അപ്പൻ പറഞ്ഞു എന്റെ ഇഷ്ടം ആണ് അപ്പന്റെ ഇഷ്ടം എന്ന്…

Uncategorized

രചന: ബിന്ധ്യ ബാലൻ

“ശോ.. എന്തൊരു കഷ്ട്ടമാണെന്നു നോക്കണേ…ഒന്ന് വന്ന് പോയിട്ട് രണ്ടാഴ്ച തെകഞ്ഞിട്ടില്ല.. കാലമാടൻ പിന്നേം കെട്ടിയെടുക്കുന്നുണ്ട് ഇന്നും ”

രാവിലെ തന്നെ ജി എമ്മിന്റെ മുറിയിൽ നിന്നിറങ്ങി വന്ന് കമ്പ്യൂട്ടറിന് മുന്നിലിരുന്നു കലി തുള്ളുന്ന സീനിയർ സ്റ്റാഫ്‌ ആയ രേണുകചേച്ചിയോട് പുരികമുയർത്തി കാര്യം തിരക്കിയപ്പോഴാണ് ചേച്ചി പറഞ്ഞത്

“എന്റെ പൊന്ന് മോളെ ഒന്നും പറയണ്ട, ടെറിട്ടറി വിംഗ് മാനേജർ ആൽഫി ജോൺ ചെറിയാൻ ഇന്നും എന്തോ മീറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുവാ.. കൃത്യം പന്ത്രണ്ട് മണിക്ക് കാലനിങ് കെട്ടിയെടുക്കുമെന്ന്. അത് പറയാനാ ജി എം എന്നെ ഇപ്പൊ വിളിപ്പിച്ചത്. വന്ന് കഴിഞ്ഞാൽ അറിയാലോ ഒരാൾക്കും സമാധാനം തരത്തില്ല ആ ചെറുക്കൻ… അതെങ്ങനാ, ചെറുപ്രായത്തിൽ തന്നെ ഇത്രേം വലിയ പൊസിഷനിൽ എത്തിയതിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചല്ലേ നടപ്പ്… മാത്രമോ പാലായിലെ അറിയപ്പെടുന്ന ക്രിസ്ത്യൻ കുടുംബത്തിലെ ഇളയ സന്താനവും.. വായില് വെള്ളിക്കരണ്ടിയുമായി ജനിച്ച ഒന്നാം തരം അച്ചായൻ ചെറുക്കൻ.. അപ്പൊ പിന്നേ നമ്മളെപ്പോലുള്ള പാവങ്ങളുടെ മെക്കിട്ട് കേറാൻ ഇതൊക്കെ തന്നെ അധികമാണ്…

“ഈശ്വരാ പുള്ളി ഇന്നും വരുന്നുണ്ടോ…അപ്പൊ ഇന്നത്തെ ദിവസം പോയിക്കിട്ടിയല്ലേ രേണുകച്ചേച്ചിയേ.. ”

രേണുക ചേച്ചി പറഞ്ഞത് കേട്ട് മോണിറ്ററിൽ നിന്ന് തലയുയർത്തി വിഷാദത്തോടെ പറഞ്ഞു കൊണ്ട് നെടുവീർപ്പിടുന്ന മായയെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി ഞാൻ. എന്റെ ചിരി കണ്ടു കലി കയറി അവൾ പറഞ്ഞു

“നീ ചിരിച്ചോടി.. കഴിഞ്ഞയാഴ്ച വന്നപ്പോ അങ്ങേരുടെ വായിലിരിക്കണത് മുഴുവൻ കേട്ടതല്ലേ.. എന്നിട്ടും നിനക്ക് മതിയായില്ലേ രാധുവേ.. ”

“അതിപ്പോ തലപ്പത്തിരിക്കുന്നവരുടെ തെറി കേൾക്കാൻ യോഗമുണ്ടെങ്കിൽ എന്ത് ചെയ്യും..മറ്റുള്ളവരുടെ കീഴിൽ പണിയെടുക്കുന്ന നമ്മളെപ്പോലുള്ള പാവങ്ങൾക്ക് വേറെന്താ നിവൃത്തി… ഞാൻ ചിരിച്ചത് അതിനല്ല, ഇന്ന് പുള്ളീടെ ഇര നമ്മളിൽ ഏത് ഹതഭാഗ്യനാണെന്നോർത്താ ”

അത്രയും പറഞ്ഞ് സർവീസ് ഡിപ്പാർട്മെന്റിലേക്ക് അയക്കാനുള്ള മെയിൽ അയക്കുന്ന തിരക്കിലേക്ക് ഞാൻ മുങ്ങാംകുഴിയിട്ടു.

