ഭർത്താവിനെ സ്നേഹിക്കുന്ന ഉത്തമ ഭാര്യയായി മൗനം നടിച്ചു പക്ഷേ…

Uncategorized

രചന: Nami Shaju

“അമ്മേ ഇന്നും മിസ്സ്‌ വഴക്കുപറഞ്ഞു.. ഓൺലൈൻ ക്ലാസ്സിൽ ഓഡിയോയും വീഡിയോയും ഓൺ ചെയ്യാത്തത്കൊണ്ട്.. ഇടയ്ക്ക് മിസ്സ്‌ ചോദ്യം ചോദിക്കുമ്പോഴായിരിക്കും അച്ഛന്റെ വഴക്കുപറച്ചിൽ.. പിന്നെ എങ്ങനെയാ ഞാൻ…”

അമ്മുവിന്റെ വാക്കുകൾ ഒരു തേങ്ങലായ് പുറത്തേക്ക് ഒഴുകി….

ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മുതൽ അമ്മുവിനെക്കുറിച്ചുള്ള ടീച്ചറിന്റെ പരാതിയും അമ്മുവിന്റെ സങ്കടവും കണ്ടും കേട്ടും രേവതി തളർന്നു … നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ട് നല്ലൊരു സ്കൂളിൽ ചേർത്തത്… ഫീസൊന്നും താങ്ങാവുന്നതല്ല… എങ്കിലും മക്കളില്ലാത്ത ചേച്ചിയുടെ നിർബന്ധമാണ് നല്ല സ്കൂളിൽ അമ്മുനെ പഠിപ്പിക്കണോന്ന് . ചേച്ചി പറ്റുന്നതുപോലെ അമ്മുന്റെ പഠിപ്പിന്റെ കാര്യം നോക്കുന്നുമുണ്ട്.. കൈയിൽ നിന്ന് ക്യാഷ് ചിലവാകാത്തത്കൊണ്ട് അമ്മുന്റെ അച്ഛനും എതിർത്തില്ല.. എങ്കിലും കള്ള് തലയ്ക്കു പിടിക്കുമ്പോൾ ചോദിക്കയ്കും “നിന്റെ മോളെ പഠിപ്പിച്ചു മജിസ്‌ട്രേറ്റ് ആക്കിയിട്ട് എന്നെ അങ്ങ് തൂക്കിക്കൊല്ലാനാണോടീ നായിന്റെ മോളെ എന്ന്… ”

ഓൺലൈൻ ക്ലാസ്സിൽ ടീച്ചർ അമ്മുവിനോട് മൊബൈലിൽ ചോദ്യം ചോദിച്ചാൽ അമ്മു ഒന്നും മിണ്ടുന്നില്ല… ഫോണിൽ ഓഡിയോ ഓൺ ആക്കുന്നില്ല.. വീഡിയോ യിൽ വരാൻ പറഞ്ഞാൽ അപ്പോൾ തന്നെ ലൈൻ കട്ട്‌ ചെയ്തുപോകും.. ഇതുതന്നെയാണ് ടീച്ചർ കുറച്ചു ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്..

ഓൺലൈൻ ക്ലാസ്സ്‌ എന്നുകേട്ടപ്പോഴേ അമ്മുവിന് നെഞ്ചിൽ തീകോരിയിട്ടതുപോലെ തോന്നിയെന്നു ആ കുഞ്ഞുവായിൽ നിന്നും കേട്ട് രേവതി അവളെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു…കള്ളുകുടിച്ചു അമ്മയെ ചീത്തവിളിച്ചുകൊണ്ട് അച്ഛൻ വരുന്നതോർത്തു ആ കുഞ്ഞു മനസ്സ് വിങ്ങി.. ടീച്ചർ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുമ്പോഴും അമ്മുവിന്റെ ശ്രദ്ധ മുഴുവൻ അമ്മയെ അച്ഛൻ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു… അച്ഛന്റെ ശബ്ദം ഉയരുമ്പോൾ അമ്മുവിന്റെ നെഞ്ച് തകരും… അതിനിടയ്ക്കാകും ടീച്ചർ ചോദ്യം ചോദിക്കുന്നത്… ടീച്ചർ പഠിച്ചിട്ടില്ലാത്ത ഭാഷയിൽ അച്ഛന്റെ ചീത്തവിളി ഓർത്ത് അമ്മു എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കും… ഓഡിയോ ഓൺ ചെയ്താൽ ടീച്ചറും കുട്ടികളും എല്ലാം കേൾക്കും അച്ഛന്റെ ബഹളം ..!!.

” എന്ത് ശബ്ദം കേട്ടാലും മോള് ഇങ്ങോട് ശ്രദ്ധിക്കേണ്ട.. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കണം.. മോള് പഠിച്ചു നല്ല ജോലിയൊക്കെ കിട്ടിയിട്ട് വേണം നമുക്ക് ഇതിൽ നിന്നൊക്കെ രക്ഷപെടാൻ… ”

അമ്മയുടെ വാക്കുകൾ അനുസരിച്ചേ അമ്മുവിന് ശീലമുള്ളൂ.. എന്നിട്ടും കണ്ണും മനസ്സും അമ്മയെ തിരയും അച്ഛൻ അമ്മയെ കൊന്നുകളയുമോ എന്നുപോലും ആ കുഞ്ഞു മനസ്സ് ഭയപ്പെട്ടു…

സ്കൂളിൽ പോയിരുന്നപ്പോഴും അമ്മുന് വീട്ടിൽ തിരിച്ചെത്തുന്നതുവരെ പേടിയാണ്… വീട്ടിൽ ചെല്ലുമ്പോൾ അമ്മ ജീവനോടെ ഉണ്ടാകുമോ എന്ന്… പലപ്പോഴും കൂട്ടുകാരുടെ കൂടെ കളിക്കാതെ അമ്മു ഡെസ്കിൽ തലചായ്ച്ചു കിടന്ന് പ്രാർത്ഥിക്കും… എന്റെ അമ്മയ്ക്ക് ആരുമില്ല.. എന്റെ അമ്മയെ കാക്കണേ ദൈവമേ എന്ന്… കൂട്ടുകാരികളിൽ ചിലർ പറയും നിന്റെ അമ്മയ്ക്ക് നിന്റെ അച്ഛനെ ഡിവോഴ്സ് ചെയ്തുകൂടെ എന്ന്… പക്ഷേ അവൾക്കത് അമ്മയോട് ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല..

ഒരു ദിവസം ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കുമ്പോൾ അമ്മുവിന്റെ കൈയിൽ ഇരുന്ന മൊബൈൽ വാങ്ങി അച്ഛൻ വലിച്ചെറിഞ്ഞു..

” അവളുടെ ഒരു പഠിപ്പ്… നീ ആരാണെന്നാടി നിന്റെ വിചാരം.. ഒരു പടിപ്പുകാരി.. അടങ്ങി ഒതുങ്ങി ഒരു മൂലയ്ക്കിരുന്നോളണം തള്ളേം മോളും അല്ലെങ്കിൽ ഈ രമേശൻ ആരാണെന്ന് നീയൊക്കെ അറിയും കേട്ടോടി… ”

പിന്നെ പറഞ്ഞതൊന്നും അമ്മുവിന് അറിയുന്ന ഭാഷയിൽ ആയിരുന്നില്ല…

ടീച്ചറിനോട് കാര്യം പറഞ്ഞാൽ അത് അമ്മുവിന് മോശമാകോ എന്നോർത്തു രേവതി ഓരോ ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി…

റേഞ്ച് പോകുന്നതാണെന്ന കാര്യം കണ്ടെത്തിപറയുകയേ ആ അമ്മയ്ക്ക് നിവൃത്തി ഉണ്ടായുള്ളൂ…

അമ്മുവിന്റെ പഠിത്തം നടക്കാൻവേണ്ടി ആ അമ്മ അയാളുടെ കാലുപിടിച്ചു പറഞ്ഞു..

“നിങ്ങൾ എന്നെ അടിച്ചോ ചവിട്ടിക്കൊ എന്തുവേണേലും ചെയ്തോ ഇങ്ങനെ ഒച്ചവെയ്ക്കല്ലേ.. ചീത്ത വിളിക്കല്ലേ.. എന്റെ മോളവിടെയിരുന്നോന്നു പഠിച്ചോട്ടെ… ”

” നീ പറയുന്നത് പോലെ ചെയ്യാടി ഞാൻ.. നായിന്റെ മോളെ…”

ചീത്തവിളിയും ഒച്ചയും കേട്ട് അമ്മു ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നു…അന്ന് അമ്മു അമ്മയോട് ചോദിച്ചു..

” അമ്മേ നമുക്ക് അച്ഛനെ വേണ്ടെന്നു വെച്ചാലോ…? ”

അമ്മുവിന്റെ ചോദ്യം കേട്ട് അമ്മുവിനെ അവർ ചേർത്തു പിടിച്ചു..

” എവിടെ പോകാനാ മോളെ നമ്മൾ.. എവിടെപ്പോയാലും അയാൾ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല.. ”

” അച്ഛനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചാലോ? ”

” ഒരു കാര്യവുമില്ല മോളെ….ആ ദേഷ്യം കൂടി പിന്നീടയാൾ തീർക്കും.. ”

അമ്മു വീണ്ടും നിരാശയിലായി..

പിറ്റേദിവസം അമ്മു ക്ലാസ്സിൽ ഇരിക്കുമ്പോൾ.. രമേശൻ പതിവ് പോലെ രേവതിയോട് വഴക്കടിക്കാൻ തുടങ്ങി.. അമ്മു ചോദ്യം ചോദിക്കുമ്പോൾ മാത്രം നെറ്റ്‌വർക്ക് കട്ട്‌ ആകുമെന്ന് ഇനിയും പറഞ്ഞ് ടീച്ചേഴ്‌സിനെ പൊട്ടൻമാരാക്കരുതെന്നുള്ള ടീച്ചറിന്റെ താക്കീത് കേട്ട് അമ്മു ആകെ തളർന്നു… ടീച്ചറിന്റെ മുഖം കണ്ട് പേടിച്ച അമ്മു ഓഡിയോ ഓൺ ചെയ്തു.. ഒരു നിമിഷം ഒന്ന് ഞെട്ടിയ ടീച്ചർ ഓഡിയോ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അമ്മു വീഡിയോ കൂടി ഓൺ ചെയ്തു.. ഫോൺ അച്ഛന്റെയും അമ്മയുടെയും നേരെ തിരിച്ചു വെച്ചു.. കുട്ടികളും ടീച്ചറും ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചു നിന്നു… അമ്മയെ അതിക്രൂരമായി ഉപദ്രവിക്കുന്ന അവളുടെ അച്ഛൻ.. വീഡിയോ ആരോ പിൻ ചെയ്ത് റെക്കോർഡ് ചെയ്തു… ടീച്ചറിനെയും കുട്ടികളെയും തന്റെ അവസ്ഥ അറിയിക്കണമെന്നേ ആ കുഞ്ഞിനുണ്ടായിരുന്നുള്ളു.. പക്ഷേ സോഷ്യൽ മീഡിയയിൽ രമേശന്റെ ചെയ്തികൾ നിറഞ്ഞു….പോലീസ്, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങി പല മേഖലയിലുള്ളവരും വിളിച്ചു സംസാരിച്ചു.. രമേശന്റെ ഉള്ളിലൊരു പേടി ഉടലെടുത്തു..രേവതി എന്തുചെയ്യണമെന്നറിയാതെ അപ്പോഴും ഭർത്താവിനെ സ്നേഹിക്കുന്ന ഉത്തമ ഭാര്യയായി മൗനം നടിച്ചു… പക്ഷേ അമ്മുവിന്റെ വാക്കുകളും വീഡിയോകളും രമേശനെ ജയിലിലാക്കാൻ പോന്നവയായിരുന്നു… അമ്മുവിന് പഠനം തുടരാനുള്ള സാഹചര്യവും സഹായങ്ങളുമായി പലരും മുന്നോട്ടു വന്നു.. അമ്മുവിന്റെ അമ്മയ്ക്ക് കഴിയാഞ്ഞത് അമ്മുവിന്റെ ഇത്തിരി നേരത്തെ പ്രവൃത്തി കൊണ്ട് സാധ്യമാവുകയായിരുന്നു…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Nami Shaju

Leave a Reply

Your email address will not be published. Required fields are marked *