സുന്ദരിയായ അമ്മയെ പ്രേമിച്ചുകെട്ടിയതായിരുന്നു അച്ഛൻ. പക്ഷേ, വരുണിന് ഒരു വയസ്സ് തികയുന്ന ആ ദിവസം…

Uncategorized

രചന: മഹാ ദേവൻ

അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പടിയിറങ്ങുമ്പോൾ പ്രായം രണ്ടു വയസ്സ് ആയിരുന്നു എന്ന് പറയാറുണ്ട് എന്നും അമ്മ. സുന്ദരിയായ അമ്മയെ പ്രേമിച്ചുകെട്ടിയതായിരുന്നു അച്ഛൻ. പക്ഷേ, വരുണിന് ഒരു വയസ്സ് തികയുന്ന ആ ദിവസം പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആവി പൊന്തുന്ന പായസം ശരീരത്തിലേക്ക് മറിയുമ്പോൾ അമ്മ പോലും കരുതിയിട്ടുണ്ടാകില്ല അവിടെ നിന്ന് ജീവിതത്തിന്റെ ഏണും കോണും മാറിത്തുടങ്ങുകയാണെന്ന്.

ശരീരം മുഴുവൻ പൊള്ളലേറ്റ അമ്മ അന്ന് മുതൽ അച്ഛന്റെ കണ്ണിൽ അറപ്പുളവാക്കുന്നതായിരുന്നു. അന്നാണ് അമ്മക്ക് മനസിലായത് അച്ഛൻ സ്നേഹിച്ചിരുന്നത് ആ സുന്ദരമായ ശരീരത്തെ മാത്രമായിരുന്നു എന്ന്. തൊലിപ്പുറം ചുളുങ്ങിയ ശരീരവുമായി ജീവിക്കാൻ വിധിക്കപ്പെട്ടവളേ ആ വീട്ടിന്റെ ദാരിദ്രസങ്കടങ്ങളിലേക്ക് തള്ളിയിട്ട് അച്ഛൻ പടിയിറങ്ങുമ്പോൾ ഒരു ആയുസ്സിലേക്ക് കരുതിവെക്കാവുന്ന കഷ്ടപ്പാട് മുഴുവൻ ഉണ്ടായിരുന്നു അമ്മക്ക് ചുമക്കാൻ. മുന്നോട്ടുള്ള ജീവിതം എവിടെ നിന്ന് തുടങ്ങണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ പൊള്ളിപ്പിടഞ്ഞ ശരീരത്തിൽ അടർന്നു മാറിയ തൊലിപ്പുറം ശരീരത്തെ വികൃതമാക്കിയപ്പോൾ മറ്റുള്ളവർക്ക് മുന്നിൽ നിൽക്കാൻ പോലും മടിച്ചു നിന്ന ആ അമ്മക്ക് മുന്നിൽ കരഞ്ഞു തളർന്ന രണ്ട് കുഞ്ഞിക്കണ്ണുകൾ ഉണ്ടായിരുന്നു. ഒരു തരത്തിൽ ആശ്വാസമായിരുന്നു അവൻ. മറ്റൊരു തരത്തിൽ വേദനയും.

വൃകൃതമായ ശരീരത്തെ ഒളിപ്പിക്കാൻ മറ്റുള്ളവരിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറുമ്പോൾ വിടരാൻ കൊതിക്കുന്ന ഒരു പൂമൊട്ട് വാടിത്തളരുന്നത് സഹിക്കാൻ കഴിയില്ലല്ലോ പെറ്റ വയറിന്. !

അന്ന് മുതൽ മകന് വേണ്ടിയുള്ള ജീവിതം ആയിരുന്നു. ആർക്കുമുന്നിലും തല കുനിക്കാതെ മകൻ വളരണമെന്ന അതിയായ ആഗ്രഹം ! അതിന് വേണ്ടി രാവന്തിയോളം കഷ്ട്ടപ്പെടുമ്പോൾ മനസ്സിൽ വാശിയുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ നടുക്കടലിൽ തള്ളിയിട്ട് പടിയിറങ്ങിപ്പോയ ഭർത്താവിനോടുള്ള വാശി. സ്നേഹത്തെ തിരിച്ചറിയാതെ സൗന്ദര്യത്തിന്റ കുറവിനെ വെറുപ്പോടെ കണ്ട മനുഷ്യനോടുള്ള പുച്ഛം ! അതായിരുന്നു മുന്നോട്ടുള്ള ഓരോ ദിവസത്തെ അധ്വാനത്തിന്റെയും ഊർജ്ജം !

അതിന്റ എല്ലാം ഫലമാണ് ഈ ദിവസം സാക്ഷിയാകുന്നത് ! +2 പരീക്ഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ അനുമോദനങ്ങൾ ഏറ്റുവാങ്ങാൻ അവനും ഉണ്ടായിരുന്നു. വരുൺ. അമ്മ കഷ്ട്ടപ്പെട്ടതിന്റ പ്രതിഫലം പഠനത്തിലൂടെ നേടിയെടുക്കുമ്പോൾ ജീവിതത്തിൽ തോൽ‌വിയിൽ നിന്നും വിജയത്തിലേക്കുള്ള കാൽവെപ്പ് ആയിരുന്നു അത്.

“അമ്മ ഒരുങ്ങിയില്ലേ ഇതുവരെ. പത്തു മണിക്കാണ് പ്രോഗ്രാം. അതിന് മുന്നേ ചെല്ലണ്ടേ നമുക്ക് ” ഇന്ന് വരുൺ അമ്മയെ ചേർത്തുനിർത്തി ചോദിക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു ആദ്യമറുപടി.

” അമ്മ വരുന്നില്ലെടാ.. മോന് പോയാൽ മതി. മോൻ സമ്മാനം വാങ്ങുന്നത് അമ്മക്ക് ഇവിടെ ഇരുന്നാലും കാണാൻ കഴിയും. അത് മതി. ഈ അവസരത്തിൽ ഈ പൊള്ളിയടർന്ന ശരീരവും വെച്ച് ഞാൻ വന്നിട്ട് എന്തിനാ വെറുതെ.. മറ്റുള്ളവർക്ക് മുന്നിൽ ഒരു പരിഹാസകഥാപാത്രമാകാനും സഹതാപകണ്ണുകളുടെ നോട്ടത്തിൽ ഉരുകാനും വേണ്ടി… ന്റെ മോന്റെ ദിവസം ആണിന്ന്. അതിന് ഒരു സങ്കടത്തിന്റ മേൽചാർത്തു വേണ്ട. അതുകൊണ്ട് മോൻ പോയി വാ.. അമ്മ കൂടെ തന്നെ ഉണ്ട് ”

വിഷാദചുവയുള്ള ഓരോ വാക്കിലും അമ്മയുടെ ദൈന്യത ഉണ്ടായിരുന്നു. കുറവുകളെ പരിഹസിക്കാൻ കാത്തുനിൽക്കുന്നവർക്കിടയിലേക്ക് ചെല്ലാനുള്ള മടിയുണ്ടായിരുന്നു. അതിനേക്കാൾ എല്ലാം മറ്റുള്ളവർക്ക് മുന്നിൽ അമ്മ കാരണം മകന്റെ തലതാഴ്ത്തേണ്ടി വരരുത് എന്ന വലിയ ആഗ്രഹവും ഉണ്ടായിരുന്നു.

” അമ്മ വരുന്നില്ലെങ്കിൽ പിന്നെ ഞാനും പോകുന്നില്ല ” എന്നും പറഞ്ഞ് കെറുവിച്ചിരിക്കുന്ന വരുണിന്റ അരികിൽ ചേർന്നിരുന്നു മുടിയിലൂടെ തലോടുമ്പോൾ എന്തോ മനസ്സില്ലാമനസ്സോടെ ഉളള ഒരു പാതി സമ്മതം ഉണ്ടായിരുന്നു അമ്മയുടെ മുഖത്ത്‌.

അമ്മയോടൊപ്പം സ്കൂളിൽ എത്തുമ്പോൾ അടുത്തേക്ക് വന്ന കൂട്ടുകാരുടെ അഭിനന്ദനങൾക്കൊപ്പം ” നിന്നെ അനുമോദിക്കാൻ മന്ത്രിയും കളക്ടറും ഒക്കെ ഉണ്ടെടാ ” എന്ന് വലിയ ആഹ്ലാദത്തോടെ കൂട്ടുകാർ പറയുമ്പോൾ അവന്റെ കണ്ണുകൾ തിരഞ്ഞത് അത്ര നേരം അരികിൽ ഉണ്ടായിരുന്ന അമ്മയെ ആയിരുന്നു.

ആ തിരച്ചിൽ ഹാളിലെത്തുമ്പോൾ എല്ലാവരിൽ നിന്നും മാറി ഒരു മൂലയിൽ ഒറ്റപ്പെട്ടിരിക്കുന്ന അമ്മ അവന്റെ കണ്ണുകളെ ഈറനണിയിച്ചു. ഒന്നും പറയാതെ അവിടെ നിന്നും പതിയെ പിൻവാങ്ങുമ്പോൾ അമ്മയിലേക്ക് കണ്ണുകൾ ഒന്നുകൂടി എത്തിനോക്കുമ്പോൾ പിഞ്ഞിയ സാരിത്തലപ്പ് കൊണ്ട് കയ്യിലെ പൊള്ളിയ പാടുകൾ മറയ്ക്കാൻ ശ്രമിക്കുകയായിരുന്നു അമ്മ.

“വേദിയിൽ പ്രോഗ്രാം ആരംഭിക്കുകയായി, എല്ലാവരും ഹാളിലേക്ക് കയറിഇരിക്കണം ” എന്ന അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ ഹാളിലേക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു. തിങ്ങിനിറഞ്ഞ വേദിയിൽ വിശിഷ്ടഥിതികളേ പരിചയെപ്പെടുത്തി കഴിഞ്ഞ് മറ്റു പരിപാടികളിലേക്ക് കടക്കുകയായിരുന്നു പ്രിൻസിപ്പൽ.

” കഴിഞ്ഞ അധ്യയനവർഷത്തെ +2പരീക്ഷയിൽ ഫുൾ A+ എന്നതിനേക്കാൾ ഉപരി ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ നമ്മുടെ സ്കൂളിന്റെ അഭിമാനമായി ഉന്നതവിജയത്തിന്റെ വെന്നിക്കൊടി പാറിച്ച വരുണിനെ അനുമോദിക്കുന്ന ചടങ്ങാണ് ഇനി. ആ അനുമോദനം ഏറ്റുവാങ്ങാനായി നമ്മുടെ എല്ലാം പ്രിയപ്പെട്ട വരുണിനെ വേദിയിലേക്ക് ക്ഷണിക്കുന്നു. അനുമോദിക്കാനായി നമ്മുടെ എല്ലാം പ്രിയപ്പെട്ട വിദ്യാഭ്യാസമന്ത്രിയെയും വേദിയിലേക്ക് ക്ഷണിക്കുന്നു. ”

എല്ലാവരുടെയും കരഘോഷത്തോടെ വരുൺ സ്റ്റേജിലേക്ക് കയറുമ്പോൾ അവന്റെ കണ്ണുകൾ പിന്നിൽ ഒരു മൂലയിലേക്ക് ഒഴിഞ്ഞിരിക്കുന്ന അമ്മയിൽ ആയിരുന്നു.

വിദ്യാഭ്യാസമന്ത്രിയുടെ ഹാസ്ഥാനം സ്വീകരിച്ചു പുഞ്ചിരിക്കുമ്പോൾ അവന് നൽകാനുള്ള മൊമന്റോയും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കയ്യിൽ. പക്ഷേ, അത് സ്വീകരിക്കാതെ അവൻ മൈക്കിനടുത്തേക്ക് നടക്കുമ്പോൾ എല്ലാവരുടെയും നോട്ടം അവനിൽ ആയിരുന്നു.

മൈക്കിനടുത്തേക്ക് നീങ്ങി നിന്ന് മന്ത്രിയടക്കം എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് അവൻ ഒന്ന് നെടുവീർപ്പിട്ടു.

” ഈ അവസരത്തിൽ ഇപ്പോൾ ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം. ചിലപ്പോൾ ഇനി ചെയ്യാൻ പോകുന്നതും. മന്ത്രി സാറിന്റെ കയ്യിലെ മൊമെന്റോ വാങ്ങാതെ ഞാൻ ഈ മൈക്കിനടുത്തേക്ക് നടക്കുമ്പോൾ അത് അഹങ്കാരമായി ആർക്കെങ്കിലും തോന്നിയെങ്കിൽ ക്ഷമിക്കുക. ഈ അവസരത്തിൽ ഇങ്ങനെ ചെയ്തതിന് ആദ്യം തന്നെ എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

