അമ്മായിയമ്മ പറഞ്ഞ പരാതികൾ…

Uncategorized

രചന: മിഥില

“ഓ അവൾക്കിപ്പൊ എന്താ ഇവിടെ കൊറവ്. എല്ലാം ഞാനല്ലേ ചെയ്യണേ. നേരം വെളുക്കും തൊട്ടു ഫോണിലും നോക്കി ഇരുന്നാ മതിയല്ലോ. ചോദിച്ച പിന്നെ അവനോട് പറഞ്ഞു കൊടുത്ത് എന്നെ തെറി കേപ്പിക്കും. പിന്നെ ആകെ ചെയ്യാൻ ഒള്ളത് സൊന്തം തുണി അലക്കണം. അത് പിന്നെ ആ മേശീനിലിട്ടാൽ കഴിഞ്ഞില്ലേ.”

ചുണ്ട് കൊട്ടിക്കൊണ്ട് കാർത്യായനി അമ്മ മാലുവിനോട് പറഞ്ഞു. മാളു കാർത്യായനിയുടെ ആങ്ങളയുടെ മകളാണ്. അവധിക്ക് വീട്ടിൽ വന്നപ്പോ തൊട്ടു മരുമകളുടെ കുറ്റം കണ്ട് പിടിച്ച് പറയലാണ് പ്രധാന പണി. ഭർത്താവ് കുമാരൻ തെങ്ങ് കയറ്റ തൊഴിലാളി ആണ്.

ഒപ്പം നല്ല കുടിയനും. ഒത്തിരി കഷ്ടപ്പെട്ട് ആണ് ഏക മകനെ പഠിപ്പിച്ചത്. അവൻ വിവാഹം കഴിച്ച പെണ്ണും നല്ല പഠിപ്പും ജോലിയും ഉള്ളതാണ്. പക്ഷേ കാർത്യായനി നോക്കുമ്പോൾ അതൊന്നും പെണ്ണിന്റെ യോഗ്യതയായി അവർക്ക് തോന്നുന്നില്ല. സാധാരണ കുടുംബത്തിലെ പെൺകുട്ടി ആയകൊണ്ട് അവളെ അത്ര ഇഷ്ടവും പോരാ. അമ്മായിയുടെ പരാതികൾ കേട്ട് മാളു ഏടത്തിയമ്മയുടെ മുറിയിലേക്ക് പാളി നോക്കി.

പുള്ളിക്കാരി നല്ല ജോലിയാണ്. ഫോണും ലപും മാറി മാറി നോക്കുന്നുണ്ട്. അതിനിടയിൽ അടുക്കളയിൽ നിന്നും ചായക്ക് വെള്ളം വെക്കാൻ അടുപ്പ് കത്തിക്കുന്ന ശബ്ദവും കേട്ടു. കാർത്യായനി അമ്മ ടെൻഷനും കൊണ്ട് എണീറ്റ് അടുക്കളയിലേക്ക് ചെന്നു. ഉടനടി ഏടത്തി മുഖം മങ്ങി ഹാൾ വഴി റൂമിലേക്ക് പോയി.

അവളെ കണ്ടതും ഒരു ചിരി വരുത്തി റൂമിലേക്ക് തന്നെ പോയി. പാതി ചാരിവെച്ചിരുന്ന വാതിലിന്റെ ഇടയിലൂടെ ആരൊക്കെയോ ഫോൺ വിളിക്കുന്നത് കേട്ടു. പിന്നെ ലാപ്ടോപ്പിൽ മുഖം തിരിച്ചു ജോലി ചെയ്തു. അടുക്കളയിൽ നിന്നും ചായ മൂന്ന് കപ്പിലാക്കി അമ്മായി വന്നു. മാലുവിനും ഒരു ഗ്ലാസ്സ് കൊടുത്തു അടുത്ത ഗ്ലാസ്സ് മരുമകൾക്കും റൂമിൽ കൊണ്ടുപോയി കൊടുത്തു. അവളുടെ റൂമിന്റെ വാതിൽ ചാരി. മാളുവിന്റെ അടുത്തിരുന്നു.

“ഒന്നും നോക്കീം കണ്ടും ചെയ്യാൻ അറിയില്ലാ, ഒക്കേതിനും ഞാൻ പോയില്ലെൽ അടുക്കള ഒരു കൊലാകും. വേക്കുന്നതൊന്നും ആ സ്ഥാനത്ത് കാണില്ല. ആ ഇനി അതൊക്കെ എന്ന് പഠിക്കാൻ ആണോ ആവോ. ഞാനെത്ര കാലം കാണും. ന്റെ കുട്ടിക്ക് വായ്ക്ക് രുചിയായി ഒന്നും ഞാൻ ചത്താ കിട്ടില്ലാലോ ഭഗവതീ ന്നെ എനിക്കുള്ളെ.”

മാളു പ്രത്യേകിച്ചൊന്നും പ്രതികരിക്കാതെ അമ്മായി പറയുന്നതും കേട്ട് തല കുലുക്കി ഇരുന്നു. വൈകിട്ട് അമ്മയിയുടെ മകൻ ദേവൻ വന്നു. ദേവന് ചായ കൊടുക്കുന്നത് മുതൽ കുളിക്കാൻ തോർത്ത് കൊടുക്കുന്നത് വരെ അമ്മായി ആണെന്ന് അവള് കണ്ടൂ. ഏടത്തി ആകട്ടെ ഏട്ടന്റെ ഒപ്പം കഴിക്കാൻ മാത്രം ഹാളിൽ വന്നു. അൽപനേരം മാളുവിനോട് വിശേഷങ്ങൾ ചോദിച്ചിട്ട് ഏട്ടനും കിടക്കാൻ പോയി. അമ്മയിക്കൊപ്പമാണ് മാളു കിടക്കുന്നത്.

‘ദേവന് എന്റെ മുളക് ചമ്മന്തി എന്ന ഇഷ്ടം ആണെന്ന് അറിയാമോ. പണ്ട് ഒന്നും ഇല്ലാത്ത കാലത്ത് അതും കൂട്ടി മൂന്ന് നേരം കഞ്ഞി കുടിച്ചല്ലെ ഞങ്ങൾ ജീവിച്ചെ. കഞ്ഞി അല്ലാ,കഞ്ഞിവെള്ളം. നോക്കിയ മുഖം കാണാം. ഹാ അതൊരു കാലം. ഇപ്പോഴും അത് ഉണ്ടെൽ ന്റേ ദേവൻ ഒരു പറ ചോറുന്നും.”

അമ്മായിയുടെ വിശേഷങ്ങൾ കേട്ട് കേട്ട് മാളു ഉറങ്ങിപ്പോയി. രാവിലെ നേരം വൈകിയാണ് എണീറ്റത്. നോക്കുമ്പോൾ ഏട്ടൻ പോകാൻ റെഡിയായി. ഏടത്തി ഏട്ടന്റെ ഒപ്പം എന്തോ സംസാരിച്ചു നിൽക്കുന്നു. മാളുവിനെ കണ്ടതും അവളോട് ചോദിച്ചു.

“നീയിന്നു ടൗണിലേക്ക് വരുന്നോ? ഇന്ദു എന്തോ വാങ്ങണം എന്ന് പറയുന്നു. ഒന്ന് കൂടെ പോകാമോ. പുതിയ സ്ഥലം ആയത്‌കൊണ്ടാ.”

മാളു തലയനക്കി. വൈകുന്നേരം ആയപ്പോഴേക്കും ഏടത്തി റെഡിയായി. ഏട്ടത്തിയുടെ സ്‌കൂടിയിൽ ടൗണിലേക്ക് പോയി. മാളു വഴിയൊക്കെ പറഞ്ഞു കൊടുത്തു. രണ്ട് പേരും നല്ല കൂട്ടായി. ഇടയ്ക്കിടെ ഓഫീസിൽ നിന്നും വന്ന ഫോൺ കോൾ മാറ്റിയാൽ നല്ല ദിവസം ആയിരുന്നു. ഏടത്തി ബാംഗ്ലൂർ ബേസ്ഡ് ഇമ്പോർട് എക്സ്പോർട്ട്‌ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഓൺലൈൻ ജോബ് ആണ്. കൂടാതെ കാൾ എടുക്കണം. മീറ്റിംഗ് ഒക്കെ ഓൺലൈൻ ആണ്. നല്ല തിരക്കുള്ള ജോലി. അമ്മായി പറഞ്ഞതിൽ നിന്നും വളരെ വ്യത്യസതമാണ് ഏടത്തിയുടെ സ്വഭാവവും ജോലിയും. പഴയ ആൾക്കരുടെയൊരോ ചിന്തകള് എന്ന് മാളു ആലോജിച്ചുപോയി.

ഏട്ടനും എടത്തിയും മാളുവും കൂടി സിനിമക്കും പോയി ഭക്ഷണവും കഴിച്ചിട്ടാണ് തിരികെ വീട്ടിൽ എത്തിയത്. മാളുവിനും അമ്മക്കും അച്ഛനും ഒക്കെ വസ്ത്രങ്ങൾ എടുത്തിരുന്നു. കൂടാതെ അല്പം സാധനങ്ങളും മേടിച്ചു. താമസിച്ചത് അമ്മായിക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് മാളു ശ്രദ്ധിച്ചു. പക്ഷേ മാളുവിന്റെ വസ്ത്രങ്ങളും തനിക്ക് വങ്ങിയത്തുമോക്കെ ഇഷ്ടമായി. മകന്റെ കരുതലും സ്നേഹവും ആവോളം മാളുവിനോഡ് വിസ്തരിച്ചു. എന്നാല് മാളു ഏടത്തി പേ ചെയ്തത് മിണ്ടിയില്ല. ഏടത്തി പ്രൊമോഷൻ കിട്ടിയതും എങ്ങനെ പറയും എന്നവൾ ആലോചിച്ചു. അമ്മായിയെ വിളിച്ചു.

“അമ്മായി, അതെ ഇതൊന്നും ഏട്ടന്റെ വക അല്ലാ. ഏടത്തി വാങ്ങിയത് ആണ്. ഏടത്തി സ്വന്തം കാശിനു വാങ്ങിയത്. പിന്നെ അമ്മായി ഒരു പുതിയ ആൾ വന്നു എന്നുവച്ച് ഞങ്ങടെ പുന്നാര കാർത്തൂനെ ആരും മറക്കില്ല. ഒക്കെ അമ്മായിടെ തോന്നലാണ്. എന്നോട് ഓരോന്ന് പറഞ്ഞപ്പോൾ തന്നെ ക-ത്തി. ഒന്നും പേടിക്കേണ്ട. ഏടത്തി പാവാ. അമ്മായീനെ വല്യ ഇഷ്ടാ.”

മാളു അമ്മായിയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നൂ. വാതിൽ തുറന്നു മരുമകളോട് മിണ്ടാൻ പോകാൻ തുടങ്ങുമ്പോൾ അവർ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് ഇന്ദു കണ്ണുകൾ നിറച്ച് നിൽക്കുന്നു. കയ്യിൽ അമ്മക്ക് ഇഷ്ടപ്പെട്ട ഗണപതി വിഗ്രഹവും.

“അമ്മ ഒത്തിരി അഗ്രഹിച്ചതല്ലെ,”

എന്നും പറഞ്ഞുകൊണ്ട് കയ്യിൽ കൊടുത്തു. അവളെ പോകാൻ വിടാതെ പിടിച്ച് നിർത്തി. പിന്നെ ഒന്ന് കെട്ടിപ്പിടിച്ചു. കണ്ണുകൾ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. ഇന്ദുവിന്റെ മനസ്സ് ഒത്തിരി തണുത്തു. നിറകണ്ണുകളോടെ മാളുവിനെ നന്ദിയോടെ നോക്കി. അവള് കണ്ണടച്ച് കാണിച്ചു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: മിഥില

Leave a Reply

Your email address will not be published. Required fields are marked *