കാവൽക്കാരന്റെ പെണ്ണ്…

Uncategorized

രചന: മീനു എലോന ഇലഞ്ഞിക്കൽ

ദീപാരാധന കഴിഞ്ഞ് അമ്പലത്തിന്റെ കൽപ്പടവുകൾ ഇറങ്ങി വരുന്ന ആതിരയെ കാത്ത് അൻവർ തന്റെ ബൈക്കിൽ ചാരി നിൽപ്പുണ്ടായിരുന്നു. അൻവറിനെ മുഖം തിരിച്ച് അമ്പലംകുന്നിലെ പാറകെട്ടുകൾ ഇറങ്ങി നീങ്ങുന്ന ആതിരയെ നോക്കി ഒരു നിമിഷം അൻവർ പകച്ച് നിന്നു.

കല്ലൂർക്കര ഗവൺമെന്റെ സ്കൂളിന് മുൻവശത്ത് വച്ച് അൻവർ ആതിരക്ക് മാർഗ്ഗതടസം സൃഷ്‌ടിച്ചു നിന്നു.

“വഴി മാറ് .. ദീപാരാധന കഴിഞ്ഞ് ആളുകൾ വരുന്നുണ്ട് എനിക്ക് പോകണം. ”

ആതിര രൂക്ഷമായി പറഞ്ഞു അൻവർ പെട്ടന്ന് അവളുടെ കൈകൾ കവർന്നെടുത്ത് സ്കൂൾ മൈതാനത്തേക്ക് കൂട്ടികൊണ്ട് പോയി. “ആതിരാ .. ഇന്ന് പത്ത് ദിവസം കഴിഞ്ഞു നീ എന്നോട് ഒന്ന് മിണ്ടിയിട്ട് നിന്നെ ഒന്ന് കണ്ടിട്ട് .. ഇതിനും മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത് ” അവൾ അവനെ തീക്ഷണമായി നോക്കി.

” നീ എന്താ ചെയ്തതെന്ന് നിന്റെ മനഃസാക്ഷിയോട് നീ ചോദിക്കൂ അൻവർ .. എത്ര പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞു വഴക്കിനും ബഹളത്തിനും പോകരുതെന്ന് ഇത് എത്രാമത്തെ പോലീസ് കേസാണ് അൻവർ .. എവിടെ തിരിഞ്ഞാലും നിന്റെ പേരാണ് മുഹമ്മദ് ഹാജിയുടെ മകൻ അവിടെ തല്ല് ഉണ്ടാക്കി , പോലീസുകാരെ അക്രമിച്ചു .. അൻവർ … എന്റെ അച്ഛൻ റിട്ടയറായി വരാൻ ഇനി ഒരു മാസം മാത്രം ഇതിനോടകം തന്നെ തറവാട്ടിലും നാട്ടിലും മുഴുവൻ അറിഞ്ഞു കഴിഞ്ഞു ശങ്കരമംഗലം കോവിലകത്തെ മേജർ രവിവർമ്മയുടെ മകൾ ആതിരെയും അറക്കൽ മുഹമ്മദ് ഹാജിയുടെ മകൻ അൻവറും തമ്മിലുള്ള പ്രണയം.. ”

” ആതിരാ ..”

അവൻ ആർദ്രമായി വിളിച്ചു .

“എന്റെ രാഷ്ട്രീയം അറിയാമല്ലോ നിനക്ക് .. അങ്ങനെ സംഭവിച്ചു പോകുന്നത്. ”

“മിണ്ടരുത് നീ … ”

അവന്റെ സംസാരത്തിന് മുകളിൽ അവളുടെ ശബ്ദം ഉയർന്നു

” രാഷ്ട്രീയം … എന്തുനേടി നീ .. കുറെ പോലീസ് കേസും ശത്രുക്കളും പിന്നെ പാതിവഴിയിൽ നിന്ന് പോയ നിന്റെ വിദ്യാഭ്യാസവും .. അൻവർ .. ഒരു തെറ്റെ ഞാൻ ചെയ്യിതിട്ടുള്ളു നിന്നെ ഞാൻ സ്നേഹിച്ചു പോയി .. ”

അസ്തമയ സൂര്യന്റെ ഇളം ചുവപ്പിൽ അവളുടെ കവിളിൽ കൂടി ഒഴുകുന്ന നീർചാലുകൾ തിളങ്ങുന്നുണ്ടായിരുന്നു .

ദൂരെ നടന്ന് മറയുന്ന ആതിരെയെ നോക്കി നിൽക്കുമ്പോഴും അവന്റെ മനസ്സ് പ്രക്ഷുബന്ധമായ കടൽ പോലെയായിരുന്നു. അലറി അടുത്ത് വരുന്ന തിരമാലകൾ തന്റെ ഹൃദയഭിത്തിയെ തന്നെ തകർക്കുമെന്ന് അവൻ ഭയപ്പെട്ടു . നഷ്ടപ്പെടുത്തുവാൻ വയ്യ .. സ്കൂൾകാലം മുതൽ പ്രണയിച്ച പെണ്ണാണ് .. മേജർ രവിവർമ്മ .. ഈ നാട് മുഴുവൻ ആദരവോട് നോക്കിക്കാണുന്ന വ്യക്തിത്വം .. ഒരു മാസം അതു കഴിഞ്ഞാൽ അയാൾ എത്തും നീണ്ട ഇരുപത്തിയെട്ട് വർഷത്തെ പട്ടാള ജീവിതം അവസാനിപ്പിച്ച് അതിനു ശേഷം .. ഒരു ഈറൻക്കാറ്റ് അയാളിലെ ചിന്തകളെ ആളിക്കത്തിക്കാനെന്നവണ്ണം അയാളെ തഴുകി കടന്ന് പോയി.

അമ്പലകുന്നിലെ ദേശിയ വായനശാലക്ക് മുൻപിൽ അലസമായി സിഗരറ്റ് പുക ഊതിവിട്ടുകൊണ്ട് നിൽക്കുന്ന അൻവറിന് അടുത്തേക്ക് വേഗതയിൽ ഒരു ബോലോറോ ജീപ്പ് വന്ന് നിന്നു . ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് അൻവർ സ്തംഭിതനായി കൈയ്യിൽ ഇരുന്ന സിഗരറ്റ് അറിയാതെ താഴെ വീണു .അയാളുടെ നാവ് ചലിച്ചു രവിവർമ… മേജർ …

അൻവറിന്റെ തോളിൽ കൈകൾ പിടിച്ച് മേജർ രവിവർമ്മയുടെ ഘനഗംഭീര ശബ്ദം

.”അൻവർ .. വാ ഒരല്പം സംസാരിക്കാനുണ്ട് .”

അയാൾ യാന്ത്രികമായി മേജർ തുറന്നുകൊടുത്ത വാതിലിനുള്ളിലൂടെ ജീപ്പിനുള്ളിൽ പ്രവേശിച്ചു . പൊടിപറത്തിക്കൊണ്ട് പാഞ്ഞ് പോകുന്ന ജീപ്പിനെ നോക്കി വായനശാലക്ക് മുൻപ്പിലുള്ളവർ പരസ്പരം അമ്പരപ്പോടെ നോക്കി .

ഭൂതത്താൻ കുന്നിന് മുകളിലെ വീശിയടിക്കുന്ന കാറ്റിലും അൻവറിന്റെ ശരീരത്തിൽ നിന്നും വിയർപ്പു കണങ്ങൾ ഒഴുകി . അയാൾ ഭീതിയോടെ താഴെക്ക് നോക്കി അഗാതമായ കൊക്കയാണ് മേജർ രവിവർമ്മ കാല് കൊണ്ട് ചെറിയ ഒരു പാറക്കല്ല് താഴ്ചയിലേക്ക് തള്ളി വിട്ട് അൻവറിനെ രൂക്ഷമായി നോക്കി .ആ കണ്ണുകളിലെ തീക്ഷണത താങ്ങാനാവതെ അവൻ മുഖം കുനിച്ചു

ആതിരയുടെ രണ്ടാംവയസ്സിൽ അവൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതാണ് ശാന്തഗംഭീരമായ സ്വരത്തിൽ മേജർ പറഞ്ഞ് തുടങ്ങി “ഇന്നുവരെ എന്റെ മകളെ ഞാൻ പട്ടാളചിട്ടയിൽ വളർത്തീട്ടില്ല ഇന്നുവരെ അവളെ ഞാൻ കരയിച്ചിട്ടില്ല .. അവൾ കരയുന്നത് എനിക്ക് സഹിക്കില്ല .. പക്ഷെ .. പക്ഷെ .. ഇന്നവൾ കരഞ്ഞു നിനക്ക് വേണ്ടി .. നിന്നെക്കുറിച്ച് എല്ലാം എനിക്കറിയാം .. എല്ലാം .. ”

അവരെ വളയം ചെയ്യിത്തിട്ടുള്ള കാറ്റിന് ശക്തിയേറി വന്നു . രാഷ്ട്രീയം .. തുഫ്… ഇൻഡ്യൻ യുവജനതയുടെ നട്ടെല്ല് തകർക്കുന്ന ക്യാൻസർ .. ആദ്യം രാഷ്ട്രം എന്താണന്ന് അറിയണം അതിനു ശേഷം രാഷ്ട്രത്തെ സേവിക്കണം .. ഭാരതമണ്ണിന് വേണ്ടി അതിർത്തിയിൽ നൂറ്റിമുപ്പത് കോടി ജനങ്ങൾക്ക് വേണ്ടി കാവൽ നിൽക്കുന്ന ജവാൻമാർ ഉണ്ടല്ലോ .. മഞ്ഞും മഴയും വെയിലും വകവെക്കാതെ ഈ ജനതക്ക് വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറായി നിൽക്കുന്നവർ അവരാണടോ യാഥാർത്ഥ രാഷ്ട്ര സേവകർ .. അഗാതതയിൽ നിന്നും രവിവർമ്മയുടെ ശബ്ദം പ്രതിധ്വനിച്ചു “രക്തസാക്ഷികളാകുന്ന ജവാൻമാരുടെ ശവപ്പെട്ടി മുതൽ ശത്രുരാജ്യത്തിനെതിരെ പൊരുതാൻ ഉപയോഗിക്കുന്ന ആയുധത്തിൽ വരെ അഴിമതി കാണിക്കുന്ന നിന്നെ പോലെയുള്ള വർഗ്ഗത്തെ ഞാൻ കാണുന്നത് ദേ .. ഇതുപോലെയാണ് ” രവിവർമ്മ അയാൾ കാലിലണിഞ്ഞ കറുത്ത ബൂട്ട് നോക്കി പറഞ്ഞു

“പൊളിട്ടിക്സ് ഈസ് ദി ലാസ്റ്റ് റിസോർട്ട് ഓഫ് ഏ സ്കൗണ്ട്രൽ”

രാഷ്ട്രീയമാണ് എല്ലാ തെമ്മാടികളുടെയും അന്തിമാശ്രയം.. രവിവർമ്മയുടെ കണ്ണുകളിൽ അൻവർ അഗ്നിഗോളങ്ങൾ കണ്ടു . ” അൻവർ നിന്റെ യുവത്വം നീ രാജ്യത്തിന് വേണ്ടി ഉപയോഗിക്ക് നമ്മുടെ രാജ്യത്തെ അക്രമിക്കാൻ വരുന്ന ശത്രുവിനെതിരെ ഉയരാനാവണം നിന്റെ കൈകൾ ആ ശത്രുവിനെ നേരിടാനുള്ള ചങ്കുറപ്പാവണം നിന്റെ മനസ്സ് നിറയെ.. അല്ലാതെ ബസിന് കല്ലെറിഞ്ഞും , പൊതുമുതൽ നശിപ്പിച്ചും എതിർ രാഷ്ട്രീയ പാർട്ടിക്കാരനെ ഇല്ലാതാക്കാനുമല്ല നിങ്ങളുടെ യുവത്വം ..” അൻവറിന്റെ കണ്ണുകളിൽ ഇൻഡ്യൻ ദേശീയ പതാക പാറി കളിച്ചു. ” അൻവർ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ് .. പക്ഷെ ഒരു വ്യവസ്ഥ .. നീ ഭാരതമണ്ണിന്റെ കാവൽക്കാരനാവണം ഇൻഡ്യൻ ആർമിയുടെ യൂണിഫോം നീ അണിയണം .”

ഇതു പറയുമ്പോൾ രവിവർമ്മയുടെ വാക്കുകൾക്ക് ഈർച്ചവാളിന്റെ കരുത്തുണ്ടായിരുന്നു.

കല്ലൂർക്കര ഗ്രാമത്തിൽ എങ്ങും സംസാര വിഷയം അൻവറും ആതിരയും തമ്മിലുള്ള വിവാഹത്തിന് മേജർ രവിവർമ്മയുടെ സമ്മതവും അയാളുടെ നിബന്ധനയുമായിരുന്നു . രണ്ട് മാസത്തിനുള്ളിൽ പാലക്കാട്ട് വെച്ച് ആർമി റിക്രൂട്ട്മെന്റ് ഉണ്ടെന്നുള്ള തൊഴിൽവീഥിയിൽ വന്ന വാർത്തയും നോക്കി അൻവറും സുഹൃത്തുക്കളും പരസ്പരം നോക്കി നിൽക്കെ ജീപ്പിൽ അവരെ നോക്കി ചിരിച്ചു കൊണ്ട് മേജർ രവിവർമ്മ അവരെ കടന്ന് പോയി

“അൻവറെ .. ഇതിൽ നീ തോറ്റു കൊടുക്കരുത് .. പ്രണയത്തോളം വലിയ ഒരു വിപ്ലവം മറ്റൊന്നില്ല .. പ്രണയം വിപ്ലവത്തിന്റെ പര്യായമാണ് ! പ്രണയത്തിന് മാത്രമേ മതം ,ഭാഷ ,വംശം നിറം എന്നിവയുടെ അപ്പുറത്തേക്ക് പോകാൻ കഴിയൂ….”

പ്രഭാതത്തിലെ ഒരു കാഴ്ച കണ്ട് ആ ഗ്രാമം അമ്പരന്നു . വിയർപ്പിൽ കുളിച്ച് ഓടി തളർന്ന് സ്കൂൾ മൈതാനത്തെക്ക് പോകുന്ന അൻവർ അവനെ പിൻന്തുടർന്ന കണ്ണുകൾ ശരീരവ്യായാമം ചെയ്യുന്ന അൻവറിനെ ആയിരുന്നു . പലരുടെയും ചുണ്ടിൽ പരിഹാസച്ചിരി വിടർന്നു പിന്നീട് ഉള്ള പ്രഭാതങ്ങളിൽ അവനൊപ്പം രണ്ടാൾകൂടി പിന്നീട് ഉള്ള ദിവസങ്ങളിൽ ഗ്രാമത്തിലെ ഒരുപറ്റം യുവാക്കൾ അവനൊപ്പമായി.

രവിവർമ്മയുടെ ഈ തീരുമാനത്തിന് എതിരെ കുടുംബക്കാർ അണി നിരന്നു.. മറ്റൊരു മതത്തിൽ പെട്ട് അൻവറിനെ മകൾക്കായി കണ്ടെത്തിയ തീരുമാനത്തെ അവർ പരിഹസിച്ചു

“ഞാൻ എന്റെ രാജ്യത്തിന് വേണ്ടി കാവൽ നിന്നത് ഒരു മത വിഭാഗത്തിന് വേണ്ടിയല്ല മുസ്ലീമിനും ,ഹിന്ദുവിനും ,കൃസ്ത്യാനിക്കും പാഴ്സിക്കും സിഖിനും വേണ്ടിയാ ഞങ്ങൾ ജവാൻമാർക്ക് മതമില്ല ,ജാതിയില്ല ഉള്ളത് ആണും പെണ്ണും എന്നുള്ള രണ്ട് ജാതികൾ മാത്രം ”

രവിവർമ്മയുടെ ഉറച്ച തീരുമാനത്തിന് മുൻപിൽ ബന്ധുക്കൾക്ക് പടിയിറങ്ങേണ്ടി വന്നു. “ഡെറാഡൂണിലുള്ള ഇന്ത്യൻ കായിക അക്കാഡമിയിലെ നിരന്തരമായ കായിക ക്ഷമതാ പരിശിലനങ്ങൾക്കും പരീക്ഷകൾക്കും ശേഷം ,ഭാരത മണ്ണിന്റെ കാവൽക്കാരന്റെ കുപ്പായം അൻവറിന്റെ കൈകളിലെത്തി ..”

“ആദ്യ പോസ്റ്റിങ്ങ് പുൽവാമ യിലായിരുന്നു തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ട നിർവൃതിയോടെ മേജർ രവി വർമ്മ തന്റെ ഭാവി മരുമകനെ ശിരസ്സിൽ കൈവച്ചു അനുഗ്രഹിച്ചു .വിവാഹ സ്വപ്നങ്ങളുടെ തിരയിളക്കം മിഴികളിൽ നിറച്ച് ആതിരയും അവനെ യാത്രയാക്കി ..”

മഞ്ഞ് പുതച്ച് സുന്ദരിയായ കാശ്മീർ എന്ന ഭൂമിയിലെ സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്രകണ്ണിനു കുളിർമ്മയേകുന്നതായിരുന്നു. അൻവർ ചാർജ് ചാർജ് എടുത്ത് അധിക ദിവസം ആകുന്നതിനു .മുൻപ് തന്നെ മേലധികാരികൾക്കെല്ലാം പ്രിയപ്പെട്ടവനായി അവൻ മാറി … ഏത് നിമിഷവും വീണ്ടും ഒരു ഭീകരാക്രമണം ഉണ്ടാവാൻ സാധ്യത മുന്നിൽ കണ്ട് കേണൽ ഹരീന്ദ്രർ സിങ്ങ് അൻവറിന്റെ നേതൃത്വത്തിൽ ഒരു സെപ്ഷ്യൻ സ്കോഡിനെ രൂപികരിച്ചു…

മഞ്ഞുപുതച്ച ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണ് കൊണ്ടിരുന്നു ,, രാവും പകലും അതീവ ജാഗ്രതയോടെ പട്ടാളക്കാർ അതിർത്തി പ്രദേശങ്ങളിൽ നിലയുറപ്പിച്ചു .

കുങ്കുമപ്പാടങ്ങളിലൂടെ വിളവെടുപ്പിനായ് കടന്ന് പോകുന്ന കാശ്മീരി പെൺകൊടികളുടെ വർത്തമാനം കേട്ട് അൻവർ മുഖമുയർത്തി

” ചലോ ജൽ ദി കരോ”

കൂട്ടത്തിൽ നിന്ന് വിളഞ്ഞ് പഴുത്ത ആപ്പിളിൾ നിറമുള്ള ഒരു സുന്ദരി അവളുടെകൈവിരൽതുമ്പിൽ തൂങ്ങി നടക്കുന്ന ,മഞ്ഞ്കണം പോലെയുള്ള ഒരു പെൺകുട്ടിയോടായി പറഞ്ഞു

ആ പെൺകുഞ്ഞ് നടന്നു പോകുന്നതിനിടയിൽ അൻവറിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു .

“പച്ചപുതച്ച പുൽമേടുകൾക്കു താഴെ ഇടതൂർന്ന് നിൽക്കുന്ന പൈൻ മരങ്ങിൽ നിന്ന് ശീതക്കാറ്റ് അലയടിച്ചു .. നീട്ടി പിടിച്ച തോക്കുമായി ഉറച്ച ചുവടുകളോടെ ഉലാത്തുന്ന അൻവറിന്റെ മനസ്സിൽ നിറകണ്ണുകളുമായി തന്നെ യാത്രയാക്കിയ ആതിരയുടെ മുഖം തെളിഞ്ഞു നിന്നു”

എത്രയും പെട്ടെന്ന് തന്നെ അവളെ തന്റെ ജീവിതത്തിന്റെ പാതി ആക്കാൻ അവൻ കൊതിച്ചു ..

പെട്ടെന്നാണ്

“അകലെ നിൽക്കുന്ന പൈൻ മരങ്ങൾക്കിടയിലൂടെ നിന്നും സ്പോടക വസ്തുക്കൾ നിറച്ച ഒരു മഹേന്ദ്ര സ്കോർപ്പിയോ വേഗത്തിൽ ചീറിപ്പാഞ്ഞ് വന്നത് കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ സൈനീക ക്യാമ്പിന് നേരേ ആവാഹനം ഓടിക്കയറി അതിഭയങ്കരമായ ശബ്ദത്തോടെ പൊട്ടിതെറിച്ചത്

ആ സ്പോടനത്തിൽ 25 ഓളം വരുന്ന സൈനീകർ കൊല്ലപ്പെട്ടു .. എങ്ങും ചിതറി തെറിച്ച മൃതു ശരീരഭാഗങ്ങൾ പട്ടാളക്കാരും ഫോറൻസിക് വിദ്ധഗ്ദ്ധരും മൃതുദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു …

“പെട്ടെന്നാണ് ചിതറി തെറിച്ച മൃതു ശരീരങ്ങൾക്കിടയിൽ നിന്ന് അൻവർ ആ മുഖങ്ങൾതിരിച്ചറിഞ്ഞത് , വിളഞ്ഞ് പഴുത്ത ആപ്പിൾ നിറമുള്ള പെണ്ണും ,അവളുടെ വിരൽതുമ്പിൽ തുങ്ങി നടന്ന മഞ്ഞുകണം പോലെയുള്ള സുന്ദരിക്കുട്ടിയും .”

“ആ കുഞ്ഞു പെൺകുട്ടി അപ്പോഴും തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അൻവറിന് തോന്നി .. അവൻ കുഞ്ഞിളം കവിളിൾ മെല്ലെ തലോടി.. പെട്ടെന്നാണ് അവൻ ആ സത്യം മനസ്സിലാക്കിയത് ”

“ആകുഞ്ഞ് ഹൃദയം മിടിക്കുന്നുണ്ട്…”

“അവൻ വേഗം ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു ആർമ്മി ഹോസ്പിറ്റലിലേയ്ക്ക് കുതിച്ചു ..”

“അപ്രതീക്ഷിതമായി ഉണ്ടായ ചാവേർ ആക്രമണത്തെ തുടർന്ന് ലെത് പൊരാ ജില്ലയിലെങ്ങും കർഫ്യൂ പ്രഖ്യാപിച്ചു . ആകെ അശാന്തി നിറഞ്ഞ് നിൽക്കുന്ന അന്തരീക്ഷം ..റോഡിലാകെ അർമിയുടെ വാഹനങ്ങൾ ചീറി പാഞ്ഞ് കൊണ്ടിരിന്നു ..”

“കാശ്മീർ സന്ദർശനത്തിനായ് എത്തുന്ന സഞ്ചാരികൾക്ക് യാത്രയ്ക്ക് വിഘ്നം വരാതിരിക്കാൻ റോഡിലെങ്ങും തോക്കേന്തിയ സൈനീകർ നിരന്നു ..”

“ആക്രമണത്തിന് നേതൃത്വം നല്കിയ ചാവേറുകൾ താമസിച്ചിരുന്ന വീടിനെക്കുറിച്ച് അൻവറിനും സംഘത്തിനും രഹസ്യം വിവരം ലഭിച്ചു . . മഞ്ഞ് പുതച്ച മലനിരകളുടെ താഴെ ക്കൂടി ഒഴുകുന്ന ” തധഥം “നദിയുടെ കുറുകെ കടന്ന് പോകുന്ന തൂക്കുപാലം അവസാനിക്കുന്ന ചീനാർ മരങ്ങൾക്കിടയിൽ കുന്നിൽ ചെരുവിലായി ചുവപ്പും വെള്ളയും നീലയും കലർന്ന തകര ഷീറ്റ്പാകിയ ആ വീടിനു ചുറ്റും സൈന്യം നിരന്നു

അൻവറും സംഘവും ആ വീടിനു നേരേ നിറയൊഴിച്ചു കൊണ്ട് ഉള്ളിലേയ്ക്ക് ഇരച്ച് കയറി നീണ്ട പോരാട്ടത്തിനു ശേഷം അതിസാഹസികമായി തീവ്രവാദ സംഘത്തെ കീഴടക്കി ..

ഇൻഡ്യൻ ആർമിയുടെ ഈ ധീരമായ പോരാട്ട വിജയത്തിൽ ഇൻഡ്യ ഒട്ടാകെ ആഹ്ളാദ പ്രകടങ്ങൾ നടന്നു ,ചാനലുകളിൽ മുഴുവൻ അൻവറും കൂട്ടരും നിറഞ്ഞു നിന്നു .. ഇന്ത്യൻ പ്രധാനമന്ത്രി ഈ മഹത്തായ വിജയത്തിന് ഇന്ത്യൻ ആർമിയ്ക്ക് ആശംസകൾ നേർന്നു ..

“ബി എസ് എഫിന്റെ മേജർ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട അൻവർ ഈ വർഷത്തെ വിശിഷ്ട സേവാമെഡലിന് അർഹനായി ..”

മുഹമ്മദ് ഹാജിയുടെ മകന്റെ ഈ നേട്ടത്തിൽ മേജർ രവി വർമ്മയും ,മകൾ ആതിരയും അത്യധികം സന്തോഷിച്ചു . ഇന്ത്യക്കാരുടെ അഭിമാനമായ അൻവറിനെ വരവേൽക്കാൻ കല്ലൂർക്കര ഗ്രാമം ഒരുങ്ങി നിന്നു ..

തന്റെ ഹൃദയ സഖിയുമൊത്തൊരു പുതു ജീവിതത്തിന് തുടക്കം കുറിക്കാൻ നാട്ടിലേയ്ക്ക് യാത്ര തിരിച്ച അൻവറിന്റെ കൈവിരൽ തുമ്പീൽ തൂങ്ങി മഞ്ഞുകണം പോലെയുള്ള പെൺകുട്ടി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു !

(ഇന്ത്യൻ മണ്ണിന്റെ കാവൽക്കാർക്ക് ആദരവോടെ സമർപ്പിക്കുന്നു🙏)

രചന: മീനു എലോന ഇലഞ്ഞിക്കൽ

Leave a Reply

Your email address will not be published. Required fields are marked *