ഒരു പാലാക്കാരൻ പ്രണയം…

Uncategorized

രചന : Anu George Anchani

“ഡാ സെബിയേ , എന്തിയെടാ നിന്റെ അന്നക്കൊച്ചു …???

തല പൊക്കി നോക്കിയപ്പോൾ കരോട്ടെപ്ലാക്കലെ തൊമ്മിചേട്ടായിയാണ് . കാല് ലേശം ആടുന്നുണ്ട് .വേച്ചു വേച്ചാണ് നില്കുന്നത് അതെങ്ങനാ എൻ്റെ കെട്ടു പ്രമാണിച്ചു മൂവന്തിയായപ്പോൾ തുടങ്ങിയതാ കള്ള് മോന്താൻ .

“ഓ എന്നാ പറയാനാ ചേട്ടായിയെ അവള് പിന്നേം വേലിചാടിയെന്നെ ”

“ആഹാ പൊളിച്ചു .. എന്നാ പിന്നെ നീ മാനത്തും നോക്കി ഇരുന്നോ കേട്ടോടാ ഉവ്വേ ”

അങ്ങേരേം നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു മണിയറയിലേക്ക് കേറി . ആ മുറിയാകെ നമ്മുടെ കുടുംബത്തിലെ പിള്ളാരുടെ മുഴുവൻ കരവിരുതും പുറത്തെടുത്തു അലങ്കരിച്ചിട്ടുണ്ട് . അന്നകുട്ടി വരുന്നേനു മുന്നേ എല്ലാം കുടഞ്ഞൊന്നു പരിശോധിക്കണം വേണേൽ ചിലപ്പോൾ പന്നി പടക്കം വരെ ഫിറ്റു ചെയ്തിട്ടുണ്ടാവും അമ്മാതിരി സൈസുകളാണ് .

“അയ്യോ ” അന്ന കുട്ടിയെ പറ്റി പറഞ്ഞില്ലല്ലോ . അവളെന്റെ കെട്ടിയോളാ . സർട്ടിഫിക്കറ്റിൽ “ആഗ്നസ് മരിയ തോമസ് “. നാട്ടിൽ എല്ലാവരുടെയും വായടി മറിയ .വീട്ടുകാരുടെ അന്നകൊച്ചു .എൻ്റെ മാത്രം അന്നക്കുട്ടി .

“അതേ ,പിന്നില്ലേ അവള് ചാടിപ്പോയെന്നു പറഞ്ഞതു ഒരു മതിലിനപ്പുറത്തുള്ള അവളുടെ വീട്ടിലോട്ടു പോയ കാര്യമാണേ .

ഇപ്പോൾ ഏകദേശമുദ്ദേശം മനസിലായി കാണുമല്ലോ അടുത്ത വീട്ടിലെ പെങ്കൊച്ചിനെ ഞാൻ വളച്ചു കുപ്പിയിലാക്കിയതാണെന്നു . ശരിക്കും പറഞ്ഞാൽ വളയ്ക്കാൻ ഉദേശിച്ചത് ഞാനും .വളച്ചത് അവളുമായിരുന്നു .

പണ്ടൊരു ഞായറാഴ്ച സൺ‌ഡേ സ്കൂളും കഴിഞ്ഞു കപ്പേടേം പോർക്ക് ഉലർത്തിയതിന്റെയും ഉഗ്രൻ കോമ്പിനേഷൻ മനസ്സിലോർത്തു കൊക്കോ തോട്ടത്തിൽ കളിക്കാൻ പോലും പോകാതെ വീട്ടിലേയ്ക്കു വച്ചു പിടിപ്പിച്ചു . കുത്ത് കല്ലു കയറുന്നതെ കേട്ടു വീട്ടിൽ നിന്നും ഒരു തെറിപ്പാട്ട് അതും പെൺസ്വരത്തിൽ .