എന്റെ ഈ വിജയം എന്നേക്കാൾ അർഹിക്കുന്നത് എന്റെ അമ്മയാണ്. ജീവിതത്തിൽ തോൽക്കാതിരിക്കാൻ അമ്മ കാണിച്ച ചങ്കുറപ്പാണ് എന്നെ ഇതുപോലെ ഈ വേദിയിൽ നിർത്തിയത്. ആ അമ്മയുടെ കൈ കൊണ്ട് ഈ സ്നേഹം ഏറ്റുവാങ്ങണമെന്ന ആഗ്രഹം കൊണ്ട് ആണ് ഞാൻ….. ”

അവന്റെ വാക്കുകൾക്ക് മുന്നിൽ നിശബ്ധമായ വേദി പിന്നെ കരഘോഷങ്ങളോടെ അവന്റെ വാക്കുകളെ സ്വീകരിക്കുമ്പോൾ വേദിയിലേക്ക് വരുണിന്റ അമ്മയെ ക്ഷണിച്ചിരുന്നു പ്രിൻസിപ്പൽ.

അത് കേട്ട് ഉടനെ ആരുടെയും കണ്ണിൽ പെടാതെ തല താഴ്ത്തി ഇരിക്കുമ്പോൾ പറന്നു പൊങ്ങിയ സാരിക്കുള്ളിൽ പൊതിഞ്ഞുവെച്ച വൃകൃതമായ ശരീരം മറ്റുള്ളവർക്ക് ഒരു കാഴ്ച ആയിരുന്നു.

അതേ സമയം അമ്മക്കരികിൽ എത്തിയ വരുൺ തല താഴ്ത്തി ഇരിക്കുന്ന അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് വേദിയിലേക്ക് നടക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ആ അമ്മയുടെ ശരീരത്തിൽ ആയിരുന്നു.

” ഇതാണ് എന്റെ അമ്മ. എന്റെ ഉദരത്തിൽ ചുമന്ന കാലം മുതൽ വേദനിക്കാൻ മാത്രം വിധിക്കപ്പെട്ട എന്റെ അമ്മ. ഈ. അവസരത്തിൽ എനിക്ക് നന്ദി പറയാനുള്ളത് എന്റെ അച്ഛനോട് ആണ്… അമ്മയുടെ സൗന്ദര്യം നഷ്ട്ടപ്പെട്ടതിന്റ പേരിൽ പടിയിറങ്ങിപോയതിന്. അല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഈ വേദിയിൽ ഇതുപോലെ നിൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അമ്മക്കൊപ്പം വളർന്ന അച്ഛനോടുള്ള വാശി തന്നെ ആണ് ഈ നിമിഷത്തെ യാഥാർഥ്യമാക്കിയതും. തോൽക്കില്ലെന്ന് മനസ്സ് വിചാരിച്ച ആ നിമിഷം.. ജയിക്കാൻ ഉളള തുടക്കം ആണത് !

കരയാൻ മാത്രം വിധിക്കപ്പെട്ട കുറെ ജീവിതങ്ങള്ക്കിടയിൽ എന്റെ അമ്മയും കരഞ്ഞിരുനെങ്കിൽ ചിലപ്പോൾ….. ”

അവൻ പതിയെ അമ്മയുടെ കയ്യിൽ നിന്ന് സാരിത്തലപ്പ് എടുത്തുമാറ്റി. അത് കണ്ട് മുഖം ചുളിക്കുന്ന പല മുഖങ്ങളും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.. ചിലർ സഹതാപത്തിൽ. അനുകമ്പയിൽ.. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ വരുൺ തുടർന്നു,

” ഇത് കണ്ടോ… എന്റെ അമ്മ ഒറ്റപ്പെട്ടതിന്റ ആദ്യ അടയാളമാണിത്. പലർക്കും ഇത് കാണുമ്പോൾ അറപ്പ് തോന്നാം.. പക്ഷെ, ഈ ചുളിവീണ ശരീരത്തിന്റെ ഉള്ളിൽ ഒരു മനസ്സ് ഉണ്ട്. എത്ര പൊള്ളലേറ്റിട്ടും കറുത്ത് കരിവാളിക്കാത്ത ഒരു മനസ്സ്. അതാണ് എന്റെ നിമിഷം വരെ ഉളള ധൈര്യവും ഊര്ജ്ജവും.

അതുകൊണ്ട് എല്ലാവരും എന്റെ ഈ തെറ്റിനെ ക്ഷമിച്ചുകൊണ്ട് എന്റെ അമ്മയുടെ കയ്യിൽ നിന്ന് ഈ മൊമെന്റോ വാങ്ങാൻ അനുവദിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. ”

അവന്റെ ചിലമ്പിച്ച വാക്കുകൾ ഹാളിൽ മുഴങ്ങുമ്പോൾ അവിടം നിശബ്ദമായിരുന്നു. അവനെയും അമ്മയെയും മാറിമാറി നോക്കുന്ന പല കണ്ണുകളിലും ആശ്ചര്യവും ബഹുമാനവും ഉണ്ടായ നിമിഷങ്ങൾ. ആ നിശബ്ദതയെ ഉണർത്തിയത് മന്ത്രിയുടെ കയ്യടിയിലൂടെ ആയിരുന്നു.

പതിയെ അദ്ദേഹം മൈക്കിനടുത്തേക്ക് വന്ന് സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു, ” ഈ മകനെ അനുമോദിക്കാൻ എന്ത് കൊണ്ടും അർഹത ഈ അമ്മക്ക് തന്നെ ആണ്. ജീവിതത്തോട് പൊരുതി നേടിയ ഈ വിജയത്തിന്റെ അടിവേര് ആ അമ്മ ആണെന്ന് പറയുമ്പോൾ…. ഈ നിമിഷത്തിൽ ഒന്നും പറയാൻ കഴിയുന്നില്ല.. ഈ അമ്മക്ക് മുന്നിൽ കൈ കൂപ്പുന്നു. മന്ത്രി ആയിട്ടല്ല… ഇതുപോലെ ഒരു അമ്മക്ക് മുന്നിൽ നിൽക്കാൻ കഴിഞ്ഞ ഒരു മകൻ ആയിട്ട് തന്നെ. ”

മന്ത്രിയുടെ വാക്കുകൾക്കൊപ്പം ഉയർന്ന കയ്യടിയിൽ അമ്മയിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങുമ്പോൾ വരുണിന്റ ചേർത്തുപിടിക്കലിൽ ഒരു കുഞ്ഞിനെ പോലെ അവനിലേക്ക് ചേർന്ന് നിന്ന് വിങ്ങുകയായിരുന്നു ആ അമ്മ.

ആ സമയത്തായിരുന്നു രണ്ട് വാക്ക് പറയാൻ വേണ്ടി പ്രിൻസിപ്പൽ അമ്മയെ ക്ഷണിച്ചതും,

എന്ത് പറയുമെന്ന് അറിയാതെ മകനേ നോക്കുന്ന ആ അമ്മയുടെ മുഖത്തൊരു നിസ്സഹായാവസ്ഥ തെളിഞ്ഞു കാണാമായിരുന്നു. മൈക്ക് ചേർത്തു പിടിക്കുമ്പോൾ ഹാളിൽ മുഴങ്ങിയത് വലിയ ഒരു നിശ്വാസമായിരുന്നു. പിന്നെ ഒരു തേങ്ങലോടൊപ്പം പുറത്തേക്ക് വന്ന വാക്കുകൾ കേൾക്കാൻ കാതോർത്തിരുന്ന ആളുകൾക്ക് മുന്നിൽ ആ അമ്മ സംസാരിച്ചു രണ്ടേ രണ്ട് വാക്ക് മാത്രം,

” ഇപ്പോൾ എന്റെ മകൻ ചെയ്തത് തെറ്റാണെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ചെറിയ കുട്ടിയല്ലേ.. അതിന്റ അറിവ്കേടായി എല്ലാവരും ക്ഷമിക്കണം ” എന്ന് മാത്രം പറഞ്ഞ് സദസ്സിനെയും വേദിയിലെ വിശിഷ്ട്ടവ്യക്തികളെയും തൊഴുത് തിരിയുമ്പോൾ നിറഞ്ഞ കണ്ണുകളുമായി ആ അമ്മയെ ചേർത്തുപിടിക്കാൻ വരുൺ കാത്തു നിൽക്കുകയായിരുന്നു.

ഇപ്പഴും ജയിച്ചത് തന്റെ അമ്മ തന്നെ ആണെന്നുള്ള അഭിമാനത്തോടെ…. ! ആശയം കടപ്പാട് ഈ ഇടെ വായിക്കാൻ കഴിഞ്ഞ ഒരു വാർത്തയ്ക്ക് 🙏♥️ രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *