പണ്ടൊക്കെ സ്കൂളീന്ന് വരുന്നത് നോക്കി അമ്മ പടിയിൽ ഇരിക്കിണുണ്ടാവും…

Uncategorized

രചന: രമ്യ മണി

“കണ്ണാ… നീ അവിടെ എന്താ ചെയണെ, പഠിക്കുന്ന ശബ്ദം ഒന്നും കേൾക്കണില്ല്യാലോ, പത്താം ക്ലാസ്സ്‌ ആണുട്ടോ മറക്കണ്ട “….

ആ വിളിച്ചലക്കുന്നതു ന്റെ അമ്മയാണ്. അമ്മക്ക് ഈ ഒരു മന്ത്രമേ ഉള്ളൂ.. പഠിക്കു.. പഠിക്കു.. പണ്ടത്തെ പോലെ കുഞ്ഞീ.. കണ്ണാ ന്നുവിളിച്ചു കൂടെ ഇരിക്കാറേ ഇല്ല… അമ്മേടെ സ്നേഹോക്കെ പോയീ…

ഓർക്കുന്തോറും കണ്ണന് സങ്കടം നെഞ്ചിൽ കേറി കേറി വന്നു.

വലുതാവേണ്ടിയിരുന്നില്ല.. സ്നേഹിക്കേണ്ട പ്രായം ഒക്കെ കഴിഞ്ഞൂന്ന അമ്മ പറയണേ, വീട്ടിൽ വരാൻ തന്നെ തോന്നണില്യപ്പൊ….

പണ്ടൊക്കെ സ്കൂളീന്ന് വരുന്നത് നോക്കി അമ്മ പടിയിൽ ഇരിക്കിണുണ്ടാവും…ഓടി വന്നു കേറുമ്പോ അമ്മക്ക് കെട്ടിപിടിച്ചൊരു സ്നേഹാ ണ്…

പിന്നെ അമ്മേടെ ചായേം പലഹാരങ്ങളും… അമ്മ ഒപ്പം ഇരുന്നു പൊട്ടിച്ചു പ്ളേറ്റിൽ ഇട്ടു തരും.. എന്തു രസാരുന്നു… ഹൈസ്കൂളിൽ എത്തിയെപിന്നേയ് അമ്മക്കീ മാറ്റം… വലുതായീന്ന്… വലുതായാലെന്താ.. സ്നേഹം കാണിച്ചൂടെ..

ഇപ്പൊ ഒന്നിനും നേരമില്ല്യ രാവിലെ ആറുമണിക്ക് കണക്കു ട്യൂഷൻ പിന്നെ സ്കൂൾ, പിന്നെ സയൻസ് ട്യൂഷൻ.. എട്ടു മണിയാവും വീടെത്താൻ… പിന്നെ പഠിക്കാൻ ഇരുന്നില്ലെങ്കിൽ അച്ഛന്റെ ചീത്തയും…

“കണ്ണാ..എല്ലാം എ പ്ലസ് കിട്ടീലെൽ എവിടേം അഡ്മിഷൻ കിട്ടില്ലാട്ടോ”…. അമ്മയുടെ വീണ്ടുമുള്ള വിളി അവന്റെ ചിന്തകളിൽ വന്നു തട്ടി.

കണ്ണൻ പുസ്തകത്തിലേക്ക് മിഴികൾ പൂത്തി. കെമിസ്ട്രി പുസ്തക താളുകളിൽ നിന്നും അക്ഷരങ്ങൾ അവനു ചുറ്റും പറന്നു നടന്നു…

അവൻ മടുപ്പോടെ തല മേശയിലേക്കു താഴ്ത്തി..

പിറ്റേന്ന്,

“കുട്ടേട്ടാ… ഞാൻ എത്ര നേരായി ഫോൺ വിളിക്കിണു..കണ്ണൻ ഇത് വരെ എത്തീട്ടില്ല… ട്യൂഷൻ കഴിഞ്ഞു എത്തേണ്ട സമയം കഴിഞ്ഞു… നിക്ക് പേടിയായിട്ടു വയ്യാ”..

“ഇന്നലെ രാത്രി പുസ്‌തകം തുറന്നു വച്ചു ഉറങ്ങിയതിനു കുട്ടേട്ടൻ അവനെ അടിച്ചില്ലേ.. അവനു വല്യ സങ്കടായി തോന്നുണു. രാവിലെ ആരോടും മിണ്ടാതെയാ ഇറങ്ങി പോയെ” !

“കരയാതെ മീന നമുക്കു അന്വേഷിക്കാം”.

ഫോണിന്റെ മറുതലക്കൽ നിന്നു ശബ്ദം അവളുടെ കാതിലേക്കു വന്നു വീണു.

ന്റെ കുട്ടി എവിടെക്കലും പുറപ്പെട്ടു പോയോ ആവോ.. അതിനെ ഇന്നലെ അടിക്കേണ്ടി യിരുന്നില്ല.. ഈയിടെയായി ഞാൻ അവനെ നോക്കുന്ന പോലും ണ്ടായിരുന്നില്ല.. അവനെ കാണുമ്പോ പഠിക്കാൻ പറയാൻ മാത്രേ തോന്നു”..