“എൻ്റെ കയ്യ് വിടാടാ പട്ടീ .. നിന്നെ കൊല്ലുമെടാ”,

എന്നൊക്കെ ഒരു പീക്കിരി സൗണ്ട് . മൂന്നു ആൺകൊച്ചുങ്ങൾ മാത്രമുള്ള വീട്ടിൽ നിന്നും ഈ പെൺ ഗർജനം ഏതാണ് എന്നറിയാനുള്ള ആകാംക്ഷയിൽ കപ്പേം പന്നീം ഒക്കെ എതിലെ പോയെന്നറിയത്തില്ല . കരച്ചിൽ വീടിന്റെ പിന്നാമ്പുറത്തെ ചായ്പ്പിൽ നിന്നാണ് . അവിടെയാണു നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുകാരനും എൻ്റെ വല്യപ്പനുമായ മത്തായി വൈദ്യന്റെ വൈദ്യപ്പുര . നോക്കിയപ്പോൾ ഒരു കുഞ്ഞു നിക്കറും ഇട്ടു ഒരു അടയ്ക്കാ കുരുവിയോളം പോന്ന പെങ്കൊച്ചു തൊള്ള കീറി പൊളിക്കുന്നുണ്ട് . ഇതിന്റെ വായിൽ നിന്നാണോ ഇത്രയും വലിയ ഒച്ച കേൾക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . കാറുന്നതിന്റെ ഒപ്പം വല്യപ്പച്ചന്‌ ചവിട്ടും കിട്ടുന്നുണ്ട് . ചുണ്ടിൽ ചിരിയൂറുന്ന എന്നെ കണ്ടിട്ട് അവളുടെ കലിപ്പ് കൂടിയ പോലെയുണ്ട്. അതു കണ്ടിട്ട് അമ്മച്ചിയെന്നെ വിളിച്ചു പറഞ്ഞു.

“സെബിയേ നീ ഇങ്ങു വന്നേ . ദാണ്ടെ കപ്പ എടുത്തു വച്ചേക്കുന്നു . കഴിച്ചോണ്ടിരുന്നപ്പോഴും എൻ്റെ ചിന്ത ആ അടയ്ക്ക കുരുവിയെ കുറിച്ചായിരുന്നു .അങ്ങിനെ പറഞ്ഞാലും അവളെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പള്ളിയിൽ പെരുന്നാളിന് കിട്ടുന്ന മൂന്നുരൂപ മത്തങ്ങാ ബലൂൺ ആന്ന് കേട്ടോ . ആരാ അമ്മച്ചി അതു എന്ന് ചോദിക്കുന്നതിനു മുന്നേ അമ്മച്ചി ഇങ്ങോട്ടു പറഞ്ഞു .

“ഡാ ആ കൊച്ചു നിന്റെ അപ്പച്ചന്റെ പഴയ കൂട്ടുകാരന്റെ മോളാ .അവരാണ് നമ്മുടെ അപ്പുറത്തെ ചീനവേലിക്കാരുടെ വീടും പറമ്പും മേടിച്ചേക്കുന്നെ .അവർ അതിന്റെ ഇന്ന് സാധനങ്ങൾ ഒക്കെ വയ്ക്കാൻ വന്നപ്പോൾ ആ കൊച്ചു പറമ്പിൽ എവിടെയോ വീണു കയ്യ് ഉളുക്കിയതാ അപ്പനും വല്യമ്മച്ചിം അങ്ങോട്ട്‌ പോയിട്ടുണ്ട് അവരെ സഹായിക്കാൻ . നീ കഴിച്ചേച്ചും അങ്ങോട്ട്‌ വരുന്നേൽ വാ കേട്ടോ പിന്നേ കുടിക്കാൻ കഞ്ഞിവെള്ളം ഉപ്പിട്ട് വച്ചിട്ടുണ്ട് ”

അമ്മച്ചി അത്രയും പറഞ്ഞപ്പോള എനിക്ക് ബോധോദയം വീണത് ശ്ശൊ . അയല്പക്കംകാരിയാണ് എന്നറിഞ്ഞിരുന്നേൽ മോങ്ങികൊണ്ടിരുന്ന ആ മത്തങ്ങായെ നോക്കി ചിരിക്കില്ലാരുന്നു .

പിറ്റേന്ന് സ്കൂളിൽ പോകാൻ ഇറങ്ങിപ്പോൾ ഉണ്ട് അവളുടെ അപ്പൻ ബേബിച്ചായൻ വെളുക്കെ ചിരിച്ചോണ്ട് നില്ക്കുന്നു .

“മോനേ സ്കൂളിലേക്ക് ഇന്ന് അന്നക്കുട്ടിയെയും കൊണ്ട്പോണേ , നാളെ തൊട്ട് മഠത്തുംപടിയിലെ ജോർജ് ചേട്ടന്റെ ഓട്ടോയിൽ കൊണ്ട് പൊയ്ക്കോളാം എന്ന് പറഞ്ഞിട്ടുണ്ട് “.

