ആ പ്രണയം

Uncategorized

രചന: മൈഥിലി മാധവ്

ചാനൽ മാറ്റുന്നതിനിടയിൽ അവിചാരിതമായാണ് ഞാനൊരു പ്രോഗ്രാം കണ്ടത്. സദസ്സിൽ നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളോട് ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്താകണമെന്ന ചോദ്യത്തിന് അതിൽ ഒരു പെൺകുട്ടി പറഞ്ഞ ഉത്തരം എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. “ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്നെ പെറ്റുവളർത്തിയ അമ്മയുടെ അമ്മയായിപ്പിറന്ന് തന്ന സ്നേഹത്തിന്റെ കരുതലിന്റെ അങ്ങനെ എല്ലാത്തിന്റെയും പതിനായിരം മടങ്ങ് തിരികെ നൽകണമെന്ന് പറഞ്ഞപ്പോൾ “എന്റെ മനസ്സിന് ഓർമകളുടെ ഏതാനും വർഷങ്ങൾ പിന്നോട്ടു സഞ്ചരിക്കാതിരിക്കാനായില്ലെനിക്ക്…. ! ഇരുപതാമത്തെ വയസ്സിൽ അനാഥത്വത്തിലേക്കു പോകാൻ വിധിക്കപ്പെട്ടവൾ…….

ഒരു വാഹനപകടത്തിന്റെ രൂപത്തിൽ അച്ഛനെയും അമ്മയെയും കാലം കവർന്നെടുത്തപ്പോൾ, ഈ ലോകത്ത് ഒറ്റപ്പെട്ടു പോയത് ഞാൻ മാത്രമായിരുന്നു… ഇരുപതാം വയസ്സിലും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവൊന്നും ഞാൻ നേടിയിരുന്നില്ല. അച്ഛന്റെ വാത്സല്യത്തിന്റെയും അമ്മയുടെ സ്നേഹത്തിന്റെയും കീഴിൽ ജീവിച്ചിരുന്ന പെൺകുട്ടി !!,അതു മാത്രമായിരുന്നന്നു ഞാൻ. ഒറ്റ മകൾ ആയതുകൊണ്ടു തന്നെ സ്നേഹത്തിന്റെ പൂങ്കാവനമായിരുന്നു അവർ എനിക്ക് ചുറ്റും തീർത്തത്.

കാലം തന്ന തീരാനഷ്ടം എന്നിൽ വലിയ വേദനയാണുണ്ടാക്കിയത്. ഏതാനും ദിവസങ്ങൾകൊടുവിൽ എല്ലാ ചടങ്ങുകൾക്കും ഒടുവിൽ ഉറ്റവരാലും ഉടായവരാലും ഞാനും ഉപേക്ഷിക്കപ്പെട്ടു. വല്യച്ഛനും ചെറിയച്ഛനും എന്തോ പറഞ്ഞുറപ്പിച്ച ശേഷമാണ് എന്നോട് സംസാരിക്കാൻ വന്നത്…. “താനൂ….. ഇപ്പോ നിന്റ അവസ്ഥ എന്താണെന്നൊക്കെ ഞങ്ങൾക്കറിയാം…. അത്ര ചെറിയ കുട്ടിയൊന്നുമല്ലല്ലോ നീ….. പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ടല്ലോ..? അത്രയും പറഞ്ഞ പിന്നെ വല്യച്ഛന് പിന്നെ ഒന്നും പറയാൻ ആയില്ലെന്നു തോന്നുന്നു. അദ്ദേഹം പിന്നെ നിശബ്ദത പാലിച്ചു നിന്നു. കുത്തിയൊലിച്ചു വരുന്ന കണ്ണുനീരല്ലാതെ എനിക്ക് അന്ന് മറ്റൊരു മറുപടിയും ഉണ്ടായിരുന്നില്ല അവർക്കു നൽകാൻ.

വല്യച്ഛൻ പറഞ്ഞതിന്റെ ബാക്കി ഏറ്റെടുത്തത് ചെറിയച്ഛനായിരുന്നു. “തനൂ…. ഞങ്ങൾ എന്താണ് പറയുന്നത് എന്നു വച്ചാൽ…… എനിക്കും ഏട്ടനും കുടുംബോം കുട്ടികളും പ്രാരാബ്ധോം ഒക്കെ ഉണ്ട്. അപ്പോൾ കാശ് നിന്റേൽ ഉണ്ടെങ്കിൽ പോലും നിന്നേം കൂടെ നോക്കാൻ ഞങ്ങൾക്കാവില്ല….. ” ചെറിയച്ഛൻ തുടർന്നു കൊണ്ടിരിക്കവേ,എന്റെ വായിൽ നിന്നും അമ്മേ എന്ന ഒരുവിളി കൂടി പൊങ്ങിവന്നു,എന്റെ നെഞ്ചു കത്തുന്ന വേദനയോടെ…. “അതുകൊണ്ട് ഞങ്ങൾ പറയുന്നേ നീ കേൾക്കുകേ നിവർത്തി ഉള്ളൂ …. ഇത്രവരെയൊക്കെ പഠിച്ചില്ലേ ഇനി അതൊക്കെ മതി. നിന്റെ പേരിൽ അക്കൗണ്ടിൽ ഇട്ടിട്ടുള്ള പണം എടുത്ത് ഒരു വർഷത്തിനകം നിന്റെ കല്യാണം നടത്താം. അതുവരെ നീ ഇവിടെ ഒറ്റക്ക് നിക്കണം എന്നില്ല . എന്റേം ഏട്ടന്റേം വീടുകളിലായി മാറിമാറി നിന്നോ… എന്തേലും ജോലിക്കും കൂടെ പോ….” ചെറിയച്ഛൻ പറഞ്ഞവസാനിപ്പിച്ചു. അയാളുടെ മുഖത്ത് ദുഃഖത്തിന്റെ ഒരു നേരിയ നിഴലുപോലും ഉള്ളതായി എനിക്ക് തോന്നിയില്ല. വല്യച്ഛൻ ഏതോ ചിന്തയിലെന്നപോലെ നിലത്തു നോക്കി നിൽക്കുന്നു… നെഞ്ചുപൊട്ടുന്ന വേദന തോന്നിയെനിക്ക് .

“നിങ്ങടെ ഏട്ടന്റെ മോളല്ലേ ചെറിയച്ഛാ ഞാനെന്ന് “ചോദിക്കുമ്പോൾ എന്റെ തൊണ്ട ഇടാറിയിരുന്നു!! “അതുകൊണ്ടാണ് ഞാൻ ഇത്രയെങ്കിലും പറഞ്ഞത്. ഇല്ലായിരുന്നുവെങ്കിൽ തിരിഞ്ഞു പോലും നോക്കില്ലായിരുന്നുവെന്ന് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ രോഷം ജ്വലിച്ചുനിന്നു…. എവിടന്നോ കിട്ടിയ ശക്തിയിൽ ഞാൻ അവർക്കു മുന്നിൽ നിവർന്നു നിന്നു. “എനിക്ക് ആരുടേയും സഹായം വേണ്ട… എങ്ങനെയാ ജീവിക്കേണ്ടതെന്ന് ഈ താനൂനറിയാം”,എന്ന് പറയുമ്പോൾ എന്റെ മനസ്സ് വെറും ശൂന്യമായിരുന്നു.. എന്നിലെ ഭാവമാറ്റം കണ്ട് അവർ രണ്ടുപേരും പകച്ചുനിന്നു…. “തന്തേം തള്ളേം ചത്തിട്ടും അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ” ചെറിയച്ഛൻ പറയുമ്പോൾ അതുവരെ നിശബ്ദനായിനിന്ന വല്യച്ഛനും അയാളെ അനുകൂലിച്ചു. “അവൾ എന്തേലും ചെയ്യട്ടെ, അവസാനം നമ്മടെ അടുത്ത് തന്നെ വരും… വെറും ഒരു പെൺകുട്ടിയല്ലേ……. നീ വാടാ രവി.. എന്ന് വല്യച്ഛൻ പറയുമ്പോൾ എന്റെ ഉള്ളിൽ അതുവരെ അയാളോടുണ്ടായിരുന്ന സ്നേഹവും ബഹുമാനവുമെല്ലാം നിലത്തുവീണുടഞ്ഞിരുന്നു…… എന്തൊക്കെയോ പറഞ്ഞുകൊണ്ട് രണ്ടുപേരും ആ വീടുവിട്ടു പോയപ്പോൾ ഞാനന്നാദ്യമായറിഞ്ഞു, തീവ്രമായ ഒറ്റപ്പെടലിന്റെ വേദന എന്തെന്ന് !!!! എന്റെ അച്ഛനെപ്പോലെ ഞാൻ കണ്ടിരുന്ന അവരിരുവരും ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കാൻ മുതിരുമെന്ന് ഞാൻ ഒരിക്കൽപോലും കരുതിയിരുന്നില്ല….

