ഉള്ളിൽ അമ്മയോടുള്ള സ്നേഹം ഇത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയില്ല…

Uncategorized

രചന: സജി തൈപ്പറമ്പ്.

“എന്തോന്നച്ഛാ.. ഇത്, എല്ലാ ദിവസവും ഈ കഞ്ഞിയും പയറും കൂട്ടിക്കൂട്ടി ഞാൻ മടുത്തു”

അത്താഴം കഴിക്കാനായി ഡൈനിങ് ടേബിളിൽ വന്നിരുന്ന വിനീത്, അച്ഛനോട് പരിഭവിച്ചു.

“എടാ മോനെ.. അച്ഛന് അറിയാവുന്നതല്ലേ ചെയ്തു തരാൻ പറ്റൂ, രുചികരമായ ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കിൽ നീയൊരു കാര്യം ചെയ്യ് ,പത്തിരുപത്തിയൊന്ന് വയസ്സായില്ലേ? നീ ഒരു പെണ്ണ് കെട്ടിക്കൊണ്ട് വാ , അപ്പോൾ അവൾ ഉണ്ടാക്കിത്തരും, നല്ല നല്ല കറികളും പലഹാരങ്ങളുമൊക്കെ ,അപ്പോൾ ,അച്ഛനും നല്ല ഭക്ഷണം കഴിക്കാമല്ലോ?”

“ആദ്യം അച്ഛൻ ഒരു കല്യാണം കഴിക്ക് , എനിക്ക് 21 വയസ്സല്ലേ ആയിട്ടുള്ളൂ, അച്ഛന് വയസ്സ് 50 ആയില്ലേ? എത്രനാളെന്ന് വച്ചാ ഇങ്ങനെ ഒറ്റത്തടിയായി കഴിയുന്നത്”

“ഹ ഹ ഹ, അത് കൊള്ളാം , പത്തിരുപത് കൊല്ലം മുമ്പ് നിന്റെ അമ്മ മരിക്കുമ്പോൾ ഞാൻ ഇതിലും ചെറുപ്പമായിരുന്നു, അപ്പോൾ തോന്നിയിട്ടില്ല , പിന്നെയാ ഇപ്പോൾ ഈ വയസ്സാം കാലത്ത്, ഒന്ന് പോടാ ചെറുക്കാ”

“അച്ഛന് , അങ്ങനെയൊക്കെ പറയാം, പക്ഷേ അതിലൂടെ എനിക്ക് നഷ്ടമായത്, ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങളാണ് , ഇത്രയും നാളും അമ്മയുടെ പേര് പറഞ്ഞു സെന്റി അടിച്ച് അച്ഛൻ കല്യാണം കഴിക്കാതെ നടന്നു , അച്ഛനറിയുമോ? എന്റെ കൂട്ടുകാരൊക്കെ അവരുടെ അമ്മമാരുടെ കാര്യങ്ങള് പറയുമ്പോൾ എനിക്കെന്ത് കൊതിയാണെന്നോ ?എനിക്ക് പറയാനും അഭിമാനിക്കാനുമായിട്ട് അങ്ങനെയൊരു അമ്മ ഇല്ലല്ലോ എന്നോർത്ത് ഞാൻ എത്രമാത്രം വിഷമിച്ചിട്ടുണ്ടന്നറിയാമോ? സ്വന്തമല്ലങ്കിലും, പേരിനെങ്കിലും ഒരമ്മയെ എനിക്ക് തന്നൂടെ അച്ഛാ..”

“മോനേ.. നീ എന്തൊക്കെയാണ് ഈ പറയുന്നത്, നിന്റെ മനസ്സിൽ ഇങ്ങനെയുള്ള വേദനകൾ ഉണ്ടായിരുന്നെങ്കിൽ ,അച്ഛനോട് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല ,ഇപ്പോൾ ഈ പ്രായത്തിൽ അച്ഛൻ അങ്ങനെ ചെയ്യുന്നത് ,നമ്മുടെ കുടുംബ മഹിമയ്ക്ക് മോശമായിട്ടേ ഭവിക്കൂ മോനെ..”

“അതിന് നമ്മുടെ കുടുംബം എന്നു പറയുന്നത്, ഞാനും അച്ഛനും മാത്രമല്ലേ ഉള്ളൂ, നമ്മൾ ആരെ ബോധിപ്പിക്കാനാണ് അച്ഛാ.. നമ്മുടെ സുഖത്തിനായി നമ്മൾ ചെയ്യുന്നത് മറ്റുള്ളവർ അറിയേണ്ട കാര്യമില്ലല്ലോ?

