സ്വയം ജീവിക്കാൻ തുടങ്ങുന്നതെന്ന് മോൾക്കറിയാമോ അതവളുടെ മുപ്പതുകൾക്ക് ശേഷമായിരിക്കും…

Uncategorized

രചന: Dhanya Shamjith

അമ്മയിതെന്ത് കോപ്രായാ ഈ കാണിച്ചിരിക്കുന്നേ വയസാം കാലത്ത് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ, ആളുകള് കണ്ടാ എന്ത് പറയും..

താരയുടെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.

ഞാനെന്ത് കോപ്രായം കാട്ടീന്നാ എനിക്ക് തോന്നി ഞാൻ ചെയ്തു അത്രതന്നെ.

മേധയ്ക്ക് അവളുടെ ചോദ്യം നിസാരമായിരുന്നു.

ഇത്രേം പ്രായായില്ലേ അമ്മാ…. അവൾക്ക് ദേഷ്യം കൂടുകയായിരുന്നു.

ആർക്ക് പ്രായായില്ലേന്ന് എനിക്കോ? മുപ്പത്തിയെട്ട് വയസ് എന്നത് അത്ര വല്യ പ്രായാണോ താരു . അങ്ങനെയാണെങ്കിൽ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്റൊപ്പം ഉണ്ടായിരുന്ന വിവേകിന്റെ അമ്മയ്ക്ക് പതിനെട്ട് വയസായിരുന്നോ അതോ പതിനേഴോ ..

മേധ ചിരിച്ചു.

അമ്മ .. ദിസ് ഈസ് ടൂ മച്ച്.

പെട്ടന്നൊരു ദിവസം സാരി മാറ്റി ചുരിദാറാക്കി അത് അമ്മയ്ക്ക് കംഫർട്ട് ആണ് എന്ന് കരുതി . പിന്നെ ഇൻസ്റ്റയിലും എഫ്ബിയിലും അക്കൗണ്ട് … അതും കോമൺ ആണല്ലോ എന്ന് കരുതി. പക്ഷേ ഏതാ എന്താ എന്നൊന്നും അറിയാത്തവർക്കൊപ്പം നാടു ചുറ്റുന്നതും ചീപ്പ് പൈങ്കിളി പോസ്റ്റ് ചെയ്യുന്നതും ഭയങ്കര ബോറാണ്. ഫ്രണ്ട്സൊക്കെ ചോദിക്കാൻ തുടങ്ങി നിന്റമ്മ എന്നാ ഇനി കോളേജിൽ അഡ്മിഷൻ എടുക്കുക എന്ന്. അതിന്റെ പിറകെയാ ഇപ്പോ ഇതും.

താരയുടെ ശബ്ദത്തിൽ അമർഷം നിറഞ്ഞു.

നീ ചുരിദാർ മാറ്റി ഷോർട്സിട്ടപ്പോഴും ഫ്രണ്ട്സിനോടൊപ്പം ആൺ പെൺ ഭേദമില്ലാതെ ചുറ്റി രാത്രിയേറെ വൈകിയെത്തുമ്പോഴും പലരും എന്നോട് ചോദിച്ചിരുന്നു. നിന്റെ മോളെ കയറൂരി വിട്ടിരിക്കുവാണോ പ്രായം എത്രയാന്നാ വിചാരം ന്ന് . അവരോടൊക്കെ ഒറ്റ മറുപടിയേ ഞാൻ പറഞ്ഞുള്ളു. പ്രായം എത്രയായാലും പക്വത ഉണ്ടായാമതി എന്റെ മോളെ എനിക്കറിയാം എന്ന്.

ഇതിപ്പോ നിന്നെ ബാധിക്കുന്ന വിഷയമൊന്നുമല്ല. വിശ്വേട്ടന്റെ വേർപാടിൽ ഞാനൊരുപാട്കാലം എന്നെത്തന്നെ മറന്നിരുന്നു. നിനക്കു വേണ്ടി മനപൂർവം എന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഞാൻ മറന്നു. .ഇപ്പോ നിന്റെ ആഗ്രഹങ്ങളെ തേടിപ്പിടിക്കാനുള്ള പാകത നിനക്കുണ്ട്.

ഇനിയെങ്കിലും എനിക്ക് എന്റെ ഇഷ്ടങ്ങളെ നേടിയെടുത്തുകൂടെ.. ഒരു സ്ത്രീ എപ്പോഴാണ് സ്വയം ജീവിക്കാൻ തുടങ്ങുന്നതെന്ന് മോൾക്കറിയാമോ അതവളുടെ മുപ്പതുകൾക്ക് ശേഷമായിരിക്കും. അപ്പോളവൾക്ക് പ്രായം കൂടുകയല്ല കുറയുകയാണ് ചെയ്യുന്നത് മനസുകൊണ്ടവൾ പ്രായത്തെ ചെറുപ്പമാക്കുകയാണ്. ഞാനും അതേ ചെയ്തുള്ളൂ.എന്റെയിഷ്ടങ്ങളെ സാധിക്കാൻ ഇനി പിന്നെപ്പോഴാണ് സമയം..

കളിയാക്കുന്നവരോട് മോൾ പറഞ്ഞേക്ക് അതെന്റെ അമ്മയുടെ ഇഷ്ടമാണെന്ന് ശരിയും തെറ്റുംതിരിച്ചറിഞ്ഞവളുടെ സ്വാതന്ത്ര്യമാണെന്ന്.

ഒന്നും മിണ്ടാതെ റൂമിലേക്ക് കയറിപ്പോയ മകളെ നോക്കി ചിരിച്ചുകൊണ്ട് മേധ കഴുത്തിൽ രാവിലെ താൻ ചെയ്ത ബട്ടർഫ്ലൈയുടെ ടാറ്റൂ കിട്ടുംവിധം ഫോണിലെ ക്യാമറ ഓൺ ചെയ്ത് പോസ്റ്റുമ്പോൾ ക്യാപ്ഷൻ ഇടാൻ മറന്നില്ല.

” സ്റ്റിൽ ഐ ആം ഫ്ളയിംഗ് വിത്ത് മൈ ഏയ്ജ് ”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Dhanya Shamjith

Leave a Reply

Your email address will not be published. Required fields are marked *