……………………………………… കരഞ്ഞു തളർന്ന ദിനങ്ങളായിരുന്നു അന്നെല്ലാം എന്റെ ജീവിതത്തിൽ. ജീവിതം പോലും അവസാനിപ്പിക്കാനായി ഒരുങ്ങിയപ്പോൾ അമ്മ എന്നെ പഠിപ്പിച്ച ഓരോ പാഠങ്ങളും, പിന്നെ എന്റെ അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓരോ ഓർമകളും എന്നെ അതിൽനിന്ന് പിൻതിരിപ്പിച്ചു… ……………………………………… പഠിക്കണം, വീണ്ടും കോളേജിൽ പോണം… അമ്മേടെ ആഗ്രഹം പോലെ ഒരു അദ്ധ്യാപികയാവണം എന്നെല്ലാം ഞാൻ എന്റെ മനസ്സിൽ വീണ്ടുംഉറപ്പിച്ചു. ഒറ്റക്ക് എന്നെപ്പോലൊരു പെണ്ണിന് സമൂഹത്തിൽ എന്തെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിയ ദിനങ്ങൾ ! രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തലയിണക്കടിയിൽ ഒരു വെട്ടുകത്തി എന്നും സൂക്ഷിക്കാൻ ഞാൻ മറന്നില്ല… !അമ്മയും അച്ഛനും എങ്ങും പോയിട്ടില്ല എന്റെ ഒപ്പം തന്നെ ഉണ്ടെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു ജീവിച്ചു… !!!! ******* “നീ വെറുമൊരു പെണ്ണല്ലേടി… എത്രനാൾ നീ ഇങ്ങനെ ജീവിക്കുമെന്ന് ചോദിച്ചവർക്കുമുന്നിൽ “അതേടാ… ഞാൻ പെണ്ണാ.. നല്ല ഉശിരുള്ള പെണ്ണ്… “എന്നു പറയാനുള്ള ധൈര്യം നേടിയെടുക്കാൻ ഞാൻ അധികം വൈകിയില്ല .