“എന്നാലും മോനേ..”

“ഒരു എന്നാലും ഇല്ലച്ഛാ.. നാളെ തന്നെ നമ്മൾ അതിനായിട്ട് ഇറങ്ങിത്തിരിക്കുന്നു ,നല്ല ഒരു അമ്മയെ കണ്ടുപിടിച്ച്, ഞാൻ അച്ഛനെ കൊണ്ട് കല്യാണം കഴിപ്പിക്കും”

ഇത്തവണ മകൻ ഉറപ്പിച്ചു തന്നെയാണെന്ന് അയാൾക്ക് ബോധ്യമായി, മാത്രമല്ല മകന്റെ ഉള്ളിൽ അമ്മയില്ലാത്ത വേദന നന്നായി ഉണ്ടെന്ന് അയാൾക്ക് മനസ്സിലായി.

പിറ്റേന്ന് ഉച്ച കഴിഞ്ഞ് മകൻ ഒരു ബ്രോക്കറുമായി വീട്ടിലേക്ക് വന്നു . അയാൾ കയ്യിലുണ്ടായിരുന്ന കുറെ ഫോട്ടോസ് എടുത്തു വിനീതിന്റെ അച്ഛൻ രഘുനന്ദനെ കാണിച്ചു.

പക്ഷേ, ഒരു ഫോട്ടോയിലെ രൂപങ്ങളും അയാൾക്ക് മനസ്സിൽ പിടിച്ചില്ല.

“എന്താണച്ഛാ.. ഇങ്ങനെ? , അയാൾ പത്ത്പതിനാറ് പേരുടെ ഫോട്ടോസ് കാണിച്ചു തന്നില്ലേ ?എന്നിട്ടും അച്ഛന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ,ഇനിയിപ്പോൾ അച്ഛന്റെ മനസ്സിലുള്ള രൂപം എങ്ങനാണെന്ന് പറ ,അതുപോലുള്ളവരുടെ , ആലോചന കൊണ്ടുവരാൻ ഞാൻ അയാളോട് പറയാം ”

“എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞാൽ , അയാൾക്ക് ഒരിക്കലും കൊണ്ടുവരാൻ പറ്റില്ല മോനെ..”

“അയാൾ അല്ലെങ്കിൽ മറ്റൊരാൾ, അച്ഛൻ എന്തായാലും പറ”

“ദാ.. ആ ഇരിക്കുന്നത് പോലെയുള്ള ഒരാളെയാണ് അച്ഛന് വേണ്ടത്, അതെ രൂപവും, ഭാവവുമുള്ള, അത്രയും മുഖശ്രീയുള്ള എന്റെ അനുവിനെ പോലെ സ്നേഹസമ്പന്നയായ ഒരുവൾ, അങ്ങനെ ഒരാള്, നീ കൊണ്ടുവരുന്ന ബ്രോക്കർമാരുടെ കയ്യിൽ ഉണ്ടോ എന്ന് ചോദിക്ക്”

ചുവരിൽ ഫ്രെയിം ചെയ്തു വച്ച ഫോട്ടോയിൽ ചൂണ്ടി അയാളത് പറഞ്ഞപ്പോൾ ,രഘുനന്ദന്റെ കണ്ണുകൾ ഈറനണിഞ്ഞത് ,വിനീത് ശ്രദ്ധിച്ചു.

“സോറി അച്ഛാ.. എന്നോട് ക്ഷമിക്കൂ, അച്ഛൻറെ ഉള്ളിൽ അമ്മയോടുള്ള സ്നേഹം ഇത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയില്ല ,എന്റെ ഓരോരോ പൊട്ടത്തരങ്ങൾ കൊണ്ട് അച്ഛനെ ഞാൻ വെറുതെ വിഷമിപ്പിച്ചു ,ഒന്നും വേണ്ടച്ഛാ… നമുക്ക് നമ്മൾ മാത്രം മതി, കൂട്ടുകാരൊക്കെ അവരുടെ അമ്മമാരെ കുറിച്ച് പറയുമ്പോൾ ഞാൻ എന്റെ ഈ അച്ഛനെ കുറിച്ച് പറഞ്ഞ് അഭിമാനിച്ചു കൊള്ളാം , ഇതിലും വലുതായി ഈ മകന് എന്താ വേണ്ടത്”

വിനീത് അച്ഛനെ സ്നേഹത്തോടെ കെട്ടിപ്പുണർന്നു.

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *