ഇഷ്ടം…പ്രണയം…ജീവിതം…

Uncategorized

രചന: Vibin B P Babu

“എന്റെ ജാതകത്തില് രണ്ട് കല്യാണം പറഞ്ഞിട്ടുണ്ട്” അമ്മുവിന്റെ ശബ്ദത്തിൽ അവളുടെ തീരുമാനം കൂടി ഉണ്ടായിരുന്നു. ഇടയ്ക്കു ഉറക്കത്തിൽ നിന്നും ചാടിയെണീറ്റ് വിഷ്ണു അത് തന്നെയാണ് ഓർമിച്ചത്. അവളെ കണ്ടതും പരിചയപ്പെട്ടതും എപ്പഴോ തമ്മിൽ ഇഷ്ടങ്ങൾ പറഞ്ഞതും എല്ലാം മനസിലൂടെ ഓടി നടന്നു. തന്നെക്കാളും കുറച്ചു കൂടി പ്രാക്ടിക്കൽ ആണ് അവളെന്നു അവനെപ്പോഴും തോന്നാറുണ്ട്. കമ്പനിയിൽ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ആദ്യമായി അമ്മുവിനെ കാണുന്നത്. പ്രൊജക്റ്റ് കോർഡിനേറ്റർ ആയിരുന്നു. നിറയെ മുടിയുള്ള ഉണ്ടക്കണ്ണുകളുള്ള എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു കറുമ്പി.

അവന്റെ സങ്കല്പങ്ങളൊക്കെ ഏകദേശം ഒരുമിച്ചു വന്നൊരു പെൺകുട്ടി. പിന്നീടുള്ള ദിവസങ്ങളിൽ അമ്മു എന്നൊരു ചിന്ത മാത്രമായി മനസ്സിൽ. അവൾ കൂടെയുള്ളപ്പോൾ ജോലി ചെയ്യാനൊക്കെ വല്ലാത്തൊരു എനർജി കിട്ടുന്നത് പോലെയൊക്കെ തോന്നാറുണ്ട് വിഷ്ണുവിന്.കൂടെ ജോലി ചെയ്യുന്ന അഭിനന്ദിന്റെ ബെർത്ത്ഡേ പാർട്ടി നടന്ന ഒരു ദിവസം, ആൾതിരക്കിനിടയിൽ നിന്നും അമ്മുവിനെ വിഷ്ണു വിളിച്ചു കൊണ്ട് ഹോട്ടലിലെ ഒരു ഒഴിഞ്ഞ കോണിലേയ്ക്ക് പോയി. രാത്രിയുടെ തണുപ്പിൽ തല താഴ്ത്തി നിൽക്കുന്ന നഗരത്തെ ജനലിലൂടെ അവൻ കുറെ നേരം നോക്കിനിന്നു. ” അമ്മു എനിക്കൊരു കാര്യം പറയാനുണ്ട്… വിറങ്ങലിച്ച ശബ്ദത്തിൽ വിഷ്ണു പറഞ്ഞു… അമ്മു അവനെ തന്നെ നോക്കി നിന്നു. മനസ്സിൽ ചെണ്ടയും ചേങ്ങിലയും ഒരുമിച്ചു മുഴങ്ങുന്നത് പോലെ അവന് തോന്നി. “പദ്മനാഭസ്വാമി താൻ പറയാൻ പോകുന്ന കാര്യം തെറ്റാണെന്നു അറിയാം. പക്ഷെ പറഞ്ഞില്ലെങ്കിൽ.. അവൾ കൂടെയില്ലെങ്കിൽ തന്റെ ജീവിതം വേറെന്തെങ്കിലുമൊക്കെ ആയി തീരുമെന്ന് തോന്നുന്നു. എന്നോട് ക്ഷമിക്കാനുള്ള മനസ് ഉണ്ടാവണേ ഭഗവാനെ..

” സമ്മതം വാങ്ങിയതാണ് പദ്മനാഭ സ്വാമിയുടെ പക്കൽ നിന്നും. ഇപ്പോഴും അമ്മു എന്തോ ഭാവിച്ച പോലെ തന്നെ അവളുടെ താലിയിൽ നോക്കി നോക്കി നിൽക്കുകയാണ്.. വിഷ്ണു എന്താണ് പറയാൻ പോവുന്നതെന്ന് അവൾക്കു നല്ല ബോധ്യം ഉണ്ടായിരുന്നു. പറയാനായി മനസിനെ വിഷ്ണു പാകപ്പെടുത്തി. അവൻ കുറച്ചു കൂടി അവളോട് ചേർന്ന് നിന്നു. ആ കണ്ണുകളിലേക്കു നോക്കി. “വിഷ്ണുവേട്ട.. പറയണ്ട.. പറയാൻ വരുന്ന കാര്യം എന്താണെന്നു എനിക്കറിയാൻ പറ്റുന്നുണ്ട്. എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷത്തോളമായി. സന്തോഷമാണോ സങ്കടമാണോ എന്നൊന്നും അറിയില്ല.. കരയാതെ ഉറങ്ങിയിട്ടും അത്രയും തന്നെ ആയി.. പക്ഷെ എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ മോനാണ്. അവന് വേണ്ടി തന്നെയാണ് ഞാൻ ജീവിക്കുന്നതും. പ്രണയം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ വെറുപ്പാണ് എനിക്ക്.. “അമ്മു” വിഷ്ണു ഇടയ്ക്കു കയറി. ആ കണ്ണുകളിൽ കണ്മഷി പടർന്നിരിക്കുന്നു. എങ്കിലും അതിനുള്ളിലെ തിളക്കം അവൻ കാണുന്നുണ്ടായിരുന്നു.

പ്രണയ വിവാഹം ആയിരുന്നു അവളുടേത്‌. കോളേജിൽ അമ്മുവിൻറെ സീനിയർ ആയിരുന്നു വിജയ്. ഒരു സാധാരണ കുടുംബത്തിലെ അംഗം. രണ്ട് വർഷത്തെ പ്രണയം.. പട്ടിണികിടന്നും കരഞ്ഞു വിളിച്ചും അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചു..ലോകത്തിലെ ഏറ്റവും അധികം സന്തോഷമുള്ള പെണ്ണ് താനാണെന്ന് അവൾക്കു തോന്നി. കല്യാണമൊക്കെ കഴിഞ്ഞു അവർ ജീവിതം ആരംഭിച്ചു. അമ്മുവിന്റെ അച്ഛനും അമ്മയും ദുബായിയിൽ ആയിരുന്നു. ഇവിടെ അമ്മൂമ്മയോടും മാമനോടും ഒപ്പമാണ് അമ്മു. വിജയുടെ വീട്ടിലെ ജീവിതം സന്തോഷം നിറഞ്ഞത് തന്നെയായിരുന്നു. സ്വന്തം മോളെ പോലെ തന്നെയായിരുന്നു അമ്മായി ‘അമ്മ അമ്മുവിനോട് പെരുമാറിയിരുന്നത്. പക്ഷെ പെട്ടെന്നാണ് വിജയ് ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക ബാധ്യതകൾ കാരണം ഉടനെ പൂട്ടുമെന്ന് അറിയുന്നത്. ആകെ തളർന്നിരുന്നു വിജയ്.

ഒരു കാർ വാങ്ങി ടാക്സി ആയിട്ട് ഓടിയാലോന്നു അവൻ ആലോചിച്ചു. പക്ഷെ അതിനുള്ള കാശ്.. അതായിരുന്നു ചിന്ത അച്ഛൻ കൊടുത്ത സ്വർണ്ണത്തിൽ നിന്നും അമ്മു കാർ എടുക്കാൻ വേണ്ടിയുള്ളത് വിജയ്ക്ക് കൊടുത്തു. പിന്നീടാണ് ജീവിതത്തിലെ ദുരിതങ്ങൾ തുടങ്ങുന്നത്. ഓരോ ചെറിയ ആവശ്യങ്ങൾക്കു വരെ ആഭരണങ്ങൾ വിജയും വീട്ടുകാരും ചോദിച്ചു കൊണ്ടിരുന്നു.

ഓരോ ദിവസം കഴിയുംതോറും വിജയുടെ സ്വാഭാവം മാറുന്നത് പോലെ അമ്മുവിന് തോന്നി..പക്ഷെ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ അവളതൊന്നും കാര്യമാക്കിയില്ല..ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. മോന്റെ ഒന്നാംപിറന്നാൾ ദിവസം. അമ്മുവിൻറെ അച്ഛനുമായി വിജയ് വഴക്കായി. വളരെ മോശം ഭാഷയിൽ വിജയ് അച്ഛനോട് സംസാരിച്ചു. ആ രാത്രിയിൽ തന്നെ അമ്മുവിനെയും കൂട്ടി അച്ഛനും അമ്മയും അവരുടെ വീട്ടിലേക്കു മടങ്ങി. കുറെ നാളുകൾക്കു ശേഷം വിജയ് അമ്മുവിനെ കാണാൻ ചെന്നിരുന്നു. അച്ഛനോട് മാപ്പ് പറഞ്ഞു കരഞ്ഞു. അവളെയും മകനെയും കൂട്ടി പുതിയൊരു ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു വിജയ്. പക്ഷെ അയാളുടെ ഉള്ളിലുള്ള പിശാചിന്റെ ചിന്തകൾ എങ്ങും പോയിട്ടില്ലായിരുന്നു.

സംശയം എന്ന മഹാരോഗം പിടിപെട്ട് അമ്മുവിനെ ഉപദ്രവിക്കാനും തുടങ്ങി. അച്ഛനെയും അമ്മുവിനെയും ചേർത്ത് വരെ കഥകൾ നെയ്തു കൂട്ടി അയാൾ ആസ്വദിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് പത്രത്തിലെ ജോബ് വേക്കൻസി പരസ്യം കണ്ട് അമ്മു വിഷ്ണുവിന്റെ കമ്പനിയിൽ എത്തുന്നത്. കാര്യങ്ങളൊക്കെ വിഷ്ണുവിന് അറിയാമായിരുന്നു. രണ്ടും കൽപ്പിച്ചു അവളോട് അവന്റെ ഉള്ളിലുള്ളതെല്ലാം പറഞ്ഞു. തിരിച്ചു നടക്കാൻ തുടങ്ങിയ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു അമ്മു തടഞ്ഞു. എന്റെ മകന് രണ്ട് വയസായി..മനസ് കൊണ്ട് ജീവിതത്തോട് വെറുപ്പ് മാത്രമാണ്. പേടിയാണ്.. ഇനി ഒരാളെ കൂടി ജീവിതത്തിലേയ്ക്ക്….

“അമ്മു നിന്നോടുള്ള സഹതാപം അല്ല, ഞാൻ എപ്പഴൊക്കെയോ സ്വപ്നം കാണാറുള്ള ഒരു ജീവിതം ഉണ്ടെടോ, അതിലെനിക്കൊപ്പം ഉള്ള ഒരു പെണ്ണുണ്ട്. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല… തന്റെ ഈ മുഖമാണ് അവൾക്ക് !!!

ഒരു ഞെട്ടലോടെ അമ്മു വിഷ്ണുവിനെ നോക്കി. “എനിക്കറിയാം അമ്മു…എന്റെ ജീവിതത്തിലേയ്ക്ക് തന്നെ കൂടി കൂട്ടണമെന്ന് ഞാൻ അമ്മയോടാണ് ആദ്യം പറയുന്നത്.എന്റെ ഇഷ്ടങ്ങൾ തന്നെയാണ് അമ്മയ്ക്കും. നീ മോന് വേണ്ടിയാണല്ലോ ജീവിക്കുന്നത്. ഇനി മുതൽ ഞാൻ നിങ്ങൾ രണ്ടാൾക്കും വേണ്ടി ജീവിക്കാം. നമ്മുടെ ജീവിതത്തിൽ എനിക്കായൊരു മകനോ മകളോ വേണ്ട. ഇവൻ മാത്രം മതി. ” അമ്മുവിന്റെ പൊട്ടിച്ചിരി കേട്ടാണ് വിഷ്ണു സംസാരം നിർത്തിയത്. എന്തൊക്കെ പൊട്ടത്തരങ്ങളാ ഈ വിളിച്ചു പറയുന്നത്, എന്റെ വിഷ്ണു ഏട്ടാ. നിങ്ങൾക്ക് ഭ്രാന്താ മുഴുത്ത ഭ്രാന്ത്…അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. രാവുറങ്ങി ഉണർന്നു…ദിവസങ്ങൾ പലതും കഴിഞ്ഞു. അമ്മുവിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയും കിട്ടിയില്ല. ഉറങ്ങാൻ കഴിയാതെ ഉണർന്നിരിക്കാൻ മാത്രമേ വിഷ്ണുവിന് കഴിഞ്ഞുള്ളു.

