ചെറിയൊരു ഉ-മ്മ കൊടുക്കാൻ പോയ കൊച്ചു കഥ….

Uncategorized

രചന: Jishnu Ramesan

അവന്റെ മെസ്സേജുകൾക്ക് വേഗത കൂടി.. “ഡീ രാഖി ഞാൻ വരട്ടെ നിന്നെ കാണാൻ..?” അയ്യോ ഇൗ രാത്രിയിലോ..! അയ്യടാ മോനെ അത് വേണ്ടാട്ടോ.. എനിക്ക് ഒരു ഉമ്മ ഇപ്പൊ വേണം..ഞാൻ വരും, ഇല്ലെങ്കിൽ പിന്നെ ഞാൻ ഒരിക്കലും മിണ്ടില്ല…ഉറപ്പാ. “ഡാ അപ്പു അത് വേണോ, ഇവിടെ അച്ഛനും അമ്മയും ഒക്കെ ഉണ്ട്…” അതിനെന്താ, നമ്മുടെ കാര്യം അവർക്കൊക്കെ അറിയാവുന്നതല്ലെ..! അത് മാത്രമല്ല നമ്മുടെ കല്യാണം പറഞ്ഞുറപ്പിച്ചതല്ലെ…! അത് കൊണ്ട് എനിക്ക് എപ്പോ വേണമെങ്കിലും നിന്നെ കാണാൻ വരാൻ അവകാശമുണ്ട്.. “എന്റെ അപ്പൂ അതൊക്കെ ശരിയാ..പഠിത്തമോക്കെ കഴിഞ്ഞിട്ടേ കല്യാണം നടക്കു..അത് വരെ വേറെ കുരുത്തക്കേട് ഒന്നും ഒപ്പിക്കരുതെന്ന് അവര് നമ്മളോട് പറഞ്ഞതല്ലേ..!”

അതിനു ഞാൻ വേറെ ഒന്നും പറഞ്ഞില്ലല്ലോ, ഒരു ഉമ്മയല്ലെ ചോദിച്ചുള്ളു.എനിക്കത് ഇപ്പൊ നേരിട്ട് വേണം.. “അപ്പൂ നിനക്ക് ഇങ്ങനെ വാശി പാടില്ലാട്ടോ.ഇപ്പൊ സമയം എന്തായെന്ന് നിനക്ക് അറിയോ, ഒരു മണിയായി..” എനിക്ക് ഉമ്മ വേണം..ഞാൻ ദേ ഇപ്പൊ വരും..നീ വാതില് തുറന്നിടണം..കേട്ടല്ലോ, ഇല്ലെങ്കിൽ ഞാൻ ജീവിതത്തിൽ മിണ്ടില്ല..

“ഹൊ ഇവന്റെ ഒരു കാര്യം, എന്നാ നീ വാ..ഡാ അപ്പൂ സൂക്ഷിച്ച് വരണം..ആരെങ്കിലും കണ്ടാ പിന്നെ അറിയാലോ, കല്യാണമൊക്കെ ഉറപ്പിച്ചത് ശരിയാ..എന്നാലും…!” ഓ എന്റെ രാഖി ഞാൻ ദേ വരുന്നു.. “മ്മ്‌ വാടാ, പക്ഷെ നോക്കണേ അപ്പു..”

അപ്പു സൈക്കിളും എടുത്ത് ഇറങ്ങി..വീടിനടുത്ത് വേലിക്കരികിൽ സൈക്കിൾ വെച്ചിട്ട് അവൻ അവളുടെ വീട്ടിലേക്ക് നടന്നു.. അവൻ പറഞ്ഞത് പോലെ അവള് വാതിൽ തുറന്നു വെച്ചിരുന്നു.. ഒരു വിധം അവൻ അവളുടെ മുറിയിലെത്തി..

“എന്റെ അപ്പൂ എനിക്ക് പേടിയാവാ, അവസാനം എനിക്ക് ചീത്ത പേര് കേൾപ്പിക്കോ നീ..? ” എന്ത് ചീത്ത പേര്, നമ്മള് കല്യാണം കഴിക്കാൻ പോവല്ലേ…എനിക്ക് ഒരു ഉമ്മ തന്നാ ഞാൻ പോക്കൊളാം എന്റെ പൊന്നു രാഖീ.. “കല്യാണം രണ്ടു വർഷം കഴിഞ്ഞല്ലെ..!” എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു ഉമ്മ വേണം.. “ഉമ്മ നാളെ പകല് വല്ലോം പോരെ..! നിന്റെ വാശി കൂടുന്നുണ്ട്..” എന്റെ രാഖി നമ്മുടെ കല്യാണം പറഞ്ഞ് ഉറപ്പിച്ചതല്ലെ, പിന്നെന്താ..!

അവള് അവനെ ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു..എന്നിട്ട് പറഞ്ഞു, “ഇനിയെങ്കിലും പോ എന്റെ അപ്പൂ.. അച്ചനെങ്ങാനും കണ്ടാ അയ്യോ ഓർക്കാൻ കൂടി വയ്യ..” ഇൗ ഒരു ഉമ്മയെ ഉള്ളൂ..മറ്റെ ഉമ്മ ഇല്ലേ..? “മറ്റെ ഉമ്മ… പൊക്കോ നീ അവിടുന്ന്..അതൊക്കെ കല്യാണം കഴിഞ്ഞിട്ട്..പ്ലീസ് അപ്പു ഇപ്പൊ പോടാ..” മ്മ്‌ എന്നാ ശരി രാഖി..അയ്യോ എനിക്കൊന്നു മൂത്രമൊഴിക്കണം.. “ഓ മുള്ളാൻ പറ്റിയ സമയം..നീ ഒന്ന് പോടാ..!”

ഡി ബാത്ത്റൂം നിന്റെ മുറിയിൽ ഇല്ലേ, പിന്നെന്താ.. ഞാൻ പോയിട്ട് വരാം.. അതും പറഞ്ഞ് അപ്പു ബാത്ത്റൂമിൽ കയറി.. അവള് പേടി കൊണ്ട് നിലത്ത് പോലും നിൽക്കാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.. അവൻ പോയി കുറച്ച് സമയം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് അവളു ബാത്റൂമിന്റേ വാതിലിന്റെ അടുത്ത് ചെന്ന് പതിയെ വിളിച്ചു.. പക്ഷെ ഉള്ളിൽ നിന്നും ഒരു ഞരക്കവും മൂളിച്ചയും മാത്രമേ കേൾക്കുന്നുള്ളു..ഭാഗ്യത്തിന് വാതിൽ കുറ്റി ഇടാത്തത് കൊണ്ട് അവള് തുറന്നു.. അവിടെ കണ്ട കാഴ്ച അവളുടെ കണ്ണ് മിഴിച്ചു…

“വേറൊന്നും അല്ല, അപ്പുവിന്റെ കാല് ക്ലോസറ്റിൽ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്..പേടി കൊണ്ട് ഒച്ച വെക്കാനാവാതെ വാ പൊത്തി നിൽക്കുന്ന അവനെ കണ്ടപ്പോ ഉള്ളിൽ ചിരി തോന്നിയെങ്കിലും, ഭയം കാരണം ചിരി അവൾക്ക് പുറത്തേക്ക് വന്നില്ല..” എന്റെ രാഖി എന്നെയൊന്നു വലിച്ച് കേറ്റടി..!

“ഈശ്വരാ നീ എന്തിനാ അതിന്റെ ഉള്ളിലേക്ക് കാല് ഇട്ടത്..?” ഞാൻ ഇട്ടതൊന്നും അല്ല..കാല് വഴുതി പോയതാ.. എന്നെ വലിച്ച് കേറ്റ് രാഖി… വേദനിച്ചിട്ട്‌ വയ്യടി.. അവള് കുറെ ശ്രമിച്ചിട്ടും കാല് കിട്ടുന്നില്ല..അവസാനം അവള് തീരുമാനിച്ചു, അച്ഛനെയും അമ്മയെയും വിളിക്കാം എന്ന്.. “അയ്യോ വേണ്ടടി അവരെ വിളിച്ചാ എന്റെ വീട്ടിൽ അറിയും..” അറിയട്ടെ, അവനു ഉമ്മ കിട്ടാതെ ഉറക്കം വരില്ലല്ലോ..!

നിവൃത്തി ഇല്ലാതെ അവള് എല്ലാരേയും വിളിച്ച് ഉണർത്തി.. അവളുടെ അച്ഛൻ വന്നു നോക്കുമ്പോ ക്ലോസറ്റിൽ കാല് കുടുങ്ങി കിടക്കുന്ന അപ്പുവിനെയാണ്.. അതിനിടക്ക് അവളെയും അവനെയും വഴക്ക് കൊണ്ട് അഭിഷേകം നടത്തിയ അമ്മ സ്റ്റാർ ആയി.. കാര്യം മനസ്സിലായ അവളുടെ അച്ഛൻ അവന്റെ വീട്ടുകാരെയും, അടുത്ത ബന്ധത്തിലെ ഒന്ന് രണ്ടു പേരെയും വിളിച്ചു..

എല്ലാവരും കൂടി അന്ന് രാത്രി തന്നെ വന്നു കുറെ പണിപ്പെട്ട് അത് പൊളിച്ച് അവന്റെ കാല് പുറത്തെടുത്തു.. പിറ്റേന്ന് കാലിൽ പ്ലാസ്റ്റർ ഇട്ട് ഹോസ്പിറ്റലിൽ കിടക്കുന്ന അവനെ കാണാൻ രാഖിയും വീട്ടുകാരും ചെന്നു.. അവളുടെ അച്ഛൻ അപ്പുവിന്റെ അച്ഛനോട് അവിടെ നിന്നൊരു ഡയലോഗ് പറഞ്ഞു, “ഇങ്ങനെ ആണെങ്കിൽ ഇവരുടെ കല്യാണം പെട്ടന്ന് നടത്തേണ്ടി വരും, ഇല്ലെങ്കിൽ എന്റെ വീട്ടിലെ ഓരോ ഭാഗവും ഇവൻ പൊളിച്ചടുക്കും..”

ചമ്മൽ കൊണ്ട് അപ്പു മുകളിൽ കറങ്ങുന്ന ഫാനും നോക്കി കിടന്നു.. ഇതൊക്കെ കണ്ട് രാഖി ദേഷ്യം കലർന്ന മുഖത്തോടെ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

രചന: Jishnu Ramesan

Leave a Reply

Your email address will not be published. Required fields are marked *