കെട്യോൾക്ക് വിശേഷം ഉണ്ടായതിന്റെ ആഹ്ലാദചിരി ചുണ്ടിൽ നിന്നും മായുന്നതിനുമെന്നെ

Uncategorized

രചന: Unais Bin Basheer

കെട്യോൾക്ക് വിശേഷം ഉണ്ടായതിന്റെ ആഹ്ലാദചിരി ചുണ്ടിൽ നിന്നും മായുന്നതിനുമുന്നെയാണ് ‘അമ്മയും തലകറങ്ങി വീണെന്നു പറഞ്ഞു അച്ഛന്റെ ഫോൺകോൾ വരുന്നത്. കേട്ടമത്രയിൽ ഓഫീസിൽ നിന്നും ആശുപത്രി ലക്ഷ്യമാക്കി ഞാൻ ഇറങ്ങിയോടി. പക്ഷെ ഇടക്കിടക്ക് രക്തസമ്മർദത്തിന്റെ കുറവുമൂലം അമ്മക്കുണ്ടാവുന്ന തലകറക്കമാവും ഇതുമെന്ന എന്റെ ധാരണയെ പാടെ തെറ്റിച്ചുകൊണ്ട് മരുമകൾക്കൊപ്പം അമ്മയും ഗർഭിണിയാണെന്ന നഗ്നസത്യം അവിടെ എത്തിയപ്പോഴാണ് ഞാൻ അറിയുന്നത്.

തീകൊളുത്തിയ നിലച്ചക്രം പോലെ ഹോസ്പിറ്റൽ നിന്ന് കറങ്ങുന്നത്പോലെ തോന്നി എനിക്ക്. ഇവർ ഈ വയസ്സുകാലത്തു എന്തുഭവിച്ചാണ്. അമ്മക്ക് നാൽപ്പത്തെട്ടു വയസ്സ് കഴിഞ്ഞിരിക്കുന്നു അച്ഛന് അംബത്തഞ്ചും വരാൻ പോകുന്ന കളിയാക്കലുകാലും നാണക്കേടുകളും ഓർത്തപ്പോൾ എന്റെ മനസ്സമാധാനം പോയി. എല്ലാം സഹിക്കാം രണ്ടുമാസങ്ങൾക്ക് മുന്നേ കയറിവന്ന എന്റെ ഭാര്യയുടെ മുഖത്തേക്ക് ഇനി ഞാൻ എങ്ങനെ നോക്കും. ചിന്തകളോരോന്നും മാറിമാറി മനസ്സിൽ പുകയാൻ തുടങ്ങിയപ്പോൾ അച്ഛനെ ഞാൻ ദഹിപ്പിചൊന്ന് നോക്കി. സൈക്കളിൽ നിന്നും വീണ ചിരിയുമായി അച്ഛന്റെ ശിരസ്സ് താഴ്ന്നു. തൊട്ടരികിൽ ഒരുകൈ വയറിൽ ചുറ്റിപ്പിടിച്ചു ‘അമ്മ ആദ്യമായ് എന്റെ മുന്നിൽ നാണംകുണിങ്ങി നിൽക്കുന്നു.

രണ്ടിനേം കാറില്കയറ്റി വീടിന്റെ മുറ്റത്തുകൊണ്ടിറക്കി. ഭാര്യയോട് കാര്യം പറഞ്ഞപ്പോൾ അവൾക്ക് അതിശയവും അതിലേറെ സന്തോഷവും. പിന്നീട് അമ്മയുടെ കാര്യങ്ങളൊക്കെ ഒരു മകളെ നോക്കുമ്പോലെ അവൾ തന്നെയാണ് ചെയ്തുകൊടുത്തത്. അച്ഛനെയും അമ്മയെയും റൂമിലാക്കി വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് അവൾ എന്റെ അടുത്തേക്ക് വന്നു..