******* അടുത്ത വീട്ടിൽ പുതുതായി താമസത്തിനു വന്ന കുടുംബം എന്നോട് വലിയ അടുപ്പം കാണിച്ചു . ആന്റി… എന്ന എന്റെ വിളിയെ അമ്മയെന്നാക്കി അവർ തിരുത്തിയപ്പോൾ എന്റെ നെഞ്ച് ഒന്നു പിടഞ്ഞു….. അമ്മയും അച്ഛനും പിന്നെ രണ്ടുമക്കളും അടങ്ങുന്നൊരു കുടുംബമായിരുന്നു അത്. ധീരജേട്ടനും നീരജയും എന്നോട് വളരെയധികം സ്നേഹം കാണിച്ചു. മാമനും എന്നെ വളരെ ഇഷ്ടമായിരുന്നു. “നീയാണ് മോളെ പെൺകുട്ടി……. പെൺകുട്ടികൾ ആയാൽ ഇങ്ങനെയാവണം” എന്നു പറഞ്ഞ് അദ്ദേഹം എന്റെ തോളിൽ തട്ടിയപ്പോൾ ഞാനെന്റെ അമ്മയെയും അച്ഛനെയും മനസ്സിൽ ഓർത്തു….. ഒപ്പം എന്നെ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തക്കാരേയും……! അപ്പോൾ അവിടെ വീശിയ കാറ്റിന് എന്റെ അമ്മയുടെ മണമായിരുന്നു…… ******* അദ്ധ്യാപിക ആവാനുള്ള എന്റെ മോഹം ഞാൻ തന്നെ നിറവേറ്റിയെടുത്തപ്പോൾ അവരെല്ലാം എന്നെ അളവറ്റ് അഭിനന്ദിച്ചു… ! ******* ഒരു ദിവസം അമ്മ എന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു… “തനു മോളേ…… ഞാൻ ഇതുവരെ നിന്നോട് പറയാത്ത ഒരു കാര്യം ഉണ്ട്. ” “എന്താ അമ്മേ.. “എന്ന് ഞാൻ ചോദിക്കുമ്പോൾ ആ അമ്മ എന്നെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞതും എന്റെ ഉള്ളിലും ഉണ്ടായൊരാന്തൽ. ! “മോളേ… ഇവിടെ താമസത്തിനു വരുന്നതിനു മുൻപേ ഞങ്ങൾക്കെല്ലാം മോളെ അറിയാം. നീ കോളേജിൽ ചേർന്നപ്പോൾ അവിടെ ഫൈനൽ ഇയർ പിജി ക്കു പഠിക്കുകയായിരുന്നു ധീരജ്…..നീ അവനെ അവിടെവച്ച് കണ്ടിട്ടുപോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്ന് അമ്മ പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ആകാംഷയുടെ ഒരു വേലിയേറ്റം ഉണ്ടായി..! “നിന്റെ പാരന്റെസ് ഒക്കെ മരിച്ച ആ സമയത്താണ് ധീരജ് നിന്നെ ശ്രദ്ധിച്ചു തുടങ്ങിയെ.. അപ്പോൾ അവൻ ഇവിടെ ഹോസ്റ്റലിൽ നിന്നാ പഠിച്ചിരുന്നത്. ഓരോ അവധിക്കും വീട്ടില് വരുമ്പോ നിന്നെക്കുറിച്ചു വാ തോരാതെ സംസാരിക്കും. നിന്നെ ഇഷ്ടമാണ് കൂടെക്കൂട്ടണം എന്നവൻ പറഞ്ഞപ്പോൾ ഞങ്ങൾക്കാർക്കും മറുത്ത്‌ ഒരു അഭിപ്രായവും ഉണ്ടായിരുന്നില്ല. മോളേ….. പിജി കഴിഞ്ഞിട്ടും മോളുടെ കണ്ണിൽ പെടാണ്ട് അവൻ ഇവിടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. താമസവും ഇവിടെ അടുത്ത് തന്നെ നീപോലും അറിയാതെ നിന്നെക്കാണാൻ !

ഭാഗ്യത്തിന് ഇവിടെത്തന്നെ ജോലിയും ആയി. മോൾക്ക് അറിയോ മോള് അറിയാതെ എത്ര ദിവസമാണ് എന്റെ ധീരജ് ഈ വീടിനും മോൾക്കും കാവൽ നിന്നതെന്ന്? !!…” പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അമ്മയുടെ കണ്ണുകൾ ആനന്ദം കൊണ്ട് നിറഞ്ഞു….. അമ്മേ….. എന്ന് വിളിച്ച് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ എന്റെ അമ്മയും അച്ഛനും അടുത്ത് നിൽക്കുന്നതായി തോന്നിയെനിക്ക്. “മോള് ഇനി പോയി ധീരജിനെ ഒന്ന് കാണു “എന്ന് അമ്മ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെനിക്ക്.!

