു..

ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി മുൻപിൽ നടന്നിരുന്ന അയാൾക്ക് പിറകെ നടക്കുമ്പോൾ കോളേജ് വിദ്യാർത്ഥികളെന്ന് തോന്നിക്കുന്ന കുട്ടികളെ ഞാൻ കണ്ടു…

ആ മനോഹരമായ ക്യാമ്പസിന്റെ ഭംഗിയൊന്നും ആസ്വദിക്കാനുള്ള മനസ്സ് അപ്പോഴെനിക്ക് ഇല്ലായിരുന്നു..

ഉള്ളിൽ,ചെറിയച്ഛൻ അവിടെ ഉണ്ടായിരിക്കണേയെന്ന ചിന്ത മാത്രം..

ഓഫീസിനരികെ എത്തിയപ്പോഴാണ് എവിടുന്നോ ഒരാൾ ഞങ്ങൾക്കരികിലേയ്ക്ക് ഓടിയെത്തിയത്…

“ഭവ്യയല്ലേ…?”

ആ ചേട്ടനെ എവിടെയോ കണ്ടു പരിചയം ഉള്ളത് പോലെ എനിക്ക് തോന്നി…

“ഞാനും തിരുവങ്ങൂർ ഉള്ളതാ…”

ശ്വാസം വിടാതെ ഒരു നിമിഷം ഞാൻ ആ ചെക്കനെ നോക്കി…

“എവിടാരുന്നെടോ…. ഭാസ്കരേട്ടൻ അവിടെ ആധി പിടിച്ചിരിപ്പുണ്ട്..’

“ചെറി .. ചെറിയച്ഛൻ..?”

“ഇവിടെണ്ട്.. തന്നെ കാണാനില്ലെന്നും പറഞ്ഞു ഇവിടുന്ന് കൊറച്ചു പേര് തെരക്കിയിറങ്ങിയിട്ടുണ്ട്.. നമ്മടെ നാട്ടിലുള്ള കുട്ടികളാ.. ഭാസ്കരേട്ടന് തല കറങ്ങിയത് കൊണ്ടു ഞങ്ങൾ നിർബന്ധിച്ചു ഇവിടെ ഇരുത്തിയതാ…”

“യ്യോ..”

“താൻ വാ..”

അവനോടൊപ്പം നടക്കാൻ തുടങ്ങുമ്പോഴാണ് എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റേയാളെ അവൻ ശ്രെദ്ധിച്ചത് ..

“ഇത്..?”

“ഞാൻ ബസ്സ് മാറിക്കേറിപ്പോയതാ, ഇവരാണ് എന്നെ കൊണ്ടു വിട്ടത്…”

“ഹാ..”

അവൻ അയാളെ നോക്കി ചിരിച്ചു…

അവനോടൊപ്പം ഞങ്ങൾ ചെന്നെത്തിയത് ഒരു ക്ലാസ്സ്‌ മുറിയിലേയ്ക്കായിരുന്നു..

അവിടെയൊരു ബെഞ്ചിൽ, നെഞ്ചുഴിഞ്ഞു തളർന്നു, തകർന്നെന്നോണം ഇരിക്കുന്ന ചെറിയച്ഛൻ..

ആ നിമിഷം വാക്കുകളാൽ പറഞ്ഞു തീർക്കാൻ കഴിയാവുന്നതായിരുന്നില്ല..

ഷർട്ടിന്റെ ബട്ടൻ മൂന്നാലെണ്ണം അഴിഞ്ഞു കിടക്കുന്നു.. വിയർത്തൊഴുകുന്നുണ്ട്…

വാതിൽക്കൽ നിൽക്കുന്ന ആ ചേട്ടനെയും എന്നോടൊപ്പം വന്നയാളെയും നോക്കാതെ ഞാൻ ധൃതിയിൽ അകത്തേയ്ക്ക് കയറി

അരികിൽ ഒരനക്കം അറിഞ്ഞത് കൊണ്ടാവണം ചെറിയച്ഛൻ മുഖമുയർത്തിയത്.. എന്നെ കണ്ടതും ഒരു നിമിഷം ആ മുഖത്ത് അമ്പരപ്പ് തെളിഞ്ഞു.. അടുത്ത നിമിഷം ആ വിയർത്തൊഴുകുന്ന നെഞ്ചിലേയ്ക്ക് ചെറിയച്ഛൻ എന്നെ ചേർത്ത് പിടിച്ചു…

“മോളെ. ഭവി …”

ആ ശബ്ദം ഇടറിയിരുന്നു..മുഖമുയർത്തിയപ്പോൾ ചെറിയച്ഛന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു..

“ഞാൻ… ഞാൻ ശ്രെദ്ധിച്ചില്ല മോളെ.. നീ മറ്റേ ബസ്സിലാണ് കയറിയേന്ന്..”

പൊതുവെ അല്പം ഗൗരവക്കാരനായ ചെറിയച്ഛന്റെ ആ ഒരു ഭാവം ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു…അവസാനമായും…

“ന്നാലും നീയെങ്ങനെ ഇവടെത്തി..?”

ഞാൻ കൂടെ വന്നയാളെ പറ്റി പറഞ്ഞു കൊണ്ടു തിരിഞ്ഞു വാതിൽക്കലേയ്ക്ക് നോക്കി..

അവിടെ ആരും ഉണ്ടായിരുന്നില്ല..

പുറത്തേയ്ക്ക് ഓടിയ എന്റെ പിറകെ ചെറിയച്ഛനും ഉണ്ടായിരുന്നു..

ആരോടോ സംസാരിച്ചു നിൽക്കുന്ന ഞങ്ങളുടെ കൂടെ വന്ന ചേട്ടനെ കണ്ടതും ഞാൻ ചോദിച്ചു..

“ഏട്ടാ.. എന്റെ കൂടെ വന്ന…”

“ഹാ.. പുള്ളി പോയല്ലോ.. എന്തോ ഹോസ്പിറ്റലിൽ കേസുണ്ട്, തിരക്കുണ്ട്, നിങ്ങളോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു…”

അവൻ പറഞ്ഞതും ഞാൻ ചുറ്റും നോക്കി..

“നല്ല മനുഷ്യൻ അല്ലെ..?”

ചെറിയച്ഛനോട് അവൻ പറയുന്നത് കേൾക്കുമ്പോഴും എന്റെ കണ്ണുകൾ അയാളെ തിരയുകയായിരുന്നു..

ഒരു നന്ദി പോലും പറഞ്ഞില്ല.. എന്തിനു പേര് പോലും അറിയില്ല..

ആരെന്തോ എന്തെന്നോ അറിയാത്ത, ഊരും പേരുമറിയാത്ത ആ മനുഷ്യനെയാണ് ഞാൻ ഇന്നും ഏറ്റവും നന്ദിയോടെ ഓർക്കുന്നത്..

രചന: സൂര്യകാന്തി

Leave a Reply

Your email address will not be published. Required fields are marked *