ഒന്നുമറിയാതെ കിടന്നുറങ്ങുന്ന നാല് വയസ്സുകാരി കുഞ്ഞിപ്പെണ്ണിനെ നോക്കി…

Uncategorized

രചന: അപർണ മിഖിൽ

വെള്ളിക്കൊലുസ്

➖️➖️➖️➖️➖️➖️➖️➖️

കൈയിൽ ഉണ്ടായിരുന്ന അഞ്ചിന്റെയും പത്തിന്റെയും ഒക്കെ മുഷിഞ്ഞ നോട്ടുകൾ ഒന്നു കൂടി എണ്ണി നോക്കി തിട്ടപ്പെടുത്തി ശ്യാമ…

‘ മ്മ്.. ആയിരം രൂപ തികച്ചും ഉണ്ട്… നാളെ തന്നെ കുഞ്ഞുമോൾക്ക് ഒരു ജോഡി പാദസരം വാങ്ങണം.. ‘

പഴം പായയിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന നാല് വയസ്സുകാരി കുഞ്ഞിപ്പെണ്ണിനെ നോക്കി ആ അമ്മ ഓർത്തു.

കുറെ നാളുകളായി കൂട്ടി വച്ച പണം ആണ് അവൾക്ക് ഒരു ജോഡി കൊലുസ് വാങ്ങാൻ.. ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞിനെ പെട്ടെന്ന് കണ്ടെത്താൻ നിറയെ മണികൾ ഉള്ള ഒരു ജോഡി പാദസരം വേണം എന്ന് തോന്നി തുടങ്ങിയിട്ട് ഒത്തിരി നാളായി. കുറച്ചു നാളായിട്ട് അപ്പുറത്തെ പുരയിടത്തിൽ കുളക്കരയിൽ ഉള്ള കളിയാണ് മോൾക്ക്.. പായൽ പിടിച്ചു കിടക്കുന്ന കുളം ആയത് കൊണ്ട് അപകടം ആണ്..

മോൾക്ക് സംസാര ശേഷി ഇല്ലെന്ന് അറിഞ്ഞതോടെ ഭർത്താവ് കയ്യൊഴിഞ്ഞു. അയാൾക്ക് ഇപ്പോ വേറെ കുടുംബം ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടു. അത്‌ അന്വേഷിക്കാനോ കാണാനോ താൻ ശ്രമിച്ചിട്ടില്ല. അന്ന് തൊട്ട് ഇന്നോളം മോൾക്ക് വേണ്ടി ആണ് ജീവിച്ചത്.

പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉള്ളവൾക്ക് എന്ത്‌ ജോലി കിട്ടാൻ… ആരുടെ എങ്കിലും വീട്ടിലെ അടുക്കള പണി ചെയ്തും, കൂലിപ്പണിക്ക് പോയും ഒക്കെയാണ് ചിലവ് നടത്തുന്നത്.. വീട്ടിൽ കുഞ്ഞിനെ നോക്കാൻ അമ്മയുണ്ട്.. അത്‌ ഒരു സഹായം ആണ്.. ഒന്നും ഇല്ലെങ്കിലും സമാധാനത്തോടെ ജോലിക്ക് പോയി വരാലോ..

ഓരോന്ന് ഓർത്തു അവൾ മോളെയും ചേർത്ത് പിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.

” അമ്മ പോയിട്ട് വരാം കണ്ണാ… ബഹളം ഒന്നും ഉണ്ടാക്കാതെ നല്ല കുട്ടിയായി ഇരിക്കണേ… വൈകിട്ട് അമ്മ വരുമ്പോൾ കുഞ്ഞിന് ഒരു സാധനം വാങ്ങി വരാലോ… കിലുങ്ങി കിലുങ്ങി നടക്കുന്ന കൊലുസ് വാങ്ങാട്ടോ നമുക്ക്.. ”

കുഞ്ഞി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് അവൾ പറഞ്ഞു. ആ കുഞ്ഞു മുഖം വിടർന്നു. റ്റാറ്റ കാണിച്ചു കൊണ്ട് അമ്മ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.

വൈകിട്ട് ജോലി കഴിഞ്ഞു ഒരു ജ്വല്ലറിയിൽ കയറി. ആയിരം രൂപയിൽ ഒതുങ്ങുന്ന ഒരു ജോഡി വെള്ളി കൊലുസ് വാങ്ങി. നിറയെ മണികൾ ഉള്ള കൊലുസ് ആയിരുന്നു വാങ്ങാൻ ഉദേശിച്ചത് എങ്കിലും കൈയിലുള്ള പൈസ തികയില്ലെന്ന് കണ്ടു അത്‌ ഒഴിവാക്കി. ഇനി പൈസ കിട്ടുമ്പോൾ നല്ല ഒരു ജോഡി വാങ്ങാം എന്ന് ഓർത്തു കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു.

വീട്ടുമുറ്റത്തും പരിസരത്തും പതിവില്ലാതെ ഒരു ആൾക്കൂട്ടം കണ്ടു അവൾ അമ്പരന്നു. തന്നെ കണ്ടപ്പോൾ പലരും അടക്കം പറയുന്നത് അവൾ ശ്രദ്ധിച്ചു.

” കാണാൻ എന്ത്‌ സുന്ദരി കൊച്ച് ആയിരുന്നു അല്ലേ.. ”

” ഹ്മ്മ്… പറഞ്ഞിട്ടെന്താ… ആ തള്ള ഉച്ചയ്ക്ക് ഉറക്കം ആയിരുന്നു.. ആ സമയത്ത് കൊച്ച് പുറത്തോട്ട് ഇറങ്ങി പോയതാ.. ആ കുളം ആകെ വഴുക്കി കിടക്കുന്നതല്ലേ… അതാണേൽ സംസാരിക്കാൻ പറ്റാത്തൊരു മോളും… ഒന്ന് ഉറക്കെ കരയാൻ പോലും അതിനു പറ്റില്ലല്ലോ… ”

പറഞ്ഞു കൊണ്ട് ആ സ്ത്രീ കണ്ണീർ തുടച്ചു. കാതിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ ആണ് അവൾക്ക് തോന്നിയത്. അവൾ വേഗം അകത്തേക്ക് നടന്നു.

ഉമ്മറത്തു വാഴ ഇലയിലായി കിടത്തിയിരിക്കുന്ന ആ കുഞ്ഞു ശരീരം കാണെ അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി. അവൾ കുഴഞ്ഞു വീണു പോകും എന്ന് തോന്നിയ നിമിഷം ആരൊക്കെയോ ചേർന്ന് അവളെ അകത്തേക്ക് കൊണ്ട് പോയി.

ആ കുഞ്ഞു മോൾക്ക് അരികിൽ ഇരുന്ന് കൊണ്ട് അവൾ ബാഗ് തുറന്നു ഒരു പൊതി കൈയിൽ എടുത്തു.

” കുഞ്ഞു മോളെ… ഉറങ്ങിയത് മതി.. എണീറ്റെ… അമ്മ മോൾക്ക് എന്താ കൊണ്ട് വന്നിരിക്കുന്നത് എന്ന് നോക്കിയേ.. ദേ… കുഞ്ഞു പറഞ്ഞ പോലെ അമ്മ കൊലുസ് കൊണ്ട് വന്നല്ലോ… അമ്മ ഇട്ട് തരാം… ”

അവൾ ആ കുഞ്ഞിന്റെ കാലിന്റെ ഭാഗത്തേക്ക്‌ ആയി നീങ്ങി ഇരുന്ന് കൊണ്ട് ആ കുഞ്ഞിക്കാലുകളിൽ കൊലുസ് അണിയിക്കാൻ തുടങ്ങി.

” എന്താ മോളെ ഇതു… ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല.. കുഞ്ഞുമോൾ… അവൾ ഇനി ഇല്ലല്ലോ… ”

ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

” ഇല്ല.. നിങ്ങളൊക്കെ നുണ പറയുന്നതല്ലേ… എനിക്കറിയാം.. എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ല.. അവൾ ഉറങ്ങുന്നതല്ലേ.. ഇതെന്തിനാ ഇവളെ ഇവിടെ കിടത്തിയത്.. ഞാൻ അകത്തു എടുത്തു കിടത്താം അവളെ.. ഇവിടെ കിടന്നാൽ തണുപ്പ് അടിക്കും… ”

അവൾ എണീറ്റ് ആ കുഞ്ഞിനെ വാരി എടുക്കാൻ തുടങ്ങി. കണ്ടു നിന്നവർ പോലും കരഞ്ഞു പോയി. ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി. അവൾ ബോധം മറഞ്ഞു താഴെ വീണു…

ആ കുഞ്ഞു ശരീരം മറവ് ചെയ്യപ്പെട്ടപ്പോഴും ഒന്നുമറിയാതെ അവൾ ഉറക്കം ആയിരുന്നു… അപ്പോഴും അവളുടെ കൈയിൽ ആ വെള്ളിക്കൊലുസ്സുകൾ സുരക്ഷിതം ആയി മുറുകെ പിടിച്ചിരുന്നു.

ലൈക്ക് കമന്റ് ചെയ്യണേ…

രചന: അപർണ മിഖിൽ

Leave a Reply

Your email address will not be published. Required fields are marked *