അല്ല അച്ചു നീയിത് എന്തുഭവിച്ചാ. ഈ ഗർഭം ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചോ നീ.. പിന്നല്ലാതെ.. നമ്മുടെ ‘അമ്മ ഗർഭിണി ആയിട്ടുണ്ടെങ്കിൽ അത് ഒത്തിരി സന്തോഷം നൽകുന്ന കാര്യമല്ലേ.. ഒരേ സമയം രണ്ട് ഉണ്ണികളല്ലേ വരാൻ പോകുന്നത്.. ഞാൻ ഭാഗ്യം ചെയ്തവളാ ഏട്ടാ. സ്വന്തം അമ്മായിമ്മയുടെ അല്ല അമ്മയുടെ കൂടെ പ്രസവിക്കാലോ എനിക്ക്.. ലോകത്തുള്ള അധികമാർക്കും കിട്ടാത്ത ആ ഭാഗ്യം എനിക്ക് കിട്ടിയില്ലേ…

നിനക്കെന്താ വട്ടുണ്ടോ.. അമ്മക്കിപ്പോൾ പ്രായം ഇരുപതല്ല.. ഇത് പുറത്തറിഞ്ഞാൽ നാട്ടുകാരുടെ ഇടയിൽ നാണം കെടുന്നത് ഞാനാ.. വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്ന പെണ്ണുങ്ങൾക്ക് അതുപറഞ്ഞാൽ മനസ്സിലാവില്ല. ഞാനല്പം ശബ്ദമുയർത്തി.

അതുകൊണ്ട്..? സ്വന്തം നാണക്കേടോർത്തു അമ്മയുടെ ഗർഭം നശിപ്പിക്കണം എന്നാണോ ഏട്ടൻ പറഞ്ഞുവരുന്നത്.. അത്… പറ സ്വന്തം കൂടപ്പിറപ്പിനെ ഇല്ലാതാക്കാനാണോ ഏട്ടന്റെ തീരുമാനം.. അവളുടെ ആ ചോദ്യം എന്റെ ഹൃദയത്തിൽ വന്നു തറച്ചു.. എന്റെ കൂടപ്പിറപ്പ്… ഇതുവരെ ഞാൻ മറന്നുപോയ സത്യം.. നാണക്കേടോർത്തു വരാൻ പോകുന്ന എന്റെ അനിയൻ അല്ലെങ്കിൽ അനിയത്തിയെ ഇല്ലാതാക്കാൻ മാത്രം ക്രൂരനായോ ഞാൻ. ഹൃദയത്തിലെവിടെയോ ഒരു കുറ്റബോധം നിറഞ്ഞു.

എന്റെ മൗനം കണ്ട് അവൾ തുടർന്നു. കല്യാണം കഴിഞ്ഞ അന്ന് രാത്രി കൂടപ്പിറപ്പില്ലാത്തതിന്റെ ദുഃഖം ഏട്ടൻ എന്നോട് പറഞ്ഞില്ലേ. ഒറ്റപ്പെട്ട വേദനകൾ അറിഞ്ഞതല്ലേ.. എന്നിട്ടിപ്പോൾ വൈകിയാണെങ്കിലും അങ്ങനെ ഒരാൾ വരുമ്പോൾ ഏട്ടൻ എന്തിനാ നാണം കെടുന്നെ.. അല്ലെങ്കിൽ തന്നെ ഇതിൽ എന്ത് നാണക്കേടാ ഉള്ളത്. അമ്മക്ക് അവിഹിതമൊന്നുമല്ലല്ലോ…

പിന്നെ കളിയാക്കലുകൾ. അതൊന്നും കാര്യമാക്കണ്ട. ആദ്യകുറച്ചുനാളുകൾ കഴിഞ്ഞാൽ ഈ കളിയാക്കിവയവർ തന്നെ അവരെ ബഹുമാനിക്കും. അസൂയയോടെ നോക്കും. ഇങ്ങനെ ഒരു ഭാഗ്യം ഞങ്ങൾക്ക് കിട്ടിയില്ലല്ലോ എന്ന് പരിഭവിക്കും.. എന്തായാലും ഇത്രയായില്ലേ ഏട്ടാ. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്തുവെച്ചു കാണാം..