അവനോടിഷ്ട മില്ലാഞ്ഞല്ല.. എല്ലാർക്കും നല്ല മാർക്കാണ്.. ഒപ്പം എത്തണ്ടേ… ഈശ്വരാ ന്റെ കുട്ടിക്കൊന്നും പറ്റല്ലേ.. പഠിത്തൊന്നും വേണ്ട ജീവനോടെ കിട്യാ മതി ന്റുണ്ണീ നെ !!!

മീന തളർച്ചയോടെ തൂണിൽ ചാരി നിലത്തേക്കൂർന്നിരുന്നു…

സമയം അരമണിക്കൂറും ഒരു മണിക്കൂറും ഓടി നീങ്ങി കൊണ്ടിരുന്നു.

കൂരിരുട്ടിനെ തുളച്ചു കൊണ്ടു ഒരു വാഹനം വീടിനുമ്മറത്തു വന്നു നിന്നു. വണ്ടിയിൽ നിന്നും കണ്ണനെ പിടിച്ചു കൊണ്ടു ഒരാൾ ഇറങ്ങി.

കണ്ണനെ കണ്ടതും മീന മുന്നോട്ടു കുതിച്ചു. വാടി തളർന്ന അവനെ അവൾ നെഞ്ചോട്‌ ചേർത്തു…

കൂടെയുള്ള ആൾ പറഞ്ഞു തുടങ്ങി,

“അമ്മ പേടിച്ചു കാണുമല്ലേ . ട്യൂഷൻ സെന്റർ ബിൽഡിങിലെകറൻറ് പോയ സമയം കുട്ടി ലിഫ്റ്റിൽ പെട്ടു പോയി ഏതാണ്ട് ഒരു മണിക്കൂറോളം”..

“ഞാനും മോന്റെ കൂടെ ലിഫ്റ്റിൽ ഉണ്ടാരുന്നു.. മോന്റെ പേടി മാറ്റാൻ വേണ്ടി ഞാൻ അവനോടു സംസാരിച്ചുകൊണ്ടെ ഇരുന്നു”.

“ഞാൻ മോഡേൺ സ്കൂളിൽ കൗൺസിലർ ആയി ജോലി ചെയ്യുവാണ്. അവൻ എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു.അവന്റെ പഠിത്തത്തെ പറ്റി, പരീക്ഷകളെ പറ്റി, അച്ഛനേം അമ്മേം പറ്റി ഒക്കെ”.

“നിങ്ങൾ മാതാപിതാക്കളെ ഞാൻ കുറ്റം പറയില്ല, കാരണം ഇവന്റെ പ്രായത്തിൽ ഒരു മകൻ എനിക്കും ഉണ്ട്. അതുകൊണ്ട് നിങ്ങളെ എനിക്ക് മനസ്സിലാവും”.

“എന്നാലും അവനെ കൊണ്ടു സാധിക്കുന്ന പോലെ അവൻ പഠിക്കട്ടെ. മറ്റു കുട്ടികളോടൊപ്പം താരതമ്യം വേണ്ട. എല്ലാവരും ഡോക്ടറും എഞ്ചിനീയരും മാത്രമായാൽ ലോകത്തു വേറെയും കാര്യങ്ങൾ ഇല്ലേ”..

“അവനു അമ്മയെന്ന് വച്ചാൽ ജീവനാ, ഈ കാലത്തു ഇത്രേം സ്നേഹവും നന്മയും ഉള്ള കുട്ടികൾ വളരെ കുറവാണു… ഉള്ള കാലം അവർക്കു നല്ലത് പറഞ്ഞു കൊടുത്തു നല്ല മനുഷ്യനാക്കി കുട്ടികളെ വളർത്താം”..

“പഠിത്തത്തിനു സ്ഥാനം അതിനു ശേഷം മതി. ആവശ്യത്തിൽ കൂടുതൽ സമ്മർദ്ദം അവർക്കു കൊടുക്കേണ്ട. അവൻ പഠിച്ചു അവനിഷ്ടമുള്ള ഭാവി തിരഞ്ഞെടുക്കട്ടെ “.

“ഏതായാലും മോനാകെ പേടിച്ചു പോയി, നിങ്ങൾ വിഷമിക്കാതെ അവനു ഭക്ഷണം കൊടുക്കു”..

പറഞ്ഞു കൊണ്ടു അയാൾ ജീപ്പിൽ കയറി പോയി.

മീന നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ടു തൈര് കൂട്ടി കുഴച്ച ചോറ് ഓരോ ഉരുളകളാക്കി കണ്ണന്റെ വായിൽ വച്ചു കൊടുത്തു. ഒപ്പം അവനു കുറച്ചു കാലങ്ങളായി കിട്ടാത്ത വാത്സല്യവും.

അമ്മയുടെയും മകന്റെയും സ്നേഹനിമിഷങ്ങൾ കണ്ടുകൊണ്ടു അടുക്കള തിണ്ണയിൽ ഇരുന്ന വെള്ളരിപ്രാവ്‌ ചിറകടിച്ചു മേലേക്ക് പറന്നു.

സ്നേഹത്തിന്റെ സന്ദേശം ചുണ്ടിൽ ഇറുക്കി പിടിച്ചു കൊണ്ട് !

രചന: രമ്യ മണി

Leave a Reply

Your email address will not be published. Required fields are marked *