അതും പറഞ്ഞു അവളെക്കാൾ വലിയ സ്കൂൾ ബാഗുംവാട്ടർ ബോട്ടിലും കൂടി കൈയിലേക്ക് തന്നു അങ്ങേര് . പുല്ലേൽ ചവിട്ടും ഓട്ട പിടിത്തവും , കരിയില തെറുപ്പീരും എന്നീ കലാരൂപങ്ങൾ മുടങ്ങിയ വ്യസനത്തിൽ അവളുടെ പുറകെ നടക്കുമ്പോൾ ഞാൻ അറിഞ്ഞില്ല . നടന്നു സ്കൂളിൽ പോകുമ്പോളുള്ള സുഖം പിടിച്ചു അവള് സ്ഥിരമായിട്ടു എൻ്റെ കൂടെ കൂടുമെന്നു .

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കാണുന്ന ബേബിച്ചായനെയും മോളി ചേച്ചിയെയും ആഴ്ചയിൽ ഒന്ന് രണ്ടു തവണ സ്കൂൾ ടൈമിലും കാണാൻ തുടങ്ങിയതോടെ മനസ്സിലായി അവരുടെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ കയ്യിലിരിപ്പ് . അവസാനം എൻ്റെ വല്യപ്പച്ചന്റെ മേൽനോട്ടത്തിൽ അഞ്ചാം ക്ലാസുകാരനായ എൻ്റെ തലയിലോട്ടു വച്ചു തന്നു വായാടി മറിയയുടെ സംരക്ഷണം . ഉച്ചയ്ക്ക് ചോറും ഉരുളക്കിഴങ്ങു തോരനും കുട്ടൻ മീൻ വറുത്തതും കഴിച്ചേച്ചും ,കുപ്പിയിലെ കരിങ്ങാലി വെള്ളവും കുടിച്ചിട്ട് ഒരൊറ്റ ഓട്ടമാണ് സ്റ്റാഫ്‌ റൂമിലേയ്ക്ക് . അവള് അന്നേ ദിവസം ഉണ്ടാക്കിയ കുരുത്തകേടുകളുടെ കണക്കെടുപ്പിനു .

പക്ഷെ , ചുരുക്കി പറഞ്ഞാൽ അവളുടെ കുരുത്തകേടുകൾ കൂടും തോറും ഞങ്ങൾ തമ്മിലുള്ള പൊരുത്ത കേടുകൾ കുറഞ്ഞു വരികയായിരുന്നു .

അങ്ങിനെ തട്ടീം മുട്ടീം പത്താം ക്ലാസും കഴിഞ്ഞു . അന്ന കൊച്ചിനെ കാണുമ്പോൾ ഒരു അനുരാഗത്തിന്റെ മണമൊക്കെ എനിക്കു ചുറ്റും പരക്കുന്നതായി സ്വയം തോന്നി തുടങ്ങി .ഇനിയത് കൂഴച്ചക്ക പഴുത്ത പോലെ നാട്ടുകാരും കൂട്ടുകാരും അറിയുന്നതിന് മുന്നേ അവളോട്‌ പറയാൻ തീരുമാനിച്ചു .

കാരണം സ്കൂളിൽ പലർക്കും അവളെ ഇഷ്ടം ഉണ്ടെന്ന് അറിയാം. ആരും അവളെ പേടിച്ചിട്ടു അടുക്കാത്തതാണ്. ഇനി അവളെങ്ങാനും അങ്ങോട്ട്‌ കേറി ആരോടേലും ഇഷ്ടം പറയുമോന്നു എനിക്കും പേടിയുണ്ട്.

ആളിപ്പോൾ എട്ടാം ക്ലാസ്സിലാണ് . പക്ഷെ പഴയ പോലെ ഒന്നും അല്ലാട്ടോ അതുക്കും മേലെയാണ് ..

“എടിയേ അന്നക്കൊച്ചേ … നിന്നെ ഞാനങ്ങു കെട്ടിയാലോടി “.

എന്ന് ചോദിച്ചത് പള്ളി പെരുന്നാളിന് കൊടിയേറിയ അന്നാണ് . മുഖമടച്ചൊരു ആട്ടാണ് പ്രതീക്ഷിച്ചതു .

പക്ഷേ ,

രണ്ടു മൂന്നു നിമിഷത്തെ കനത്ത മൗനത്തിനു ശേഷം അവളുടെ ആ ‘കുഞ്ഞു വലിയ’ വായിൽ നിന്നും വന്ന മറുപടിയെന്നെ ഞെട്ടിച്ചു . “കെട്ടുന്നതൊക്കെ കൊള്ളാം , പക്ഷേ എനിക്ക് ആദ്യത്തേത് ഇരട്ടകുട്ടികൾ വേണം ..

എന്തോന്നാ ….???

” ആന്നുന്നെ , സെബിച്ചന് ഓർമ്മയില്ലേ രണ്ടു കൊല്ലം മുന്നേ നമ്മുടെ കണക്കുടീച്ചർക്കു ഇരട്ട കുട്ടികൾ ഉണ്ടായതു അന്നേ ആഗ്രഹിച്ചതാ എനിക്കും ഇരട്ട പിള്ളാര്‌ മതിയെന്നു .

ആദ്യമൊന്നു ഞെട്ടിയെങ്കിലും ഇല്ലാത്ത പക്വതയുടെ അങ്ങേയറ്റം എടുത്തണിഞ്ഞു കൊണ്ട് ഞാൻ മൊഴിഞ്ഞു .

“അതൊക്കെ കർത്താവ് അല്ലേ അന്നക്കുട്ടി തീരുമാനിക്കേണ്ടത് .”

“അതൊക്കെ ഞാൻ കർത്താവിനോട് പറഞ്ഞിട്ടുണ്ട് .”

“ഉയ്യോ എന്തോന്ന് .” “കോതനെല്ലൂര് പള്ളിലെ ഇരട്ട പുണ്യാളൻമാരോടും പിന്നെ നമ്മുടെ ശ്ലീഹന്മാരോടും പറഞ്ഞിട്ടുണ്ട് .” കൊടുത്ത പ്രൊപോസൽ തിരിച്ചെടുത്തലോ എന്നൊരു ചിന്ത തലയ്ക്കു ചുറ്റും എങ്ങാണ്ടോടെയൊക്കെ പാറി പോയി ഒന്നും രണ്ടും അല്ലാ ശ്ലീഹന്മാര് പന്ത്രണ്ടുപേരാണ് .എല്ലാരും സെപ്പറേറ്റായിട്ടു അന്നകൊച്ചിനങ്ങ്‌ അനുഗ്രഹം വാരി കോരി കൊടുത്താൽ ഞാൻ അങ്ങ് പെട്ടത് തന്നെ . മണ്ട പോയ തെങ്ങു പോലെയുള്ള എൻ്റെ നില്പ്പ് കണ്ടിട്ടോ എന്തോ അവളൊന്നു കനപ്പിച്ചൊന്നു നോക്കി .

പിന്നൊന്നും നോക്കിയില്ല വരുന്നത് വരുന്നിടത്തു വച്ചു കാണമെന്നൊരു ചങ്കുറപ്പോടെ പറഞ്ഞു.

“ഡീ കൊച്ചേ നിന്റെ ഇരട്ടകൊച്ചുങ്ങളുടെ തന്ത ആവാൻ എനിക്ക് സമ്മതമാണെന്ന്”.

“ഹോ എൻ്റെ പുണ്യാളാ അന്നേരം അവളുടെ മുഖത്ത് കണ്ടൊരു തെളിച്ചം പാലാ ജൂബിലിയ്ക്ക് ഇല്യൂമിനേഷൻ ലൈറ്റ് എല്ലാമങ്ങോട്ടു ഒന്നിച്ചു തെളിഞ്ഞ പോലെ.

പിന്നീടങ്ങോട്ട് ഒരു ആഘോഷം ആയിരുന്നു ജീവിതം. ഈ പ്രേമകാര്യം വീട്ടിൽ പിടിക്കുന്നത് വരെ. ഇനി അന്ന കുട്ടിയെങ്ങാനും സമ്മതിച്ചില്ലേൽ അവളെ സെന്റി അടിച്ചു വീഴ്ത്താൻ ഞാൻ ഒരു കത്ത് എഴുതി വച്ചിരുന്നു അതും ചോര കൊണ്ട്. ഈ ചോര എന്ന് പറഞ്ഞതു കുഴിനഖം വെട്ടിയപ്പോൾ ബ്ലേഡ് ഉന്നം തെറ്റി മുറിഞ്ഞതാണ്. കുടുകുടാന്നു ഒഴുകിയ ആ ചുവപ്പ് ഭാവിയിലേക്ക് ഉപകാരപ്പെടും എന്ന് കരുതി അന്നേ എഴുതി വച്ചതാണ്. എന്തായാലും അതിന്റെ ആവിശ്യം വരാതെ ഒരു മോഹനവാഗ്ദാനം നൽകി പെണ്ണിന്റെ മനസ്സ് സ്വന്തമാക്കിയത് കൊണ്ട് കാര്യം പണ്ടേക്കു പണ്ടേ മറന്നു കളഞ്ഞതാ.

ദാ ഇപ്പോൾ ആ കത്താണ് ചേട്ടായിമാര് അപ്പന്റെ കയ്യിൽ എടുത്തു കൊടുത്തേക്കുന്നത്.

“നീയും അന്ന കൊച്ചും ഇഷ്ടത്തിലാണോടാ… ???? എന്നലറിയതു അപ്പാപ്പൻ മത്തായി വൈദ്യരാണ്.

എന്നിട്ട് അപ്പനേം കൂട്ടി ആ കത്തും പൊക്കി പിടിച്ചു കൊണ്ടൊരു പോക്ക് ബേബിച്ചായന്റെ വീട്ടിലേയ്ക്ക്.

വൈകിട്ട് കൊന്ത എത്തിയ്ക്കാൻ നിന്നപ്പോൾ കുരിശിന്റെ വഴിക്കു നിൽക്കുന്ന ഭാവമായിരുന്നു എനിക്ക്. കർത്താവേ… ! ഞങ്ങളുടെ ഭാവി, അവൾക്കു കൊടുക്കാമെന്നേറ്റ ഇരട്ട കൊച്ചുങ്ങൾ എല്ലാം നീ കാത്തോണേ എന്നൊരു ഒറ്റ പ്രാർഥനയെ എനിക്കുണ്ടായിരുന്നുള്ളു.

ഇച്ചിരി കഴിഞ്ഞപ്പോൾ ഊണു മുറിയിലേയ്ക്ക് ഞാൻ വിളിക്കപ്പെട്ടു അപ്പനും അപ്പാപ്പനും ബേബിച്ചായനും അമ്മച്ചിയും മോളിയമ്മേം എല്ലാം ഹാജരാണ്‌.

“ഡാ നിനക്ക് നമ്മുടെ അന്ന കൊച്ചിനെ അത്രയ്ക്ക് ഇഷ്ടമാണോ… ?

അന്തികള്ളിന്റെ മണമുള്ള ചോദ്യം അപ്പാപ്പൻ വകയാണ്. ആണെന്ന് ഒരു മൂളലിൽ അറിയിച്ചപ്പോൾ എനിക്ക് ചുറ്റിനും പൊട്ടിചിരി ഉയർന്നു.

“അല്ലേലും എൻ്റെ നെഞ്ചത്ത് ചവിട്ടിയവൾക്ക് അങ്ങിനെ തന്നെ വേണം”… വീണ്ടും മത്തായി വൈദ്യർ മാസ്സ്..

അങ്ങിനെ പ്ലസ്‌ടു കഴിഞ്ഞു എൻജിനീയർ എന്നാ സ്വപ്നസാക്ഷാൽക്കാരത്തിനു ഞൻ ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എൻ്റെ പെണ്ണ് അൽഫോൻസാ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. സെബിച്ചൻ എന്ന വിളി ചേട്ടായിയേ എന്നാക്കി അവൾ.

ഹോ ആ വിളികേൾക്കുമ്പോൾ മനസ്സിന് എന്നാ ഒരു സുഖമാന്നു അറിയാവോ.. ?? കാച്ചില് പുഴുങ്ങിയതും പച്ചക്കാന്താരീം നല്ല തിരണ്ടി മീൻ വറുത്തതും കൂട്ടിയടിക്കുന്ന പോലത്തെ ഒരു ഒരു ഉന്മേഷം.

ആ വിളി കേൾക്കാനായി മാത്രം എല്ലാമാസവും ഞാൻ ഓടിയെത്തും ബാംഗ്ളൂരിൽ നിന്നും. എന്നും ഫോണിക്കൂടി കേട്ടാലും നേരിട്ട് കേൾകുന്നതിന്റെ സുഖം ഒന്ന് വേറെയാന്നെ.. അങ്ങിനെ ഒരവധിക്കാലത്താണ് അവളുടെ ഒരു കട്ട ആഗ്രഹം അവള് പറയുന്നത്. അവൾക്കു ബുള്ളറ്റിൽ കേറണം പോലും. അതിന്റെ പിന്നിൽ സെന്റ് തോമസ് കോളേജിലെ ഫ്രീക്കൻ പിള്ളേരാണ് എന്ന് എനിക്കന്നേ മനസിലായി.

കുടുംബത്തിലെ ഒരപ്പാപ്പന്റെ മോനും ഏറ്റവും തല തെറിച്ചവനും തല്ലു കൊള്ളിയുമായ മാത്തന്റെ കാല് പിടിച്ചു അവന്റെ ബുള്ളറ്റും വാങ്ങി ഒരു ഞായറാഴ്ച രാവിലെ ഒന്നാം കുർബാനയും കഴിഞ്ഞു അവളെ കൂട്ടാൻ ചെന്നപ്പോൾ. അവളുണ്ട് ഒന്നും അറിയത്തില്ലാത്ത ഭാവത്തിൽ നില്ക്കുന്നു. നാളെ ക്ലാസ്സുള്ള കൊണ്ട് ഒത്തിരി പഠിക്കാൻ ഉണ്ടത്രേ.

പാഠപുസ്തകത്തിൽ ഇപ്പോഴും ബാലരമ ഒളിച്ചു വച്ചു വായിക്കുന്ന ടീം അങ്ങിനെ പറഞ്ഞപ്പോൾ എൻ്റെ കണ്ണു മിഴിഞ്ഞു.

ഡിഗ്രി കഴിയുമ്പോഴേ കെട്ടിക്കാം എന്നൊരു ഉറപ്പിലാണ് അവള് കോളേജിൽ പോലും പോകുന്നത്. അവസാനം ബേബിച്ചായനും മോളിയമ്മയും കൂടി നിർബന്ധിച്ചു അവൾ എൻ്റെ കൂടെ വരാമെന്ന് സമ്മതിച്ചു. ഇറങ്ങാന്നേരം വളരെ നിഷ്കളങ്കമായി ഒരു ചോദ്യം കൂടി.

“നമ്മുക്ക് ബൈക്ക്നു പോണോ ബസിൽ പോയാൽ പോരെ എന്ന്. സാരമില്ല അവൻ എന്തായാലും വണ്ടിയും കൊണ്ട് വന്നതല്ലേ പൊയ്ക്കോ എന്നവൾടെ അപ്പൻ പറഞ്ഞതും അവള് ബുള്ളറ്റിൽ കയറി. വീടിന്റെ രണ്ടു വളവു കഴിഞ്ഞതും.

കീരിപ്പല്ലു എൻ്റെ തോളിൽ ഇറക്കി കൊണ്ടവൾ പറഞ്ഞു ചേട്ടായിയെ കലിപ്പാക്കല്ലേ ഇതൊക്കെ അന്ന കൊച്ചിന്റെ ഓരോരോ നമ്പർ അല്ലേ. അല്ലേൽ അപ്പച്ചനും അമ്മച്ചിയും എന്നാ വിചാരിക്കും.

“കാന്താരീ നിന്നെ എൻ്റെ കയ്യിൽ കിട്ടുമെടി ഒരു ദിവസം. അന്ന് നിനക്ക് പള്ളി പെരുന്നാളാ ഓർത്തോ കേട്ടോ.” ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയി വഴിക്ക് വണ്ടി തിരിഞ്ഞതും അവള് ചോദിച്ചു.

നമ്മള് വാഗമണ്ണിനാണോ ചേട്ടായി പോകുന്നേ…. ??

അയ്യോ….

അതെന്നു പറഞ്ഞതും പിന്നിൽ നിന്ന് ഒറ്റ അലർച്ച ആരുന്നു. പെട്ടന്ന് ബൈക്ക് സൈഡ് ആക്കി.

എന്നാടി എന്തോ പറ്റി. ???

ചേട്ടായി വാഗമൺ ഒക്കെ ഇപ്പോൾ നല്ല തണുപ്പായിരിക്കും

അന്നേരം ഒരു കള്ള ചിരി എൻ്റെ ചുണ്ടിലും മനസ്സിലും തത്തി കളിച്ചു.

അതോണ്ട്… ??

അതുപിന്നെ തണുപ്പടിച്ചാൽ എനിക്ക് ചൊറിയും.

എൻ്റെ രണ്ടു കണ്ണും തേന്മാവിൻ കൊമ്പത്തെ മോഹൻലാലിൻറെ കണ്ണുപോലെ മിഴിഞ്ഞു വന്നു…

മുത്തുഗൗ.. ??? ഛെ. ഡയലോഗ് മാറി. ചൊറി… ???

” മ്മം എന്താന്ന് അറിയില്ല എനിക്ക് അങ്ങിനെയാ. ”

ഹ്ഹ്മ് പല്ലിറുമ്മി കൊണ്ട് വണ്ടി പാലാ മഹാറാണി തിയേറ്റർ ലക്ഷ്യമാക്കി പായിച്ചപ്പോൾ. മനസ്സിൽ മുഴുവൻ പാളിപ്പോയ കുളു മണാലി – ഹണി മൂൺ ട്രിപ്പ് ആരുന്നു. ഇനിയത് വല്ല താർ മരുഭൂമിയിലേയ്ക്കും ആക്കണം.

മഹാറാണിയുടെ ഗേറ്റ് കടന്നു ചെന്നപ്പോഴേ അറിയാം ” പാവാട ” തകർത്തു വാരുകയാണ്. ഞായറാഴ്ച ആയ കൊണ്ട് കൂടുതലും ഫാമിലി ആണ്‌ വന്നിട്ടുള്ളതു. ടിക്കറ്റ് എടുക്കാൻ ക്യു നിന്നപ്പോഴാണ് അവള് പറയുന്നേ അവള് നിന്നോളാം എന്ന് നിനക്ക് വല്യ പരിചയം ഇല്ലല്ലോന്നു പറഞ്ഞപ്പോൾ സാരമില്ല ചേട്ടായി എന്നവൾ ചുമൽകൂച്ചി.

ടിക്കറ്റും എടുത്തു തീയേറ്റർ തുറക്കാൻ കാത്തു നിന്നപ്പോൾ ഒരശരീരി..

“അന്നക്കൊച്ചേ എന്തിയെ വാനരപ്പട ഒന്നും ഇന്ന് ഇല്ലായയോ കൂട്ടിനു. ??

പാൽ പുഞ്ചിരി തൂകി സെക്യൂരിറ്റി ചേട്ടനാണ്. ഞെട്ടിത്തിരിഞ്ഞു ഞാൻ അവളോട്‌ ചോദിച്ചു.

സ്ഥിരാണല്ലേ… ????????? വല്ലപ്പോഴും എല്ലാ വെള്ളിയാഴ്ചയും..വീണ്ടും നിസ്കളങ്കത.

പടം തുടങ്ങിയപ്പോൾ മുതൽ നമ്മുടെ ആളുടെ മുഖം കടന്നല് കുത്തിയ പോലെയാണ് ഇരിക്കുന്നെ. എന്താ അന്ന കുട്ടി ഇതു ചേട്ടായി ആദ്യമായിട്ട് നിന്നേം കൊണ്ട് ഒന്ന് കറങ്ങാൻ കൊണ്ടുവന്നതല്ലേ. അന്നേരം എന്നാത്തിനാ ഈ സങ്കടം. എൻ്റെ കൊച്ചൊന്നു ചിരിച്ചു ഇരുന്നേ…

എന്നിങ്ങനെയുള്ള രണ്ടു മൂന്നു ഡയലോഗ് പറഞ്ഞത് മാത്രമേ പിന്നെയെനിക്ക് ഓർമ്മയുള്ളു.

സ്‌ക്രീനിൽ പാമ്പ് ജോയി ആയി പ്രിത്വിരാജ് തകർത്തു വാരിയപ്പോൾ. വേദിയിൽ മനസ്സിനക്കരയിലെ ത്രേസ്യാമ്മ ചേട്ടത്തിയായി നിറഞ്ഞാടുകയായിരുന്നു എൻ്റെ അന്ന കൊച്ചു.

ഇന്റർവെൽനു മുന്നേ, വാങ്ങി വച്ച രണ്ടു ബോട്ടിൽ മിനറൽ വാട്ടറും അവൾക്കു വേണ്ടി വാങ്ങിയ മിറാൻഡയും ഞാൻ ഒറ്റയ്ക്ക് കുടിച്ചു തീർത്തിട്ടും എനിക്ക് തൊണ്ട വരളുന്നത് പോലെ. അവസാനമാ സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ അവളെ അത്ഭുതത്തോടെയും എൻ്റെ സഹതാപത്തോടെയും നോക്കുന്ന അമ്മച്ചിമാരേയും കണ്ടതോടു കൂടി ഞാൻ ഉറപ്പിക്കുകയായിരുന്നു. അന്നാ തീയേറ്ററിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ കേട്ട ശബ്ദം എൻ്റെ പെണ്ണിന്റെ ആയിരുന്നെന്നു.

അതും പോരാഞ്ഞിട്ട് അടുത്ത ഷോയ്ക്കു നിൽക്കുന്ന ആൾക്കാരെ നോക്കിക്കൊണ്ട് എന്നോട് അവളൊരു ഡയലോഗ് കാച്ചി..

“ചേട്ടായിയേ…. ആ ലാസ്റ്റ് സീനിൽ മഞ്ജു വാര്യർ വരുന്നത് എന്നാ ഒരു സസ്പെൻസ് ആണല്ലേ എന്ന്.

അതോടു കൂടി ഒന്ന് ഞാൻ തീരുമാനിച്ചു ഇനി ഞാൻ മുൻകൈ എടുത്തു അവളെ ഒരു സിനിമയും കാണിക്കാൻ കൊണ്ട് പോകില്ല എന്ന്. അന്ന് തുടങ്ങി ഇന്നുവരെ വീണ്ടും ഒരു നാലു വർഷക്കാലം. ഇണങ്ങിയും പിണങ്ങിയും ജീവിക്കാനായി പുണ്യാളച്ചന്റെ പള്ളിയിൽ വച്ചു ഇന്ന് ഞൻ അവളെ മിന്നു കെട്ടി സ്വന്തമാക്കി…. വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹത്തോടെ.

“കാശുള്ളവൻ ഓഡിക്കാറ് വാങ്ങുമ്പോൾ.. കാശില്ലാത്തവൻ ഓടിച്ചാടി നടക്കുന്നു. പണവും പ്രതാപവും എന്തിനാണചോ.. രണ്ടു മനസ്സുകൾ തമ്മിൽ കുടിച്ചിടുമ്പോൾ”…

അന്നക്കുട്ടീടെ സ്വന്തമായുള്ള പശ്ചാത്തല സംഗീതമാണത്… കയ്യിൽ പാലും ഗ്ലാസ്‌ മറ്റേ കയ്യിൽ റെഡ്മി നോട്ട് ഫോർ. ഭാഗ്യം സെറ്റ് സാരീ ഉടുത്തിട്ടുണ്ട്. പ്രതീക്ഷിച്ചതു ടീഷർട്ടും ത്രീബൈഫോർത്തും ആണ്‌. പാല് മേടിച്ചു മേശപ്പുറത്തോട്ടു വച്ചിട്ട് വാരി നെഞ്ചിലേക്ക് ചേർത്തപ്പോൾ പെണ്ണ് ചിണുങ്ങാൻ തുടങ്ങി.

ചേട്ടായിയേ….

എന്തോ… ??

ഒരു കാര്യം പറയട്ടെ..

മം

എന്താടാ.. ??

“കല്യാണം കഴിഞ്ഞാൽ എല്ലാവരും കളിയാക്കുന്നത് കേട്ടിട്ടില്ലേ അന്ന് തൊട്ട് ചെക്കന്റെ പെണ്ണിന്റെയും ഫോൺ ഓഫ്‌ ആരിക്കും എന്ന്. “അതു പിന്നെ അങ്ങിനെ അല്ലേ എൻ്റെ കുറുമ്പി..

നമ്മൾ അങ്ങിനെ അല്ലാന്നു തെളിയിച്ചു കൊടുക്കണം ചേട്ടായി. പെണ്ണിന്റെ മുഖത്തൊരു കുഞ്ഞു വാശി.

അതിനു.. ???

ഇന്ന് രാത്രി ഫുൾ നമ്മുക്ക് കൂട്ടുകാരോട് സംസാരിച്ചോണ്ട് ഇരിക്കാം ചേട്ടായി…

എന്റെ ദൈവമേ… ഇതെന്തൊരു പരീക്ഷണമാ.. കൂടെ പഠിച്ചവരുടെ കൂടാതെ ബസ് കേറാൻ ഒരുമിച്ചു നിക്കുന്നോരുടെ വരെ വാട്സപ്പ് ഗ്രുപ്പ് ഉണ്ടാക്കിയ ടീം ആണ്‌.

“അല്ലാ അന്നക്കുട്ടി… നമ്മുടെ ഇരട്ട പിള്ളാര്‌..??

“ഓ അതൊക്കെ പുണ്യാളന്മാരോട് പറഞ്ഞിട്ടുള്ള കാര്യമല്ലേ ചേട്ടായീ.. ”

അതുപിന്നെ നമ്മുടെ കോൺട്രിബുഷൻ ഞാൻ വീണ്ടും വിക്കി..

അന്നേരോം അവള് അതൊന്നും മൈൻഡ് ചെയ്യാതെ വിളിച്ചു പറയുന്നുണ്ടായിരുന്നു ചേട്ടായി ദേ ഇങ്ങോട്ടു ഒന്ന് നോക്കിയെന്നേ.. വടക്കേലെ ടിൻസി മോള് നമ്മുടെ സെൽഫി ചോദിക്കുന്നുന്നേ………… ലൈക്ക് കമന്റ് ചെയ്യണേ…

രചന : Anu George Anchani

Leave a Reply

Your email address will not be published. Required fields are marked *