വണ്ടി ഓടിക്കുമ്പോ കൺട്രോൾ കളയല്ലേ ജോമോളെ…!

Uncategorized

രചന: Jishnu Rameshan

എടീ പെണ്ണേ നിന്റെ സംഭവ വികാസങ്ങൾ എന്റെ പുറത്ത് മുട്ടിക്കല്ലേട്ടാ, വണ്ടി ഓടിക്കുമ്പോ കൺട്രോൾ കളയല്ലേ ജോമോളെ.. “അയ്യേ ഇതെന്ത് വർത്താനാ ജിഷ്ണു ചേട്ടാ ഇൗ പറയുന്നത്…എനിക്ക് തന്നെ നാണം വരുന്നു..;” ഒരു കള്ള ചിരിയോടെയാണ് അവളത് പറഞ്ഞത്..

അച്ഛനും അമ്മയും ഗൾഫിലുള്ള ചേച്ചിടെ വീട്ടിൽ ഒരു മാസം നിൽക്കാൻ പോയതാണ്..ഒഴിവ് കഴിവ് പറഞ്ഞ് ഞാൻ പോയില്ല..അങ്ങനെ അവരുടെ സമ്മതത്തോടെ ഞാൻ ഒരുപാട് കൊതിച്ച ട്രിപ്പ് പോകാൻ തയ്യാറായി..അതും ഞാൻ ഒറ്റക്ക്..അവര് പോയതിന്റെ പിറ്റേന്ന് പുലർച്ചെ രണ്ട് മണിയോടെ ഞാൻ ഇറങ്ങി.. ബുള്ളറ്റില്‍‌ ഒന്നുമല്ലാട്ടോ, എന്റെ സ്വന്തം ” വെസ്പ” യിലാണ്..ഇറങ്ങുന്നതിനു മുൻപേ വീട്ടിലെ ദേവിയുടെ ഫോട്ടോയിൽ നോക്കി നന്നായൊന്നു പ്രാർത്ഥിച്ചു…വണ്ടിയും സ്റ്റാർട്ടാക്കി ഞാൻ യാത്ര തിരിച്ചു.. വീടിനു മുന്നിലുള്ള വളവ് തിരിഞ്ഞതും ദേണ്ടടാ ഒരുത്തി വണ്ടിക്ക് കൈ കാണിക്കുന്നു..അടുത്ത് ചെന്നപ്പോ ആളെ മനസ്സിലായി..എന്റെ അയൽക്കാരി ജോമോളാണ്.. “ഡി ജോമോളെ നീയിത് എങ്ങോട്ടാ ഇൗ വെളുപ്പിന്…?”

ഞാനൂണ്ട് ജിഷ്ണു ചേട്ടാ നിങ്ങടെ കൂടെ ട്രിപ്പ് പോവാൻ.. “ങ്ങേ അതിന് ഞാൻ ട്രിപ്പ് പോകുന്ന കാര്യം നിന്നോടാരാ പറഞ്ഞത്…?” ചേട്ടന്റെ അമ്മ പറഞ്ഞു എന്നോട്.. ഇപ്പൊ എനിക്ക് ഇവിടുന്ന് പോയാ മതി ചേട്ടാ.. അല്ലെങ്കി ആ സ്ത്രീ എന്റെ മനസമ്മതം നടത്തും..അതും അവരുടെ ആ ബന്ധു തെണ്ടി ചെക്കന്റെ കൂടെ..പ്ലീസ് ഞാനും വന്നോട്ടെ ..! “എന്റെ പെണ്ണേ അങ്ങനെ നിന്നെ കൊണ്ടോയാ നാട്ടുകാർക്ക് പറയാൻ വാർത്തയായി.. അല്ലാ നിന്റെ വീട്ടിൽ അന്വേഷിക്കില്ലെ..?”

ഇല്ല ഞാൻ മഠത്തിൽ പോവാണെന്ന് പറഞ്ഞു ഒരു എഴുത്ത് വെച്ചിട്ടുണ്ട്..പാവം അപ്പച്ചൻ അവരുടെ അടിമ എന്ന് പറഞ്ഞാ മതി..! ജിഷ്ണുവേട്ടന് അറിയാലോ എന്റെ അവസ്ഥ….; ഞാൻ ഒന്ന് ചിന്തിക്കുന്നതിന് മുമ്പേ ജോമോള് വണ്ടിയിൽ കയറി.. “എന്നാ പോട്ടെ മാഷേ.. പുലരും മുമ്പേ നമുക്ക് നാട് വിടണം..;” “ങ്ങേ ഇൗ പെണ്ണെന്താ ഇങ്ങനെയൊക്കെ പറയുന്നത്..” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വെളുക്കും മുമ്പേ ഗ്രാമം കടക്കണം എന്ന ലക്ഷ്യത്തിൽ വണ്ടി കൈ കൊടുത്തു…

അവളുടെ അമ്മച്ചി മരിച്ചതിൽ പിന്നെ അപ്പച്ചൻ വേറെ കെട്ടിയതാണ് ആ സ്ത്രീയെ..നാട്ടിൽ എല്ലാർക്കും അറിയാം ഇതിന്റെ ആ വീട്ടിലെ അവസ്ഥ..എന്ത് ചെയ്യാനാ ഇവളുടെ അപ്പച്ചൻ ഒരു പേടിതൊണ്ടൻ ആയിപ്പോയി… മലക്കപ്പാറ വഴി തമിഴ്നാട് പിടിക്കാം..അതാണ് ഉദ്ദേശ്യം…രാവിലെ അഞ്ചു മണി ആയപ്പോ അതിരപ്പിള്ളി എത്തി…തകർത്ത് ഒഴുകുന്ന വെള്ളച്ചാട്ടം കാതിൽ ഇരമ്പുന്നുണ്ട്…പാവം ജോമോൾ തണുപ്പ് കൊണ്ട് എന്നോട് ചേർന്ന് ഇരിക്കുന്നുണ്ട്..

“ജോമോളെ നീ ഇറങ്ങ്, എന്റെ ബാഗിൽ ഒരു ജാക്കറ്റ് ഉണ്ട്…അതിട്ടോ….;” ഹാവൂ ഇപ്പോഴാ സമാധാനം ആയത്.. ആ പിന്നെ ചേട്ടാ എനിക്കൊരു കട്ടൻ ചായ വാങ്ങി തായോ..? “ങ്ങേ കട്ടൻ ചായയോ..! അല്ല പെണ്ണേ നിന്റെ കയ്യിൽ പൈസ വല്ലതും ഇണ്ടാ..?” ഒരു ആയിരം രൂപ ഉണ്ട്..അതൊക്കെ മതിയാവും അല്ലേ..!

“എടീ പുല്ലേ ആയിരം ഉലുവയും കൊണ്ടാണോ എന്റെ കൂടെ ട്രിപ്പിന് വന്നത്..എന്റെ ദേവീ ഏത് നേരത്താണോ എനിക്ക് ഇൗ പിശാച് കൈ കാണിച്ചപ്പോ വണ്ടി നിർത്താൻ തോന്നിയത്..!” പ്ലീസ് ഡാ ചേട്ടാ, എനിക്ക് തണുപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ…;

“ഓ ഇൗ പെണ്ണ്…; ആ നീ കേറ് ഇനി ഷോളയാർ എത്തണം ഒരു കട കാണാൻ…എന്റെ ദേവീ വല്ല ആനയോ മറ്റോ ഉണ്ടാവോ ആവോ…!” ഷോളയാർ ചെന്ന് നല്ല ചൂട് കട്ടൻ അടിക്കുമ്പോ അവളെന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു…ഇൗ തണുപ്പത്ത് വണ്ടി ഓടിച്ചതിന്റെ ഉറക്ക ക്ഷീണം നന്നേ ഉണ്ട്… ചായക്കടയിൽ ചോദിച്ചത് പ്രകാരം വാൽപ്പാറയ്ക്ക് മുമ്പുള്ള ഒരു ചെറിയ ഹോം സ്റ്റെയ്ക്ക്‌ വണ്ടി തിരിച്ചു..

“ഡീ ജോമോളെ രണ്ടു റൂമെടുക്കാൻ പൈസ ഇല്ലടി..ഒരു മുറിയിൽ അഡ്ജസ്റ്റ് ചെയ്യാം..” അയ്യടാ മോനെ, അല്ലെങ്കിലും ഒരു മുറിയിൽ ഒറ്റയ്ക്കൊന്നും ഞാൻ കിടക്കില്ല.. കുളിയും തേവാരവും കഴിഞ്ഞ് ഞാൻ ഉറക്കം പിടിച്ചു..ഇടക്ക് കണ്ണ് തുറന്നു നോക്കിയപ്പോ അവള് ജനാലയിലൂടെ പുറത്തെ കോട മഞ്ഞ് നോക്കി നിൽക്കുന്നുണ്ട്..ഒരു മൂന്നു മണി ആയിക്കാണും, അവളെന്നെ വിളിച്ചുണർത്തി… “ഹലോ മിസ്റ്റർ ജിഷ്ണു, ഒന്ന് എണീറ്റ് വല്ലോം കഴിക്കാൻ നോക്ക്..ദേ ആ ചേച്ചി ചോറും കറിയും ആണെന്ന് തോന്നുന്നു അവിടെ കൊണ്ടു വെച്ചിട്ടുണ്ട്…”

അപ്പോഴാണ് ഞാൻ കണ്ടത്,എന്റെ ബനിയനും പാന്റും ആണ് അവളുടെ വേഷം..എന്തെങ്കിലും ആവട്ടെ എന്ന് ഞാനും വിചാരിച്ചു.. കഴിച്ച് കഴിഞ്ഞ് ഞാൻ പറഞ്ഞു, “ഡി ഞാനൊന്നു പുറത്ത് പോവാ..ദേ ആ കുന്നിന്റെ മുകളിൽ നല്ല വ്യൂ ആണ്..നീ ഇവിടിരിക്ക്‌….

“അയ്യോ ജിഷ്ണുവേട്ടാ എനിക്ക് പേടിയാ, എന്നെ കൂടെ കൊണ്ട് പോ..ചേട്ടനെ വിശ്വസിച്ചല്ലെ ഞാൻ വന്നത്…!” ആ ബെസ്റ്റ്, അതിനു ഞാൻ നിന്നെ വിളിച്ചിറക്കി കൊണ്ടു വന്നതോന്നും അല്ലാലോ…! അവസാനം അതിനെയും കൊണ്ടു പോവേണ്ടി വന്നു..തിരിച്ച് റൂമിലേക്ക് വരുന്ന വഴി അവൾക്ക് നാലഞ്ചു ജോഡി ഡ്രെസ്സും വാങ്ങി..പാവല്ലെ..;

കോട മഞ്ഞും മഴയും കാരണം നാല് ദിവസം അവിടെ തങ്ങേണ്ടി വന്നു… എന്തോ അവിടുത്തെ ചേച്ചിക്ക് ഞങ്ങളെ ഇഷ്ടായത് കൊണ്ടാവണം അവസാനം റൂമിന്റെ വാടക കുറച്ചേ വാങ്ങിയുള്ളു..

അവിടുന്ന് നേരെ ചിന്ന കല്ലാർ, മറയൂർ വഴി പഴനിക്ക്‌ വെച്ചു പിടിച്ചു… തണുത്ത അന്തരീക്ഷത്തിൽ നിന്ന് പഴനിയിലെ നല്ല കിടിലൻ ചൂടിലേക്കാണ് എത്തിയത്.. മുമ്പത്തെ പോലെ നല്ല റൂമൊന്നും കിട്ടിയില്ല..ഒരു പഴഞ്ചൻ ലോഡ്ജ് ആണ് കിട്ടിയത്… പഴനി ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ഞങ്ങളെ ഒരുമാതിരി നോട്ടമാണ് അവിടുത്തെ പൂവാലൻമാർ… “ജോമോളെ ഇവിടുന്ന് ബസ് കിട്ടും.. നിന്നെ ഞാൻ ബസിൽ കയറ്റി വിടാം..വീട്ടിലേക്ക് തിരിച്ചു പൊക്കോ നീ, ഇല്ലെങ്കിൽ നമുക്ക് രണ്ടാൾക്കും പ്രശ്നമാകും…”

ദേ ജിഷ്ണുവേട്ടാ എന്തൊക്കെ പറഞ്ഞാലും ഞാൻ പോവില്ല..അത്രക്ക് ശല്യമായെങ്കിൽ ഞാൻ ഇപ്പൊ പോക്കൊളാം..പക്ഷേ വീട്ടിലേക്കല്ല, വേറെ എവിടെയെങ്കിലും..എനിക്ക് പറ്റില്ല ചേട്ടാ, ഞാൻ കുറെ അനുഭവിച്ചു..എന്നെ ആരുടെയെങ്കിലും തലയിൽ അവർക്ക് കെട്ടിവെക്കണം..പിന്നെ സ്വത്തുക്കൾ ആ സ്ത്രീക്ക് കിട്ടൂലോ..പാവം എന്റെ അപ്പച്ചൻ..

“അയ്യോ എന്റെ പെണ്ണേ ഇങ്ങനെ കരയല്ലേ, ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേ…; നമുക്ക് ഒരുമിച്ച് പോവാം എന്താ പോരെ..!” അപ്പോഴാണ് അച്ഛന്റെ ഫോൺ വന്നത്…മുഴുവൻ പരാതി ആയിരുന്നു..”നിന്റെ ഫോൺ എന്ത് പറ്റി..! വിളിച്ചിട്ട് കിട്ടുന്നില്ല..” എന്നൊക്കെ ആയിരുന്നു..

“അച്ഛാ ഞാൻ വന്നത് ഹൈ റേഞ്ച് വഴി ആണ്..അതാ ഫോൺ കിട്ടാത്തത്..!” വിശേഷമൊക്കെ പറഞ്ഞു കഴിഞ്ഞ് ഫോൺ വെച്ചു..അവളെയും കൊണ്ട് അവിടെ മുഴുവനും കറങ്ങി..എന്തോ ഒരു വല്ലാത്ത കൗതുകം ആയിരുന്നു അവളുടെ സാമീപ്യം..അവളും എന്റെ സാമീപ്യം അറിയാതെ ആസ്വദിച്ചു…

ചെറുപ്പം മുതലേ കാണുന്നതാണെങ്കിലും ഇങ്ങനെ ഒരു അടുപ്പം എന്തോ എനിക്കറിയില്ല…! അവൾക്കിഷ്ടമുള്ളത് എല്ലാം ഞാൻ നിർബന്ധിച്ച് തന്നെ വാങ്ങി കൊടുത്തു.. റൂമിലെത്തിയ ഞാൻ ചോദിച്ചു, “അല്ല ജോമോളെ നിന്നെ ഞാനിപ്പോ കേറി പിടിച്ച് ബലാത്സംഗം ചെയ്താലോ…?” ‘ അങ്ങനെ വല്ലതിനും വന്നാ കരണകുറ്റി അടിച്ചു പൊളിക്കും ഞാൻ ‘ പക്ഷേ ഇൗ മണ്ടൂസിന് അതിനുള്ള ധൈര്യം ഇല്ലെന്നറിയാം..പിന്നെ ജിഷ്ണുവേട്ടനെ ചെറുപ്പം തൊട്ടേ എനിക്ക് നന്നായി അറിയാലോ.. അവളുടെ മറുപടി എന്നെ ശരിക്കും ചിരിപ്പിച്ചു..

ജിഷ്ണു ചേട്ടാ ഒരു കാര്യം ഞാൻ മറച്ചു വെച്ചു, രണ്ടു ദിവസം മുമ്പ് അപ്പച്ചനെ ഞാൻ വിളിച്ചിരുന്നു..ഞാൻ മഠത്തിൽ അല്ല എന്ന കാര്യം പറഞ്ഞു.. അപ്പച്ചനോട് എല്ലാം പറഞ്ഞു… പാവത്തിന് ഒന്നെ എന്നോട് പറയാനുള്ളൂ…ഇൗ നരകത്തിൽ നിന്നും രക്ഷപ്പെട്ടോ എന്ന്..

ജോമോൾ കൂടെയുള്ളത് കൊണ്ട് നല്ലൊരു ട്രിപ്പ് ചുരുങ്ങി പോയി എന്ന് വേണം പറയാൻ..പക്ഷേ അവളുടെ ഓരോ കുരുത്തക്കെടും എന്നെ നന്നേ രസിപ്പിച്ചു…ഇത്രയും വർഷം അയൽക്കാരായി കഴിഞ്ഞിട്ട് അപ്പോഴൊന്നും തോന്നാത്ത എന്തോ ഒന്ന്…….! “ഡി ഏണീക്ക്‌, പൊണ്ടെ നമുക്ക് വെയില് മൂക്കുന്നതിന് നമുക്ക് പോണം..” പെട്ടന്ന് തന്നെ അവള് ഒരുങ്ങി ഇറങ്ങി..

ചേട്ടാ, ഇനി നമ്മൾ വേറെ എവിടെയും പോകുന്നില്ലല്ലോ, വേറൊന്നും കൊണ്ടല്ല എനിക്ക് ഇന്ന് തന്നെ വീട്ടിൽ എത്തണം…നാളെ കഴിഞ്ഞാണ് മനസമ്മതം..ഞാൻ മഠത്തിൽ ഇല്ലെന്നറിഞ്ഞാൽ അവര് പോലീസിൽ അറിയിക്കും..പിന്നെയത് ചേട്ടനും പ്രശ്നമാകും.. എന്റെ ജീവിതം ഇങ്ങനെ തീരാനാണ് വിധി. എന്നെ പോകുന്ന വഴി മഠത്തിൽ ഇറക്കിയാൽ മതി, അവര് വന്നെന്നെ കൊണ്ടു പോക്കൊളും..

“എന്നാ അങ്ങനെ ചെയ്യാം..എനിക്ക് ചെർപ്പുളശ്ശേരി ഉള്ള എന്റെ അമ്മാവന്റെ വീട്ടിലേക്ക് ഒന്ന് പോകണം എന്നുണ്ടായിരുന്നൂ..കണ്ണിനു കുളിർമ കിട്ടുന്ന കാഴ്ചകളാണ് അവിടെ.. ആ ഇനി പിന്നീട് എപ്പോഴെങ്കിലും പോവാം..” അവൾക്ക്‌ ഇറങ്ങേണ്ട മഠത്തിന് മുന്നിൽ വണ്ടി നിർത്തിയിട്ട് ഞാൻ അവളോട് ചോദിച്ചു, “ഡി ജോമോളെ, അടുത്ത ആഴ്‍ച്ച ഞാൻ നേരത്തെ പറഞ്ഞ ചെർപ്പുളശ്ശേരി ഉള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുന്നുണ്ട്, നീ വരുന്നോ എന്റെ കൂടെ..?”

വണ്ടിയുടെ ഗ്ലാസ്സിൽ കൂടി ഞാൻ അവളെ നോക്കി, ഒന്ന് ചിരിച്ചിട്ട്‌ പറഞ്ഞു, “ഹും ജിഷ്ണു ചേട്ടന് അറിയോ, എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് ദിവസം ഞാൻ അനുഭവിച്ച സന്തോഷവും സുരക്ഷിതത്വവും എന്റെ ജീവിതത്തിൽ ഇത് വരെ കിട്ടിയിട്ടില്ല എനിക്ക്, ഇനി കിട്ടാനും പോകുന്നില്ല..ചേട്ടൻ ഹാപ്പി ആയിട്ട് പോയിട്ട് വാ, നമ്മൾ ഇനി കാണുമോ എന്ന് പോലും അറിയില്ല..ഞാൻ ഒട്ടും സുരക്ഷിതമല്ല എന്റെ വീട്ടിൽ പോലും.”

വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു, “ഇറങ്ങാൻ വരട്ടെ, നിനക്ക് ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ഒരിടത്ത് ഞാൻ കൊണ്ടാക്കാം..” പിന്നീട് വണ്ടി ചെന്ന് നിന്നത് എന്റെ വീടിനു മുന്നിലാണ്..അവൾക്ക് അത്ഭുതമായി..ഞാൻ വിളിച്ചു പറഞ്ഞത് പ്രകാരം അച്ഛനും അമ്മയും ചേച്ചിയും അളിയനും എല്ലാരും നേരത്തെ തന്നെ എത്തിയിരുന്നു..അല്ല ഒരു ആൾബലം ഒക്കെ വേണ്ടേ..!

“ജോമോളെ ഞാൻ പറഞ്ഞ സുരക്ഷിതമായ സ്ഥലം എന്റെ വീടാണ്.. അമ്മേ നിങ്ങൾക്കൊക്കെ ഇഷ്ടാണെങ്കി ഇവളെ നിങ്ങടെ മരുമോളായിട്ട്‌ എടുത്തോ..!”

അച്ഛന്റെ മറുപടി ഒരു ചിരിയോടെ ആയിരുന്നു, “ഞങ്ങടെ മരുമകളോ, അപ്പൊ ഇവള് നിന്റെ ആരാടാ..?” ഇതൊക്കെ കേട്ട് അവള് ഒരു ചമ്മലോടെയും അദ്ഭുതത്തോടെയും എന്നോട് ചോദിച്ചു, “ജിഷ്ണുവേട്ടാ ഞാൻ…..!” എന്താടി എന്നെ ഇഷ്‌ടായില്ലെ..? എന്റെ അമ്മക്ക് നിന്നെ വല്ല്യ ഇഷ്ടാ..ഞാനീ കാര്യം പറയേണ്ട താമസം അമ്മ ഒകെ പറഞ്ഞു..ഒരു താലിയുടെ ബലത്തിലോ ഒന്നുമല്ല ഞാൻ പറയുന്നത്, എന്റെ മനസ്സു കൊണ്ടാണ് പറയുന്നത്..നീ ഇനി എന്റെ പെണ്ണാ.. ഇത്രയും നാളും അയൽക്കാരായി ജീവിച്ചില്ലെ നമ്മൾ, ഇനി ഒരു വീട്ടിൽ കഴിയാടി നമുക്ക്..

അതിനുള്ള മറുപടിയായ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം.. പോരാത്തതിന് എന്റെ അച്ഛന്റെ കട്ട സപ്പോർട്ടും ഉണ്ടായിരുന്നു..”നീ പേടിക്കണ്ട മോളെ, ആരും ഒന്നും പറയില്ല, ഞങ്ങളൊക്കെ ഇല്ലെ നിനക്ക് ഇനി..” എന്ന അച്ഛന്റെ ഡയലോഗ് അവൾക്ക് മുഖത്തൊരു ധൈര്യം കൊടുത്തു.

അന്നത്തെ രാത്രിയിൽ നാണം കലർന്ന ചിരിയോടെ ഞാൻ ചോദിച്ചു, “ഡി ജോമോളെ അടുത്ത ആഴ്‍ച്ച ചെർപ്പുളശ്ശേരി ഉള്ള അമ്മാവന്റെ വീട്ടിൽ പൊണ്ടെ നമുക്ക്..!” പിന്നെ പൊണ്ടെ, ഇൗ “വെസ്പ” യില് തന്നെ പോവാം.. ചേട്ടനെ കെട്ടിപ്പിടിച്ചിരുന്ന് ആ നാട്ടു വഴിയിലൂടെ ഒക്കെ പോണം എനിക്ക്.. അല്ല ചേട്ടാ എന്നോട് ഇത്രയും നാളായിട്ടും പ്രേമമൊന്നും തോന്നിയില്ലേ..! അതും ഇത്രയും അടുത്ത അയൽക്കാരായിട്ട്‌..;

“ആ ബെസ്റ്റ് അതിന് ഇൗ ഉണ്ടക്കണ്ണിയെ കണ്ടാ പ്രേമം തോന്നണ്ടേ…;” “അയ്യടാ മോനെ” എന്നും പറഞ്ഞു അവന്റെ കവിളിൽ വേദനിപ്പിച്ചൊന്ന് കടിച്ചു.. അവരുടെ സ്നേഹം മനസ്സിലല്ല ആ മുറിയിലല്ല ആ അന്തരീക്ഷത്തിൽ തന്നെ നിറഞ്ഞു നിന്നു….

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: Jishnu Rameshan

Leave a Reply

Your email address will not be published. Required fields are marked *