പറഞ്ഞു നിർത്തിയതും അവളെ എന്നിലേക്ക് ചേർത്തുനിർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു. നീ എന്റെ ഭാര്യമാത്രമല്ലെടി എന്റെ കണ്ണ് തുറപ്പിച്ച ദേവത കൂടിയാണ്. എനിക്ക് ദൈവം തന്ന പുണ്യം. നീ പറഞ്ഞതാണ് ശരി. ‘അമ്മ പ്രസവിക്കട്ടെ.. നമ്മുടെ മോന്റെ കൂടെ അവന്റെ മാമനും വരട്ടെ.. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്തുവെച്ചുകാണാം.

ദിവസ്സങ്ങൾ നീണ്ടുപോയി. കാര്യം നാട്ടിൽ പാട്ടായി. രാഘവൻ നായരുടെ ഭാര്യയും ഗർഭവും ആയി നാട്ടിലെ മുഖ്യ ചർച്ചാ വിഷയം. ഈ പ്രായത്തിലും എന്നാ ഒരിതാ.. എന്ന കമന്റുകൾ കൊണ്ട് കവല നിറഞ്ഞു. ഈ വിഷയത്തിൽ ഓഫീസിലും നാട്ടിലും എന്നെയും പലരും കളിയാക്കിത്തുടങ്ങി. അതിനു പകരമായി എല്ലാവര്ക്കും നിറഞ്ഞ ഒരു പുഞ്ചിരി ഞാൻ സമ്മാനിച്ചു.

ദിവസ്സങ്ങൾ കൂടുന്തോറും കളിയാക്കലുകൾ കുറയാനും രണ്ടുപേരുടെയും വയർ കൂടാനും തുടങ്ങി. കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും വീട്ടിൽ സന്ദർശകരുടെ എണ്ണം ദിനംപ്രതി കൂടിവന്നു. എല്ലാവര്ക്കും ആദ്യം അറിയേണ്ടത് അമ്മയുടെ വിശേഷങ്ങളായിരുന്നു. പ്രായത്തെ വകഞ്ഞുമാറ്റിയ ആ ധീരയുടെ മുറിയിൽനിന്നും ചിലപ്പോഴൊക്കെ കൂട്ടച്ചിരി ഉയർന്നുകേൾക്കാം.. സന്ദർശകരിൽ പലരും അച്ചുവിനെ ഗൗനിക്കാതെയായപ്പോൾ എനിക്കാ സത്യം മനസ്സിലായി. പ്രായം കൂടുന്തോറും ഗര്ഭത്തിന്റെ വീര്യം കൂടുമെന്ന്.

ഇത്രയൊക്കെ ആയിട്ടും അച്ഛനിപ്പോഴും എന്നോട് മിണ്ടിത്തുടങ്ങിയിട്ടില്ല. മാത്രമല്ല അച്ഛന്റെ മുഖത്ത് പഴയ ആ പ്രസരിപ്പും നഷ്ടപ്പെട്ടിട്ടുണ്ട് എന്റെ മുഖത്തുനോക്കാൻ എന്തോ അച്ഛനെ പിന്തിരിപ്പിക്കുന്നു.. ചെലപ്പോൾ അച്ഛൻ കാരണം ഞാൻ പലയിടത്തും കളിയാക്കപ്പെട്ടു എന്ന തോന്നലാവും. എന്തായാലും അത് മാറ്റിയെടുക്കണം. അമ്മയിലുള്ള സന്തോഷം അച്ഛനിലേക്കും കൊണ്ടുവരാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഒരു മൂവന്തിനേരം ശ്യൂന്യതയിലേക്ക് കണ്ണുനട്ട് ഉമ്മറത്തിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ ചെന്നു. പുറത്തു നിലാവ് പെയ്തിറങ്ങുന്നുണ്ട്. അച്ഛാ.. പതുക്കെയാണ് ഞാൻ വിളിച്ചത്. എന്താടാ.. അച്ഛെനെന്താ ഒരു മൂഡോഫ്. കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ അച്ഛാ പ്രശ്നം. ഹേയ് ഒന്നുല്ല. പറ. അച്ഛാ ഞാനല്ലേ ചോദിക്കുന്നെ.. ഞാൻ അച്ഛനോട് ഒന്നൂടെ ചേർന്നിരുന്നു. ഞാൻ തെറ്റ് ചെയ്‌തോ എന്നൊരു തോന്നൽ.. അതൊക്കെ പോട്ടെ. നിനക്കെന്നോട് ദേഷ്യമുണ്ടോ.. ദേഷ്യമോ.. എന്ത് കാര്യത്തിന്. ഇപ്പൊത്തന്നെ അമ്മച്ചി ഗര്ഭിണിയായതിന്റെ കാരണം നീ ഒരുപാട് സ്ഥലത്തു നാണം കെട്ടില്ലേ. നാട്ടിലും, ഓഫീസിലും, കൂട്ടുകാരുടെ ഇടയിലുമൊക്കെ.. നീ ഉള്ളിൽ ഒരുപാട് വിഷമിക്കുന്നില്ലേ.. അതിനെല്ലാം കാരണം ഞാൻ അല്ലെ എന്നോർക്കുമ്പോൾ..

അതിനാണോ അച്ഛൻ വിഷമിച്ചിരിക്കുന്നത്. ശരിയാ ആദ്യം എനിക്ക് നല്ല ദേഷ്യവും വിഷമവുമൊക്കെ ഉണ്ടായിരുന്നു. പിന്നെ ചിന്തിച്ചു ഒന്നില്ലെങ്കിലും ലോകത് അധികം ആർക്കും കിട്ടാത്ത ഭാഗ്യമല്ലേ എനിക്ക് കിട്ടാൻ പോകുന്നത് എന്ന്.., ഒരുകയ്യിൽ എന്റെ ചോരയെയും അടുത്ത കയ്യിൽ എന്റെ ചോരയിൽ പിറന്നവനെയും താലോലിച്ചൂടെ എനിക്ക്.. ലോകത് ആർക്കേലും കിട്ടോ അച്ഛാ ഈ ഭാഗ്യം.. അതുകൊണ്ട് അച്ഛൻ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. വാ നമുക്ക് എന്തേലും വെച്ചുണ്ടാക്കാം. ഇനി അവരെ അടുക്കളയിൽ കയറ്റണ്ട. ഇതും പറഞ്ഞു ഞാൻ എഴുനേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും അച്ഛന്റെ ചുണ്ടിൽ ഒരു ചിരിയൂറിത്തുടങ്ങിയിരുന്നു. പിന്നെ.. വരുമ്പോൾ ഇതുവരെയുള്ള ഭാരമൊക്കെ അവിടെ ഇറക്കിവെച്ചു എന്റെ പഴയ അച്ഛനായിട്ടു വേണം ട്ടാ വരാൻ… പറഞ്ഞേക്കാം..

ഇത്രയും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ അകത്തിരുന്നു വരാൻ പോകുന്ന ഉണ്ണികൾക്കുള്ള പേരുകണ്ടുവെക്കുന്ന തിരക്കിലായിരുന്നു രണ്ട് നിറവയറുകൾ…

( ഈ പ്രായത്തിലും ഗർഭമോ.. നിങ്ങൾ രണ്ടാളും കൊള്ളാമല്ലോ.. തുടങ്ങിയ കളിയാക്കൽ മൂലം ജീവന്റെ തുടിപ്പിനെ കൊന്നുകളയുന്ന അമ്മ,അച്ഛൻമാർക്കുവേണ്ടിയും. ‘അമ്മ ഗർഭിണിയാണെന്ന് പറയാൻ മടിക്കുന്ന മക്കൾക്കു വേണ്ടിയും സമർപ്പിക്കുന്നു..) പ്രസവിക്കാൻ പ്രായം ഒരു തടസ്സമായി കാണരുത് എന്ന എളിയ ഉപദേശത്തോടെ…

രചന: Unais Bin Basheer

Leave a Reply

Your email address will not be published. Required fields are marked *