ഒരു വിഷുവിന്റെ തലേദിവസം. അമ്മുവിന്റെ ഒരു വാട്സാപ് മെസ്സേജ്. നാളെ രാവിലെ കൃഷ്ണന്റെ കോവിലിൽ വരണമെന്ന്. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം വിഷ്ണു ആദ്യമായി അനുഭവിച്ചറിഞ്ഞ രാത്രി. അവൻ ഒരുപാട് നേരത്തെ തന്നെ കോവിലിൽ എത്തിയിരുന്നു. അമ്മു കുറച്ചു കഴിഞ്ഞാണ് എത്തിയത്. ഇളം പച്ച നിറത്തിലുള്ള പട്ട് സാരിയായിരുന്നു വേഷം. തലയിൽ മുല്ലപ്പൂ..സന്തോഷം ഒളിപ്പിച്ചു വെച്ചൊരു കള്ളചിരിയും. വിഷ്ണു അവളുടെ അടുത്തേയ്ക്കു ചെന്നു, ആ കണ്ണുകളിലേയ്ക്ക് നോക്കി. അമ്മു അവന്റെ കയ്യും പിടിച്ചുകൊണ്ടു ശ്രീകോവിലിന്റെ മുൻപിലെത്തി..

” എന്നോട് ശരിക്കും ഇഷ്ടമുണ്ടോ..ജീവിതം എനിക്ക് തന്ന സങ്കടങ്ങൾ മറക്കാനല്ല.. നിങ്ങളോടു സംസാരിക്കുമ്പോഴും കാണുമ്പോഴുമൊക്കെ എവിടെയോ എന്തോ ഒരു സന്തോഷം തോന്നുന്നു. അറിയില്ല ശരിയാണോ തെറ്റാണോ എന്ന്.. ” അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ കൈകളിൽ അവൻ മുറുകെ പിടിച്ചു. അവൾക്കായി കരുതിവെച്ചിരുന്ന ഒരു തരി പൊന്നിന്റെ താലി ഉള്ളം കയ്യിൽ ഇരുന്നു ശ്വാസം മുട്ടുകയായിരുന്നു. അമ്മു കണ്ണടച്ചു തൊഴുതു നിൽക്കുകയാണ്. പ്രാർത്ഥനയോടെ ആ മഞ്ഞച്ചരടിലെ അവന്റെ സ്വപ്നം മുഹൂർത്തമോ ജാതകപൊരുത്തമോ നാദസ്വര അകമ്പടിയോ ഒന്നുമില്ലാതെ അവളുടെ കഴുത്തിൽ അണിയിച്ചു…

നേരത്തെ പറയേണ്ട ഒരു കാര്യമായിരുന്നു. മറന്നു പോയി..🤗 അമ്മു ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പിടുമ്പോൾ അവളുടെ അച്ഛന്റെ കണ്ണുകൾ നിറയുന്നത് വിഷ്ണു കണ്ടു. പരസ്പ്പരം സമ്മതത്തോടുള്ള വേർപിരിയലായതു കൊണ്ട് കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ നടന്നു. അപ്പോഴും വിജയുടെ മുഖത്തെ പുച്ഛഭാവത്തിനു യാതൊരു കുറവുമില്ലായിരുന്നു.

(ഇന്ന് അമ്മുവിന്റെയും വിഷ്ണുവിന്റെയും ആദ്യത്തെ വിവാഹ വാർഷികമാണ് അയ്യോ കഥ പറഞ്ഞുകൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല, മതിട്ടോ.. ഞാൻ അങ്ങോട്ട് പോവാൻ ഇറങ്ങുവാ, പോയിട്ട് വന്നിട്ട് ബാക്കി പറയാം….)

കഥാപാത്രങ്ങളൊക്കെ ജീവിച്ചിരിക്കുന്നവരാണ് കേട്ടോ. ഈ കഥയിൽ ഞാനും ഉണ്ട് 🤗

രചന: Vibin B P Babu

Leave a Reply

Your email address will not be published. Required fields are marked *