അതിനിടയ്ക്ക് അലാറമടിക്കുന്നത് പോലെ വന്ന് കൊണ്ടിരുന്ന പ്രിയപ്പെട്ടവന്റെ ഫോൺ കോളുകളെ സൈലന്റ് മോഡിലേക്ക് ഇട്ട് കൊണ്ട് ജോലിയിൽ തന്നെ മുഴുകിയിരിക്കുമ്പോൾ മനസ്സിൽ മുഴുവൻ കഴിഞ്ഞയാഴ്ച ആൽഫി സാറിൽ നിന്ന് കേട്ട ശകാരവും ദേഷ്യപെടലുകളുമായിരുന്നു. ഇന്നിനി ആര് എന്തിന്റെ പേരിൽ ചീത്ത കേൾക്കുമെന്നു പറയാനൊക്കില്ല.. ഒരു നെടുവീർപ്പോടെ ഞാൻ ജോലി തുടർന്നു… ———————————————————————–

“സ്റ്റാഫ്‌സ് എല്ലാം കോൺഫറൻസ് ഹാളിലേക്ക് ചെല്ലാൻ ആൽഫി സർ പറഞ്ഞു ”

പന്ത്രണ്ട് മണിക്ക് പ്യൂൺ വന്നത് പറഞ്ഞിട്ട് പോകുമ്പോൾ എല്ലാവരുടെയും മുഖത്ത് പേടിയുടെയും സങ്കടത്തിന്റെയും നിഴൽ പരന്നു. കൊല്ലാൻ കൊണ്ട് പോകുന്ന അറവു മാടിന്റെ ദൈന്യതയോടെയാണ് ഞങ്ങൾ ഹാളിലേക്ക് ചെന്നത്. നോക്കുമ്പോൾ ലാപ്ടോപ്പിൽ കാര്യമായ എന്തോ വർക്കിൽ മുഴുകിയിരിക്കുന്ന സർ..ചെന്നപാടെ ഞങ്ങൾ കുറച്ചു നേരം സാറിനെ അങ്ങനെ നോക്കി നിന്നു. കട്ടിയുള്ള പുരികങ്ങളും മീശയും, ട്രിം ചെയ്തോതുക്കിയ താടിയും ഒക്കെയായി ഒത്ത ഉയരവും വെളുത്തു ഫിറ്റ്‌ ആയ ശരീരമൊക്കെയുള്ള ആൽഫി സാറിനെ പുറമെ പേടിയാണെങ്കിലും പെൺകുട്ടികൾക്ക് ഉള്ളിൽ വലിയ ആരാധനയോ ഇഷ്ടമോ ഒക്കെ ആയിരുന്നു..

അങ്ങനെ നോക്കി നിന്ന്, നീ വിളിക്ക്.. അല്ലെ നീ വിളിക്ക് എന്നിങ്ങനെ കണ്ണ് കൊണ്ട് പരസ്പരം ആംഗ്യം കാട്ടി നിൽക്കുമ്പോഴാണ് ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്തി പെട്ടെന്ന് സർ ചോദിച്ചത്

“എല്ലാവരും കൂടി കഥകളി കളിക്കാൻ വന്നതാണോ ഇങ്ങോട്ട്? ”

“അല്ല സർ.. സോറി ”

രേണുകച്ചേച്ചി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

സിംഹത്തിന്റെ മുന്നിൽ പെട്ട മാനുകളെപ്പോലെ നിൽക്കുന്ന ഞങ്ങളെ മുഴുവനൊന്ന് നോക്കിയിട്ട്, കണ്ണടയൂരി ഷർട്ടിന്റെ കോളറിൽ ഹാങ്ങ്‌ ചെയ്ത്, ഷർട്ടിന്റെ സ്ലീവുകൾ ചെറുതായൊന്നു തെറുത്തു കയറ്റി കഴുത്തിലെ ടൈ ഒരൽപ്പം അയച്ചു കൊണ്ട് സർ പറഞ്ഞു