******* ധീരജേട്ടനെ കാണാനായി ഓടി ധീരജേട്ടന്റെ വീട്ടിലേക്കു പോയപ്പോൾ നീരജ എന്റെ മുന്നിൽ വന്നുനിന്ന് ഏട്ടത്തിയമ്മേ എന്നു വിളിച്ചു . എന്റെ കണ്ണും മനസ്സും സന്തോഷം കൊണ്ട് ഒരേ നിമിഷം നിറഞ്ഞു . ഞാനവളെ ചേർത്തു പിടിച്ച് മോളെ എന്നു വിളിച്ച് ഒരു മുത്തം നൽകി. അടുത്തുണ്ടായിരുന്ന മാമന്റെ കണ്ണുകളിളും സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു . “ഇനി മാമൻ അല്ല അച്ഛനാണ് കേട്ടോ തനു മോളേ ” എന്നദ്ദേഹം പറഞ്ഞപ്പോൾ ചുണ്ടുകൾ കൂട്ടിപിടിച്ചു സന്തോഷത്തോടെ ഞാൻ തലയാട്ടി… അതേ നിമിഷം തന്നെ എന്റെ കണ്ണുകളും നിയന്ത്രണം വിട്ടു……… “ഏട്ടത്തിയേയ്…. ഏട്ടൻ ദാ ആ മുറിയിൽ ഉണ്ട് പോയി കണ്ടോ “എന്ന് നീരജ പറഞ്ഞു….. ****** ധീരജേട്ടൻ കട്ടിൽ കിടക്കുകയായിരുന്നു . ധീരജേട്ടാ എന്നു വിളിച്ചതും പൊട്ടിക്കരഞ്ഞു പോയി ഞാൻ… ധീരജേട്ടൻ എഴുന്നേറ്റതും ഞാൻ ഓടിപ്പോയി കെട്ടിപിടിച്ചു.

“ഒരു പെണ്ണിനെ ആരെക്കൊണ്ടെങ്കിലും ഇത്രയേറെ സ്നേഹിക്കാൻ പറ്റുവോ “എന്ന് ഞാൻ ചോദിച്ചപ്പോൾ.., “എടിയേയ്‌ …… അതേയ് നീ വെറും പെണ്ണല്ലല്ലോ… നല്ല ഉശിരുള്ള പെണ്ണല്ലേ “എന്ന് പറഞ്ഞ് ധീരജേട്ടൻ എന്നെ ചേർത്തു പിടിച്ച് അധരങ്ങളിൽ അധരം ചേർത്തു…….. !!!! *****

ധീരജേട്ടൻ ഇള മോളെയും എടുത്ത് കൊണ്ട് എന്റെ അടുത്ത് വന്ന് എന്നെ തട്ടിവിളിച്ചു…., അപ്പോഴും എന്റെ ഉള്ളിൽ ആ ഒരു ചോദ്യം തന്നെ നിറഞ്ഞു നിന്നു. ഒരു പെണ്ണിനെ ഒരുവന് ഇത്രയേറെ സ്നേഹിക്കാൻ ആവുമോ എന്ന്……. ഇള മോളെ എടുത്ത് എന്റെ മാറിലേയ്ക്കു ചേർത്തപ്പോൾ അതേ ചോദ്യം തന്നെ എന്റെ മനസ്സിനെ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിച്ചുകൊണ്ടേയിരുന്നു…………………… രചന: മൈഥിലി മാധവ്

Leave a Reply

Your email address will not be published. Required fields are marked *