ചേച്ചിയുടെ വീട് അന്വേഷിച്ചു പക്ഷെ ആർക്കും അറിയില്ലായിരുന്നു…

Uncategorized

രചന: Susmitha Subramanian

പ്രഭ

” പ്രഭേച്ചി .. ”
നീട്ടിയുള്ള വിളി കേടാണ് പ്രഭ തിരിഞ്ഞു നോക്കിയത് .നല്ല പരിചയമുള്ള മുഖം . അല്ലെങ്കിലേ ഓഫീസിൽ നിന്ന് വൈകിയുള്ള വരവ് കൊണ്ട് കെട്ടിയവന്റെ ചീത്ത കേൾക്കണം . ഇനിയിപ്പോൾ ഒരാണിനോട് മിണ്ടിനിന്നിട്ടു മതി !

“ചേച്ചിക് എന്നെ മനസിലായില്ലേ ? ”

“എവിടെയോ വച്ച് കണ്ടിട്ടുണ്ട് . പക്ഷെ ഓര്മ കിട്ടുന്നില്ല .”

” ഞാൻ ആനിയുടെ ഹസ്ബന്റ് ആണ്. ”

ആനി.പണ്ട് ഒരേ ടെക്സ്റ്റൈൽസിൽ ഉണ്ടായിരുന്നവൾ . കുട്ടിക്ക് പനിയാണ് എന്ന് പറഞ്ഞു ലീവിൽ പോയതിൽ പിന്നെ കണ്ടിട്ടില്ല .താനും വൈകാതെ അവിടുന്ന് മാറി.
” പ്രഭചേച്ചി എനിക്കൊരു രണ്ടായിത്തഞ്ഞൂറു രൂപ വേണം . ചങ്ങമ്പുഴ പാർക്കിന്റെ അവിടെ ഹസ്ബന്റ് വരും . ഒന്ന് കൊടുത്തേക്കാവോ ? വേറെ ആരുമില്ല ഞങ്ങള്ക് കടം തരാൻ . ” ആറുവർഷം മുൻപ് അവസാനമായി അവൾ വിളിച്ചത് ഈ ആവശ്യം പറഞ്ഞാണ് . പാർക്കിന്റെ അടുത്താണ് തന്റെ വീടെന്നു അവൾക്കറിയാം . താൻ അന്ന് കാശുകൊണ്ട് പോയി കൊടുത്തത് ഇയാൾക്കാണല്ലോ എന്ന് പ്രഭ ഓർത്തു .

” ചേച്ചി ഇപ്പൊ മനസിലായോ ? ”

” ആനിയും മോനുമൊക്കെ എന്തെടുക്കുന്നു ? ” ഒരു ചിരിയോടെ ചോദിച്ചു

” സുഖമായിട്ടിരിക്കുന്നു ചേച്ചി . ചേച്ചി അന്ന് ആ കാശു തന്നിലായിരുന്നെങ്കിൽ ഞങ്ങളുടെ മോൻ .. അവനു ന്യൂമോണിയ കൂടുതൽ ആയിരുന്നു . ഗവണ്മെന്റ് ഹോസ്പിറ്റലിലാ കാണിച്ചേ . പക്ഷെ ഡോക്ടർക്ക് കാശു കൊടുത്താലേ നല്ല ചികിത്സ കിട്ടു എന്ന് പറഞ്ഞു . ഒത്തിരി നാൾ ഹോസ്പിറ്റലിൽ കിടന്നു . ചേച്ചിയെ വിളിക്കാൻ ദൈവമായിട്ട അവളെ കൊണ്ട് തോനിപ്പിച്ചേ . ”

അവൻ പോക്കറ്റിൽ നിന്ന് അയ്യായിരം രൂപ എടുത്ത് പ്രഭയുടെ നേരെ നീട്ടി .

” വേണ്ടെടോ . മോൻ സുഖമായല്ലോ . അത് കേട്ടപ്പോൾ തന്നെ സന്തോഷം . ” സന്തോഷത്തോടെ പ്രഭ മറുപടി കൊടുത്തു .

” കുറച്ചു നാളുകൾ ഞാൻ ജോലിയില്ലാതെയും മറ്റും ഇരുന്നു . അവൾക്കും മോനെ വിട്ട് ജോലിക് പോകാൻ പറ്റിലായിരുന്നു. നല്ലൊരു ജോലി കിട്ടി ആദ്യം സാലറി കിട്ടിയപ്പോൾ തന്നെ ഞാൻ ഇവിടെയാണ് വന്നത് . ചേച്ചിയുടെ വീട് അന്വേഷിച്ചു പക്ഷെ ആർക്കും അറിയില്ലായിരുന്നു . പിന്നീട് എല്ലാ മാസവും സാലറി കിട്ടിയാൽ ഞാൻ ഇവിടെ വരാറുണ്ട് .കൈയിൽ ഇരുന്നാൽ തീർന്നു പോകുമേ . ചേച്ചിയുടെ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ചോഫ് . ”

അന്ന് ബെയ്‌സ് മോഡൽ നോക്കിയ ഫോൺ ആയിരുന്നു കൈയിൽ .ബസിൽ വച്ച് ആരോ പേഴ്സ് അടിച്ചു മാറ്റിയപ്പോൾ ഫോൺ ഉൾപ്പെടെ പോയി .
ഫോൺ ഒക്കെ നഷ്ടപ്പെട്ടാൽ അതെ നമ്പർ തന്നെ വീണ്ടും എടുക്കാമെന്നുള്ള വിവരമൊന്നും തനിക് ഇല്ലായിരുന്നല്ലോ .
” എന്റെ ഫോൺ പോയി . കൂടെ എല്ലാവരുടെയും നമ്പറുകളും . ”

” ചേച്ചി ഇത് വാങ്ങണം . എന്റെ മോന്റെ ജീവനോളം വരില്ലല്ലോ ഇത് . അവൾക്കും അതാകും സമാധാനം . ”

അതിൽ നിന്ന് രണ്ടായിരത്തഞ്ഞൂറു രൂപ മാത്രമെടുത്തു ബാക്കി തിരിച്ചു കൊടുത്തു . ” ഞങ്ങളുടെ പ്രാത്ഥനയിൽ ചേച്ചി എന്നും ഉണ്ടാകും . ” കൈ കൂപ്പി പറഞ്ഞു കൊണ്ടവൻ നടന്നകന്നു .

ആറുവർഷം മുൻപ് കാശുകൊടുത്തു തിരിച്ചു വന്ന ദിവസം പ്രഭ ഓർത്തു . ” നിന്റെ ഈ സ്വഭാവം മാറ്റാതെ നീ ഗുണം പിടിക്കില്ലെടി . ” ചേട്ടൻ അന്ന് എന്തോരമാണ് ദേഷ്യപ്പെട്ടത് . ‘അമ്മ പറഞ്ഞു ” നീ ചെയ്തത് നല്ല കാര്യമാ മോളെ , അവളുടെ കയ്യിൽ കാശുണ്ടാകില്ല . അല്ലെങ്കിൽ ഇത്രയും ദൂരം രണ്ടായിത്തഞ്ഞൂറു രൂപയ്ക്കുവേണ്ടി അവൻ വരില്ലായിരുന്നു . ” അല്ലെങ്കിലും അമ്മയുടെ സ്വഭാവമാണല്ലോ തനിക്കും കിട്ടിയിരിക്കുന്നത് .

ആനിയെ അന്നൊന്നും വിളിക്കാതിരുന്നത് കാശിന്റെ കാര്യം ഓർത്തു അവൾ ഫോൺ എടുത്തില്ലെങ്കിലോ എന്നോർത്താണ്. പിന്നീട് ഫോണും പോയി . അവളെ ഇടയ്ക്കൊക്കെ ഓർക്കുമ്പോൾ കാശിന്റെ കാര്യമാണ് പക്ഷെ ഓര്മവരുന്നത് .ഇനിയത് കിട്ടില്ലെന്ന്‌ മനസ്സിൽ ഉറപ്പിച്ചു . കിട്ടാനുള്ളതൊക്കെ മറന്നു വീണ്ടും മറ്റുള്ളവക്ക് കടം കൊടുത്തു തുടങ്ങിയപ്പോൾ ആനിയും മറവിയിലേയ്ക്ക് പോയി . തന്റെ പേര് തന്നെ പലരും സേവ് ചെയ്ത് വച്ചിരിക്കുന്നത് വേൾഡ് ബാങ്ക് എന്നാണല്ലോ.

എങ്കിലും ആറുവർഷമായി തരാനുള്ള കാശുമായി ഒരാൾ നടക്കുന്നത് അവൾക്കു അത്ഭുതമായി തോന്നി . സന്തോഷം കൊണ്ട് , ഇടയ്ക്കെങ്കിലും തെറ്റിദ്ധരിച്ചല്ലോ എന്നുള്ള കുറ്റബോധം കൊണ്ട് , പ്രഭയുടെ കണ്ണ് നിറഞ്ഞു .
ലൈക്ക് കമന്റ് ചെയ്യണേ…

രചന: Susmitha Subramanian

Leave a Reply

Your email address will not be published. Required fields are marked *