“ഞാനിങ്ങനെ കൂടെ കൂടെ വരുന്നത് നിങ്ങൾക്ക് അത്ര ഇഷ്ട്ടപ്പെടുന്നില്ലെന്നു എനിക്ക് അറിയാം.. പക്ഷെ എന്ത് ചെയ്യാൻ, വരാതെ പറ്റില്ലല്ലോ…. ”

“അയ്യോ അങ്ങനെയൊന്നുമില്ല സർ… സർ ഇടയ്ക്ക് ഇടയ്ക്ക് വന്ന് ഇങ്ങനെ മോണിറ്റർ ചെയ്യുന്നത് കൊണ്ടാണ് എൻക്വയറി സെക്ഷൻ ഇത്രയും പ്രോപ്പറായി ഫങ്ക്ഷൻ ചെയ്യുന്നത്. ”

മായയാണ് പറഞ്ഞത്. പക്ഷെ അത്ര പെട്ടന്നൊന്നും ആരുടേയും സുഖിപ്പിക്കലിൽ വീഴാത്ത ആളായത് കൊണ്ട്, അവൾ പറഞ്ഞത് ഗൗനിക്കാതെ ഞങ്ങൾ എല്ലാവരെയും നോക്കിയൊന്ന് കണ്ണുരുട്ടിയിട്ട് ലാപ്ടോപ് ഞങ്ങൾക്ക് മുന്നിലേക്ക് നീക്കി വച്ച് പുള്ളി പറഞ്ഞു

“ലാസ്റ്റ് വൺ വീക്കിലെ എൻക്വയറി സെക്ഷനിൽ വന്നിട്ടുള്ള ക്വറിസിന്റെ ഡീറ്റെയിൽസ് ആണിത്.. ഇതിൽ ഓരോ തവണയും ഡിസിഷൻ പെന്റിങ് ആകുന്ന കസ്റ്റമേർസിന്റെ ഡീറ്റെയിൽസ് നിങ്ങളെന്താ സോഫ്റ്റ്‌വെയറിൽ പ്രോപ്പറായി അപ്ഡേറ്റ് ചെയ്യാത്തത്.. ”

“സർ അതൊക്കെ കൃത്യമായി ചെയ്യുന്നുണ്ട്.. ഇതിന്റെ ചുമതല രാധുവിനാണ്.. ലാസ്റ്റ് വീക്ക്‌ രണ്ടു ദിവസം രാധു ലീവ് ആയിരുന്നു.. അതാണ്‌… ”

“സ്റ്റോപ്പ്‌ ഇറ്റ്… ”

മേശമേൽ ആഞ്ഞിടിച്ചു കൊണ്ട് സർ കസേരയിൽ നിന്നു ചാടിയെണീറ്റു.

“നിങ്ങളുടെ എസ്ക്യൂസ്‌ കേൾക്കാൻ വന്നതല്ല ഞാൻ.. ഒരാൾ ലീവ് ആയാൽ, അടുത്ത ആള് ആ വർക്ക്‌ ചെയ്യണമെന്ന് നിങ്ങളോട് ഞാൻ പറഞ്ഞു തരണോ… ബുൾഷിറ്റ്… ”

കോൺഫറൻസ് ഹാളിന്റെ നാല് ചുവരുകൾക്കുള്ളിൽ സാറിന്റെ സ്വരം മുഴങ്ങി… പൊതുവേ കാണാൻ ചന്തമുള്ള സാറിന് ദേഷ്യം വരുമ്പോൾ ആ ചന്തം കൂടും. മൂക്കൊക്കെ ചുവന്നു തക്കാളിപ്പഴം പോലെയാകും.. അത് കാണാൻ തന്നെ നല്ല രസമാണ്..

“കഴിഞ്ഞ തവണ വന്നപ്പോ തന്നെയല്ലേ ഞാൻ പിടിച്ചു കുടഞ്ഞത്.. അതെന്തിനായിരുന്നു ”

സർ എന്റെ മുഖത്ത് നോക്കി ദേഷ്യത്തോടെ ചോദിച്ചു.. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

“എന്തെങ്കിലും ചോദിച്ചാൽ ഇങ്ങനെയങ് നിന്നോണം.. താനൊക്കെ എന്തിനാഡോ രാവിലെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്.. ചെയ്യുന്ന ജോലിയോടും ഇൻവോൾവ് ആയിരിക്കുന്ന കമ്മിറ്റ്മെന്റുകളോടും ആത്മാർത്ഥ വേണം.. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടോ.. ”

ഈശ്വരാ. ഇന്നും ഇര ഞാൻ തന്നെ… ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് പാളി നോക്കി. എല്ലാവരുടെയും മുഖത്ത് രക്ഷപെട്ടല്ലോ എന്ന ആശ്വസിക്കൽ ആയിരുന്നു നിറഞ്ഞു നിന്നത്.. അതും കൂടിയങ്ങു കണ്ടതും എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി..

“രാധു…യു സ്റ്റേ ഹിയർ.. ബാക്കിയുള്ളവർക്ക് പോകാം.. ”

വീണ്ടും കസേരയിൽ ചെന്നിരുന്ന് ലാപ്ടോപ് തിരിച്ചു വച്ച് സർ പറഞ്ഞത് കേട്ട്, എന്നെ നോക്കിയൊരു നെടുവീർപ്പോടെ എല്ലാവരും ഹാൾ വിട്ട് പോയി.

“താൻ ഇരിക്ക്..”

മുന്നിലെ കസേരയിലേക്ക് വിരൽ ചൂണ്ടി സർ ഓർഡർ ചെയ്തപ്പോൾ, പാതി മനസോടെ ഞാൻ ഇരുന്നു..

ഏതാനും മിനിറ്റുകൾ മൗനനായിരുന്നിട്ട്, ലാപ്ടോപ്പിൽ നിന്നു മുഖമുയർത്താതെ പെട്ടന്നാണ് സർ ചോദിച്ചത്

“വിളിച്ചിട്ടെന്നതാടി നീ ഫോൺ എടുക്കാഞ്ഞത്”

ഉയർന്നു വന്ന തേങ്ങലിനെ കൈത്തലം കൊണ്ട് പൊത്തിപ്പിടിച്ചു വിങ്ങിപ്പൊട്ടിയ എന്നെ കണ്ടൊരു ചിരിയോടെ ആള് വീണ്ടും ചോദിച്ചു

“രാധു ഐ ആം ആസ്കിങ് യു… ഇങ്ങോട്ടുള്ള ട്രാവല്ലിംഗിൽ ഞാൻ വിളിച്ചിട്ട് നീയെന്താ ഫോൺ എടുക്കാതിരുന്നതെന്നു..? ”

“ഒന്നൂല്യ സർ”

തേങ്ങലോടെയാണ് ഞാൻ പറഞ്ഞത് ..

“ഒന്നൂല്യ.. ആരെന്നു? ”

വീണ്ടും ചോദ്യം…

“സർ എന്ന്.. ”

“ആരെന്നു..? ”

ആള് വിടാനുള്ള ഉദ്ദേശമില്ല..

” ഇച്ചായാ… ”

അങ്ങനെ വിളിച്ചതും പൊട്ടിക്കരഞ്ഞു പോയ എന്നെ കണ്ടൊരു കുസൃതിചിരിയോടെ ഇച്ചായൻ പറഞ്ഞു

“ഇച്ചായനോട് ദേഷ്യം ആണോടി… ഇതൊക്കെ ഇച്ചായന്റെ ഓരോ വട്ടല്ലേ കൊച്ചേ… എല്ലാവരുടെയും മുന്നിൽ വച്ച് ഇച്ചായനെങ്ങനാ നിന്നെ പുന്നാരിക്കുന്നത്.. ഇതൊക്കെ ജോലിയുടെ ഭാഗം അല്ലെ.. അതിനാണോ ഈ ദെണ്ണപ്പെട്ടിരിക്കുന്നത് ”

“ഇച്ചായൻ എന്നോട് മിണ്ടണ്ട… ഞാൻ പോകുവാ.. ”

പരിഭവത്തോടെ പോകാനെണീറ്റ എന്നോട്

“ഇരിക്കെടി അവിടെ ”

എന്ന് കലിപ്പിൽ പറഞ്ഞ് വീണ്ടും എന്നെ അവിടെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു

“ഇവിടെ അധികം നേരമിരുന്നു സംസാരിച്ചു നിനക്കൊരു ചീത്തപ്പേരുണ്ടാക്കണില്ല ഞാൻ.. ഞാൻ വൈകുന്നേരം കോഫി ഡേയിൽ ഉണ്ടാകും.. മര്യാദയ്ക്ക് വന്നോണം.. കണ്ണ് നിറച്ചൊന്നു കണ്ടേച്ചു വേണമെനിക്ക് പോകാൻ..കേട്ടല്ലോ… ”

കണ്ണീരിന്റെ നനവിലും അറിയാതെ ഞാൻ ചിരിച്ചു പോയി. ———————————————————————

ഓഫിസ് വിട്ട്, ഇച്ചായൻ പറഞ്ഞത് പോലെ കോഫി ഷോപ്പിൽ ചെന്ന് കയറുമ്പോൾ ഞാൻ കണ്ടു വിൻഡോ സൈഡിലെ ടേബിളിൽ ഇരിക്കുന്ന ഇച്ചായനെ.. ചെന്ന് ഒന്നും മിണ്ടാതെ ഇച്ചായന്റെ അടുത്ത് ചെന്നിരുന്ന എന്നെ പതിയെ ഒന്ന് നുള്ളി ഒരു കള്ളച്ചിരിയോടെ ഇച്ചായൻ ചോദിച്ചു

“ഇച്ചായന്റെ പെണ്ണ് ഇച്ചായനോട് സെറ്റ്ഔട്ട്‌ ആണോ.. ”

ഞാൻ ഒന്നും മിണ്ടിയില്ല… സങ്കടം കൊണ്ട് മിഴി നിറയുന്നത് പോലെ…നിറഞ്ഞൊഴുകാൻ കണ്ണുകൾ കാത്ത് നിൽക്കുമ്പോഴാണ്, തോളിലൂടെ കയ്യിട്ട് ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഇച്ചായൻ പറഞ്ഞത്

“ഇച്ചായനെ നിനക്ക് അറിഞ്ഞൂടേടി… ഓഫിസിൽ അങ്ങനെയൊക്കെ ഷൗട് ചെയ്തൂന്ന് കരുതി എന്റെ പെണ്ണിനോട് എനിക്ക് ഇഷ്ടം ഇല്ലെന്നാണോ.. എന്റെയായത് കൊണ്ടല്ലേടി ഇത്ര ധൈര്യം.. മൂന്ന് കൊല്ലം മുൻപൊരു മീറ്റിങ്ങിനു വേണ്ടി ഇവിടെ വന്ന ഈ ആൽഫി ജോൺ ചെറിയാന് ലൈഫിൽ ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നി… മനസിലുള്ള ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞ്, തിരിച്ച് അവളെക്കൊണ്ടും ഇഷ്ടമാണെന്നു പറയിക്കുമ്പോൾ ലോകം ജയിച്ച സന്തോഷം ആയിരുന്നു… പിന്നെയവിടുന്നു അത്ഭുതപെടുകയായിരുന്നു ഞാൻ, ഒരു പെണ്ണിന് അവളുടെ ആണിനെ ഇത്രയൊക്കെ ആഴത്തിൽ സ്നേഹിക്കാനൊക്കോ എന്ന്.. ”

പറഞ്ഞൊന്നു നിർത്തി, ഒരു നിമിഷമെന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നിട്ട്, ബാക്കിയെന്നോണം ഇച്ചായൻ പറഞ്ഞു “നിന്നെ ആദ്യമായി കണ്ട അന്നേ മനസ്സിൽ ഉറപ്പിച്ചതാണ് നീ എന്റെയാണെന്ന്… ആവശ്യമില്ലാത്ത ഓഡിറ്റിങ്ങിന്റെയും മീറ്റിങിന്റെയും പേര് പറഞ്ഞിങ്ങനെ കൂടെ കൂടെ ഇച്ചായനിങ്ങനെ ഓടി വരുന്നത് നിന്നെയൊന്നു നേരിൽ കണ്ണ് നിറച്ച് കാണാനല്ലേ മോളെ. എന്തെങ്കിലും ഒക്കെ കാരണമുണ്ടാക്കി നിന്നെ കരയിക്കുന്നത് മനഃപൂർവം അല്ലേടി.. ആ സമയത്ത് അങ്ങനെ സംഭവിച്ചു പോകുന്നതാണ്…എല്ലാവരും നിൽക്കുമ്പോൾ എനിക്ക് നിന്നോട് മാത്രം സോഫ്റ്റ്‌ ആകാനൊക്കോ.. എനിക്കിപ്പോ എല്ലാവരുടെയും മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് പറയാവുന്നതേയുള്ളൂ, രാധു ഈ ആൽഫിയുടേതാണെന്നു… പക്ഷെ അങ്ങനെ പറയാനല്ല ഇച്ചായനിഷ്ടം.. എല്ലാവരുടെയും മുന്നിൽ വച്ച് ഈ കഴുത്തിലൊരു മിന്നു കെട്ടണം… അപ്പൊ അറിഞ്ഞാൽ മതി എല്ലാവരും.. ”

ഞാൻ കണ്ണുകളുയർത്തി ഇച്ചായനെ നോക്കി.. ഇച്ചായൻ ഇഷ്ടം പറയുമ്പോഴും, വാശി പോലെ എന്റെ ഇഷ്ടം നേടിയെടുക്കുമ്പോഴും ഉള്ളിൽ തീയായിരുന്നു.. ഒരിക്കൽ എന്നെ മതിയാക്കി പോകുമോ എന്ന്…

കാശിന്റെ പുറത്ത് ജനിച്ചു വീണ രാജകുമാരനെപ്പോലൊരാൾക്ക് എന്നെപ്പോലൊരു സാധാരണ പെൺകുട്ടി.. പറഞ്ഞു മനസിലാക്കി ഒഴിഞ്ഞു മാറിയപ്പോഴെല്ലാം കൂടുതൽ വാശിയോടെ ആ ആത്മാവിലേക്കെന്നെ വലിച്ചടുപ്പിച്ചു… ഇപ്പൊ ഈ രാധുവിന്റെ പ്രാണനാണ് ഈ ചെക്കൻ. ആ തോളിലേക്ക് തല ചായ്ച് കണ്ണുകൾ അടയ്ക്കുമ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഇച്ചായൻ പറഞ്ഞത്

“ദേ അടുത്ത സൺ‌ഡേ ഞാനും അപ്പനും അമ്മയും കൂടി അങ്ങ് വരുവാ നിന്റെ വീട്ടിലോട്ട്, എന്റെ പെണ്ണിനെ ഇങ്ങ് തന്നെക്കെന്നു പറയാൻ… ”

ഒരു ഞെട്ടലോടെ ഇച്ചായനെ നോക്കുമ്പോൾ, നിറഞ്ഞ ചിരിയോടെ ഇച്ചായൻ പറഞ്ഞു

“അപ്പനോട് പറഞ്ഞെടി ഞാൻ… പക്ഷെ എന്റെ കന്നന്തിരിഞ്ഞ സ്വഭാവം അറിയാവുന്ന അപ്പൻ എന്നോട് ആദ്യം ചോദിച്ചത് എന്നാണെന്നറിയോ, നീയാ കൊച്ചിനെ കത്തി കാണിച്ചു പേടിപ്പിച്ചു ഇഷ്ട്ടപ്പെടുത്തിയതെങ്ങനാണോടാ ഉവ്വേന്ന്…. എങ്കിലും അപ്പൻ പറഞ്ഞു എന്റെ ഇഷ്ടം ആണ് അപ്പന്റെ ഇഷ്ടം എന്ന്..അപ്പന് ഓക്കേ ആന്നേൽ അമ്മച്ചി ഡബിൾ ഓക്കേ അല്ലെ…അപ്പൊ ആ കാര്യത്തിൽ തീരുമാനം ആയി.. ഇനിയിപ്പോ ഓഫീസിൽ മാത്രമല്ല വീട്ടിലും ഇച്ചായനെ സഹിക്കേണ്ടി വരൂല്ലോടി ഉവ്വേ .. ”

ഒക്കെ കേട്ട് ഒന്നും പറയാൻ പറ്റാതെ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുകളുമായി ഇച്ചായനെ തന്നെ ഉറ്റു നോക്കുമ്പോൾ, കണ്ണിലെ നനവിലേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നൊരു നിറഞ്ഞ ചിരിയോടെ

“ആൽഫിയുടെ പെണ്ണ് ഇനി കരയാൻ പാടില്ല.. ഇച്ചായന്റെ നെഞ്ചിലേ അവസാന പിടപ്പും ഒടുങ്ങും വരെ നിന്നെ ഈ നെഞ്ചിൽ ചേർത്ത് പിടിചങ്ങനെ ജീവിക്കണമെനിക്ക്… ”

എന്ന് പറഞ്ഞ് വീണ്ടും എന്നെ ആ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ, ഉള്ളിലെ പേടിയെല്ലാം എവിടെയോ പോയിക്കഴിഞ്ഞിരുന്നു….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *